വാര്‍ത്താപ്രാധാന്യമൊന്നുമില്ലാതെ നടന്നുകൊണ്ടിരുന്ന ബാബറി മസ്ജിദ് കേസ് വിചാരണ അവസാനിച്ചതോടു കൂടി പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മസ്ജിദ് നിലനില്‍ക്കുന്ന 2.77 ഏക്കര്‍ ഭൂമിയില്‍ അവകാശവാദമുന്നയിച്ച മൂന്നു പാർട്ടികള്‍ക്കായി തുല്യമായി വീതിച്ചു നല്‍കാനുള്ള 2010-ലെ അലഹബാദ് കോടതി വിധിക്കെതിരായി അനവധി കക്ഷികളുടെ അപ്പീലുകള്‍ ഒരുമിച്ചെടുത്താണ് സുപ്രീം കോടതി വാദം കേട്ടത്. ഇതിനിടക്ക്, കോടതിക്കു പുറത്തുവച്ച് ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍ ഒത്തുതീര്‍പ്പ് സാധ്യമാണെങ്കില്‍ ഉണ്ടാക്കാനായി സുപ്രീം കോടതി ഒരു കമ്മീഷനെ നിയമിച്ചിരുന്നു. വാദം അവസാനിച്ചതിനുശേഷം ഈ കമ്മീഷന്‍ ആശാവഹമായ ഒരു ഒത്തുതീര്‍പ്പ് നിർദേശം വച്ചിരിക്കുന്നുവെന്ന് വാര്‍ത്ത.
മുന്‍കോടതി വിധി പ്രകാരം തര്‍ക്കഭൂമിയിലെ മൂന്നിലൊന്നു ഭാഗം അനുവദിച്ചു കിട്ടിയിരുന്ന മുസ്‌ലിം കക്ഷിയായ യുപിയിലെ സുന്നി മുസ്‌ലിം വഖഫ് ബോര്‍ഡ് ആ ഭൂമിയിലെ അവകാശം ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുന്നു എന്നതാണ് ഒത്തുതീര്‍പ്പ് കമ്മീഷന്‍ ഒട്ടിച്ച കവറില്‍ സുപ്രീം കോടതിക്കു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലെ പ്രധാന ഘടകം എന്നാണു അഭ്യൂഹം. അതിനു പകരമായി അയോധ്യയില്‍ തന്നെ മറ്റൊരു സ്ഥലത്ത് സ്വന്തമായി പള്ളി പണിയാന്‍ യുപി വഖഫ് ബോര്‍ഡിനെ അനുവദിക്കുകയും ചെയ്യുമത്രേ. മാത്രമല്ല 1991-ല്‍ പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമ പ്രകാരം 1947 ഓഗസ്റ്റ് 15-നു നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ ഒന്നും തന്നെ പരിവര്‍ത്തനപ്പെടുത്താതെ അതാതു വിഭാഗങ്ങളുടെ കയ്യില്‍ തന്നെ സംരക്ഷിച്ചു നില നിർത്തണമെന്ന ചട്ടം അക്ഷരം പ്രതി നടപ്പിലാക്കണമെന്നും ഇപ്പോള്‍ പുരാവസ്തു വകുപ്പിന്‍റെ മേല്‍നോട്ടത്തിലുള്ള അയോധ്യയിലെ മുസ്‌ലിം പള്ളികളില്‍ നിന്ന് തിരഞ്ഞെടുത്ത ഏതാനും പള്ളികള്‍ മുസ്‌ലിങ്ങള്‍ക്ക് ആരാധനക്കായി തുറന്നു കൊടുക്കണമെന്നും ഈ കരാറില്‍ വ്യവസ്ഥയുണ്ടത്രേ. ഇത് നടപ്പിലാവുകയാണെങ്കില്‍ തര്‍ക്കവിഷയത്തിനു ഭേദപ്പെട്ട ഒരു പരിഹാരമായി തീര്‍ന്നേക്കാം.
പക്ഷെ, ഇത്തരമൊരു വിട്ടുവീഴ്ചയ്ക്കും ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറായിട്ടില്ലെന്നും ആരെങ്കിലും അങ്ങിനെ കരാറുണ്ടാക്കിയാല്‍ തങ്ങളത് അംഗീകരിക്കുകയില്ലെന്നും വഖഫ് ബോര്‍ഡിന്‍റെ ഔദ്യോഗിക നേതൃത്വം ഉള്‍പ്പെടെ പ്രധാന മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളായ അഭിഭാഷകര്‍ സംയുക്തമായി പ്രസ്താവന ഇറക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് പ്രശ്നത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന മുസ്‌ലിം സമൂഹത്തിന്‍റെ പൊതുവികാരമാണ് ഇതില്‍ പ്രകടമായിട്ടുള്ളത്.
ഈ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും അധികവും നമ്മുടെ മതേതരജനാധിപത്യഘടനയെ തന്നെ തുരങ്കം വയ്ക്കുന്ന രീതിയിലുള്ളവയായിരുന്നു എന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. പുരാവസ്തു വകുപ്പിന്‍റെ കീഴില്‍ 1976-77കാലത്ത് പ്രൊഫ. ബി. ബി. ലാലിന്‍റെ നേതൃത്വത്തില്‍ അയോധ്യയില്‍ ബാബറി മസ്ജിദ് പരിസരത്തു നടത്തിയ ഉല്‍ഖനനത്തില്‍ പങ്കെടുത്ത ഏക മുസ്‌ലിം എന്നവകാശപ്പെട്ടു കൊണ്ട് കെ. കെ. മുഹമ്മദ് എന്ന പേരുള്ള ഒരു പുരാവസ്തു ഗവേഷകന്‍ രംഗത്ത് വന്നിട്ടുണ്ട്. ആ ഉൽഖനന സമയത്ത് മസ്ജിദിനു താഴെ വിഷ്ണുക്ഷേത്രാ വശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു എന്നാണ് അദ്ദേഹം ഇപ്പോള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഉടനെ, പ്രസ്തുത ഉൽഖനന സംഘത്തില്‍ അബ്ദുള്ള എന്നൊരാള്‍ ഉണ്ടായിരുന്നതായി ബന്ധപ്പെട്ട രേഖകളിലൊന്നും കാണാനില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. എന്നാല്‍ ഡല്‍ഹിയിലെ പുരാവസ്തുശാസ്ത്ര കലാലയത്തില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ഥികള്‍ പരിശീലകരായി പ്രസ്തുത ഉൽഖനനത്തില്‍ പങ്കെടുത്തിരുന്നുവെന്നും മുഹമ്മദ് ആ വിദ്യാര്‍ഥി സംഘത്തില്‍പ്പെട്ട ആളായിരുന്നുവെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പേര് രേഖകളില്‍ കാണാത്തതെന്നുമുള്ള വിശദീകരണവും വന്നിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തിനു അവിഹിതമായി നല്‍കിയ ആനുകൂല്യങ്ങള്‍ക്കുള്ള നന്ദി പ്രകടിപ്പിക്കാനായിട്ടാണ് ഈ രാമക്ഷേത്ര പ്രസ്താവനയുമായി അദ്ദേഹം രംഗപ്രവേശം ചെയ്തതെന്ന ആരോപണവും പ്രചാരത്തിലുണ്ട്.
പിൽക്കാലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റീജിയണൽ ഡയറക്ടറായി വിരമിച്ച കെ.കെ. മുഹമ്മദ് പ്രസ്തുത ഉൽഖനനത്തില്‍ പങ്കെടുത്തിരുന്നോ അദ്ദേഹത്തിന്‍റെ വിഷ്ണുക്ഷേത്ര സംബന്ധിയായ പ്രസ്താവത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്നതെല്ലാം നമ്മുടെ വിഷയമല്ല. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആസൂത്രിത മായി നടക്കുന്ന പ്രചരണതന്ത്രങ്ങളെക്കുറിച്ച് സൂചന നല്‍കാനായിട്ടാണ് ഇതേക്കുറിച്ച് പരാമർശിച്ചത്.
മതേതര ജനാധിപത്യ നിലപാടില്‍ നിന്നുകൊണ്ട് ഇത്തരം പ്രശ്നങ്ങളെ സമീപിക്കേണ്ടത് എങ്ങിനെ എന്നത് സംബന്ധിച്ച് നല്ലൊരു വിഭാഗം ജനങ്ങള്‍ക്കും വ്യക്തതയില്ലെന്നാണ് ബന്ധപ്പെട്ട ചര്‍ച്ചകളും വിവാദങ്ങളും കാണിക്കുന്നത്. സുപ്രീം കോടതിയുടെ മുന്നില്‍ വന്നിട്ടുള്ള, നേരത്തെ സൂചിപ്പിച്ച 1991-ലെ ആരാധനാലയ സംരക്ഷണ നിയമം പക്വത നേടുന്ന ഒരു മതേതര ജനാധിപത്യ സമൂഹത്തിന്‍റെ സമീപനം തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. പക്ഷെ ഇത്തരമൊരു നിയമത്തിനപ്പുറത്തു ഈ സമീപനം ജനങ്ങളിലേക്ക് എത്രത്തോളം ഇറങ്ങി ചെന്നിട്ടുണ്ടെന്നുള്ളതാണ് യതാര്‍ത്ഥ പ്രശ്നം. ഇങ്ങിനെയൊരു നിയമം തന്നെ നിലവിലുണ്ടെന്ന് ഭൂരിപക്ഷം ജനങ്ങള്‍ക്കും അറിവില്ലെന്നതായിരിക്കും വാസ്തവം. ഈ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ അവഗണിച്ചുകൊണ്ടോ വിസ്മരിച്ചുകൊണ്ടോ ആര്‍ക്കും തന്നെ മുന്നോട്ട് പോകാനാവില്ല. ഈ യാഥാര്‍ത്ഥ്യത്തെ നേരിട്ട് അഭിമുഖീകരിച്ചുകൊണ്ടു മാത്രമേ ഇന്ത്യന്‍ മതേതര ജനാധിപത്യത്തിനു മുന്നേറാനാകൂ. വളരെ ചെറുതല്ലാത്ത ഒരു സമൂഹം ഇത്തരം തിരിച്ചറിവ് നേടിക്കൊണ്ടിരിക്കുന്നു എന്നതാണ് പ്രതീക്ഷക്കു വക നല്‍കുന്ന സംഗതി.
ഇന്ത്യന്‍ സമൂഹത്തിന്‍റെ വൈവിധ്യവും വൈപുല്യവും ബഹുസ്വരതയും സ്വേച്ഛാധിപത്യ പ്രവണതകള്‍ക്കെതിരായ ശക്തമായ പ്രതിരോധ നിര തന്നെയാണ്. ഈ ബഹുസ്വരതയെ സംരക്ഷിക്കാന്‍ ആവശ്യമായ നിതാന്ത ജാഗ്രത നമ്മുടെ ജനാധിപത്യസമൂഹത്തിനു എത്രത്തോളം കാത്തു സൂക്ഷിക്കാനാകും എന്നതാണ് ഗൗരവമേറിയ ചോദ്യം. പതുക്കെയാണെങ്കിലും ഇതിന് ഗുണാത്മകമായ ഉത്തരം ലഭിക്കും വിധം നമ്മുടെ സമൂഹം ജനാധിപത്യത്തിന്‍റെ പാതയില്‍ തന്നെയാണെന്ന് അടുത്തകാലം വരെയും നമ്മള്‍ അഹങ്കരിച്ചിരുന്നു. എന്നാല്‍ സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത് ആ അഹങ്കാരം പൊള്ളയായിരുന്നുവെന്നാണ്. ജനങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് അധികാരമേല്‍പ്പിച്ചു കൊടുത്തതിലൂടെ തെളിയിക്കപ്പെട്ടത് അതുതന്നെയാണ്.
1947 സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തുടനീളം നിലനിന്നിരുന്ന ആരാധനാലയങ്ങളെല്ലാം സംരക്ഷിക്കപ്പെടണം എന്ന തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആധുനിക ജനാധിപത്യ സമീപനമാണ്. അതിനൊരു ആന്തരികാര്‍ത്ഥം കൂടിയുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള നൂറ്റാണ്ടുകളല്ല, സഹസ്രാബ്ധങ്ങള്‍ തന്നെ നീണ്ടുകിടക്കുന്ന നമ്മുടെ സുദീര്‍ഘ ചരിത്ര കാലഘട്ടത്തിലുടനീളം എണ്ണിയാലൊടുങ്ങാത്തത്ര ആരാധനാലയങ്ങള്‍, ക്ഷേത്രങ്ങളും പള്ളികളും ബുദ്ധ വിഹാരങ്ങളുമെല്ലാം, തകര്‍ക്കപ്പെട്ടിട്ടുണ്ട്. അവയുടെ പേരിലുള്ള കണക്കു തീര്‍ക്കലുകള്‍ ഫ്യൂഡല്‍ കാലഘട്ടത്തിന്‍റെ രീതിയായിരുന്നു. ഒരു ജനാധിപത്യസമൂഹത്തില്‍ ആ രീതിക്ക് യാതൊരു പ്രസക്തിയുമില്ല. അത്തരം പഴയ കാല സംഭവങ്ങളെല്ലാം ചരിത്രത്തിന്‍റെ ഭാഗമായി അംഗീകരിക്കുക മാത്രമാണ് ഒരു ജനാധിപത്യ സമൂഹത്തിനു ചെയ്യാനുള്ളത്. അതുകൊണ്ടാണ് സ്വാതന്ത്ര്യദിനത്തില്‍ നിലനിന്ന ആരാധനാലയങ്ങള്‍ എല്ലാം സംരക്ഷിക്കപ്പെടണം എന്ന തീരുമാനമുണ്ടാവുന്നത്.
ഈ നിലപാടിന്‍റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ബാബറി മസ്ജിദിന്‍റെ സ്ഥാനത്തു ഒരു ഹിന്ദുക്ഷേത്രം നിലനിന്നിരുന്നുവോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. തകര്‍ക്കപ്പെട്ട ആരാധനാലയങ്ങളുടെ പേരില്‍ പകരം വീട്ടല്‍ ആരംഭിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ ഏറ്റവും അധികം തകര്‍ക്കാനിടയായ ബൗദ്ധ ആരാധനാലയങ്ങളാണ് അവര്‍ നിർമിച്ച് കൊടുക്കേണ്ടി വരിക. ബാബറി മസ്ജിദിന്‍റെ കാര്യത്തില്‍ മാത്രം പകരം വീട്ടല്‍ തന്ത്രം ജനാധിപത്യവിരുദ്ധം മാത്രമല്ല, വർഗീയ സ്വഭാവം മുഴച്ചുനില്‍ക്കുന്നതുമാണ്. മുസ്‌ലിം വിരുദ്ധ വർഗീയ വികാരം ഉപയോഗപ്പെടുത്തിക്കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടുവരാനുള്ള ഒരു നിമിത്തമായി ബാബറി മസ്ജിദ് കരുവാക്കപ്പെടുകയായിരുന്നു.
ഈ കേസില്‍ ബാബറി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്തു ഒരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നോ എന്ന ദിശയിലാണ് സുപ്രീം കോടതിയുടെ അന്വേഷണം നീങ്ങുന്നതെങ്കില്‍ നമ്മുടെ മതേതരജനാധിപത്യ വ്യവസ്ഥയ്ക്ക് അതേല്‍പ്പിക്കുന്ന ആഘാതം കനത്തതായിരിക്കും. അങ്ങനെ സംഭവിക്കില്ലെന്ന് തന്നെയാണ് ഇതുവരെയുള്ള കോടതി വ്യവഹാരങ്ങള്‍ നല്‍കുന്ന സൂചന. ഭൂമിയുടെ ഉടമാവകാശ തര്‍ക്കത്തില്‍ തീര്‍പ്പുകല്‍പ്പിക്കലില്‍ മാത്രമായി അത് ഒതുങ്ങാനാണ് സാധ്യത. അതുതന്നെ ഒരു ഒത്തുതീര്‍പ്പിലൂടെ പരിഹരിച്ചെടുക്കാനുള്ള കോടതിയുടെ നീക്കവും ആരോഗ്യകരം തന്നെയാണ്. ഹിന്ദുത്വ ശക്തികളുടെ കയ്യില്‍ വീണ്ടും അതൊരു ഉപകരണം ആകാത്തവിധം കോടതി തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.