ഇന്ത്യക്കാരുള്‍പ്പെടെ ഒരൊറ്റ വിദേശിയും ബ്രിട്ടീഷ് അതിര്‍ത്തിക്കുള്ളില്‍ കടക്കാതിരിക്കാന്‍ കുതന്ത്രങ്ങള്‍ മെനെഞ്ഞവന്‍ ബ്രെക്‌സിറ്റ്. അഗ്‌നിസാക്ഷിയായി വേളികഴിച്ച യൂറോപ്പിനെ ഉപേക്ഷിച്ച് അമേരിക്കയുമായി ജാരസമ്പര്‍ക്കം പുലര്‍ത്തുന്നവന്‍ ബ്രെക്‌സിറ്റ്. ബ്രിട്ടീഷ് ജനതയുടെ വയറ്റില്‍ റഫറണ്ടത്തിന്റെ തണ്ടുതാഴ്ത്തി ഭൂരിപക്ഷത്തിലേക്കു ചാടി രക്ഷപ്പെട്ടവന്‍ ബ്രെക്‌സിറ്റ്. കൊടും ചതികള്‍ പിന്നെന്തൊക്കെ പാടി നടക്കുന്നുണ്ട് മാധ്യമങ്ങള്‍ നിങ്ങളുടെ നാട്ടില്‍?

അതിശയോക്തിയല്ല. എംടിയുടെ ചന്തുവിനോളം തെറ്റിദ്ധരിക്കപ്പെട്ട പ്രതിഭാസമാണ് ബ്രെക്‌സിറ്റ്. അതിനുത്തരവാദികള്‍ അഞ്ജനമെന്നാല്‍ മഞ്ഞള്‍ പോലെ വെളുത്ത സാധനമാണെന്ന് ഉറപ്പുള്ള ചില പത്രങ്ങളും ചാനലുകളും അല്ലാതെ ആരായിരിക്കും? ‘അവിടെ ബ്രെക്‌സിറ്റൊക്കെ അല്ലേ? ഇനിയിപ്പോ നമുക്കൊന്നും അങ്ങോട്ട് എത്തിനോക്കാന്‍ പോലും പറ്റില്ലല്ലോ?’ എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ മൂന്നരക്കൊല്ലമായി നാട്ടില്‍ വരുമ്പോഴൊക്കെ എത്ര കേട്ടിരിക്കുന്നു.

സത്യത്തില്‍ എന്താണ് ബ്രെക്‌സിറ്റ്? ‘ബ്രിട്ടീഷ് എക്‌സിറ്റ്’ എന്നതിന്റെ ചുരുക്കപ്പേരാണിത്. യൂറോപ്യന്‍ യൂണിയന്‍ എന്ന കൂട്ടായ്മയില്‍നിന്നു യുകെയുടെ സ്വയം പുറത്തിങ്ങലിന് ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന വാക്ക്. യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഇതുകൊണ്ട് എന്ത് വ്യത്യാസമാണു വരുന്നത്? പഠിക്കാനോ ജോലിക്കോ സന്ദര്‍ശനത്തിനോ യുകെയിലേക്കു വരുന്ന ഇന്ത്യക്കാരെ ഇതെങ്ങനെ ബാധിക്കുന്നു? പ്രതികൂലമായി ബാധിക്കില്ലെന്നു മാത്രമല്ല, അനുകൂലമായി വരുന്ന പല വശങ്ങളും ഇതിനുണ്ട്.

ഇപ്പോഴത്തെ സ്ഥിതിയില്‍നിന്ന് തുടങ്ങാം. യൂറോപ്യന്‍ യൂണിയന്‍ എന്ന ഇയു (EU)വില്‍ അംഗങ്ങളായ യുകെ ഉള്‍പ്പെടുന്ന 28 രാജ്യങ്ങളിലെ പൗരര്‍ക്കു തങ്ങളുടേതല്ലാത്ത മറ്റു 27 രാജ്യങ്ങളിലും വിസയില്ലാതെ എത്ര നാള്‍ വേണമെങ്കിലും താമസിക്കാനും പഠിക്കാനും പണിയെടുക്കാനും ഇപ്പോള്‍ കഴിയും. ഇയു അംഗങ്ങള്‍ അല്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പൗരര്‍ക്ക് ഇയു രാജ്യങ്ങള്‍ വെറുതെയൊന്നു സന്ദര്‍ശിക്കാന്‍ പോലും വിസ വേണം.

ബ്രെക്‌സിറ്റ് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ ഇയു രാജ്യങ്ങളിലെ പൗരര്‍ക്കു യുകെയിലേക്കു പഴയതുപോലെ വിസയില്ലാതെ വരാന്‍ സാധിക്കില്ല. പക്ഷേ ഇന്ത്യന്‍ പൗരര്‍ക്കു പണ്ടുള്ള വിസ നിയമങ്ങളില്‍ മാറ്റമൊന്നും ഉണ്ടാവില്ല . അതായത് ഇന്ത്യന്‍ പൗരരും ഇയു പൗരരും യുകെ ഇമ്മിഗ്രേഷന്‍ നിയമത്തിന്റെ കണ്ണില്‍ പണ്ടത്തേക്കാള്‍ സമമായിരിക്കണം എന്നര്‍ഥം. ബ്രെക്സിറ്റ് ഉണ്ടാകുമെന്ന സ്ഥിതി വന്നപ്പോള്‍ തന്നെ ഇയു രാജ്യങ്ങളില്‍നിന്നു വരുന്നവരുടെ സംഖ്യ ഗണ്യമായി കുറഞ്ഞുവെന്നും ഇയുവില്‍ പെടാത്ത രാജ്യങ്ങളില്‍നിന്ന് വരുന്നവരുടെ സംഖ്യ കൂടിയെന്നുമാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് ഉണ്ടായാല്‍ ഈ പ്രവണത കൂടാനേ വഴിയുള്ളൂ.

രണ്ടു ദിവസം മുന്‍പ് യുകെയിലെ നിയമസഭാ തിരെഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുന്‍പ് ബ്രെക്‌സിറ്റ് ഉണ്ടാവുമോയെന്ന കാര്യത്തില്‍ ചെറിയൊരു അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ ലിബറല്‍ ഡെമോക്രാറ്റുകളുടെ തിരെഞ്ഞെടുപ്പ് മുദ്രാവാക്യം തന്നെ ബ്രെക്‌സിറ് തടയുകയെന്നായിരുന്നു. അവരുടെ നേതാവ് ജോ സ്വിന്‍സണ്‍ ഉള്‍പ്പെടെ പല സ്ഥാനാര്‍ഥികളെയും ബ്രെക്‌സിറ്റ് അനുഭാവികള്‍ പരാജയപ്പെടുത്തി. മൂന്നരക്കൊല്ലം മുന്‍പ് നടന്ന റഫറണ്ടത്തില്‍ ഒന്നരക്കോടിയിലധികം പേര്‍ അടങ്ങുന്ന ഭൂരിപക്ഷം ബ്രെക്‌സിറ്റിന് അനുകൂലമായി വോട്ട് ചെയ്തിട്ടും യുകെയിലും പുറത്തുമുള്ള പല പ്രബല സ്ഥാപിത താല്‍പ്പര്യങ്ങളും ഈ ജനകീയ തീരുമാനം അട്ടിമറിക്കാന്‍ നോക്കുന്നുവെന്ന ആക്ഷേപം പരക്കെയുണ്ടായിരുന്നു. അതിന്റെ തിരിച്ചടിയെന്നോണമായിരുന്നു തിരഞ്ഞെടുപ്പ് ഫലം. ഇപ്പോള്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന പ്രതിജ്ഞയുടെ ബലത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്കു തിരികെവന്ന സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് ഉറപ്പായും ഉണ്ടാവുമെന്ന് എല്ലാവരും സമ്മതിച്ചുകഴിഞ്ഞു.

ഇനി ഭാവിയില്‍ ബ്രെക്‌സിറ്റ് കഴിഞ്ഞ യുകെയിലെ മലയാളികളുടെ കാര്യം മാത്രം ഉദാഹരണമായി എടുക്കാം. ഐടി മേഖലയിലോ നഴ്‌സിങ് പോലുള്ള ജോലികള്‍ക്കായി ആരോഗ്യമേഖലയിലോ ആണ് വര്‍ക്ക് വിസയുമായി ഭൂരിപക്ഷം മലയാളികളും വരുന്നത്. പലപ്പോഴും പിന്നീട് സ്പൗസ് വിസ പോലുള്ള ഡിപെന്‍ഡന്റ് വിസയുമായി ഇവരുടെ കുടുംബാംഗങ്ങളും എത്തും. ആറു മാസത്തെ വിസിറ്റിങ് വിസയുമായി വന്നിട്ട് മടങ്ങിപ്പോകുന്നവരുമുണ്ട്. സ്റ്റുഡന്റ് വിസയില്‍ വരുന്നവരാണു മറ്റൊരു വിഭാഗം. ഈ വിഭാഗങ്ങളില്‍ ഒക്കെത്തന്നെ കൂടുതല്‍ ആളുകള്‍ക്ക് യുകെ വിസ അനുവദിക്കുമെന്നു പ്രതീക്ഷിക്കാന്‍ കാരണങ്ങളുണ്ട്.

brexit, mahesh nair, iemalayalam

ബ്രെക്‌സിറ്റ് വരുമെന്നായപ്പോള്‍ ഇയു രാജ്യങ്ങളിലെ നഴ്‌സുമാര്‍ കുറേപ്പേരെങ്കിലും യുകെയില്‍നിന്ന് മടങ്ങിപ്പോകുന്നുവെന്നും അതുകൊണ്ടുണ്ടാവുന്ന ആയിരക്കണക്കിന് നഴ്സുമാരുടെ ഒഴിവുകളില്‍ ജോലി ചെയ്യാന്‍ ഇപ്പോള്‍ യുകെയില്‍ യോഗ്യതയുള്ളവര്‍ ഇല്ലെന്നുമാണ് ബ്രെക്‌സിറ്റ് വിരോധികളുടെ ആക്ഷേപം. അങ്ങനെയെങ്കില്‍ ഇയുവില്‍ പെടാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍നിന്ന് ഇങ്ങോട്ടേക്കു വരാന്‍ താല്‍പ്പര്യമുള്ള, യോഗ്യതയുള്ള നഴ്‌സുമാരില്‍ കുറെ പേരെ ഈ ആയിരക്കണക്കിനുള്ള ഒഴിവുകളില്‍ നിയമിക്കുകയല്ലേ ചെയ്യേണ്ടത്? അങ്ങനെ ഉണ്ടാവാനാണു സാധ്യതയെന്നാണ് എന്റെ നിയോജകമണ്ഡലത്തില്‍നിന്ന് എംപിയായി തിരെഞ്ഞെടുക്കപ്പെട്ടയാളുമായി തിരഞ്ഞെടുപ്പിനു ഒരു ദിവസം മുന്‍പ് നടന്ന ഒരു ഫോണ്‍ സംഭാഷണത്തില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.

ഇത് വായിച്ചിട്ട്, ഞാന്‍ ദിവസവും എംപിമാരുമായി ഫോണില്‍ സംസാരിക്കുന്ന വന്‍ തോക്കാണെന്നൊന്നും കരുതേണ്ട. ബ്രെക്‌സിറ്റ് ഇലക്ഷന്‍ എന്നറിയപ്പെട്ട ഈ തിരെഞ്ഞെടുപ്പില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ അത്രയ്ക്കുണ്ടായിരുന്നതു കൊണ്ടാണ് ഇവിടെ കഴിഞ്ഞ തിരെഞ്ഞെടുപ്പുകളിലൊക്കെ നിഷ്പ്രയാസം ജയിച്ച പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഒരു സാധാരണക്കാരന്റെ ‘നിങ്ങളെക്കുറിച്ചു എനിക്ക് ഒന്നും അറിയില്ല’ എന്ന ഫേസ്ബുക് മെസേജ് കണ്ട് ഫോണ്‍ ചെയ്തതെന്നാണു ഞാന്‍ കരുതുന്നത്.. ഓസ്ട്രേലിയയില്‍ ഉള്ളതുപോലുള്ള യോഗ്യതയുടെ അടിസ്ഥാനത്തില്‍ വിസ കൊടുക്കുന്ന ഒരു ‘പോയിന്റ് ബേസ്ഡ്’ രീതി പുതിയ സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് ഇദ്ദേഹം എന്നോട് പറഞ്ഞത്. എന്നുവച്ചാല്‍ ഇപ്പോള്‍ മലയാളി നഴ്സുമാര്‍ക്ക് ചാടിക്കടക്കേണ്ട പല കടമ്പകളും, ഇതേവരെ ഈ കടമ്പകളൊന്നും ഇല്ലാതെ ഇവിടെ ജോലി ചെയ്യാന്‍ വന്നിരുന്ന ഇയു രാജ്യങ്ങളിലെ നഴ്സുമാര്‍ക്കും ഇനിമുതല്‍ ബാധകമാവുമെന്നു സാരം. മത്സരം മാള്‍ട്ടക്കാരിയും മലയാളിയും തമ്മിലല്ല, മരിയയും മറിയാമ്മയും തമ്മിലാകും.

യുകെയിലേക്കു പഠിക്കാന്‍ വരുന്ന ഇയു രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ പല പരിഗണനകളുമുണ്ട്. ബ്രെക്‌സിറ്റ് കഴിഞ്ഞാല്‍ ഇയുവില്‍നിന്ന് കിട്ടുന്ന ഇവയില്‍ പലതും ഇല്ലാതാവുമെന്ന് വാദിക്കുന്നവരുണ്ട്. ഈ വാദത്തിന്റെ മറുപുറം ആരും അധികം പറഞ്ഞുകേള്‍ക്കുന്നില്ല. ഇയു വിദ്യാര്‍ഥികള്‍ക്ക് കിട്ടുന്ന പരിഗണനകള്‍ ഇല്ലാതായാല്‍, അവര്‍ക്കു യുകെയിലേക്കു പഠിക്കാന്‍ വരാനുള്ള ആഗ്രഹം കുറഞ്ഞാല്‍, അത് മറ്റു രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു കിട്ടുന്ന അവസരങ്ങള്‍ കൂട്ടുകയല്ലേ ചെയ്യുന്നത്? പൗരത്വങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ കുറയുകയും കഴിവുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ കൂടുകയും അല്ലേ ഉണ്ടാവുക? ഇങ്ങനെയൊക്കെയാണു കാര്യങ്ങളെങ്കിലും ബ്രെക്‌സിറ്റിനു ചീത്തപ്പേര് വീഴാന്‍ കാരണങ്ങള്‍ ഇല്ലാതില്ല.

ബ്രെക്‌സിറ്റിനു വേണ്ടി വോട്ട് ചെയ്തവരില്‍ കുറെയേറെ പേര്‍ വംശീയവാദികളും മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്നവരാണു യുകെയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഉറച്ചുവിശ്വസിക്കുന്നവരുമാണ്. ബ്രെക്‌സിറ്റിനുവേണ്ടി വാദിച്ച പാര്‍ട്ടികളില്‍പ്പെട്ട പല രാഷ്ട്രീയക്കാരും ഈ പ്രവണത മുതലെടുത്താണു റഫറണ്ടം നടക്കുന്നതിനു മുമ്പ് പ്രചാരണം നടത്തിയത്. ഈ കാരണം കൊണ്ടുതന്നെ ബ്രെക്‌സിറ്റിനു വേണ്ടി വോട്ട് ചെയ്ത വംശീയവാദികള്‍ അല്ലാത്ത പലരും ഈ വിവാദത്തില്‍ നിശബ്ദരാണ്. തങ്ങളും വംശീയവാദികളാണെന്നു ബ്രെക്‌സിറ്റിനെതിരെ വോട്ട് ചെയ്ത ‘വിശാലമനസ്‌കരായ’ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചാലോ? എന്റെ സുഹൃദ് വലയത്തില്‍ തന്നെ ‘നിന്നെപ്പോലെ ഒരാള്‍ എന്തിനു ബ്രെക്‌സിറ്റിനു വോട്ട് ചെയ്തു’ എന്ന് ചോദിക്കുന്നവര്‍ പലരുണ്ട്. പക്ഷെ മറ്റു പലരും എന്നോട് പയ്യെപ്പയ്യെ തങ്ങളും വോട്ട് ചെയ്തത് ബ്രെക്‌സിറ്റിനാണെന്നും ആരോടും പറയല്ലേയെന്നും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.

എല്ലാവരോടും ഞാന്‍ പറയുന്ന കാരണങ്ങളില്‍ ഒന്നാണ് ഞാന്‍ കടന്നുപോയ വരത്തന്റെ അനുഭവം. ഇപ്പോള്‍ ബ്രെക്സിറ്റ് എന്റെ യുകെയിലെ താമസത്തെ ബാധിക്കില്ലെങ്കിലും ഇന്ത്യന്‍ വംശജരായ മറ്റുള്ളവര്‍ ഇപ്പോള്‍ കടക്കേണ്ട കടമ്പകള്‍ ഒരിക്കല്‍ എനിക്കും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് മറന്നു ഞാന്‍ ഈ കടമ്പകള്‍ യൂറോപ്പിലെ ചില രാജ്യങ്ങളില്‍ ഉള്ളവര്‍ക്കു വേണ്ടെന്നും എന്റെ നാട്ടുകാര്‍ക്ക് ആയിക്കോട്ടെയെന്നും പറയുന്നതില്‍ ഒരു ഹിപ്പോക്രസി ഇല്ലേ?

brexit, mahesh nair, iemalayalam

ഇയു പൗരര്‍ക്കും ഇയു രാജ്യങ്ങളില്‍ നിന്നല്ലാത്തവര്‍ക്കും ഒരു പോലെയല്ല ഇമിഗ്രേഷന്‍ നിയമങ്ങളെന്നും ഈ സ്ഥിതി മാറേണ്ട ആവശ്യമില്ലേയെന്നും ഈയടുത്ത് ബിബിസി നടത്തിയ ലൈവ് ചര്‍ച്ചയില്‍ ഞാന്‍ ചോദിച്ചിരുന്നു. യുകെയിലെ പ്രധാന പാര്‍ട്ടികളില്‍ ഏഴെണ്ണത്തിന്റെ തലപ്പത്തുള്ളവരായിരുന്നു എന്നെപ്പോലുള്ള സദസ്യരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരികയും തമ്മില്‍ തമ്മില്‍ അവയെക്കുറിച്ചു വേദിയില്‍നിന്ന് തര്‍ക്കിക്കുകയും ചെയ്തത്. ഏഴില്‍ അഞ്ചു പേരും ഈ ചോദ്യത്തിനു വളച്ചുകെട്ടിയാണ് ഉത്തരം തന്നത്. ഈ അഞ്ചു പേരും ബ്രെക്‌സിറ്റ് വേണ്ടെന്ന അഭിപ്രായക്കാരാണ്. ഇവരില്‍ എല്ലാവര്‍ക്കും ഇമിഗ്രന്റ്സ് പ്രിയപ്പെട്ടവര്‍. ഇമിഗ്രന്റ്സ് ഇല്ലായിരുന്നെങ്കില്‍ യുകെ ഇത്ര മഹത്തായ രാജ്യമാവില്ലായിരുന്നു എന്നവര്‍ ഉറക്കെ ഘോഷിച്ചു. എങ്കിലും ഇയു രാജ്യങ്ങളിലുള്ളവര്‍ക്കു വരാന്‍ കഴിയുന്നതു പോലെ വിസയില്ലാത്ത ‘ഫ്രീ മൂവ്‌മെന്റ്’ ഈയു രാജ്യങ്ങളില്‍ നിന്നുമല്ലാത്തവര്‍ക്കു കൊടുക്കാന്‍ അവര്‍ക്കു മടി.

പൊതുവെ വലതുപക്ഷ ചിന്താഗതികള്‍ ദഹിക്കാത്ത എനിക്ക് ഇത്തവണ വലതുപക്ഷത്തുള്ള ബാക്കി രണ്ടു പാര്‍ട്ടിക്കാരുടെ ഉത്തരങ്ങളിലാണു കുറച്ചെങ്കിലും ഇരട്ടത്താപ്പില്ലായ്മ കാണാന്‍ കഴിഞ്ഞത്. എല്ലാവര്‍ക്കും യുകെയിലേക്കു വിസയില്ലാതെ വരാമെന്ന് പറയാന്‍ അവര്‍ തയാറല്ലെങ്കിലും യുകെയിലേക്കു കയറാന്‍ സമ്മതിക്കുന്നതിന്റെ മാനദണ്ഡം ജനിച്ച രാജ്യമാക്കരുതെന്നാണ് അവര്‍ പറഞ്ഞത്. അവരുടെ വാക്കുകള്‍ കപടമായേക്കാം, പക്ഷെ അവര്‍ പ്രാവര്‍ത്തികമാക്കുന്ന നയങ്ങളില്‍ അവരുടെ വാക്കുകളിലെ ന്യായമുണ്ടെങ്കില്‍ എനിക്കതു മതി എന്നാണെന്റെ നിലപാട്.

അങ്ങനെ പ്രാവര്‍ത്തികമാകുന്ന യാഥാര്‍ഥ്യം തന്നെയാണ് വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന സാഹോദര്യത്തെക്കാള്‍ ഇപ്പോള്‍ വീടും നാടും വിട്ട് ഇവിടെയെത്തുന്ന മലയാളികള്‍ക്കു ഗുണം ചെയ്യുകയെന്നാണ് എന്റെ വിശ്വാസവും. ‘ചതിയന്‍ ചന്തു’വായ ബ്രെക്‌സിറ്റിനെ നമ്മള്‍ ഇപ്പോള്‍ എത്ര ഭയക്കുകയും വെറുക്കുകയും ചെയ്യുന്നുണ്ടെങ്കിലും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook