scorecardresearch
Latest News

അതിരപ്പിളളി പദ്ധതി: സാമാന്യബുദ്ധിക്കു നേരെ സർക്കാർ കൊഞ്ഞനം കുത്തുന്നു

തുലാവർഷകാലം അവസാനിക്കുന്നതിന് മുമ്പ് വരൾച്ച സംസ്ഥാനമെന്ന് പ്രഖ്യാപിച്ചയിടത്ത് ജലവൈദ്യുതി പദ്ധതി സ്ഥാപിക്കുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്.

അതിരപ്പിളളി പദ്ധതി: സാമാന്യബുദ്ധിക്കു നേരെ സർക്കാർ കൊഞ്ഞനം കുത്തുന്നു

അതിരപ്പിളളി പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് സാമാന്യ ബുദ്ധിക്ക് നേരെ കൊഞ്ഞനം കുത്തുന്നതാണ്. കേരളം വരൾച്ചയിൽ വരണ്ടുണങ്ങുന്പോൾ ജല വൈദ്യുത പദ്ധതിയാണ് പരിഹാരം എന്ന് പറയുന്നത് പറയുന്നവരെ കൂടുതൽ പരിഹാസ്യരാക്കുകയാണ് ചെയ്യുന്നത്. തുലാവർഷകാലം കഴിയുന്നതിന് മുമ്പ് തന്നെ വരൾച്ച പ്രഖ്യാപിച്ച സർക്കാർ തന്നെ ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് പറയുന്നത് എത്രത്തോളം അർത്ഥശൂന്യമാണ്. വരൾച്ചയിൽ ​പുഴകൾ വറ്റിവരളുകയും ജലസ്രോതസ്സുകളിൽ വെളളം കുറയുകയും  ഭൂഗർഭ ജലവിതാനം പോലും കുറയുകയും ചെയ്യുന്നുവെന്ന് ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുമ്പോഴാണ് മന്ത്രി ഇങ്ങനെ പറയുന്നത്. അത് എന്ത് അടിസ്ഥാനത്തിലാണ് എന്നറിയില്ല. വരൾച്ചയുടെ പാരമ്യത്തിലേയ്ക്ക് പോകുന്ന കാലത്ത് ജലവൈദ്യുത പദ്ധതിയാണ് പരിഹാരം എന്നു പറയുന്നതിന്റെ അടിസ്ഥാനമില്ലായ്മ ഇതിൽ തന്നെയുണ്ട്.

കേരളത്തിൽ വൈദ്യുതി ക്ഷാമം എന്നുപറയുന്നതിൽ കഴമ്പില്ല. കേന്ദ്രതലത്തിൽ വൈദ്യുതിമിച്ചമുണ്ട്. എത്ര വേണമെങ്കിലും വൈദ്യുതി തരാമെന്ന് അവർ പറയുന്നു. അതും താരതമേന്യ കുറഞ്ഞ നിരക്കിൽ. വൈദ്യുതി ക്ഷാമം എന്ന വാദം തന്നെ ചോദ്യം ചെയ്യപ്പെടണം. അതായത് വൈദ്യുതിയുണ്ട്. പക്ഷേ അത് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് ആകണം എന്നില്ലല്ലോ. കേരളത്തിലെ ഉത്പാദനംവച്ചാണെങ്കിൽ റബർ ഒഴികെ എന്തിനാണ് ക്ഷാമമില്ലാത്തത്. അരിയും പച്ചക്കറിയും ഉൾപ്പടെ എല്ലാം പുറത്തുനിന്നല്ലേ വരുന്നത്. അതിനൊക്കെ ക്ഷാമമില്ല. ഉത്പാദനം കുറവല്ലേ. അരിയുംപച്ചക്കറിയും കൊണ്ടുവരുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് വൈദ്യുതി കൊണ്ടുവരാൻ. ട്രാൻസ്മിഷൻ ലൈൻ മാത്രം ശക്തിപ്പെടുത്തിയാൽ മതി. 90 ശതമാനം വൈദ്യുതി ഇപ്പോഴും നമ്മൾ പുറത്തുനിന്നും കൊണ്ടുവരുന്നതാണ്. പിന്നെ വൈദ്യുതി ക്ഷാമത്തെ കുറിച്ച് മാത്രം ഉത്കണ്ഠപ്പെടുന്നത് എന്തുകൊണ്ടാണ്. വെള്ളമില്ലാത്ത സാഹചര്യത്തിലേയ്ക്ക് നമ്മൾ പോകുമ്പോൾ വെള്ളമാണോ വൈദ്യുതിയാണോ എന്ന് ചോദിച്ചാൽ വെള്ളമാണ് എന്ന് മറുപടി പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും.

കേരളത്തിന് പരിസ്ഥിതി ആഘാതം ഇനി ഒരു കാരണവശാലും താങ്ങാൻ പറ്റില്ല. നഷ്ടപ്പെട്ടത് പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയില്ലെങ്കിൽ കേരളത്തിന് അതിജീവനമില്ല. കാട് നശിപ്പിക്കണെന്ന് പറയുന്നവർ ആരായാലും അവരുടെ താൽപര്യം കേരളത്തിന്റെ പുരോഗതിയും നിലനിൽപ്പുമല്ല. കേരളത്തിന്റെ പുരോഗതിക്കും നിലനിൽപ്പിനും ഇനി പശ്ചിമഘട്ടത്തിന്റെ പുനഃസ്ഥാപനവും ജലസ്രോതസ്സുകളുടെ സംരക്ഷണവും ആണ് ആവശ്യം. മന്ത്രിയുടെ മറുപടി പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് പറയുന്നുണ്ടെങ്കിലും സ്ഥലമേറ്റെടുക്കാൻ താഴെ തട്ടിൽ നടപടികൾ നടക്കുന്നതായി അറിയില്ല. കെഎസ്ഇബി നേരത്തെ തുടങ്ങിയ പദ്ധതി അവസാനിപ്പിച്ചിട്ടില്ല എന്നതിനാൽ പറയുന്നതായിരിക്കാം എന്നാണ് കരുതുന്നത്.

അതിരപ്പിള്ളി പദ്ധതിയും പ്രത്യാഘാതങ്ങളും

ചാലക്കുടിപ്പുഴയ്ക്കു കുറുകെ വാഴച്ചാല്‍ ജലപാതത്തിനു 500 മീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവും ഉള്ള ഒരു അണക്കെട്ടു പണിത് അവിടെ സംഭരിക്കപ്പെടുന്ന വെള്ളം 6 മീറ്ററിലധികം വ്യാസമുള്ള ടണല്‍ വഴി തിരിച്ചുകൊണ്ടുപോയി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനും 2 കിലോമീറ്റര്‍ താഴെയുള്ള കണ്ണംകുഴി തോടിന്റെ കരയിലെ പവര്‍ ഹൗസില്‍ എത്തിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 1982 ലേയും 1986ലേയും ആദ്യപദ്ധതിരേഖകളില്‍ അണക്കെട്ടിലെത്തുന്ന വെള്ളം പൂര്‍ണ്ണമായും തിരിച്ചുകൊണ്ടുപോകാനായിരുന്നു നിര്‍ദ്ദേശം. പിന്നീട് എതിര്‍പ്പുകളെ തുടര്‍ന്ന് കുറച്ച് വെള്ളം ജലപാതങ്ങള്‍ക്കായി തുറന്നുവിടാന്‍ തീരുമാനിച്ചു. പ്രധാന പവര്‍ഹൗസില്‍ 80 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും വെള്ളച്ചാട്ടങ്ങള്‍ക്ക് വേണ്ടിയുള്ള ഡാം ടോ പവര്‍ഹൗസില്‍ 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും ഉള്‍പ്പടെ 163 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിത ശേഷി. വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച രേഖകള്‍ പ്രകാരം പ്രതിവര്‍ഷം 212 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിക്കാനാകുക.

144 കിലോമീറ്റര്‍ മാത്രം നീളമുള്ള ഈ കൊച്ചുപുഴയില്‍ ഇതിനകം തന്നെ ആറു അണക്കട്ടുകളുണ്ട്. ഉയര്‍ന്ന വൃഷ്ടിപ്രദേശങ്ങളില്‍ 85 ശതമാനത്തിലധികം പ്രദേശത്തെ സ്വാഭാവികവനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനിയും ആഘാതങ്ങള്‍ താങ്ങുവാനുള്ള ശേഷി ഈ കാടിനും പുഴയ്ക്കുമില്ലെന്നതാണ് ആദ്യം തിരിച്ചറിയപ്പെടേണ്ടത്. കാലാവസ്ഥാവ്യതിയാനം ഉള്‍പ്പടെയുള്ള വന്‍ പാരിസ്ഥിതികവെല്ലുവിളികള്‍ നേരിടുന്ന വേളയില്‍ നിലവിലുള്ള സ്വാഭാവിക ആവാസവ്യവസ്ഥകളെ നിലനിര്‍ത്തുക മാത്രമല്ല കഴിയാവുന്നിടത്തെല്ലാം നഷ്ടമായത് തിരികെ പിടിക്കേണ്ടതും അനിവാര്യതയാണ്. അതിരപ്പിള്ളി പദ്ധതിക്കായി നഷ്ടപ്പെടുന്ന 140 ഹെക്ടര്‍ കാട് സവിശേഷപാരിസ്ഥിതിക പ്രാധാന്യ മര്‍ഹിക്കുന്നതാണ്. അതീവ ജൈവവൈവിധ്യ സമ്പന്നമായ പുഴയോരക്കാടുകളും, വംശനാശഭീഷണി നേരിടുന്നവ ഉള്‍പ്പടെയുള്ള മത്സ്യങ്ങളുടെയും പക്ഷികളുടെയും ആവാസവ്യവസ്ഥകളും, ആനകളുടെ സഞ്ചാരപഥവുമെല്ലാം ഇവിടുത്തെ പാരിസ്ഥിതിക സവിശേഷതകളുടെ അടയാളങ്ങളാണ്. കേരളത്തില്‍ ആദ്യമായി വനാവകാശ നിയമപ്രകാരമുള്ള കമ്മ്യൂണിറ്റി ഫോറസ്റ്റ് റിസോഴ്‌സസ് റൈറ്റ് (C F R) ലഭിച്ച ‘കാടര്‍’ ആദിവാസികളുടെ രണ്ട് ഊരുകളെ പദ്ധതി ദോഷകരമായി ബാധിക്കും. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാരുതെന്ന് ഈ ആദിവാസി ഊരുകൂട്ടങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്. അതിനാല്‍ തന്നെ നിയമപരമായി ഇവിടെ പദ്ധതി നടപ്പാക്കാനാകില്ല.
athirappally, strike

ജലപാതങ്ങളുടെ ശോഷണവും കീഴ്‌നദീതടത്തില്‍ നനവെള്ളത്തിന്റെയും കുടിവെള്ളത്തിന്റെയും ലഭ്യതയില്‍ ഉണ്ടാകുന്ന കുറവുമാണ് അതിരപ്പിള്ളി സമരത്തെ ഇത്ര ജനകീയമാക്കിയത്. അണക്കെട്ടിലൊഴുകിയെത്തുന്ന വെള്ളത്തില്‍ 78 ശതമാനവും ടണല്‍ വഴി തിരിച്ചുകൊണ്ടുപോകുമെന്നു പദ്ധതി രേഖകളില്‍ നിന്നും വ്യക്തമാകും. ഇതോടെ ജലപാതങ്ങള്‍ തീരെ ശുഷ്‌കമാകുമെന്നുറപ്പ്. ജലപാതങ്ങള്‍ക്കായി സെക്കന്റില്‍ 7.65 ഘ.മീറ്റര്‍ (7650 ലിറ്റര്‍ ) വെള്ളം മാത്രമാണ് തുറന്നുവിടുക. നിലവില്‍ വേനല്‍ക്കാലത്ത് പോലും സെക്കന്റില്‍ 13,000 ലിറ്ററിലധികം ജലം ലഭിക്കുന്നിടത്താണ്, മഴക്കാലത്ത് പോലും അതിനേക്കാള്‍ തീരെ കുറഞ്ഞ നീരൊഴുക്ക് മാത്രമാകുന്ന സാഹചര്യം ഉണ്ടാകുന്നത്. (പുഴയില്‍ ഒരു അണക്കെട്ടും വരുന്നതിനുമുമ്പ് അറ്റവേനലില്‍ പോലും ചുരുങ്ങിയ നീരൊഴുക്ക് 17,000 ലിറ്റര്‍/സെക്കന്റിലധികമായിരുന്നുവെന്ന് ആധികാരിക രേഖകള്‍ തെളിയിക്കുന്നുണ്ട്. വെള്ളച്ചാട്ടം തങ്ങളാണുണ്ടാക്കിയതെന്ന ചിലരുടെ ‘എട്ടുകാലി മമ്മൂഞ്ഞ്’ മോഡല്‍ വാദത്തിനുള്ള മറുപടി കൂടിയാണിത്)

ജലലഭ്യതയ്ക്കനുസരിച്ചല്ല പദ്ധതിയുടെ സ്ഥാപിത ശേഷി നിശ്ചയിച്ചിരിക്കുന്നത്. 163 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയില്‍ നിന്നുള്ള യഥാര്‍ത്ഥ വൈദ്യുതിലഭ്യത വെറും 12 ശതമാനമായിരിക്കും. (കേരളത്തില്‍ നിലവിലുള്ള പദ്ധതികളില്‍ ഇത് ശരാശരി 41 ശതമാനവും പുതിയ പദ്ധതികള്‍ക്ക് കേന്ദ്ര വൈദ്യതി അഥോറിറ്റി നിര്‍ദ്ദേശിക്കുന്ന മാനദണ്ഡം 30 ശതമാനവുമാണ്.) പുഴയില്‍ വേണ്ടത്ര വെള്ളമില്ലാത്തതിനാല്‍ നല്ല മഴക്കാലത്തൊഴികെയുള്ള സമയങ്ങളില്‍ വൈകുന്നേരത്തെ പീക്ക് സമയങ്ങളില്‍ മാത്രമാണ് പ്രധാന നിലയം പ്രവര്‍ത്തിക്കുക. വേനല്‍ക്കാലത്ത് പ്രധാന പവര്‍ഹൗസ് 160 മെഗാവാട്ട് വാട്ട് ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ പരമാവധി ഒരു മണിക്കൂറില്‍ താഴെ സമയം മാത്രമാണ് വൈദ്യുതി ഉല്പാദനം നടത്താനാകുക.

പുഴയില്‍ മിക്കവാറും സമയം ഡാം ടോ പവര്‍ഹൗസില്‍ നിന്നുള്ള തുച്ഛമായ വെള്ളമേ ഉണ്ടാകു എന്നതിനാല്‍ ഇത് തുമ്പൂര്‍മുഴി ജലസേചനപദ്ധതിയെ ബാധിക്കും. തൃശൂര്‍, എറണാകുളം ജില്ലയിലെ 20ലധികം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ 14,000 ഹെക്ടര്‍ ജലസേചനത്തെയാണിത് ബാധിക്കുക. ഒപ്പം ഈ പ്രദേശങ്ങളിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ കുടിവെള്ള ലഭ്യതയെയും ഇത് ബാധിക്കും.

ജലത്തിന്റെ കുറവുമൂലം തുഛമായ വൈദ്യുതിയാണ് ലഭിക്കുകയെന്നു നേരത്തെ പറഞ്ഞുവല്ലോ. (കേരളത്തിലെ ഇന്നത്തെ വൈദ്യുതി ആവശ്യത്തിന്റെ 0.8 ശതമാനത്തോളം മാത്രം) അക്കാരണത്താല്‍ തന്നെ ഇവിടെ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 15 രൂപയെങ്കിലും ആകും. സൗരോര്‍ജ്ജം പോലും യൂണിറ്റിന് 5 രൂപയില്‍ താഴെ ലഭിക്കുന്ന കാലഘട്ടമാണിതെന്നോര്‍ക്കണം. അപ്പോള്‍ ദോഷം പുഴയെ ആശ്രയിക്കുന്നവര്‍ക്കു മാത്രമല്ല; വൈദ്യുതി ബോര്‍ഡിനുണ്ടാകുന്ന നഷ്ടത്തിന്റെ രൂപത്തില്‍ എല്ലാ കേരളീയര്‍ക്കും നാളെ അതിരപ്പിള്ളിക്കായുള്ള അധികവൈദ്യുതി ചാര്‍ജ്ജ് നല്‍കേണ്ടിവരുമെന്ന സാഹചര്യമുണ്ടാകും.

അതിരപ്പിള്ളിക്കപ്പുറം

അതിരപ്പിള്ളി പദ്ധതിയുടെ നേരിട്ടുള്ള പ്രത്യാഘാതങ്ങളില്‍ മാത്രം ഒതുങ്ങി നിന്നല്ല അതിരപ്പിളളി സമരം മുന്നോട്ടു പോയിട്ടുള്ളത്. നാടുനാടായിരിക്കാന്‍ കാടു കാടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഇവിടെ തുടര്‍ച്ചയായി ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇതിനകം അനുഭവിച്ചു തുടങ്ങിയ, ഇനിയുമേറെ അനുഭവിക്കാനിടയുള്ള പ്രദേശമാണ് കേരളം. പ്രാദേശിക കാലാവസ്ഥ ഒരു പരരിധി വരെയെങ്കിലും നിയന്ത്രിച്ച് ആഗോളതാപനത്തിന്റെയും, കാലാവസ്ഥാവ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങളെ കുറയ്ക്കണമെങ്കില്‍ നമുക്ക് പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവും പരിസ്ഥിതി പുന:സ്ഥാപനവും അനിവാര്യമാണ്. അതിരപ്പിള്ളിപോലുള്ള പദ്ധതികളും, വ്യാപകമായ ക്വാറികളും, ഭൂമാഫിയയുടെ വനം കൈയേറ്റവുമെല്ലാം പശ്ചിമഘട്ടത്തിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായ ചെറുത്തു നില്‍പ്പുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ വാഴച്ചാല്‍ മുതല്‍ അതിരപ്പിള്ളി വരെ ”പീപ്പിള്‍സ് ക്ലൈമറ്റ് മാര്‍ച്ച് ‘ നടത്തിയത്.
athirappally, strike

വികസനത്തിന്റെ പേരു പറഞ്ഞ് അര്‍ദ്ധസത്യങ്ങളുടെയും അസത്യങ്ങളുടെയും അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്ന വിനാശകരമായ പദ്ധതികള്‍ക്ക് ഒരു ഉത്തമ ഉദാഹരണമാണ് അതിരപ്പിള്ളി പദ്ധതി. നടപടിക്രമങ്ങളിലെ രഹസ്യാത്മകതയും നിയമവിരുദ്ധതയുമെല്ലാം തുറന്നു കാണിക്കാന്‍ സമരത്തിനായിട്ടുണ്ട്. പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ഘട്ടം മുതല്‍ തന്നെ ഉണ്ടാകേണ്ട ജനപങ്കാളിത്തം പരിസ്ഥിതി ആഘാത പഠനരീതികളിലും പൊതുതെളിവെടുപ്പിന്റെ നടത്തിപ്പിലും, പദ്ധതികള്‍ക്ക് നിയമപരമായ അനുമതികള്‍ നല്‍കുന്ന എക്‌സ്‌പെര്‍ട്ട് അപ്രൈസല്‍ കമ്മിറ്റികള്‍ ഉള്‍പ്പടെയുള്ളവയുടെ പ്രവര്‍ത്തനങ്ങളിലും ഉണ്ടാകേണ്ട മാറ്റങ്ങള്‍ തുടങ്ങിയവയും ഉന്നയിക്കാന്‍ സമരം ശ്രമിച്ചിട്ടുണ്ട്. സ്ഥാപിത താല്പര്യങ്ങള്‍ ഇത്തരം നടപടികളെ അട്ടിമറിക്കാനുള്ള കുതന്ത്രങ്ങള്‍ മെനയുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും നാം ഓര്‍ക്കേണ്ടതുണ്ട്.
കേരളത്തില്‍ വൈദ്യുതിക്ഷാമം ഇല്ലെന്നു വ്യക്തമായ കണക്കുകളുടെ പിന്‍ബലത്തില്‍ സ്ഥാപിക്കാന്‍ അതിരപ്പിള്ളി സമരത്തിനായിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ തന്നെ വൈദ്യുതി അധികമാണെന്ന് കേന്ദ്രവൈദ്യുതിമന്ത്രി തന്നെ പറഞ്ഞുകഴിഞ്ഞു.

കേരളത്തില്‍ സമീപകാലത്തൊന്നും വൈദ്യുതിക്ഷാമം ഉണ്ടാകാനിടയില്ലെന്നു മാത്രമല്ല കുറച്ച് കാലത്തെങ്കിലും അധികവൈദ്യുതി എങ്ങനെ കൈകാര്യം ചെയ്യണമെന്നു തലവേദന കൂടി നമ്മള്‍ നേരിടാന്‍ പോകുകയാണ്. വൈദ്യുതി സംരക്ഷണസന്ദേശപ്രചരണം അതിരപ്പിള്ളിയിലെ സത്യാഗ്രഹങ്ങളുടെ ഒരു പ്രധാന ഘടകമായിരുന്നു. നമ്മള്‍ ഉന്നയിച്ചിരുന്ന സൗരോര്‍ജ്ജം ഉള്‍പ്പടെയുള്ള സാധ്യതകളെ കളിപ്പാട്ടമെന്നു കളിയാക്കിയിരുന്നവര്‍ക്ക് തന്നെ ഇപ്പോള്‍ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജ സ്രോതസ്സുകളാണ് മുഖ്യധാരയെന്ന് അംഗീകരിക്കേണ്ട കാലമാണ് വരുന്നത്.

നിയമപോരാട്ടങ്ങളുടെ പ്രാധാന്യം തെളിയിക്കുന്ന സമരം കൂടിയാണിത്. ഒരു രൂപ പോലും ഫീസ് വാങ്ങാതെ, പലപ്പോഴും സ്വന്തം കൈയില്‍ നിന്നും പണം ചെലവഴിച്ചും തങ്ങളുടെ സ്വന്തം കേസായി കരുതി വാദിക്കുന്ന അഭിഭാഷകരും കേസിനാവശ്യമായ വസ്തുതകള്‍ ശേഖരിച്ച് വിശകലനം ചെയ്ത് അഭിഭാഷകരെ സഹായിക്കുന്ന സമരസമിതിയുടെ നിയമഭാഗവും കൂടി ചേര്‍ന്നപ്പോള്‍ വിജയകരമായ നിയമപോരാട്ടത്തിനുള്ള സൂത്രവാക്യമാണിവിടെ ഉരുത്തിരിഞ്ഞത്.

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള സമരവും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സമരവും രണ്ടല്ലെന്നു വ്യക്തമാക്കുന്നതാണ് അതിരപ്പിള്ളി സമരം. സമൂഹത്തിന്റെ എല്ലാ തുറകളിലുംപ്പെട്ട ജനങ്ങളുടെയും സംഘടനകളുടെയും സജീവ പങ്കാളിത്തം എല്ലാ ഘട്ടങ്ങളിലും ഉണ്ടായിട്ടുണ്ട്. നേതാക്കളില്ലാത്ത കൂട്ടായ്മയിലധിഷ്ഠിതമായ സമരം എന്നതും അതിരപ്പിള്ളിയുടെ സവിശേഷതയാണ്. നേരിട്ടു സമരങ്ങളില്‍ പങ്കെടുത്തവരുടെ പലമടങ്ങ് പിന്‍തുണയുമായുണ്ടെന്നുള്ള തിരിച്ചറിവ് സമരത്തിനു പകരുന്ന കരുത്ത് ചെറുതല്ല.

ചാലക്കുടി പുഴസംരക്ഷണ സമിതി സെക്രട്ടറിയാണ് ലേഖകൻ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Athirapilly power project defies logic kseb vazhachal protest save athirapilly waterfalls forest resources rights kadar ldf