ഒരുപകലിരുണ്ട് വെളുക്കുമ്പോള്‍ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകളിലെ ജനവിധിയറിയാം. ഈ സമയത്ത് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള ഏതു വിലയിരുത്തലും സാധാരണഗതിയില്‍ അപ്രസക്തമാണ്. പക്ഷേ, ഈ അഞ്ച് നിയമസഭ തിരഞ്ഞെടുപ്പുകള്‍ അഞ്ച് സംസ്ഥാനങ്ങളുടെ ജനാധിപത്യ സ്വയം നിര്‍ണ്ണായാവകാശത്തിന്റെ വിലയിരുത്തല്‍ മാത്രമല്ല, രാജ്യത്ത് നിലനില്‍ക്കുന്ന ഭരണരീതി തുടരാനുള്ള സമ്മതി പത്രമായി മാറുമോ എന്നതും പ്രധാനമാണ്. പ്രത്യേകിച്ചും ഉത്തര്‍പ്രദേശ് നിയമസഭയുടെ ഫലം. എക്‌സിറ്റ് പോളും രാജ്യത്തെ മുതിര്‍ന്ന മാധ്യമപ്രവർത്തകരും ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിക്കുമെന്ന് പ്രവചിച്ച് കഴിഞ്ഞു. റ്റി.വി വാര്‍ത്തകളും ദേശീയ പത്രങ്ങളും പറയുന്നത് ഇതു തന്നെ. മറിച്ച് ഒരു സാധ്യതയുണ്ടോ? അതേ കുറിച്ചുള്ള വിശാലമായ ഒരു ചിന്തയാണിത്. അതും കഴിഞ്ഞ കുറച്ചു യു.പി തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഒരു ദിവസം പോലും സംസ്ഥാനത്ത് നേരിട്ട് പോകാന്‍ സാധിക്കാത്ത ഒരു മാധ്യമപ്രവർത്തകന്റേത്. പൂര്‍ണ്ണമായും തെറ്റാമെന്നുള്ള മുന്‍കൂര്‍ ജാമ്യത്തോടെ തന്നെ.

2007-ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പി ദേശീയ കൗണ്‍സില്‍ 2006 ഡിസംബറില്‍ ലഖ്‌നൗവിലാണ് നടന്നത്. ബി.ജെ.പിയുടെ ഏക്കാലത്തേയും വലിയ നേതാവ് അടല്‍ ബിഹാരി വാജ്‌പേയി അവസാനമായി പങ്കെടുത്ത പൊതുയോഗം അതാണ്. തന്റെ പതിറ്റാണ്ടുകളായുള്ള പ്രവര്‍ത്തന പ്രദേശമായ ലഖനൗവിലെ ക്രിസ്തുമസ് തലേന്നത്തെ കുളിരുള്ള വൈകുന്നേരം വാജ്‌പേയി ഓര്‍മ്മകളും കവിതകളും കൊണ്ട് നിറച്ചു. പൊതുസമ്മേമളനത്തിലെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രസംഗത്തില്‍ വാജ്‌പേയി ആവര്‍ത്തിച്ച് പറഞ്ഞത് ഒരേയൊരു വാചകമാണ്- ഡല്‍ഹിയിലേയ്ക്കുള്ള വഴി എല്ലായിപ്പോഴും ലഖ്‌നൗവിലൂടെയാണ്. 2007-ലെ നിയമസഭ തിരഞ്ഞെടുപ്പ്, 2009-ലെ പൊതു തിരഞ്ഞെടുപ്പ് ഇതുരണ്ടുമായിരുന്നു വാജ്‌പേയി അര്‍ത്ഥമാക്കിയത്. ബി.ജെ.പി നേതൃത്വത്തിന് ആ നിര്‍ദ്ദേശം പ്രായോഗികമാക്കാന്‍ അന്നൊന്നുമായില്ല. 2007-ല്‍ മായാവതിയും 2012-ല്‍ അഖിലേഷും യു.പി-യില്‍ ബി.ജെ.പിയെ അപ്രസക്തമാക്കി.

modi, amit shah, up election

ജനാധിപത്യത്തിന്റെ, മതേതരത്വത്തിന്റെ, ഭരണഘടനാനുസൃതമായ പൊതുവഴി സ്വീകാര്യമല്ലെന്ന് പലവട്ടം പ്രഖ്യാപിച്ചിട്ടുള്ള സംഘപരിവാറിന്റെ ആശംസകളോടെ നരേന്ദ്രമോദിക്ക് പിന്തുണയുമായി അമിത്ഷാ ബി.ജെ.പി ഭരണം ഏറ്റെടുത്തതോടെ ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പുതുവഴി തുറന്നു. 2014-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ വര്‍ഗ്ഗീയകലാപങ്ങള്‍ തുടര്‍ച്ചയായി അരങ്ങേറി. അതിലേതാണ്ടെല്ലാം കരുതിക്കൂട്ടി സൃഷ്ടിച്ചെടുത്തവായാണെന്ന് പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണ സംഘം തെളിയിച്ചു. സംസ്ഥാന ജനസംഖ്യയുടെ 19 ശതമാനം മാത്രമുള്ള മുസ്ലീങ്ങളെ പ്രതിപക്ഷത്താക്കി ഹൈന്ദവ ഐക്യം സൃഷ്ടിക്കാന്‍ ബി.ജെ.പിക്കായി. മുസ്ലീം വോട്ട് എസ്.പിയിലേയ്ക്കും ബി.എസ്.പിയിലേയ്ക്കും കോണ്‍ഗ്രസിലേയ്ക്കുമായി ചിതറിയപ്പോള്‍ ഹൈന്ദവവോട്ടുകളില്‍ ഭൂരിപക്ഷവും സമാഹരിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചു. രണ്ട് യു.പി.എ സര്‍ക്കാരുകളുടെ അഴിമതിയുടെ നാറ്റം കൂടിയായപ്പോള്‍ യു.പി ബി.ജെ.പിയുടെതായി. ലഖനൗവിലൂടെയുള്ള പുതുവഴിയില്‍ ബി.ജെ.പി ഡല്‍ഹിയിലെത്തി.

2002-ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നീണ്ട പതിനഞ്ചുവര്‍ഷമായി രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള, ഏറ്റവുമധികം നിയമസഭ മണ്ഡലങ്ങളുള്ള, രാഷ്ട്രീയ നീക്കങ്ങളുടെ കേന്ദ്രമായ യു.പിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാനായിട്ടില്ല. ഇക്കുറി അതുസാധിക്കുമോ? കണക്കുകള്‍ നോക്കിയാല്‍ എളുപ്പമാണ്. മൂന്ന് വര്‍ഷം മുമ്പ് നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മുച്ചൂടും തൂത്തുവാരിയതാണ് ബി.ജെ.പി. 80-ല്‍ 71 സീറ്റും ബി.ജെ.പിക്ക്, മുന്നണിയംഗമായ അപ്‌നാദളിന് രണ്ടു സീറ്റ്. സമാജ്‌വാദിപാര്‍ട്ടിക്ക് അഞ്ച് സീറ്റ്. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ചത് സോണിയയും രാഹുലും മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോഡി യു.പി.യിലെ വാരണാസിയില്‍ നിന്നുള്ള ലോകസഭാംഗമാണ്. മോദി പ്രഭാവം യു.പി.യില്‍ അവസാനിച്ചിട്ടില്ല എന്നാണ് വിദഗ്‌ദ്ധരുടെ വിലയിരുത്തല്‍. ലോകസഭ തിരഞ്ഞെുടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണയായ ജാതി സമവാക്യങ്ങള്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് അവര്‍ കരുതുന്നു. നരേന്ദ്രമോദിയും അമിത് ഷായും നേരിട്ടാണ് തിരഞ്ഞെടുപ്പ ഒരുക്കങ്ങള്‍ നടത്തിയത്, പ്രചരണത്തെ മോദി മുന്നില്‍ നിന്ന് നയിച്ചു. എന്നിട്ടും യു.പിയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്‌രിക്കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സിംഹഭാഗം മാധ്യമങ്ങളും എഴുതിത്തള്ളിയ മായാവതിയും ബി.എസ്‌പിയും ജനവിധിയില്‍ നിര്‍ണ്ണായകമാകുമെന്നും ഞാന്‍ കരുതുന്നു.

അതിനല്പം ചരിത്രം പറയണം. ഏതാണ്ടടിയന്തിരാവസ്ഥ കാലം വരെ ഉത്തര്‍പ്രദേശ് മറ്റ് പല സംസ്ഥാനങ്ങളുമെന്ന പോലെ കോണ്‍ഗ്രസ് കയ്യടിക്കി വച്ചിരിക്കുകയായിരുന്നു. അഴിമതിക്കെതിരെയുള്ള ജെ.പി മൂവ്‌മെന്റില്‍ നിന്ന് ഊര്‍ജ്ജം സംഭരിച്ചാണ് പിന്നാക്ക വിഭാഗക്കാരെ സംഘടിപ്പിച്ച് മുലായംസിങ്ങ് യാദവ് യു.പി.യില്‍ രാഷ്ട്രീയ നേതൃത്വത്തിലേയ്ക്ക് വരുന്നത്. കോണ്‍ഗ്രസ് വിരുദ്ധ ജെ.പി മൂവ്‌മെന്റിലൊരു വിഭാഗം ബി.ജെ.പി രൂപവത്‌രണത്തോടെ അതിലേയ്ക്ക് പോവുകയും ചെയ്തു. മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭവും ബാബ്‌രിപള്ളി തകര്‍ക്കലുമെല്ലാമായി ബി.ജെ.പി സവര്‍ണ്ണഹിന്ദു പാര്‍ട്ടിയായി വളര്‍ന്നപ്പോള്‍ ശക്തമായ ബി.ജെ.പി വിരുദ്ധ നിലപാടോടെ മുലായംസിങ്ങ് യാദവ് 10 ശതമാനം വരുന്ന യാദവരുടേയും 19 ശതമാനം വരുന്ന മുസ്ലീങ്ങളുടേയും വോട്ടുറപ്പിച്ചു.

അപ്പോഴും 21 ശതമാനം വരുന്ന യു.പി ദളിതര്‍ കോണ്‍ഗ്രസിനെ വിശ്വസിച്ച് ജീവിക്കുകയായിരുന്നു. യു.പിയിലെ ദളിതര്‍ നേരിട്ടിരുന്ന പീഢനങ്ങളെ കുറിച്ച് പലരും പലവട്ടം എഴുതിയിട്ടുണ്ട്. സുഹൃത്തും ഫ്രണ്ട്‌ലൈന്‍ അസോസിയേറ്റ് എഡിറ്ററും ദീര്‍ഘകാലമായി യു.പി രാഷ്ട്രീയം പഠിച്ച് എഴുതിയിട്ടുള്ള വെങ്കിടേഷ് രാമകൃഷ്ണന്‍ പല അനുഭവങ്ങളും പങ്കുവച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് അധികം അകലെയല്ലാത്ത മീററ്റിനടുത്ത ഒരു ഗ്രാമമായ രസ്‌നയുടെ കാര്യവും വെങ്കിടേഷ് എഴുതിയിട്ടുണ്ട്. തൊണ്ണൂറുകളുടെ പകുതിവരെ ഗ്രാമത്തിലെ ഒരു ദളിത് പുരുഷന്‍ വിവാഹം ചെയ്യുന്ന സ്ത്രീ, ആ പ്രദേശത്തെ സവര്‍ണ്ണ ജന്മിയുടെ കൂടെ അന്തിയുറങ്ങിയ ശേഷമേ വരന്റെ വസതിയിലേയ്ക്ക് വരാവൂ എന്ന നിയമം നിലനിന്നിരുന്ന പ്രദേശമാണ്. പതിറ്റാണ്ടുകള്‍ക്ക് പുറകിലുള്ള കാര്യമല്ല, തൊണ്ണൂറുകളില്‍! അതേഗ്രാമത്തില്‍ 95-ല്‍ ദളിതര്‍ ആകാശത്തേയ്ക്ക് വെടിയുയര്‍ത്തി ബാരാത്ത് നടത്തി വിവാഹം കെങ്കേമായി ആഘോഷിച്ചു. സവര്‍ണ്ണജന്മിമാര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ മടിച്ചു.

എന്താണ് 95-ല്‍ നാടകീയമായി സംഭവിച്ചത്? മായാവതി എന്ന ദളിത് സ്ത്രീ യു.പിയുടെ മുഖ്യമന്ത്രിയായി അധികാരമേറ്റു. യു.പിയിടെ മഹര്‍ അഥവാ ജാടവ് ജാതിയില്‍ ജനിച്ച, പഠിച്ച് സ്‌ക്കൂള്‍ റ്റീച്ചറായിട്ടും സമൂഹത്തില്‍ നിന്നുള്ള ജാതിവെറിയുടെ തിക്താനുഭവങ്ങള്‍ക്കൊന്നും കുറവില്ലെന്ന് കണ്ട് , സിവില്‍ സര്‍വ്വീസ് എഴുതി അധികാരം നേടി സാമൂഹ്യമാറ്റത്തിന് ശ്രമിക്കണം എന്നു കരുതിയ യുവതി തന്റെ 38ആം വയസില്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. അതിന്റെ ആവേശം കൊള്ളിക്കുന്ന ചരിത്രമേറെ പറയാനുണ്ട്. പക്ഷേ ദളിത് സമൂഹത്തിന് മായാവതി നല്‍കിയ സുരക്ഷാബോധവും അവകാശബോധവും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരു നേതാവും നല്‍കിയിട്ടില്ല എന്നുള്ളതാണ് പ്രധാനം. 1995-ല്‍ നിന്ന് പല രാഷ്ട്രീയാവസ്ഥകള്‍ പിന്നിട്ട് 2007 എത്തിയപ്പോഴേയ്ക്കും ദളിതര്‍ക്കൊപ്പം ബ്രാഹ്മണരേയും ചേര്‍ത്ത് വച്ച് പുതിയൊരു സോഷ്യല്‍ എഞ്ചിനീയങ്ങിന് മായാവതി രൂപം നല്‍കി. സമൂഹ്യഘടനയില്‍ മേല്‍ത്തട്ടിലാണെങ്കിലും സാമ്പത്തിക-ഭൂ ഉടമസ്ഥതയില്‍ പിന്നിലായ യു.പി ബ്രാഹ്മണരെ ദളിത് സമൂഹത്തിനൊപ്പം ചേര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആ ബുദ്ധിയും പൂര്‍ണ്ണ വിജയം കണ്ടതാണ്.

ആ ഭരണ ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും, 2012-ലേയ്ക്ക് നിയമസഭയിലേയ്ക്കും 2014-ല്‍ ലോകസഭയിലേയ്ക്കും, ബി.എസ്.പി അമ്പേ പരാജയപ്പെട്ടു. അതിന്റെ കാരണങ്ങളില്‍ പലതാണ്. 2012-ലെ പരാജയം മായാവതി സ്വാഭാവികമായി സ്വീകരിച്ചതാണ്. അഞ്ച് വര്‍ഷത്തെ ഭരണത്തെ തുടര്‍ന്നുയര്‍ന്ന അഴിമതി ആരോപണങ്ങള്‍, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങളെ ആകര്‍ഷിക്കുന്ന പ്രചരണ പരിപാടി, സഖ്യത്തില്‍ നിന്നുള്ള ബ്രാഹ്മണരുടെ കൊഴിഞ്ഞുപോക്ക്, യുവജനങ്ങളെ ആകര്‍ഷിക്കാനാവാത്ത പ്രചരണ പരിപാടികള്‍, ജാടവ ഇതര ദളിത് സമൂഹങ്ങക്കുണ്ടായ അതൃപ്തി.. കാരണങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. പക്ഷേ 2014-ലെ തോല്‍വി, ഒറ്റ സീറ്റും ലഭിക്കാത്ത വിധത്തിലുള്ള സമ്പൂര്‍ണ്ണപരാജയം, മായാവതിയെ സംബന്ധിച്ച് താങ്ങാവുന്നതിനപ്പുറമായിരുന്നു. മൊത്തം ജനസംഖ്യയുടെ 21 ശതമാനം വരുന്ന ദളിതരില്‍ 17 ശതമാനത്തോളം വരുന്ന- മായാവതിക്ക് ഒപ്പം എക്കാലത്തും ഉണ്ടായിരുന്ന ജാടവ് വോട്ടുകളില്‍ ഏതാണ്ട് 16 ശതമാനവും ബി.ജെ.പിക്കൊപ്പം പോയി. ജാടവ് ഇതര ദളിത് വോട്ടുകളില്‍ 30 ശതമാനവും.

ഈ അവസ്ഥമാറ്റാനും യു.പി തിരിച്ചുപിടിക്കാനും 2014 മേയ് മാസം മുതല്‍ ഇന്നേ വരെ മായാവതിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള അക്ഷീണ പ്രയത്‌നത്തിന് വിലയുണ്ടാകുമെന്നുള്ള സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അത്ര എളുപ്പമാകില്ല എന്ന വാദത്തിന്റെ കാതല്‍. മുസഫര്‍ നഗര്‍ അടക്കമുള്ള കലാപത്തിലൂടെ ഹിന്ദു-മുസ്ലീം വിഭജനം നടപ്പാക്കിയ ബി.ജെ.പി കഴിഞ്ഞ കുറേ കാലങ്ങളായി ഉന്നം വയ്ക്കുന്ന മറ്റൊരു ശ്രമമാണ് മുസ്ലീം-ദളിത് വിഭജനം സൃഷ്ടിക്കുക എന്നത്. കലാപങ്ങളുടെ, സാമൂഹ്യ അനീതിയുടെ, സവര്‍ണ്ണ തെമ്മാടിത്തത്തിന്റെ എല്ലാം പൊതു ഇരകളെന്ന നിലയില്‍ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും ഇടയിലുള്ള ജൈവിക ബന്ധത്തെ തകര്‍ക്കുക എന്ന ക്രൂരമായ തിരഞ്ഞെടുപ്പ് തന്ത്രമാണ് ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘപരിവാര്‍ യു.പി ഗ്രാമങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചത്. അതിനായി സംഘപരിവാറിന്റെ അസഖ്യം സംഘടനകളും അവരുടെ പ്രവര്‍ത്തനങ്ങളുമുണ്ട്. അതെല്ലാം വിശദീകരിച്ചാല്‍ ലേഖനം അവസാനിക്കില്ല. ഒരു ഉദാഹരണം മാത്രം പറയാം.

പതിനൊന്നാം നൂറ്റാണ്ടില്‍ ഉത്തര്‍പ്രദേശിലെ ബൈറൂച്ച ജില്ലയില്‍ ഗാസി സെയ്ദ് സലാര്‍ മസൂദ് എന്ന ഒരു മുസ്ലിം രാജാവ് ആക്രമണം നടത്തിയിട്ടുണ്ടത്രേ! ഈ ആക്രമത്തെ ചെറുത്തത് സുഹേല്‍ദേവ് എന്ന ഒരു ഗോത്രത്തലവന്‍ ആയിരുന്നുവെന്നും പറയുന്നു. ഈ സുഹേല്‍ ദേവ് പാസി എന്ന ദളിത് വംശജനാണ് എന്നാണ് ബി.ജെ.പി ‘തിരഞ്ഞെടുപ്പ് കാലത്ത് പാസി കോളനികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രചരണത്തില്‍ വിതരണം ചെയ്യുന്ന ബാദുഷയും രാജാവും എന്ന പുസ്തകം പറയുന്നത്. ഒറ്റ വെടിക്ക് രണ്ട് പക്ഷിയാണ്. ഒന്ന് മുസ്ലീങ്ങളുടെ ആക്രമണത്തെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെറുക്കാന്‍ ദളിതര്‍ മുന്നോട്ട് വന്നിരുന്നു എന്നത്, രണ്ട് യു.പിയിലെ ദളിത് സമൂഹത്തിനിടയില്‍ എണ്ണം കൊണ്ട് ജാടവ്കള്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള പാസികള്‍ക്ക്, മായാവതി സര്‍ക്കാരിന്റെ കാലത്ത് അര്‍ഹതപ്പെട്ട അംഗീകാരം ലഭിച്ചില്ല എന്ന പരാതിയുണ്ടായിരുന്നതിനായില്‍ പാസികളുടെ രക്ഷക വേഷത്തില്‍ ബി.ജെ.പിക്ക് അവതരിക്കാം എന്നുള്ളത്.

ഇത്തരം പ്രചരണങ്ങളെ എല്ലാം ഫലപ്രദമായി നേരിടാന്‍ ബി.എസ്.പിക്ക് കഴിഞ്ഞുവെന്നതാണ് തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ യു.പി ഗ്രാമങ്ങള്‍ നല്‍കുന്ന സൂചന. 2014-ല്‍ ബി.ജെ.പിയോട് ചാഞ്ഞ ദളിത് സമൂഹം, ജാടവുകളും ജാടവ ഇതര വിഭാഗങ്ങളും, ബി.എസ്.പിയിലേയ്ക്ക് മടങ്ങിവന്നിരിക്കുന്നു. ‘തിരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രമാണ് നമ്മള്‍ ഹിന്ദുക്കളാകുന്നതെന്ന് മറന്നു കൂടാ, തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നമ്മള്‍ തൊട്ടകൂടാത്തതരും നീചജാതിക്കാരുമാകും, ഇവര്‍ തന്നെ നമ്മുടെ സംവരണങ്ങള്‍ക്കെതിരെ നില്‍ക്കുകയും ചെയ്യും. നമുക്ക് നീതി നേടിത്തന്നിട്ടുള്ളതൊരാള്‍ മാത്രം, ഭീംജി അംബേദ്കര്‍’ എന്നതാണ് ബി.എസ്.പിയുടെ ബി.ജെ.പി വിരുദ്ധ മുദ്രവാക്യം തന്നെ. വര്‍ഷങ്ങളായി സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന പിന്നാക്കക്കാരില്‍ പിന്നാക്കക്കാരായ പസ്മന്‍ട മുസ്ലീങ്ങളും അവരുടെ പീസ് പാര്‍ട്ടിയും ഇത്തവണ ബി.എസ്.പിക്ക് പിന്നില്‍ അടിയുറച്ചു നില്‍ക്കുകയാണ്. മാത്രമല്ല ഇത്തവണ യു.പി തിരഞ്ഞെടുപ്പിലുള്ള പാര്‍ട്ടികളില്‍ ഏറ്റവും ചിട്ടയോടെ, സംഘാടനത്തോടെ, യാതൊരു ഉള്‍പ്പാര്‍ട്ടി പോരുകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക പാര്‍ട്ടിയും ബി.എസ്.പിയാണ്.

അതിന് കാരണമുണ്ട്. 2014-ന് ശേഷം മുഴുവന്‍ ബി.എസ്.പി സമിതികളും പിരിച്ചുവിട്ട് മാസങ്ങളോളം ഓരോ ജില്ലകളിലും സഞ്ചരിച്ച് പ്രശ്‌നങ്ങള്‍ മനസിലാക്കിയ ശേഷമാണ് സമിതികള്‍ മായാവതി പുനസംഘടിപ്പിച്ചത്. ഒരോ സമിതിയിലും മുഖ്യഭാരവാഹിയായി ഒരു ദളിത് വിഭാഗത്തില്‍ പെട്ടയാള്‍ക്കൊപ്പം ആ പ്രദേശത്തെ പ്രമുഖ ജാതിയില്‍ പെട്ട ഒരാളെ കൂടി നിയമിച്ചു. യു.പി ജനസംഖ്യയുടെ 19 ശതമാനം മാത്രം വരുന്ന മുസ്ലീങ്ങള്‍ക്ക് 99 സീറ്റുകള്‍ മാറ്റിവച്ചു. കന്‍ഷിറാമിന്റെ ആശയമായിരുന്ന ഭീംജാഗരണ്‍ സമിതികള്‍ പുനസംഘടിപ്പിച്ച് ഒരോ ചെറിയ പ്രദേശങ്ങളിലും രാത്രിവൈകി നടക്കുന്ന ഗ്രാമസഭകളും നാടകങ്ങളും പാട്ടും നടത്തി. ഈ തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുക്കളായി ബി.ജെ.പിയെ പ്രതിഷ്ഠിച്ചു. മുലായംസിങ്ങിനും അഖിലേഷിനുമെതിരായ പ്രചരണം പ്രധാനമായും സര്‍ക്കാര്‍ ജോലികളില്‍ യാദവരെ നിയമിക്കുന്നതിലും ക്രമസമാധാനം വഷളാകുന്നതിലും കേന്ദ്രീകരിച്ചു.

rahul gandhi, akhilesh yadav

ഇത്തവത്തെ യു.പി തിരഞ്ഞെടുപ്പ് സമാജ്‌വാദി തരംഗമാണ് എന്നായിരുന്നു ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. അഖിലേഷ്-രാഹുല്‍ കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ മടങ്ങിവരവാണെന്നും അഖിലേഷിന്റെ സദ്ഭരണത്തിന് അനുകൂലമായി വിധിയുണ്ടാകുമെന്നും എല്ലാവരും എഴുതി. തീര്‍ച്ചയായും അഖിലേഷ് തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പ് പ്രചരണത്തിലും അമ്പരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് മുലായവുമായുണ്ടായ ഉള്‍പ്പാര്‍ട്ടി പോരിനെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം അഖിലേഷിന് അനുകൂലമായ ഘടകങ്ങളായി മാറി. മുസഫര്‍നഗര്‍ കലാപത്തെ നേരിട്ടതിലുള്ള പോരായ്മയാണ് പക്ഷേ, ഇപ്പോഴും അഖിലേഷിനെ തിരിഞ്ഞു കൊത്തുന്ന പ്രശ്‌നം. രാഹുല്‍ഗാന്ധിയാകട്ടെ വര്‍ഷങ്ങള്‍കൊണ്ട് യു.പിയെ നല്ലവണ്ണം മനസിലാക്കിയിട്ടുള്ള നേതാവാണ്. 2009-ലെ പൊതു തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി യു.പിയിലുണ്ടാക്കിയ തരംഗം ആവര്‍ത്തിക്കാനായാല്‍ അഖിലേഷ്-രാഹുല്‍ സഖ്യത്തിന് ഗുണമാകുമെന്നാണ് കണക്കൂകൂട്ടല്‍. സമാജ്‌വാദി തരംഗവും പിന്നീട് മാധ്യമങ്ങളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ട ബി.ജെ.പി തരംഗവും അടിത്തട്ടിലെവിടെയും പ്രകടമല്ല എന്നാണ് ഫീല്‍ഡ്‌റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. ബി.എസ്.പിയൊക്കെ പരമ്പരാഗത രീതിയില്‍ ഒരോ വീടും കയറിയാണ് പ്രചരണം നടത്തുന്നത്. ഒരോ സീറ്റിനും വേണ്ടി കണക്കുകൂട്ടിയുള്ള പോരാട്ടമാണവിടെ.

യു.പി തിരഞ്ഞെടുപ്പില്‍ ദേശീയ മാധ്യമങ്ങള്‍ കാര്യമായി സ്പര്‍ശിക്കാതെ പോകുന്ന ഒരു വിഷയം നോട്ട് ബന്ദിയെന്ന് ഹിന്ദി ബെല്‍റ്റില്‍ പറയപ്പെടുന്ന ഡീമോണിറ്റെസേഷനാണ്. അടിയന്തിരാവസ്ഥക്കാലം പൊറുക്കില്ല എന്ന് കോണ്‍ഗ്രസിനോട് ഏറ്റവും ശക്തിയില്‍ പറഞ്ഞ സംസ്ഥാനമാണ് യു.പി. സാമ്പത്തിക അടിയന്തിരാവസ്ഥയോട് യു.പി എങ്ങനെ പ്രതികരിക്കുമെന്നത് വ്യക്തമല്ല. പക്ഷേ എക്കാലത്തും ബി.ജെ.പിക്ക് വോട്ടു ചെയ്തിരുന്ന ചെറുകിട കച്ചവടക്കായ ബനിയകളെയാണ് നോട്ട് ബന്ദി ഏറ്റവും ബാധിച്ചിരിക്കുന്നത്. അവര്‍ പൂര്‍ണ്ണ അസംതൃപ്തരുമാണ്. വിലക്കയറ്റവും നോട്ട് ബന്ദി മൂലം ഇടക്കാലത്തുണ്ടായ സാമ്പത്തിക ക്ലേശവും ഇടത്തട്ടുകാരെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അഴിമതിയും വിലക്കയറ്റവുമായിരുന്നു 2014-ല്‍ മോഡി ഉന്നയിച്ച പ്രധാനവിഷയങ്ങള്‍ എന്നു മറന്നുകൂടാ.

പ്രാദേശികമായി നോക്കിയാല്‍ കഴിഞ്ഞ തവണ ബി.ജെ.പിയെ കാര്യമായി പിന്തുണച്ച പടിഞ്ഞാറൻ യു.പിയില്‍ ഇത്തവണ അവര്‍ക്ക് കാര്യങ്ങളത്ര ശേഭനമാകില്ല. ജാട്ട് സമുദായം പൂര്‍ണ്ണമായും ബി.ജെ.പിയെ കൈവിട്ട സ്ഥിതിയാണ്. ആര്‍.എല്‍.ഡിക്കാകും അതിന്റെ നേട്ടം. മോഡിയുടെ വാരാണാസിയും ഹൈന്ദവ തീവ്രവാദത്തിന്റെ യു.പി സ്‌പെഷ്യലിസ്റ്റ് യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരുമുള്ള കിഴക്കന്‍ യു.പിയിലാകട്ടെ ഇത്തവണ സമാജ്‌വാദി പാര്‍ട്ടി ഇഞ്ചോടിഞ്ച് പൊരുതുന്നുണ്ട്. കിഴക്കന്‍ യു.പിയിലെ ബി.എസ്‌ പി ശക്തി പലപാര്‍ട്ടികളില്‍ നിന്ന് പുറത്താക്കപ്പെട്ട് അവസാനം മായാവതി അഭയം നല്‍കിയ മാഫിയ ഡോണ്‍ മുഖ്താര്‍ അന്‍സാരിയും സഹോദരങ്ങളുമാണ്. മുസ്ലീം സമുദായത്തിന് കാര്യമായ പ്രാതിനിധ്യം നല്‍കുമ്പോഴും ജനബന്ധമേറെയുള്ള നേതാക്കളില്ലാത്തതാണ് ബി.എസ്.പിയുടെ കോട്ടം. അവര്‍ തന്നെ പറയുന്നത് പോലെ, ”എസ്.പിയെ നോക്കൂ, മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ല, പക്ഷേ അസംഖാനെ പോലെ ഒരാളുടെ പ്രസംഗത്തിന്റെ മാസ്മരികതയില്‍ സമുദായം മുഴുവന്‍ ഒരുമിച്ച് കൂടെ നില്‍ക്കും’. ബുന്ദേല്‍ഖണ്ഡിലും അവധിലും ഇത്തവണ ശക്തി വീണ്ടെടുക്കുമെന്നാണ് ബി.എസ്.പിയുടെ പ്രതീക്ഷ. പതിവ് പോലെ ഠാക്കൂര്‍മാരും രജപുത്തുകളും ഒരളവോളം ബ്രാഹ്മണരും ബി.ജെ.പിക്കൊപ്പം നില്‍ക്കും. ബി.എസ്.പിക്കൊപ്പം ബ്രാഹ്മണരിലെ ഒരു വിഭാഗമുണ്ടാകുമെന്നുറപ്പാണ്.

യാദവേതര പിന്നാക്ക പാര്‍ട്ടികളില്‍ എന്തു സംഭവിക്കും എന്നതും ഇത്തവണ യു.പിയില്‍ നിര്‍ണ്ണായകമാകും. ഗൊരഖ്പൂരിലും ദേവ്‌രിയയിലുമടക്കം അഞ്ചുജില്ലകളിലെങ്കിലും നിഷാദ് പാര്‍ട്ടി ബി.ജെ.പിക്ക് തലവേദനയുണ്ടാക്കും. കുറുമികളുടെ പാര്‍ട്ടിയും സഖ്യകക്ഷിയുമായ അപ്‌നദള്‍ രണ്ടായി പിളര്‍ന്നതും ബി.ജെ.പിക്ക് ക്ഷീണമാണ്. അതിനും പുറമേ അവധ് മേഖലയിലെ കുറുമികള്‍ അവരുടെ പഴയ നേതാവും മുന്‍ കോണ്‍ഗ്രസ് മന്ത്രിയുമായ ബേനി പ്രസാദ് വര്‍മ്മയ്‌ക്കൊപ്പം തിരിച്ചെത്തിയിട്ടുണ്ട്.

എന്തായാലും ദളിത്-മുസ്ലീം സഖ്യമാണ് ബി.എസ്.പിയുടെ തുറുപ്പ് ചീട്ട്. കോണ്‍ഗ്രസ്-എസ്.പി സഖ്യം സംഭവിക്കുകയും അവര്‍ തിരിച്ചുവരവിന് ശ്രമം നടത്തുകയും ചെയ്യുന്നത് പൂര്‍ണ്ണമായും ഈ മേഖലയില്‍ നിന്നുള്ള പിന്തുണയ്ക്ക് തടസമാകുമായിരിക്കും. എങ്കിലും ജാടവ് വോട്ടുകള്‍ ഒന്നടങ്കവും ജാടവ് ഇതര ദളിത് സമൂഹത്തില്‍ ഭൂരിപക്ഷവും-പാസികളും ഖാട്ടിക്കളും അടക്കം- ബി.എസ്.പിയിലേയ്ക്ക് തിരിച്ചെത്തിയെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ദളിത് (21) മുസ്ലീം (19) സഖ്യത്തിന്റെ 40 ശതമാനം വോട്ടില്‍ അവര്‍ കണ്ണു നടും. 2007-ല്‍ സംസ്ഥാനത്തെ മുസ്ലീം വോട്ടില്‍ 20 ശതമാനം നേടിയതാണ് അവരുടെ ചരിത്രത്തിലെ വലിയ നേട്ടം. ഇത് നാല്‍പ്പത് ശതമാനമെങ്കിലുമാക്കി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ വെറുതെയാകും. ഉലമ കൗണ്‍സിലിന്റെ പിന്തുണയും ബി.എസ്.പിക്ക് തുണയാകും. സമാജ്‌വാദി പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് ബെല്‍റ്റായ അസംഗഡ്, ഇട്ടാവ, മെയ്ന്‍പുരി എന്നിവടങ്ങളില്‍ ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങളും കുടംബതട്ടിപ്പുകളും അവരുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചതായി സൂചനകളുണ്ട്. ബി.ജെ.പിയും ബി.എസ.പിയുമാകും ഇതുകൊണ്ട് പ്രയോജനം ലഭിക്കുന്നവര്‍.

ഈ പകലും രാത്രിയും മാത്രം നിലനില്‍ക്കുന്ന കണക്കുകൂട്ടലാണിതൊക്കെ. പക്ഷേ, ബീഫിന്റെ പേരില്‍ ഒരു മനുഷ്യനെ തല്ലിക്കൊന്നിട്ട്, കൊലപാതകികള്‍ക്ക് പരസ്യമായി സ്വീകരണം നല്‍കിയ രാഷ്ട്രീയത്തെ, ജനങ്ങളെ വിഭജിപ്പിക്കാന്‍ ആസൂത്രിതമായി കലാപം നടത്തുന്ന, ഒരുവിഭാഗം മനുഷ്യരെ കൊന്നൊടുക്കുന്ന രാഷ്ട്രീയത്തെ, മനുഷ്യരെ വിഭജിച്ച് മാത്രം നടപ്പാക്കാനൊരുങ്ങുന്ന രാഷ്ട്രീയത്തെ, വലിയ സാമൂഹ്യ ജാഗ്രതകള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഉത്തര്‍പ്രദേശ് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാതിരിക്കുന്നത് തെറ്റാകും.

*സുഹൃത്തുക്കള്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ ‘ഫ്രണ്ട്‌ലൈനി’ലും നേഹ ദീക്ഷിത്  ‘കാരവനി’ലും അജോയ് ആശീര്‍വാദ്  ‘ദ വയ്ര്‍’ ലും എഴുതിയ ലേഖനങ്ങള്‍ക്കും മാതൃഭൂമി ലഖ്‌നൗ ലേഖകനും സുഹൃത്തുമായ വി.എസ്.സനോജുമായുള്ള ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ക്കും പ്രത്യേകം നന്ദി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook