അമേരിക്കന്‍ ബോംബിങ്ങിന്‍റെ ഫലമായി വടക്കു പടിഞ്ഞാറന്‍ സിറിയയി ലെ ഒരു ഗ്രാമത്തില്‍ വെച്ച്, കുറച്ചു വര്‍ഷങ്ങളായി ഇസ്ലാമിക തീവ്രവാദത്തിനു പുതിയൊരു മുഖം നല്‍കിയ, ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐ.എസ്. എന്നറിയപ്പെടുന്ന തീവ്രവാദ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടത് ഈ തീവ്രവാദ പ്രവണതക്ക് അറുതി വരുത്താനിടയാക്കില്ലെന്നാണ് ലോക രാഷ്ട്രീയത്തില്‍ പല നിരീക്ഷകരും വില യിരുത്തുന്നത്. ഈ വിലയിരുത്തല്‍ ശരിയാകാം. രാഷ്ട്രീയ പ്രവണതകള്‍ തുടര്‍ന്നും നിലനില്‍ക്കുന്നതുകൊണ്ട് പുതിയ നേതൃത്വങ്ങള്‍ ഉയര്‍ന്നു വരാം. സ്വാഭാവികമാണത്.
തീവ്രവാദ പ്രസ്ഥാനങ്ങളില്‍ പ്രതിച്ഛായയും സ്വീകാര്യതയുമുള്ള നേതൃത്വങ്ങളുടെ സാന്നിദ്ധ്യം അവയുടെ നിലനില്‍പ്പിനെയും ഊര്‍ജസ്വലതയെയും ബാധിക്കുന്ന നിര്‍ണായക ഘടകമാണ്. ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിനു ശേഷം, ന്യൂയോര്‍ക്കിലെ ടവറുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളിലൂടെ ലോകത്തെ പിടിച്ചു കുലുക്കിയ അല്‍ഖ്വൈദ എന്ന പ്രസ്ഥാനം നാമ മാത്രമായി മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നതൊരു വസ്തുതയാണ്. ബിന്‍ ലാദന് പകരം വെക്കാവുന്ന മറ്റൊരു നേതാവ് ആ സംഘടനയില്‍ ഉയര്‍ന്നു വന്നില്ല. അഥവാ ഉയര്‍ന്നു വരാനിടയില്ലെന്ന് തന്നെ പറയാം. ഐ.എസ്സിന്‍റെ കാര്യത്തിലും ബാഗ്ദാദിക്ക് പകരം ഒരു നേതാവ് ഉയര്‍ന്നു വരിക എളുപ്പമായിരിക്കില്ല.
മത പാണ്ഡത്യത്തില്‍ അദ്വിതീയനാണ് താന്‍ എന്നു തെളിയിച്ചതിനുശേഷമാണ് ആ മതബോധത്തിന്‍റെ തുടര്‍ച്ചയായ മതരാഷ്ട്രീയത്തിലേക്ക് ബാഗ്ദാദി കടക്കുന്നത്. ബാഗ്ദാദിക്ക് മുന്‍പ് തന്നെ രൂപം കൊണ്ടിരുന്ന ഐ.എസ്സിന്‍റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അയാള്‍ അതിവേഗം ഉയര്‍ന്നു വരുന്നത് അങ്ങിനെയാണ്. ലോകം മുഴുവനും ഒരൊറ്റ ഇസ്ലാമിക രാഷ്ട്രമാവൂന്നതിനെക്കുറിച്ചുള്ള ആകര്‍ഷണീയമായ ഒരു സങ്കല്‍പ്പമാണ് അയാള്‍ അവതരിപ്പിച്ചത്. മുസ്ലീങ്ങളല്ലാത്തവര്‍ പോലും ഈ സങ്കല്‍പ്പത്തിലേക്ക് ലോകത്തിന്‍റെ പല ഭാഗത്തുനിന്നും ആകർഷിക്കപ്പെട്ടതിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്. കേരളത്തില്‍ നിന്നു പോലും മുസ്ലീങ്ങളല്ലാത്തവര്‍ ഉള്‍പ്പെടെയുള്ള ചെറു സംഘങ്ങള്‍ ഐ.എസ്സിലേക്ക് പുറപ്പെട്ടതിന്‍റെ കഥകള്‍ പുറത്തു വന്നിട്ടുള്ളത് നമ്മുടെ മുന്നിലുണ്ടല്ലോ. ഇത്തരമൊരു പ്രതിഭാസത്തിന്‍റെ അടിവേരുകള്‍ തേടുക എളുപ്പമല്ല.
ജനാധിപത്യവല്‍ക്കരണത്തിന്‍റെ ചരിത്രപ്രക്രിയയുമായി ബന്ധിപ്പിച്ചു കൊണ്ടാണ് തീവ്രവാദത്തിന്‍റെ നിലനില്‍പ്പിനെ മനസ്സിലാക്കേണ്ടതെന്ന് തോന്നുന്നു. ജനാധിപത്യവല്‍ക്കരണം ഏറെ മുന്നേറിയ യൂറോപ്പില്‍ തീവ്രവാദം ദുര്‍ബലമാണെന്ന് കാണാം. അയര്‍ലണ്ടില്‍ ദീര്‍ഘകാലമായും സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപംകൊണ്ട ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ താല്‍ക്കാലികമായി നിലനിന്ന തീവ്രവാദ പ്രവണതകളെ വിസ്മരിച്ചുകൊണ്ടല്ല ഇങ്ങിനെ പറയുന്നത്. രണ്ടു മൂന്നു നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ജനാധിപത്യവല്‍ക്കരണ പ്രക്രിയയുടെ ചരിത്രമാണ് യൂറോപ്പിനുള്ളത്. അത് സൃഷ്ടിച്ച പൊതുവായ ജനാധിപത്യാന്തരീക്ഷത്തിന്‍റെ പ്രാധാന്യമാണ് ഇവിടെ സൂചിപ്പിക്കാന്‍ ഉദ്ദേശിച്ചത്.
രണ്ടു നൂറ്റാണ്ടിലധികം കാലം കൊളോണിയല്‍ അവസ്ഥയില്‍ തുടര്‍ന്ന ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക ഭൂഖണ്ഡങ്ങളിലെ വികസ്വരരാജ്യങ്ങളില്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം മാത്രം തുടക്കംകുറിച്ച ജനാധിപത്യ പ്രക്രിയ പല തട്ടിലായി നില്‍ക്കുന്നു. സൗദിഅറേബ്യ, കുവൈറ്റ്, യു.എ.ഇ. തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന അറബ് ലോകത്ത് ചില രാജ്യങ്ങളില്‍ ഇപ്പോഴും രാജവാഴ്ച തുടരുന്നത് കാണാം. ഇറാന്‍, സിറിയ, ഇറാക്ക് തുടങ്ങിയ ഈ മേഖലയിലെ പല രാജ്യങ്ങളും രാജവാഴ്ച്ചയെ മറികടന്നെങ്കിലും പല രീതിയി ലുള്ള ഫാസിസ്റ്റ് ഘടനകളാണ് അവിടങ്ങളില്‍ നിലനില്‍ക്കുന്നത്. ഫ്യൂഡല്‍ സാമൂഹ്യഘടനയും പലയിടങ്ങളിലും വ്യാപകവും ശക്തവുമാണ്. അറബ് വസന്തം പോലുള്ള അസാധാരണമായ ഒരു വമ്പിച്ച ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റം ഈ മേഖലയില്‍ ഉയര്‍ന്നു വന്നിട്ടും അത് വേരു പിടിക്കാതെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമായത് ഈ സാഹചര്യം നിമിത്തമായിരിക്കാം.
ഈ സാമൂഹ്യ ചരിത്ര പശ്ചാത്തലത്തിലാണ് ബാഗ്ദാദിയുടെ മതാധിഷ്ടിത രാഷ്ട്രീയത്തിന് അയാള്‍ പ്രവര്‍ത്തിച്ചിരുന്ന മേഖലയില്‍ പെട്ടെന്ന് സ്വാധീനം നേടാനായത് എന്ന് കരുതേണ്ടിയിരിക്കുന്നു. ഖലീഫമാരുടെ ഭരണ കാലഘട്ട ങ്ങളിലേക്ക് സമൂഹത്തെ തിരിച്ചു കൊണ്ടുപോവാന്‍ തന്നെയാണ് അയാള്‍ ശ്രമിച്ചതെന്ന് കാണാം. സ്വയമൊരു ഖലീഫയാവാനുമാണ് അയാള്‍ ശ്രമിച്ചത്. മറ്റു ഫാസിസ്റ്റ് ഭരണാധികാരികളുടെ സ്വേച്ഛാധിപത്യ രീതികളെ അപേക്ഷിച്ച് ഇയാളുടെ മതസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള ആദര്‍ശാത്മക രാഷ്ട്രീയം ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യമാവുകയും ചെയ്തത് സ്വാഭാവികം തന്നെ.
പക്ഷെ അത്തരം പ്രാദേശിക ജനപിന്തുണ കൊണ്ട് മാത്രം പിടിച്ചു നിര്‍ത്താനാവുന്നതല്ല ആധുനിക കാലഘട്ടത്തിലെ രാഷ്ട്രീയാധികാരം എന്ന് മനസ്സിലാക്കാനാവാത്ത വിധം ഇടുങ്ങിയ ചിന്താഗതിക്കാരനായിരുന്നുവോ അയാള്‍ എന്ന് വ്യക്തമല്ല. ഇത്തരം പരിഗണനകള്‍ക്കൊന്നും പ്രാധാന്യം നല്‍കാനാവാത്ത വിധം വെറുമൊരു അധികാരഭ്രാന്തന്‍ മാത്രമായിരുന്നോ അയാള്‍ എന്ന ചോദ്യവും പ്രസക്തമാണ്. ബാഗ്ദാദിയുടെ അധികാര രാഷ്ട്രീയ സ്വഭാവങ്ങള്‍ എന്തായിരുന്നു എന്നതല്ല നമ്മുടെ അന്വേഷണ വിഷയം. ലോകരാഷ്ട്രീയ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തില്‍ മതേതരജനാധിപത്യ പ്രവണതയുടെ വളര്‍ച്ചക്ക് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കാന്‍ ബാഗ്ദാദിയുടെയും ഐ.എസ്സിന്‍റെയും നിലപാടുകള്‍ സഹായകം തന്നെയാണ്. മതാധിഷ്ടിത അധികാര സങ്കല്‍പ്പത്തില്‍ നിന്നും ഫ്യൂഡല്‍ അധികാരഘടനയോടുള്ള വിധേയത്വത്തില്‍ നിന്നും മുക്തി നേടാതെ മതേതരജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല.
ഇന്ത്യയില്‍ നിലനില്‍ക്കുന്നത് പോലുള്ള മതേതരജനാധിപത്യത്തിന്‍റെ സാഹചര്യത്തിലും തീവ്രവാദ പ്രവണത ദൃശ്യമാവുന്നത് സ്വാഭാവികമാണ്. ഇവിടെ നിലനില്‍ക്കുന്ന അങ്ങേയറ്റം ബഹുസ്വരമായ മതേതരജനാധിപത്യ അന്തരീക്ഷത്തില്‍ ഒരു വശത്തു ശാന്തവും പക്വവുമായ സാഹചര്യമാണുള്ളതെങ്കില്‍ മറ്റൊരിടത്ത് ചൂടുപിടിച്ചതും കലുഷിതവുമായ അന്തരീക്ഷം കാണാം. ഈ വൈവിദ്ധ്യമാര്‍ന്ന സാഹചര്യം തന്നെയാണ് തീവ്രപ്രവണതകളെയും സൃഷ്ടിക്കുന്നത്. പലപ്പോഴും ഈ ഭിന്ന സാഹചര്യങ്ങളും എതിര്‍ സാഹചര്യങ്ങളും പരസ്പര പൂരകമാവുന്നതും കാണാം.
നൂറ്റാണ്ടുകളിലൂടെയുള്ള ജനാധിപത്യവല്‍ക്കരണത്തിലൂടെ യൂറോപ്യന്‍ സമൂഹം എത്തിയത് പോലത്തെ പക്വമായ ജനാധിപത്യാന്തരീക്ഷത്തിലേക്ക് ലോകസമൂഹവും ഇന്ത്യന്‍ സമൂഹവും എത്തിയിട്ടില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ തീവ്രവാദം ഉള്‍പ്പെടെയുള്ള ജനാധിപത്യവിരുദ്ധ പ്രവണതകളെയെല്ലാം കുറെയൊക്കെ നിയന്ത്രണ വിധേയമാക്കാമെന്നല്ലതെ പൂര്‍ണമായി തടയാനാവില്ല എന്നും അംഗീകരിക്കേണ്ടതുണ്ട്.
ബാഗ്ദാദിയുടെ പതനം കൊണ്ട് തീവ്രവാദത്തിന്‍റെ അന്ത്യം കുറിക്കുന്നില്ലെങ്കിലും താല്‍ക്കാലികമായിട്ടെങ്കിലും തീവ്രവാദ പ്രവണതകള്‍ക്ക് അത് മങ്ങ ലേല്‍പ്പിക്കുന്നുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. അതിനപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ലതാനും. മുഴുവന്‍ ലോകസമൂഹത്തിന്‍റെയും ജനാധിപത്യവല്‍ക്കരണം ഒരു ദീര്‍ഘകാല പ്രക്രിയയായിട്ടു മാത്രമേ കാണാവൂ. അങ്ങിനെ മാത്രമേ അത് സംഭവിക്കാനും പോകുന്നുള്ളൂ. മനുഷ്യസമൂഹം ജനാധിപത്യത്തിന്‍റെ പാതയില്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. ആ പാത വളഞ്ഞുപുളഞ്ഞുള്ളതും ദുര്‍ഘടം പിടിച്ചുള്ളതു മൊക്കെ ആയിരിക്കുകയും ചെയ്യും. മതേതരത്വം എല്ലായ്പ്പോഴും ജനാധിപത്യത്തിന്‍റെ സന്തത സഹചാരി ആയിരിക്കുകയും ചെയ്യും.