scorecardresearch

അടിച്ചമർത്തലുകൾക്കെതിരായ ദലിതരുടെ ദൃഢപ്രതിജ്ഞയാണ് ഭീം ആർമി

ഗുജറാത്തിലെ ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമാണ് ജിഗ്നേഷ് മേവാനി. ഗുജറാത്തിൽ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര’ക്ക് നേതൃത്വം നൽകിയത് ജിഗ്നേഷ് മേവാനിയാണ്. ദലിത് മുന്നേറ്റമായ ഭീം ആർമിയെ കുറിച്ച് ജിഗ്നേഷ് മേവാനി എഴുതുന്നു

ഗുജറാത്തിലെ ദലിത് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമാണ് ജിഗ്നേഷ് മേവാനി. ഗുജറാത്തിൽ വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ‘അസ്മിത യാത്ര’ക്ക് നേതൃത്വം നൽകിയത് ജിഗ്നേഷ് മേവാനിയാണ്. ദലിത് മുന്നേറ്റമായ ഭീം ആർമിയെ കുറിച്ച് ജിഗ്നേഷ് മേവാനി എഴുതുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bhim Army

ഗുജറാത്തിന് പിന്നാലെ ഉത്തർപ്രദേശും ഹിന്ദുത്വത്തിന്റെ മറ്റൊരു പരീക്ഷണ ശാലയായി മാറിയിരിക്കുകയാണ്, തികച്ചും കൗശലപൂർണമായൊരു പദ്ധതിയുടെ ഭാഗമായിത്തന്നെയാണ് ഹിന്ദുത്വ ശക്തികൾ ഉത്തർപ്രദേശിലും അവരുടെ പരീക്ഷണങ്ങൾ നടപ്പിലാക്കുന്നത്. ദലിത് വിഭാഗങ്ങൾക്കും മുസ്ലിം ജനവിഭാഗത്തിനുമെതിരായ അക്രമോത്സുകതയുടെ വ്യാപനം തന്നെയാണ് ഈ പദ്ധതിയുടെ കാതൽ. ജാതി ഉന്മൂലനത്തെ സംബന്ധിച്ച തന്റെ പ്രഥമ വിവരണത്തിൽ തന്നെ ബാബാസാഹെബ് ഭീം റാവു അംബേദ്കർ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്: 'ഹിന്ദു സമൂഹം എന്നത് ആ രൂപത്തിൽ നിലനിൽക്കുന്നില്ല. ഇത് ജാതികളുടെ ഒരു സംഘം മാത്രമാണ്. ഓരോ ജാതിക്കും അതിന്റെ നിലനിൽപിനെ സംബന്ധിച്ച് ബോധവുമുണ്ട്. ജാതിക്ക് ഒരു കൂട്ടായ്മയുടെ പോലും ഭാഗമാകാൻ സാധിക്കില്ല. അതിന്റെ നിലനിൽപ് മാത്രമാണ് അതിന്റെ ലക്ഷ്യം. മറ്റു ജാതികളുമായി ഒരുമിച്ചാണ് എന്ന ചിന്ത ഓരോ ജാതിക്കും ഉണ്ടാകുന്നത് ഒരു ഹിന്ദു-മുസ്‌ലിം ലഹളയുണ്ടാകുന്പോൾ മാത്രമാണ്'

Advertisment

ഈ യദാർത്ഥ്യത്തെ പൈശാചികമായ കുടിലതകൊണ്ട് ഭൗതികവത്കരിക്കുകയാണ് ആർഎസ്എസ്. വിശാലമായൊരു ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിക്കാനായി ദലിത് വിഭാഗങ്ങളടക്കമുള്ള അധകൃത വിഭാഗങ്ങളെയും ഉൾകൊള്ളിച്ച് മുസ്ലിങ്ങൾക്കെതിരായി ഹിന്ദു ഉണരുക എന്ന പദ്ധതിയാണ് സംഘം നടപ്പിലാക്കുന്നത്. 2002ലെ കലാപത്തിന് ശേഷം ഗുജറാത്തിൽ എങ്ങനെയാണോ ഈ തന്ത്രം വിജയകരമായി നടപ്പിലാക്കിയത്, സമാനമായ രീതിയിലാണ് ഇപ്പോൾ ഉത്തർപ്രദേശിൽ ഇത് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അത് വിജയം കാണുന്നുണ്ടെന്നുള്ളതിന്റെ തെളിവാണ് ബിജെപിക്ക് ലഭിക്കുന്ന വലിയ വോട്ട് ഷെയർ സൂചിപ്പിക്കുന്നത്.

Read More: നക്സൽബാരി അവസാനിക്കാത്ത വെടിയൊച്ചകൾ

മുസ്ലിങ്ങൾക്കെതിരെ ഉപയോഗിക്കുന്നുണ്ടുവെങ്കിലും ദലിതുകൾക്ക് ഒരു തരത്തിലുമുള്ള ആത്മാഭിമാനവും അന്തസ്സും ഈ ഹിന്ദു കൂട്ടായ്മയിൽ നൽകിയിട്ടില്ല. അവരെ ഇന്നും തൊട്ടുകൂടാത്തവരായി തന്നെ പരിഗണിക്കുന്നു. ഗ്രാമങ്ങളിലെ പൊതു വിഭവങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് അവരെ വിലക്കുന്നു, അവരെ ഇന്നും ക്രൂരമായി വാക്കുകൾ കൊണ്ട് തന്നെ വിശേഷിപ്പിക്കുന്നു, ദിനവും അക്രമിക്കപ്പെടുന്നു.തെരഞ്ഞെടുപ്പ് കാലങ്ങളിൽ മാത്രം ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ഈ ദലിത് ജനവിഭാഗങ്ങൾ ഈയടുത്ത് സഹറൻപൂരിൽ വാളുകൾ കൊണ്ട് അക്രമിക്കപ്പെട്ടു. അംബേദ്കർ ജയന്തി ആഘോഷിച്ച് ചില സംഘപരിവാർ നേതാക്കൾ അവിടെ ദലിതുകളെ മുസ്ലിങ്ങൾക്കെതിരെ ഇളക്കിവിടാനും ശ്രമമുണ്ടായി.

ഈ രണ്ട് സംഭവങ്ങളിലും സംംഘപരിവാരത്തിന്റെ കൗശലത്തിനൊത്ത് ആടുന്ന കാലാൾപ്പടയാകാൻ ദലിതർ വിസമ്മതിച്ചു. സഹറൻപൂൂരിലെ ഭീം ആർമിയുടെ പ്രവർത്തനങ്ങൾ ആയിരുന്നു ഇത് സാധ്യമാക്കിയത്. മുസ്ലിങ്ങൾക്കെതിരെ ലഹളയുണ്ടാക്കാൻ തങ്ങളെ കിട്ടില്ലെന്ന് ഭീം ആർമിയുടെ നേതൃത്വത്തിൽ ദലിതർ പ്രഖ്യാപിച്ചതോടെ അതു വരെ ഹിന്ദു വിഭാഗത്തിൽ പെട്ടവരെന്ന് പറഞ്ഞിരുന്ന ആർഎസ്എസ് തന്നെ പിറ്റേന്ന് ദലിതരെ തൊട്ടുകൂടാത്തവരായി പ്രഖ്യാപിച്ചു.

Advertisment

അംബേദ്കറുടെ പേര് പറഞ്ഞ് ഹിന്ദു-മുസ്‌ലിം ലഹളയുണ്ടാക്കാനായിരുന്നു ആർഎസ്എസ് ശ്രമം. എന്നാൽ ശബ്ബിപൂരിലെ ദലിതർ(സഹറൻപൂരിലെ അതിർത്തി ഗ്രാമം) അവരുടെ ആത്മാഭിമാനവും അന്തസും ഉയർത്താൻ സ്വയം അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ദലിതരെ ചൂഷണം ചെയ്യാൻ കാത്തുനിന്നവരുടെ ഹാലിളകി.

Read More: ഇടിമുഴക്കത്തിന്റെ ബാക്കിപത്രം-അമ്പത് വർഷമാകുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവർത്തമാനം

ഈ സന്ദർഭത്തിലാണ് തങ്ങളുടെ ജാതി പ്രതാപവും ശൗര്യവും തെളിയിക്കാൻ താക്കൂർ ജാതിക്കാർ രംഗത്തിറങ്ങുന്നത്. രജ്പുത് ഭരണാധികാരിയായ മഹാറാണ പ്രതാപിന്റെ അനുസ്മരണാർത്ഥം ഒരു വന്പൻ റാലി അവർ സംഘടിപ്പിക്കുന്നു. റാലിയിൽ ഉയർത്തിയ പല പ്രകോപനപരമായ മുദ്രാവാക്യങ്ങളും ദലിതർ എതിർത്തു. ഇതോടെ ദലിതരെ ഒരിക്കലും മറക്കാത്ത ഒരു പാഠം പഠിപ്പിക്കാൻ തന്നെ താക്കൂർ വിഭാഗം തീരുമാനിച്ചു.

11ആം തിയതിയിലെ ആക്രമണത്തിന് ശേഷം ഞാൻ ശബ്ബിപൂർ ഗ്രാമം സന്ദർശിക്കുന്പോഴും ദലിത് വീടുകളിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. 60ഓളം വീടുകളാണ് അവടെ പൂർണമായും കത്തി നശിച്ചത്. ഗർഭിണികൾ വാളുകൾ കൊണ്ടു ആക്രമിക്കപ്പെട്ടു. കുരുന്നുകളെ തീയിലെറിയാൻ വരെ അവർ ശ്രമിച്ചു.

ഫ്യൂഡൽ മനോഭാവം നിലനിൽക്കുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഇത് പുതിയ സംഭവവികാസമൊന്നും അല്ല. ദലിതർക്കെതിരായ ദയരഹിതമായ പീഡനവും ഭീഷണികളും കയ്യേറ്റങ്ങളുമെല്ലാം ഇവിടെ സർവസാധാരണമാണ്. ഇവിടെയാണ് ഭീം ആർമി പിറക്കുന്നത്. ഭീം ആർമി ഉന്നത ജാതീയരുടെ ആക്രമണം തടുക്കാനുളള ഒര ദലിത് സംഘടന മാത്രമല്ല, ഒരിക്കലും നിലക്കാത്ത അടിച്ചമർത്തലുകൾക്കെതിരായ ദലിതുകളുടെ ദൃഢപ്രതിജ്ഞ കൂടിയാണ്.

മുഖ്യധാരാ ദലിത് സങ്കടനകളുടെ കാലാകാലങ്ങളായിട്ടുള്ള വഞ്ചനയും ഫ്യൂഡൽ ശക്തികളെ നേരിടുന്നതിലുള്ള കഴിവുകേടും ഈ മുന്നേറ്റത്തിന് നിദാനമായി. വർധിച്ചു വരുന്ന ദലിത് യുവാക്കളുടെ ആത്മരോഷം പരന്പരാഗത ദലിത് പാർട്ടികളെ അപ്രസസക്തമാക്കുന്നു.

Read More: മലയാളി സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയ ചുവന്ന ചിന്തകൾ

ദാദ്രി, ഉന, അൽവാർ, ലത്തെഹാർ, ഇപ്പോൾ സഹറൻപൂർ... എല്ലാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഉണ്ടായ ഭീകര പ്രവർത്തനങ്ങളാണ്. കാവി സേനകളുടെ പ്രവർത്തി കണ്ടാൽ അവർക്ക് ദലിതുകളേയും മുസ്‌ലിങ്ങളെയും കൊല്ലാൻ ആരോ ലൈസൻസ് നൽകിയിരിക്കുന്നത് പോലെയാണ്. 2014ൽ രാജ്യത്ത് ദലിത് പീഡന കേസുകൾ 39,000 ആയിരുന്നു. 2015-16ൽ ഇത് 47000 ആയി വർദ്ധിച്ചു. എന്നാൽ ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണത്തിൽ ഈ വർദ്ധനവ് ഉണ്ടായിട്ടുമില്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ ഹിന്ദുത്വ ശക്തികൾ രക്തച്ചൊരിച്ചിലുകളും അക്രമങ്ങളും സൃഷ്ടിക്കുകയാണ്. സഹറൻപൂർ മറ്റൊരു ഉദാഹരണം മാത്രം.

സാധാരണക്കാർക്കിടയിൽ സ്ഥിതിവിശേഷം ഏറെ ദയനീയമാണ്. വാർത്തയാകുന്ന ഇത്തരം ജാതി വിവേചനങ്ങൾക്കും അക്രമങ്ങൾക്കുമപ്പുറം ചുഴിയായി മാറുന്ന കാർഷിക പ്രതിസന്ധിയും, കുടിൽ വ്യവസായങ്ങളുടെ സ്തംഭനാവസ്ഥയും നോട്ട് നിരോധനം പോലുള്ള ജന വിരുദ്ധ നയങ്ങളും ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം അത്യന്തം ദുസ്സഹമാക്കിയിട്ടുണ്ട്. ഞങ്ങൾ ദലിതുകൾ ഈ വിഭാഗത്തിൽ പെടുന്നവരാണ്.

മനുഷ്യൻ മനഷ്യനെ അടിമകളാക്കി വെക്കുന്ന സംഘപരിവാരത്തിന്റെ ഈ മനുവാദത്തെ ഞങ്ങൾ ഒരുമിച്ചു നിന്ന് പരാജയപ്പെടുത്തും. അവരുടെ കുടില തന്ത്രങ്ങൾ തിരിച്ചറിയാൻ ഭീം ആർമിക്ക് സാധിക്കും. അതുകൊണ്ടു തന്നെയാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഭീം ആർമി വർഗീയ ഫാഷിസ്റ്റുകൾക്കെതിരായ പോരാട്ടത്തിന്റെ മുൻനിരയിൽ പ്രതിഷ്ഠിക്കപ്പെട്ടത്.

ജിഗ്നേഷ് മേവാനി

Dalit Jignesh Mewani

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: