ഇന്ന് അംബേദ്‌കർ ജയന്തിയാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന വിവേചനങ്ങളെ ഏറ്റവും കൃത്യമായി മനസിലാക്കിയ ചിന്തകൻ എന്നത് തന്നെയാണ് അംബേദ്കറുടെ പ്രസക്തി. ഇന്ത്യയിൽ നിലനിൽക്കുന്നത് ശ്രേണീകൃതമായ വിവേചനമാണ് എന്ന അംബേദ്‌കർ മുന്നോട്ട് വെച്ച ആശയമാണ്(ascending order of reverence and descending order of contempt) കീഴ്നിലകളിലെ ജീവിതങ്ങൾക്ക് ദൃശ്യതയും പ്രാതിനിധ്യവും സാധുതയും നിഷേധിച്ച ചരിത്ര സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയ വായന എന്ന് കരുതുന്ന ഒരാളാണ് ഞാൻ.

എന്നാൽ വർത്തമാന കാലഘട്ടത്തിൽ അംബേദ്‌കർ പ്രസക്തമാവുന്നത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളുടെ (ചോയിസുകളുടെ) മേൽ ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങളുടെ സാഹചര്യത്തിൽ, അതിനോടുള്ള പ്രതികരണം എന്ന നിലയിൽ കൂടിയാണ്. ഗോമാംസ വർജ്ജനം എന്നത് ഒരു നയം (പോളിസി) എന്ന നിലയിൽ ഭരണകൂടം അടിച്ചേൽപ്പിക്കുന്നത് ഉൾപ്പടെ എതിർക്കുന്നത് വ്യക്തിപരമായ ചോയിസുകളുടെ രാഷ്ട്രീയം കൃത്യമായി മനസിലാക്കുന്നത്‌ കൊണ്ട് കൂടിയാണ്.

അസ്‌പൃശ്യരെ ഹിന്ദുക്കളില്‍ നിന്നും വേര്‍തിരിക്കുന്നതായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് ഗോമാംസം ഭക്ഷിക്കലാണ് എന്ന അംബേദ്കറുടെ വാക്കുകളിൽ ഭക്ഷണം ഒരു ചോയിസാണ് എന്ന രാഷ്ട്രീയം തെളിഞ്ഞു കാണാം. ഒരു കാര്യം കൂടി പറയട്ടെ, ഒരാൾ മതപരമോ, ആരോഗ്യപരമോ ആയ കാരണങ്ങൾ കൊണ്ട് സ്വന്തം ഇഷ്ടത്തിനു ഒരു ഭക്ഷണത്തിൽ നിന്നും വിട്ടുനിൽക്കുന്നതിനെ ഇതിനോട് ചേർത്തു വെക്കാനാവില്ല. പല സംസ്‌ഥാനങ്ങളിലും അതാത് ഭരണകൂടങ്ങൾ നിയമ നിർമാണം വഴിയാണ് ബീഫ് കഴിക്കുന്നത് കുറ്റകരമാക്കിയത്. അതാണ് എതിർക്കപ്പെടേണ്ടത്, അല്ലാതെ ഒരാൾ വ്യക്തിപരമായി മാംസാഹാരിയോ സസ്യാഹാരിയോ ആവുന്നതല്ല.

ഭക്ഷണം പോലെ വസ്ത്രവും ഒരാളുടെ വ്യക്തിപരമായ ചോയിസാണ്. ഒരാൾക്കും ഒരാളുടെ വസ്ത്രം എന്താണ് എന്ന് നിശ്ചയിക്കാൻ മറ്റൊരാൾക്ക് അവകാശമില്ല. പുറത്ത് നിന്നുള്ള ആളോ, എജൻസിയോ അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അത് വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റം തന്നെയാണ്.

സ്ത്രീകളുടെ വസ്ത്രം, റെഗുലേറ്റ് ചെയ്യണമെന്ന ബോധ്യം ഉത്‌പാദിപ്പിക്കപ്പെടുന്ന ഒരു സാമൂഹിക സാഹചര്യം നിലവിലുണ്ട്. വസ്ത്രധാരണത്തെ സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങളുമായി കൂട്ടി വായിക്കാനുള്ള ശ്രമം നടക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ്. (ഇതു തന്നെയാണ് ശരീരവുമായി ബന്ധപ്പെട്ട് രൂപപ്പെടുന്നതും. സ്ത്രീകളുടെ മുടിയെ സംബന്ധിച്ച് നടക്കുന്ന ചർച്ചകൾ ഇതിന് ഉദാഹരണമാണ്. അതുപോലെ മുടി നീട്ടിവളർത്തിയ ചെറുപ്പക്കാർക്കെതിരെ നടക്കുന്ന സദാചാരമുൾപ്പടെയുളള പൊലീസിങ്ങും)

അംബേദ്കറുടെ വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം ധാരാളം ചർച്ച ചെയ്യപ്പെട്ടിണ്ടുണ്ടല്ലോ. എന്ത് കൊണ്ട് അംബേദ്‌കർ പാരമ്പര്യ വിരുദ്ധമായ ആധുനിക വസ്ത്ര രീതികൾ സ്വീകരിച്ചത് വസ്ത്രങ്ങളുടെ ചോയിസിലും ഒരു രാഷ്ട്രീയമുണ്ട് എന്ന് വ്യക്തമാക്കുന്നുണ്ടല്ലോ. ആ തീരുമാനത്തിന്റെ കലാപ സാധ്യതകൾ ചെറുതായിരുന്നില്ല. ആ കലാപ സാധ്യതകളായിരുന്നു ആ വസ്ത്രധാരണത്തിന്റെ അടിസ്ഥാനം. എല്ലാത്തരം വ്യത്യസ്‌തകളും റെഗുലേറ്റ് ചെയ്യപ്പെടേണ്ടതാണ് എന്ന ബോധം വളർന്നു വരുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ, ഭക്ഷണം, വസ്ത്രം എന്നിവയൊക്കെ ഇത്തരം നിയന്ത്രണങ്ങൾക്ക് ഉള്ളിൽ ആവാവുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ അംബേദ്കറുടെ പ്രസക്തി വർധിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ