scorecardresearch
Latest News

വീണ്ടും ചില (മജിസ്ട്രേറ്റിന്റെ) വീട്ടുകാര്യങ്ങൾ

“പ്രതിയെ ഏത് സമയത്ത് അറസ്റ്റ് ചെയ്ത് ഹാജരാക്കിയാലും പ്രോസിക്യൂട്ടറുടെ സാന്നിദ്ധ്യം എല്ലാ നോൺ- ബെയിലബ്ൾ കേസുകളിലും ഉറപ്പു വരുത്താൻ കഴിയണം. ഈ ആധുനിക കാലത്ത് സാങ്കേതിക വിദ്യ വഴിയെങ്കിലും പ്രോസിക്യൂട്ടറുടെ സാന്നിദ്ധ്യം ഉറപ്പു വരുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവുമല്ല. അതിനുള്ള ആർജ്ജവം വിചാരണത്തടവിന്റെ ചൂടും ചൂരുമുള്ള അനുഭവങ്ങൾ നിറഞ്ഞ ഭൂതകാലങ്ങളുള്ള ഭരണാധികാരികൾക്ക് ഉണ്ടാവണം.” അനുഭവങ്ങളുടെ അടിസ്ഥാനത്തിലെ നിരീക്ഷണം

വീണ്ടും ചില (മജിസ്ട്രേറ്റിന്റെ) വീട്ടുകാര്യങ്ങൾ
ചിത്രീകരണം: വിഷ്ണുറാം

എന്തിനാണൊരു പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുന്നതെന്ന് പൊലീസിനോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരവും യാഥാർത്ഥ്യവും തമ്മിൽ വലിയ അന്തരമുണ്ട്.

പൊലീസ്, പൊലീസിനെ പ്രതിനിധീകരിക്കുന്ന പ്രോസിക്യൂട്ടർ (സർക്കാർ വക്കീൽ) എന്നിവരോടു ചോദിച്ചാൽ കിട്ടുന്ന ഉത്തരങ്ങൾ ഇവയാണ്: നിയമപ്രകാരം ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ പ്രതിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കണം, രാത്രി പൊലീസ് സ്റ്റേഷനിൽ പ്രതിയെ സൂക്ഷിക്കാൻ വേണ്ടത്ര സൗകര്യങ്ങളില്ല, അഥവാ ഉണ്ടെങ്കിൽ തന്നെ പൊലീസിന്റെ ഭാഗത്തുനിന്നുള്ള കസ്റ്റഡി അതിക്രമങ്ങൾ ഒഴിവാക്കാനായി പ്രതിയെ രാത്രി സെല്ലിൽ ഇടരുതെന്ന് ഡിജിപിയുടെ നിർദേശമുണ്ട്.

ഈ പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷേ അതൊന്നുമല്ല പല കേസുകളിലെയും യഥാർത്ഥ കാരണം. രണ്ടു ദിവസം മുമ്പേ കസ്റ്റഡിയിലെടുക്കുന്ന പ്രതിയെ, മൂന്നാം ദിവസം വെളുപ്പിനു നാലിന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, പൊലീസ് സ്റ്റേഷനു തൊട്ടുചേർന്ന കോടതിയുടെ പ്രവൃത്തിസമയത്തൊന്നും ഹാജരാക്കാതെ, മജിസ്ട്രേറ്റ് വീട്ടിൽ വന്നുകയറുന്ന ഉടനെ വീട്ടിൽ ഹാജരാക്കുന്നത് പല കേസിലും പ്രതിക്കു ജാമ്യം കിട്ടരുതെന്ന വ്യക്തമായ ഉദ്ദേശത്തോടെ തന്നെയാണ്. അതു പൊലീസിന്റെ നിർബന്ധ ബുദ്ധിയാവാം, അല്ലെങ്കിൽ നിലനിൽക്കില്ലെന്ന് പൂർണബോധ്യമുള്ള കേസിലെ പ്രതി ഒരു ദിവസമെങ്കിലും ജയിലിൽ കിടക്കണമെന്ന പരാതിക്കാരന്റെ പിടിവാശിക്കു മുന്നിൽ ‘മറ്റ് പല കാരണങ്ങളാൽ’ പൊലീസ് വഴങ്ങിക്കൊടുക്കുന്നതുമാവാം.

മജിസ്ട്രേറ്റിന്റെ വീട്ടിൽ പ്രതിയെ ഹാജരാക്കിയാൽ ജാമ്യം നൽകുന്നതിന് എന്താണ് തടസമെന്നു ചോദിച്ചാൽ പ്രധാന കാരണം, ജാമ്യാപേക്ഷയിൽ വാദം പറയാനായി പ്രോസിക്യൂട്ടർ ഉണ്ടാവില്ലെന്നത് തന്നെയാണ്. പ്രതിക്കു വക്കീലില്ലെങ്കിൽ ലീഗൽ സർവീസസ് അതോറിറ്റി നിയമിച്ചിരിക്കുന്ന വക്കീലിന് അറിയിപ്പ് നൽകണം. പക്ഷേ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുന്ന പ്രതിക്കൊപ്പം പ്രോസിക്യൂട്ടറും ഹാജരാകണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂട്ടറുടെ വാദം കേൾക്കും, ജാമ്യം നൽകും?

s.sudeep, iemalayalam

പ്രോസിക്യൂട്ടറെ കേൾക്കാതെ ജാമ്യം നൽകാമോ എന്നതാണ് അടുത്ത ചോദ്യം. ഏഴു വർഷമോ അതിലധികമോ ഉള്ള തടവിനു ശിക്ഷിക്കാവുന്ന കുറ്റമാണ് ആരോപിക്കപ്പെടുന്നതെങ്കിൽ, പ്രോസിക്യൂട്ടർക്കു പറയാനുള്ളതു പറയാൻ അവസരം നൽകാതെ ഒരാളെ ജാമ്യത്തിൽ മോചിപ്പിക്കാൻ പാടില്ലെന്ന് ക്രിമിനൽ നടപടി നിയമം അനുശാസിക്കുന്നു.

ഏഴു വർഷത്തിൽ താഴെ തടവുശിക്ഷ നൽകാവുന്ന നോൺ-ബെയിലബ്ൾ കുറ്റങ്ങളിൽ എത്ര മജിസ്ട്രേറ്റുമാർ വീട്ടിൽ വച്ച് ജാമ്യം നൽകാൻ മുതിരുമെന്നതാണ് അടുത്ത വിഷയം.

മജിസ്ട്രേറ്റുമാരിൽ ഒന്നാമത്തെ കൂട്ടരെ നിയന്ത്രിക്കുന്നത് പരാതികളോടുള്ള അമിത ഭയം തന്നെയാണ്. മജിസ്ട്രേറ്റിന്റെ വീട്ടിൽ കോടതി ജീവനക്കാരോ സർക്കാർ വക്കീലോ ഒന്നും ഹാജരാകുന്നില്ല. വീട്ടിൽ വച്ച് ജാമ്യം നൽകിയാൽ മജിസ്ട്രേറ്റിനെതിരെ പൊലീസും ശിങ്കിടികളും പരാതികളും അഴിമതിയാരോപണവുമായി ഓടിയെത്തിയാലോ എന്ന ഭയത്താൽ ഭരിക്കപ്പെടുന്ന മജിസ്ട്രേറ്റുമാരുണ്ട്. ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം താഴെത്തട്ടുകളെക്കുറിച്ചുള്ള പരാതി ശരിയോ തെറ്റോ എന്നതല്ല പ്രധാനം. എന്തുചെയ്താലും പരാതി ഉണ്ടാവരുതെന്നതാണ് ഒരു ലൈൻ.

പരാതി വന്നാൽ ആരോപണ വിധേയൻ വിശദീകരണം നൽകണം, മേലധികാരി അത് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കണം, വേണ്ടിവന്നാൽ അന്വേഷണം നടത്തണം, നടപടി എടുക്കണം. കുറ്റക്കാരനല്ലെന്നു കണ്ടാൽ പോലും ആരോപണ വിധേയനാകുന്ന കീഴ്‌ക്കോടതി ജഡ്ജിയെ പ്രശ്നക്കാരനായി മുദ്രകുത്തുന്നതാണ് രീതി; പരാതി നേരോ നുണയോ എന്നതൊന്നും പ്രസക്തമായെന്നു വരില്ല. അങ്ങനെ പ്രശ്നക്കാരനായി ചാപ്പ കുത്തപ്പെടുന്ന മജിസ്ട്രേറ്റിനെ കാത്തിരിക്കുന്നത് സ്ഥലംമാറ്റം മുതൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടിലെ പ്രതികൂല പരാമർശങ്ങൾ വരെ പലതുമായിരിക്കും. നോൺ- ബെയിലബ്ൾ കേസുകളിൽ വീട്ടിൽ വച്ച് ജാമ്യം നൽകിയില്ലെങ്കിൽ അതൊരു പരാതിക്കു വിഷയമാകാൻ യാതൊരു സാധ്യതയുമില്ലെന്നിരിക്കെ, ആദ്യ വിഭാഗം മജിസ്ട്രേറ്റുമാർ തിരഞ്ഞെടുക്കുക സുരക്ഷിതമായ ആ മാർഗം തന്നെയായിരിക്കും.

രണ്ടാമത്തെ വിഭാഗം മജിസ്ട്രേറ്റുമാർ പൊലീസിനെ അതിരുവിട്ടു സ്നേഹിക്കുന്ന, പൊലീസിന്റെ അമിതലാളനകൾക്കു പാത്രമായ മജിസ്ട്രേറ്റുമാരാണ്. അവർക്ക് എന്തിനും ഏതിനും പൊലീസ് വേണം – സിനിമ തിയറ്ററിൽ ടിക്കറ്റെടുത്ത് കാത്തുനിൽക്കാനും വഴികാണിക്കാനും ട്രെയിനിൽ പെട്ടിയെടുത്ത് വയ്ക്കാനും വിനോദയാത്ര പോകാനും അതിനു സൗകര്യമൊരുക്കാനും ഒക്കെ പൊലീസ് വേണം. സല്യൂട്ട് അവർക്കൊരു ഹരമാണ്. പൊലീസിനെ പിണക്കിക്കൊണ്ട്, അവരുടെ അമിതലാളനകൾ നഷ്ടപ്പെടുത്തിക്കൊണ്ട് കോടതിയിൽ പോലും പെരുമാറാത്ത അവരാണോ വീട്ടിൽവച്ച് ജാമ്യം നൽകുക!

s.sudeep, iemalayalam

അവസാനത്തെ വിഭാഗം മജിസ്ട്രേറ്റുമാർ, ഏഴു വർഷത്തിൽ താഴെ ശിക്ഷ നൽകാവുന്ന, പ്രതിയെ വീട്ടിൽ ഹാജരാക്കുന്ന നോൺ- ബെയിലബൾ കേസുകളിൽ, പ്രതി ജാമ്യത്തിന് അർഹനാണെന്ന് ഉത്തമബോദ്ധ്യം വരുന്ന പക്ഷം, പ്രോസിക്യൂട്ടറെ കേൾക്കാതെ തന്നെ ജാമ്യം നൽകുന്നവരായിരിക്കും. തീർത്തും ന്യൂനപക്ഷമായ അവരെ നിയമപരമായും അല്ലാതെയുമൊക്കെ പൊലീസ് കൈകാര്യം ചെയ്യും. എഫ് ഐ ആർ എന്ന പ്രഥമ വിവര റിപ്പോർട്ടിനെത്തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്.

അന്വേഷണ സമയത്ത് പ്രതിക്കെതിരെ ചേർക്കുന്ന വകുപ്പുകൾ കുറ്റപത്രം നൽകുന്ന വേളയിൽ ഉണ്ടായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. അതായത് പ്രതിയെ റിമാൻഡ് ചെയ്യുന്നത് ഉറപ്പാക്കാനായി ഏഴു വർഷം അല്ലെങ്കിൽ അതിനു മുകളിൽ തടവുള്ള കുറ്റം അറസ്റ്റ് സമയത്ത് ചേർക്കുന്നതിനും പിന്നീടത് നിലനിർത്തുകയോ നീക്കുകയോ ചെയ്യുന്നതിനും പൊലീസിന് യാതൊരു തടസവും മടിയും ഉണ്ടാകില്ലെന്നു ചുരുക്കം.

ഏഴു വർഷം തടവു കിട്ടാവുന്ന കുറ്റമാണ് പ്രതിയെ വീട്ടിൽ ഹാജരാക്കുന്ന സമയത്ത് ആരോപിക്കപ്പെടുന്നതെങ്കിൽ പ്രോസിക്യൂട്ടറെ കേട്ട ശേഷം മാത്രമേ ജാമ്യം നൽകാവൂയെന്ന നിബന്ധന മറികടക്കാനും ഏഴു വർഷത്തിൽ താഴെ മാത്രം വരുന്ന കേസുകളിൽ ജാമ്യം നൽകാൻ തയ്യാറുള്ള മജിസ്ട്രേറ്റിനെ നിയമപരമായി തടയാനുമായി ഏഴു വർഷമോ അതിലധികമോ തടവുള്ള ഒരു വകുപ്പു കൂടി പൊലീസ് ചേർക്കും, അത്ര തന്നെ. നിയമപരമല്ലാത്ത നടപടികൾ പലതുമാവാം – കോടതി നടപടികളിൽ ആവുന്നത്ര തടസമുണ്ടാക്കുക, സമൻസും വാറന്റുമൊക്കെ മന:പൂർവം നടത്താതെ മടക്കുക, നിരന്തരം കള്ളപ്പരാതികൾ കൊടുക്കുക, കൊടുപ്പിക്കുക, മജിസ്ടേറ്റിന്റെ വീടിനു കല്ലെറിയുക, സ്ഥിരം മോഷ്ടാക്കളെ മജിസ്ട്രേറ്റിന്റെ വീട്ടിലയക്കുക തുടങ്ങി പല രീതികളുണ്ട്.

ഇങ്ങനെയൊക്കെയാണ് ഒരു ദിവസമെങ്കിലും പ്രതിയെ ജയിലിലിടണമെന്ന അദമ്യമായ ആഗ്രഹത്തെ പൊലീസ് നേടിയെടുക്കുന്നത്. ജാമ്യാപേക്ഷ തീർപ്പാക്കാതെ ഒരു ദിവസത്തിലധികം ജയിലിലിടണമെങ്കിലോ? അതിനാണ് തുടർച്ചയായ അവധി ദിവസങ്ങളുടെ തുടക്കത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് മജിസ്ടേറ്റിന്റെ വീട്ടിൽ ഹാജരാക്കുന്നത്. അവധി ദിനങ്ങൾ കഴിഞ്ഞ് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകുന്നത് വരെ ജാമ്യാപേക്ഷ വാദം കേൾക്കാതെ, തീർപ്പാക്കാതെ അവിടെ കിടന്നോളും, പ്രതി ജയിലിലും.

ഒരു ദിവസമെങ്കിൽ ഒരു ദിവസം വിചാരണത്തടവുകാരനായി കിടക്കേണ്ടി വരുന്ന വ്യക്തിയുടെ ജീവിതത്തിൽ അതൊരിക്കലും മായാത്ത കളങ്കവും മറക്കാനാവാത്ത അനുഭവവുമാണ്. ആ ആളുടെ ജീവിതത്തെയും ജോലിയെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ആ അവസ്ഥ മനസിലാക്കണമെങ്കിൽ ഒരു ദിവസമെങ്കിലും ജയിലിൽ കിടക്കണം.

s.sudeep, iemalayalam

നീതിപീഠങ്ങളിൽ ഇരിക്കുന്നവർ, അവരുടെ ഭാഗ്യവശാലും മറ്റുള്ളവരുടെ നിർഭാഗ്യവശാലും ജയിലിൽ കിടക്കാത്തവരായതിനാൽ ജയിലെന്ന അനുഭവത്തെ അതിന്റെ പൂർണമായ അർത്ഥത്തിൽ മനസിലാക്കാൻ അവർക്ക് കഴിഞ്ഞെന്നു വരില്ല. എന്നാൽ ഭരണത്തിലിരിക്കുന്നവരിൽ പലരും രാഷ്ട്രീയത്തടവുകാരായി ഏറിയും കുറഞ്ഞുമുള്ള കാലങ്ങളിൽ വിചാരണത്തടവുകാരായി ജയിലിൽ കിടന്നവരാണ്, ജയിൽ എന്ന അവസ്ഥയെ തിരിച്ചറിയാൻ കഴിയുന്നവരാണ്.

പ്രതിയെ ഏതു സമയത്ത് അറസ്റ്റ് ചെയ്ത് ഹാജരാക്കിയാലും പ്രോസിക്യൂട്ടറുടെ സാന്നിധ്യം എല്ലാ നോൺ- ബെയിലബ്ൾ കേസുകളിലും ഉറപ്പുവരുത്താൻ കഴിയണം. ഈ ആധുനിക കാലത്ത് സാങ്കേതിക വിദ്യ വഴിയെങ്കിലും പ്രോസിക്യൂട്ടറുടെ സാന്നിധ്യം ഉറപ്പുവരുത്തുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യവുമല്ല. അതിനുള്ള ആർജവം വിചാരണത്തടവിന്റെ ചൂടും ചൂരുമുള്ള അനുഭവങ്ങൾ നിറഞ്ഞ ഭൂതകാലങ്ങളുള്ള ഭരണാധികാരികൾക്ക് ഉണ്ടാവണം.

അങ്ങനെ കേൾക്കുന്ന ജാമ്യാപേക്ഷകൾ പിന്നീട് വിശദമായി വാദം കേൾക്കാനെന്നു പറഞ്ഞ് മാറ്റിവയ്ക്കപ്പെടാതെ അപ്പോൾ അവിടെ വച്ചുതന്നെ തീർക്കാനുള്ള നിർബന്ധമായ ചുമതലയും മജിസ്ട്രേറ്റുമാർക്കു നൽകണം. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും മജിസ്ട്രേറ്റുമാർക്കു നൽകുകയും വേണം. ആയിരം സല്യൂട്ടുകൾ കിട്ടാതെ പോയാലും ഒരു പ്രതി പോലും അനാവശ്യമായി വിചാരണത്തടവിനു വിധിക്കപ്പെടരുത്.

എന്നിട്ടും ഇതൊന്നും മനസിലാകാതെ പോകുന്നെങ്കിൽ മജിസ്ട്രേറ്റുമാരെയും അവർക്കു പരിശീലനം നൽകുന്ന മുതിർന്ന ജഡ്ജിമാരെയുമൊക്കെ പരിശീലനത്തിന്റെ ഭാഗമായി ഒരു ദിവസം ജയിലിലെ സാധാരണ സെല്ലിൽ പാർപ്പിക്കുക. തീർച്ചയായും പിറ്റേന്ന് ജയിലിനു മുകളിൽ പുതിയൊരു സൂര്യൻ ഉദിക്കുകയും ചന്തമാർന്ന ഒരു മഴവില്ല് വിരിയുകയും ചെയ്യും.

Read More: എസ് സുദീപ് എഴുതിയ മറ്റു കുറിപ്പുകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Bail police public prosecutor