വിശ്വാസം സൃഷ്ടിച്ച അയോധ്യയിലെ ‘തർക്കഭൂമി’ നിയമത്തിന്റെ ശക്തമായ കരങ്ങളാൽ ഇല്ലാതാവുകയാണ്. സുപ്രീം കോടതിയുടെ ഈ അന്തിമ വിധിയോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള രാമജന്മഭൂമി – ബാബറി മസ്ജിദ് തർക്കം എന്നന്നേക്കുമായി അവസാനിക്കേണ്ടതാണ്. ഒരു ആധുനിക ജനാധിപത്യ രാഷ്ട്രം എന്ന നിലയിൽ നമുക്കതിനു കഴിയുമെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയൊരു തീരുമാനത്തിലേക്കെത്താൻ ഒരു രാഷ്ട്രം എന്ന നിലയിൽ നമ്മൾ കൊടുത്ത വില വളരെ വലുതാണ്. സുപ്രീം കോടതിയിലെ പരിണത പ്രജ്ഞരായ ന്യായാധിപന്മാരും അത് മനസ്സിലാക്കിയിട്ടുണ്ടാവും. അവരുടെ മുന്നിലെ ഏറ്റവും സാധ്യമായ ഒരു നിഗമനത്തിലാവും അവരും എത്തിച്ചേർന്നിട്ടുണ്ടാവുക.
ഇത്തരമൊരു പ്രശ്നത്തിൽ തീർപ്പ് കൽപ്പിക്കുകയെന്നത് അത്രയൊന്നും എളുപ്പമാവാനിടയില്ല. നീതിപീഠമാണോ ഇതിൽ വിധിയെഴുതേണ്ടത് എന്ന സന്ദേഹം പോലും അവരെ അലട്ടിക്കാണും. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയില്ലായ്മയാണ് ഈ വിഷയത്തെ കോടതിയിലെത്തിച്ചത്. ആ കഴിവുകേടിനെപ്പറ്റി ആരും പറയുകയുമില്ല; ഇനി പറഞ്ഞിട്ടൊട്ട് കാര്യവുമില്ല. എന്നാൽ ഇതിൽനിന്ന് വലിയ പാഠങ്ങൾ ഉൾക്കൊള്ളാനുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട പാഠങ്ങൾ. അതുകൊണ്ടു തന്നെ ഇന്നത്തെ നിർണായക വിധിയിലൂടെ തർക്കഭൂമിയെ ഇല്ലാതാവുന്നുള്ളൂ. ആരോഗ്യകരമായ തർക്കവും സംവാദവും തുടരേണ്ടതുണ്ട് .പുതിയ തർക്കഭൂമികൾ ഉണ്ടാവാതെ നോക്കാൻ നമുക്ക് കഴിയണം. അല്ലെങ്കിൽ നമ്മളൊരു പരാജയപ്പെട്ട ജനതയാണെന്ന് ലോകവും വരാനിരിക്കുന്ന തലമുറകളും വിലയിരുത്തും.
ചരിത്രം, രാഷ്ട്രീയം, വിശ്വാസം
1528ലാണ് മുഗൾ ചക്രവർത്തി ബാബർ അയോധ്യയിൽ മസ്ജിദ് പണികഴിപ്പിച്ചത്. അത് ഏതെങ്കിലും രീതിയിലുള്ള തർക്കത്തിന് അന്ന് കാരണമായിരുന്നതായി ചരിത്രം പറയുന്നില്ല. അതൊരു ക്ഷേത്ര ഭൂമിയാണെന്ന് അന്നാരും തർക്കം ഉന്നയിച്ചില്ല. അതിനു ശേഷം ഏകദേശം മുന്നൂറു വർഷങ്ങൾക്കു ശേഷമാണ് മസ്ജിദ് ഒരു ക്ഷേത്രം തകർത്തുണ്ടാക്കിയതാണെന്ന വാദവും അതിനെത്തുടർന്നുള്ള സംഘർഷങ്ങളും തുടങ്ങിയത്. ആ പ്രശ്നത്തിന്റെ പുറകിൽ ബ്രിട്ടീഷ് ഭരണകൂടം പ്രവർത്തിച്ചു എന്നാണ് ചരിത്രകാരന്മാരും സാമൂഹ്യ ശാസ്ത്രജ്ഞരും കരുതുന്നത്.ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ഹിന്ദുക്കളെയും മുസ്‌ലിമിങ്ങളെയും ഭിന്നിപ്പിക്കാൻ അവർ തീരുമാനിച്ചു. അയോധ്യയെ അവരതിന് കരുവാക്കി. ബാബർ പള്ളിയുടെ മുന്നിൽ ഒരു സ്ഥലം ഹിന്ദു പൂജാരിമാർക്ക് ബ്രിട്ടീഷുകാർ പതിച്ചു നൽകി. അവിടെ ഒരു ഭജനത്തറ പണിയാൻ അനുവദിക്കുകയും ചെയ്തു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇതെല്ലാം.
1885ലാണ് ഈ വിഷയം കോടതിയിലെത്തുന്നത്. ഭജനത്തറമേൽ ഒരു ക്ഷേത്രം പണിയാൻ അനുവാദം ആവശ്യപ്പെട്ടുകൊണ്ടാണ് പ്രശ്നം ഫൈസാബാദ് സബ് കോടതിയിൽ എത്തുന്നത്. അന്നവിടെ ജഡ്ജിയായിരുന്ന ഹരി കിഷൻ ശാസ്ത്രി ആ ഹർജി തള്ളുകയാണുണ്ടായത്. പള്ളിക്കു തൊട്ടുമുന്നിൽ ക്ഷേത്രം പണിയുന്നത് ഹിന്ദു-മുസ്‌ലിം ഐക്യത്തിന് നല്ലതല്ലെന്നു പറഞ്ഞാണ് ആ ജഡ്ജി കേസ് തള്ളിയത്. ആ പഴയ സബ് ജഡ്ജിയെ ഓർക്കാതെ ഈ വിഷയം കടന്നു പോകരുത്. പള്ളി പഴയതുപോലെ അവിടെ നിലകൊണ്ടു. അയോധ്യയിലെ ജനങ്ങൾ പിന്നെയും സമാധാനത്തോടെ കഴിഞ്ഞു കൂടി. ബ്രിട്ടീഷുകാരുടെ ലക്ഷ്യം അയോധ്യയിൽ വിജയം കണ്ടില്ല എന്നർത്ഥം.
സ്വാതന്ത്ര്യാനന്തരമാണ് പ്രശ്നം വീണ്ടും പൊങ്ങിവന്നത്. അതിനു നേതൃത്വം കൊടുത്തത് ആർഎസ്എസും അന്നത്തെ ജനസംഘവുമാണ്. അക്കാലത്ത് അതിന്റെ പുറകിൽ വിചിത്രമായ പല നാടകങ്ങളും നടന്നു. ബാബറി പള്ളിയ്ക്കകത്ത് രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ കൊണ്ടു വച്ച് പുതിയ തർക്കങ്ങൾക്ക് വഴിയൊരുക്കി എന്നുവരെ പറയപ്പെടുന്നു. ഈ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് കെ.കെ.കെ.നായർ എന്ന അയോധ്യയിലെ ജില്ലാ മജിസ്ടേറ്റായിരുന്നു. വർഗീയ വിഷത്തിന്റെ വിത്തുപാകാനാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ശകുന്തള നായർ അവിടെ ഭജനകൾക്ക് നേതൃത്വം കൊടുക്കുകവരെ ചെയ്തുവത്രേ.
ഈ വിവരം അറിഞ്ഞതോടെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പ്രശ്നത്തിൽ ഇടപെടുകയും ആ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്തു. ഇവിടം മുതലാണ് ബാബറി മസ്ജിദിന്റെ പുതിയ രാഷ്ട്രീയ ചരിത്രം തുടങ്ങുന്നത്. നിശ്ചലമായ ആ ആരാധനാലയം മെല്ലെ മെല്ലെ ഇന്ത്യയുടെ വിധി മാറ്റിയെഴുതുകയായിരുന്നു. ഇന്ത്യൻ രാഷ്ടീയത്തിൽ വർഗീയതയുടെ കടന്നുകയറ്റത്തിന്റെ ചരിത്രവും അവിടെ തുടങ്ങുന്നു. പിന്നീടുള്ള ചരിത്രവും രാഷ്ട്രീയവും നമ്മുടെ മുന്നിലുണ്ട്.
Also Read: Ayodhya Verdict: അയോധ്യ കേസ്: സുപ്രീം കോടതി വിധിയുടെ പ്രധാന ഭാഗങ്ങൾ
ബാബറി മസ്ജിദ് ഇല്ലാത്ത ഇന്ത്യ
1992 ഡിസംബർ ആറിന് ഹിന്ദു കർസേവകരാൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടു. മതേതര ഇന്ത്യ മൂകസാക്ഷിയായി. ചരിത്രം മറ്റൊരു തലത്തിലേക്ക് കടക്കുകയായിരുന്നു. ഇന്ത്യയുടെ മതേതരത്വത്തിനുമേൽ ഹിന്ദുത്വ രാഷട്രീയം മേൽക്കോയ്മ നേടുകയും നമ്മുടെ ജനാധിപത്യത്തിൽ ഹിന്ദുത്വം സ്വാധീനമുറപ്പിക്കുകയും ചെയ്ത അധ്യായത്തിന് അവിടെ തുടക്കം കുറിയ്ക്കപ്പെട്ടു. ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയൊരു ദിശാ മാറ്റത്തിനാണ് ഈ സംഭവം സാധ്യതയൊരുക്കിയത്. പിന്നീട് വർത്തമാനകാല ചരിത്രത്തിൽ നമ്മൾ കാണുന്നത് മതേതര രാഷ്ട്രീയം പിന്മാറുന്ന ദാരുണമായ കാഴ്ചയാണ്.
ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ ശക്തിപ്പെടുകയും സമൂഹത്തിന്റെ എല്ലാ രംഗത്തും പിടിമുറുക്കുകയും ചെയ്തു. അത്തരമൊരു ഇന്ത്യയിൽ നിന്നാണ്, അത്തരമൊരു ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ നീതിബോധത്തിന്റെ പിൻബലത്തോടെയാണ് അയോധ്യ അതിന്റെ പുതിയ ജീവിതം ആരംഭിക്കുവാൻ പോകുന്നത്. അത് ഇന്ത്യയെ പലതും ഓർമിപ്പിക്കുന്നുണ്ട്. നഷ്ടപ്പെട്ട പല മൂല്യങ്ങളെയും ഓർമിപ്പിക്കുന്നുണ്ട്. നമ്മൾ പഴയ ഇന്ത്യയല്ല. ഫൈസാബാദിലെ സബ്കോടതിയിൽ നിന്ന് ഡൽഹിയിലെ സുപ്രീം കോടതി വരെ എത്തുന്നതിനിടയിൽ നമുക്ക് വന്ന മാറ്റം സസൂക്ഷ്മം പഠിക്കേണ്ടതുണ്ട്. ഇന്നത്തെ ഇന്ത്യയിൽ ആരും തുല്യരല്ല. അവിടെ അദൃശ്യമായ അസമത്വങ്ങൾ നിറയുകയാണ്. അഞ്ഞൂറു വർഷം നിലനിന്ന ഒരു മുസ്‌ലിം ആരാധാനാലയത്തിന്റെ അസ്തിത്വത്തേക്കാൾ പുരാണത്തിലെ രാമന്റെ വ്യക്തിത്വത്തിനാണ് നമ്മുടെ നീതിബോധം ഇന്ന് വില കൊടുക്കുന്നത്. ആധുനിക കാലത്തെ പൗരരെന്ന നിലയിൽ നമുക്ക് ഇക്കാര്യത്തിൽ ലജ്ജ തോന്നേണ്ടതാണ്.
Also Read: നീതിന്യായ വ്യവസ്ഥയിലെ സുവര്‍ണ അധ്യായം, പുതിയ ഇന്ത്യയെ നിര്‍മിക്കാം: പ്രധാനമന്ത്രി
ഭക്തിയും യുക്തിയും തമ്മിലുള്ള ഏറ്റുമുട്ടലിനകത്തെ നീതിയാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. അത് മതേതര ഇന്ത്യയുടെ നിലനിൽപ്പിനുള്ള വിലയാണെന്ന് കരുതുക. തർക്കഭൂമിയിൽനിന്ന് അയോധ്യ മോചിതയാവട്ടെ. ഇന്ത്യയിലെ മറ്റൊരു ആരാധാനാലയവും അസ്തിത്വ തർക്കവുമായി കോടതി കയറാതിരിക്കട്ടെ. ഇവിടെ തോറ്റുപോകുന്നത് ഭക്തിയും വിശ്വാസവുമാണ്. ജയിക്കുന്നത് മതഭ്രാന്തന്മാരും അധികാരക്കൊതിയന്മാരുമാണ്. നമുക്ക് നിയന്ത്രണമില്ലാതിരുന്ന ഭൂതകാലത്തിന്റെ പേരിൽ കോടതി കയറുന്നത് ഒരു പരിഷ്കൃത സമൂഹത്തിനോ ഭാരതീയ പാരമ്പര്യത്തിനോ ചേർന്നതല്ല എന്ന വലിയ പാഠം നമ്മൾ ഇനിയെങ്കിലും ഉൾക്കൊള്ളണം. അത് വലിയൊരു രാഷ്ടീയ വിദ്യാഭ്യാസം കൂടിയാണ്. ഈ വിധി ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മുഖത്തേറ്റ കനത്ത പ്രഹരം കൂടിയായാണ് ഞാൻ വിലയിരുത്തുന്നത്.
മുല്യബോധമില്ലാത്ത ഒരു രാഷ്ട്രീയ കാലത്തിനു മാത്രമേ ഇത്തരം വിഷയങ്ങളെ കോടതികൾക്ക് വിട്ടുകൊടുത്ത് അണിയറയിൽ കാത്തിരിക്കാൻ സാധിക്കുകയുള്ളൂ. ആചാരങ്ങളും വിശ്വാസങ്ങളും കോടതിയുടെ പരിശോധനയ്ക്ക് അപ്പുറമുള്ള കാര്യങ്ങളാണെന്ന് ഈ വിധിയിലും കോടതി ഓർമിപ്പിക്കുന്നുണ്ട്. ജാഗ്രതയില്ലാത്ത ഒരു സമൂഹത്തിൽ നിതിപീഠങ്ങൾക്ക് അവർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും ചെയ്യേണ്ടി വരും. ചരിത്രം കോടതികളിൽ നിർമിക്കപ്പെടാനോ നിർണയിക്കപ്പെടാനോ എഴുതപ്പെടാനോ ഉള്ള ഒരു ഉല്പന്നമല്ല. ദൈവങ്ങളുടെ ജന്മസ്ഥലത്തെപ്പറ്റിയുള്ള തർക്കങ്ങൾക്ക് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നമ്മൾ മറ്റു മാർഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്.