അയോധ്യ വിധി എല്ലാവരും അംഗീകരിക്കുന്നതായി പൊതുവില്‍ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെങ്കിലും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍അവരുടെ വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. നീതിന്യായതലത്തില്‍നിന്നു നോക്കിയാലും കണ്ണടച്ച് അംഗീകരിക്കാവുന്ന വിധിയല്ല അത്. രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും ഉചിതവും സന്തുലിതവുമായ വിധിയെന്ന നിലയ്ക്കാണ് ഇത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നത്. ഭൂരിപക്ഷ വികാരത്തെ തൃപ്തിപ്പെടുത്തുന്ന ഒരു തീരുമാനം തല്‍ക്കാലത്തേക്ക് സമാധാനം നല്‍കുമെങ്കിലും ആ തീര്‍പ്പ് നീതിയുക്തമല്ലെങ്കില്‍ ആ സമാധാനം നിലനില്‍ക്കാന്‍ പോകുന്നില്ല.
ഭൂരിപക്ഷത്തിന്‍റെ അതിക്രമത്തെ സാധൂകരിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ചു നൂറ്റാണ്ടോളം പഴക്കമുള്ള ഒരു ചരിത്ര നിര്‍മിതിയാണ് ഒരു വന്‍ ജനക്കൂട്ടം അതിക്രമിച്ചുകയറി തച്ചുടച്ചത്. സ്വാഭാവികമായും രണ്ടു തലത്തിലാണ് അവിടെ നീതി നിര്‍വഹിക്കപ്പെടേണ്ടിയിരുന്നത്. ഒന്ന്, അക്രമികളെ ശിക്ഷിക്കുക. രണ്ട്, തകര്‍ക്കപ്പെട്ട നിര്‍മ്മിതി പുനസൃഷ്ടിക്കുക. ഇവിടെ സംഭവിച്ചത് നേരേ തിരിച്ചും. അക്ര മികള്‍ക്ക് അവരുടെ ആക്രമണ ലക്ഷ്യം നേടാനുള്ള നിര്‍മിതിയാണ് ഇപ്പോള്‍ കോടതിയുടെ മുന്‍കയ്യില്‍ സര്‍ക്കാരിനെക്കൊണ്ട് ചെയ്യിപ്പിച്ചുകൊടുക്കുന്നത്. അക്രമികള്‍ക്ക് ശിക്ഷയല്ല, അവരുടെ കുറ്റത്തിന് സാധൂകരണവും പാരിതോഷികവുമാണ് കോടതി നല്‍കിയിരിക്കുന്നത്. മതേതര ജനാധിപത്യ വ്യവസ്ഥയിലെ നീതിന്യായ സമ്പ്രദായത്തെ ആധാരമാക്കിയല്ല കോടതി ഈ വിധി പ്രസ്താവിച്ചതെന്നു വ്യക്തമാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ദീര്‍ഘകാലമായി സാമൂഹ്യമായും രാഷ്ട്രീയമായും ബാധിച്ചുകൊണ്ടിരുന്ന വിവാദ പ്രശ്നത്തിനു സ്ഥായിയായ പരിഹാരം കണ്ടെത്തുകയെന്ന ഉദ്ദേശ്യത്തോടെയുള്ള ഇടപെടലാണ് കോടതി നടത്തിയതെന്ന് കാണാവുന്നതാണ്.
തകര്‍ക്കപ്പെട്ട നിര്‍മിതിക്ക്, പള്ളിക്ക് പകരമായി അയോദ്ധ്യയില്‍ തന്നെ ഒരു പ്രമുഖ സ്ഥാനത്ത് അഞ്ചേക്കര്‍ ഭുമി നല്‍കണമെന്ന കോടതി നിര്‍ദേശം മേല്‍പ്പറഞ്ഞ പരിഹാര ശ്രമത്തിന്‍റെ ഭാഗമാണെന്നു കാണാം. നിയമപരമായ പരിഹാരമെന്നതിനപ്പുറത്തു ഭരണഘടനയിലെ 142 വകുപ്പ് പ്രകാരം സമഗ്ര പരിഹാരം ലക്ഷ്യം വച്ചുകൊണ്ടുള്ള ഇടപെടലാണത്രേ കോടതി നടത്തിയത്. വലിയൊരു സംഘര്‍ഷപ്രശ്നത്തിനു പരിഹാരമെന്ന നിലയ്ക്ക് കോടതി ഇടപെടല്‍ സ്വീകാര്യമാവുമ്പോള്‍ തന്നെ ഈ മൊത്തം വിഷയത്തിന്‍റെ പിന്നില്‍ പ്രവ ര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയധാരയെ അവഗണിച്ചുകൂടാ. ആ പശ്ചാത്തലത്തിലേക്ക് ഒന്ന് നോക്കാം.
ആധുനിക ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തെ നിര്‍ണായകമായി വഴി തിരിച്ചുവിടുന്നതില്‍ ബാബറി മസ്ജിദ് വിവാദം ചെലുത്തിയ സ്വാധീനം മറ്റൊരു രാഷ്ട്രീയ ഇടപെടലിനും കഴിയാത്ത വിധം ആഴത്തിലുള്ളതായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യവര്‍ഷങ്ങളില്‍ അതിവിപുലമായ ബാബറി മസ്ജിദ് സമുച്ചയത്തില്‍ ഒരു ചെറു ഭാഗം മാത്രമാണ് കുറച്ചു മുസ്ലിങ്ങള്‍ ആരാധനക്കായി ഉപയോഗിച്ചിരുന്നത്. 1949 ഡിസംബര്‍ 22നു അര്‍ദ്ധരാത്രിക്കു ശേഷം അറുപതോളം വരുന്ന ഹിന്ദുക്കള്‍ പ്രസ്തുത പള്ളി ഭാഗത്ത് അതിക്രമിച്ചു കടന്ന് ഒരു രാമവിഗ്രഹം പ്രതിഷ്ഠിക്കുകയുണ്ടായി. അപ്പോള്‍ അവിടത്തെ പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹിന്ദുവായ പോലീസ് ഉദ്യോഗസ്ഥന്‍ എഴുതിവച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ വിഗ്രഹം എടുത്തുമാറ്റാന്‍ നിര്‍ദേശമുണ്ടായെങ്കിലും ഫൈസാബാദിന്‍റെ ഡെപ്യൂട്ടി കമ്മിഷണറും ജില്ലാ മജിസ്ട്രേറ്റുമായിരുന്ന ആലപ്പുഴക്കാരന്‍ കെ.കെ.കെ.നായര്‍ അത് ചെയ്തിലെന്നുമാത്രമല്ല. രാമ വിഗ്രഹം പൂജിക്കാന്‍ ഹിന്ദുക്കള്‍ക്ക് പ്രത്യേകാനുമതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് അത് ആരും ശ്രദ്ധിക്കാത്ത ഒരു വിഷയമായി മാറുകയും ചെയ്തു. ജനസംഘം പ്രത്യുപകാരമായി പിന്നീട് നായര്‍ക്കു പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു.
പഞ്ചാബില്‍ സിഖ് തീവ്രവാദികളെ നേരിടാൻ ഇന്ദിരാഗാന്ധിയുടെ കാലത്ത് നടത്തിയ സുവര്‍ണക്ഷേത്ര ആക്രമണത്തിനുള്ള പ്രതികാരമെന്ന നിലയ്ക്ക് 1984-ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ പ്രകടമായ സിഖ് വിരുദ്ധ ഹിന്ദു വികാരം രാജീവ് ഗാന്ധിക്കു വന്‍ ഭൂരിപക്ഷം നേടിക്കൊടുക്കുകയാണുണ്ടായത്. അതിനുള്ള പ്രത്യുപകാരമെന്ന നിലയ്ക്ക് രാജീവ് ഗാന്ധി ഹിന്ദുക്കള്‍ക്കായി ഗംഗാനദി ശുദ്ധീകരിക്കാനുള്ള പദ്ധതി നടപ്പിലാക്കിയതിനോടൊപ്പം രാമവിഗ്രഹം പൂജിക്കാനായി ബാബറി മസ്ജിദ് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിക്കുമുന്നിലുണ്ടായിരുന്ന കേസില്‍ അനുകൂലമായി ഇടപെടുകയും ചെയ്തു. അപ്പോള്‍ മാത്രമാണ് മസ്ജിദ് വിഷയം ഹിന്ദുത്വശക്തികള്‍ ശ്രദ്ധിക്കുന്നതു തന്നെ.
മസ്ജിദ് പൊളിക്കാതെ അതിനടുത്തു രാമക്ഷേത്രം പണിതു കൊടുക്കാമെന്ന നിര്‍ദേശം രാജീവ് ഗാന്ധി മുന്നോട്ടുവയ്ക്കുകയുണ്ടായി. പക്ഷെ ഹിന്ദുത്വശക്തികള്‍ അവസരം ശരിക്കും ഉപയോഗപ്പെടുത്തി, മസ്ജിദ് പൊളിച്ച് അതിന്‍റെ സ്ഥാനത്തു രാമക്ഷേത്രം പണിയണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് മുന്നേറി. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദുത്വ രാഷ്ട്രീയം മുന്പന്തിയിലേക്കെത്തുന്നത് ഇതോടെയാണ്. രാമജന്മഭൂമി എന്നവകാശപ്പെടുന്ന തര്‍ക്കഭൂമിയില്‍ 1989-ല്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിനു വേണ്ടി തറക്കല്ലിടുകയും ചെയ്തു.
ഈ സവര്‍ണ മുന്നേറ്റത്തിനു തടയിടാനെന്ന വണ്ണം ഉത്തരേന്ത്യയിലെ ലോഹ്യ സോഷ്യലിസ്റ്റുകളുടെ പ്രേരണയില്‍ വി.പി.സിങ് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതോടെ ബാബറി മസ്ജിദ് വിഷയം തല്‍ക്കാലത്തേക്കെങ്കിലും പിന്തള്ളപ്പെട്ടുപോയി. എങ്കിലും ഹിന്ദുത്വ ശക്തികള്‍ മസ്ജിദ് വിഷയം കൈവിടാതെ അദ്വാനിയുടെ രഥയാത്ര പോലുള്ള പരിപാടികളിലൂടെ മുന്നോട്ടു കൊണ്ടുപോവുകയുമായിരുന്നു. 1991-ല്‍ ബി.ജെ.പി. യു.പിയില്‍ അധികാരത്തില്‍ വന്നപ്പോള്‍ മസ്ജിദിനോട് ചേര്‍ന്നുണ്ടായിരുന്ന വഖഫ് ബോര്‍ഡിന്‍റെ ഉടമസ്തതയിലുണ്ടാ യിരുന്ന 2.77ഏക്കര്‍ ഭൂമി യു.പി. സര്‍ക്കാര്‍ ഏറ്റെടുക്കുകയാണുണ്ടായത്.
1992 ഡിസംബറില്‍ വിശ്വഹിന്ദു പരിഷത് മസ്ജിദ് പരിസരത്തു സംഘടി പ്പിച്ച വന്‍ റാലിയുടെ അന്തരീക്ഷം ഉപയോഗിച്ച് ബാബറി മസ്ജിദ് തകര്‍ക്കുകയും ചെയ്തു. പക്ഷെ ഇത് സംഭവിച്ച ഉത്തര്‍പ്രദേശില്‍ ഉടനെ നടന്ന തിരഞ്ഞെടുപ്പില്‍ പിന്നോക്ക, ദളിത് വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ഒരുമിച്ചു നിന്ന് ബി.ജെ.പി.യെ പരാജയപ്പെടുത്തുകയും അധികാരത്തില്‍ വരുകയുമുണ്ടായി. ഹിന്ദുത്വ ശക്തികള്‍ക്ക് ഹിന്ദുക്കളിലെ ഭൂരിപക്ഷത്തെയും കൂടെ നിര്‍ത്താനായില്ലെന്ന് ചുരുക്കം.
പള്ളി പൊളിച്ച സ്ഥാനത്തു രാമക്ഷേത്രം പണിയുകയെന്ന ലക്ഷ്യവുമായി ഹിന്ദുത്വശക്തികള്‍ നീങ്ങിയെങ്കിലും അധികം മുന്നേറാനായില്ല. ഭൂമിയുടെ അവകാശം സംബന്ധിച്ച നിയമ നടപടികളിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. അവസാനം 2010-ല്‍ അലഹബാദ് ഹൈക്കോടതി മൂന്നു കൂട്ടര്‍ക്കായി തര്‍ക്കഭൂമി വീതിച്ചു നല്കിയതിനെതിരായി സുപ്രീംകോടതിയില്‍ എത്തിയ കേസിലെ വിധിയാണ് ഇപ്പോളുണ്ടായിരിക്കുന്നത്. അപ്പീല്‍ നല്‍കിയ കക്ഷികള്‍ ലക്ഷ്യം വയ്ക്കാത്ത, പ്രതീക്ഷിക്കുക പോലും ചെയ്യാത്ത വിധിയാണ് ഇപ്പോളുണ്ടായിരിക്കുന്നത്. ഈ കക്ഷികള്‍ക്കപ്പുറത്തു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം നേടിക്കഴിഞ്ഞിട്ടുള്ള ഹിന്ദുത്വ ശക്തികള്‍ ആരംഭം മുതല്‍ക്കേ ലക്ഷ്യമാക്കിയിരുന്ന ഫലമാണ് ഈ കോടതിവിധിയിലൂടെ ലഭ്യമായിരിക്കുന്നത്.
അഞ്ചു പ്രഗത്ഭ ജഡ്ജിമാരുടെ സര്‍വസമ്മത വിധിയാണ് ഇതെന്നതു കൊണ്ട് ഇതിന്‍റെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതില്ല. എങ്കിലും, ഫലത്തില്‍ മുകളില്‍ സൂചിപ്പിച്ച ഫലപ്രാപ്തിയാണ് സംഭവിക്കുന്നതെന്ന കാര്യം വിസ്മരിച്ചുകൂടാ. ദീര്‍ഘകാല സംഘര്‍ഷങ്ങള്‍ക്ക് അറുതിയാവുമെന്ന പൊതുവിശ്വാസം സാക്ഷാല്‍ക്കരിക്കപ്പെടുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം.