ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനു മുന്‍പ്, നരേന്ദ്ര മോദി വീണ്ടും അധികാ രത്തില്‍ വരുകയാണെങ്കില്‍ ഇന്ത്യയിലെ മതേതര ജനാധിപത്യത്തിന്‍റെ ഭാവി അപകടത്തിലാവുമെന്നു ജനാധിപത്യവിശ്വാസികള്‍ പൊതുവില്‍ ആശങ്കപ്പെട്ടിരുന്നു. ആ ആശങ്കകള്‍ യാഥാര്‍ത്ഥ്യങ്ങളാവുകയാണെന്ന് കരുതേണ്ടിവരുന്ന വിധമുള്ള സംഭവവികാസങ്ങളാണ് സമീപകാലത്ത് ആസൂത്രിതമായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

വിവിധ കോണുകളില്‍ നിന്ന് പരസ്പര ബന്ധമില്ലാത്ത വിധം ഇടപെടലുകളിലൂടെയാണ് ഒരു പൊതു അന്തരീക്ഷം ഒരുക്കിക്കൊണ്ടിരിക്കുന്നത് ഈ പൊതു അന്തരീക്ഷത്തിലെ ഏറ്റവും പ്രധാന ഘടകം ഭയ സൃഷ്ടിയാണ്. വിമത ശബ്ദങ്ങളെയും, ചിന്തകളെപ്പോലും ഭയപ്പെടുത്തി നിര്‍ത്താനുള്ള നീക്കങ്ങള്‍ എങ്ങും കാണാം. ഗോരക്ഷകരുടെ ആക്രമണം മുതല്‍ കാശ്മീരില്‍ 370 വകുപ്പ് എടുത്തുകളഞ്ഞത് വരെയുള്ള നടപടികളെല്ലാം ഈ ലക്ഷ്യം വെച്ചുള്ളവ തന്നെയാണ്. എല്ലാ ജനാധിപത്യവിരുദ്ധ ശക്തികളും ജനങ്ങളെ അടക്കിനിര്‍ത്താന്‍ എന്നും ഉപയോഗിച്ചുപോന്നിട്ടുള്ളത് ഭയാന്തരീക്ഷത്തെ തന്നെയാണ്. ഹിന്ദുത്വശക്തികള്‍ ഇത് നേരത്തെ തന്നെ പ്രയോഗിച്ചു തുടങ്ങിയിരുന്നു.

2013-ലാണ് പൂനെയിലെ യുക്തിവാദിയും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടുന്നയാളുമായി പരക്കെ അറിയപ്പെട്ടിരുന്ന നരേന്ദ്ര ധബോല്‍ക്കാര്‍ നിഷ്ടൂരമായി കൊലചെയ്യപ്പെട്ടത്. സമാനസ്വഭാവക്കാരായ ഗോവിന്ദ പന്സാരെയും (മുംബെ),  എം.എം.കല്‍ബുര്‍ഗിയും (ധാര്‍വാര്‍) വധിക്കപ്പെട്ടതു 2015-ലാണ്. സ്വതന്ത്ര പത്രപ്രവര്‍ത്തകയും സാമൂഹ്യവിമര്ശകയുമായിരുന്ന ഗൗരി ലങ്കേഷ് (ബംഗലൂരു) കൊല്ലപ്പെട്ടത് 2017-ലാണ്. ഇതെല്ലാം ചെയ്തത് പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹിന്ദു തീവ്രവാദി സംഘങ്ങളാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. ഇത്തരം തീവ്രവാദി സംഘങ്ങള്‍ ഉത്തര്‍പ്രദേശില്‍ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗോരക്ഷകസംഘങ്ങള്‍ എന്നെല്ലാം പേര് പറഞ്ഞു ഇത്തരക്കാര്‍ കന്നുകാലികളെയും മറ്റും കൊണ്ടുപോകുന്നവരെയെല്ലാം തടഞ്ഞു നിര്‍‍ത്തി അവര്‍ പശുക്കളെ കൊല്ലുന്നവരാണെന്നു ആരോപിച്ച് ആക്രമി ക്കുകയും ചിലപ്പോള്‍ കൊല്ലുകവരെ ചെയ്യുന്ന ക്രൂരതകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഈ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള നടപടികള്‍ പോകട്ടെ, ഇവയിലെ കുറ്റവാളികള്‍ക്കെതിരെ പോലും നടപടികളെടുക്കാതെ ഫലത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

k venu , kashmir, modi, iemalayalam

ഈ സന്ദര്‍ഭത്തില്‍ 2018 ജനുവരി ആദ്യം സുപ്രീംകോടതിയില്‍ അരങ്ങേറിയ ഒരു സവിശേഷ സംഭവത്തെക്കുറിച്ച് പറയേണ്ടതുണ്ട്. സുപ്രീം കോടതിയില്‍ ശ്രദ്ധേയമായ അനവധി വിധികള്‍ പുറപ്പെടുവിച്ചിട്ടുള്ള ജസ്റ്റിസ് ചെലമേശ്വറും മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും ഉള്‍പ്പെടെ നാല് സുപ്രീം കോടതി ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്ത അസാധാരണ സംഭവമാണ് ഇവിടെ ഉദ്ദേശിച്ചത്. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഉള്‍പ്പെടെയുള്ള ആ നാലുപേര്‍ക്കും വേണ്ടി മുഖ്യമായും സംസാരിച്ചത് ജസ്റ്റിസ് ചെലമേശ്വര്‍ ആയിരുന്നു.

ജനാധിപത്യവ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ നീതിന്യായ വ്യവസ്ഥ യുടെ കേന്ദ്രസ്ഥാനമായ സുപ്രീംകോടതിയില്‍ കാര്യങ്ങള്‍ ശരിയായ രീതിയിലല്ല നടക്കുന്നതെന്നും ജനാധിപത്യ സമ്പ്രദായത്തെ തന്നെ തുരങ്കം വെക്കാവുന്ന വിധം ഈ പ്രവണതകള്‍ വളരുന്നത്‌ കാണുന്നത് കൊണ്ടാണ് തങ്ങളിത് തുറന്നു പറയാന്‍ തയ്യാറായതെന്നും അദ്ദേഹം വിശദീകരിക്കുക യുണ്ടായി. ഇക്കാര്യങ്ങള്‍ പറയുന്ന ഒരു കത്ത് തങ്ങള്‍ ചീഫ് ജസ്റ്റിസിന് നല്‍കിയിട്ട് മറുപടി കിട്ടിയില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. സംഗതികളുടെ വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തിയില്ലെങ്കിലും രാഷ്ട്രീയാധികാര കേന്ദ്രങ്ങള്‍ കോടതികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസ്സമാവും വിധം ഇടപെടുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് അവര്‍ നല്‍കിയത്.

ഈ ജഡ്ജിമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ നമ്മുടെ ജനാധിപത്യം എത്തിനില്‍ക്കുന്ന അപചയാവസ്ഥയെ കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും ഈ ജഡ്ജിമാര്‍ ഈ വിധം മുന്നോട്ടു വന്നത് നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിന്‍റെ ചലനാല്‍മകതയായിട്ടു കൂടി കാണേണ്ടതാണ്. എന്നാല്‍ ഈ കലാപ ജഡ്ജിമാരില്‍ ഒരാളായ രഞ്ജന്‍ ഗോഗോയ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴും നടക്കുന്നത് ഇതൊക്കെ തന്നെയാണെന്ന യാഥാര്‍ഥ്യം അവസ്ഥയുടെ ഗുരുതര സ്വഭാവത്തെയാണ്‌ അനാവരണം ചെയ്യുന്നത്.

ഇതുവരെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്  ആയിരുന്ന വിജയ കമലേഷ് താഹില്‍രമണി ആ സ്ഥാനത്തുനിന്നു രാജി വെക്കാന്‍ ഇടയായ സാഹചര്യമാണ് സൂചിപ്പിച്ചത്. പല പ്രമുഖ ഹൈക്കോടതികളിലും ജഡ്ജിയായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള, 56 ജഡ്ജിമാരുള്ള മദ്രാസ്‌ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുള്ള താഹില്‍രമണിയെ, പെന്‍ഷന്‍ പറ്റാന്‍ ഒരു വര്ഷം മാത്രമുള്ള വേളയില്‍ മൂന്നു ജഡ്ജിമാര്‍ മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതാണ് രാജിക്ക് കാരണമായത്‌.

ജസ്റ്റിസ് താഹില്‍രമണി മാത്രമല്ല, മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷക സമൂഹവും സ്വതന്ത്രമായി ചിന്തിക്കുന്ന ഏവരും ഇതിനെ ഒരു പകപോക്കല്‍ നടപടിയായിട്ടാണ് കാണുന്നത്. ഇതിനു പിന്നിലുള്ള കാരണം കൂടി വെളിപ്പെട്ടതോടെ ഈ ചിന്താഗതി ശക്തി പ്രാപിച്ചിരിക്കുകയാണ്.

2002-ലെ ഗുജറാത്ത് കലാപത്തിലെ പ്രധാനകേസുകളിലൊന്നായ ബില്‍ക്കിസ് ബാനോ ബലാല്‍സംഗക്കേസിലെ 11 പ്രതികളുടെ ശിക്ഷ ശരി വെച്ചത് ജസ്റ്റിസ് താഹില്‍രമണിയായിരുന്നു. മാത്രമല്ല, ഡോക്ടര്‍മാരും പോലീസുകാരും ഉള്‍പ്പെടെ ഏഴു പ്രതികളെ വെറുതെ വിട്ട നടപടി അവര്‍ റദ്ദാക്കുകയും ചെയ്യുകയുണ്ടായി. അമിത്ഷായുടെയും മോദിയുടെയും പ്രതികാരാഗ്നി തിളപ്പിക്കാന്‍ ഇത് ധാരാളം. രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഈ പ്രതികാരനടപടി ഇപ്പോള്‍ നടപ്പിലാക്കിയത് പഴയ കലാപ ജഡ്ജി ചീഫ് ജസ്റ്റിസ് ആയിരിക്കുമ്പോഴാണെന്നത് കൗതുകകരമായ കാര്യമാണ്. കോടതികളുടെ മേല്‍ പോലും രാഷ്ട്രീയനേതൃത്വം അടിച്ചേല്‍പ്പിക്കുന്ന മേധാവിത്തം എത്രമാത്രം ഭീകരമാണെന്നാണ് ഇത് കാണിക്കുന്നത്.k venu , kashmir, modi, iemalayalam

ഭയാന്തരീക്ഷ സൃഷ്ടിയിലേക്കു തന്നെ വരാം. സമീപകാലത്ത് അധികാര കേന്ദ്രങ്ങളെ വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്ന ബുദ്ധിജീവികളെയും സാമൂഹ്യ പ്രവര്‍ത്തകരെയുമെല്ലാം ഭയപ്പെടുത്താനായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുള്ള പ്രയോഗമാണ് നഗര നക്സലുകള്‍ (Urban Naxals) എന്നത്.

ഈ പ്രയോഗത്തിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ഒരു ചരിത്രമുണ്ട്. 2018 ആഗസ്റ്റിലാണ് സംഭവം. ഒരു ചരിത്ര സംഭവത്തിന്‍റെ അനുസ്മരണച്ചടങ്ങുമായി നടന്ന ഒരു അറസ്റ്റ് ആണ് സന്ദര്‍ഭം. 1818 ജനുവരി 1ന് മുഖ്യമായും തുകല്‍പ്പണി ക്കാരായ മാഹര്‍ (ദളിത്‌) ജാതിക്കാരായ 800 പേരടങ്ങുന്ന ബ്രിട്ടീഷ് സൈന്യം എണ്ണത്തില്‍ ഏറെ മുന്നിലായിരുന്ന പേഷ്വാ ബാജി റാവു രണ്ടാമന്‍റെ സൈന്യത്തെ കോറെഗാവ് യുദ്ധത്തില്‍ പരാജയപ്പെടുത്തുകയുണ്ടായി. 1928 ജാനുവരിയില്‍ അംബേദ്‌കര്‍ ഈ ദളിത്‌ വിജയത്തിന്‍റെ അനുസ്മരണം ആചരിക്കാന്‍ മുന്‍കയ്യെടുത്തു. അന്ന് മുതല്‍ എല്ലാ ജനുവരിയിലും ഈ അനുസ്മരണം നടന്നുകൊണ്ടിരുന്നു.

2018 ജനുവരി 1ന് ദളിത് വിജയത്തിന്‍റെ ഇരുനൂറാം വാര്‍ഷികം കൊറെഗാവില്‍ ലക്ഷക്കണക്കിന്‌ പേര്‍ പങ്കെടുത്ത ദളിത്‌ മുന്നേറ്റമായിട്ടാണ് ആചരിക്കപ്പെട്ടത്. അതില്‍ അസഹിഷ്ണുത പൂണ്ട ചില സവര്‍ണ ശക്തികള്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് ചില സംഘട്ടനങ്ങള്‍ ഉണ്ടായി. തുടര്‍ന്നുണ്ടായ പോലീസ് നടപടികളിലും പീഡനങ്ങളിലും പ്രതിഷേധിച്ച് നടത്തിയ യോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ ആന്ധ്രയില്‍ നിന്നുള്ള വിപ്ലവകവി വരവര റാവു ഉള്‍പ്പെടെ അറിയപ്പെടുന്ന അഞ്ചു സാമൂഹ്യപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ട് അവര്‍ക്കു നല്‍കിയ മുദ്രയാണ് അര്‍ബന്‍ നക്സലുകള്‍ എന്നത്. ഈ മുദ്ര ചാര്‍ത്തിക്കഴിഞ്ഞാല്‍ ആരെയും അറസ്റ്റ് ചെയ്യാമെന്നാണ് പോലീസിന്‍റെ കണ്ടുപിടുത്തം.

ഈ ഭയാന്തരീക്ഷത്തിനു കീഴ്‌പ്പെടാതെ ജനാധിപത്യത്തിന്‍റെ ശബ്ദമായി മാറു ന്നവരുടെ എണ്ണം ഒട്ടും കുറഞ്ഞിട്ടില്ല.  ഇന്ദിര ജയ്‌സിംഗും പോലുള്ള അഭിഭാഷകര്‍ മുതല്‍ അരുന്ധതി റോയിയെപ്പോലുള്ള സാമൂഹ്യവിമര്ശകര്‍ വരെ സജീവമായി രംഗത്തുണ്ട്.

കാശ്മീരില്‍ 370 വകുപ്പ് എടുത്തുകളഞ്ഞതിനു ശേഷം പൗരാവകാശങ്ങള്‍ തടഞ്ഞുകൊണ്ട്‌ അടിയന്തിരാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടപ്പോള്‍ അതില്‍ പ്രതിഷേധിച്ചു ഒരു ഐ.എ.എസ്.ഓഫീസറായ കണ്ണന്‍ ഗോപിനാഥന്‍ രാജി വെച്ചത് ശ്രദ്ധേയമായ നടപടിയായിരുന്നു. അതേസമയം നമ്മുടെ ജനാധിപത്യ ഘടനയുടെ കാവല്‍ ഭടന്മാരാവേണ്ട, അധികാര സംവിധാനത്തിന്‍റെ നിര്ണായകമേഖലകളിലുള്ള പലരും ഭയാന്തരീക്ഷത്തിനു കീഴ്പ്പെടുന്ന കാഴ്ചയും സാധാരണമായിരിക്കുന്നു. അടുത്ത കാലത്ത് ഈ പ്രവണത വര്‍ദ്ധിച്ചു വരുന്നതും കാണാം.

കാശ്മീരിലെ നടപടികളില്‍ കണ്ണന്‍ ഗോപിനാഥന്‍ രാജി വെച്ചപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ സംരക്ഷകനാകേണ്ട ഇന്ത്യയുടെ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ കാശ്മീരിലെ വാര്‍ത്താവിനിമയ നിരോധനത്തെ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. അഭിഭാഷക സമൂഹത്തിന്‍റെ ഔദ്യോഗിക പ്രതിനിധി ആയ ബാര്‍ കൗണ്‍സില്‍ കാശ്മീരില്‍ 370 വകുപ്പ് എടുത്തുകളഞ്ഞ ധീരനും ഊര്‍ജസ്വലനും ദൃഡചിത്തനുമായ സമാനതകളില്ലാത്ത നേതാവിനെ അങ്ങേയറ്റം പ്രകീര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.

പുതിയ അന്തരീക്ഷത്തില്‍ കാശ്മീരിലെ ജനങ്ങള്‍ നേരിടുന്ന മാനസികാരോഗ്യ പ്രതിസന്ധിയെ കുറിച്ച് എഴുതിയ ആഗോള അംഗീകാരമുള്ള വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ ലാന്‍സെറ്റിനു നേരെ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ രൂക്ഷമായ വിമര്ശനമാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഈ സ്ഥാപനങ്ങളെല്ലാം സര്‍ക്കാര്‍ പിന്തുണയോടെ നിലനില്‍ക്കുന്നവയാണെങ്കിലും അവയ്ക്ക് സ്വതന്ത്രമായ അസ്തിത്വമുണ്ട്. സര്‍ക്കാരിനു കീഴ്‌പ്പെടേണ്ട കാര്യവുമില്ല. എന്നിട്ടും ഇവരെല്ലാം മുട്ടിലിഴയുന്ന കാഴ്ച വേദനാജനകമാണ്.  ഇതിനു പിന്നില്‍ നേരത്തെ പറഞ്ഞ ഭയാന്തരീക്ഷം തന്നെയാണ്.  ജനാധിപത്യം നേരിടുന്ന വെല്ലുവിളിയുടെ ഗുരുതരസ്വഭാവമാണ് ഇതെല്ലാം തെളിയിക്കുന്നത്.

Read Here: കെവിന്‍ വധക്കേസും ചില സാമൂഹ്യമാനങ്ങളും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook