“എന്റെ പിറകെ നടക്കരുത്. ഞാന്‍ നിങ്ങളെ ഒരിക്കലും നയിക്കുകയില്ല.
എന്റെ മുന്നിലും നടക്കരുത്. ഞാന്‍ നിങ്ങളെ പിന്തുടരുകയില്ല
എന്നോടൊപ്പം നടക്കൂ, എന്നിട്ട് എന്നെ സുഹൃത്താക്കൂ”

അല്‍ബേര്‍ കാമുവിന്റെതാണ് ഈ വാക്കുകള്‍. നല്ല സൗഹൃദത്തെ ഓര്‍ക്കുമ്പോഴെല്ലാം ഒരു പ്രചോദനനക്ഷത്രമായി ഈ വാക്കുകള്‍ മിന്നിത്തെളിയാറുണ്ട്. നല്ല സുഹൃത്തുക്കള്‍ തങ്ങളുടെ ജീവിതയാത്രയില്‍ പരസ്പരം പറയേണ്ടതും ആചരിക്കേണ്ടതുമായ ഈ വാക്കുകള്‍ ആദ്യം കേള്‍ക്കുന്നത് ബാലചന്ദ്രന്‍ ചുള്ളിക്കാടില്‍നിന്നാണ്. സൗഹൃദം ഒരു മതംപോലെ വ്രതവിശുദ്ധിയോടെ ഞങ്ങള്‍ക്കിടയില്‍ ഒരു ദേവാലയം നിര്‍മ്മിച്ചു. പരസ്പരം വിയോജിക്കാനും കലഹിക്കാനും വ്യത്യസ്തരാകാനും സൗഹൃദം തടസ്സം നിന്നില്ല. സൗഹൃദം, മറ്റൊന്നുമല്ല, ആത്മസ്വാതന്ത്ര്യമാണ്. സൗഹൃദം ഉഴുതുമറിച്ചിട്ട മണ്ണിലാണ് മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങള്‍ നന്നായി വിളയുന്നത് എന്ന് ആര്‍ക്കാണറിയാത്തത്?
കൗമാരകാലത്തില്‍നിന്നും വിരിഞ്ഞിറങ്ങി ഇരുപതുകളിലേക്ക് പ്രവേശിക്കുംമുമ്പാണ് ആ സൗഹൃദമുണ്ടായത്. അതെങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമായി ഓര്‍ത്തെടുക്കാനാവുന്നില്ല. അനുരാഗകാലത്തിലേക്ക് വീണ്ടും തിരിട്ടുനടക്കുമ്പോള്‍ ഒരാള്‍ അനുഭവിക്കുന്ന കോരിത്തരിപ്പാണിത്. ബാലനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കില്‍, ഓര്‍ക്കുമ്പോള്‍ ചങ്കുലയുംപോലെ. ജീവിതത്തെ വഴിതിരിച്ചുവിട്ട ആ സൗഹൃദമാണ് എന്നിലേക്ക് പല അത്ഭുതങ്ങളും കൊണ്ടുവന്നുതന്നത്. വായനയിലേക്കു കവിതയിലേക്കും പ്രചോദിപ്പിച്ചത്. ജീവിച്ചുതുടങ്ങുംമുമ്പേ ഈ ജീവിതം എത്ര സങ്കീര്‍ണ്ണവും സമസ്യകള്‍ നിറഞ്ഞതുമാണെന്ന് ആ കാലം എന്നെ പഠിപ്പിച്ചു. സന്തോഷങ്ങള്‍ക്കുള്ളിലെല്ലാം സങ്കടങ്ങളാണെന്നും സങ്കടങ്ങളില്‍ സന്തോഷം വന്നു നിറയുമെന്നും ഞാനറിയാന്‍ തുടങ്ങിയ കാലം. സര്‍വ്വത്ര ആശയറ്റകാലമായിട്ടും ഞങ്ങളതില്‍ ഉത്സവംപോലെ ആനന്ദിച്ചു.

യാത്ര തുടങ്ങിയപ്പോള്‍ എത്രയധികം കൂട്ടുകാരായിരുന്നു. അവരെല്ലാം ഇപ്പോള്‍ എവിടെപോയിയെന്നറിയില്ല. പാതിവഴിയില്‍ മാഞ്ഞുപോയ ആ സൗഹൃദങ്ങളെ എവിടെ തിരഞ്ഞാലും ഇനി കണ്ടെത്താനാകുമെന്നും തോന്നുന്നില്ല. ഒഴിച്ചുകളഞ്ഞ വെള്ളം പോലെ ചില നനവുകള്‍ ബാക്കിനിര്‍ത്തുന്നുവെന്നു മാത്രം. തിരിഞ്ഞുനോക്കുമ്പോള്‍ വിജയങ്ങളെന്നുപറയാന്‍ എനിക്കെന്തുണ്ട്. ഇടറാത്ത ചില വിശ്വസ്ത സ്‌നേഹങ്ങളൊഴികെ.
സ്‌നേഹാന്വേഷണ പരീക്ഷകള്‍. ഏതു മനുഷ്യന്റെയും ജീവിതകഥ കഠിനമായ ഒരു സ്‌നേഹാന്വേഷണ പരീക്ഷതന്നെയാണ്. സ്‌നേഹം നല്‍കിയവര്‍ക്കും സ്‌നേഹം നിഷേധിച്ചവര്‍ക്കും ഇടയില്‍ ജീവിതമങ്ങനെ തരിച്ചുനില്‍ക്കും.
സ്‌നേഹമേ, സ്‌നേഹിക്കപ്പെടാതെ പോയ സ്‌നേഹമേ, എന്ന് അസ്സീസിയിലൊരു നഗ്നവിശുദ്ധന്‍ വിലപിച്ചുനടന്നതുതന്നെയാണ് കാര്യം. ഇത്തരം ചില സ്‌നേഹാന്വേഷണപരീക്ഷകളില്‍ കരിഞ്ഞുപോകാതെ അഗ്നിശോഭയോടെ പുറത്തുവരുന്നവരെയാണ് നാം ആത്മസുഹൃത്തുക്കളെന്ന് വിളിക്കുന്നത്. നിശ്ചയമായും അത്തരത്തിലുള്ളൊരു സ്‌നേഹത്തിന്റെ അഗ്നിസ്തംഭമാണ് എനിക്ക് ബാലന്‍. എന്റെ ആദ്യ പുസ്തകത്തില്‍ ഞാനതെഴുതിയിരുന്നു. സ്വന്തം ആന്തരികതയുടെ അനന്തതകളിലേക്ക് എന്നെ എപ്പോഴും അടുപ്പിച്ചുനിര്‍ത്തിയ ബാലചന്ദ്രനാണ് എന്റെ ജീവിതത്തിന്റെയും കവിതകളുടെയും ആദ്യവായനക്കാരന്‍. സന്തോഷം എന്നോ സങ്കടമെന്നോ വ്യത്യാസമില്ലാതെ എന്നും എന്നോടൊപ്പം തുഴഞ്ഞവനാണ് ബാലന്‍. ഹൃദയത്തില്‍ കണ്ണുനീര്‍ തളിച്ച ഒരാള്‍.
ജീവിതത്തിന്റെ ഘോഷയാത്രകളുടെ മുന്‍നിരയില്‍ കൊടിപിടിച്ചു നടക്കുന്നവരുടെ കൂട്ടത്തില്‍ ബാലനെ കണ്ടിട്ടില്ല. പലപ്പോഴും അയാള്‍ സ്വപ്നത്തിന്റെ കൊടി താഴ്ത്തിക്കെട്ടിനില്‍ക്കുന്നത് കാണാം. നഷ്ടസ്‌നേഹങ്ങളുടെ കഷ്ടകാലങ്ങളുടെ കടുത്ത ഏകാന്തതയില്‍ ബാലന്‍ പകര്‍ന്ന് ആത്മധൈര്യവും ഊര്‍ജവുമാണ് എന്റെ നിലനില്‍പ്പിന്റെ തന്നെ സത്യങ്ങളിലൊന്ന്.

                                                                                   ഫൊട്ടോ കടപ്പാട് : ഫെയ്‌സ് ബുക്ക്

ബാലന്‍കള്‍ട്ട്

എഴുപതുകള്‍ക്കവസാനം മലയാളത്തില്‍ ഒരു ബാലന്‍കള്‍ട്ട് രൂപപ്പെട്ടിരുന്നു. അയാളുടെ നടപ്പും വേഷവും ഭാഷയും അത്രയധികം സ്‌നേഹിക്കപ്പെട്ടു. ആരാധിക്കപ്പെട്ടു. മലയാള കവിതയില്‍ മരണം പ്രവചിച്ച മുതിര്‍ന്ന തലമുറയും അയാളെ അസൂയയോടെ ശ്രദ്ധിച്ചു. ആന്തരികസംഘര്‍ഷങ്ങള്‍ക്ക് ആ കാലം ബാലനിലൂടെയാണ് ഏറ്റവും തീക്ഷ്ണമായി വെളിപ്പെട്ടത്. അയാളുടെ ആന്തരികാകുലതകളും സന്ദേഹങ്ങളും ക്ഷോഭങ്ങളും ഭയഗ്രസ്തമായ ഉന്മാദങ്ങളും ദു:ഖങ്ങളും അനാഥത്വവും അത്രമേല്‍ ആ കാലത്തിന്റെ നെഞ്ചുപിളര്‍ത്തി. ഒന്നും മറച്ചുവയ്ക്കാനില്ലാതെ അലഞ്ഞു നടന്ന ആ മുഷിഞ്ഞു മെലിഞ്ഞ ചെറുപ്പക്കാരനെ ചരിത്രം വിവസ്ത്രനാക്കിയെന്നുപറയാം. സ്വന്തം നഗ്നതയോടാണ് അയാള്‍ കലഹിച്ചതും പ്രണയിച്ചതും ആസക്തനായതും. അതിനുമുമ്പോ പിമ്പോ പരീക്ഷിക്കപ്പെടാത്ത ഒരു കാവ്യഭാഷ അയാള്‍ക്കുണ്ടായിരുന്നു. തിളച്ചുരുകിയ ഒരു ലോഹദ്രവം പോലെ വായിക്കുന്നവരെ പൊള്ളിക്കുന്ന ഭാഷ.

ഒരാളുടെ ആന്തരികതയില്‍ ഇത്രയും അഗാധമായ പാതാളസ്ഥലമുണ്ടെന്നും വന്യതയുണ്ടെന്നും ഇരുണ്ട ചോരയൊഴുക്കുകളുണ്ടെന്നും ആ കവിതകള്‍ വായിച്ച് ഹൃദയം സ്തംഭിച്ചുനിന്നവരെത്രയോ പേര്‍. വിപരീതദ്വന്ദ്വങ്ങളുടെ ഒരു ശവഘോഷയാത്രയില്‍ പങ്കെടുക്കുംപോലെ പ്രണയവും മരണവുമായി, സ്വപ്നവും യാഥാര്‍ത്ഥ്യവുമായി, ധ്യാനവും യുദ്ധവുമായി അക്കാലത്തെ വായന പിളര്‍ന്നുപോയി. മലയാളത്തിന്റെ ചന്ദസ്സും വൃത്തവും അലങ്കാരവും ഉള്‍പ്പെട്ട ക്ലാസിക് പാരമ്പര്യം നല്ലവണ്ണം കാവ്യഭാഷയില്‍ മെരുങ്ങിക്കിട്ടിയിട്ടും അവയില്‍നിന്നെല്ലാം പുറത്തുചാടുവാനും വിഭ്രമാത്മകമായൊരു വിചിത്രസൗന്ദര്യഘടനയില്‍ ആസക്തനാകാനുമാണ് ബാലന്‍ കവിതയില്‍ ശ്രമിച്ചത്. ആധുനികത പിഴിഞ്ഞെടുത്ത ഒരു തീക്കുപ്പായം കൃത്യമായി അളവില്‍ അയാളുടെ കവിതകള്‍ക്ക് ആ കാലം തയ്പിച്ചുകൊടുത്തിരുന്നു.

കവിതയിലും ജീവിതത്തിലും ഇത്രയും ആത്മവിശ്വാസവും സത്യസന്ധതയും പുലര്‍ത്തുന്ന മറ്റൊരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. കവിതയുടെ വിമര്‍ശകരോടും പ്രോത്സാഹകരോടും ഒരൊറ്റ നിലപാടാണ്. എഴുതിയ കവിതകള്‍ മോശമാണെങ്കില്‍ എത്രതന്നെ പ്രശംസിക്കപ്പെട്ടാലും നിലനില്‍ക്കില്ല. നല്ലതാണെങ്കില്‍ ആരും പ്രശംസിച്ചില്ലെങ്കിലും കാലമേറ്റെടുത്തുകൊള്ളും. നിരൂപകരോടും സാഹിത്യസ്ഥാപനങ്ങളോടും പുരസ്‌കാരങ്ങളോടും അയാള്‍ തുടക്കം മുതലേ കൃത്യമായ അകലം പാലിച്ചു. കവിയെന്ന നിലയില്‍ അയാള്‍ മത്സരിച്ചിട്ടുണ്ട് എങ്കില്‍, അത് അയാളോടുതന്നെയായിരുന്നു. നിര്‍ദ്ദയമായ ഒരാത്മയുദ്ധത്തില്‍ കവിഞ്ഞൊന്നുമായിരുന്നില്ല ബാലന് കാവ്യജീവിതം. ലോകം മുഴുവന്‍ എതിര്‍നിന്നാലും അയാള്‍ക്ക് അയാളുടെ സത്യം തന്നെയായിരുന്നു പരമമൂല്യം.

എഴുപതുകള്‍ സ്വപ്നഛേദങ്ങളുടെ കാലം

ബാലനുമൊത്തുമുള്ള സൗഹൃദത്തിന്റെ ആദ്യകാലങ്ങളെ ഞാനെങ്ങനെയാണ് അഴിച്ചെടുക്കേണ്ടത്? അരക്ഷിതവും അനിശ്ചിതവുമായ അടിസ്ഥാനഭീതികള്‍ക്കുള്ളിലായിരുന്നു ആ അമാവാസിക്കാലം വട്ടംകറങ്ങിയത്. അമ്മമാരില്‍ നിന്നും മക്കളെ തട്ടിത്തെറിപ്പിച്ച കാലമായിരുന്നു അത്. അമ്മമാരില്‍ വീടിന്റെ സുരക്ഷിത സൗകര്യങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞ മക്കളുടെ ആ തീപിടിച്ച കാലത്തിന് അന്യാധീനപ്പെടലിന്റെ ചവര്‍പ്പായിരുന്നു രസം. തീവ്രരാഷ്ട്രീയം ഊട്ടിയുറപ്പിച്ച ഉട്ടോപ്യയില്‍ ആ കാലം നിന്നിടത്തുനിന്ന് തിളക്കുകയായിരുന്നു. പലതും ചോദ്യം ചെയ്യപ്പെട്ടു. പകര്‍ച്ചവ്യാധിപോലെ യുവാക്കളുടെ ശരീരത്തില്‍ ആധുനികതയുടെ സൗന്ദര്യലഹരികള്‍ ലോഹമുദ്രകള്‍ ചാര്‍ത്തി. സ്വപ്നങ്ങളെക്കാള്‍ സ്വപ്നഛേദങ്ങളില്‍നിന്നുമാണ് ചരിത്രം ഉണ്ടാകുന്നതെന്ന് ആ കാലം വിളംബരപ്പെടുത്തി. തോറ്റുപോകുമ്പോഴും ഹോമിക്കപ്പെടുമ്പോഴും വീണ്ടും വീണ്ടും അതിലേക്ക് ചാടിയിറങ്ങുവാന്‍ ആത്മബലിയില്‍ ആനന്ദം കണ്ടെത്തുന്ന കുറേയധികം ആദര്‍ശശാലികള്‍ക്ക് ആ കാലം പിറവികൊടുത്തിട്ടുണ്ട്.
എഴുപതുകള്‍ ഒരു ഇതിഹാസകഥയൊന്നും എഴുതിയില്ലെങ്കിലും ശ്ലഥബിംബങ്ങള്‍ക്കൊണ്ട് കുറേയേറെ ഗുഹാ ചിത്രങ്ങള്‍ കോറിയിട്ടു. ആത്മഹത്യയ്ക്കും കൊലയ്ക്കും നടുവിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതം എന്ന് ബാലന്‍ ആ കാലത്തെക്കുറിച്ച് വാക്കുകളുടെ തീനാമ്പുകള്‍ക്കൊണ്ട് നിര്‍വചിച്ചു.

എഴുപതുകളെ ഇന്നു വായിക്കുമ്പോള്‍ ഒരു ദുരന്തനാടകത്തിന്റെ ചോരപുരണ്ട ചുരുളുകളാണോ അഴിഞ്ഞുവരുന്നത്? അതോ ഒരു അസംബന്ധനാടകത്തിന്റെ വിഭ്രമങ്ങളാണോ ഉണര്‍ത്തുന്നത് ദുരന്തങ്ങളും കോമാളിത്തരങ്ങളും നിറഞ്ഞ ഒരു തിയ്യറ്റര്‍ ഓഫ് ക്രുവല്‍റ്റിയുടെ ഇതിവൃത്തം തന്നെയാണ് എഴുപതുകള്‍ക്കിണങ്ങുക. എഴുപതുകളിലേക്കു നോക്കുമ്പോള്‍ ജീവിതത്തിന്റെ ഏറ്റവും ഏകാന്തമായ കാലഘട്ടമാണ് വന്നുനിറയുന്നത്. സ്വകാര്യതകള്‍ക്കും വിശ്വാസങ്ങള്‍ക്കും മുറിവേറ്റ ആ കാലത്തിന് ആഘോഷിക്കുവാനെന്തുണ്ട്, ഉള്ളില്‍ നിലവിളികള്‍ പിടയുന്ന ചില ജ്വരമുഹൂര്‍ത്തങ്ങളല്ലാതെ. ജീവിതത്തിന്റെ താളം തകര്‍ത്ത എത്രയോ പേരുടെ പാച്ചിലുകള്‍. വീഴ്ചകള്‍. എന്തിനായിരുന്നു എഴുപതുകള്‍ക്കിത്രയേറെ രാഷ്ട്രീയമെന്ന് അന്ന് അബോധത്തിലും ഇന്ന് ബോധത്തിലും ഞാന്‍ ചോദിക്കുന്നുമുണ്ട്. എല്ലാം തീരുമാനിക്കുന്ന നിരീക്ഷിക്കുന്ന, വിധിക്കുന്ന, രാഷ്ട്രീയത്തിന്റെ ഒറ്റക്കണ്ണുകൊണ്ടുള്ള തീക്ഷ്ണനോട്ടം എന്നെ പേടിപ്പിച്ചു. അതിവേഗം മടുപ്പിച്ചു.

balachandran, rasana, v g thamy,

ബാലചന്ദ്രന്റെ പതിനെട്ട് കവിതകളെ കുറിച്ച് രസനയിലെ അറിയിപ്പ്

കാറ്റിനെതിരെ ഒരു രസനാക്കാലം

അടിയന്തരാവസ്ഥയ്ക്കു മുന്നില്‍ പകച്ചുനിന്ന തലമുറകളുടെ ദുര്‍ബലനായൊരു പ്രതിനിധിമാത്രമായിരുന്നു ഞാന്‍. പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഉച്ചരിക്കാന്‍ എനിക്ക് ഒരര്‍ഹതയുമില്ല. അടിന്തരാവസ്ഥക്കാലം എന്റെ ഭീരുത്വത്തിന്റെ ഉടുതുണിയോരോന്നായി ഉരിഞ്ഞുമാറ്റുകയായിരുന്നു. ആത്മാവില്‍ നഗ്നനായിരുന്നു. അപമാനിതനായി. എന്റെ അവ്യക്തതകളെ കൂടുതല്‍ അവ്യക്തമാക്കിക്കൊണ്ട് സംശയങ്ങളില്‍ കൂടുതല്‍ ഇരുട്ടുനിറച്ചുകൊണ്ട് ആ കാലം എന്നിലൂടെ പാഞ്ഞുപോയി.
കാറ്റിനെതിരെ ഒരുകാലം പാഞ്ഞുപോയി. അവന്‍ കോമാളിയായി തിരിച്ചുവന്നു… എന്നിങ്ങനെ ആ കാലത്തെയോര്‍ത്ത് ഞാന്‍ ചിലതെല്ലാം എഴുതിയിട്ടുണ്ട്.
അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലേക്ക് രാജ്യം തുറുങ്കിലടക്കപ്പെട്ട വര്‍ഷമാണ് ഞങ്ങള്‍ കുറച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് രസന എന്ന സമാന്തരപ്രസിദ്ധീകരണം ആരംഭിക്കുന്നത്. മാണി വിതയത്തില്‍, കെ.വി. തോമസ്, ജോസ് ടി. തോമസ്, മേരി കുരുവിള, മാര്‍ഗരറ്റ് ജോര്‍ജ് എന്നിവരടങ്ങുന്ന വിദ്യാര്‍ത്ഥിസംഘം. അക്കൂട്ടത്തിലേക്കാണ് ബാലചന്ദ്രനും കൈകോര്‍ത്തത്. ബാലന്റെ വരവ് രസനാക്കാലത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കി. ബാബു കുഴിമറ്റം, ശങ്കരന്‍നമ്പൂതിരി,  ഹിരണ്യന്‍, വേണു, ഷണ്മുഖദാസ് അങ്ങനെ ആ സംഘം വലുതായി. എം. ഗോവിന്ദന്റെ സമീക്ഷ നിലച്ചപ്പോഴാണ് രസനയ്‌ക്കൊപ്പം സംക്രമണം, ബോധി, പൃഥ്വി, പമ്പരം, പ്രേരണ, വാക്ക് തുടങ്ങിയ സമാന്തരപ്രസിദ്ധീകരണങ്ങളിലൂടെ യൗവ്വനതീക്ഷ്ണമായ കാലം വരുന്നത്. എറണാകുളത്തുനിന്നും സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ശ്രീമുദ്രാലയത്തില്‍ നിന്ന് സി.എന്‍. കരുണാകരന്റെ മനോഹരമായ കവര്‍ചിത്രത്തോടെ രസനയുടെ ആദ്യലക്കം 1977 ല്‍ പുറത്തിറങ്ങി. എം. ഗോവിന്ദന്‍, സച്ചിദാനന്ദന്‍, കടമ്മനിട്ട, നരേന്ദ്രപ്രസാദ്, അയ്യപ്പപ്പണിക്കര്‍, വി.പി. ശിവകുമാര്‍, സി.ആര്‍. പരമേശ്വരന്‍, വിനയചന്ദ്രന്‍ എന്നിവരെല്ലാം ആദ്യലക്കത്തില്‍ അണിനിരന്നു. സച്ചിദാനന്ദന്റെ കാവ്യനിലപാടുകളെ നിശിതമായി ആക്രമിച്ചുകൊണ്ട് ഗബ്രിയേല്‍ എന്ന തൂലികാനാമത്തില്‍ സി.ആര്‍. പരമേശ്വരനെഴുതിയ സാഹിത്യത്തിലെ വിഷബാധ എന്ന ലേഖനം വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

രസനയില്‍ മലയാളത്തിന്റെ യുവഭാവുകത്വം കുറച്ചൊക്കെ അടയാളപ്പെട്ടുവെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ ഞാനത്രയൊന്നും തൃപ്തനല്ല. അന്നത്തെ തീവ്രവാദ രാഷ്ട്രീയത്തില്‍ നടക്കുന്നതെന്താണെന്ന് എനിക്ക് വ്യക്തമായൊന്നുമറിഞ്ഞുകൂടായിരുന്നു. പലതും പെരുപ്പിച്ച കള്ളങ്ങളോ ആഗ്രഹചിന്തകളോ ഒക്കെ ആയിരുന്നു. സിദ്ധാന്ത ശാഠ്യങ്ങളില്‍ തട്ടിത്തകര്‍ന്നുപോയ ബോദ്ധ്യങ്ങള്‍. എഴുപതുകളിലെ സാമൂഹ്യവേവലാതികളുള്ള മലയാളി യുവാക്കളില്‍ നിറച്ചത് സ്വാതന്ത്ര്യത്തേക്കാള്‍ കുറ്റബോധങ്ങളും വ്യാമോഹങ്ങളുമായിരുന്നു എന്നാണെന്റെ വിശ്വാസം. രസനപോലുള്ള സാഹിത്യക്കൂട്ടായ്മയിലെ രാഷ്ട്രീയദൗത്യം എന്തായിരുന്നുവെന്ന് ഞാനിതുവരെയും വിലയിരുത്തിയിട്ടില്ല. ഒരുപക്ഷേ, ആ കാലം സ്വന്തം വിശ്വാസത്തകര്‍ച്ചകളെ അതിജീവിക്കുവാനുള്ള ഹൃദയഭേദകമായ നിലവിളിയായിട്ടാണ് എനിക്കനുഭവപ്പെട്ടത്.

ആധുനികതയുടെ ചുവന്ന വാലുകളായിരുന്നു രസനപോലുള്ള സമാന്തരപ്രസിദ്ധീകരണങ്ങള്‍ എന്ന വിമര്‍ശനത്തെ ഞാനിന്ന് ഗൗരവത്തോടെ കാണുന്നു. രാഷ്ട്രീയത്തെക്കുറിച്ചും അരാഷ്ട്രീയതയെക്കുറിച്ചുമുളള വാദപ്രതിവാദങ്ങള്‍ക്ക് സര്‍ഗ്ഗാത്മകത കുറവായിരുന്നു. ആഴവും ആത്മാവും കുറവായിരുന്നു.  എന്നാല്‍ ബാലചന്ദ്രന്‍ സ്വയം ഒരു പ്രതിനായക വേഷത്തില്‍ ആ കാലത്തെ ഗംഭീരമായി നേരിട്ടു. അമാവാസിയുടെ നിറമുളള അയാളെഴുതിയ കവിതകളില്‍ ആ കാലത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളത്രയും സംഗ്രഹിക്കപ്പെട്ടു. ഒരു ക്ഷുദ്രപ്രവാചകനെപ്പോലെ ഇരുണ്ടതും വിനാശം നിറഞ്ഞതുമായ വികാരക്ഷോഭങ്ങളായ ബാലന്റെ കവിതകള്‍ ആധുനികതയുടെ മുറിവേറ്റ മുരള്‍ച്ചകളായി കേരളക്കരയിലാകെ അലമുറയിട്ടു. ഇരുട്ടിലേക്ക് കൂപ്പുകുത്തുന്ന ഒരു സന്ധ്യാകാലത്തിന്റെ ഉള്ളിലിരുന്നാണ് ഭയാകുലമായ കുറ്റബോധത്തോടെ അയാള്‍ എഴുതിക്കൊണ്ടിരുന്നത്. തനിക്കുള്ളിലെ കവിത എഴുതണമെങ്കില്‍ വീടുപേക്ഷിക്കണമെന്നയാള്‍ ഉറപ്പിച്ചു.

വീടുകൊണ്ടളക്കാം ലോകത്തെ

ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവായി പ്രകീര്‍ത്തിക്കപ്പെട്ട ലൂഷുണിന്റെ ഒരു ജീവചരിത്രം ഞാനിയ്യിടെ വായിച്ചു. ലൂഷുണ്‍പ്രഭാവം എന്ന പേരില്‍ കെ.ജി. ശങ്കരപ്പിള്ള എഴുതിയ ഉജ്വലമായ അവതാരികയും അതിലുണ്ട്. സ്വന്തം വീടുകൊണ്ട് ലോകത്തെ അളക്കുന്ന ലൂഷണെപ്പോലെയാണ് ബാലചന്ദ്രന്റെ ഗൃഹപരിത്യാഗം എന്ന് എനിക്ക് അതുവായിച്ചപ്പോള്‍ ബോധ്യപ്പെട്ടു. ലൂഷണ്‍ പറയുംപോലെ വീട് മനുഷ്യമാംസത്തിന്റെ വിശപ്പാണ്. വീട് ഭ്രാന്തിന്റെ പ്രജനനകേന്ദ്രമാണ്. പാരമ്പര്യത്തിന്റെയും യാഥാസ്ഥിതികത്വത്തിന്റെയും ഭയാനകമായ ഹിംസാഘടനയാണ്. പഴയ ലോകത്തിനെതിരായ യുദ്ധം സ്വന്തം വീട്ടില്‍ നിന്നുമാണ് തുടങ്ങേണ്ടത് എന്ന് ഭ്രാന്തന്റെ ഡയറിയില്‍ ലൂഷണ്‍ പ്രഖ്യാപിക്കുന്നുണ്ട്. സി.ആര്‍. ഓമനക്കുട്ടന്‍ വിവര്‍ത്തനം ചെയ്ത ലൂഷണ്‍ന്റെ ഭ്രാന്തന്റെ ഡയറി ഒരുമിച്ചിരുന്ന് വായിച്ചതോര്‍ത്തു. യാത്രാമൊഴി എന്ന കവിതയെഴുതി സ്വന്തം വീടിനെ ബാലന്‍ മൂര്‍ച്ചയുള്ള വാളുകൊണ്ട് മുറിച്ചുമാറ്റുകയായിരുന്നു. പിന്നീട് പലവിധ അധികാരരൂപങ്ങളോട് ആ കവിതകള്‍ ശക്തമായി കലഹിച്ചു മുന്നേറി. ബാലന്റെ അന്തമറ്റ അലച്ചിലുകളുടെ ഉത്തരം അയാള്‍ വായിച്ച പുസ്തകങ്ങളിലും അയാള്‍ എഴുതിയ കവിതകളിലും സത്യസന്ധമായി പ്രതിഫലിക്കുന്നുണ്ട്.

balachandran chullikkadu, malayalam poet, v. g. thampy,

ബാലചന്ദ്രൻ ചുളളിക്കാടിന്റെ പതിനെട്ട് കവിതകളുടെ ആദ്യ പതിപ്പും രണ്ടാം പതിപ്പും


പതിനെട്ടു കവിതകള്‍

പതിനെട്ടു കവിതകളുടെ ജൂബിലിപ്പതിപ്പില്‍ ബാലചന്ദ്രന്‍ ഇങ്ങനെ എഴുതി. ‘പതിനേഴാം വയസ്സില്‍ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വീടിന്റെയും ജന്മനാടിന്റെയും തണല്‍ എന്നേക്കുമായി നഷ്ടപ്പെട്ടു. സുഹൃത്തുക്കളുടെ കാരുണ്യത്തിലായിരുന്നു പിന്നെ ജീവിതം. തൃശ്ശൂരിലെനിക്കഭയം കേരളവര്‍മ്മകോളേജ് വിദ്യാര്‍ത്ഥി വി.ജി. തമ്പിയാണ്.’ ബാലന്റെ അനേകം കൂട്ടുകാര്‍ക്കൊപ്പം അയാള്‍ എന്നെയും സ്വന്തം കൈവെള്ളയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

പത്തൊമ്പതു വയസ്സിനും ഇരുപത്തിമൂന്ന് വയസ്സിനും ഇടയില്‍ ബാലന്‍ എഴുതിയ കവിതകളാണ് പതിനെട്ടു കവിതകള്‍ എന്ന ശീര്‍ഷകത്തില്‍ രസന പ്രസിദ്ധീകരിച്ചത്. അഞ്ചുവര്‍ഷത്തെ ആയുസ്സു മാത്രമുള്ള രസനയുടെ ജന്മസാഫല്യമായിരുന്നു ആ കൊച്ചുപുസ്തകം. ബാലന്റെ മുഷിഞ്ഞതോള്‍സഞ്ചിയില്‍ നിധിപോലെ സൂക്ഷിച്ചിരുന്ന കവിതകളുടെ ആ നോട്ട് ബുക്ക് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു അത്ഭുതവസ്തുവായിരുന്നു. മനോഹരമായ കൈപ്പടയില്‍ അയാള്‍ എഴുതിവെച്ച കവിതകള്‍ ഞങ്ങളുടെ ഏകാന്തരാത്രികളെ കുറച്ചൊന്നുമല്ല കണ്ണീരില്‍ നനച്ചത്. പല കവിതകളും മുഖ്യധാരാ പ്രസിദ്ധീകരണങ്ങള്‍ തിരസ്‌കരിച്ചതാണ്. ഡി.സി. ബുക്‌സിന് ഈ ഇളംമുറ കവിതയുടെ വില്പനസാദ്ധ്യതയില്‍ സംശയവുമായിരുന്നു. അത്തരം ഒരു ഘട്ടത്തിലാണ് രസന അതേറ്റെടുക്കുന്നത്. പതിനെട്ടുകവിതകളുടെ ആ രസനാപുസ്തകം എത്രപേര്‍ പുതിയകാലത്ത് കണ്ടിട്ടുണ്ടാമെന്ന് അറിയില്ല. ഇളംപച്ച നിറമുള്ള ലഡ്ജര്‍ പേപ്പറില്‍ ഗ്രന്ഥശീര്‍ഷകവും കവിയുടെ പേരും കവിതന്നെ എഴുതിയത് ബ്ലോക്കെടുത്ത് അച്ചടിച്ചു. കാലിക്കോ ബൈന്റ് എന്ന് തോന്നിപ്പിക്കുന്ന മട്ടിലൊരു അനാര്‍ഭാടമായൊരു നിര്‍മ്മിതിയായിരന്നു അത്. രസനയുടെ സ്വന്തം പ്രസ്സില്‍ ഒരുമാസം എടുത്തു അതിന്റെ അച്ചടിപ്പണി പൂര്‍ത്തിയാകുവാന്‍. ബാലന്‍ തന്നെ പ്രൂഫ് വായിച്ചു. അച്ചടിയില്‍ പതുക്കെ പതുക്കെ വിരിഞ്ഞു വരുന്ന ആ പുസ്തകം ഓരോ ദിവസവും ഞങ്ങളെ ആവേശം കൊള്ളിച്ചു.

നമ്മുടെ യുവ കവിതയുടെ ദൃഢപ്രതീക്ഷ ഈ കാവ്യസമാഹാരം ഉള്‍ക്കൊള്ളുന്നു എന്ന ആദ്യവാചകം എഴുതി ഞാന്‍ ബാലന്റെ പുസ്തകത്തിന് മുഖക്കുറിപ്പ് തയ്യാറാക്കി. മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കുമുമ്പെഴുതിയ വരികള്‍ ഇന്നു വായിക്കുമ്പോള്‍ മനസ്സിടറുന്നുണ്ട്. അത്യഗാധമായ മതനിഷ്ഠയോടെ ജീവിതത്തോടുംകവിതയോടും പെരുമാറുന്ന ബാലചന്ദ്രന്റെ പൊതുമതം രാഷ്ട്രീയവും സ്വകാര്യമതം കവിതയും. ഇവ തമ്മിലുള്ള വൈരുദ്ധ്യത്തെ പരിഹരിക്കാനുള്ള ജീവിതമാര്‍ഗ്ഗമായി തന്റെ കാവ്യവൃത്തിയെ ഇയാള്‍ കണക്കാക്കുന്നു… എന്നിങ്ങനെ വിലയിരുത്തുന്ന ആ കുറിപ്പ്, സൗഹൃദത്തിന്റെ സ്‌നേഹചുംബനം മാത്രം. പുസ്തകപ്രകാശനത്തിന്റെ തലേ ദിവസം ഞങ്ങള്‍ തൃശ്ശൂര്‍ പട്ടണത്തില്‍ മുഴുവന്‍ പോസ്റ്ററൊട്ടിച്ചു. ബാലനും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

1980 ഡിസംബര്‍ പത്തിനാണ് പതിനെട്ട് കവിതകള്‍ സാഹിത്യ അക്കാദമിയില്‍ പ്രകാശം ചെയ്യപ്പെട്ടത്. പ്രകാശനം ചെയ്യാമെന്നേറ്റിരുന്ന വൈലോപ്പിള്ളിക്ക് വരാന്‍ കഴിഞ്ഞില്ല. പ്രകാശനവേദിയില്‍ വായിക്കണമെന്ന് പറഞ്ഞുകൊണ്ട് കവിതയുടെ നീലജ്വാല എന്ന അസാധാരണശക്തിയുള്ള ഒരു കുറിപ്പ് വൈലോപ്പിള്ളി ഞങ്ങള്‍ക്ക് തന്നു. ‘ആധുനിക കവിതയുടെ ഊര്‍ജസ്വലതയും തീവ്രതയും ബാലചന്ദ്രന്റെ കവിതകളില്‍ മറ്റെങ്ങും കാണാത്ത നീലജ്വാലയായി കത്തിപ്പടരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം. ചുരുങ്ങിയ കാലത്തിനിടയ്ക്ക് മലയാള കവിതയില്‍ കാലചൈതന്യത്തിന്റെ സര്‍വ്വദാഹകമായ ഒരനുഭൂതിയായി ചമഞ്ഞിരിക്കുന്നു. ഇവിടെ ഭാഷ ശക്തമെങ്കിലും സരളമാണ്. കടങ്കഥകളോ വൈരുദ്ധ്യങ്ങളോ ഇല്ല. ഇന്നത്തെ ചെറുപ്പക്കാരന്റെ സംവേദനക്ഷമമായ ഹൃദയത്തിന്റെ അഗാധദു:ഖവും അമ്പരപ്പും ഇടിമുഴക്കം പോലുള്ള ദീര്‍ഘവിലാപമായി അദ്ദേഹത്തിന്റെ കവിതയില്‍നിന്നും പൊട്ടിവിടരുമ്പോള്‍, ശ്ലഥബിംബങ്ങളിലൂടെ സംക്രമിക്കുമ്പോള്‍ ആ ലാവാദ്രവം, അതുനമ്മെ എത്രതന്നെ പൊള്ളിച്ചാലും അത് ഏറെ പ്രതീക്ഷയോടെ ഏറ്റുവാങ്ങുന്നു. ഈ കവിയുടെ അലമുറ ഇന്ന് നമുക്കാവശ്യമാണ്’ എന്ന് കുറിച്ചുവെച്ചുകൊണ്ടാണ് മലയാളത്തിലെ ഏറ്റവും മികച്ച മുതിര്‍ന്ന കവി തന്റെ ഇളമുറക്കവിയോട് സ്‌നേഹവും പ്രതീക്ഷയും അര്‍പ്പിച്ചത്. ഈ കവിത ആരും പ്രകാശിപ്പിക്കേണ്ടതില്ല. സ്വയം പ്രകാശിച്ചുകൊള്ളും എന്നദ്ദേഹം എഴുതി.

balachandran chullikkadu, vg thampy, rasana,

വി.ജി. തമ്പിയും ബാലചന്ദ്രൻ ചുളളിക്കാടും ( പഴയകാല ചിത്രം)

വൈലോപ്പിള്ളിയുടെ അദൃശ്യസാന്നിധ്യത്തില്‍ നടന്ന ആ പുസ്തകപ്രകാശനവേദി അരവിന്ദന്‍, കോവിലന്‍, പവിത്രന്‍, സച്ചിദാനന്ദന്‍, കടമ്മനിട്ട, എം. ഗംഗാധരന്‍, കുഞ്ഞുണ്ണി, മാടമ്പ്, വി.പി. ശിവകുമാര്‍, ടി.കെ രാമചന്ദ്രന്‍, ടി.വി. കൊച്ചുബാവ തുടങ്ങിയ പല തലമുറകളുടെ ഗംഭീരസംഗമമായിരുന്നു. പിരിയുംമുമ്പ് ബാലന്‍ വികാരഭരിതനായി പറഞ്ഞതോര്‍ക്കുന്നു – സ്വന്തമെന്നുപറയാന്‍ എനിക്ക് ഈ ഇരിക്കുന്ന ബന്ധുക്കളും ഈ പുസ്തകവും മാത്രമേയുള്ളൂ. ഈ ഭൂമിയില്‍, വെള്ളച്ചാട്ടത്തിലൊരു കൊച്ചുകടലാസുകപ്പല്‍പോലെ ഒഴുക്കിവിടുകയാണ് എന്റെ പാവപ്പെട്ട ഈ കൊച്ചുപുസ്തകത്തെ. സ്വന്തം ദൗര്‍ബല്യങ്ങളും ഈ കവിതകള്‍ക്കൊപ്പം പ്രകാശിപ്പിക്കപ്പെടുകയാണ്.

സാഹിത്യ അക്കാദമിയുടെ മുറ്റം നിറയെ കാവ്യാസ്വാദകരും സുഹൃത്തുക്കളുമായിരുന്നു. അവരില്‍ നിന്നല്‍പം മാറി ഒരു മരച്ചുവിട്ടില്‍ ഇരുന്ന് കരയുന്ന ഒരു രൂപത്തെ ഓര്‍ക്കാതിരിക്കാനാവുന്നില്ല. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും പേടികൊണ്ടും ആസകലം നനഞ്ഞുകുതിര്‍ന്ന ഒരു മെലിഞ്ഞരൂപം. ബാലന്റെ പ്രണയകാല സൗന്ദര്യമാണത്. പേടികളനങ്ങുന്ന സദാ നനഞ്ഞകണ്ണുകളുമായി വിജയലക്ഷ്മി ആ പ്രകാശനവേദിയുടെ പിന്നാമ്പുറത്തുണ്ടായിരുന്നു. വിജയലക്ഷ്മിയുടെ കവിതകളിലൊന്ന് രസനയാണ് പ്രസിദ്ധീകരിച്ചത് വെറുമൊരു കത്ത് എന്ന കവിത. ഉള്ളുലക്കുന്ന ആ കവിതയില്‍ വിജയലക്ഷ്മിയുടെ മുഴുവന്‍ ആത്മീയ ആകുലതകളും തിളക്കുന്നുണ്ട്. ബാലന്റെയും വിജയലക്ഷ്മിയുടെയും പ്രണയകാലത്തെ ഓര്‍ക്കുമ്പോള്‍ രക്തം ഇരച്ചുകയറുകയാണ്.

തച്ചനറിയാത്ത മരം

ബാലന്റെ പതിനെട്ടു കവിതകളുടെ പ്രകാശനം കഴിഞ്ഞ് പതിനഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷമാണ് എന്റെ ആദ്യ കവിതാസമാഹാരം പുറത്തുവരുന്നത്. എന്റെ കവിതകളെക്കുറിച്ച് ബാലന്‍ എന്നോട് പ്രിയത്തോടെ മന്ത്രിച്ചിട്ടുണ്ടെങ്കിലും ഒന്നും പരസ്യപ്പെടുത്തിയിരുന്നില്ല. ഒരു ഭൗതികസംഭവം, കാത്തിരിപ്പോ, പ്രണയമോ മരണമോ ആകട്ടെ അതൊരു ആതമീയാനുഭവമാകുമ്പോഴാണ് തമ്പി കവിതയെഴുതുന്നത്. അതുകൊണ്ടാണ് കവിതകള്‍ കുറഞ്ഞുപോകുന്നതെന്ന് അയാള്‍ എനിക്കൊരു വെളിച്ചം പകര്‍ന്നിട്ടുണ്ട്. തച്ചനറിയാത്തത് മരം പ്രകാശിപ്പിച്ചത് 1995 മാര്‍ച്ചില്‍ സുകുമാര്‍ അഴീക്കോടായിരുന്നു. ഏറ്റുവാങ്ങിയത് ബാലചന്ദ്രന്‍. മേതിലും ആഷാമേനോനും തുടങ്ങി വലിയൊരു എഴുത്തുകാരുടെ സാന്നിധ്യമുണ്ടായിരുന്നു. ആ വേദിയില്‍ വച്ചാണ് അഴീക്കോടുമായി ബാലന്‍ ഇടയുന്നത്. അടിയന്തരാവസഥ കാലത്ത് ബുദ്ധിജീവികളെല്ലാം മിണ്ടാപൂച്ചകളായിരുന്നുവെന്ന് അവിടെ വച്ചാണയാള്‍ പറഞ്ഞത്. പിന്നീട് അത് വിവാദമായി. അഴീക്കോട് മാഷുമായുള്ള ബന്ധം മുറിഞ്ഞുപോയി.

balachandran chullikkadu, rasana, v.g.thamapy

ബാലചന്ദ്രൻ ചുളളിക്കാട് പതിനെട്ട് കവിതകൾ​ സമാഹാരവുമായി

തച്ചനറിയാത്ത മരത്തിന് ബാലനെഴുതിയ അവതാരിക അവസാനിക്കുന്നത് ഇങ്ങനെ – ‘മരിക്കാനാവാതെ, ജീവിക്കാനാവാതെ, വിശ്വസിക്കാനാവാതെ. അവിശ്വസിക്കാവാതെ ആരംഭിക്കാനാവാതെ, അവസാനിപ്പിക്കാനാവാതെ, പിതാവ്, മകള്‍, സുഹൃത്ത്, പ്രകൃതി, പ്രണയം, ദൈവം, മരണം, പിറവി, മറവി എന്നിങ്ങനെയുളള മഹാബാധകളാല്‍ യാതനപ്പെടുന്നു ഈ കവിക്ക് വി.ജി.തമ്പി എന്നും നാമകരണം ചെയ്യാം.’
ഇത് വായിച്ചിട്ട് ആഷാമേനോന്‍ പറഞ്ഞത് തമ്പിയുടെ ഏറ്റവും നല്ല കവിത ബാലനാണ്. ബാലന്റെ ജീവിതത്തിന്റെ കവിത തമ്പിയാണ്. ഇത്രത്തോളം ഒരു സൗഹൃദത്തിന് വളരാന്‍ സാധ്യതയുണ്ടെങ്കില്‍ ഈശ്വരാ! സൗഹൃദമായ സൗഹൃദമേ എന്ന് നളചരിതത്തിലെ ആ നിലവിളിയാണ് ഉള്ളില്‍ നിന്ന് പാഞ്ഞുപോകുന്നത്. തച്ചനറിയാത്ത മരത്തിന്റെ രണ്ടാംപതിപ്പില്‍ കരിയില്‍ അമാവാസിയുടെ നിറമുള്ള ബാലന്‍ വരച്ച ഇരുപതോളം ചിത്രങ്ങളുമുണ്ടായിരുന്നു.

അമാവാസിക്കാലത്തിന്റെ കാവ്യസ്മരണകള്‍ തല്‍ക്കാലം ഇറക്കിവെയ്ക്കുന്നു. മൂര്‍ച്ച കുറഞ്ഞ ഒരു വെട്ടുകത്തികൊണ്ടാണ് ഓര്‍മ്മമരത്തിലെ ചില ചില്ലകള്‍ മുറിച്ചുനോക്കിയത്. ചോരയും വെള്ളവും ചില്ലകളുടെ അരികുകളെ നനക്കുന്നുണ്ട്.

ദു:ഖവേളകളില്‍ ഞാന്‍ വെറുതെ ബാലനെ കയ്യിലെടുക്കും. അപ്പോള്‍ സ്‌നേഹത്തിന്റെയും കരുണയുടെയും തലോടലില്‍ എനിക്കെന്താശ്വാസമാണ് കിട്ടുന്നത്.

തച്ചനറിയാത്ത മരത്തിന്റെ അവതാരികയും സ്വന്തം ചിത്രങ്ങളും മാത്രമല്ല ജെറാള്‍ഡ് മാന്‍ലി ഹോപ്കിന്‍സിന്റെ ഒരു കവിതയുടെ വിവര്‍ത്തനവും ബാലന്‍ എനിക്ക് സമ്മാനിച്ചു. ഈയ്യിടെ നാല്‍പത്തിരണ്ട് കാവ്യപരിഭാഷകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഈ കവിത ചേര്‍ക്കാന്‍ വിട്ടുപോയെന്ന് ബാലന്‍ പറഞ്ഞു. ഹോപ്കിന്‍സിന്റെ ആ വരികളില്‍ ഞങ്ങളുടെ ആ അമാവാസിക്കാലം ആകെ തൂങ്ങിയാടുന്നത് യാദൃച്ഛികം.

“ചിത്തമേ! അനാരോഹിതമാകു-
മെത്ര പര്‍വ്വത പംക്തികള്‍ നിന്നില്‍.
ഒറ്റ മര്‍ത്ത്യനടിത്തട്ടുകാണാ
നൊത്തിടാത്തതാമെത്രയാഴങ്ങള്‍
ഒറ്റമാത്രയതിന്റെ മധ്യത്തില്‍
പ്പെട്ടു തൂങ്ങി പിടഞ്ഞിടാത്തോര്‍ക്കി-
തൊക്കെയും വിലകെട്ടതായ്‌ത്തോന്നാം.
ഹ്രസ്വമാമീ സഹനത്തിനാമോ
ഗര്‍ത്ത ശൃംഗ പരാപരകോടി
തൊട്ടുപോരുവാന്‍! ഭ്രഷ്ടനാം മര്‍ത്ത്യാ
ചക്രവാതത്തിലൂടെ ലഭിക്കും
ദു:ഖശാന്തിയില്‍ നീയിഴഞ്ഞോളൂ.
മൃത്യുവില്‍ ജീവിതമൊടുങ്ങുന്നു
നിദ്രയോടെ ദിനം മരിക്കുന്നു.”

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ