സമീപനാളുകളില്‍ ശബരിമല സ്ത്രീപ്രവേശനം ഉള്‍പ്പെടെ പല വിഷയങ്ങ ളിലും പുരോഗമനപരവും ചരിത്രപ്രധാനവുമായ തീര്‍പ്പുകള്‍ വിധിച്ച സുപ്രീംകോടതി പ്രമുഖ പൗരാവകാശ, സാമൂഹിക വ്യക്തിത്വങ്ങളുടെ കാര്യത്തില്‍ അന്തിമമായിട്ടല്ലെങ്കിലും എടുത്ത തീരുമാനം ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തുന്നതായിപ്പോയി എന്നു പറയാതിരിക്കാ നാവില്ല.
മഹാരാഷ്ട്രാ പൊലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചുകൊണ്ട് ഡല്‍ഹി, ഫരീദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്നു അഞ്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകരെ ഒരേ ദിവസം അറസ്റ്റു ചെയ്തത് നിയമ വിരുദ്ധമായിട്ടാണെന്നും അടിയന്തിരമായി അവരെ വിട്ടയക്കണമെന്നും ആ വശ്യപ്പെട്ട് പ്രസിദ്ധ ചരിത്രകാരി റോമീല ഥാപ്പറും സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഭാത് പട്നായ്ക്കും ഉള്‍പ്പെടെ അഞ്ച് പ്രമുഖര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ കോടതിയുടെ പ്രതികരണം ആശാവഹമായിരുന്നു. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ പൗരന്മാരുടെ സ്വാതന്ത്ര്യം നിഹനിക്കപ്പെടാന്‍ പാടില്ലെന്ന വ്യക്തവും ശക്തവുമായ നിലപാട് എടുത്തു കൊണ്ടാണ് കോടതി അഞ്ച് പേരെയും ജയിലിലേയ്ക്ക് അയക്കാതെ വീട്ടുതടങ്കലിൽ നിര്‍ത്തിയത്.
ഇപ്പോള്‍ ഒരു മാസത്തിന് ശേഷം വീട്ടുതടങ്കലിലുളള അഞ്ച് പേരെയും വിട്ടയക്കണമെന്നും ഈ കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിപ്പിക്ക ണമെന്നും ഉള്ള വാദം തള്ളിക്കളഞ്ഞു കൊണ്ട് കോടതി പറഞ്ഞത് വ്യത്യസ്തമായ പ്രത്യയശാസ്ത്രനിലപാട് സ്വീകരിക്കുന്നതു കൊണ്ടോ ഭിന്ന വീക്ഷണങ്ങള്‍ പുലര്‍ത്തുന്നതു കൊണ്ടോ അല്ല അറസ്റ്റ് നടന്നിട്ടുള്ളതെന്നും നിരോധിത സംഘടനകളുമായി അവര്‍ക്ക് ബന്ധമുള്ളതു കൊണ്ടാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തില്‍ തങ്ങൾക്ക് ബോധ്യമായെന്നാണ്. എന്നാല്‍ ഈ ബോധ്യപ്പെടലിന്‍റെ സാധുത പ്രത്യക്ഷത്തില്‍ തന്നെ ചോദ്യം ചെയ്യുകയാണ് മൂന്ന് ജഡ്ജിമാരില്‍ ന്യൂനപക്ഷ വിധി പറഞ്ഞ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചെയ്തത്. പൊലീസ് പ്രതികള്‍ക്കെതിരായി മാധ്യമവാര്‍ത്തകള്‍ സൃഷ്ടിക്കാനായി സ്വീകരിച്ച രീതി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞതിനു ശേഷം നഷ്ടപരിഹാരം നല്‍കി ശാസ്ത്രജ്ഞന്മാരുടെയും മറ്റും തകര്‍ന്ന ജീവിതങ്ങള്‍ വീണ്ടെടുക്കാനാവില്ലെന്നു തെളിഞ്ഞിട്ടുള്ള സാഹചര്യത്തില്‍ അത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നോക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ് എന്നും ജസ്റ്റിസ് ചന്ദ്രചൂഢ് ഓര്‍മ്മിപ്പിച്ചു.
അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കെട്ടിപ്പോക്കിയിട്ടുള്ള കേസിന്‍റെ സ്വഭാവം പരിശോധിച്ചാല്‍ തന്നെ അതി ന്‍റെ പൊള്ളത്തരം മനസ്സിലാകും. 1818-ല്‍, ഇരുനൂറ് കൊല്ലം മുമ്പ്, പൂനൈക്കടുത്തു ഭീമ കോറേഗാവ് എന്ന ഗ്രാമത്തില്‍ അന്നത്തെ കരുത്തരായ അധികാരികളായിരുന്ന പേഷ്വമാരുടെ വന്‍ സൈന്യത്തെ ദലിതുകളുടെ ചെറിയൊരു മാഹര്‍ സൈന്യം ചെറുത്തുനിന്നു പരാജയപ്പെടുത്തിയതിന്‍റെ ഇരുനൂറാം വാര്‍ഷികം ഇക്കൊല്ലം ജനുവരി ഒന്നിന് ലക്ഷക്കണക്കിന് ദലിതര്‍ പങ്കെടുത്തുകൊണ്ട് ആഘോഷിക്കുകയുണ്ടായി. പേഷ്വമാര്‍ സവര്‍ണരായിരുന്നത് കൊണ്ട് സവര്‍ണവിരുദ്ധ ദലിത് മുന്നേറ്റമായിട്ടാണ് ഈ പ്രസ്ഥാനം വിലയിരുത്തപ്പെട്ടിരുന്നത്. ഈ സംഭവ വികാസങ്ങളില്‍ പ്രകോപിതരായിരുന്ന ഹിന്ദുത്വ സവര്‍ണ ശക്തികള്‍ നടത്തിയ ഗൂഡാലോചനാപരമായ കരുനീക്കങ്ങളുടെ ഫലമായി ഈ പ്രകടന വേളയില്‍ സംഘട്ടനാത്മകമായ അന്തരീക്ഷം ഉണ്ടാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
ഈ സംഭവവുമായി ബന്ധപ്പെടുത്തിക്കൊണ്ട് മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഏതാനും പ്രമുഖ ദലിത് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേസ് എടുക്കുകയുമുണ്ടായി. ഈ വന്‍ ദലിത്പ്രകടനം നടന്നതിന്‍റെ തലേന്ന്, അതായത് 2017 ഡിസമ്പര്‍ 31-ന് നടന്ന ആലോചനയോഗം സംഘര്‍ഷത്തിനുള്ള ഗൂഡാലോചന ആയിരുന്നു എന്നു ആരോപിച്ചു കൊണ്ടാണ് പൊലീസ് ദലിത് പ്രവര്‍ത്തകരെയെല്ലാം കേസില്‍ ഉള്‍പ്പെടുത്തിയത്.
എട്ടു മാസങ്ങള്‍ക്ക് ശേഷം ആഗസ്റ്റു 28-ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങ ളില്‍ നിന്നു അഞ്ച് പൗരാവകാശ, സാമൂഹിക പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.
ഭീമാകോറോഗാവ് സംഭവത്തിലെ ഗൂഡാലോചനയുമായി ഈ സാമൂഹിക പ്രവര്‍ത്തകര്‍ക്കും ബന്ധമുണ്ടെന്നാണ് മഹാരാഷ്ട്ര പൊലീസ് ആരോപിക്കുന്നത്. ഈ അഞ്ച് പേരുടെയും പ്രവര്‍ത്തനമേഖലകളെക്കുറിച്ച് മനസ്സിലാക്കിയാല്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. ഹൈദരാബാദില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട വരവരറാവു നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ ആരംഭകാലം തൊട്ടു തന്നെ പ്രസ്ഥാനത്തിന് തുറന്ന പിന്തുണ നല്‍കുന്ന അംഗീകൃത വിപ്ലവകവിയാണ്. പക്ഷേ, വിപ്ലവകവിതകള്‍ എഴുതുന്നതിനപ്പുറം വിപ്ലവ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടാത്ത ആളെന്ന് അംഗീകാരമുള്ള അഖിലേന്ത്യാതലത്തില്‍ അറിയപ്പെടുന്ന സാമൂഹിക വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. അദ്ദേഹത്തിന്‍റെ കവിതകളോ പ്രസംഗങ്ങളോ ഉദ്ധരിച്ച് അട്ടിമറിക്ക് ആഹ്വാനം നല്‍കിയെന്നോ പ്രേരണ ചെലുത്തിയെന്നോ പൊലീസിന് ആരോപിക്കാം. പക്ഷെ ഇന്ത്യന്‍ നിയമവ്യവസ്ഥ അനുസരിച്ച് ആഹ്വാനമോ പ്രസംഗമോ ഒന്നും കുറ്റകൃത്യമാവില്ല. സമൂര്‍ത്തമായ കുറ്റകൃത്യത്തിനുള്ള നിര്‍ദ്ദേശമോ തീരുമാനമോ ഉള്ളതിന് വസ്തുനിഷ്ഠമായ തെളിവുണ്ടെങ്കില്‍ മാത്രമേ കോടതിയുടെ മുന്നില്‍ കുറ്റകൃത്യമാവൂ.
അറസ്റ്റു ചെയ്യപ്പെട്ട മറ്റുള്ളവരുടെ അവസ്ഥ കൂടി നോക്കാം. ഫരീദാബാദില്‍ നിന്നു അറസ്റ്റു ചെയ്യപ്പെട്ട സുധാ ഭരദ്വാജ് പ്രമുഖ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും അഖിലേന്ത്യാതലത്തില്‍ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയുമാണ്. മുംബയില്‍ നിന്ന് അറസ്റ്റിലായ വെർനന്‍ ഗോണ്‍സാല്‍വസും അരുണ്‍ ഫെറേറയും മര്‍ദ്ദിതരുടെ പക്ഷത്ത് ഉറച്ചു നില്‍ക്കുന്ന പൗരാവാഖ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായവരാണ്. ന്യൂഡല്‍ഹിയില്‍ നിന്നു അറസ്റ്റ് ചെയ്യപ്പെട്ട ഗൗതം നവലാഖ പൗരാവകാശ, മാധ്യമ പ്രവർത്തകനാണ്. ഇത്തരം സാമൂഹിക പ്രവര്‍ത്തകരും പൗരാവകാശ പ്രവര്‍ത്തകരും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമെല്ലാം അനീതികളും നിയമലംഘനങ്ങളും തുറന്നു കാട്ടുന്നവരും അവയ്ക്കെതിരെ പ്രതികരിക്കുന്നവരും ആണ്. ഇവരെല്ലാം തന്നെ ഇന്ത്യന്‍ ഭരണഘടനയും നിയമ വ്യവസ്ഥയും അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമാണ്. നിയമവ്യവസ്ഥയുടെ ഭാഗത്തുനിന്നു തന്നെ ഉണ്ടാകാറുള്ള നിയമലംഘനങ്ങളുടെ കാര്യത്തിലും, പ്രത്യേകിച്ചും മാവോയിസ്റ്റുകള്‍ക്കും മറ്റു കലാപകാരികള്‍ക്കും എതിരായ ഭരണകൂട നടപടികളില്‍ പലപ്പോഴും സംഭവിക്കാറുള്ള നിയമലംഘനങ്ങളോടും ഇവര്‍ പ്രതികാരിക്കാറുണ്ട്. സര്‍ക്കാരുകള്‍ക്ക് ഇത്തരക്കാരോടുള്ള ശത്രുതയ്ക്ക് കാരണവും അത് തന്നെയാണ്. ഇപ്പോഴത്തെ ഈ അറസ്റ്റുകളുടെയും കേസിന്റെയും പിന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മാത്രമാണെന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട്. കൂടുതല്‍ വിപുലമായ താല്പര്യങ്ങള്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരി ക്കുന്നു.
ഈ സാമൂഹിക പ്രവര്‍ത്തകരുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചുള്ള പൊലീസിന്‍റെ ഭാഷ്യം കോടതി മുഖവിലക്കെടുത്തതായിട്ടാണ് തോന്നുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഒരുപക്ഷെ കൂടുതല്‍ വ്യക്തത ഉണ്ടായേക്കാം. ജസ്റ്റിസ് ചന്ദ്രചൂഢിന് കാണാന്‍ കഴിഞ്ഞ കാര്യങ്ങള്‍ മറ്റു രണ്ട് ജഡ്ജി മാര്‍ക്ക് കാണാന്‍ കഴിയാതെ വന്നത് വ്യക്തതക്കുറവ് കൊണ്ടാണെന്ന് പറയാന്‍ പറ്റില്ല. അത് താല്‍പര്യങ്ങളുടെ പ്രശ്നം തന്നെയാകാം. മാവോയിസ്റ്റുകള്‍ എന്നൊക്കെ കേള്‍ക്കുമ്പോഴേക്കും അധികാരി വര്‍ഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന മുന്‍വിധികള്‍ യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലുള്ളതായിരിക്കും. അത്തരക്കാര്‍ക്കു എളുപ്പത്തിലൊന്നും യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് എത്തിച്ചേരാനാവുകയുമില്ല. ഈ മൂന്ന് ജഡ്ജിമാരില്‍ ഒരാള്‍ കൂടി ജസ്റ്റിസ് ചന്ദ്രചൂഢിനെപ്പോലെ ചിന്തിക്കുന്ന ആളായിരുന്നെങ്കില്‍ വിധിയുടെ സ്വഭാവം ഏറെ വ്യത്യസ്തമാകുമായിരുന്നു. ജനാധിപത്യ സമ്പ്രദായം ഇത്തരം ഭിന്ന സാദ്ധ്യതകള്‍ ഒരേ സമയം നിലനിർത്തുന്നു എന്നതാണ് അതിനെ ചലനാത്മകവും ജീവസ്സുറ്റതുമാക്കുന്നത്. ഭിന്നവീക്ഷണങ്ങളും സമീപനങ്ങളും പ്രതി പ്രവര്‍ത്തിക്കാന്‍ തടസ്സമില്ലാത്ത അന്തരീക്ഷം നിലനില്‍ക്കുക എന്നതാണ് പ്രധാനം.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ സമീപകാലത്ത് കോടതിയുടെ പങ്ക് വര്‍ദ്ധിച്ചു വരുന്നതായി പലരും നിരീക്ഷിച്ചു കണ്ടിട്ടുണ്ട്. അതൊരു സ്ഥായീസ്വഭാവമല്ല. ജനാധിപത്യത്തിലെ നാലു തൂണുകളില്‍ ഓരോന്നും മാറിമാറി പ്രധാന പങ്കിലേക്ക് വരുന്നത് സ്വാഭാവികമാണ്. നിയമനിര്‍മ്മാണസഭകളും നീതി ന്യായവ്യവസ്ഥയും നിര്‍വഹണ വിഭാഗവും മാധ്യമങ്ങളും ആരോഗ്യകരമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ജനാധിപത്യം തളിര്‍ക്കുന്നത്. വലിയൊരു പരിധി വരെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഈ പ്രതിപ്രവര്‍ത്തനം സജീവമാണെന്നതാണ് അതിനെ ലോകശ്രദ്ധയില്‍ പിടിച്ചു നിര്‍ത്തുന്നത്. വലിയ കോട്ടമൊന്നും കൂടാതെ ഈ ഘടന സംരക്ഷിച്ചു നിര്‍ത്തുന്നതിനു കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഇന്ത്യന്‍ സമൂഹം എത്തിനില്‍ക്കുന്നത്. നമുക്ക് അതിജീവിക്കാനാവുമോ എന്ന് ഒരുപക്ഷെ ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പോടെ തീരുമാനിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.
Read More: കെ വേണു എഴുതിയ മറ്റ് ലേഖനങ്ങൾ ഇവിടെ വായിക്കാം
.