scorecardresearch

പൗരത്വ ഭേദഗതി നിയമവും കേരളത്തിലെ പൊതുസമൂഹത്തിന്‍റെ അഭാവവും

പൗരത്വ ഭേദഗതി നിയമത്തോട് ഇന്ത്യയിലെ വിദ്യാര്‍ഥിസമൂഹം എടുത്ത നിലപാട് പോലെയൊന്ന് കേരളത്തില്‍ ഇപ്പോഴും കാണുന്നില്ലെന്നതുമാത്രം മതി നമ്മുടെ രാഷ്ട്രീയ ജീവിതത്തില്‍ പൊതുസമൂഹത്തിന്റെ അഭാവം കാണിക്കാന്‍

പൗരത്വ ഭേദഗതി നിയമത്തോട് ഇന്ത്യയിലെ വിദ്യാര്‍ഥിസമൂഹം എടുത്ത നിലപാട് പോലെയൊന്ന് കേരളത്തില്‍ ഇപ്പോഴും കാണുന്നില്ലെന്നതുമാത്രം മതി നമ്മുടെ രാഷ്ട്രീയ ജീവിതത്തില്‍ പൊതുസമൂഹത്തിന്റെ അഭാവം കാണിക്കാന്‍

author-image
Karunakaran
New Update
Citizenship Amendment Act, പൗരത്വ ഭേദഗതി നിയമം, Protest against Citizenship Amendment Act, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം, Kochi CAA Protest, കൊച്ചിയിലെ പൗരത്വപ്രക്ഷോഭം, Student protest, വിദ്യാര്‍ഥി പ്രക്ഷോഭം, Public society, പൊതുസമൂഹം, Coalition politics, മുന്നണി രാഷ്ട്രീയം, IE Malayalam, ഐഇ മലയാളം

കൃത്യവും ചലനാത്മകവുമായ പൊതുസമൂഹത്തിന്റെ അസാന്നിധ്യം എന്തുമാത്രം പ്രകടമാണ് കേരളത്തിലെന്ന് വ്യക്തമാക്കുന്നതാണ് പൗരത്വ ഭേദഗതി നിയമത്തോടുള്ള പൊതുവായ പ്രതികരണങ്ങള്‍ കാണിക്കുന്നത്. അല്ലെങ്കില്‍, എല്ലാ പ്രതികരണങ്ങളും ഔദ്യോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ 'നിഷ്‌ക്രിയമാക്കപ്പെട്ട ഒരു പൊതുസമൂഹം' കാഴ്ചക്കാരുടെ ഭാഗം അണിയുന്നു.

Advertisment

ചില സമരങ്ങള്‍, ഈയിടെ കൊച്ചിയില്‍ നടന്നതുപോലുള്ള സമരങ്ങള്‍, കക്ഷിരാഷ്ട്രീയത്തിനു പുറത്ത് സംഭവിക്കുന്നുണ്ടെങ്കിലും അവയുടെയും വേരുകള്‍ മുമ്പ് പറഞ്ഞ ഔദ്യോഗിക രാഷ്ട്രീയത്തില്‍ തന്നെ ചെന്നുമുട്ടുന്നു. ഔദ്യോഗിക രാഷ്ട്രീയം എന്നാല്‍, ഭരണകൂടം അനുശാസിക്കുന്ന നീതിയുടെയും അവകാശത്തിന്റെയും അകത്ത് നിര്‍മിക്കപ്പെടുന്ന ഒന്നാണ്. എന്നാല്‍, പൗരത്വ ഭേദഗതി നിയമം പോലുള്ള ചട്ടങ്ങള്‍ നിര്‍മിക്കപ്പെടുന്നതും ഇതേ രാഷ്ട്രീയത്തിനകത്താവുമ്പോള്‍ അതിനെതിരെയുള്ള സമരങ്ങള്‍ 'പുറത്താണ്' വാസ്തവത്തില്‍ ശക്തിപ്പെടേണ്ടത്. പൊതുസമൂഹത്തിന്റെ ഇടപെടലുണ്ടാവുന്നത് അവിടെയാണ്. പക്ഷെ, കേരളത്തില്‍ ഇത് പ്രകടമല്ലെന്നുമാത്രമല്ല, ഗൗരവമായി നമ്മള്‍ ചര്‍ച്ച ചെയ്യുന്നുമില്ല.

പൗരത്വ ഭേദഗതി നിയമത്തോട് ഇന്ത്യയിലെ വിദ്യാര്‍ഥിസമൂഹം എടുത്ത നിലപാട് പോലെയൊന്ന് കേരളത്തില്‍ ഇപ്പോഴും കാണുന്നില്ലെന്നതുമാത്രം മതി നമ്മുടെ രാഷ്ട്രീയ ജീവിതത്തില്‍ പൊതുസമൂഹത്തിന്റെ അഭാവം കാണിക്കാന്‍. കാരണം, വിദ്യാര്‍ഥിവര്‍ഗമെന്ന രാഷ്ട്രീയ സാന്നിധ്യം കേരളത്തില്‍ ശിഥിലമാണ്. ഒന്നാലോചിച്ചാല്‍, കേരളത്തിലെ വിദ്യാര്‍ഥി സമൂഹമാണ് നമ്മുടെ 'മുന്നണി രാഷ്ട്രീയ'ത്തിന്റെ ഒന്നാം നമ്പര്‍ ഇരയെന്ന് മനസിലാകും.

എസ്എഫ്ഐ ആണെങ്കിലും കെഎസ്യു ആണെങ്കിലും എംഎസ്എഫ് ആണെങ്കിലും അവരുടെയൊക്കെ സമരങ്ങളുടെ രീതി ഒരേപോലെയാണ്. ഓരോ കൂട്ടവും തങ്ങളുടെ പാര്‍ട്ടിയുടെ മുദ്രയുള്ള മുദ്രാവാക്യം വിളിക്കും, രണ്ടാമത്തെ മിനുറ്റില്‍, പോലീസിനു നേരെ ഇരമ്പും ചാനലുകള്‍ക്കുവേണ്ടി എന്നപോലെ ഒരു യുദ്ധക്കളം തിരക്കോടെ ഉണ്ടാക്കിയിരിക്കും. നമ്മുടെ വിദ്യാര്‍ഥികളുടെയും യുവജന സംഘടനകളുടെയും പൊതുവായ സമരരീതി അതാണ്. ഇതിനു അപവാദങ്ങളായി വരുന്ന പ്രതിഷേധങ്ങളെ, ചെങ്ങറ ഭൂസമരമോ പെമ്പിള ഒരുമയുടെ സമരമോ പോലെ ഉയര്‍ന്നത്, മുന്നണി രാഷ്ട്രീയത്തിലെ വലിയ പാര്‍ട്ടികളുടെ വലിയ നേതാക്കള്‍ തകര്‍ക്കുകയും ചെയ്യും, 'പൊതുസമൂഹത്തിന്റെ അറിവോടെ തന്നെ'. ഇതും നമ്മുടെ മാത്രം രാഷ്ട്രീയമാണ്.

Advertisment

publive-image ഫൊട്ടൊ കടപ്പാട് : റിമ റെന്‍ മാത്യു | ഫേസ്ബുക്ക്

സ്വയം ജനാധിപത്യവല്‍ക്കരിക്കുന്ന, സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന, സമരങ്ങളുടെ അഭാവം ഇത്ര പ്രകടമായ ഒരു കാലം അല്ലെങ്കില്‍ വേറെയുണ്ടാവില്ല. നമുക്കു പ്രശ്നങ്ങളില്ലാത്തതു കൊണ്ടല്ല. ഉന്നത വിദ്യാഭ്യാസം, ഭൂമി, തൊഴിലില്ലായ്മ എന്നിവയുടെ കാര്യത്തിലൊക്കെ നമ്മള്‍ അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. പക്ഷേ, നമ്മള്‍ ഒഴുക്കില്‍പ്പെട്ടതുപോലെ, ഈ മുന്നണി രാഷ്ട്രീയത്തിനൊപ്പം നീങ്ങുകയാണ്. ഉദാഹരണത്തിന്, ഉന്നത വിദ്യാഭ്യാസത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയ്‌ക്കെതിരേ വിദ്യാര്‍ഥികളോ, രൂക്ഷമായ തൊഴിലില്ലായ്മയ്‌ക്കെതിരേ യുവാക്കളോ മാറിമാറി നമ്മെ ഭരിയ്ക്കുന്ന ഇടതു-വലതു മുന്നണികളുടെ നേതൃത്വത്തിനെതിരെ ശബ്ദിക്കുന്നത് കാണില്ല. പകരം, തങ്ങളുടെ തന്തപ്പാര്‍ട്ടികളുടെ വിനീതവിധേയമായ സമരങ്ങള്‍, ഔദ്യോഗിക രാഷ്ട്രീയത്തിനകത്ത്, അവര്‍ അത്രയും വിധേയത്വത്തോടെ നടത്തുന്നു.

ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ കേരളത്തിന്റെ സമരങ്ങളിലും ഇതൊക്കെ കാണാം. ഇന്ത്യയുടെ ഭരണഘടന ഉറപ്പുവരുത്തുന്ന മതേതരത്വവും ജനാധിപത്യ ജീവിതവും പൗരാവകാശങ്ങളും ഹനിക്കുന്നതാണെന്നതില്‍ ആ നിയമത്തെക്കുറിച്ച് ഒരു തര്‍ക്കവും വേണ്ടതില്ല, നിങ്ങള്‍ ഒരു ഹിന്ദു ഫനറ്റിക്ക് അല്ലെങ്കില്‍. ഇതില്‍ 'നിഷ്പക്ഷമായി ആലോചിയ്ക്കുമ്പോള്‍' എന്ന് തര്‍ക്കിക്കാന്‍ വരുന്ന ബുദ്ധിജീവികള്‍ക്ക് സ്ഥലമേ ഇല്ല. കാരണം, ഈ നിയമം ആത്യന്തികമായി മനുഷ്യവിരുദ്ധമാണ്. ഒരാളുടെ ജീവിക്കാനുള്ള പ്രാഥമികമായ അവകാശത്തെ നിഷേധിയ്ക്കുന്നതാണ്.

citizenship amendment act, opinion, karunakaran, iemalayalam ഫൊട്ടൊ : നിതിന്‍ ആര്‍ കെ

എന്നാല്‍, നിയമത്തിനെതിരെ സ്വാഭാവികമായും ഉയരേണ്ട രാഷ്ട്രീയ എതിര്‍പ്പ്, കേരളത്തില്‍ ഒരുതരം ഔദ്യോഗിക രാഷ്ട്രീയ എതിര്‍പ്പില്‍ മാത്രം ഒടുങ്ങുന്നു. ഇതും നേരത്തെ പറഞ്ഞപോലെ ഒരു പൊതുസമൂഹത്തിന്റെ അഭാവത്തെ പ്രകടിപ്പിക്കുന്നു. നിയമത്തിനെതിരെ സിപിഎം-കോണ്‍ഗ്രസ് മുന്നണികള്‍ ഒന്നിച്ചുനടത്തിയ സമരം സ്വാഗതാര്‍ഹമാണ്, ഇനിയും അത്തരം സാധ്യതകളുണ്ടുതാനും. എന്നാല്‍, കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യംവച്ച് അത്തരം സമരങ്ങളില്‍നിന്നു പിന്‍വാങ്ങുന്നു. മറിച്ചും ഇത് സംഭവിക്കാവുന്നതാണ്. ഇങ്ങനെയൊരു അവസരത്തിലാണ് പൊതുസമൂഹത്തിന്റെ ഇടപെടല്‍ നിര്‍ണായകമാവുന്നത്. പക്ഷേ, കേരളത്തില്‍ അങ്ങനെയൊന്ന് ഉണ്ടാവുന്നില്ല. ഇനി അഥവാ പൊതുസമൂഹത്തില്‍നിന്ന് എന്ന പേരില്‍ ഉണ്ടാവുന്ന സമരങ്ങളും പ്രചാരണജാഥകളും വീണ്ടും ചില ഗ്രൂപ്പുകളിലേക്കോ ചില താല്‍പ്പര്യങ്ങളിലേക്കോ ചുരുക്കപ്പെടുന്നു. ഇത് ഒരേസമയം കേരളത്തിന്റെ രാഷ്ട്രീയത്തിന്റെയും ധാര്‍മികതയുടെയും പ്രതിസന്ധിയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുവാക്കളും വിദ്യാര്‍ഥികളും കക്ഷിഭേദങ്ങള്‍ക്ക് ഇടംകൊടുക്കാതെ പാര്‍ട്ടികള്‍ക്കതീതമായ രാഷ്ട്രീയകല്‍പ്പനയിലേക്കും സ്വാതന്ത്ര്യോന്മു ഖമായ ജനാധിപത്യസമരങ്ങളിലേക്കും നീങ്ങുന്നുവെന്നതായിരുന്നു ഇന്ന് ഇന്ത്യയൊട്ടുക്ക് നടക്കുന്ന സമരങ്ങളുടെ കാതല്‍ - അത് ഇന്ത്യയെ സംബന്ധിച്ച് നീണ്ടുനില്‍ക്കാന്‍ പോകുന്ന ചരിത്രസ്മരണയുമാണ്. എന്നാല്‍, അങ്ങനെ ഒരു സമരമുഖം കേരളത്തില്‍ തുറക്കുന്നതേയില്ല എന്നത് നാം ശ്രദ്ധിയ്ക്കണം. ഒരുപക്ഷെ ഇതിനൊരു കാരണം, ഏക പാര്‍ട്ടി സ്വേച്ഛാധിപത്യത്തെ കാംക്ഷിക്കുന്ന, 'കമ്യുണിസ്റ്റ് ഉള്ളടക്ക'മുള്ള മുന്നണി രാഷ്ട്രീയത്തിന്റെ നീണ്ടുനിന്ന രാഷ്ട്രീയം കൊണ്ടുകൂടിയാകാം. സ്വഭാവികമായും അത്തരമൊരു രാഷ്ട്രീയം പൊതുസമൂഹത്തിന്റെ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കുന്നില്ല. എങ്കില്‍ നാം ആലോചിക്കേണ്ടത് നമ്മുടെ വിദ്യാര്‍ഥി സമൂഹത്തെ, യുവാക്കളെ, ഈ രാഷ്ട്രീയം എന്തുമാത്രം 'കെടുത്തുന്നു' എന്നായിരിക്കണം. എന്തെന്നാല്‍, ഒരു സമൂഹത്തിന്റെ സര്‍ഗാത്മക ശേഷി നമ്മള്‍ കണ്ടെത്തേണ്ടത് ആ സമൂഹത്തിലെ അധികാര വിമര്‍ശം എത്രമാത്രം ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നുവെന്ന് മനസില്ലാക്കിക്കൊണ്ടാണ്. അങ്ങനെ ഒരു ഊഴത്തിലേക്ക് 'പൊതുസമൂഹം' എന്തുമാത്രം കടന്നുനില്‍ക്കുന്നുവെന്ന് കണ്ടെത്തിക്കൊണ്ടുമാണ്. നിര്‍ഭാഗ്യവശാല്‍ നമുക്കിടയില്‍ ഇല്ലാത്തതും അതാണ്.

Kochi Citizenship Amendment Act Protest Ksu Sfi Msf

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: