scorecardresearch
Latest News

മലയാളി സമൂഹവും വിദ്യാര്‍ഥി രാഷ്ട്രീയവും

മലയാളിയുടെ പുരോഗമന രാഷ്ട്രീയ മുഖംമൂടിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് പല കപട ധാരണകളുമാണ്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനിയുടെ ആതമഹത്യാശ്രമം പോലുള്ള സംഭവങ്ങള്‍ വന്നുഭവിക്കുമ്പോഴെങ്കിലും നമ്മുടെ കപടമുഖം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതാണ്

മലയാളി സമൂഹവും വിദ്യാര്‍ഥി രാഷ്ട്രീയവും

യൂണിവേഴ്സിറ്റി കോളേജിലെ ഒരു ഫസ്റ്റ് ഇയര്‍ ഡിഗ്രി വിദ്യാര്‍ഥിനി  വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ.യുടെ നേതൃത്വത്തിന്‍റെ ഭീഷണിയും സമ്മര്‍ദ്ദങ്ങളും സഹിക്കാനാവാതെ അക്കാര്യങ്ങളെല്ലാം എഴുതി വെച്ചിട്ട് ആത്മഹത്യക്ക് ശ്രമിച്ചത്‌ പ്രത്യക്ഷത്തില്‍ ചെറിയൊരു സംഭവമാണെങ്കിലും നമ്മുടെ സാമൂഹ്യാവസ്ഥയെ കൂടുതല്‍ സ്പഷ്ടമായി പ്രതിഫലിപ്പിക്കുന്ന ഗൌരവമേറിയ ഒരു സംഗതിയാണ്.

സമ്മര്‍ദ്ദഫലമായി ആ വിഷയവുമായി തുടര്‍ നടപടികളിലേക്ക് നീങ്ങുന്നതില്‍ നിന്നു ആ കുട്ടി പിന്‍വാങ്ങിയെങ്കിലും ഇപ്പോള്‍ ആ കുട്ടി യൂണിവേഴ്സിറ്റി കോളേജില്‍ നിന്നു ടി.സി. വാങ്ങി മറൊരു കോളേജില്‍ ചേര്‍ന്നിരിക്കുകയാണ്. ഇത് ഏതെങ്കിലും ഒരു കോളേജിലെ സ്ഥിതിയോ ഒറ്റപ്പെട്ട ഒരു സംഭവമോ അല്ലെന്നതാണ് പ്രധാന കാര്യം. കേരളത്തിലെ ഭൂരിപക്ഷം സര്‍ക്കാര്‍, ഐഡഡ്‌കോളേജുകളിലും ഒരു വിഭാഗം സ്വാശ്രയ കോളേജുകളിലും എസ്.എഫ്.ഐ.ക്കാണ് മേധാവിത്തമുള്ളത്. അവിടെയെല്ലാം ബലപ്രയോഗത്തിലൂടെയും അക്രമം അഴിച്ചുവിട്ടും ഫാസിസ്റ്റ് രീതിയില്‍ എസ്.എഫ്. ഐ. തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നത് കാണാം.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അമ്പത് കൊല്ലം മുന്‍പ് ഞാനിത് നേരിട്ട് കണ്ടിട്ടുള്ളതാണ്. 1969-കാലത്ത് ഞാന്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോള്‍ സോവിയറ്റ് കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ റഷ്യന്‍ ഭാഷ സൗജന്യമായി പഠിപ്പിക്കുന്ന ഒരു കോഴ്സ് യൂണിവേ ഴ്സിറ്റി കോളേജില്‍ ആരംഭിക്കുകയുണ്ടായി. ഞാനതില്‍ ചേര്‍ന്നിരുന്നു. അഞ്ച് മണിക്ക് ശേഷമാണ് ക്ലാസ്സ്. ക്ലാസ്സിനു ചെല്ലുമ്പോള്‍ മിക്ക ദിവസങ്ങളിലും കോളേജു വളപ്പിനുള്ളില്‍ ചെറു വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ പതിവു കാഴ്ചയായിരുന്നു. അധികപക്ഷവും മുന്‍കൈ നേടാറുള്ളത് കെ.എസ്.എഫു.കാരാണ്. അന്ന് എസ്.എഫ്.ഐ. ആയിട്ടില്ല. പില്‍ക്കാലത്ത്, സമീപകാലത്തുള്പ്പെടെ പല കോളേജുകളിലും സെമിനാറുകള്‍ക്കും യൂണിയന്‍ ഉത്ഘാടനങ്ങള്‍ക്കുമെല്ലാമായി ഞാന്‍ പോകാറുള്ളപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാറുണ്ട്‌. എസ്.എഫ്.ഐ.ക്കാരുടെ നിയന്ത്രണത്തിലല്ലാത്ത യൂണിയനുകളും വിദ്യാര്‍ത്ഥി സംഘടനകളുമൊക്കെയാണ് എന്നെ വിളിക്കാറുള്ളത്. എസ്.എഫ്.ഐ ക്കാര്‍ക്ക് മേധാവിത്തമുള്ളയിടങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന ഭീകരാവസ്ഥയെക്കുറിച്ചു അവരെല്ലാം പറയാറുമുണ്ട്. അധ്യാപകര്‍ പൊതുവില്‍ ഇത്തരം അവസ്ഥയെക്കുറിച്ച് പറയാന്‍ മടിക്കുന്നതാണ് കണ്ടിട്ടുള്ളത്. എ.ബി.വി.പി.ക്കാര്‍ സജീവമായിട്ടുള്ളിടങ്ങളില്‍ മാത്രമാണ് ചെറുത്തുനില്‍പ്പോ പ്രത്യാക്രമണമോ സംഭവിക്കാറുള്ളത്.

കേരളത്തിലെ ഭൂരിപക്ഷം കലാലയങ്ങളിലും ഇത്തരമൊരു അന്തരീക്ഷം നിലനില്‍ക്കുന്നത് കൊണ്ട് അതിലൂടെ കടന്നുവരുന്ന യുവതലമുറകള്‍ ജനാധിപത്യവിരുദ്ധമായ മനോഘടനയിലേക്ക് എത്തിച്ചേരുക സ്വാഭാവികമാണ്. ഈ ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് വിധേയരാകുന്നവര്‍ മാത്രമല്ല, നിസ്സഹായരായ കാഴ്ച്ചക്കാരാകേണ്ടി വരുന്നവരും അവയുടെ സ്വാധീനത്തില്‍ പെട്ടുപോവും. ഏറെ രാഷ്ട്രീയപ്രബുദ്ധത കൈവരിച്ചതും പുരോഗമന സ്വഭാവം ഉള്‍ക്കൊണ്ടതുമായ സമൂഹം എന്ന ഖ്യാതിക്ക് ചേരാത്ത പല പ്രവണതകളും മലയാളി സമൂഹത്തില്‍  പലപ്പോഴും കണ്ടു വരുന്നതിനെ ഈ പശ്ചാത്തലത്തില്‍ പരിശോധിക്കാവുന്നതാണ്. മലയാളി സമൂഹത്തില്‍ കണ്ടുവരുന്ന ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കെല്ലാം അടിസ്ഥാനം ഇത്തരം കലാലയാന്തരീക്ഷമാണെന്നല്ല വിവക്ഷ. അവ തമ്മില്‍ ബന്ധമുണ്ടെന്നു മാത്രമാണ്.k venu , sfi, iemalayalam
ഇത്തരം കലാലയാന്തരീക്ഷം തുടരുന്നത് യുവതലമുറകളെ ബാധിക്കുന്ന വിഷയമാണെന്നും അത് നിരുല്സാഹപ്പെടുത്തപ്പെടെണ്ടതാണെന്നും തിരിച്ചറിയൂന്നവര് ഏറെയുണ്ടിവിടെ. പക്ഷെ അത് തുറന്നുപറയാനും സാമൂഹ്യമായി ഇടപെടാനും ആരും തയ്യാറാവുന്നില്ല. ഇപ്പോള്‍ വിദ്യാര്‍ഥിനിയുടെ ആതമഹത്യാശ്രമം ഇങ്ങിനെയുള്ള ഇടപെടലിന് പറ്റിയ സന്ദര്‍ഭമായിരുന്നു. പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കുന്ന എസ്.എഫ്. ഐ.ക്കാരല്ലാത്ത വിദ്യാര്‍ഥി സംഘടനകളും പല നിറങ്ങളിലുള്ള അധ്യാപക സംഘടനകളും ഇവിടെ ഉണ്ട്. പക്ഷെ ആരും കാര്യമായി പ്രതികരിച്ചില്ല. പ്രതികരിക്കാന്‍ സാധ്യതയുമില്ല. ആതമഹത്യാകുറിപ്പില്‍ വിശദീകരിക്കുന്ന ഭീഷണിയുടെ അന്തരീക്ഷം തന്നെയാണ് പ്രതികരണങ്ങളെ തടയുന്ന പ്രധാന ഘടകം.

വിദ്യാഭ്യാസമേഖലക്കുള്ളില്‍ മാത്രമായി ഒതുങ്ങേണ്ട ഒരു വിഷയമല്ല ഇതെന്ന് തിരിച്ചറിയുന്ന ഒരു പൊതുസമൂഹവും ഇവിടെയുണ്ട്. സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ പ്രതികരിക്കാന്‍ കഴിയുന്നവരും ഏറെയുണ്ട്. അവരാരും പ്രതികരിച്ചില്ല. സംഭവം വെറുമൊരു ആതമഹത്യാശ്രമ റിപ്പോര്‍ട്ട് മാത്രമായി വിസ്മൃതിയിലേക്ക് നീങ്ങിക്കഴിഞ്ഞു.
മലയാളി പൊതുസമൂഹത്തില്‍ ഇത്തരം പ്രതികരണങ്ങളെ തടഞ്ഞു നിര്‍ത്തുന്ന ഒരു രാഷ്ട്രീയാന്തരീക്ഷം കൂടിയുണ്ട്. ഇടതുപക്ഷ കപടാവബോധം എന്നു വിളിക്കാവുന്ന ചിന്താഗതിയുടെ സാന്നിധ്യമാണത്.

ഏതൊരു സമൂഹത്തിലും പരമ്പരാഗതമായി തുടര്‍ന്നുപോരുന്ന ആചാരങ്ങളും അന്ധവിശ്വാസങ്ങളും മറ്റു ചിന്താഗതികളും ഒക്കെ ചേര്‍ന്നുകൊണ്ടുള്ള ഒരു കപടാവബോധം (false consciousness)  നിലനില്ക്കുന്നുണ്ടാവുമെന്നു ചൂണ്ടിക്കാണിച്ചത് കാൾ മാര്‍ക്സാണ്. കേരളത്തില്‍ പരമ്പരാഗതമായി നിലനിന്ന്‍പോന്നിരുന്ന കപടാവബോധത്തിന്റെ സ്ഥാനത്ത് സ്വകാര്യസ്വത്ത്‌ സമ്പ്രദായം ഇല്ലായ്മ ചെയ്തു സമ്പത്തെല്ലാം പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരുന്ന സോഷ്യലിസം സ്ഥാപിക്കുകയാണ് പുരോഗമനപരമായി ച്ന്തിക്കുന്നവര്‍ ചെയ്യേണ്ടതെന്ന മറ്റൊരു അവബോധം സൃഷ്ടിക്കുകയാണ് കമ്മ്യൂണിസ്റ്റ്കാര്‍ ചെയ്തത്.

പൊതുസമ്പത്തിന്റെ കേന്ദ്രീകരണം സോഷ്യല്‍ ഫാസിസം എന്നു വിളിക്കാവുന്ന ജനാധിപത്യ വിരുദ്ധ ഘടനയിലേക്ക് നയിക്കുന്നു എന്ന ചരിത്രാനുഭവങ്ങളുടെ സാഹചര്യത്തില്‍ ഈ സോഷ്യലിസ്റ്റ് ചിന്താഗതി ഒരു കപട ഇടതുപക്ഷ അവബോധമായി മാറിയിരിക്കുകയാണ്. എന്നാല്‍ ജനാധിപത്യ ഉള്ളടക്കം നഷ്ടപ്പെട്ട ഈ ഇടതുപക്ഷബോധത്തിന്‍റെ കപടസ്വഭാവം തിരിച്ചറിയാതെ അതിപ്പോഴും പുരോഗമനസഭാവം നില നിര്‍ത്തുന്നു എന്ന ധാരണയാണ് മലയാളികളില്‍ ഗണ്യമായ വിഭാഗം ഇപ്പോഴും പുലര്‍ത്തുന്നത്. അതുകൊണ്ടാണ് അതിനെ ഇടതുപക്ഷ കപടാവബോധം എന്നു വിളിക്കേണ്ടിവരുന്നത്‌.  മലയാളി പൊതുസമൂഹത്തെ ഈ ഇടതുപക്ഷ കപടാവബോധം വ്യാപകമായി സ്വാധീനിക്കുന്നുണ്ട്. അതു കൊണ്ടാണ് ഇടതുപക്ഷക്കാരല്ലാത്തവര്‍ പോലും ഇടതുപക്ഷ ചിന്തയെ പുരോഗമനപരമായി കാണുന്നത്.

ഇതുവരെ പരിശോധിച്ചതില്‍ നിന്നു ഈ ആതമഹത്യാശ്രമം പോലുള്ള സംഭവങ്ങള്‍ക്ക് പിന്നില്‍ രണ്ട് പ്രധാന കാരണങ്ങള്‍ ഉണ്ടെന്ന് കാണാം. ഒന്ന്, ഈ കത്തില്‍ തന്നെ സൂചിപ്പിക്കുന്ന ഭീഷണിയുടെ അന്തരീക്ഷമാണ്. ഈ കുട്ടിയുടെ പിതാവ് മകള്‍ കോളേജില്‍ അനുഭവിച്ചുകൊണ്ടിരുന്ന പീഡനങ്ങളെക്കുറിച്ച് വിശദമായി സ്വന്തം കൈപ്പടയിലെഴുതിയ ഒരു കത്ത് ലഭ്യമായിട്ടുണ്ട്. എസ്.എഫ്.ഐ. സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തിന്റെ വ്യക്തമായ ഒരു ചിത്രം അതിലുണ്ട്. അതാകട്ടെ കലാലയാന്തരീക്ഷത്തില്‍ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല. മുഴുവന്‍  മലയാളി സമൂഹത്തിലും, പല പരോക്ഷ രൂപങ്ങളിലാണെങ്കിലും, വ്യാപരിച്ചു നില്‍ക്കുന്ന ഒന്നാണ്. രണ്ടാമത്തേത് ഇടതുപക്ഷ ചിന്ത പുരോഗമനപരമാണെന്ന കപടാവബോധമാണ്. ഈ ബോധം ഇടതുപക്ഷക്കാരല്ലാത്തവരിലേക്കും വ്യാപിച്ചുകിടക്കുന്നു എന്നതാണ് കേരളീയ അന്തരീക്ഷത്തിന്‍റെ സവിശേഷത. പൊതുവില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് ഉള്ളതില്‍ കവിഞ്ഞ ശക്തി പ്രകിടിപ്പിക്കാന്‍ കഴിയുന്നത്‌ ഇതു കൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് ഈ ഇടതുപക്ഷ ചിന്തകളെയും സംഘടനകളെയും നേരിടാന്‍ പലരും തയ്യാറാകാത്തത്.k venu ,sfi, iemalayalam
കഴിഞ്ഞ രണ്ട് ദശകക്കാലമായി പോളണ്ടില്‍നിന്നു വര്‍ഷംതോറും പതിവായി കേരളത്തില്‍ എത്തുന്ന ഒരു സന്ദര്‍ശകന്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടതായി പത്രവാര്‍ത്തകള്‍ കാണുകയുണ്ടായി:  കമ്മ്യൂണിസ്റ്റ് ഭരണം നില നിന്നിരുന്ന പോളണ്ടില്‍ രണ്ടുമൂന്നു ഇടതുപക്ഷക്കാരെ കണ്ടെത്തണമെങ്കില്‍ ഏറെ പരതേണ്ടിവരും. കേരളത്തിലാണെങ്കില്‍ എവിടെയും എപ്പോഴും ഇടതുപക്ഷക്കാരെ കാണാം. സ്വന്തം അനുഭവങ്ങളില്‍ നിന്നു ഉരുത്തിരിഞ്ഞ ഈ പോളണ്ടുകാരന്റെ അഭിപ്രായപ്രകടനം ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഒരുപക്ഷെ കേരളത്തിലെതു പോലത്തെ ഒരു ഇടതു പക്ഷ സമൂഹം ലോകത്ത് മറ്റൊരു ഭാഗത്തും കാണാനിടയില്ല.

ഇന്ത്യയിലെ പാര്‍ലമെന്ററി സംവിധാനത്തില്‍ സജീവമായി പങ്കെടുക്കുന്നതുകൊണ്ട് ഇവിടത്തെ ഇടതുപക്ഷം ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ലേ എന്ന ചോദ്യം പ്രസക്തമാണ്. പ്രായോഗികതലത്തില്‍ അവര്‍ ഏറെ മുന്നേറി എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. പക്ഷെ കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടുന്ന ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അവരുടെ സൈദ്ധാ ന്തിക നിലപാടുകളാണ് നിര്‍ണായകം. പ്രയോഗികാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നിലപാടുകളില്‍ മാറ്റമുണ്ടാവുക എളുപ്പമല്ല.

ഇടതുപക്ഷ കപടാവബോധവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന മലയാളിയുടെ ജനാധിപത്യ ബോധവും പരിശോധനാ വിധേയമാക്കേണ്ടതാണ്. രാഷ്ട്രീയനിരക്ഷരരായി കണക്കാക്കപ്പെട്ടിരുന്ന ഉത്തരേന്ത്യന്‍ ഗ്രാമീണര്‍  അടിയന്തിരാവസ്ഥക്കാരെ തൂത്തെറിഞ്ഞപ്പോള്‍ മലയാളികള്‍ അവരെ പരവതാനി വിരിച്ചു ആനയിച്ചത് യാദൃശ്ചിക സംഭവമായിരുന്നില്ല. മലയാളികളില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന ഇടതുപക്ഷ കപടാവ ബോധമാണ് അവിടെയും പ്രവര്‍ത്തിച്ചത്.

പാര്‍ലമെന്ററി ജനാധിപത്യത്തെ ബൂര്‍ഷ്വാ ജനാധിപത്യമായി, തകര്‍ക്കപ്പെടേണ്ട ഒന്നായി കാണുന്ന ഇടതു പക്ഷത്തിനു മുന്നില്‍ ഒരു ബദല്‍ ജനാധിപത്യ വീക്ഷണം ഇല്ലെന്നതാണ് വാസ്തവം. മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനപരമായ ജനാധിപത്യ പ്രക്രിയയെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ഒരു സൈദ്ധാന്തിക ചട്ടക്കൂട് അവര്ക്കില്ലെന്നതാണ് ഇടതുപക്ഷം നേരിടുന്ന യഥാര്‍ത്ഥ പ്രതിസന്ധി. പൊതുവില്‍ മലയാളിയുടെ ജനാധിപത്യ ബോധത്തെയും അത് സ്വാധീനി ക്കുക സ്വാഭാവികമാണല്ലോ. അതു തന്നെയാണ് സംഭവിച്ചിട്ടുള്ളതും.

മലയാളിയുടെ പുരോഗമന രാഷ്ട്രീയ മുഖംമൂടിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഇതുപോലുള്ള പല കപട ധാരണകളുമാണ്. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനിയുടെ ആതമഹത്യാശ്രമം പോലുള്ള സംഭവങ്ങള്‍ വന്നുഭവിക്കുമ്പോഴെങ്കിലും നമ്മുടെ കപടമുഖം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടക്കേണ്ടതാണ്. എന്നാല്‍   അതും സംഭവിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.  ഒരുപക്ഷെ ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ ഇടതുപക്ഷത്തെ കയ്യൊഴിഞ്ഞത് ഇങ്ങിനെയൊരു മാറ്റത്തിന്‍റെ തുടക്കമാണോ എന്നു ചിന്തിക്കാവുന്നതാണ്. അഖിലേന്ത്യാ അവസ്ഥയും ശബരിമലയും എല്ലാം ചേര്‍ന്ന് മലയാളിയെ ക്കൊണ്ട് താല്‍ക്കാലികമായി അങ്ങിനെ ചിന്തിപ്പിച്ചതാകാം എന്നും കരുതാം. യഥാര്‍ത്ഥ അവസ്ഥ വെളിപ്പെടുന്നതിനു സമയമെടുക്കും. കാത്തിരുന്നേ പറ്റൂ.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Campus politics university college sfi

Best of Express