scorecardresearch

ബാഹുബലിയിലേയ്ക്ക് അമർചിത്രകഥയിൽ നിന്നുളള​ ദൂരം

ബാഹുബലിയുടെ സിനിമയ്ക്കപ്പുറമുളള​ പുനരുത്ഥാനവാദത്തിന്റെ   സാമൂഹിക രാഷ്ട്രീയത്തെ കുറിച്ചുളള നിരീക്ഷണം

ബാഹുബലിയിലേയ്ക്ക് അമർചിത്രകഥയിൽ നിന്നുളള​ ദൂരം

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പ്രാപ്തമാക്കുന്ന മാജിക് ആണ് മിത്തുകൾ. ജീവിതത്തിലേയും സമൂഹത്തിലേയും പ്രഹേളികകൾക്ക് ലളിതയുക്തികളുമായി മിത്തുകൾ വരുമ്പോൾ കിട്ടുന്ന ആവേശം ചില്ലറയല്ല.   ഇന്നലെയിൽ നിന്ന് ഇന്ന് എങ്ങനെ രൂപപ്പെട്ടു വന്നു എന്നത് വിശദീകരിക്കാനും മിത് ഉപയോഗപ്പെടുമ്പോൾ അത് തരുന്ന വിനോദസായൂജ്യം സീമാതീതമാണ്. പുതിയ മിത്തുകൾ സൃഷ്ടിക്കപ്പെടുകയും പഴയതിനെ നവീകരിച്ചെടുക്കുകയും വിനോദോപാധികളുടെ പ്രാണൻ ആയി മാറുന്നതിലെ യുക്തി തേടാൻ മറ്റൊരിടത്ത് പോകേണ്ടതില്ല. ഇന്നത്തെ അതിസാധാരണമായതും സർവ്വസ്വീകാര്യത ലഭിച്ചതുമായ മാദ്ധ്യമമായ സിനിമ മിത്തുകൾ പ്രദാനം ചെയുമ്പോൾ അത് സമൂഹം എളുപ്പത്തിൽ കൈക്കലാക്കുന്നതിൽ ഈ മാനസികനിലയ്ക്ക് പ്രാധാന്യമുണ്ട്. അമേരിക്കയ്ക് അതിന്റേതായ ഒരു മിത്ത് ഇല്ലാത്തിടത്ത് ഗംഭീരമായ ഒരെണ്ണം പ്രദാനം ചെയ്യാൻ ശ്രമിച്ചതാണ് “സ്റ്റാർ വാഴ്സ്”   എന്ന്   അതിന്റെ സൃഷ്ടാവായ ജോർജ്ജ് ലൂക്കാസ് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. എന്നുവച്ചാൽ മിത്തുകൾ നല്ല വിൽ‌പ്പനച്ചരക്കുകൾ ആണെന്ന് സാരം.

മിത്തുകൾക്ക് പഞ്ഞമൊന്നുമില്ലാത്ത ഇന്ത്യയിൽ സിനിമ   വളർന്നതുതന്നെ അവയെ കൂട്ടുപിടിച്ചാണ്. പുരാണങ്ങളും ഇതിഹാസങ്ങളും പ്രാദേശിക വിശ്വാസങ്ങളും കെട്ടുകഥകളും ധാരാളിത്തം വിളമ്പുന്ന ദർശനസാകല്യം തന്നെ വിനോദോപാധി.   പക്ഷേ സ്വീകാര്യതയുടെ ആധാരം പുതുമയാണ്. മഹാഭാരതകഥയെ ആധുനികതയിൽ കൊണ്ട് പ്രതിഷ്ഠിച്ച, കർണ്ണന്റേയും ദുര്യോധനന്റേയും കഥ ചെന്നെയിൽ പുനരവതരിപ്പിച്ച തമിഴ് സിനിമ   ‘ദളപതി‘ മിത്തിനെ ആധുനികവൽക്കരിക്കുന്നതിന്റെ സ്വീകാര്യതയുടെ എളുപ്പ ഉദാഹരണമാണ്.

bahubali, amarchitra kadha, ethiran kathiravan, vishnu ram

വിശ്വാസങ്ങളിൽ അടിസ്ഥാനം ഉറപ്പിച്ച ജനതയാണ് നമ്മുടേത്. പാശ്ചാത്യരെപ്പോലെ ദൈവവിശ്വാസത്തിൽ നിന്നും വിഘടിക്കപ്പെട്ട മിത്തുകൾ നിർമ്മിച്ചെടുക്കാൻ നമുക്ക് താൽ‌പ്പര്യമില്ല.   ദൈവഹിതം എന്നത് അതിജീവനപരീക്ഷകളിലെ തോൽവികൾക്ക്   ഒഴികഴിവും സാധുതയും കൽ‌പ്പിച്ചരുളുന്ന പ്രതിഭാസം എന്ന്   പരക്കെ അംഗീകരിക്കപ്പെടുന്ന സമൂഹത്തിൽ ആധുനികമായ മിത്തുകളിലും ദൈവ ഇടപെടലുകൾ നിറഞ്ഞു നിൽക്കും. ശിവലിംഗ ആരാധനയിൽ തുടങ്ങി അതിൽത്തന്നെ അവസാനിക്കുന്ന സിനിമ ആയി ബാഹുബലി നിർമ്മിക്കപ്പെടുന്നതിൽ അത്ഭുതമില്ല.   പുതുആഖ്യാനങ്ങൾക്ക് പഴമയും തറവാടിത്തവും അണയ്ക്കുന്നതിൽ ദൈവസാന്നിദ്ധ്യം വഹിക്കുന്ന പങ്ക് ചില്ലറയല്ല. പാശ്ചാത്യ സിനിമകൾ അവരുടെ സമൂഹത്തിന്റെ ഗതിമാറ്റത്തിനനുസരിച്ച് പുതിയ സിനിമാമിത്തുകൾ   നിർമ്മിച്ചെടുക്കുന്നത്   ദൈവത്തിന്റെ ഇടപെടലുകൾ ഒഴിവാക്കിയാണ്.   ആരാധനാമനോഭാവമോ ഭക്തിയോ ലവലേശം തൊടുകില്ല അവ. ആധുനിക സാങ്കേതികതയുടെ ഒരു ഭാഗമായിട്ടാണ് സൂപ്പർ ഹീറോകൾ എഴുന്നരുളുന്നത്. നമുക്കും അത്തരം ആധുനിക അതിനായകർ ഉണ്ടായിട്ടുണ്ട്- യന്തിരൻ, രാ വൺ, ക്രിഷ് ഇവയൊക്കെപ്പോലെ. പക്ഷേ അവയുടെ സർവ്വസമ്മതി താരപ്പൊലിമയിൽ അധിഷ്ഠിതമായിരുന്നു എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്- രജനീകാന്ത്, ഷാരുഖ് ഖാൻ, ഋത്വിക് റോഷൻ എന്നിവരുടെ ഒക്കെ. തീവ്രവിശ്വാസികളായ തുടരുന്ന സമൂഹം മറ്റ് രാജ്യങ്ങളിൽ വിരളമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സിനിമാമിത്തുകൾ ഇൻഡ്യയിൽ പോപുലർ ആകണമെങ്കിൽ   ദൈവത്തിന്റെ ഒത്താശയോടെ ആയിരിക്കണം എന്നത് മാർക്കറ്റിങ് തന്ത്രത്തിലെ ലളിതയുക്തിയാണ്.

bahubali, amarchitrakadha, ethiran kathiravan, vishnu ram

അമർചിത്രകഥ- കടലാസിൽ നിന്ന് വെള്ളിത്തിരയിലേക്ക്

ഭാരതത്തിലെ പുരാണേതിഹാസങ്ങളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അജ്ഞതയേറി വരുന്നു എന്നാൽ പാശ്ചാത്യമായതോ ഗ്രീക് റോമൻ കഥകളോ അവർക്ക് കൂടുതൽ അറിയാം എന്നൊരു വേവലാതിയുടെ പുറത്ത് അനന്ത് പൈ 32 പേജുകളിൽ ഒതുക്കിയ ആധുനിക ആഖ്യാനമായ അമർചിത്രകഥ ഉദ്ദേശിച്ച ഫലം കണ്ടത് പെട്ടെന്നാണ്. കഴിഞ്ഞ രണ്ടു തലമുറയെ ഭാരതീയ മിത്തുകളെയും മാത്രമല്ല ക്ലാസിക്ക് സാഹിത്യസൃഷ്ടികളേയും കാർട്ടൂൺ എന്ന ആഖ്യാനരീതിയിൽ ഒരുക്കി, വാർപ്പു മാതൃകകളാക്കി അവതരിപ്പിച്ചത് ഒരു ബാധ പോലെ പിടി കൂടുകയാണുണ്ടായത്. തികച്ചും പാശ്ചാത്യമായ സങ്കേതങ്ങളിൽ തന്നെ   അവതരിപ്പിച്ചാണ് അനന്ത് പൈ ഈ മറുലോക കടന്നു കയറ്റത്തെ നേരിട്ടത്.   ലളിതവും എന്നാൽ ദൃഢവും ആയ വരകളും ഔട് ലൈനുകളുമാണ് ഭാരതീയ കഥാപാത്രങ്ങളെ പുറംശൈലിയിൽ അവതരിപ്പിച്ചത്. രാജാക്കന്മാർക്കും നായകന്മാർക്കും ഗ്രീക് കഥാപാത്രങ്ങളെപ്പോലെ സിക്സ് പായ്ക്ക് ഉള്ള, നെടുനീളൻ ശരീരഘടനയും സായിപ്പിന്റെ മുഖഛായയും നൽകിയാണ് പഴമ പുതുക്കിപ്പണിതത്. ശ്രീരാമന്റെ മുഖം പോലും   സായിപ്പിന്റെ മുഖത്തോടെ അവതരിക്കപ്പെട്ടത് പുതിയ തലമുറ തെല്ലും ആവലാതിയില്ലാതെ ഏറ്റുപിടിച്ചു എന്നത് രസാവഹമാണ്. കിരീടം വേഷഭൂഷ എന്നിവയൊക്കെ രൂപകൽ‌പ്പന ചെയ്തതും രവിവർമ്മച്ചിത്രങ്ങളുടേയോ, അല്ലെങ്കിൽ ഭിത്തിച്ചിത്രങ്ങളടക്കമുള്ള   ഭാരതീയ ചിത്രകലാരീതികളിൽ നിയുക്തമാക്കപ്പെടാറുള്ളതിൽ നിന്നോ അകൽച്ച പാലിച്ച് വേറീട്ടരീതി നിലനിർത്തിക്കൊണ്ടാണ്. ഗ്രീക്ക് പടച്ചട്ടയും കിരീടവും ലോഹക്കണ്ണികൾ വിളക്കിയ വലകളും കവചങ്ങളും   ഗംഭീരമായി ഭാരതീയ പുരാണനായകന്മാർ അണിഞ്ഞ് ഊർജ്ജം കൊണ്ടു. ഒരു പാശ്ചാത്യ കടന്നുകയറ്റത്തിനു സ്ഥാനാന്തരണം നടത്തിയത് അതേ കരുക്കൾ തന്നെ നീക്കിയാണ്-പ്രതിരോധത്തിനു പറ്റിയ ഇടപെടലുകൾ.   അനന്ത് പൈയുടെ ഈ സാമർത്ഥ്യം അമർചിത്രകഥയുടെ പ്രചുരപ്രചാരം ഗംഭീരമായി ശരി വച്ചു.   ഈ സൂക്ഷ്മതകളെ അല്ലെങ്കിൽ ‘അമർ ചിത്രകഥ സംസ്കാര‘ത്തെ   എളുപ്പം ആവാഹിച്ച ജനതയെ ഒറ്റയടിയ്ക്ക് കൈപ്പിടിയിൽ ഒതുക്കാൻ കഴിഞ്ഞു എന്നത് ബാഹുബലിയുടെ പരമോന്നതവിജയങ്ങളിലെ പ്രധാനപ്പെട്ട ഘടകമാണ്. നായകനും പ്രതിനായകനും ആയി അഭിനയിച്ചവർ (പ്രഭാസ്, റാണ ദഗ്ഗുബട്ടി) തങ്ങളുടെ ശരീരപ്രകൃതി ഇതിനൊപ്പിച്ച് മാറ്റി എടുക്കാൻ അഭ്യാസം ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും നേരത്തെ തന്നെ വിപണിയിൽ എത്തിയതിനാൽ പ്രേക്ഷകർക്ക് വിസ്മയം തെല്ലും വേണ്ടി വന്നില്ല. നേരത്തെ എൻ റ്റി രാമറാവുവും എം ജി ആറും പ്രേം നസീറും തങ്ങളുടെ മാംസളവും സ്ഥൂലവും മൃദുവുമായ ശരീരങ്ങൾ കൊണ്ട് ഇതേ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്നത് മറക്കേണ്ടത് പുതുമ വിറ്റഴിക്കേണ്ടുന്നതിലെ ആവശ്യകതയുടെ യുക്തി എളുപ്പം നിരത്തിയെടുത്തു. ഗ്രീക് പടച്ചട്ടയിലും കിരീടങ്ങളിലും മേൽ‌പ്പറഞ്ഞ താരങ്ങളും വിലസിയിട്ടുണ്ട്. പുതിയ അമർ ചിത്രകഥാതാരങ്ങൾക്ക് ഈ ചരിത്രയുക്തി സഹായമണയ്ക്കുകയാണുണ്ടായത് എന്നത് രസാവഹമായ കാര്യം തന്നെ.   ബാഹുബലി, ഭല്ലാലദേവൻ, കട്ടപ്പ എന്നിവർ മാത്രമല്ല ധാരാളം പടയാളികളും ഗ്രീക് ശിരോകവചവും പടച്ചട്ടയും ലോഹക്കണ്ണി വലകളും ധരിച്ച് തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുന്നുണ്ട്. ബിജ്ജലദേവന്റെ (നാസർ) വികൃതമായി വളഞ്ഞുനീണ്ട മീശ ചിരിയുണർത്താത്തത് സിനിമ കാർട്ടൂൺ പകർപ്പ് ആണെന്ന ധാരണ കാണികളിൽ നേരത്തെ രൂഢമൂലമാക്കാനുള്ള മിടുക്ക് സംവിധായകൻ പ്രദർശിപ്പിച്ചതുകൊണ്ടാ‍ണ്.   അമർചിത്രകഥ എപ്രകാരം ഭാരതീയത കൈവിട്ട് കൂടുതൽ സാർവ്വലൗകികമായ ഘടകാംശങ്ങളും   മൂലപ്രമാണങ്ങളും –ശരീരം, ആടയാഭരണങ്ങൾ, ഫ്രെയിമുകൾ, അവതരണ രീതികൾ ഘടനായോജിപ്പുകൾ-സ്വീകരിച്ചുവോ അതു ദൃശ്യവൽക്കരിക്കുക എന്ന കർത്തവ്യം ഗംഭീരമായി നിർവ്വഹിച്ചതാണ് ബാഹുബലിയുടെ പ്രധാനവിജയകാരണം.

അനുകരണത്തിലെ ആത്മഹർഷം

ഹോളിവുഡ് സിനിമകൾ   നമുക്കും ആയാലെന്ത് എന്ന ചോദ്യത്തിനുത്തരമായി ഇൻഡ്യൻ സിനിമ വളർന്നു വികസിച്ചത് അറിയപ്പെടുന്ന ചരിത്രം. നമ്മുടെ മുറ്റത്ത് നമ്മുടെ ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങൾ അതുതന്നെ ചെയ്തുകൂട്ടിയാൽ സമ്പൂർണ്ണരാമായണമോ മഹാഭാരതം സീരിയലോ കണ്ടിട്ട് ചെടിക്കമ്പുകൊണ്ട് വില്ലും കുടക്കമ്പികൊണ്ട് അമ്പും ഉണ്ടാക്കി യുദ്ധം അനുകരിക്കുന്ന കുട്ടിയുടെ ബാലിശനിർവൃതി സാർത്ഥകമാകുക എന്ന നേട്ടം തന്നെ പ്രാവർത്തികമാകുകയാണ്. ആശയങ്ങളിലെ പിൻതിരിപ്പത്തം അവതരണത്തിൽ മറച്ചെടുക്കാം. ഹോളിവുഡ് നിർമ്മിതികളായ, പ്രാചീന ആയോധനകലയുടെ വെളിപാടുകളായ   ഡ്രാഗൺ ബ്ലെയ്ഡ്, ലാസ്റ്റ് നൈറ്റ് പോലത്തെ സിനിമകൾ അവകാശപ്പെടുന്നതുതന്നെ   രാജഭക്തി/സ്വാമിഭക്തി (loyalty), യശസ്, ബഹുമാന സൽക്കീർത്തികൾ (honor), പ്രതികാരം (revenge) എന്നീ മൂല്യങ്ങളെ പ്രഘോഷിക്കുന്നെന്നാണ്. ബാഹുബലി കൃത്യമായി വേരുകൾ ഇറക്കുന്നതും ഇവയിൽത്തന്നെ. വാളെടുത്ത് വെട്ടിക്കൊല്ലുന്നത് ഈ മൂല്യപ്രാപ്തിക്കാണെന്നുള്ള ആശ്വാസനിറവ് എളുപ്പം വിറ്റുപോകുന്ന ചരക്കാണ്.   ‘കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു” എന്നതിന്റെ ഉത്തരം   രാജഭക്തിയിൽ ഒതുക്കാനുള്ളതേ ഉള്ളു. അതുകൊണ്ടാണ് അതിന്റെ കാരണം തികച്ചും ബാലിശമെങ്കിൽക്കൂടി പ്രേക്ഷകർ കയ് മെയ് മറന്ന് യുക്തിബദ്ധമാണെന്ന് കരുതുന്നത്.   രാമറാവുവിനേയും എം ജിആറിനേയും റോമൻ-ഗ്രീക് പടയാളി/രാജാവ് വേഷത്തിൽ കണ്ട് നിർവൃതിയടയുന്ന ആ അനുകരണാത്മഹർഷം ഇന്നും അതേ പടി തുടരുകയാണ്.   ആ യുക്തിയില്ലായ്മയിലാണ് തീവ്രാനുഭവത്തിന്റെ രസക്കാമ്പ്. ഈ അനുകരണം സിനിമയെ സാർവ്വലൌകികമാക്കുകയാണ്, രൂപങ്ങൾ മാത്രമല്ല, ആശയങ്ങളും സാമാന്യവൽക്കരിക്കപ്പെടുകയും അനുവാചകഹൃദയങ്ങളെ ത്രസിപ്പിക്കുകയുമാണ്.

പാശ്ചാത്യസിനിമകളിലെപ്പോലെ ആധുനിക സങ്കേതങ്ങൾ വിളയാടാൻ കഥാഘടകങ്ങളിൽ അവസരമൊരുക്കേണ്ടത്   തന്ത്രപ്രധാനമാണ്. ബാഹുബലി കഥ നടക്കുന്ന കാലഘട്ടം   കൃത്യമായി അടയാളപ്പെടുത്താനാവില്ലെങ്കിലും (മുസ്ലീം മെർചന്റുകൾ   വരുന്ന കാലമാണ്, പക്ഷേ അത് സാന്ദർഭികമായി നാടകീയത സൃഷ്ടിയ്ക്കാൻ തിരുകിയതായിരിക്കണം) പുരാതനകാലമാണെന്നേ സങ്കൽ‌പ്പമുള്ളു. 12-)0 നൂറ്റാണ്ടിനോടു കൂടി വന്നെത്തിയ വാസ്തുവിദ്യകൾ കൊട്ടാരങ്ങളുടെ രൂപകൽ‌പ്പനയിൽ കാണാമെങ്കിലും ഭിത്തികളിലെ ചിത്രപ്പണികളും അലങ്കാരങ്ങളും തികച്ചും ഭാരതീയമല്ലാത്തതിനാൽ സൂചകങ്ങൾ ഒഴിഞ്ഞിരിക്കയാ‍ണ്. വിജയനഗരസാമ്രാജ്യകാലത്തെ കൊത്തുപണികൾ കാണുന്നത് അവയുടെ ചാരുതയും സാബു സിറിലിന്റെ ഭാവനാവിലാസപരിണതിയുമായി വീക്ഷിച്ചാൽ മതിയായിയിരിക്കും.   ഉടയാടകൾ പൌരസ്ത്യവും പാശ്ച്ചാത്യവുമായി മാറി മറിയുകയാണ്.   അവന്തിക ഒരു റിബൽ ആകുമ്പോൾ മദ്ധ്യകാല യൂറോപ്യൻ വേഷത്തിലാണ്,   ആർക്കും സ്വീകാര്യമാകുന്ന സങ്കൽ‌പ്പം എന്ന മട്ടിൽ. യാന്ത്രികവൽക്കരണം കൊടികുത്തി പ്രചലിതമാക്കിയിരിക്കയാണ് എന്നത് രസാവഹം തന്നെ. യുദ്ധോപകരണങ്ങൾ പലതും സ്വയം ചലിക്കുന്നവയാണ്. ചരിത്രപരമായി   17ഓ 18 ഓ നൂറ്റാണ്ടുകളിൽ പ്രത്യക്ഷപ്പെട്ട യന്ത്ര സാമഗ്രികൾ ബാഹുബലി കാലത്ത് പ്രാഗ് രൂപത്തിലെങ്കിലും പ്രത്യക്ഷപ്പെടുന്നു. നിരവധി ലെൻസുകൾ ഘടിപ്പിച്ച ദൂരദർശിനി ഒരു ഉദാഹരണം മാത്രം. ജലസേചനത്തിനു ബാഹുബലി ഒന്നാമൻ ഏറെക്കുറെ സ്വയം പ്രവർത്തിക്കുന്ന യന്ത്രം രൂപകൽ‌പ്പന ചെയ്ത് പ്രാവർത്തികമാക്കുന്നത് നായകനിൽ മോഹമുഗ്ധരായവരെ പുളകിതരാക്കുമെന്നതിൽ സംശയമില്ല. അല്ലെങ്കിലും ഭാവനയ്ക്കു വിളയാടാൻ സ്ഥലകാലനിബന്ധനകൾ തടസ്സമാവുന്നതാണ്, സിംഗപുരത്തെ ഒളിസങ്കേതമദ്യശാലയിൽ സുന്ദരിമാർ വിളയാടുന്നത് ആധുനിക ശരീരങ്ങളും   വേഷവിധാനവും ചലനങ്ങളും പേറിയാണ്. തൽക്കാലം ഈ സുന്ദരമേനികളുടെ വിലാസലീല ആസ്വദിക്കൂ,   മറ്റൊന്നും ആലോചിക്കേണ്ട എന്നാണ് സിനിമ പ്രഘോഷിയ്ക്കുന്നത്. ഈ കൃശഗാത്രികളെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും ഒരു പാട്ടു സീനിനു വേണ്ടി മാത്രം തെരഞ്ഞുപിടിച്ചു കൊണ്ടുവന്നതാണ് രാജമൌലിയും കൂട്ടരും എന്ന വസ്തുത സിനിമയുടെ ക്രമാതീതമായ നിർമ്മാണമാനത്തെ സൂചിപ്പിക്കുന്നതാണ്. ടിക്കറ്റിനു കൊടുത്ത കാശ് വസൂലായെന്ന ആത്മസംതൃപ്തി പ്രേക്ഷകർക്കും.

bahubali, ethiran kathiravan, vishnuram, amarchitra katha,

സാങ്കേതികത എന്ന സ്വപ്നലോകം- അതിർവരമ്പില്ലാത്ത ഭാവന
സി ജി എം (computer generated imagery), വി എഫ് എക്സ്   എന്നൊക്കെയുള്ള മായാവിദ്യകൾ മിത്തുകളിലെ പ്രകൃത്യാതീത അദ്ഭുതങ്ങൾ യഥർത്ഥവും വാസ്തവികത ഏറുന്നതുമാണെന്ന് ധരിപ്പിക്കുന്നത് തികച്ചും അവാസ്തവിക മാദ്ധ്യമമായ സിനിമയ്ക്ക് നൽകുന്ന വ്യത്യസ്ത മാനവും ഊർജ്ജവും ചില്ലറയല്ല. പുരാണേതിഹാസങ്ങളിലെ കൽ‌പ്പ്നാകാഴ്ച്ചകൾ, വിഭ്രമങ്ങൾ അദ്ഭുതചെയ്തികൾ ഇവയെ ഒക്കെ ഭാവനയ്ക്ക് വിട്ടുകൊടുക്കാതെ അതുക്കും മേലേ എന്ന മട്ടിൽ തന്മയീഭവിക്കുന്ന ഈ ആധുനികവിദ്യ ഇത്രയും   സമർത്ഥമായി ഉപയോഗപ്പെടുത്തിയ മറ്റൊരു ഇൻഡ്യൻ സിനിമ നമുക്കില്ല. സമുദ്രത്തിൽ മന്ദം നീങ്ങുന്ന പായ്ക്കപ്പൽ പെട്ടെന്ന് വിമാനമായി ആകാശത്ത് പറക്കുന്നതും കൊമ്പിൽ തീയുമായി നെട്ടോട്ടം ഓടുന്ന   ആയിരക്കണക്കിനു കാളക്കൂറ്റന്മാരും ആകാശത്തുനിന്നെന്നപോലെ ഉറവയെടുക്കുന്ന ബ്രഹ്മാണ്ഡൻ വെള്ളച്ചാട്ടങ്ങളും ഏതു മിത്തിന്റേയും ദൃശ്യവൽക്കരണപൂർണ്ണത വർദ്ധമാനമാക്കാൻ പോന്നതാണ്. നിറസംശോധന (colour correction)യാൽ അതിമനോഹരമാക്കപ്പെട്ട ഭൂദൃശ്യങ്ങളും ഉദ്യാനങ്ങളും അവയ്ക്കിടയിൽ പാറിപ്പറക്കുന്ന നായികാനായകന്മാരും സത്യമല്ലെന്നറിഞ്ഞുകൊണ്ട് മിഥ്യയെ സ്വീകരിക്കാൻ നിർബ്ബന്ധിതമാക്കുകയാണ്. അമർചിത്രകഥയെ ദൃശ്യപ്പെടുത്തുന്ന ലാളിത്യവേലയിൽ നിന്നും ബഹുദൂരം ഉയരെ ആണ് സിനിമയുടെ ദൃശ്യനിർമ്മിതി.   രണ്ടോ മൂന്നോ അടിസ്ഥാനനിറങ്ങളിൽ വരഞ്ഞെടുത്ത അമർചിത്രകഥ ബ്രഹുത്തായ വർണ്ണ റേഞ്ചുകളിലാണ് വെള്ളിത്തിരയിലേക്കുള്ള സ്ഥാനാന്തരണം നടത്തുന്നത്. സ്ത്രീകൾക്കു മാത്രമല്ല രാജകുടുംബപുരുഷന്മാർക്കും വർണ്ണാങ്കിതമായ ആടകളാ‍ണ്. ആഭരണങ്ങളോ പലതും ഈ സിനിമയ്ക്ക് വേണ്ടി മാത്രം രൂപകൽ‌പ്പന ചെയ്തതും അതിപുതുമ ഏറുന്നവയുമാണ്. ആയുധങ്ങൾ ലാവണ്യശാസ്ത്രനിബന്ധനയോടെ ചാരുതയേറ്റപ്പെട്ടവയാണ്. നെറ്റിയിലെ പൊട്ട് പോലും പുതിയ ഡിസൈനിലും കഥാപാത്രത്തിന്റെ മാനസികനില അനുസരിച്ചും വൈവിദ്ധ്യമിയന്ന രൂപരേഖകളിൽ പ്രത്യക്ഷപ്പെടുന്നു. സൂക്ഷ്മത നിർമ്മാണത്തിന്റെ പ്രധാന ഘടകം ആയിരുന്നു എന്നത് വ്യക്തമാണ്. ബാഹുബലി അഡിക്റ്റുകൾക്ക് കൊട്ടിഗ്ഘോഷിക്കാൻ ഉപയുക്തമാകുന്ന പല പുതുസൂചകങ്ങളിൽ ഒന്ന്.

ഒരു വൻ കെട്ടുകാഴ്ച അതിന്റെ എല്ലാ ആർഭാടത്തോടും കൂടി പ്രേക്ഷകർക്കു സമർപ്പിക്കുക എന്നതേ ബാഹബലി നിർമ്മിച്ചവർ ഉദ്ദേശിച്ചിട്ടുള്ളു എന്നത് വ്യക്തമാണ്.   കാണികളിലെ   ലഘുതമ സാധാരണ ഘടകാംശത്തെ (least common denominator)   സന്തോഷിപ്പിക്കുക എന്ന ലളിതദൗത്യമേ സിനിമയ്ക്കുള്ളൂ. അത്   മറച്ചു വയ്ക്കപ്പെട്ടിട്ടുമില്ല.   അതുതന്നെയാണ് പരസ്യമാക്കേണ്ടതില്ലാത്ത പരസ്യം.   തീവ്രവും വ്യാപകവുമായ ജനസമ്മതി ഈ ഊദ്ദേശം സാദ്ധ്യമാക്കി എന്ന് തെളിയിക്കുന്നുമുണ്ട്. വെളുത്ത് പൊക്കമുള്ള സുന്ദരന്മാരും സുന്ദരികളും നയിക്കുന്ന ലോകത്ത് അവരുടെ ശത്രുക്കൾ കറുത്തവരും പല്ലു തേയ്ക്കാത്തവരും മുഷിഞ്ഞ വസ്ത്രം ധരിയ്ക്കുന്നവരും വിരൂപികളും ആണെന്ന് മാത്രമല്ല   അവരുടെ ഭാഷ അപഹാസ്യവും ആണെന്ന് ചിത്രപ്പെടുത്തുന്നത് രാജഭക്തിയും ബ്രാഹ്മണാരാധനയും ഇന്നും മനസ്സിൽ പൊറ്റയടർന്നുപോകാതെ സൂക്ഷിക്കുന്ന ഇൻഡ്യൻ ജനതയ്ക്ക് സ്വാദിഷ്ടവിഭവമാണ്.   ബാഹുബലി നമ്പർ രണ്ടിൽ പകുതി മുക്കാലും പെണ്ണ് കേസാണ്, സുന്ദരിപ്പെണ്ണിനെ ആർക്കു കൊടുക്കണം എന്ന ചിന്താക്കുഴപ്പം. വീര്യവതികളായ സ്ത്രീകൾക്ക് പോലും ആത്യന്തിക സുരക്ഷ ആണുങ്ങളിലാണ്, കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നൊക്കെയുള്ള സ്ഥിരം പാട്രിയാർക്കൽ ചിന്തകളാണ് സിനിമയെ നയിക്കുന്നത് എന്നത് അദ്ഭുതമല്ല. ഒരു അപവാദമുള്ള ശിവകാമി എന്ന രാജ്ഞിയാണ്. കർശനമായ നിയമങ്ങൾ നടപ്പാക്കാനും   കഠിനതീരുമാനങ്ങൾ എടുക്കാനും വരും തലമുറയ്ക്കുള്ള രാജ്യാധികാരിയെ മരണവേളയിലും രക്ഷിക്കാൻ പോന്നവളും ആണ് ശിവകാമി. പാശ്ചാത്യസങ്കൽ‌പ്പങ്ങളിലെ സ്ത്രീകഥാപാത്രങ്ങളിൽ നിന്നും വേറിട്ടതാണ് കുന്തിയെപ്പോലുള്ള ശക്തിയും രാജ്യതന്ത്രജ്ഞതയും സ്വരൂപിച്ച ഭാരത ഇതിഹാസ സ്ത്രീകൾ. ഭാരതീയ പുരാണേതിഹാസങ്ങളിലെ കഥാംശങ്ങൾ, അതും സ്ഥിരപരിചിതമായവ ഒന്നിച്ച് ചേർക്കാനേ ബാഹുബലി യത്നിച്ചിട്ടുള്ളു. ഇത് കാഴ്ച എളുപ്പമാക്കുകയാണ്. ഷേക്സ്പിയറുടെ ഹാം ലെറ്റും നാടകീയതയ്ക്ക് ചേർത്തിട്ടുണ്ട്. അച്ഛന്റെ സഹോദരസ്ഥനത്തുള്ളയാൾ ദുർഭരണം നടത്തുന്നതും അമ്മയെ തടവിലാക്കുന്നതും ദേശം വിട്ടുപോയ മകൻ പ്രായപൂർത്തിയായപ്പോൾ വന്ന് എല്ലാം വീണ്ടെടുക്കുന്നതും ഹാം ലെറ്റിനെ ഓർമ്മിപ്പിക്കുന്നുണ്ട്.   ഇതേ ഹാംലെറ്റ് ‘ലയൺ കിങ്‘ എന്ന പേരിൽ കാർട്ടൂൺ ആക്കിയിട്ടുണ്ട് ഡിസ്നിക്കാർ. ബാഹുബലി കൂടുതൽ ആ കാർട്ടൂൺ സിനിമയോട് അടുത്താണ്. ലയൺ കിങ്ങിലെ കാട്ടുപോത്തുകളുടെ കൂട്ടയോട്ടം (stampede) ബാഹുബലിയിൽ കാളകളുടേതായി പുനർജ്ജനിച്ചിട്ടുണ്ട്.

പ്രാദേശികമായ സ്വത്വബോധങ്ങളെ ഒട്ടൊന്ന് ചൂഷണം ചെയ്ത് പോപുലാരിറ്റി കൂട്ടാനുള്ള അന്തർധാരയും സജീവമാണ് ബാഹുബലിയിൽ. ശൈവമാണ് ആകെ മൊത്തം. മകൻ ബാഹുബലി ശിവൻ തന്നെ. ശിവശൗര്യം കൂടുതൽ ആവാഹിക്കാൻ ശിവലിംഗത്തിൽ നിന്ന് തന്നെ ഭസ്മം വാരിപ്പൂശുന്നുണ്ട് ഒരു രംഗത്തിൽ. തുടക്കത്തിലും ഒടുക്കത്തിലും ശിവലിംഗ മോട്ടിഫ് ധാരാളം വന്നുപോകുന്നുണ്ട്. ശിവലിംഗവുമായി ഓടുന്ന മകൻ ബാഹുബലിയെ ശിവൻ തന്നെയായിട്ട് നിജപ്പെടുത്താൻ പിറകിൽ പ്രസിദ്ധമായ താണ്ഡവസ്തോത്രം ഉച്ചത്തിൽ കേൾപ്പിക്കുന്നുണ്ട്. (“ജടാകടാഹ സംഭ്രമഭ്രമ…”)   മഹിഷ്മതിയെ ഭരിക്കുന്നത് ശിവകാമിയാണ്. അവർ കുഞ്ഞിനെ സമർപ്പിക്കുന്നത്   പരമേശ്വരനാണ്. പരമേശ്വരന്റെ കൃപയാലാണ് രാജ്യഭരണം എന്ന് പ്രസ്താവിക്കുന്നുമുണ്ട് അവർ. ശക്തിപൂജയോടെ ആണ് യുദ്ധത്തിന്റെ ആചാരത്തുടക്കങ്ങൾ. തെലുങ്കാനയിലും ആന്ധ്രയുടെ മറ്റ് പ്രദേശങ്ങളിലും തമിഴ് നാട്ടിലും ശിവഗോത്രങ്ങൾ ധാരാളമായുണ്ട് ഇന്നും. ഇവരെ പ്രീണിപ്പിച്ച് സിനിമ വിജയം നേടുന്നു. സ്വൽ‌പ്പം സന്തുലിതാവസ്ഥ ആയിക്കോട്ടെ എന്നു വച്ചായിരിക്കും രണ്ടാം ബാഹുബലിയിലെ ദേവസേനയെ കൃഷ്ണഭക്തയായി അവതരിപ്പിച്ചത്. “കണ്ണാ നീ ഉറങ്ങെടാ “ എന്ന പാട്ടുമുണ്ട്.

bahubali, film review, ethiran kathiravan, vishnuram

ഇന്ത്യൻ സൈക്കിൽ സിനിമയ്ക്ക് വേറിട്ട ഇടവും പൂർവ്വാപരസംബന്ധവുമാണ് ഉള്ളത്. സിനിമാതാരങ്ങൾക്ക് അമ്പലം പണിയുന്നവരാണ് നമ്മൾ. കഥാപാത്രത്തിനും അമ്പലം പണിതേയ്ക്കാം –ബാഹുബലിയ്ക്ക് ഒരു അമ്പലം ഉയരാൻ താമസമില്ലെന്ന് അനുമാനിച്ചാൽ തെറ്റില്ല. സമൂഹനീതിയുടെ അപചയം കാരണം സിനിമാ എന്ന ഭാവനാലോകം ഭാരതീയരുടെ ജീവിതത്തിലേക്ക് കടന്നുകയറും, പാശ്ചത്യരാജ്യങ്ങളിലില്ലാത്ത പോലെ. ആഘോഷങ്ങൾ ആചരിക്കപ്പെടുന്നത് സിനിമാപ്പാട്ടുകളിലൂടെയാണ്. കല്യാണങ്ങളും കല്യാണവീഡിയോകളും ഉദാഹരണം.   ഇതിനു മറുപുറം എന്ന കണക്കിൽ അനുഷ്ഠാനങ്ങൾ സിനിമാ ആഘോഷങ്ങളിലേക്ക് കടന്നും കയറും.   ആഘോഷങ്ങൾ വൻ ജനക്കൂട്ടമായി തെരുവിൽ കൊണ്ടാടാനാണ് ശരാശരി ഭാരതീയനു താൽ‌പ്പര്യം. അതുകൊണ്ട് ആൾക്കൂട്ടമനോഭാവത്തെ ഉണർത്തി സംത്രാസപ്പെടുത്തുന്ന സിനിമകളാണ് നിർമ്മിക്കപ്പെടുന്നത്. അവ ആഘോഷത്തിന്റെ ഭാഗം എങ്ങനെയാക്കാം എന്ന ചിന്തയാണ് പ്രേക്ഷകനും നിർമ്മാതാക്കൾക്കും മുഖ്യം. ബാഹുബലി പോലെ ആഡംബരപരതയും ബ്രഹ്മാണ്ഡൻ സ്വരൂപവിലാസവും പേറുന്ന സിനിമകൾ പരക്കെ അംഗീകരിക്കപ്പെടുന്നതിന്റെ സാംഗത്യം ഇവിടെ തെളിയുന്നു. കലാമൂല്യം എന്നത് ഇതിന്റെ ഭാഗമേ അല്ല. പിന്തിരിപ്പൻ ചിന്താഗതികൾക്ക് സർവ്വസ്വീകൃതി ലഭിയ്ക്കുന്നു എന്ന് മാത്രമല്ല അവയെ പുനഃപ്രതിഷ്ഠിക്കാനുള്ള സാദ്ധ്യതകളുമാണ് തുറന്നെഴുന്നത് എന്നത് ഒട്ടും ശുഭോദർക്കമല്ല.

ഷിക്കാഗോ സർവകലാശാലയിൽ സീനിയർ സയന്റിസ്റ്റാണ് ലേഖകൻ.  ശാസ്ത്രവിഷയങ്ങൾ കൂടാതെ സിനിമ, സംഗീതം, കല, സാമൂഹ്യവിഷയങ്ങൾ നൃത്തം എന്നിവയെ അനുബന്ധിച്ചുള്ള ലേഖനങ്ങൾ ആനുകാലികങ്ങളിൽ എഴുതുന്നു.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Baahubali amar chitra katha ethiran kathiravan