റാം. ആ അഭിസംഭോധന തന്നെ ധാരാളം. ‘ജയ് ശ്രീറാം’ എന്ന വിജയഭേരി ആവശ്യമില്ല. വിജയം പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യകത വരുന്നത് പരാജയം സംഭവിക്കാന്‍ സാധ്യതയുള്ളപ്പോഴാണ്. എന്റെ ജീവിതത്തിലെ തിളക്കമാർന്നതും അടുപ്പമുള്ളതുമായ സാന്നിധ്യമായിരുന്നു നിങ്ങൾ എന്ന കുമ്പസാരം ഈ വേളയില്‍ ഞാനും നടത്തിക്കൊള്ളട്ടെ. ഞങ്ങളുടെ ആത്മസത്തയുടെ അടിസ്ഥാനം. നിങ്ങളായിരുന്നു മനസും ഇന്ദ്രിയങ്ങളും. നിങ്ങളായിരുന്നു സദ്ഗുണങ്ങൾ, അനുകമ്പയും ഭവിഷ്യജ്ഞാനവും.

ദുരിതത്തിന്റെ വേദനയിലും വിമോചനത്തിന്റെ നിര്‍വൃതിയിലും ഉച്ചരിക്കപ്പെട്ട പേര്. കുടുംബസ്ഥന്‍, മകൻ, സഹോദരൻ, ശിഷ്യൻ, സുഹൃത്ത് ഇവയൊക്കെയായിരുന്നു. രാജാവായിരുന്നു, രാജ്യം ത്യജിച്ചവനും. ധർമ്മമായിരുന്നു, ഇടയ്ക്ക് ക്രൂരവും അന്യായവും. ആ ക്രൂരത തിരിച്ചറിയുന്ന വേദനയുമായിരുന്നു. ദിവ്യനായിരുന്നു, ചിലപ്പോള്‍ ദിവ്യത്വമില്ലാത്ത മനുഷ്യനും. ഉണര്‍വ്വിലേയും ഉറക്കത്തിലേയും അഭയസ്ഥാനമായിരുന്നു. തുളസിദാസ് പറഞ്ഞ ‘ഗരീബ് നിവാജ്.’*

ഇന്ന്, നിങ്ങളുടെ പേരിൽ യുദ്ധം ചെയ്തവർ അയോധ്യയിലെ നിങ്ങളുടെ ക്ഷേത്ര സമർപ്പണം നടത്തുകയാണ്. ഭക്തിയെന്നും നിങ്ങളുടെ പരമാധികാരത്തോടുള്ള ആത്യന്തിക അനുസരണമാണെന്നും അവരതിനെ വിവരിക്കുന്നു. ക്രൂര ആക്രമണകാരികളാൽ അപമാനിക്കപ്പെട്ട വിശുദ്ധമായ രാമജന്മഭൂമിയുടെ വീണ്ടെടുപ്പാണ് എന്ന് പറയുന്നു. ഹിന്ദുക്കള്‍ നേരിട്ട അപമാനത്തിന്റെ മറികടക്കലായി അവർ ഇതിനെ വിശേഷിപ്പിക്കുന്നു. രാമരാജ്യത്തിന്റെ പുതിയ നവോത്ഥാനമായാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. വീണ്ടെടുത്ത അഭിമാനത്തില്‍ അഭിരമിക്കുന്ന, ശക്തി കൊണ്ട് ഐക്യപ്പെടുന്ന, ഒരു സമൂഹത്തിന്റെ പ്രതീകമായിരിക്കും ഇനി നിങ്ങൾ. തകർന്ന സംസ്കാരത്തിന്റെ സമ്പൂർണ്ണത വരുത്തലും കൂടിയാണിത് എന്ന് പറയാം.

നിങ്ങളുടെ പേരിൽ യുദ്ധം ചെയ്തവർ ഇന്ന് അയോധ്യയിലെ ക്ഷേത്രം നിങ്ങള്‍ക്ക് സമർപ്പിക്കും. പരമോന്നതമായ പ്രവര്‍ത്തി എന്നവര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. പക്ഷേ എനിക്കറിയാം, നിങ്ങളെ അവിടെ കണ്ടെത്താനാവുകയില്ലെന്ന്. കാരണം, ഇപ്പോള്‍ പ്രതിഷ്‌ഠിക്കപ്പെടുന്നത് അക്രമാസക്തമായ, കൂട്ടമായ നാർസിസിസത്തിന്റെ സ്മാരകമാണ്. അത് അപകടകരവും അനാവശ്യവുമാണ് എന്ന് നിങ്ങൾക്കറിയാം. നിങ്ങളെ യഥാർത്ഥത്തില്‍ മനസിലാക്കുമ്പോള്‍ നിറവ്; അഹങ്കാരത്തോടെ അനുകരിച്ചാൽ അപകടകരവും. മനുഷ്യരൂപത്തില്‍ എത്തിയ നിങ്ങളെ വാൽമീകി ‘നര ചന്ദ്രമ’ (മനുഷ്യർക്കിടയിലെൽ ചന്ദ്രൻ) എന്നാണ് വിശേഷിപ്പിച്ചത്. ഇതിഹാസകവിയ്ക്ക് നിങ്ങളെ നന്നായി അറിയാമായിരുന്നല്ലോ. ചന്ദ്രന്റെ കളങ്കങ്ങളും അദ്ദേഹം കണ്ടിരുന്നല്ലോ. ത്യാഗത്തിന്റെ സംഗ്രഹമാണ് നിങ്ങൾ.

Read full text in Indian Express: Ayodhya’s Ram temple is first real colonisation of Hinduism by political power, writes Pratap Bhanu Mehta 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook