“ബച്ച് ഗയാ ഹെ ക്യാ” (അപ്പോ രക്ഷപ്പെട്ടു, അല്ലേ) ബാബറി മസ്‌ജിദ് തകർത്തു, അതിനായി ഗൂഢാലോചന നടത്തുകയും സന്നാഹങ്ങൾ ഒരുക്കുകയും ചെയ്തുവെന്ന കുറ്റാരോപണത്തിന് മേൽ അറസ്റ്റിലാവുകയും ഉത്തർപ്രദേശിലെ വ്യത്യസ്തങ്ങളായ ജയിലുകളിൽ രണ്ടാഴ്ചയോളം കഴിയുകയും ചെയ്തതിനു ശേഷം വിമോചിതനായ അന്നത്തെ ബജ്‌രംഗ്‌ദൾ തലവൻ വിനയ് കത്യാർ ധൃതരാഷ്ട്രാലിംഗനത്തിൽ അമർത്തി ചോദിച്ചത് അങ്ങിനെയാണ്.  ന്യൂഡൽഹി റയിൽവേ സ്റ്റേഷനായിരുന്നു രംഗം. 1992 ഡിസംബർ അഞ്ച് ഉച്ചയ്ക്ക് അയോദ്ധ്യയിൽ വച്ച് കണ്ടതിന് ശേഷം ആദ്യമായി കാണുകയാണ്. ആ രണ്ടാഴ്ചയ്ക്കിടയിൽ അയോദ്ധ്യയും ഫൈസാബാദും ഇന്ത്യ തന്നെയും കീഴ്‌മേൽ മറിഞ്ഞിരുന്നു.

“രക്ഷപ്പെട്ടോടായെന്ന്” ചോദിക്കാൻ കത്യാരിന് കാരണങ്ങളുണ്ടായിരുന്നു. സംഘപരിവാറിനകത്തെ വിവരങ്ങൾ ചോർത്തിക്കൊണ്ടുളള ‘നുഴഞ്ഞുകയറ്റം’ കാരണം ശല്യക്കാരായി വിധിയെഴുതിയ രണ്ട് പത്രപ്രവർത്തകരിൽ ഒരാളായിരുന്നു ഞാൻ. മറ്റേയാൾ ഇന്ത്യൻ എക്‌സ്‌പ്രസ്സിലെ രാകേഷ് സിൻഹ. രണ്ടിന്റെയും കാല് തല്ലി ഉടയ്ക്കാൻ പ്രത്യേക കർസേവക സംഘങ്ങളെ ബജ്‌രംഗ്‌ദൾ സജ്ജമാക്കി വച്ചിരുന്നു. പക്ഷേ, അവർക്ക് , ഞങ്ങളെ കിട്ടിയില്ല. സിൻഹയും രാമകൃഷ്ണനും രക്ഷപ്പെട്ടുവെന്ന് ഡിസംബർ ഏഴിന്റെ സ്റ്റാറ്റസ് റിപ്പോർട്ടിൽ ബജ്‌രംഗ്‌ദൾ എഴുതി വച്ചുവെന്ന് സംഘപരിവാർ അകക്കഥകൾ.

vinay katiyar, BJP

വിനയ് കത്യാർ (ഫയൽ ഫൊട്ടോ: വിശാൽ ശ്രീവാസ്തവ്)

ഇതെല്ലാം അറിയുന്ന ഞാൻ തിരിച്ചുചോദിച്ചു “മേ തോ ബച്ച് ഗയാ, ആപ് കൈസേ ബചേങ്കേ” ( ഞാൻ രക്ഷപ്പെട്ടു, താങ്കൾ എങ്ങനെ രക്ഷപ്പെടും) ബാബറി മസ്‌ജിദ് തകർത്ത കേസിലെ പ്രധാന പ്രതികളിലൊരാളായ കത്യാർ എങ്ങനെ നിയമത്തിന്റെ മുന്നിൽ നിന്നും രക്ഷപ്പെടും എന്നായിരുന്നു എന്റെ ചോദ്യം.അന്ന് ന്യൂ ഡൽഹി റയിൽവേ സ്റ്റേഷനിൽ കത്യാർ പുച്ഛവും പരിഹാസവും കലർന്ന ഒരു പൊട്ടിച്ചിരി ചിരിച്ചു. “ദേഖ്‌തേ രഹോ ഭായ്” (നോക്കി കൊണ്ടിരിക്കൂ സഹോദരാ) കാൽ നൂറ്റാണ്ടായി ഞാനും ഡൽഹിയും ഇന്ത്യയും ലോകവും നോക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോഴിതാ സുപ്രീം കോടതി മഹത്തായ ആ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. കത്യാറും അന്നത്തെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേതാവായ ലാൽ കൃഷ്ണ അദ്വാനിയും മുരളി മനോഹർ ജോഷിയും സഹകർസേവികയായ ഉമാഭാരതിയുമൊക്കെ ക്രിമിനൽ കുറ്റവിചാരണയ്ക്ക് വിധേയമാക്കപ്പെടേണ്ടവരാണ് എന്ന്.

നോക്കി കൊണ്ടിരിക്കൂ സഹോദരാ എന്ന കത്യാർ വചനത്തിന്റെ അല്ലെങ്കിൽ സംഘപരിവാർ വചനത്തിന്റെ അവസാനമാണോ ഇതുകുറിക്കുന്നത്? കാൽനൂറ്റാണ്ടിന്റെ ബാക്കിപത്രം, അത് നിയമവ്യവസ്ഥയ്ക്ക് അകത്ത് ആയിക്കൊളളട്ടെ, അന്വേഷണ ഏജൻസികൾക്കകത്ത് ആയിക്കൊളളട്ടെ, പ്രത്യേക അന്വേഷ​ണ സമിതികൾക്ക് അകത്ത് ആയിക്കൊളളട്ടെ, നിയമസഭയ്ക്കും പാർലമെന്റിനും അകത്തായിക്കൊളളട്ടെ ഒരു കാര്യം മാത്രമേ തീർച്ചയുളളൂ. ഇനിയും ഒരു കാൽനൂറ്റാണ്ടോ അതിലേറെക്കാലമോ നമ്മളെല്ലാവരും നോക്കിക്കൊണ്ടേയിരിക്കേണ്ടിവരും.

babri masjid, lk advani, mm joshi, ashok singal

എൽ.കെഅദ്വാനി, അശോക് സിംഗൽ, എം എം ജോഷി (ഫയൽ​ ഫൊട്ടോ:​ആർ. കെ. ശർമ്മ)

1992 ഡിസംബർ ആറിന് അയോദ്ധ്യയിൽ നടന്നത് എന്താണ് എന്ന് അവിടെ കൂടിയ നിരീക്ഷകർക്ക്, അവർ പത്രപ്രവർത്തകർ ആയിക്കൊളളട്ടെ, സ്വതന്ത്ര നിരീക്ഷകരായിക്കൊളളട്ടെ, സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും വിവിധങ്ങളായ ഏജൻസികളുടെ നിരീക്ഷകരായിക്കൊളളട്ടെ, എല്ലാവർക്കും പകൽപോലെ വ്യക്തമായിരുന്ന ഒരുകാര്യം സംഘപരിവാറിന്റെ വ്യത്യസ്ത വിഭാഗങ്ങൾ ചേർന്ന് ആസൂത്രിതമായി നടത്തിയ ക്രിമിനൽ പാതകമായിരുന്നു ബാബറി മസ്‌ജിദിന്റെ തകർക്കൽ എന്ന്. കത്യാരും അദ്ദേഹത്തിന്റെ തലതൊട്ടപ്പാനായ വിശ്വഹിന്ദുപരിഷത്ത് നായകൻ അശോക് സിംഗാളും ചാവേർ സംഘങ്ങളടക്കമുളള പൊളിക്കൽ കാർമ്മികരെ നൽകി. തകർക്കാനുളള ആഹ്വാനം മൈക്കുകളിലൂടെ വിളിച്ചു പറഞ്ഞത് മുരളീ മനോഹർ ജോഷിയും ഉമാഭാരതിയും.  ഒടുവിൽ പളളിയുടെ കുംഭങ്ങൾ​ ഒന്നൊന്നായി തകർന്നു വീഴുമ്പോൾ കേന്ദ്ര സൈനിക വ്യൂഹങ്ങൾ അയോദ്ധ്യയിലേയ്ക്കു കടക്കാതിരിക്കാൻ പ്രതിരോധം തീർക്കാനും അഗ്നികൊണ്ട് വലയം സൃഷ്ടിച്ച് അയോദ്ധ്യയെ സുരക്ഷിതമാക്കാനും ആഹ്വാനം ചെയ്തത് ലാൽ കൃഷ്ണ അദ്വാനി. അവിടെ ഉണ്ടായിരുന്ന നൂറുകണക്കിന് നീരക്ഷകർക്ക് ഇതിലൊന്നും ഒരു സംശയവുമുണ്ടായിരുന്നില്ല. പക്ഷേ, നിയമം അതിന്റെ കാര്യക്രമം, അതിന്റെ നടപടികൾ, അതങ്ങനെ നീണ്ടു നീണ്ടുപോയി. ഡിസംബർ ആറിന് അർധരാത്രിയോട് അനുബന്ധിച്ച് രണ്ട് എഫ് ഐ ആറുകൾ 197 ആം നന്പറും 198 ആം നന്പറും രാമജന്മ ഭൂമി പൊലീസ് സ്റ്റേഷനിൽ കുറിക്കപ്പെട്ടു. 197 പേരറിയാത്ത ആയിരക്കണക്കിന് കർസേവകരെ പളളി പൊളിച്ചതിന് കുറ്റക്കാരാക്കി ശിക്ഷിക്കണം എന്ന് പറഞ്ഞു. 198 ഇതിന് ആഹ്വാനം നൽകിയ പതിമൂന്ന് നേതാക്കന്മാരെ ( അദ്വാനി മുതൽ ജോഷി വരെയും ഉമാഭാരതി മുതൽ കത്യാർ വരെ അടങ്ങുന്ന പതിമൂന്ന് പേരെ) കുറ്റക്കാരായി അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് രണ്ട് വർഷം ഒന്നും സംഭവിച്ചില്ല. 1994-ൽ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചിൽ ഈ​ എഫ് ഐ​​ആർ അധിഷ്ഠിതമായുളള കേസുകൾ സജീവ പരിഗണനയ്ക്ക് എടുക്കാൻ തീരുമാനിച്ചു. തീരുമാനം കടലാസിൽ കിടന്നു. 1996-ൽ കേസുകളുടെ വിചാരണ ആരംഭിച്ചു. സ്ഥിരതയില്ലാതെ, വലിയ ഇടവേളകളിൽ വിചാരണ നടന്നു. അഞ്ച് വർഷം കഴിഞ്ഞ് 2001-ൽ ഹൈക്കോടതി പ്രത്യേക ജഡ്ജി എസ്. കെ. ശുക്‌ള പറഞ്ഞു: അദ്വാനിക്കും കത്യാറിനും കല്യാൺ സിങിനും ഉമാഭാരതിക്കും എതിരായ ഗൂഢാലോചന- ആഹ്വാന കുറ്റം നിലനിൽക്കില്ലായെന്ന്. പിന്നെയും ഒമ്പത് വർഷം കഴിഞ്ഞപ്പോൾ ഈ​ ആരോപണത്തിൽ നിന്ന് പൂർണമായും ഈ പതിമൂന്ന് നേതാക്കന്മാരെ വിമുക്തരാക്കുകയും ചെയ്തു അലഹബാദ് ഹൈക്കോടതി.

കോടതികളിൽ ഇത്തരം കലാപരിപാടികൾ ഒന്നര വ്യാഴവട്ടക്കാലത്തിനിടയിൽ അരങ്ങേറിക്കൊണ്ടിരിക്കെ മറ്റൊരു അന്വേഷണ സമിതി ബാബറി മസ്‌ജിദിന്റെ തകർക്കൽ എന്ന കുറ്റം അന്വേഷിക്കുന്നുണ്ടായിരുന്നു. പളളി പൊളിച്ച് കൃത്യം പത്തു ദിവസത്തിനു ശേഷം 1992 ഡിസംബർ 16 ന് നിയുക്തമായ ജസ്റ്റിസ് എം എസ് ലിബർഹാൻ കമ്മിഷൻ. അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു മുതൽ പിൽക്കാലത്തെ ഉപ പ്രധാനമന്ത്രി അദ്വാനി വരെയും ഒരു കാലത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും പിൽക്കാലത്തെ കേന്ദ്രപ്രതിരോധമന്ത്രിയുമായിരുന്ന മുലായംസിങ് വരെയും കേന്ദ്രത്തിലും സംസ്ഥാനത്തിലും പല സ്ഥാനങ്ങളിൽ ഇരുന്ന അർജുൻസിങ്, കൽരാജ് മിശ്ര, വിശ്വനാഥ് പ്രതാപ് സിംഗ്, മാധവ് ഗോഡ്‌ബോളെ. എന്തിനധികം അങ്ങ് പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബാസുവിനെ വരെ വിളിച്ചു തെളിവെടുത്തു ലിബർഹാൻ കമ്മിഷൻ. ഏതാണ്ട് ഒന്നര വ്യാഴവട്ടക്കാലത്തിന് ശേഷം ലിബർഹാൻ കമ്മീഷനും പറഞ്ഞു. കല്യാൺസിങും സംഘപരിവാറും നടത്തിയ ആസൂത്രിത നീക്കങ്ങൾ ബാബറി മസ്‌ജിദ് പൊളിക്കുന്നതിൽ സാരമായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന്. പക്ഷേ, അതിന്മേലും നടപടിയൊന്നും ഉണ്ടായില്ല.

babri masjid, uma bharathi, mm joshi,kedar jain

ബാബ്‌റി മസ്‌ജിദ് തകർത്ത് ആഘോഷിക്കുന്ന ഉമാഭാരതിയും മുരളീ മനോഹർ ജോഷിയും (ഫയൽ ഫൊട്ടോ: കേദാർ ജയിൻ)

2010 നും 17 നും ഇടയിൽ ഇന്ത്യ പിന്നെയും കീഴ്‌മേൽ മറിഞ്ഞിരിക്കുന്നു. 1992-ൽ ബാബറി മസ്‌ജിദിന്റെ ധ്വംസനത്തിലൂടെ നിർണയിക്കപ്പെട്ട ഹിന്ദുത്വമല്ല ഇന്ന് ഇന്ത്യയിലെ ഏറ്റവും കുടുതൽ ജനസംഖ്യയുളള സംസ്ഥാനമായ ഉത്തർപ്രേദേശിൽ ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിക്കാതെ തിരഞ്ഞെടുപ്പ് തൂത്തുവാരുന്ന നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ഹിന്ദുത്വ. ബാബറി മസ്‌ജിദ് പൊളിച്ചപ്പോൾ ദേശീയ നാണക്കേട് എന്നു വിളിച്ച സ്വതന്ത്ര മാധ്യമങ്ങളോ നിരീക്ഷകരോ ആരും മുസ്ലിം ജനസമാന്യത്തെ പൂർണമായും മാറ്റി നിർത്തിയ ഈ​ ജനവിധിയെ നാണക്കേട് എന്നു വിളിക്കുന്നില്ല. പക്ഷേ, അങ്ങനെ പുതിയ രൂപത്തിലും ഭാവത്തിലും തീക്ഷ്ണതയിലും ഉയരുന്ന, പടരുന്ന ഹിന്ദുത്വയ്ക്കിടയിൽ സുപ്രീം കോടതി അത്ഭുതാവഹമായി കണ്ടുപിടിച്ചിരിക്കുന്നു, 1992ലെ ഒരു വൻകിട ഗൂഢാലോചന വിചാരണ ചെയ്ത് വിധിയാക്കണമെന്ന്.

അടിയന്തിര രാഷ്ട്രീയത്തിന്റെ തലത്തിൽ കത്യാർ പണ്ട് പറഞ്ഞതുപോലെ, കണ്ടുകൊണ്ടേയിരിക്കാൻ ഇന്ത്യയും ലോകവും വിധിക്കപ്പെട്ട ഈ​ പൊറാട്ട് നാടകത്തിനിടിയൽ മൂർത്തമായ ഒരു ഫലം മാത്രമേ ചിലപ്പോൾ ഉണ്ടാകൂ. മോദിയുടെയും അമിത് ഷായുടെയും പുതിയ തീവ്ര ഹിന്ദുത്വയിൽ അല്ലെങ്കിലേ പാർശ്വവത്ക്കരിക്കപ്പെട്ട അദ്വാനി എന്ന പഴയ സിംഹത്തിന് കുറച്ച് പാർശ്വവത്ക്കരിക്കപ്പെടാൻ, ഒരുപക്ഷേ പൂർണമായും തമസ്ക്കരിക്കാൻ ഒരു ആയുധമായി മാറിയേക്കാം ഈ​ വിധി. കണ്ടു കൊണ്ടേയിരിക്കാം ഈ​ കളി; പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook