ഒരു നിമിഷത്തിന്റെ അര്‍ത്ഥം പൂര്‍ണ്ണമായും ഗ്രഹിക്കുമ്പോഴാണ് അതിനു ബദലുകള്‍ തിരയുന്നതിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ സാധിക്കുക. അവിടെ വേണ്ടത് ഒച്ചയെടുക്കലോ വാചകക്കസര്‍ത്തോ അല്ല, മറിച്ച് അര്‍ത്ഥം ഗ്രഹിക്കാനുള്ള ശാന്തമായ ശ്രമമാണ്. അത്തരത്തില്‍ മനസിലാക്കപ്പെടേണ്ട നിമിഷങ്ങള്‍ ചേര്‍ന്നതാണ് 2019, 2020 വര്‍ഷങ്ങളിലെ ഓഗസ്റ്റ് 5. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് മുമ്പു തന്നെ ബിജെപി അതിന്റെ ലക്ഷ്യത്തില്‍ എത്തിയിരിക്കുന്നു എന്ന് സംശയം തോന്നും, ചില കോണ്‍ഗ്രസ് നേതാക്കളുടെ സ്വയം വഞ്ചനാപരമായ പ്രസ്താവനകള്‍ കേട്ടാല്‍.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ ഒരു പുതിയ രാഷ്ട്രീയ അരങ്ങിലേക്ക് കടന്നിരിക്കുകയാണല്ലോ, അത് കൊണ്ട് തന്നെ ഇന്ന് അയോധ്യയില്‍ ഭൂമി പൂജ ചടങ്ങില്‍ പ്രധാനമന്ത്രി ഒരു പുതിയ ‘റിപ്പബ്ലിക്കിന്റെ’ ആരംഭം പ്രഖ്യാപിച്ചേക്കാം. ഈ പുതിയ ഇന്ത്യ നിലകൊള്ളുന്ന സ്തംഭങ്ങള്‍ ഏതൊക്കെയെന്നു തിരിച്ചറിയാന്‍ തുടങ്ങേണ്ട, പുതിയ ക്രമീകരണങ്ങളെ ഒരു റിപ്പബ്ലിക്ക് എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുമോ എന്ന് ചോദിക്കേണ്ട സമയമാണിത്. (മേക്കിംഗ് സെന്‍സ് ഓഫ് ഇന്ത്യന്‍ ഡെമോക്രസി എന്ന തന്റെ പുതിയ പുസ്തകത്തിന്റെ ആമുഖത്തില്‍, യോഗേന്ദ്ര യാദവും ‘രണ്ടാം റിപ്പബ്ലിക്കിന്റെ’ സമാനത വിവരിക്കുന്നു).

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ചിലപ്പോള്‍ വിള്ളലുകള്‍ വരുത്താറുണ്ട്. അത്തരമൊരു വിള്ളല്‍ 2014 സംഭവിക്കും എന്നത് മുന്‍കൂട്ടിത്തന്നെ കാണാന്‍ കഴിഞ്ഞിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി രാഷ്ട്രീയവ്യവസ്ഥയെ പുനസംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ആദ്യത്തെ അഞ്ചു കൊല്ലം ഭരണകൂടത്തിന്റെ എല്ലാ തുറകളിലും പിടി മുറുക്കുന്ന തിരക്കിലായിരുന്നു ഈ സര്‍ക്കാര്‍. പുതിയ റിപ്പബ്ലിക്കിന്റെ നിര്‍മ്മിതിക്കായുള്ള നിലമൊരുക്കിയത് പ്രധാനമായും ആസൂത്രിതമായ വിജിലാന്റിസം, ഗോരാഷ്ട്രീയം, മതപരിവര്‍ത്തനം എന്നിവയിലൂടെയാണ്. വിദ്യാര്‍ത്ഥി സമൂഹവുമായുള്ള ഏറ്റുമുട്ടലുകളിലൂടെ ഈ ഭരണകൂടം രണ്ട് കാര്യങ്ങളാണ് സൂചിപ്പിച്ചത്: അധികാരത്തിന്റെ വിനാശകരമായ പ്രയോഗത്തിനോടുള്ള ആസക്തി, ദേശീയതയുടെയും ജനാധിപത്യത്തിന്റെയും ഒരു ബൈനറി അവതരിപ്പിക്കാനുള്ള കഴിവ്. അതില്‍ തന്നെ ജനാധിപത്യ വാദത്തിനെ ദേശവിരുദ്ധതയായി ചിത്രീകരിക്കാനുള്ള കുത്സിത ശ്രമങ്ങളും.
കഴിഞ്ഞ 15 മാസങ്ങളിൽ ഭരണഘടന മാറ്റിയെഴുതുന്നതിനും ഭരണകൂട അധികാരത്തിന്റെ ഒരു പുതിയ വ്യാകരണം കൊണ്ടു വരുന്നതിനും കൂടുതൽ ആസൂത്രിതവും നിഷ്കരുണവുമായ നടപടിയും കണ്ടു. താരതമ്യേന മൃദുവായ ലക്ഷ്യത്തിലാണ് ഇത് ആരംഭിച്ചത് – മുത്തലാക്ക് പ്രശ്നം. മുസ്ലിംകൾക്കിടയിലെ യാഥാസ്ഥിതികർക്ക് മാത്രമേ ഇതിനെ എതിര്‍ക്കാന്‍ പറ്റുമായിരുന്നുള്ളൂ. എന്നാൽ ഈ സമ്പ്രദായം നിരോധിക്കുന്നതു വഴി, ഇതൊരു ക്രിമിനല്‍ നടപടിയായി മാറ്റാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തുക വഴി, തങ്ങളുടെ ഉദ്ദേശം പരിഷ്കരണമല്ല പകരം ശിക്ഷിക്കലാണ് എന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തി.
പിന്നീട് നടന്നത് ഇന്ത്യന്‍ റിപ്പബ്ലിക്കിന് നേരെ കൂടുതൽ നേരിട്ടുള്ള ആക്രമണങ്ങളാണ്. ജമ്മു കശ്മീരിലെ കടുത്ത നിയമപരമായ ഇടപെടലും പൗരത്വ നിയമ ഭേദഗതി പാസാക്കിയതും ഭരണഘടനയുടെ അടിത്തറയെ വെല്ലുവിളിച്ചു കൊണ്ടാണ്. ജമ്മു കശ്മീരിൽ, പ്രശ്നം കേവലം അനുച്ഛേദം 370 മാത്രമല്ല, ‘അസിമട്രിക് ഫെഡറലിസ’ത്തിലെ ധീരമായ പരീക്ഷണവുമായിരുന്നു. തുടര്‍ന്നു വന്ന പൗരത്വ ഭേദഗതി നിയമം (CAA) എല്ലാ മതങ്ങളും തുല്യമല്ലെന്ന് സൂചന തന്നു. പുതിയ റിപ്പബ്ലിക്ക് കശ്മീരിലെ സമൂഹത്തെ അടച്ചു പൂട്ടി. സിഎഎയാകട്ടെ, ഭരണകൂട അടിച്ചമർത്തല്‍ കൊണ്ട് വന്ന്, പഴയ ക്രമത്തെ ഉയർത്തിപ്പിടിക്കുന്നവരെ ദേശവിരുദ്ധരെന്നു മുദ്ര കുത്തി.

ഇപ്പോൾ, അനുച്ഛേദം 370 പൊളിച്ചു മാറ്റിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്, ഇന്ത്യ ആദ്യത്തെ റിപ്പബ്ലിക്കിന്റെ അടിസ്ഥാനശിലയായ വിവിധ മതങ്ങളുടെ ഉള്‍ക്കൊള്ളലിന്റെ അസ്ഥിവാരമിളക്കുകയാണ്. അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിയാകട്ടെ, മുസ്ലിംകൾക്ക് ഒരു ‘ബദൽ’ സൈറ്റ് നൽകണമെന്ന ഉത്തരവിലൂടെ പൊതുയിടങ്ങളില്‍ നിന്നും രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്നുമുള്ള മുസ്ലികളുടെ ഒഴിവാക്കലിനെ ഔപചാരികമാക്കി. അതേ സമയം, ഭരണകൂടവും അതിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് കൊണ്ടുള്ള ആഘോഷത്തിമിര്‍പ്പുകള്‍ അടിവരയിടുന്നത് പുതിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാനം ഹിന്ദു മതം എന്നതാണ്.
Read in Indian Express: At Ayodhya, we will see Dismantling of the Old, and the Bhoomi Pujan of the New Republic