“ഞാൻ ഏറെക്കാലമായി ഹിജാബ് ധരിക്കുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും മുസ്‌ലിമെന്ന നിലയിൽ വിവേചനം അനുഭവപ്പെട്ടിട്ടില്ല. ഇത് കേരളമാണ് സർ. നഗരത്തിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിൽ നഴ്‌സ് എന്ന നിലയിൽ എനിക്ക് മികച്ചൊരു ജോലിയുണ്ട്.”
ഈ രീതിയിൽ ആരംഭിക്കുന്നതിന് ഒരു മുഖവുര ആവശ്യമാണ്. ഈ പംക്തിയുടെ പതിനൊന്നര വർഷക്കാലത്തിനിടയിൽ, എന്റെ വിശകലനം സാധാരണയായി ആശയപരവും താരതമ്യപരവും സ്ഥിതിവിവരക്കണക്കുകളെയും അടിസ്ഥാനമാക്കിയാണ്. കുറച്ച് തവണ മാത്രമേ ഞാൻ വ്യക്തിപരമായ അനുഭവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളൂ – ചോദ്യങ്ങൾ ചോദിക്കാനോ അനുമാനങ്ങൾ രൂപപ്പെടുത്താനോ.
ഇതിൽ രണ്ടാമത്തെ ആഖ്യാനരീതിയാണ് ഈ പംക്തിയിൽ ഇത്തവണ സ്വീകരിക്കുന്നത്. കഴിഞ്ഞ മാസം ഞാൻ കേരള സന്ദർശനം നടത്തിയ സന്ദർഭമാണിത്. തുടക്കത്തിൽ ഗവേഷണ യാത്ര (റിസർച്ച് ട്രിപ്പ്) ആസൂത്രണം ചെയ്തപ്പോൾ, അപ്രതീക്ഷിതമായ ഒരു സർജറി അതിനെ ആരോഗ്യവിശ്രമവാസമാക്കി മാറ്റി. അതു കൊച്ചിയിലായിരുന്നുവെങ്കിലും തൃശൂർ, മലപ്പുറം, വയനാട് വഴി ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്ക്കാരണമായി.
കേരളത്തിലെ ഹൈവേകളിലും ടൗൺ റോഡുകളിലും സാധാരണ രീതിയിലുള്ള ചപ്പുചവറുകൾ ഇല്ലായിരുന്നു, എന്നാലത്, അതേ ഹൈവേയുടെ കർണാടക ഭാഗത്ത് കണ്ണിൽ പെടുന്നത് ഒഴിവാക്കാനാവാത്തതാണ്. കേരളത്തിലെ വീടുകൾ മധ്യവർഗ സമൂഹത്തിന്റെ ആവിർഭാവത്തെ അടയാളപ്പെടുത്തി. തീർച്ചയായും, ഗൾഫിൽ നിന്നുള്ള പണമയയ്‌ക്കലിന്റെ പിന്തുണയോടെ രൂപപ്പെട്ട ഒന്നാണ്.
ഏകദേശം രണ്ടാഴ്ചയിലേറെയായി, ഞാൻ കാര്യങ്ങൾ നിരീക്ഷിക്കുക മാത്രമല്ല, ആശുപത്രി, ഹോട്ടൽ എന്നിവിടങ്ങളിലെ ജീവനക്കാർ, ടാക്സി ഡ്രൈവർമാർ, ചായ, കാപ്പിഎന്നിവ വിൽക്കുന്നവർ, ബോട്ട് തൊഴിലാളികൾ, തൊഴിൽ തേടി കേരളത്തിലെത്തിയവർ എന്നിവരോട് സംസാരിക്കുകയും ചെയ്തു, കുറച്ച് ബുദ്ധിജീവികളിൽ മാത്രം ഒതുങ്ങാതെ. ബൗദ്ധികമായി അലങ്കരിക്കപ്പെടാത്ത ആഖ്യാനങ്ങൾ ശേഖരിക്കുക എന്നത് കാര്യങ്ങൾ മനസ്സിലാക്കാനുള്ള എന്റെ സമീപനമായിരുന്നു.
1990-കളുടെ പകുതി മുതൽ ഞാൻ കേരളം സന്ദർശിക്കുന്നു. “എത്‌നിക് കോൺഫ്‌ളിക്‌റ്റ് ആൻഡ് സിവിക് ലൈഫ്: ഹിന്ദുസ് ആൻഡ് മുസ്‌ലിംസ് ഇൻ ഇന്ത്യ” (2002) എന്ന എന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ആറ് നഗരങ്ങളിൽ ഒന്നാണ് കോഴിക്കോട്. ഗവേഷണം എന്നെ പലപ്പോഴും തിരുവനന്തപുരത്തേക്കും കൊണ്ടുപോയി. നഗരഭരണത്തെക്കുറിച്ചുള്ള നിലവിലെ പ്രോജക്റ്റിൽ, ഞാൻ കൊച്ചിയെക്കുറിച്ചാണ് പഠിച്ചത്. വളരെക്കാലമായി, അങ്ങനെ, ഞാൻ ഗവേഷണത്തിലേക്ക് ഒതുങ്ങിനിൽക്കാതെ, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും കാണുകയും നിരവധി വിവരണങ്ങൾ കേൾക്കുകയും ചെയ്തിട്ടുണ്ട്. എന്റെ കേരള ബന്ധത്തിന് ഏകദേശം മൂന്ന് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്.
കേരളത്തിന്റെ ആരോഗ്യ സംരക്ഷണവുമായുള്ള എന്റെ ബന്ധപ്പെടൽ തികച്ചും യാദൃച്ഛികമായിരുന്നു. സംസ്ഥാനത്ത് വളരെകാലം ചെലവഴിച്ചിട്ടും ഞാൻ ഒരിക്കലും കേരളത്തിലെ ആശുപത്രിയിൽ കിടന്നിട്ടില്ല. ഡോക്ടർമാരുടെ ശസ്ത്രക്രിയാ വൈദഗ്ദ്ധ്യം എന്നെപ്പോലുള്ള സാധാരണക്കാർക്ക് അല്ല, ആ വൈദഗ്ദ്യമുള്ളവർക്ക് മാത്രമേ വിലയിരുത്താൻ കഴിയൂ, എന്നാൽ ശസ്ത്രക്രിയാനന്തര പരിചരണം നൈതികമായി വിശകലനം ചെയ്യാനും താരതമ്യം ചെയ്യാനും കഴിയും. എന്റെ ആശുപത്രി അനുഭവം യുഎസിൽ ഉണ്ടായ അനുഭവങ്ങളുമായി ഏറെക്കുറെ പൊരുത്തപ്പെടുന്നു. കേരളത്തിന്റെ ലോകോത്തര നഴ്‌സിങ് നിലവാരത്തെക്കുറിച്ച് കേട്ടറിഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് ബോധ്യമായി.
ഞാൻ ചികിത്സയിലായിരുന്ന കൊച്ചിയിലെ ആശുപത്രിയിൽ, ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആരോഗ്യം വീണ്ടെടുക്കൽ എന്നത് കേവലം മെഡിക്കൽ നടപടികൾ നിർവ്വഹിക്കുന്നത് മാത്രമായിരുന്നില്ല. സമയപരിധിക്കുള്ളിൽ, രോഗീപരിചരണത്തിന്റെ ഭാഗമായി വിപുലമായ സംഭാഷണങ്ങൾ നടന്നു. സമകാലിക കേരളത്തെക്കുറിച്ചുള്ള എന്റെ ചില പ്രധാന സംഭാഷണങ്ങൾ നടന്നത് ആശുപത്രി ജീവനക്കാരുമായാണ്.
എന്റെ ഏറ്റവും ബോധദീപ്തമായ സംഭാഷണം നടന്നത് ഇതിൽ ആദ്യം ഉദ്ധരിച്ചിരിക്കുന്ന ഹിജാബ് ധരിച്ച എന്റെ മുസ്‌ലിം നഴ്സുമാരിൽ ഒരാളായ ആഫിയ (പേര് മാറ്റിയിട്ടുണ്ട്) യുമായിട്ടുള്ളതായിരുന്നു. കേരളത്തെ കുറിച്ച് ഏറ്റവും അഭിമാനം കൊള്ളുന്ന കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ വളരെ വ്യക്തതയോടെയായിരുന്നു ആഫിയയുടെ പ്രതികരണം.
“ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരത ഞങ്ങൾക്കുണ്ട്.” നമുക്കറിയാവുന്നതുപോലെ, കേരളത്തിലെ സാക്ഷരതാ നിരക്ക് മിക്ക ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുമായി തുലനം ചെയ്യുന്നതാണ്. 1980-കൾ വരെ കാര്യങ്ങൾ ഇങ്ങനെയായിരുന്നില്ല. , മുസ്‌ലിം സമുദായത്തിലുള്ളവരുടെ സാക്ഷരതാ നിരക്കും സംസ്ഥാന ശരാശരിയ്ക്കൊപ്പമായി.
കേരളത്തിൽ ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഏകോദരസഹോദരങ്ങളെ പോലെ ജീവിക്കുന്നതിൽ ആഫിയ അഭിമാനിക്കുന്നു. കേരളത്തിൽ 26.5 ശതമാനം മുസ്‌ലിങ്ങളും 18.5 ശതമാനം ക്രിസ്ത്യാനികളുമാണ്. “കേരളത്തിൽ മുസ്‌ലിങ്ങൾ ഉത്തരേന്ത്യയിലെ പോലെ വിവേചനമൊന്നും നേരിടുന്നില്ലെന്ന് മാത്രമല്ല, മലയാള സിനിമയിലെ ചില പ്രമുഖർ കൂടിയാണ്. സാർ മമ്മൂട്ടിയെ കുറിച്ച് കേട്ടിട്ടുണ്ടോ? മലയാള സിനിമയിലെ ഏറ്റവും വലിയ താരമാണ് അദ്ദേഹം. മുസ്‌ലിമായതിന്റെ പേരിൽ ആരും അദ്ദേഹത്തെ ആക്രമിക്കുന്നില്ല. കേരളം അദ്ദേഹത്തെ സ്നേഹിക്കുന്നു.” ഷാരൂഖ് ഖാനും കുടുംബത്തിനും എന്താണ് സംഭവിച്ചതെന്ന് അവർക്ക് വ്യക്തമായി അറിയാം.
മലയാളി സംസ്‌കാരത്തിലെ മുസ്‌ലിം പെരുമയെക്കുറിച്ചുള്ള ആഫിയയുടെ വാക്കുകൾ, സാഹിത്യ രംഗത്തെ അതികായനായ എം ടി വാസുദേവൻ നായരുമായി 1994-ൽ, ഞാൻ നടത്തിയ അഭിമുഖത്തെ ഓർമ്മിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീർ “മലയാള സാഹിത്യത്തിലെ എക്കാലത്തെയും പ്രതിഭാധനനായ വ്യക്തിത്വങ്ങളിൽ ഒന്നാണ്” എന്ന് അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, ഹിന്ദു-മുസ്‌ലിം-ക്രിസ്ത്യൻ എന്നിങ്ങനെ വിഭാഗീയമായി കാണുന്നത് കേരളത്തിന്റെ സാഹിത്യ ജീവിതത്തിൽ അപ്രസക്തമാണെന്നും അദ്ദേഹം വിശദീകരിച്ചു. വിവേചനത്തെക്കുറിച്ചുള്ള ആഫിയയുടെ അഭിപ്രായങ്ങൾ, ഞങ്ങളുടെ പ്രോജക്റ്റിന്റെ കണ്ടെത്തലുകൾ എന്നെ ഓർമ്മിപ്പിച്ചു. ഇതിനകം വിശകലനം ചെയ്ത എട്ട് നഗരങ്ങളിൽ, മതപരമായ വിവേചനം ഏറ്റവും കുറഞ്ഞ നഗരമാണ് കൊച്ചി.
കേരളത്തിൽ ഈയിടെയായി വർഗീയ പിരിമുറുക്കങ്ങൾ ഉടലെടുത്തിട്ടുണ്ടെന്ന് എനിക്കറിയാം. ഈ പത്രത്തിൽ (റൈസിങ് ഇസ്‌ലാമോഫോബിയ ഇൻ കേരള: ഇറ്റ് ഈസ് ടൈം ടു ഡീ -റാഡിക്കലൈസ് ദ് ഗ്രോൺ അപ്സ്, ഇന്ത്യൻ എക്സ്‌പ്രസ്, ജനുവരി 22) ഷെജി എടത്തറ എഴുതിയ ലേഖനം, “കേരളത്തിൽ വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ”യിലേക്ക് വിരൽ ചൂണ്ടുന്നതാണ്. കേരള രാഷ്ട്രീയത്തിൽ നിലവിൽ ഒരു ചെറിയ കക്ഷിമാത്രമായ ബിജെപി, മുസ്‌ലിങ്ങൾക്കെതിരെ ക്രിസ്ത്യൻ സഭകളുടെ പിന്തുണയോടെ കേരളത്തെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച്, ലിസ് മാത്യു (ഇന്ത്യൻ എക്സ്‌പ്രസ്, ജനുവരി 8) റിപ്പോർട്ട് ചെയ്തു. മുസ്‌ലിം വലതുപക്ഷത്തിന്റെ ആവിർഭാവത്തെ കുറിച്ചും വിശകലനവിദഗ്ദ്ധർ രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പോലുള്ള സംഘടനകൾ വളരെയധികം ശ്രദ്ധ ആകർഷിച്ചു. എന്നാൽ എന്റെ സമീപകാല സംഭാഷണങ്ങളും നേരത്തെയുള്ള അറിവുകളുടെ അടിസ്ഥാനത്തിലുള്ള ധാരണയും സൂചിപ്പിക്കുന്നത് പിരിമുറുക്കങ്ങൾ പരകോടിയിൽ എത്തിയിട്ടില്ലെന്നാണ്; അതിലും പ്രധാനമായി അങ്ങനെ സംഭവിക്കാനിടയില്ലെന്നും.
രണ്ട് ചരിത്ര സംഭവങ്ങൾ പരിഗണിക്കാം. 1990-കളിൽ – ബാബറി മസ്ജിദ് തകർത്തതിനുശേഷം – കേരളത്തിൽ ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും ധ്രുവീകരിക്കാനുള്ള അവസരം ഉയർന്നുവന്നു. ധ്രുവീകരണം തന്റെ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് ബിജെപിയുടെ അന്നത്തെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഭിമുഖത്തിൽ എന്നോട് സമ്മതിച്ചു. പക്ഷേ, അത്തരം രാഷ്ട്രീയത്തിന് തുടക്കമിടാൻ തയ്യാറായില്ലെന്നും, പുതുതായി വളർന്നുവരുന്ന മുസ്‌ലിം വലതുപക്ഷം അക്രമാസക്തമായ ഒരു തെറ്റ് ചെയ്യാനുള്ള അവസരത്തിനായി കാത്തിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു വലതുപക്ഷം ആദ്യം അക്രമാസക്തമായാൽ തങ്ങൾ വലിയ രാഷ്ട്രീയ പ്രസ്ഥാനമാകുമെന്ന് മുസ്‌ലിം വലതുപക്ഷവും വിശ്വസിച്ചു. ജനരോഷം ഭയന്ന് ഇരുപക്ഷവും മുൻകൈ എടുത്തില്ല. ഹിന്ദു-മുസ്‌ലിം വലതുപക്ഷങ്ങൾ അക്രമത്തിൽ ഏർപ്പെട്ടതോടെ, ഈ രീതി തകർന്നു, പക്ഷേ ആ ഭിന്നിപ്പ് ജനപ്രിയമായില്ല. ബിജെപിക്കും മുസ്‌ലിം വലതുപക്ഷത്തിനും നിലവിലെ നിയമസഭയിൽ സീറ്റില്ല.
ഇനി, മലബാർ കലാപം (1921) പരിഗണിക്കുക. മാർക്സിസ്റ്റ് പണ്ഡിതർ അതിനെ കർഷകരും ഭൂപ്രഭുക്കളും തമ്മിലുള്ള വർഗയുദ്ധമായി അവതരിപ്പിക്കുന്നു, എന്നാൽ മാർക്സിസ്റ്റല്ലാത്ത പണ്ഡിതന്മാർക്ക് ഇത് ഹിന്ദു-മുസ്‌ലിം സംഘർഷമായിരുന്നു, കൊലപാതകങ്ങളും സ്വത്തിന്മേലുള്ള ആക്രമണങ്ങളും നിറഞ്ഞതാണെന്നതിൽ സംശയമില്ല. മഹാത്മാഗാന്ധിക്ക് അന്നത്തെ കോഴിക്കോട്ടെ കോൺഗ്രസ് പ്രസിഡന്റ് അയച്ചതും ഞാൻ വായിച്ചതും അധികം അറിയപ്പെടാത്തതുമായ കത്തുകൾ അതിനെ ഒരു വർഗീയ ആഭ്യന്തരയുദ്ധമായി അവതരിപ്പിച്ചു. പക്ഷേ, ഭീകരമായ അക്രമങ്ങൾ ഉണ്ടായിട്ടും മലബാർ കലാപത്തിന് രാഷ്ട്രീയത്തെ മറ്റൊരു നിലയിലേക്ക് മാറ്റിത്തീർക്കാൻ കഴിഞ്ഞില്ല. സാമൂഹിക നീതിയുടെ മുൻകാല രാഷ്ട്രീയ ആഖ്യാനം ശക്തമായി തിരിച്ചുവരുകയും വർഗീയ അടിസ്ഥാനത്തിൽ രാഷ്ട്രീയത്തെ ധ്രുവീകരിക്കാൻ ആര്യസമാജവും ഹിന്ദു മഹാസഭയും നടത്തിയ ശ്രമങ്ങളെ പരാജയപ്പെടുത്തുകയും ചെയ്തു.
അക്രമാസക്തമായ വർഗീയ ധ്രുവീകരണം കേരളത്തെ കീഴടക്കിയാൽ, അത് ചരിത്രത്തിലെ ഞെട്ടിക്കുന്ന അസാധരണത്വമായിരിക്കും. രാഷ്ട്രീയത്തിൽ ആകസ്‌മികതകൾ അപ്രതീക്ഷിതമല്ല, എന്നാൽ, കേരളത്തിന്റെ സാമുദായിക സൗഹാർദ്ദത്തിൽ ആഫിയയുടെ നിർമ്മലമായ അഭിമാനം ബഹുജന അടിത്തറയുള്ള വിശ്വാസ ഘടനയെ സൂചിപ്പിക്കുന്നു, ധ്രുവീകരണ നിലപാടുകളിലൂന്നിയ രാഷ്ട്രീയ സംഘടനകൾക്ക് തുരങ്കം വയ്ക്കാൻ കഴിയാൻ സാധിക്കില്ലെന്ന ഉറച്ച തോന്നലാണ് അത് ഉളവാക്കുന്നത്.
- ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ സോൾ ഗോൾഡ്‌മാൻ ഇന്റർനാഷണൽ സ്റ്റഡീസ് ആൻഡ് സോഷ്യൽ സയൻസസ് പ്രൊഫസറും വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ കണ്ടംപററി സൗത്ത് ഏഷ്യ ഡയറക്ടറും. ഇന്ത്യൻ എക്‌സ്‌പ്രസ്സിന്റെ കോൺട്രിബ്യൂട്ടിങ് എഡിറ്ററുമാണ് ലേഖകൻ.