കേന്ദ്ര ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വിഷമകാലത്തെ മറികടക്കാനുള്ള മറുമരുന്നാകുമെന്ന് നാമെല്ലാം കരുതിയിരുന്നു. പക്ഷേ നിര്‍മല സീതാരാമന്റെ ബജറ്റ് ബിജെപിയുടെ സാമ്പത്തിക നയങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യന്‍ സമ്പദ്ഘടനയെ എങ്ങനെ മുന്നോട്ടുനയിക്കണമെന്ന ബിജെപിയുടെ തത്വശാസ്ത്രം സവിശേഷമായ ഒന്നാണ്. രാജ്യത്തിനു സംഭവിച്ച സാമ്പത്തിക മാന്ദ്യം ജനങ്ങളുടെ ക്രയശേഷി നഷ്ടപ്പെട്ടുകൊണ്ടുണ്ടായതാണെന്നു ബിജെപി ഇപ്പോഴും അംഗീകരിക്കാത്ത മട്ടാണ്. വന്‍കിട വ്യവസായികള്‍ക്കും ധനാഢ്യര്‍ക്കും ഇളവുകള്‍ കൊടുത്താല്‍ സമ്പദ്ഘടന ഉത്തേജിക്കപ്പെടുമെന്ന തെറ്റായ തത്വശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണു ബജറ്റ് തയാറാക്കിയിരിക്കുന്നത്. അതുതന്നെയാണു ബജറ്റിന്റെ നിര്‍ണായക ദൗര്‍ബല്യവും.
കഴിഞ്ഞ ബജറ്റിനുശേഷം കോര്‍പറേറ്റുകള്‍ക്ക് ഒരു ലക്ഷം കോടിയിലധികം രൂപയുടെ ഇളവുകള്‍ കിട്ടി. ഈ വര്‍ഷമാവട്ടെ, ലാഭമുണ്ടാക്കുന്ന കമ്പനികളുടെ ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് (ഡിഡിടി) എടുത്തുകളഞ്ഞു. 15 ലക്ഷം രൂപ വരെ വരുമാനമുള്ള സാമാന്യം നല്ല ധനാഢ്യരുടെ ആദായനികുതി തരക്കേടില്ലാത്ത തരത്തില്‍ കുറച്ചുകൊടുത്തു. പക്ഷേ ഈ മരുന്നുകള്‍ കൊണ്ടൊന്നും ഇന്ത്യയുടെ സാമ്പത്തിക രോഗം മാറാന്‍ പോകുന്നില്ലെന്നതാണു യാഥാര്‍ഥ്യം. ഇന്ത്യന്‍ സമ്പദ്ഘടന അത്രയും കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ്.
നാലു വര്‍ഷം 8.2 ശതമാനം എന്ന നിലയില്‍ നല്ല രീതിയില്‍ വളര്‍ന്നിരുന്ന സമ്പദ്ഘടന 7.2 ലേക്കും തുടര്‍ന്ന് 6.8ലേക്കും ഇപ്പോള്‍ അഞ്ചിലേക്കും കൂപ്പുകുത്തിയിരിക്കുന്നു. ഇതിന്റെ അര്‍ഥം ലക്ഷോപലക്ഷം പേര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ്. ഇത്തരത്തില്‍ കൂപ്പുകുത്തിയിരിക്കുന്ന സമ്പദ്ഘടനയുടെ അകത്തേക്കു നോക്കിയാല്‍ കാണാന്‍ കഴിയുന്നതു ഭയാനകമായ ചിത്രമാണ്. ഇന്ത്യയുടെ ഗ്രോത്ത് എന്ജിന് എന്നു വിളിക്കുന്ന വ്യാവസായിക മേഖല വളര്‍ന്നില്ലെന്നു മാത്രമല്ല, 4.4 ശതമാനമായി ചുരുങ്ങി. കാര്‍ഷികമേഖലയും നാമമാത്രമായി ചുരുങ്ങി. ഒരുകാലത്തും തിരിച്ചടി നേരിട്ടിട്ടില്ലാത്ത സര്‍വീസ് മേഖല പോലും ഒരു ശതമാനത്തിലധികമായി ചുരുങ്ങി. ഇതിന്റെ അര്‍ഥം മൂന്നു മേഖലകളിലും മാന്ദ്യമുണ്ടായിരിക്കുന്നുവെന്നു തന്നെയാണ്. ഇതിനെ മറികടക്കാനുള്ള നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ലെന്നാണു നേരത്തെ സൂചിപ്പിച്ചത്.
ഈ അപകടകരമായ സാഹചര്യം മറികടക്കണമായിരുന്നുവെങ്കില് ആളുകളുടെ ക്രയശേഷി വര്‍ധിപ്പിക്കണമായിരുന്നു. ക്രയശേഷി വര്‍ധിപ്പിക്കാന്‍ സൂത്രവാക്യങ്ങള്‍ അധികമില്ലെങ്കിലും ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പണം ചെലവഴിക്കേണ്ടതുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു ശതമാനം ജനങ്ങള്‍ കൃഷിയെ ആശ്രയിക്കുന്നവരാണ്. അവരിന്ന് ഞെരുക്കത്തിലാണ്. നോട്ട് നിരോധനത്തിന്റെ കാലം മുതല്‍ കാര്‍ഷികമേഖലയുടെ നട്ടെല്ല് തകരാന്‍ തുടങ്ങിയിരുന്നു. അതിനുശേഷമുണ്ടായ ജിഎസ്ടിയുടെ വികൃതമായ നടത്തിപ്പും കാര്യമായി ബാധിച്ചു.
കൃഷിക്കാര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത മട്ടിലായിരുന്നു നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗം. 16 കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ പോകുന്നുവെന്നു കേട്ടപ്പോള്‍ എല്ലാവരും കാതുകൂര്‍പ്പിച്ചു. പക്ഷേ അത്, കൃഷിക്കാരോട് പാടശേഖരങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന ഭാഗങ്ങളില്‍ ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു. അതു തെറ്റാണ് എന്നല്ല, മറിച്ച് കൃഷിക്കാര്ക്കാവശ്യം അവര്‍ ഉത്പാദിപ്പിച്ച വിഭവങ്ങള്‍ക്കു നല്ല വില കിട്ടുക എന്നതാണ്. കൃഷിക്കുവേണ്ടി കര്‍ഷകര്‍ എടുത്ത കടം പൂര്‍ണമായും എഴുതിത്തള്ളണം എന്നല്ല. കാര്‍ഷിക കടങ്ങളുടെ പലിശയെങ്കിലും എഴുതിത്തള്ളിയിരുന്നെങ്കില് അല്ലെങ്കില്‍ കടത്തിന്റെ 25 ശതമാനമെങ്കിലും എഴുതിത്തള്ളിയിരുന്നെങ്കില് അവരുടെ നട്ടെല്ല് നിവരുമായിരുന്നു. അതൊന്നും ചെയ്യാതെ കോള്‍ഡ് സ്റ്റോറേജും ശീതീകരിച്ച ഗുഡ്സ് ട്രെയിനുകളും വിമാനത്താവളങ്ങളില്‍ കാര്‍ഷികവിഭവങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള സംവിധാനങ്ങളും നല്കി കോടാനുകോടി കര്‍ഷകരെ പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കാമെന്ന വ്യാമോഹമാണു നിര്‍മല സീതാരാമന് ബജറ്റില്‍ പുലര്ത്തിയതെന്നത് ദൗര്‍ഭാഗ്യകരമാണ്.
കര്‍ഷകത്തൊഴിലാളികളും സാധാരണക്കാരും ഉള്‍പ്പെടുന്ന കോടാനുകോടി ജനങ്ങള്‍ക്കു മന്മോഹന് സിങ് സര്‍ക്കാര്‍ നല്കിയ ഏറ്റവും വലിയ സമ്മാനമായിരുന്നു തൊഴിലുറപ്പ് പദ്ധതി. ധനമന്ത്രിയായിരുന്ന മന്മോഹന് സിങ്ങാണു നവ ഉദാരീകരണ നയങ്ങള്‍ നടപ്പാക്കിയതെന്നു പലപ്പോഴും ഓര്‍ക്കാറുണ്ടെങ്കിലും അദ്ദേഹം തന്നെയാണു പ്രധാനമന്ത്രിയായപ്പോള്‍ പാവങ്ങളുടെ കൈകളിലേക്കു പണമെത്തിച്ചതെന്നും വസ്തുതയാണ്. ഇന്ന് എന്തെല്ലാം ചെറിയ ദോഷങ്ങളുണ്ടെങ്കിലും സര്‍ക്കാരിനു സാധാരണക്കാരുടെ കൈകളിലേക്കു പണമെത്തിക്കാനുള്ള ഒന്നാന്തരം സാമ്പത്തിക പൈപ്പ്ലൈനാണു തൊഴിലുറപ്പ് പദ്ധതി. അതിന്റെ ടാപ്പ് നരേന്ദ്ര മോദി സര്‍ക്കാര്‍ അടച്ചുവച്ചിരിക്കുകയാണ്. ചെയ്ത പണിക്കുപോലും കൂലികൊടുക്കുന്നില്ല. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമായിരുന്നെങ്കില് രണ്ടു ലക്ഷം കോടി തൊഴിലുറപ്പ് പദ്ധതിയില്‍ പമ്പ് ചെയ്താല്‍ മതിയായിരുന്നു.
Read Here: കേന്ദ്ര ബജറ്റ് നിരാശപ്പെടുത്തുന്നു: തോമസ് ഐസക്
സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, സൈക്കിള്‍, ഇരുചക്ര വാഹനങ്ങള്‍, റേഡിയോ, ടെലിവിഷന്‍ തുടങ്ങിയവയുടെ വ്യവസായങ്ങള്‍ വലുതാവുന്നതിനെ പ്രോത്സാഹിപ്പിച്ച് ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയായിരുന്നു വേണ്ടത്. കൃഷിക്കാരും തൊഴിലാളികളും സാധാരണക്കാരും ഡിമാന്‍ഡുമായി വിപണിയിലേക്കു ചെല്ലുമ്പോള്‍ അതിന്റെ പ്രയോജനം വ്യവസായികള്‍ക്കും കിട്ടും. അതാണു ശരിയായ രീതി. പക്ഷേ അതുണ്ടായില്ല. നമുക്ക് സര്‍ക്കാരിന്റെ ധനകാര്യസ്ഥിതയിലേക്കു കണ്ണോടിക്കാം.
മോദി സര്‍ക്കാര്‍ മുന്‍ വാജ്പേയ് സര്‍ക്കാരിന്റെ അടിസ്ഥാന ബജറ്റ് നയത്തെ തള്ളിക്കളഞ്ഞിരിക്കുന്നു. സാമ്പത്തിക ഉത്തരവാദിത്തം, ബജറ്റ് നിര്‍വഹണം എന്നിവ സംബന്ധിച്ച (എഫ്ആര്‍ബിഎം) നിയമം ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന് വളരെ ലാഘവത്തോടെ തിരസ്കരിച്ചിരിക്കുകയാണ്. ജിഡിപിയുടെ 3.3 ശതമാനത്തിലധികം ധനക്കമ്മിയുണ്ടാവരുതെന്നാണു എഫ്ആര്‍ബിഎം നിയമത്തിന്റെ അന്തസത്ത. പക്ഷേ 3.8 ലേക്കു ധനക്കമ്മി ഉയര്‍ത്തുമെന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വരുമാനം കുറഞ്ഞ സര്‍ക്കാര്‍ തന്നെ നികുതിയും കുറച്ചിരിക്കുന്നു. വരുമാനം കുറഞ്ഞിട്ടും ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ മറുമരുന്നായി കാണുന്നതു കൂടുതല്‍ കടംവാങ്ങലാണ്. ഈ കടപ്പെരുപ്പം ഈ രാജ്യത്തെ എവിടെയാണു കൊണ്ടെത്തിക്കുക? കടംവാങ്ങി സംഭാവന ചെയ്യുന്ന വിഡ്ഡിയായ ദരിദ്രന്റെ മുഖമാണു ധനമന്ത്രിക്കുള്ളത്. ദാരിദ്ര്യത്തിന്റെയും വറുതിയുടെയും കാലത്ത് കയ്യയച്ച് പണം സംഭാവന ചെയ്യുന്നതു ബുദ്ധിയല്ല.
ഇന്ന് അല്‍പ്പം നികുതി ഇളവുകള്‍ കിട്ടിയതില്‍ ഇടത്തരക്കാര്‍ ആശ്വസിക്കുന്നുണ്ടാവും. എന്നാല്‍, സര്‍ക്കാര്‍ കടക്കെണിയിലായാല്‍ ഈ ഇടത്തരക്കാര്‍ ഉള്‍പ്പെടെയുള്ള ജനലക്ഷങ്ങള്‍ പ്രതിസന്ധിയിലാവുമെന്ന വസ്തുത നാം മറന്നുകൂട. സര്‍ക്കാര്‍ എടുത്ത കടങ്ങള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത ‘സോവറിന്‍ ഡെബ്റ്റ് ക്രൈസിസ്’ ഉണ്ടായ ഗ്രീസിനെപ്പോലെയുള്ള രാജ്യങ്ങളുണ്ട്. അത്തരമൊരു രാജ്യമായി ഇന്ത്യ മാറരുതെന്നാണ് ഈ സര്‍ക്കാരിനെ എതിര്‍ക്കുന്നവരുടെ പോലും ആഗ്രഹം. പക്ഷേ ആ വഴിക്കാണു സര്‍ക്കാര്‍ നീങ്ങുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
Read Also: New Income Tax slabs — Budget 2020: പുതിയ ആദായ നികുതി ഇളവുകളില്‍ ഒളിഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍
ഈ ബജറ്റിലൊന്നും നല്ലതില്ല എന്നു പറയുന്നതും ശരിയല്ല. ചില കാര്യങ്ങള്‍ എടുത്തുകാണിക്കേണ്ടതുണ്ട്. ജില്ലാ അടിസ്ഥാനത്തിലുള്ള വികസനത്തെ വളരെ കാലത്തിനുശേഷം പരാമര്‍ശിച്ചതു സ്വാഗതാര്‍ഹമാണ്. ജില്ലകളെ വളര്‍ച്ചാ കേന്ദ്രങ്ങളെ മാറ്റുക എന്ന സങ്കല്‍പ്പം പഴയതാണെങ്കിലും ഏറെക്കാലമായി നാമതു പറഞ്ഞുകേള്‍ക്കാറില്ല. മറ്റൊന്ന് ഐടി മേഖലയുടെ ശാക്തീകരണം എന്നു വിളിക്കാവുന്ന കമ്പ്യൂട്ടര്‍ മേഖലയുടെ പുതിയ മാനം തേടലാണ്. വാസ്തവത്തില്‍ കമ്പ്യൂട്ടര്‍ എന്നാല്‍ നമുക്ക് സോഫ്റ്റ്വെയര് മാത്രമായിരുന്നു. ഹാര്ഡ്വെയര് ഉണ്ടാക്കാന്‍ കഴിയുമായിരുന്നിട്ടുകൂടി നാമതില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. പക്ഷേ, ഇവിടെ ക്വാണ്ടം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ക്വാണ്ടം കമ്പ്യൂട്ടിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനെക്കുറിച്ചും നിര്‍മല സീതാരാമന് പറഞ്ഞതു സ്വാഗതാര്‍ഹമാണ്. ക്വാണ്ടം കമ്പ്യൂട്ടിങ് 25 വര്‍ഷത്തോളമായി താത്വികമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ്. ഇന്നതു ടെക്നോളജിയിലേക്കു വരുന്നു. ഇലക്ട്രോണിക്സില്നിന്നു ഫോട്ടോണിക്സിലേക്കുള്ള മാറ്റമാണത്. ഈ ചുവടുമാറ്റത്തില്‍ 8000 കോടി രൂപയുടെ അടങ്കല്‍ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ സ്ഥാനം ഉറപ്പിക്കുമെന്ന ധനമന്ത്രിയുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കുന്നു.
103 ലക്ഷം കോടി രൂപയുടെ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ്ലൈന് (എന്‍ഐപി) മാന്ദ്യം അവസാനിപ്പിക്കാനുള്ള നല്ല മാര്‍ഗമാണ്. പദ്ധതിയെന്നതു 39 ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും 22 ശതമാനം സ്വകാര്യ പങ്കാളിത്തവുമാണ്. ഇത് എങ്ങനെ സംസ്ഥാനങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. കേരളവും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവയ്ക്കണം. 39 ശതമാനം എങ്ങനെ കണ്ടെത്താന്‍ കഴിയുമെന്ന് ആലോചിക്കണം. കിഫ്ബി പോലുള്ള സ്ഥാപനങ്ങളെ എന്ഐപിമായി ബന്ധിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍, മുടങ്ങിക്കിടന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരുപക്ഷേ സാധിക്കും.
എന്നാല്‍ ഏറെ പ്രതീക്ഷയോടെ നാം കാത്തിരുന്ന, അങ്കണവാടികളിലൂടെയും നടത്താന്‍ നിശ്ചയിച്ചിരുന്ന പോഷകാഹാര പദ്ധതി വേണ്ടത്ര വിജയിച്ചില്ലെന്നു കാണാം. പദ്ധതിക്കായി ഏതാണ്ട് 10,000 കോടി രൂപ മാറ്റിവച്ചിരുന്നു. എന്നാല്‍ ഏറ്റവും നന്നായി നടത്തിയ ബിഹാര്‍ പോലും ചെലവഴിച്ചത് 55 ശതമാനമാണ്. കേരളം ലജ്ജാകരമായ 8.75 ശതമാനമാണു നടപ്പാക്കിയതെന്നു ബജറ്റിനു മുന്‍പുള്ള കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
Read Also: ബജറ്റ് പ്രസംഗം അവസാനിപ്പിക്കാൻ പറഞ്ഞത് രാജ്നാഥ് സിങ്; നിർമല കേട്ടില്ല, പ്രധാനമന്ത്രി ഇടപെട്ടു
(സിഎംപി നേതാവും മുൻ ആസൂത്രണ ബോർഡ് അംഗവുമാണ് ലേഖകൻ)