ആല്‍മരം പോലെ വളര്‍ന്ന് പന്തലിച്ചു നിന്ന മുത്തുവേല്‍ കരുണാനിധി എന്ന ദ്രാവിഡ കുലപതി ജീവിച്ചിരുന്നപ്പോള്‍ ഒരു നിഴല്‍ പോലെ നിൽക്കാനായിരുന്നു ദളപതി എം കെ സ്റ്റാലിന്റെ നിയോഗം. കരുണാനിധി രോഗഗ്രസ്തനായപ്പോള്‍ പോലും ഡി എം കെ വര്‍ക്കിങ് പ്രസിഡന്റ് എന്ന സ്ഥാനത്തിന്ന് ഉപരിയായി ഒന്നും സ്റ്റാലിൻ കാംക്ഷിച്ചില്ല. പക്ഷേ, അറുപത്തഞ്ചാം വയസ്സില്‍ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി എം കെ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഈ ഡി എം കെ യിലെ യുവതുര്‍ക്കി എം കെ സ്റ്റാലിന് മുന്പില് വലിയ അവസരവും അതിലും വലിയ വെല്ലുവിളികളുമാണ് ഉള്ളത്.
എം ജി ആറിനെയോ ജയലളിതയെയോ പോലെയുള്ള അനിഷേധ്യരായ നേതാക്കന്മാരോ കരുണാനിധിയെപോലെ രാഷ്ട്രീയ പ്രാവീണ്യമുള്ള നേതാക്കളോ ഇന്ന് തമിഴ് നാട്ടിലില്ല. എങ്കിലും എം കെ സ്റ്റാലിന് പാര്‍ട്ടിയിലും പുറത്തും വലിയ വെല്ലുവിളികളെയാണ് നേരിടുന്നത്. ഈ വെല്ലുവിളികള്‍ക്കിടയില്‍ നിന്ന് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പും 2021 ലെ നിയമസഭ തെരഞ്ഞെടുപ്പും നേരിട്ട് പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ അദ്ദേഹത്തിനാവുമോ?

അതിലും ഏറെ പ്രധാനമായ ചോദ്യം സ്വന്തം കുടുംബത്തെ തന്നെ തനിക്കൊപ്പം വരുതിയില്‍ നിര്‍ത്താന്‍ അദ്ദേഹത്തിനു കഴിയുമോ എന്നതാണ്. തമിഴകത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബം ഇന്ന് ഏറ്റവും ഇളയവനായ സ്റ്റാലിന്റെ കീഴിലാണ്, അദ്ദേഹത്തേക്കാള്‍ രാഷ്ട്രീയ ശേഷിയുള്ള മൂത്ത സഹോദരന് എം കെ അഴഗിരി സജീവമായി രംഗത്തുണ്ടെന്നത് സ്റ്റാലിന് നൽകുന്ന വെല്ലുവിളി അത്ര ചെറുതല്ല. തിരുപ്രംകുണ്ട്രം നിയമസഭാ മണ്ഡലത്തിൽ നടക്കാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ഇരുവർക്കും മുന്നിൽ ഉയർത്തുന്ന വെല്ലുവിളി കൂടിയാണ്.
അഴഗിരിയെപോലെ മികച്ച സംഘാടകനോ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ വൈ. ഗോപാല സ്വാമിയെപോലെ പ്രാസംഗികനോ അര്‍ധ സഹോദരി കനിമൊഴിയെ പോലെ കവിയോ അല്ല സ്റ്റാലിൻ. നമ്മെ ആശ്ചര്യപ്പെടുത്തുന്ന തലത്തിലുളള കരുണാനിധിയുടെ വൈവിധ്യമാര്‍ന്ന പ്രതിഭാവിലാസവും സ്റ്റാലിനില്ല. പക്ഷേ, രാഷ്ട്രീയമായി ഒരു പ്രത്യേക മുഹൂര്‍ത്തത്തില്‍ ഒരു നിയോഗം പോലെ അദ്ദേഹത്തെ ആ സ്ഥാനം തേടിയെത്തിയിരിക്കുകയാണ്. ചരിത്ര നിയോഗം പോലെ.

അടിയന്തിരാവസ്ഥക്കാലത്ത് മിസ പ്രകാരം ജയിലില്‍ കഴിയേണ്ടി വന്നത് മുതല്‍ തുടങ്ങുന്നു സ്റ്റാലിന്റെ രാഷ്ട്രീയ പരിശീലനം. അതിന് മുന്‍പ് മൂത്തമകൻ മു. ക. മുത്തുവിനെ സിനിമയിൽ ഇറക്കി കരുണാനിധി പരീക്ഷിച്ചുവെങ്കിലും ഡി എം കെയില്‍ നിന്നും എം ജി ആര് പുറത്തേയ്ക്ക് പോകാനും ഡി എം കെയുടെ പിളർപ്പിനുമാണ് ആ പരീക്ഷണം സഹായിച്ചത്. അടിയന്തിരാവസ്ഥയും എം ജി ആറിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട എ ഐ എ ഡി എം കെയും അക്ഷരാര്‍ഥത്തില്‍ കരുണാനിധിയെ നിരായുധനാക്കി .
‘ഇളയദളപതി’യില്‍ നിന്നും ‘തലൈവരി’ലേക്ക്: സ്റ്റാലിന്റെ രാഷ്ട്രീയ ജീവിത വഴികള്‍
1984 ലില്‍ അമേരിക്കയില്‍ രോഗക്കിടക്കയില്‍ കിടന്നു കൊണ്ടു തന്നെ കരുണാനിധിയെ പരാജയപ്പെടുത്താന്‍ എം ജി ആറിനായി. ഉദയസൂര്യന് അസ്തമിച്ച കാലം. വളരെ മെലിഞ്ഞ സാധുവായ സ്റ്റാലിൻ അച്ഛനെ സഹായിച്ചു കൊണ്ട് ഗോപാലപുരത്തെ വസതിയില്‍ ഒതുങ്ങിക്കൂടി. പാര്‍ട്ടിയില്‍ ചെറിയൊരു പ്രവര്‍ത്തകന്റെ റോള്‍ അദ്ദേഹം ഭംഗിയായി നിർവ്വഹിച്ചു.
ഇതിനിടെ പാര്‍ട്ടിയില്‍ കരുത്തനായി ഉയർന്നുവന്ന വൈകോ എന്ന വി ഗോപാലസ്വാമിയുമായി കരുണാനിധിയുടെ ബന്ധം വഷളായി. സ്റ്റാലിനെ ഉയര്‍ത്തി കൊണ്ടു വരുന്നത് തനിക്കു ഭീഷണിയാകുമെന്ന് കരുതി അദ്ദേഹം പാര്‍ട്ടി വിട്ടു. ഇതോടെ പാര്‍ട്ടിയുടെ പുതിയ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ സ്റ്റാലിന് സ്വാതന്ത്ര്യം കൂടി. സംഘടനയിലും തന്നോട് അടുപ്പമുള്ളവരുടെ ഒരു നിരയെ അദ്ദേഹം നിയോഗിച്ചു. സ്റ്റാലിൻ തന്നെ ദളപതി എന്ന് കരുണാനിധി വ്യക്തമാക്കുകയായിരുന്നു.

വൈകോ വിട്ടു പോയതിനെതുടര്‍ന്നാണ് കരുണാനിധി അഴഗിരിയെ ആശ്രയിക്കുന്നത്. മധുര കേന്ദ്രീകരിച്ച് തെക്കന്‍ ജിലകളില്‍ ഡി എം കെ യുടെ അടിത്തറ സംരക്ഷിക്കുകയായിരുന്നു ദൗത്യം. അഴഗിരി അത് സമര്‍ഥമായി കൈകാര്യം ചെയ്തുവെന്ന് മാത്രമല്ല മധുരയില്‍ മുടിചൂടാമന്നനുമായി.
ഡി എം കെയ്ക്ക് തെക്കൻ തമിഴ്നാട്ടിൽ പുതിയ മേല്‍വിലാസം സൃഷ്ടിച്ച് കൊടുത്തത് അദ്ദേഹമാണ്. പക്ഷേ, മാരന്മാരുടെ നിയന്ത്രണത്തിലുളള ‘ദിനകരന്’ ദിനപത്രം സ്റ്റാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ കാംക്ഷിക്കുന്നു എന്ന് തങ്ങളുടെ അഭിപ്രായ വോട്ടെടുപ്പ് പറഞ്ഞതായി വാര്‍ത്ത നൽകിയപോള് അഴഗിരിയുടെ അനുയായികള്‍ ‘ദിനകരന്’ ഓഫീസ് അടിച്ചു തകര്‍ത്തു. മൂന്നു പേര് കൊല്ലപ്പെട്ടു. അഴഗിരിയും അറസ്റ്റിലായി. ഇതേ തുടര്‍ന്നു അനഭിമതനെങ്കിലും രണ്ടാം യു പി എ അധികാരത്തില്‍ വന്നപ്പോള്‍ അഴഗിരി കേന്ദ്രമന്ത്രിയായി. അതോടൊപ്പം സ്റ്റാലിനെ കരുണാനിധി ഉപമുഖ്യമന്ത്രിയുമാക്കി. പക്ഷേ, പിന്നീട് സ്റ്റാലിന് നേരെ വടിയേന്തിയപ്പോൾ, അഴഗിരിയെ കരുണാനിധി പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കി. സ്റ്റാലിന് താന്‍ എത്ര പ്രാധാന്യം നല്‍കുന്നുവെന്ന് കരുണാനിധി ഈ നീക്കത്തിലൂടെ ഒരിക്കല്‍ കൂടികാട്ടുകയായിരുന്നു. ഒരുപക്ഷേ, സ്റ്റാലിനേയ്ക്കുളള അധികാരകൈമാറ്റത്തെ ഏറെ സഹായിച്ച ഘടകവും അതാകാം.

മെല്ലെ മെല്ലെ പാര്‍ട്ടിയിലും നിയമസഭാരംഗത്തും സ്റ്റാലിന്റെ ആധിപത്യം പൂര്‍ണമായി. മാരന്മാരുമായി കരുണാനിധി അകന്നതും കുടുംബത്തില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായി വര്‍ക്കിങ് പ്രസിഡന്റ് ആയെങ്കിലും യഥാര്‍ഥത്തില്‍ പാര്‍ട്ടി അദ്ദേഹത്തോടോപ്പമായിയിരുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം എന്നാല്‍ സ്റ്റാലിന് തിരിച്ചടിയായി. 30 സീറ്റുകള്‍ വളരെ ചെറിയ മാര്‍ജിനാണ് ഡി എം കെ കൈവിട്ടത്, അധികാരവും. സ്വന്തമായി ഒരു തെരഞ്ഞെടുപ്പും അദ്ദേഹം വിജയിച്ചിട്ടില്ല എന്നത് വലിയൊരു പോരായ്മയായി നില്ക്കുന്നു. ആ ദൗര്‍ബല്യത്തിലാണ് അഴഗിരിയുടെ കളി. തന്റെ സ്വാധീനം ഇല്ലാതെ ഡി എം കെയ്ക്ക് , പ്രത്യേകിച്ച് ഇപ്പോള്‍ വിജയിക്കാനാവില്ലെന്ന്, അഴഗിരി കണക്കു കൂട്ടുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ അഴഗിരിയെ കൊണ്ടു വന്നാല്‍ അതുണ്ടാക്കാവുന്ന പൊട്ടിത്തെറികള്‍ സ്റ്റാലിന് നന്നായറിയാം അതിനാല്‍ അദ്ദേഹം അഴഗിരിയില്‍ നിന്നും വലിയ അകലം പാലിക്കും .
പക്ഷേ, അഴഗിരി ഒരുമ്പെട്ടിറങ്ങിയാല്‍ സ്റ്റാലിന്റെ സാധ്യതകൾ ഒരളവോളം തകര്‍ക്കാനാവും. കാരണം അണികളുമായി അഴഗിരി സൂക്ഷിക്കുന്ന അത്ര ബന്ധം സ്റ്റാലിന് ഇല്ല. പക്ഷേ, ഇന്നത്തെ തമിഴകത്തെ രാഷ്ട്രീയം ഈ ഇരുവരില്‍ മാത്രം കേന്ദ്രീകരിച്ചല്ല നീങ്ങന്നത് എന്നതാണ് യാഥാർത്ഥ്യം. ബി ജെപി യുടെ തുണകൊണ്ട് മാത്രം അധികാരത്തില്‍ തുടരുന്ന എടപ്പാടിയുടെയും പനീര്‍സെൽവത്തിന്റെയും ഭരണം എത്രനാള്‍ എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ഇതിനും പുറമെയാണ് രജനിയും കമലും വിജയകാന്തുമെല്ലാം തീര്‍ക്കുന്ന താരയുദ്ധങ്ങള്‍.

ഇത്തരമൊരു സാഹചര്യത്തില്‍ 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പാകും സ്റ്റാലിന്റെ ഉദയവും വീഴ്ചയും നിശ്ചയിക്കുക. അതുവരെ അഴഗിരിയോ ആരുമോ ശബ്ദമുയര്‍ത്തിയാലും വിജയിക്കാന്‍ പോകുന്നില്ല. പണത്തിന്റെ കാര്യത്തിൽ കുടുംബപരമായി മാരൻ കുടുംബത്തിനാണ് മേൽകൈയെങ്കിലും ഡി എം കെ ട്രസ്റ്റ് വഴി വലിയ ഒരു പണപ്പെട്ടിയുടെ താക്കോലാണ് സ്റ്റാലിന്റെ കൈവശമുളളത്. തമിഴകത്ത് ജയിക്കാന്‍ വന്‍തുക ചെലവഴിക്കണം, ആ മനഃശാസ്ത്രം അദ്ദേഹത്തിന് നന്നായി അറിയാം.
അവസാനമായി മകനും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിനും ഈ അങ്കത്തില്‍ രംഗത്തുണ്ട്. സ്റ്റാലിന് സാധിക്കാത്തത് നടനായ മകന് സാധിക്കുമെന്ന് ചിലരെങ്കിലും കണക്കു കൂട്ടുന്നു. പക്ഷേ, ഇപ്പോള്‍ അകത്തും പുറത്തും വലിയ പോരാട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് നേതാവായ സ്റ്റാലിന് മരിച്ച വേളയില്‍ പിറന്ന ഈ നവ വിപ്ലവകാരി.