ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതില്‍ ഒട്ടും താത്പര്യമില്ലാത്ത ഒരാളാണ് ഞാന്‍. ഒരു ദിവസവും മറ്റൊരു ദിവസവും തമ്മില്‍ കാര്യമായ വ്യത്യാസം സംഭവിക്കാത്തതുകൊണ്ട് ജന്മദിനാഘോഷങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ സവിശേഷതകളുണ്ടെന്നും ഞാന്‍ കരുതിയില്ല. ഞാന്‍ ഇന്നുവരെ ജന്മദിനം ആഘോഷിച്ചിട്ടുമില്ല. അതുകൊണ്ട് ഒരാള്‍ക്ക് 60 വയസാകുന്നു എന്നത് ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമാണ് എന്ന് ഞാന്‍ കരുതുന്നില്ല. ബാലനും അങ്ങിനെതന്നെയാണ് എന്നാണ് എന്റെ വിശ്വാസം.

മലയാളത്തില്‍ താരശോഭയോടുകൂടി ആഘോഷിക്കപ്പെട്ട കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. വളരെ ചെറുപ്പത്തിലേതന്നെ ഒരു കവി എന്ന നിലയ്ക്കുള്ള ആദരവും അംഗീകാരവും മലയാളികള്‍ ബാലന് നല്‍കുകയും ചെയ്തു. പക്ഷെ മലയാളത്തിലെ മഹത്തായ കവി ആണ് താന്‍ എന്ന് ബാലന് അഭിപ്രായവുമില്ല. മഹത്തായ കവിതയുടെ വലുപ്പത്തെക്കുറിച്ചുള്ള അവബോധമാണ് ഏതൊരാളേയും സ്വന്തം കവിതയുടെ പരിമിതി മനസിലാക്കാന്‍ സഹായിക്കുന്നത്.

ks radhakrishnan, balachandran chullikkadu, malayalam writer,

കെ എസ് രാധാകൃഷ്ണൻ

ഞാനും ബാലനും കഴിഞ്ഞ 43 വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്. അതിനര്‍ത്ഥം ഞങ്ങള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമോ ഞങ്ങളുടെ ജീവിതശൈലികളോ, ധാര്‍മികമൂല്യങ്ങളോ, ശീലങ്ങളോ ഒന്നായിരുന്നു എന്നല്ല. എന്നാല്‍ സൗഹൃദത്തിന്റെ തുടക്കകാലത്ത് വിശപ്പും, ദാരിദ്ര്യവും അപമാനങ്ങളും മുറിവുകളുമെല്ലാം ഞങ്ങള്‍ പരസ്പരം പങ്കുവെച്ചിരുന്നു. ബാലനെ ഞാന്‍ ആദ്യമായി കാണുന്ന സമയത്ത് അവന്‍ മാര്‍ക്‌സിസത്തിലും ലെനിനിസത്തിലുമൂന്നിയ ഇടതു പ്രത്യയശാസ്ത്രത്തിന്റെ ഉറച്ച വിശ്വാസിയായിരുന്നു. എന്നാല്‍ ദാര്‍ശനികമായ കാരണങ്ങളാല്‍ എനിക്കീ പ്രത്യയശാസ്ത്രങ്ങളോട് എതിര്‍പ്പായിരുന്നു. അക്കാലത്ത് മാര്‍ക്‌സിസത്തെ ഒരു തത്വശാസ്ത്രം എന്ന നിലയില്‍ അതിന്റെ ജ്ഞാനശാഖയെക്കുറിച്ചും ദര്‍ശനപരമായും ധാര്‍മികമായുമുള്ള വ്യാപ്തിയെക്കുറിച്ചും ഒരു പഠനം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. മാര്‍ക്‌സിസത്തിന്റെ ഇത്തരത്തിലുള്ള വ്യാപ്തികളെക്കുറിച്ച് ഞങ്ങള്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നു. ഞാനതിനെ എതിര്‍ക്കാന്‍ കാരണം, എന്റെ അഭിപ്രായത്തില്‍ മാര്‍ക്‌സിസം ജ്ഞാനപദ്ധതിയനുസരിച്ച് പരസ്പര വൈരുദ്ധ്യം നിറഞ്ഞതും തത്വശാസ്ത്രപരമായി അസംബന്ധവും സദാചാരശാസ്ത്രപരമായി പൈശാചികവുമാണ്. എന്നാല്‍ ബാലന്‍ ഇതിനോട് വിയോജിച്ചിരുന്നു.

Read More : ഇല കൊഴിയാതെ ഒരു കവി

ബാലന്‍ ഞാനുമായി കണ്ടുമുട്ടുന്നത് യാത്രാമൊഴി എന്ന കവിത വായിക്കാനായി കോളേജില്‍ വന്നപ്പോളാണ്. ഹോസ്റ്റല്‍ ബാലന്റെ ഇടത്താവളമായിരുന്നു. പലപ്പോഴും സുഹൃത്തുക്കളുടെ കൂട്ടും ബാലനൊപ്പമുണ്ടാകും. ജോണ്‍ എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ ആ പക്ഷിക്കൂട്ടത്തിലുണ്ടായിരുന്നു. അവധിക്കാലങ്ങള്‍ വേര്‍പിരിയലിന്റെയും വറുതിയുടെയും നാളുകളായിരുന്നു.

balachandran chullikkadu, ks radhakrishnan, malayalam poet

ബാലചന്ദ്രൻ ചുളളിക്കാട് (പഴയകാല ചിത്രം)

ബാലന്‍ തന്റെ ഇരുപതുകളില്‍ തന്നെ, കവിയെന്ന നിലയില്‍ കവി കുലപതികള്‍ക്കിടയില്‍ നക്ഷത്രശോഭയോടെ തിളങ്ങിയിരുന്നു. അത് ബാലന്റെ കവിയെന്ന നിലയിലെ തുടക്കകാലമായിരുന്നു. അദ്വൈതത്തെക്കുറിച്ചും മാര്‍ക്‌സിസത്തെ കുറിച്ചും ഞാനെഴുതിയ പുസ്തകത്തിന്റെ ആദ്യ വായനക്കാരന്‍ ബാലനായിരുന്നു. ഒരേ പ്രത്യയശാസ്ത്രവും ജീവിത ശൈലികളും ശീലങ്ങളുമൊക്കെയുണ്ടെങ്കിലേ രണ്ടുപേര്‍ക്ക് യഥാര്‍ത്ഥ സുഹൃത്തുക്കളാകാന്‍ കഴിയൂ എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതിനെയെല്ലാം അടിസ്ഥാനപ്പെടുത്തി മാത്രമാണെങ്കില്‍ അത് സൗഹൃദമല്ല, അടിമത്തമായിരിക്കും. പരസ്പരമുള്ള വിയോജിപ്പുകളില്‍ ഞങ്ങള്‍ യോജിച്ചു. അതേസമയം, ജീവിതത്തില്‍ ഞങ്ങള്‍ പൊതുവായ ചിലത് പങ്കവയ്ക്കുകയും ചെയ്തിരുന്നു.

Read More : ബാലന്‍റെ ബുദ്ധനും കുനിയുടെ ഗുരുവും

ആശ്ചര്യമെന്നു പറയട്ടെ, മലയാളത്തില്‍ എന്റെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടല്ല. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ബാലന്റെയും പ്രിയപ്പെട്ട കവിയല്ല. ഞങ്ങളുടെ പ്രിയപ്പെട്ട കവികള്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനും, കുമാരനാശാനും ചങ്ങമ്പുഴയുമായിരുന്നു. ഇവരെക്കൂടാതെ പി. കുഞ്ഞിരാമന്‍ നായര്‍, ഇടശ്ശേരി, ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, വൈലോപ്പിള്ളി തുടങ്ങിയവരെയും വളരെ ഇഷ്ടമായിരുന്നു. ഉള്ളൂര്‍ എസ്. പരമേശ്വര അയ്യരുടെ പ്രേമസംഗീതം മലയാളഭാഷയുടേയും സാഹിത്യത്തിന്റെയും വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ മറ്റ് സംഭാവനകളും ഞങ്ങള്‍ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ച ഈ മഹാ കവികളെക്കുറിച്ചൊക്കെ സംസാരിച്ച് ഞങ്ങള്‍ ഒരുപാട് സമയമിരുന്നിരുന്നു. എന്റെ പക്കല്‍ നിന്ന് വളരെയധികം ആത്മാര്‍ത്ഥതയോടെ തത്വശാസ്ത്രം പഠിക്കാന്‍ താത്പര്യം കാണിച്ചിരുന്ന ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ബാലന്‍.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മലയാളഭാഷ ഏറെ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ഒരു കവിയാണ് ബാലന്‍. ആരാധകര്‍ക്കിടയില്‍ ബാലന്റെ നിരവധി കവിതകള്‍ വലിയ ചര്‍ച്ചകളായിരുന്നു. എന്നാല്‍ അതെല്ലാം ബാലന്റെ അപക്വമായ വാക്കുകളായാണ് ഞാന്‍ വിലയിരുത്തുന്നത്. എന്നാല്‍ ‘മാനസാന്തരം’ എന്ന കവിത മലയാളത്തിലെ ഏറ്റവും മികച്ച കവിതകളില്‍ ഒന്നാണ്. മലയാളത്തിലെ ഏറ്റവും മികച്ച പത്തു കവിതകളുടെ ശ്രേണിയിലാണ് ഞാന്‍ മാനസാന്തരത്തിന് സ്ഥാനം നല്‍കിയിരിക്കുന്നത്. ആ കവിതകളെ അതിന്റെ മൂല്യാധിഷ്ഠിതമായി പറഞ്ഞാല്‍?ഹരിനാമ കീര്‍ത്തനം, ജ്ഞാനപ്പാന, പ്രരോദനം, പ്രേമസംഗീതം, കളിയച്ഛന്‍, സഹ്യന്റെ മകന്‍, ശിവതാണ്ഡവം, മഴുവിന്റെ കഥ, പൂതപ്പാട്ട്, മാനസാന്തരം എന്നിങ്ങനെയായിരിക്കും ആ പട്ടിക.മാനസാന്തരം എന്ന കവിതയില്‍ പക്വത നിറഞ്ഞ കാവ്യ സൗന്ദര്യശാസ്ത്രത്തിന്റെ കൊടുമുടി കയറി ബാലന്‍; ഒപ്പം മലയാളത്തിലെ മുന്‍നിര കവികളില്‍ ഒരാളാകുകയും ചെയ്തു.

മായമില്ലാത്തതാണ് ബാലന്റെ കവിത. എന്റെ അനുഭവത്തില്‍ ബാലന്‍ കവിതയോട് വിശ്വസ്തതയും കൂറും ആത്മാര്‍ത്ഥയുള്ളവനുമാണ്. സ്വകാര്യജീവിതത്തെക്കുറിച്ച് അത്ര ഉത്കണ്ഠയുള്ള ആളൊന്നുമല്ല ബാലന്‍. ഒരുകാലത്ത് സ്റ്റേജ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ തന്റെ ഭാഗ്യം പരീക്ഷിച്ച ബാലന്‍ ഇപ്പോള്‍ സിനിമയിലേക്കും സീരിയലിലേക്കും ചുവടുമാറ്റം നടത്തി. എന്നാല്‍ ബാലനെ ഒരു മികച്ച നടനായൊന്നും ആരും കണക്കാക്കുന്നില്ല. പക്ഷെ, എതിരാളികളും വിമര്‍ശകരും പോലും ഒരു ഗൗരവമേറിയ കവി എന്ന തലത്തില്‍ ബാലനെ അംഗീകരിച്ചിട്ടുണ്ട്. ബാലന്റെ അനുഭവസമാഹാരമായ ‘ചിദംബരസ്മരണ’ ഭാവനയാണെന്ന് വിമര്‍ശിക്കുന്നവര്‍, അങ്ങിനെയെങ്കില്‍ അവന്‍ മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥാകൃത്താണെന്ന് സമ്മതിക്കേണ്ടി വരും. വീക്ഷണം പത്രത്തില്‍ എനിക്കൊപ്പം മാധ്യമപ്രവര്‍ത്തകനായി ബാലന്‍ ജോലി ചെയ്തിട്ടുണ്ട്. പിന്നീട് ഞാന്‍ കോളേജ് അധ്യാപകനായി ജോലി ലഭിച്ചു പോയപ്പോഴും ബാലന്‍ അവിടെ തുടര്‍ന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തനം ബാലനെ അത്ര സന്തോഷിപ്പിച്ചിരുന്നില്ല. ജോലിയില്‍ വിശ്വസ്തനായിരുന്നെങ്കിലും സര്‍ക്കാര്‍ ട്രഷറിയിലെ അക്കൗണ്ടന്റ് ജോലിയിലും അവന്‍ സന്തോഷവാനായിരുന്നില്ല. ,വരുമാനമാര്‍ഗം എന്നതിലുപരി ഒരു കലാപ്രവര്‍ത്തിയായൊന്നും അതിനെ കണ്ടിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ബാലന്റെ സൗന്ദര്യധാര ഒഴുകുന്നത് കവിതയിലാണ്.

Read More : മണ്ണാങ്കട്ടയും കരിയിലയും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ