യു.എ.പി.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ (നിരോധന) നിയമത്തെ സംബന്ധിച്ചും അതിന്റെ ജനാധിപത്യ വിരുദ്ധതയെയും മനുഷ്യാവകാശലംഘനങ്ങളെയും അനീതിയെയും കുറിച്ച് ഇതിനോടകം ധാരാളം എഴുതപ്പെട്ടിരിക്കുന്നു. വീണ്ടും അത് ആവർത്തിക്കാൻ അല്ല മറിച്ച് യു.എ.പി.എ.വിരുദ്ധ പ്രക്ഷോഭത്തിന്റെ വർത്തമാനകാല രാഷ്ട്രീയ പ്രസക്തി ചൂണ്ടികാണിക്കാനാണ് ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി കേരളത്തിൽ വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും യു.എ.പി.എ ക്ക് എതിരെ നടത്തി വന്ന പ്രചരണ-പ്രക്ഷോഭങ്ങൾ ഇന്ന് ഒരു നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തു സി.പി.എം നേതാവ് പി.ജയരാജനെ യു.എ.പി.എ വകുപ്പ് ചുമത്തി കേസെടുത്തു തടവിലടച്ചതോടെ നിയമം ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചു സി.പി.എം രംഗത്തു വന്നു. ഭീകരർക്കെതിരെ ഉപയോഗിക്കാൻ ഉണ്ടാക്കിയ നിയമം രാഷ്ട്രീയ പ്രവർത്തകരെ അടിച്ചമർത്താൻ ഉപയോഗിക്കുന്നു എന്നായിരുന്നു സി.പി.എം വിമർശനത്തിന്റെ കാതൽ. പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ യു.എ.പി.എ ചുമത്തൽ തങ്ങളുടെ നയമല്ലെന്നും രാഷ്ട്രീയ പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തില്ലെന്നും പ്രഖ്യാപിച്ചു. പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം മുസ്ലിം മതപണ്ഡിതനായ ഷംസുദ്ദീൻ പാലത്തിനെതിരെ അദ്ദേഹം നടത്തിയ മതപ്രഭാഷണത്തിന്റെ പേരിൽ യു.എ.പി.എ നിയമം ഉപയോഗിച്ച് കേസ്സെടുത്തിരുന്നു.മുസ്ലിംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിൽ ധനവിനിയോഗ ബില്ലിന്റെ ചർച്ചാ വേളയിൽ ഈ കേസുമായി ബന്ധപ്പെട്ടു യു.എ.പി.എ നിയമത്തിന്റെ പ്രശ്നം ഉന്നയിച്ചു. അതിനോട് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.പി.എ സംബന്ധിച്ചു തന്റെ സർക്കാരിന്റെ നയം വ്യക്തമാക്കിയത്. യു.എ.പി.എ തങ്ങളുടെ നയമല്ലെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ പിണറായി മറ്റൊരു കാര്യം കൂടി അതിനോട് കൂട്ടി ചേർത്തിരുന്നു ഭീകരസംഘടനയുമായി ബന്ധമുള്ളവർക്കെതിരെ മാത്രമേ യു.എ.പി.എ ചുമത്തുകയുള്ളു എന്നതായിരുന്നു അത്. സർക്കാരിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി യു.എ.പി.എ ഉപയോഗിക്കുന്നത് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസി ആയ എൻ.ഐ.എ വഴി നടത്തുന്ന ഇടപെടലാണ് എന്നും അദ്ദേഹം പ്രസ്താവിച്ചു. വിഷയം ഉന്നയിച്ച കുഞ്ഞാലിക്കുട്ടിയും യു.എ.പി.എ പ്രകാരം ചുമത്തിയ എല്ലാ കേസുകളും അല്ല മതപണ്ഡിതനെതിരെ എടുത്ത കേസ്സാണ് താൻ ഉന്നയിച്ചതെന്നു വിശദീകരിക്കുകയും ചെയ്തു.മാത്രമല്ല എൻ.ഐ.എ യുടെ ഇടപെടലിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് യു.എ.പി.എ സംബന്ധിച്ചു ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതായ ഒരു പ്രതീതി നമ്മുടെ സമൂഹത്തിൽ ഉണ്ടാവുകയും ചെയ്തു.

എം. എൻ രാവുണ്ണി

എന്നാൽ മുഖ്യമന്ത്രിയുടെ നിയമസഭാ പ്രഖ്യാപനം വന്നു അധിക നാളുകൾ ആവുമ്പോഴേക്കും സാമൂഹ്യമാധ്യമങ്ങളിലെ ചെറുപ്പക്കാരുടെ പ്രതികരണ കൂട്ടായ്മകളിലെ സാന്നിധ്യമായ നദീറിനെ ആറളം പോലീസ് യു.എ.പി.എ പ്രകാരം എടുത്ത കേസിലും മനുഷ്യാവകാശ പ്രവർത്തകനായ രജീഷ് കൊല്ലക്കണ്ടിയെ വെള്ളമുണ്ട തലപ്പുഴ പോലീസ് സ്റ്റേഷനുകളിൽ റെജിസ്റ്റർ ചെയ്ത യു.എ.പി.എ കേസ്സുകളിലും പ്രതിയാക്കിയ സംഭവങ്ങൾ വാർത്തയായി. ആറളത്തെ ആദിവാസി മേഖലയിൽ തോക്കുമായി വന്നു കാട്ടുതീ എന്ന മാവോയിസ്റ്റ് പ്രസിദ്ധീകരണത്തിനു വരിസംഖ്യ നൽകാൻ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്നു എന്നതാണ് നദീറിനെതിരെയുള്ള ആരോപണമെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റർ അടിച്ചിറക്കി പ്രചരിപ്പിച്ചു എന്നതിന്റെ പേരിൽ യു.എ.പി.എ പ്രകാരം കുറ്റാരോപിതനായ പോരാട്ടം സംഘടനയുടെ ചെയർപേഴ്സൺ എം.എൻ.രാവുണ്ണിക്കു ഒളിവിൽ കഴിയാൻ കോഴിക്കോട് നളന്ദ ഹോട്ടലിൽ മുറിയെടുത്തു കൊടുത്തു എന്നാരോപിച്ചാണ് രജീഷിനെ പ്രതിയാക്കിയത്.ഈ രണ്ടു സംഭവങ്ങളും യു.എ.പി.എ.സംബന്ധിച്ചു സർക്കാരിന്റെ അവകാശവാദങ്ങളെ കടുത്ത പ്രതിരോധത്തിലാക്കി. തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കുറ്റപത്രത്തെ സമർപ്പിക്കാത്ത യു.എ.പി.എകേസ്സുകൾ പുനഃപരിശോധിക്കുമെന്നു പ്രഖ്യാപിക്കാൻ സർക്കാരിനെ നിർബന്ധിതമാക്കി.പക്ഷെ പുനഃപരിശോധനാ പ്രഖ്യാപനത്തിനപ്പുറം ജനങ്ങൾക്ക് വിശ്വാസയോഗ്യമായ യാതൊരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.ആരാണ് പുനഃപരിശോധനാ നടത്തുന്നതെന്നോ ഏതൊക്കെ കേസുകളാണ് പുനഃപരിശോധിക്കുന്നതെന്നോ പുനഃപരിശോധനയുടെ മാനദണ്ഡമെന്താണെന്നോ അതിന്റെ നിയമസാധുത എന്താണെന്നോ വ്യക്തമാക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

എത്ര മാത്രം ദുർബലവും ഉപരിപ്ലവവുമാണെങ്കിൽ പോലും കേരളത്തിലെ വ്യവസ്ഥാപിത പാർട്ടികൾ യു.എ.പി.എ സംബന്ധിച്ച് നിലപാട് എടുക്കാൻ നിർബന്ധിതമായതിനു പിന്നിൽ ഈ നിയമത്തിനെതിരെ ഒന്നര പതിറ്റാണ്ടായി തുടരുന്ന ക്യാമ്പയിനുകൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഐക്യകേരള രൂപീകരണത്തിന് ശേഷം കേരളത്തിൽ ഇത്തരം ഒരു നിയമത്തിനെതിരെ സംഘടിതവും സ്ഥിരതയുള്ളതുമായ ഒരു ക്യാമ്പയിൻ ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും.

ടാഡയും പോട്ടയും സമാനമായ നിയമങ്ങൾ ആയിരുന്നെങ്കിലും അവ കേരളത്തിൽ നടപ്പിലാക്കേണ്ടെന്നു രാഷ്ട്രീയ തീരുമാനം എടുക്കാൻ ഇടതു-വലതു മുന്നണികൾ തയ്യാറായിരുന്നു.എന്നാലും കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അബ്ദുൽ നാസർ മഅ്ദനി അറസ്റ്റ് ചെയ്യപ്പെട്ടതോടു കൂടി പോട്ടക്കെതിരെയുള്ള ക്യാമ്പയിൻ കേരളത്തിൽ സജീവമായിരുന്നു. മഅ്ദനിയെ നീണ്ട വർഷ,ങ്ങൾക്കുശേഷം കുറ്റവിമുക്തനാക്കിയപ്പോൾ ആ ക്യാപെയിനെ എതിർത്തവർക്കു പോലും എന്തിനായിരുന്നു ആ ക്യാംപെയിൻ എന്ന അർത്ഥം മനസ്സിലാകുകയായിരുന്നു.  2004 ൽ യു.എ.പി.എ നിയമം ഭേദഗതി ചെയ്തു കൊണ്ട് ഇന്നത്തെ രൂപത്തിൽ മാറ്റിത്തീർത്തതിനു ശേഷം വിവിധ മനുഷ്യാവകാശ സംഘടനകൾ ഇതിനെതിരെ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. 2007 ൽ അന്നത്തെ അച്യുതാനന്ദൻ സർക്കാർ ആദ്യമായി യു.എ.പി.എ. പ്രയോഗിച്ചു കൊണ്ട് പീപ്പിൾസ് മാർച്ച് എഡിറ്റർ ഗോവിന്ദൻകുട്ടിയെ തടവിലടച്ചതിനു ശേഷം പിന്നീട് ഇങ്ങോട്ട് ഭീകരവിരുദ്ധ നിയമം ഉപയോഗിച്ചു കൊണ്ടുള്ള അടിച്ചമർത്തൽ നമുക്ക് നേരിട്ടുള്ള അനുഭവമായി മാറി. കേസ്സുകൾ റജിസ്റ്റർ ചെയ്തു തുടങ്ങിയതോടെ ശക്തമായ ക്യാമ്പയിനുകളും കേരളത്തിൽ ഉയർന്നുവന്നു. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ ഈ നിയമം ഉപയോഗിച്ച് നടത്തുന്ന അടിച്ചമർത്തലുകൾ കേരളത്തിൽ വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ യു.എ.പി.എ വിരുദ്ധ ക്യാമ്പയിന്റെ ഭാഗമാക്കി മാറ്റിയിരുന്നു. അതുകൊണ്ട് തന്നെ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾ നിലപാട് എടുക്കുന്നതിനു മുന്നേ തന്നെ യു.എ.പി.എ.യുടെ ഭീകരത കേരളത്തിൽ ചർച്ച ചെയ്യപ്പെടുകയും അതിനെതിരായ രാഷ്ട്രീയാവബോധം വികസിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് ഇപ്പോൾ കേരള സർക്കാർ യു.എ.പി.എ. കേസ്സുകൾ പുനഃപരിശോധിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്.

gouri, tribal woman, uapa, kerala

തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ പോസ്റ്റർ പതിച്ചെന്നാരോപിച്ച് യു എ പി എ ചുമത്തപ്പെട്ട ആദിവാസി യുവതി ഗൗരി പൊലീസ് കസ്റ്റഡിയിൽ (ഫയൽ​ചിത്രം)

 

ഇതുവരെ കേരളത്തിൽ നടന്ന യു.എ.പി.എ. വിരുദ്ധ ക്യാമ്പയിനുകൾക്കു ഒരു പരിമിതി ഉണ്ടായിരുന്നു.പ്രധാനമായും ആ ക്യാമ്പയിനുകൾ ഊന്നിയിരുന്നത് യു.എ.പി.എ. പ്രകാരം തടവിലാക്കപ്പെട്ടവരുടെ മോചനം എന്ന മുദ്രാവാക്യത്തിലാണ്.യു.എ.പി.എ. പിൻവലിക്കണമെന്ന പൊതു മുദ്രാവാക്യവും ഉന്നയിക്കപ്പെടാറുണ്ടെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടവർക്കു ജാമ്യം ലഭിക്കുന്നതോടു കൂടി ആ ക്യാമ്പയിൻ കെട്ടടങ്ങുകയാണ് ചെയ്തിരുന്നത്. പക്ഷെ തുടരെ ഉണ്ടാകുന്ന അറസ്റ്റുകൾ യു.എ.പി.എ. വിരുദ്ധ ക്യാമ്പയിനുകൾക്കു ഒരു സ്ഥിരത ഉണ്ടാക്കികൊടുത്തിരുന്നു. പക്ഷെ ഇന്ന് യു.എ.പി.എ.ക്കു എതിരായ ക്യാമ്പയിന് മുമ്പത്തേക്കാൾ രാഷ്ട്രീയമായ ഉള്ളടക്കം കൈവന്നിട്ടുണ്ട്. യു.എ.പി.എ.യുടെ രാഷ്ട്രീയമാനങ്ങൾ ഇന്ന് കൂടുതൽ കൂടുതൽ വ്യക്തതയോടെ തെളിഞ്ഞു വന്നിട്ടുണ്ട്.

പാർലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് യു.എ.പി.എ എന്ന പേരിൽ കുപ്രസിദ്ധമായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (നിരോധന) നിയമം ഭേദഗതി ചെയ്യുന്നത്. എന്ത് കാരണങ്ങളാലാണ് ഒരു നിയമം നിർമ്മിക്കുന്നത്. അത് ലക്ഷ്യം വെക്കുന്നത് എന്തൊക്കെയാണ് എന്ന് ആ നിയമത്തിന്റെ ആമുഖത്തിൽ വിവരിക്കും.ഭീകരപ്രവർത്തനത്തെ നേരിടാൻ എന്നാണു യു.എ.പി.എ നിയമത്തെ ഭീകരവിരുദ്ധ നിയമമാക്കി പരിവർത്തനപ്പെടുത്തുമ്പോൾ പൊതുവെ സർക്കാരും അതിന്റെ വക്താക്കളും അവകാശപ്പെട്ടിരുന്നത്. എന്നാൽ 2008 ൽ ഈ നിയമം ഭേദഗതി ചെയ്യുമ്പോൾ നിയമത്തിന്റെ ആമുഖവും ഭേദഗതി ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൌൺസിൽ അന്താരാഷ്‌ട്ര ഭീകരവാദത്തെ നേരിടുന്നതിനായി നടപടികൾ സ്വീകരിക്കാൻ എല്ലാ ഭരണകൂടങ്ങളോടും അതിന്റെ വിവിധ പ്രമേയങ്ങൾ മുഖാന്തിരം ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്ര സർക്കാർ 1947 ലെ ഐക്യരാഷ്ട്ര സഭാ (സെക്യൂരിറ്റി കൗൺസിൽ) നിയമത്തിലെ രണ്ടാം വകുപ്പ് നൽകുന്ന അധികാരമുപയോഗിച്ച് സെക്യൂരിറ്റി കൗൺസിൽ പ്രമേയങ്ങൾ നടപ്പിലാക്കാനായിട്ടാണ് യു.എ.പി.എ നിയമം ഭേദഗതി ചെയ്യുന്നത് എന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിയമമാകട്ടെ പ്രാബല്യത്തിൽ വരുന്നത് 1947 ഡിസംബർ 20 നാണ്. അതായത് ഇന്ത്യൻ ഭരണഘടന നിലവിൽ വരുന്നതിനു മുൻപ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിന് മുൻപ്. ആഭ്യന്തര സാഹചര്യങ്ങൾ ആവശ്യപ്പെടുന്നു എന്നതല്ല മറിച്ച് അന്താരാഷ്‌ട്ര രാഷ്ട്രീയ സാഹചര്യങ്ങളാണ് യു.എ.പി.എ നിയമം ഭേദഗതി ചെയ്യുന്നതിന് കാരണമായത് എന്ന് വ്യക്തം.

ഇന്ന് ഐക്യരാഷ്ട്ര സഭ എന്നത് സാമ്രാജ്യത്വത്തിന്റെ ഒരു ഉപകരണം മാത്രമാണെന്നത് പകൽ പോലെ വ്യക്തമാണ്. സാമ്രാജ്യത്വ ശക്തികളുടെ താല്പര്യങ്ങളെയാണ് അത് പ്രതിനിധീകരിക്കുന്നത്. ഭീകരതക്കെതിരായ യുദ്ധവും സാമ്രാജ്യത്വ ആഗോളീകരണവും തമ്മിലുള്ള ബന്ധവും ഇന്ന് കൂടുതൽ കൂടുതൽ തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്നു.പുത്തൻ ഉദാരീകരണമാണ് ഇതിന്റെയെല്ലാം അടിത്തറ. സാമ്രാജ്യത്വ താത്പര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് ഐക്യ രാഷ്ട്ര സഭ .
ഇറാഖിലും അഫ്‌ഗാനിസ്ഥാനിലും ഉൾപ്പടെ ഭീകരതക്കെതിരെ എന്ന പേരിൽ അമേരിക്ക ഉൾപ്പടെയുള്ള സാമ്രാജ്യത്വ ശക്തികൾ നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ആക്രമണങ്ങളും വിതച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളും എല്ലാം ന്യായീകരിക്കപ്പെടുന്നതും അന്താരാഷ്‌ട്ര തലത്തിൽ അതിനാവശ്യമായ നയതന്ത്ര മറ തീർക്കുന്നതും ഐക്യരാഷ്ട്ര സഭയുടെ ഇതേ പ്രമേയങ്ങളാലാണ്. 2013 ൽ ഭീകരപ്രവർത്തനത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ തകർക്കാൻ എന്ന പേരിൽ വീണ്ടു യു.എ .പി.എ നിയമം ഭേദഗതി ചെയ്യുകയുണ്ടായി. എന്നാൽ ഇതിനും ഒരു മറുപുറം ഉണ്ട്. 2010 ൽ ഇന്ത്യ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയിൽ അംഗമായി.വിവിധ രാഷ്ട്രങ്ങൾ അംഗമായ ഈ സമിതി അന്താരാഷ്‌ട്ര ധനവ്യവസ്ഥയുടെ വിശ്വാസ്യതയെ തകർക്കുന്ന ഭീഷണികളെയും ഭീകരപ്രവർത്തനത്തിനു വേണ്ടിയുള്ള സാമ്പത്തിക സഹായത്തേയും ഗുരുതരമായ കുറ്റകൃത്യങ്ങൾ വഴിയുള്ള ധന സമാഹരണത്തെയും ചെറുക്കുന്നതിന് വേണ്ട നിയമ നടപടിക്രമങ്ങൾക്കുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുക എന്നാണു ലക്ഷ്യം വെക്കുന്നത്. ഈ ആവശ്യങ്ങൾ നേടിയെടുക്കാനായി അംഗ രാഷ്ട്രങ്ങളിലെ നിയമനിർമ്മാണ സഭകൾക്ക് വേണ്ടുന്ന രാഷ്ട്രീയ ഇച്ഛ പ്രദാനം ചെയ്യുന്ന നയരൂപീകരണ സമിതിയാണെന്നും അവർ തന്നെ അവകാശപ്പെടുന്നു. വാസ്തവത്തിൽ ഈ സമിതിയിലെ അംഗത്വം ഉയർത്തിപ്പിടിച്ചു കൊണ്ടാണ് 2013 ലെ യു.എ .പി.എ നിയമ ഭേദഗതി ന്യായീകരിക്കപ്പെട്ടത്. ഇന്ന് ധനമൂലധനത്തിന്റെ കുത്തകാധിപത്യത്തിനു യാതൊരു വിധത്തിലും ഇളക്കം തട്ടാത്ത തരത്തിലുള്ള ഒരു അന്താരാഷ്‌ട്രക്രമം ഉറപ്പിച്ച് എടുക്കുന്നതിനുള്ള നീക്കങ്ങളാണ് ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും ഒക്കെ എതിരെയുള്ള നീക്കങ്ങൾ എന്ന പേരിൽ നടക്കുന്നത്. അതിനു വേണ്ടിയാണ് വാസ്തവത്തിൽ യു.എ .പി.എ പോലുള്ള നിയമങ്ങൾ നിർമ്മിക്കപ്പെടുന്നത്.ഈ നിയമത്തിനു പിന്നിലെ സാമ്രാജ്യത്വ താല്പര്യങ്ങൾ ഇന്ന് കൂടുതൽ കൂടുതൽ വ്യക്തമായി കഴിഞ്ഞിരിക്കുന്നു.

 

ഏതൊരു നിയമവും ഒരു നിശ്ചിത സമൂഹത്തിൽ നടപ്പിലാക്കപ്പെടുമ്പോൾ ആ സമൂഹത്തിലെ വർഗ്ഗ-സാമൂഹ്യ ബന്ധങ്ങളിലൂടെയേ അവ നടപ്പിലാകു. യു.എ .പി.എ യുടെ പിന്നിലെ സാമ്രാജ്യത്വ താല്പര്യങ്ങൾ ഇന്ത്യൻ ഭരണകൂടം നടപ്പിലാക്കുമ്പോൾ ഇന്ത്യൻ സമൂഹത്തിലെ വർഗ്ഗ-സാമൂഹ്യ ബന്ധങ്ങളിലെ മർദ്ദിതാവസ്ഥ അതിൽ പ്രതിഫലിക്കുക സ്വാഭാവികം.ഇന്ത്യയിൽ ഈ നിയമപ്രകാരം തടവിലടക്കപ്പെടുന്നത് മുസ്ലിംങ്ങളും ദലിതരും ആദിവാസികളും ദേശീയ വിമോചനത്തിനായി പോരാടുന്നവരും വിപ്ലവരാഷ്ട്രീയ പ്രവർത്തകരും ആകുന്നതു ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗ്ഗ-സാമൂഹ്യാടിത്തറയിലേക്കും അതിനെ നയിക്കുന്ന ബ്രാഹ്മണ്യവാദ പ്രത്യശാസ്ത്രത്തിലേക്കും വിരൽ ചൂണ്ടുന്നു.യു.എ.പി.എ നിയമം മുന്നോട്ടു വയ്ക്കുന്ന അഖണ്ഡഭാരത സങ്കല്പം ബ്രാഹ്മണ്യവാദത്തിന്റ വംശീയവെറിയ്ക്കും വർഗ്ഗീയതയ്ക്കും ജാതീയാടിച്ചമർത്തലിനും ഇതര ദേശീയതകളോടുള്ള ശത്രുതയ്ക്കും വലിയ ഇടം നൽകുന്നു. 1960 കളിലാണ് ആർ എസ് എസ് ന്റെ നേതാവ് ഗോൾവാൾക്കർ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റുകളുമാണ് ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളെന്ന് പ്രഖ്യാപിക്കുന്നത്. നാൽപ്പതാണ്ടുകൾ പിന്നിടുമ്പോൾ ആർ എസ് എസ് ന്റെ ആഭ്യന്തര ശത്രു സിദ്ധാന്തം ഇന്ത്യൻ ഭരണകൂടത്തിന്റെ ഔദ്യോഗിക നയമായി മാറുന്ന കാഴ്ചയാണ് യു.എ.പി.എ.യിലൂടെ നമ്മൾ കാണുന്നത്. യു.എ.പി.എ.അനുസരിച്ച് ഭീകര സംഘടനകളായി പ്രഖ്യാപിക്കപ്പെട്ടവ മുസ്ലിം സംഘടനകളും കമ്മ്യുണിസ്റ്റ് പാർട്ടികളും ദേശീയ വിമോചന പ്രസ്ഥാനങ്ങളുമാവുന്നത് ഒട്ടും യാദൃശ്ചികമായല്ല.

യു.എ.പി.എ. ജനാധിപത്യഹത്യക്കുള്ള ആയുധമാണ് എന്ന് ഇന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞ വസ്തുതയാണ്.കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 161 കേസ്സുകൾ യു.എ.പി.എ.പ്രകാരം റജിസ്റ്റർ ചെയ്തതായി വിവരാവകാശ നിയമം അനുസരിച്ചു അടുത്തിടെ വെളിവാക്കപ്പെടുകയുണ്ടായി. ഈ കേസ്സുകളിൽ മഹാഭൂരിപക്ഷവും യോഗങ്ങൾ ചേർന്നതിന്റെ പേരിലും മുദ്രാവാക്യം വിളിച്ചതിനും നോട്ടീസ് വിതരണം നടത്തിയതിനും പോസ്റ്റർ ഒട്ടിച്ചതിനും പുസ്തകങ്ങൾ കൈവശം വച്ചതിനും രാഷ്ട്രീയ പ്രചരണം നടത്തിയതിനും ഒക്കെയാണ്. ആശയപ്രചാരണത്തിനും സംഘടിക്കുന്നതിനും ഉള്ള മൗലികാവകാശങ്ങളുടെ വിനിയോഗമാണ് ഇവിടെ കുറ്റകരമാക്കപ്പെടുന്നത്. ഉടനടി കലാപത്തിന് സാധ്യത ഉണ്ടാക്കാത്ത വിധത്തിലുള്ള മൗലികാവകാശങ്ങളുടെ വിനിയോഗം രാജ്യദ്രോഹമാകില്ലെന്നും ഭീകരസംഘടനയിൽ അംഗമാകുന്നത് കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാകുന്നില്ല എന്നുമെല്ലാം ഇന്ത്യൻ സുപ്രീം കോടതി വിധികൾ ഉള്ളപ്പോൾ തന്നെയാണ് മൗലികാവകാശങ്ങളുടെ വിനിയോഗത്തെ കുറ്റമാക്കി കൊണ്ട് ഇവിടെ യു.എ.പി.എ കേസ്സുകൾ ലാഘവത്തോടെ ചുമത്തപ്പെടുന്നത്. വ്യവസ്ഥാപിത രാഷ്ട്രീയത്തിന് പുറത്ത് പാർശ്വവത്കൃതരുടെയും ന്യൂനപക്ഷങ്ങളുടെയും ഇടയിൽ രൂപപ്പെട്ടു വരുന്ന രാഷ്ട്രീയാവബോധത്തെയും വിപ്ലവരാഷ്ട്രീയത്തെയും അതിന്റെ ആവിഷ്ക്കരണങ്ങളെയും കുറ്റകൃത്യമാക്കി അടിച്ചമർത്തുക എന്നതാണ് യു.എ.പി.എ.യുടെ യഥാർത്ഥ ലക്ഷ്യം.

യു.എ.പി.എ. ക്കു എതിരെ ഉയർന്നു വരുന്ന പ്രക്ഷോഭങ്ങൾക്ക് മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ട് വലിയ രാഷ്ട്രീയ മാനങ്ങൾ ഉണ്ട്. അത് ഒരേ സമയം സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ ഭാഗവുമാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ ബ്രാഹ്മണ്യ പ്രത്യയശാസ്ത്ര അടിത്തറക്കെതിരെയുള്ള സമരവുമാണ്.അതോടൊപ്പം ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിനെതിരെയുള്ള സമരവുമാണ്. അതു കൊണ്ട് തന്നെ അത് ജനാധിപത്യത്തിന് വേണ്ടിയുള്ള സമരവുമാണ്. ഹിന്ദുത്വ ഫാസിസം നമ്മുടെ സമൂഹത്തിൽ പിടി മുറുക്കി കൊണ്ടിരിക്കുന്ന വർത്തമാനകാലത്തു യു.എ.പി.എ. വിരുദ്ധ സമരവും അതിനു വേണ്ടി രൂപംകൊള്ളുന്ന ഐക്യവേദികളും ഫാസിസത്തിനെതിരായുള്ള സമരൈക്യത്തിന്റെ ഭ്രൂണരൂപം കൂടിയാണ്. കഴിഞ്ഞ കാലങ്ങളിൽ ഭീകരവിരുദ്ധ നിയമങ്ങൾ എന്ന പേരിൽ ഇന്ത്യൻ ഭരണകൂടം നടപ്പിലാക്കിയ ജനവിരുദ്ധ നിയമങ്ങൾക്കെതിരെ ഇന്ത്യയിലെമ്പാടും ഉയർന്നു വന്ന പ്രതിഷേധങ്ങളിൽ നിന്നും സ്വാംശീകരിച്ച ഉയർന്ന രാഷ്ട്രീയാവബോധത്തിനു മുകളിലാണ് സി.പി.എമ്മിനെ പോലുള്ള പാർട്ടികൾ യു.എ.പി.എ ദുരുപയോഗമെന്ന വാദത്തെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്.

സി.പി.എമ്മിന്റെ ദുരുപയോഗ സിദ്ധാന്തം വാസ്തവത്തിൽ എത്ര മാത്രം ശരിയാണ്? മനോജ് വധവുമായി ബന്ധപ്പെട്ടു പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തിയതാണ് സി.പി.എം ദുരുപയോഗമുന്നയിച്ചു രംഗത്തു വരാൻ കാരണം. പക്ഷെ യു.എ.പി.എ യിലെ ഭീകരപ്രവർത്തനം എന്ന നിർവ്വചനം വളരെ അവ്യക്തമാണ്. നിലവിലുള്ള ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കൊലപാതകം കുറ്റകരമാണ്. പക്ഷെ ഒരാളെ കൊല്ലുന്നതു ജനങ്ങളെ ആകെയൊ അല്ലെങ്കിൽ ഏതെങ്കിലും ജനവിഭാഗത്തെയോ ഭയപ്പെടുത്തുന്നതിനു വേണ്ടിയാകുമ്പോൾ അത്തരം കൊലപാതകം നിലവിലെ അവസ്ഥയനുസരിച്ചു ഭീകരപ്രവർത്തനമായി വ്യാഖ്യാനിക്കപ്പെടാം. ഇങ്ങനെ വ്യാഖ്യാനിക്കാനുള്ള സാധ്യത രൂപപ്പെടുന്നത് യു.എ.പി.എ നിയമത്തിൽ നിന്ന് തന്നെയാണ് അല്ലാതെ നിയമത്തിന്റെ ദുരുപയോഗത്തിൽ നിന്നല്ല. സാധാരണ ക്രിമിനൽ നിയമത്തിൽ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളും ഭീകരപ്രവർത്തനമായി നിർവ്വചിക്കപ്പെട്ടിട്ടുള്ളവയും തമ്മിൽ ഉള്ള അതിർവരമ്പ് സംബന്ധിച്ച് യു.എ.പി.എ നിയമം നിശബ്ദമാണ്. അത് കൊണ്ട് ഏതൊരു രാഷ്ട്രീയ സംഘർഷങ്ങളും തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളും യു.എ.പി.എ നിയമപ്രകാരം ഭീകരപ്രവർത്തനത്തിന്റെ നിർവചനത്തിൽ വരികയും ചെയ്യാം. ഭീകരപ്രവർത്തനത്തിന്റെ നിർവ്വചനത്തിൽ മൂന്ന് ഘടകങ്ങൾ ഉണ്ടാകണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ തന്നെ മനുഷ്യാവകാശത്തിനായുള്ള പ്രത്യേക റാപ്പോർട്ടറുടെ റിപ്പോർട്ടിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഒന്നാമതായി കുറ്റം ചെയ്യാനുള്ള ഉദ്ദേശം രണ്ടാമതായി കുറ്റകരമായ പ്രവർത്തി മൂന്നാമതായി പ്രത്യേക പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ ലക്‌ഷ്യം മുൻനിറുത്തിയുള്ളതാകണം മേൽപ്പറഞ്ഞ ഉദ്ദേശവും പ്രവർത്തിയും. എന്നാൽ യു.എ.പി.എ യിലെ ഭീകരപ്രവർത്തനത്തിന്റെ നിർവ്വചനത്തിൽ ഇതിലെ മൂന്നാമത്തെ ഘടകമായ പ്രത്യേക പ്രത്യയശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ ലക്‌ഷ്യം മുൻനിറുത്തിയുള്ളതാകണം ഉദ്ദേശവും പ്രവർത്തിയും എന്നതു ഒഴിവാക്കപ്പെട്ടിരിക്കുന്നു. അത് കൊണ്ടാണ് ഏതൊരു സാധാരണ കുറ്റകൃത്യവും ഭീകരപ്രവർത്തനമാക്കാൻ ഭരണകൂടത്തിന് സൗകര്യം ലഭിക്കുന്നത്.അത് കൊണ്ട് തന്നെയാണ് പി.ജയരാജനെതിരെ യു.എ.പി.എ ചുമത്താൻ സാധിച്ചതും. അപ്പോൾ യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗമല്ല മറിച്ചു യു.എ.പി.എ തന്നെ ഒരു ദുരുപയോഗമാണ്, നിയമനിർമ്മാണത്തിനു ജനങ്ങൾ ഏൽപ്പിച്ച അധികാരത്തിന്റെ ദുരുപയോഗം. ആ അധികാര ദുരുപയോഗത്തിൽ സി.പി.എമ്മിനും പങ്കുണ്ട്. കാരണം 2004 ൽ ഈ നിയമം ഇന്ന് കാണുന്ന വിധം ഭേദഗതി ചെയ്യുമ്പോൾ അതിനെ പിന്തുണച്ചവരാണ് അവർ.

ഇപ്പോൾ പിണറായി സർക്കാർ പ്രഖാപിച്ചിട്ടുള്ള യു.എ.പി.എ കേസുകളുടെ പുനഃപരിശോധന എന്നതിനപ്പുറം യു.എ.പി.എ വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കി യു.എ.പി.എ കേസ്സുകൾ പിൻവലിക്കാനും ഇനി കേരളത്തിൽ യു.എ.പി.എ ഉപയോഗിക്കുകയില്ല എന്നും രാഷ്ട്രീയമായ തീരുമാനമാണ് ഉണ്ടാവേണ്ടത്. സാമ്രാജ്യത്വ വിരുദ്ധരെന്നു അവകാശപ്പെടുകയും സദ്ദാം ഹുസൈനെ സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി ചിത്രീകരിക്കുകയും ചെയ്യുന്നവർ ഏതൊരു സാമ്രാജ്യത്വ നയങ്ങളാണോ സദ്ദാമിനെ വകവരുത്തിയത്‌ അതേ നയങ്ങളുടെ മറ്റൊരു വിധത്തിലുള്ള നടത്തിപ്പുകാരായി മാറുകയുമാണ്. സി.പി.എമ്മും ഇടതുപക്ഷവും ഈ നിലപാട് തിരുത്തേണ്ടതുണ്ട്. ചെഗുവേര ഇന്ന് ജീവിച്ചിരുന്നെങ്കിൽ, ഫിദലും ക്യൂബൻ വിപ്ലവ പ്രസ്ഥാനവും ഈ കാലത്തായിരുന്നെങ്കിൽ ഓർക്കുക അതൊരു അന്താരാഷ്‌ട്ര ഭീകര സംഘടന ആയേനെ. ഫിദലും ചെഗുവേരയും അന്താരാഷ്‌ട്ര ഭീകരന്മാരും.

 

ജനാധിപത്യ മനുഷ്യാവകാശപ്രവർത്തകനും  അഭിഭാഷകനുമാണ് ലേഖകൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ