/indian-express-malayalam/media/media_files/2025/02/18/vazpLooMFvkE57rNRabS.jpg)
എക്സ്പ്രസ് ഫൊട്ടോ: അഭിനവ് സാഹ
ജനുവരി 27 ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ രാജ്യത്തിന് ഉറപ്പ് നൽകി, "കേന്ദ്ര ബജറ്റിൽ ഡൽഹിക്ക് മാത്രമായി ഒരു വ്യവസ്ഥയും ഉൾപ്പെടുത്താൻ കഴിയില്ല, അത് തുല്യനിലയിലുള്ള മത്സരത്തെ തടസ്സപ്പെടുത്തും." ബജറ്റ് അവതരണത്തിന് വെറും നാല് ദിവസത്തിന് ശേഷം നടക്കുന്ന ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി മത്സരം ചായ്‌ക്കാൻ കേന്ദ്ര സർക്കാർ ബജറ്റ് ഉപയോഗിക്കുമെന്ന ആശങ്കകൾക്കും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മധ്യവർഗത്തിനുള്ള നികുതി ഇളവുകൾ സംബന്ധിച്ച "ചരിത്രപരമായ പ്രഖ്യാപനം" ബജറ്റിൽ അവതരിപ്പിച്ചതിന് തൊട്ടടുത്ത ദിവസമായ ഫെബ്രുവരി രണ്ടിലേക്ക് വന്നാൽ, "രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മധ്യവർഗ സൗഹൃദ ബജറ്റ്" എന്ന് പ്രധാനമന്ത്രി തന്റെ പ്രചാരണ പ്രസംഗത്തിൽ ഇതിനെ പ്രശംസിച്ചു. ഡൽഹി തിരഞ്ഞെടുപ്പുമായുള്ള ബന്ധം വ്യക്തമല്ലെന്ന് കരുതി, അടുത്ത ദിവസം ബിജെപി ബജറ്റിൽ "മോദി സർക്കാരിന്റെ ഡൽഹിക്കുള്ള സമ്മാനം" എന്ന പരസ്യം ഒന്നാം പേജുകളിൽ പ്രസിദ്ധീകരിച്ചു.
ഇത് മാത്രമല്ല ഉദാഹരണം, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) പെരുമാറ്റം കഴിഞ്ഞ 10 വർഷത്തെ ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ ഇടപെടലിനെ ഓർമ്മിപ്പിക്കുന്നു. വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചുവെന്ന എഎപിയുടെ ആരോപണങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണവും നടപടിയും ഒഴിഞ്ഞുമാറുന്നതായിരുന്നു. എഎപി നേതാക്കൾ കർക്കശനിലപാട് സ്വീകരിച്ചു, തിരഞ്ഞെടുപ്പ് സമയത്ത് ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒന്നല്ല അത്. എന്നാൽ ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷൻ, അമ്പയറിനെ പോലെയല്ല, മറിച്ച് ഒരു കളിക്കാരനെപ്പോലെ പോരാട്ടവീര്യം പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ നടത്തിയ പരിശോധന ഇഡിയും സിബിഐയും നടത്തിയ റെയ്ഡുകൾ പോലെയായിരുന്നു. ഹരിയാന സർക്കാർ യമുന നദിയിലെ വെള്ളത്തിൽ വിഷം കലർത്തിയെന്ന അരവിന്ദ് കേജ്‌രിവാളിന്റെ തെറ്റായതും തീർത്തും നിരുത്തരവാദപരവുമായ ആരോപണത്തോട് അവർ കാണിച്ച ഉത്സാഹം അഭിനന്ദനീയമാകുമായിരുന്നു, പ്രാദേശിക നേതാക്കൾ മുതൽ യോഗി ആദിത്യനാഥും പ്രധാനമന്ത്രിയും വരെയുള്ള ബിജെപിയിൽ നിന്ന് സമാനമായതോ അതിലും മോശമായതോ ആയ പരാമർശങ്ങളുടെ കാര്യത്തിൽ ഈ തിരഞ്ഞെടുപ്പ് കമ്മീഷന് മന്ദിപ്പില്ലായിരുന്നുവെങ്കിൽ.
വളരെ വ്യക്തമായി പറഞ്ഞാൽ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ ഒരു തമാശയായി മാറിയിരിക്കുന്നു. അതിന്റെ അധികാരത്തെ ബഹുമാനിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആരാധകനായ, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ അഭിസംബോധന ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരിക്കൽ വിളിച്ച ഒരാളെന്ന നിലയിൽ, അഗാധമായ വേദനയോടെയാണ് ഞാൻ ഇത് പറയുന്നത്. ഇപ്പോൾ മൗനം പാലിക്കുന്നത് ഈ മഹത്തായ ഭരണഘടനാ സ്ഥാപനത്തിന്റെ പവിത്രമായ പങ്കിനെ അവഗണിക്കുന്നതിന് തുല്യമായിരിക്കും.
രാജീവ് കുമാർ വിരമിക്കുന്നതോടെ നമ്മുടെ ഭരണഘടനാ സംവിധാനം കടുത്ത ഒരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കൂടുതൽ ന്യായമായ ഒരു സംവിധാനത്തിലൂടെ തിരഞ്ഞെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി ഇടപെടുകയും, അദ്ദേഹം ഒരു പരിധിവരെയെങ്കിലും നീതിയും നിഷ്പക്ഷതയും സുതാര്യതയും പ്രകടിപ്പിക്കുമെന്ന് വിശ്വസിക്കുകയും വേണം. അല്ലെങ്കിൽ, നമ്മുടെ അയൽപക്കത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ പതിവായി തർക്കിക്കപ്പെടുന്നത് പോലെ, ഒഴിവാക്കാനാകാത്ത ഒരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നാം നീങ്ങിയേക്കാം.
/indian-express-malayalam/media/media_files/2025/02/18/cAFgJuvwQM9CqpDKN3bU.jpg)
ന്യായമായി പറഞ്ഞാൽ, ഒരുകാലത്ത് മഹത്തായ ഈ സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പൂർണ്ണമായും, രാജീവ് കുമാർ വ്യക്തിപരമായി ഉത്തരവാദിയല്ല. ഒരു നീണ്ട പ്രക്രിയയുടെ അവസാനത്തിലാണ് അദ്ദേഹം വരുന്നത്. അതിന്റെ നിലനിൽപ്പിന്റെ ആദ്യ 40 വർഷങ്ങളിൽ, ഏകാംഗ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഇന്ത്യൻ സർക്കാരിന്റെ എക്സറ്റെൻഷൻ പോലെയാണ് പ്രവർത്തിച്ചത്, ഭരണഘടന നൽകുന്ന അധികാരങ്ങൾ വളരെ അപൂർവമായി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. തിരഞ്ഞെടുപ്പ് ക്രമക്കേടുകളും ഭരണകക്ഷിയായ കോൺഗ്രസിനോടുള്ള പക്ഷപാതവും സംബന്ധിച്ച പരാതികൾ കേട്ടുകേൾവിയില്ലാത്തവയല്ല. എന്നിരുന്നാലും, 1972-ൽ പശ്ചിമ ബംഗാളിലോ 1987-ൽ ജമ്മു-കശ്മീരിലോ വൻതോതിലുള്ള തട്ടിപ്പ് നടന്നുവെന്ന ആരോപണങ്ങൾ ഒഴികെ, ഈ തർക്കങ്ങൾ പൊതുവെ തിരഞ്ഞെടുപ്പ് കമ്മീഷനെ ബാധിച്ചിരുന്നില്ല. ഭരണപരമായി അത് സർക്കാരിന് കീഴ്പ്പെട്ടിരുന്നു, പക്ഷേ ഭരണകക്ഷിക്ക് പ്രത്യക്ഷത്തിൽ കീഴ്പ്പെട്ടിരുന്നില്ല.
1990-ൽ പതിവുപോലെ നടന്നു കൊണ്ടിരുന്ന രീതികൾക്ക് മാറ്റമുണ്ടാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനത്തിന്റെ ഭരണഘടനാപരമായ അധികാരങ്ങൾ അവകാശപ്പെടാനും ടി.എൻ. ശേഷൻ വേണ്ടിവന്നു. എല്ലാ അർത്ഥത്തിലും അദ്ദേഹം ഒരു ജനാധിപത്യവാദിയായിരുന്നില്ല. എന്നാൽ സുപ്രീം കോടതിയുടെ നിയന്ത്രണത്തിലും മറ്റ് രണ്ട് കമ്മീഷണർമാരുടെ നിയമനത്തിലും അദ്ദേഹത്തിന്റെ പിഞ്ഞാണികടയിൽ കയറിയ കാളക്കൂറ്റന്റെ (ബുൾ-ഇൻ-എ-ചൈന ഷോപ്പ്) സാഹസികതകൾ ഈ സ്ഥാപനത്തെ വിശാലമായ സ്വാതന്ത്ര്യത്തിന്റെ ഘട്ടത്തിലേക്ക് തള്ളിവിടാൻ സഹായിച്ചു.
എം എസ് ഗിൽ, ജെ എം ലിങ്‌ദോ എന്നിവരുടെ ഭരണകാലം ഉൾപ്പെടുന്ന ഈ ഘട്ടം 2004 വരെ നീണ്ടുനിന്നു. ശേഷന്റെ നാടകീയത മാറ്റിനിർത്തിയാൽ, അദ്ദേഹത്തിന്റെ രണ്ട് പിൻഗാമികളും ഭരണഘടനാ സ്വാതന്ത്ര്യം, ശക്തമായ നിഷ്പക്ഷത, പ്രൊഫഷണലൈസേഷൻ, 2002-ൽ ഗുജറാത്തിലെന്നപോലെ, വിമത രാഷ്ട്രീയ നേതാക്കളെ നേരിടാനുള്ള സന്നദ്ധത എന്നിവ തുടർന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഇത്, അധികാരത്തിലിരിക്കുന്നവരുടെ പരാജയത്തിന്റെ ഉയർന്ന നിരക്കും സഖ്യ സർക്കാരുകളുടെ ഉദയവും ഇതിനോടൊപ്പമുണ്ടായിരുന്നു.
2004 മുതൽ 2018 വരെയുള്ള കാലയളവ് പതിവ് രീതികളിലൂടെയായിരുന്നു. യഥാർത്ഥത്തിൽ തുല്യമായ ഒരു കളിസ്ഥലം (ലെവല്‍ പ്ലെയിംഗ് ഫില്ഡ്) ഉറപ്പാക്കാൻ മുൻകാല സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുപകരം, തിരഞ്ഞെടുപ്പ് കമ്മീഷൻ സുരക്ഷിതവും എന്നാൽ നീതിയുക്തവുമായ മാർഗം സ്വീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തമ്മിലുള്ള ഏറ്റുമുട്ടലും ഒഴിവാക്കി, പക്ഷേ കമ്മീഷന്റെ സ്വാതന്ത്ര്യം മാനദണ്ഡമായി മാറിയിരുന്നു, സ്വയംഭരണം പ്രയോഗിക്കുന്നത് ഇപ്പോൾ ശീലമായി മാറിയിരുന്നു. ഇതിന്റെ അടിത്തട്ടിൽ രാഷ്ട്രീയ നിഷ്പക്ഷതയുടെ മന്ദഗതിയിലുള്ള നാശത്തിന്റെയും വ്യതിയാനങ്ങളുടെയും ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിലുള്ള കളങ്കമില്ലാത്ത റെക്കോർഡ് ഉണ്ടായിരുന്നിട്ടും, വിരമിച്ച ശേഷം എം എസ് ഗില്ലിനെ പാർട്ടി അംഗവും എംപിയും മന്ത്രിയുമായി കാണേണ്ടിവന്നത് ലജ്ജാകരമാണ്. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന നവീൻ ചൗളയെ ( ഈയിടെ അന്തരിച്ച) സിഇസിയായി നിയമിച്ചത് അമ്പരപ്പിച്ചു, എന്നാൽ, അദ്ദേഹത്തിന്റെ പെരുമാറ്റം അത്ര വിവാദപരമായിരുന്നില്ല. 2014 ന് ശേഷം, തിരഞ്ഞെടുപ്പ് കമ്മീഷനിലെ നിയമനങ്ങൾ രാഷ്ട്രീയമായി വഴങ്ങുന്ന ഉദ്യോഗസ്ഥർക്ക് ഒരു പ്രത്യേക മുൻഗണന നൽകി.
2018 ഡിസംബറിൽ സുനിൽ അറോറയെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിച്ചതോടെ, തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപനപരമായ സ്വയംഭരണവും രാഷ്ട്രീയ നിഷ്പക്ഷതയും നഷ്ടപ്പെടുന്ന നിലവിലെ ഘട്ടത്തിലേക്ക് പ്രവേശിച്ചു. അശോക് ലവാസയുടെ പീഡനവും (തുടർന്ന് ഏഷ്യൻ വികസന ബാങ്കിലെ നിയമനവും) അരുൺ ഗോയലിന്റെ പെട്ടെന്നുള്ള രാജിയും (തുടർന്ന് അംബാസഡറായി നിയമനവും) - കമ്മീഷനിലെ വിയോജിപ്പിന്‍റെ ശബ്ദത്തിന് മരണമണി മുഴക്കി. എല്ലാ അർത്ഥത്തിലും, രാജീവ് കുമാർ ഈ ഇടിവ് ഒരു പടി മുന്നോട്ട് കൊണ്ടുപോയി, വിയോജിപ്പില്ലാത്തതിൽ നിന്ന് വ്യക്തമായ ഉപജാപത്തിലേക്ക് .
മറക്കാതിരിക്കാൻ, മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുടെ (വിരമിക്കുന്ന) നിരവധി സംശയാസ്പദമായ നേട്ടങ്ങൾ രേഖപ്പെടുത്തണം. അസമിലെ പാർലമെന്ററി, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം നടപ്പിലാക്കുന്നതിൽ യുഎസ് ശൈലിയിലുള്ള വർഗീയ "ജെറിമാൻഡറിംഗ്" (തിരഞ്ഞെടുപ്പ് അതിർത്തികളുടെ പക്ഷപാതപരമായ നിർണ്ണയം) യുടെ ആദ്യത്തെ വ്യക്തമായ സംഭവത്തിൽ നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഒരു പങ്കു വഹിച്ചു, അത് ബിജെപിക്ക് അനുകൂലമായി. സംഘർഷമില്ലാത്ത ഒരു പ്രദേശത്ത് അപൂർവവും വിവാദപരവുമായ "മത്സരമില്ലാത്ത" പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഒന്നിന് (സൂറത്ത്, 2024) അദ്ദേഹം മേൽനോട്ടം വഹിച്ചു.
അദ്ദേഹത്തിന്റെ കീഴിൽ, പോൾ ചെയ്തതും എണ്ണിയതുമായ വോട്ടുകൾ തമ്മിലുള്ള വ്യത്യാസവും പോളിങ് ശതമാനവും സംബന്ധിച്ച വിവരങ്ങൾ ധാർഷ്ട്യത്തോടെ മറച്ചുവെച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സുതാര്യത അരക്കിട്ട് ഉറപ്പിച്ചു. അതിലും മോശമായി, സുതാര്യത നിർബന്ധമാക്കിയ നിയമം ദുർബലപ്പെടുത്തി. ലോക്‌സഭയ്‌ക്കൊപ്പം എല്ലാ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ സംവിധാനം തയ്യാറാണെന്ന് ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകി. അതേസമയം 2024 ൽ നാല് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരേസമയം നടത്തുന്നതിൽ പരാജയപ്പെട്ടു.
പൊതുവേ, അദ്ദേഹത്തിന്റെ ഭരണകാലത്ത് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് കലണ്ടർ - ഒഡീഷയിലെ നാല് ഘട്ട പോളിങ് ഓർക്കുക - ബിജെപിയുടെ പ്രചാരണ മുൻഗണനകളുമായി അസാധാരണമായ പൊരുത്തം കാണിക്കുന്നു. ഈ കാലയളവിൽ, പ്രതിപക്ഷ പാർട്ടികൾ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചു. പ്രതിപക്ഷത്തിന്റെ അഭ്യർത്ഥനകൾക്ക് ചെവികൊടുത്തില്ലെന്ന് മാത്രമല്ല, പ്രതിപക്ഷവുമായി സംഘർഷാത്മമായ ആശയവിനിമയം നടത്തുന്നതിനും വിയോജിപ്പുള്ളവരെ ഭീഷണിപ്പെടുത്തുന്നതിനുമുള്ള ഒരു പുതിയ രീതി തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിന് കീഴിൽ, തിരഞ്ഞെടുപ്പ് കമ്മീഷനുള്ള ജനകീയ വിശ്വാസത്തിൽ കുത്തനെ ഇടിവ് സംഭവിച്ചു, ലോക്‌നീതി-സിഎസ്ഡിഎസ് സർവേകൾ രേഖപ്പെടുത്തിയ ഒരു വസ്തുതയാണിത്.
അപ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ പടുകുഴിയിൽ വീണോ? ഭാഗ്യവശാൽ, ഇതുവരെ ആ സ്ഥിതിയിലെത്തിയിട്ടില്ല. 2007-'16 കാലഘട്ടത്തിൽ വ്‌ളാഡിമിർ വൈ ഷൂറോവ് റഷ്യയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ എത്തിച്ച ഘട്ടത്തിലേക്ക് നമ്മൾ ഇപ്പോഴും എത്തിയിട്ടില്ല. പുടിനുവേണ്ടി ഷൂറോവ് ചെയ്തതുപോലെ, നമ്മുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പരമോന്നത നേതാവിനോടുള്ള പരസ്യമായി വിശ്വസ്തത പ്രകടിപ്പിക്കുന്നില്ല. റഷ്യയിൽ നിന്ന് വ്യത്യസ്തമായി, പ്രതിപക്ഷ പാർട്ടികളെയും സ്ഥാനാർത്ഥികളെയും മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്നില്ല. പാകിസ്ഥാനിൽ നിന്ന് വ്യത്യസ്തമായി, വോട്ടെണ്ണൽ നിർത്തിവയ്ക്കുകയോ മധ്യത്തിൽ തിരിച്ചുവിടുകയോ ചെയ്യുന്നില്ല. തിരഞ്ഞെടുപ്പ് മണ്ഡല പുനർനിർണ്ണയം ഇപ്പോഴും ഒരു അപവാദമാണ്, മാനദണ്ഡമല്ല. ജനങ്ങൾ തിരഞ്ഞെടുപ്പ് തട്ടിപ്പ് സഹിച്ചേക്കില്ല എന്നതിനാൽ, ചില പ്രത്യക്ഷപ്പെടലുകൾ നിലനിർത്തുന്നു.
ഇന്ത്യയിലെ പ്രതിസന്ധിയിലായ ജനാധിപത്യത്തിന് ഇനി ഒരു രാജീവ് കുമാറിനെ കൂടി താങ്ങാൻ കഴിയില്ല. സർക്കാർ മേധാവിത്വമുള്ള കമ്മിറ്റിയുടെ നിലവിലെ രീതിയിലൂടെ അടുത്ത മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാൻ സർക്കാരിനെ അനുവദിക്കണോ അതോ കോടതിയുടെ യഥാർത്ഥ ഉത്തരവ് പ്രകാരം ഒരു സ്വതന്ത്ര സംവിധാനം വേണമെന്ന് നിർബന്ധിക്കണോ എന്ന് സുപ്രീം കോടതി തീരുമാനിക്കേണ്ടതുണ്ട്. നമ്മുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ ഭാവി ഇതിനെ ആശ്രയിച്ചിരിക്കുന്നു.
- സ്വരാജ് ഇന്ത്യ അംഗവും ഭാരത് ജോഡോ അഭിയാൻ ദേശീയ കൺവീനറുമാണ് യോഗേന്ദ്ര യാദവ്. ഈ ലേഖനത്തിലെ അഭിപ്രായങ്ങൾ വ്യക്തിപരമാണ്. ലേഖനം ഫെബ്രുവരി നാലാം തിയതി ഇന്ത്യന് എക്സ്പ്രസ്സില് പ്രസിദ്ധികരിച്ചത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us