scorecardresearch

 പിണറായിക്ക് മഹിജയും കുലംകുത്തിയാണ്, കൊല ചെയ്യപ്പെടാത്തത് ഭാഗ്യം!

ആരോ മഹിജയ്ക്കു പിന്നിലുണ്ടന്നല്ലേ ഇപ്പോൾ പിണറായിയും കോടിയേരിയും ആരോപിച്ചിരിക്കുന്നത്. ഉണ്ട്. തീർച്ചയായും. മഹിജയ്ക്കു പിന്നിലുള്ളത് ജനങ്ങളാണ്.

ആരോ മഹിജയ്ക്കു പിന്നിലുണ്ടന്നല്ലേ ഇപ്പോൾ പിണറായിയും കോടിയേരിയും ആരോപിച്ചിരിക്കുന്നത്. ഉണ്ട്. തീർച്ചയായും. മഹിജയ്ക്കു പിന്നിലുള്ളത് ജനങ്ങളാണ്.

author-image
J Binduraj
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pinarayi Vijayan, പിണറായി വിജയൻ, കേരള മുഖ്യമന്ത്രി, മുഖ്യമന്ത്രി, Kerala Chief Minister, Chief mInister, CMO Kerala,

വിവേകമില്ലാത്തവർ എന്തുംചെയ്യും. അതവരുടെ സ്വഭാവമാണ്. തെരുവിൽ എല്ലാവരേയും വെല്ലുവിളിച്ചു നീങ്ങുന്ന ഗുണ്ടയെ കണ്ടിട്ടില്ലേ? അവന്റെ കൈക്കരുത്തിൽ, മെയ്ക്കരുത്തിൽ, ആക്രോശത്തിലൊക്കെ പലരും വീണുപോകും. താൻ വലിയ സംഭവമാണെന്നാണ് അവന്റെ തോന്നൽ. അവനൊപ്പം നിൽക്കുന്നവരൊക്കെ അവൻ ഭയങ്കര സംഭവമാണെന്ന് ആർത്തുവിളിക്കാൻ തുടങ്ങുന്നതോടെ അവന്റെ അഹങ്കാരം വർധിക്കും. തെരുവിലെ സർവ തെമ്മാടികളും അവനൊപ്പം ചേരും. കത്തിമുനയിൽ അവൻ കോർത്തെടുത്ത കുടൽമാലകളെക്കുറിച്ചും ഉയർത്തിപ്പിടിച്ച വാളുകൾക്കിടയിലൂടെ നെഞ്ചുയർത്തി നടന്നുപോയ അവന്റെ ധീരതയെപ്പറ്റിയും അവർ മറ്റുള്ളവരോട് പറഞ്ഞുകൊണ്ടിരിക്കും. ഒരു സാധാരണ തെരുവുഗുണ്ടയാണ് അവനെന്ന് അവനു മനസ്സിലാകുന്ന കാലം വരേയ്ക്കും സ്വയമൊരു  പ്രഭാവലയം തന്നെ അവൻ  മനസ്സിൽ തീർത്തിട്ടുണ്ടാകും- ഹെർക്കുലീസിനെപ്പോലെ ഒരു പ്രഭാവലയം.

Advertisment

മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് വായിക്കാൻ എനിക്കറിയില്ല. പക്ഷേ ഒന്നറിയാം. താൻ ഒരു സംഭവമാണെന്ന തോന്നലിലാണ് അദ്ദേഹത്തിന്റെ  പ്രവൃത്തികളും നടത്തവും നിൽപുമെല്ലാം. ഇരട്ടച്ചങ്കനെന്ന വിശേഷണം അദ്ദേഹം നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പല്ലേ. പണ്ടാരോ പുലിമുരുകനെന്ന് വിളിച്ചപ്പോൾ കാണാമായിരുന്നു ആ കണ്ണുകളിലെ തിളക്കം. പതിനാറു വർഷക്കാലത്തോളം സിപിഎം എന്ന പാർട്ടിയെ നയിച്ചതിന്റെ വീര്യം ചെറുതാവില്ലല്ലോ. പക്ഷേ നേതാവ് പറയുന്നതെന്തും ഓച്ഛാനിച്ചു നിന്ന് തലകുലുക്കുന്ന പ്രവർത്തകരെ കണ്ടു മാത്രമാണ് പിണറായി വിജയന് ശീലം. നവകേരള യാത്രയിൽ രാജാവിനെ എഴുന്നെള്ളിക്കുംപോലെ തന്നെ കൊണ്ടുനടക്കുന്ന ചുവപ്പു വോളന്റിയർമാരുടെ മുദ്രാവാക്യഘോഷത്തിൽ സ്വയംമറന്നുപോയിട്ടുണ്ടാകാം വിജയൻ. ഭാവി മുഖ്യമന്ത്രി താൻ തന്നെയെന്ന് പലവട്ടം സ്വപ്‌നം കണ്ടിട്ടുമുണ്ടാകാം അദ്ദേഹം. പാർട്ടിക്കെതിരെ ശബ്ദമുയർത്തുന്നവരെല്ലാം പിണറായിക്ക് അതുകൊണ്ടാണ് കുലംകുത്തികളായി അനുഭവപ്പെട്ടത്. പ്രത്യയശാസ്ത്രബോധവും വിവേകവും മനുഷ്യപ്പറ്റുമുള്ള പലരും പാർട്ടിയെടുത്ത തീരുമാനങ്ങളെ ചോദ്യം ചെയ്തപ്പോൾ അതുകൊണ്ടാണ് ഈ പാർട്ടിയെപ്പറ്റി ഒരു ചുക്കും നിങ്ങൾക്കറിയില്ലെന്ന് വിജയൻ പറഞ്ഞുകൊണ്ടിരുന്നത്. കാരണം വിജയൻ പി.കൃഷ്ണപിള്ളയുടെ സ്‌കൂളിൽ നിന്നല്ല മറിച്ച് എം.വി.രാഘവൻ സ്‌കൂളിൽ നിന്നാണ് മാർക്‌സിസം പഠിച്ചത്. പഠിപ്പിച്ച ആൾക്കു വകതിരിവില്ലെങ്കിൽ പിന്നെ എങ്ങനെയാണ് പഠിതാവിന് വിവേകമുണ്ടാകുക?

ജിഷ്ണുവിന്റെ അമ്മയായ മഹിജ സിപിഎം കുടുംബത്തിലെ അംഗമായിരുന്നുവെന്നും അതിനാൽ മഹിജയോടും കുടുംബത്തോടും പിണറായി വിജയൻ എന്ന സിപിഎമ്മുകാരൻ ഇങ്ങനെയൊരു നടപടി ചെയ്യരുതായിരുന്നുവെന്നും വിലപിക്കുന്നവരോട് പൂർണ പുച്ഛം. സിപിഎംകാരുടെ കുടുംബമായതിനാൽ മാത്രം മുഖ്യമന്ത്രി അവരോട് ദയവു കാട്ടണമെന്നാണോ അവർ ആവശ്യപ്പെടുന്നത്? വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരളത്തിലെ എല്ലാ ജനങ്ങളോടും സ്വജനപക്ഷപാതമോ വിവേചനമോ കാട്ടാതെ നീതിപൂർവമായ ഭരണം കാഴ്ചവയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയ ഒരാൾ. സ്തുതിപാഠകവൃന്ദത്തിലെ ഏതെങ്കിലുമൊരാൾക്കുവേണ്ടി നീതി നടപ്പാക്കലല്ല വിജയന്റെ ജോലി. പക്ഷേ വിജയനു മുന്നിൽ പാർട്ടി സ്‌നേഹത്തിന്റെ ഗാഥകൾ പാടി സഹാനുഭൂതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരോട് എന്താണ് പറയേണ്ടത്? അവർ ഏതുകാലത്താണ് ജീവിക്കുന്നത്? രാജഭരണകാലത്തോ? വിജയനിലെ കമ്യൂണിസ്റ്റിന് സഹാനുഭൂതിയോ മനുഷ്യത്വമോ വിവേകമോ തൊട്ടുതീണ്ടിയിട്ടില്ലെന്ന് ആർക്കാണ് അറിയാത്തത്?  പാർട്ടിക്കെതിരെ നിലകൊണ്ട ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കഷ്ണിക്കാൻ കൂട്ടുനിന്ന, കേസിൽ പ്രതിയായ കുഞ്ഞനന്തനെ ശിക്ഷ അനുഭവിക്കുന്ന കാലത്തുപോലും 'തനിക്ക് വേണ്ടപ്പെട്ടവനെന്ന്' വിശേഷിപ്പിച്ച ആളാണ് വിജയൻ. കുലംകുത്തി എന്നും കുലംകുത്തി തന്നെയായിരിക്കുമെന്ന് കട്ടായം പറഞ്ഞ ആളാണ് വിജയൻ. തന്റെയോ പാർട്ടിയുടേയോ അപ്രമാദിത്തത്തിനെതിരെ ശബ്ദമുയർത്തുന്ന ഏതൊരാളും പിണറായി വിജയനെ സംബന്ധിച്ചിടത്തോളം കുലംകുത്തികളാണ്. ജിഷ്ണു എസ്എഫ്ഐക്കാരനായിരുന്നുവെന്നും ജിഷ്ണുവിന്റെ അമ്മാവൻ ദേശാഭിമാനിയിലെ എഴുത്തുകാരനാണെന്നുമൊക്കെ പറഞ്ഞ് അങ്ങോട്ട് പോകുന്നവർ മനസ്സിലാക്കാതെ പോകുന്നത് പിണറായിയുടെ ഈ മനസ്സാണ്. പിണറായിയെ സംബന്ധിച്ചിടത്തോളം മഹിജയും കുലംകുത്തിയാണ്. കൊലചെയ്യപ്പെടാത്തത് ഭാഗ്യം!

പാവപ്പെട്ടവന്റെ പാർട്ടി എന്നൊക്കെ പറയുന്നത് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തു മാത്രം.  ദല്ലാൾ മുതലാളിത്തത്തിന്റേയും സോഷ്യൽ ഫാസിസത്തിന്റെയും അവസരവാദ രാഷ്ട്രീയത്തിന്റേയും ഒത്തുതീർപ്പ് വാദത്തിന്റേയും മൂശയിലാണ് ഇന്നത്തെ സിപിഎം വാർത്തെടുക്കപ്പെട്ടിരിക്കുന്നത്. ഇതിനു തെളിവായുള്ള പിണറായിയുടെ ജൽപനങ്ങൾ ഈ പത്തുമാസത്തിനിടെ മാത്രം എത്രയോ കേട്ടതാണ്  നമ്മൾ. ലോ അക്കാദമി വിഷയത്തിൽ വിമർശനങ്ങളെ വിരട്ടലുകളായി തെറ്റിദ്ധരിക്കുകയും അസഹിഷ്ണുതയോടെ അവയൊക്കെ കൈകാര്യം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന വിവേകമതിയല്ലാത്ത വിജയനെ നമ്മൾ കണ്ടു. വിദ്യാർത്ഥിസമരത്തെ പിന്തുണച്ച സഖ്യകക്ഷിയായ സിപിഐയെ ബിജെപിയുമായി അവിഹിതബന്ധമുള്ളവരെന്ന് പ്രത്യക്ഷമായും പരോക്ഷമായും പ്രസ്താവന നടത്തുവാനും വിജയന് മടിയുണ്ടായില്ല. നോട്ട് അസാധുവാക്കലിനെതിരെ നിലകൊണ്ടവരെയെല്ലാം കള്ളപ്പണക്കാരെന്ന് ആക്ഷേപിച്ച മോദിയുടെ അതേ ഫാസിസ്റ്റ് തന്ത്രം തന്നെയാണ് സിപിഐയെ ലോ അക്കാദമി വിഷയത്തിൽ ആക്രമിക്കാൻ വിജയൻ പുറത്തെടുത്തത്.

Advertisment

ജനങ്ങളിൽ നിന്നും മന്ത്രിസഭാ തീരുമാനങ്ങൾ മറച്ചുവയ്ക്കാൻ വിവരാവകാശ നിയമത്തിന്റെ   8(1)(i) വകുപ്പ് തെറ്റായി വ്യാഖ്യാനിക്കുകയും മന്ത്രിസഭാ തീരുമാനങ്ങളുടെ ഫയലുകളിൽ സ്ട്രിക്റ്റ്ലി കോൺഫിഡൻഷ്യൻ ഡിപ്പാർട്ട്മെന്റിൽ നൽകുന്ന ഫയലിൽ മാത്രം നമ്പറും തീയതിയുമടക്കം നൽകിയാൽ മതിയെന്ന് നിർദ്ദേശം നൽകി പൊതുജനത്തിന് ഒരുവിധത്തിലും അത് കണ്ടെത്താനാകാത്ത സാഹചര്യവും സൃഷ്ടിച്ച വിജയന്റെ കരുനീക്കങ്ങൾ 1850 കൊടുംകുറ്റവാളികളെ മോചിപ്പിക്കാൻ ഗവർണർക്കു സമർപ്പിച്ച പട്ടികയിൽ തെളിഞ്ഞു കണ്ടു. കുഞ്ഞനന്തൻ മുതൽ കൊടി സുനി വരെയുള്ളവരെ മോചിപ്പിക്കാൻ ശ്രമിച്ച മഹാനുഭാവനായ മുഖ്യമന്ത്രി.

സഹാനുഭൂതിയും വിവേകവുമില്ലാത്ത ഒരു മഠയൻ ഭരണാധികാരിയാണ് താനെന്ന് ഓരോ ദിവസം തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഭൂലോക പരാജയമായ വിജയൻ. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന മട്ടിലുള്ള പൊലീസ് മേധാവി കൂടി കൂടെയുള്ളപ്പോൾ, ഭരണകൂടവും അതിന്റെ ഉപകരണങ്ങളും കാണിക്കുന്ന വിഡ്ഢിത്തങ്ങൾക്ക് ആഴം കൂടുന്നു. മകനെ നഷ്ടപ്പെട്ട അമ്മയെ തെരുവിൽ വലിച്ചിഴച്ചു നീക്കാനുള്ള ധാർഷ്ഠ്യം വിജയനും കൂട്ടർക്കും കിട്ടുന്നത് എന്ത് തോന്ന്യാസവും ന്യായീകരിക്കുന്ന സ്തുതിപാഠകർ ഒപ്പമുള്ളതിനാലാണ്. നാണംകെട്ട ആ ആസനംതാങ്ങികൾ ഈ ഭരണത്തെ കുപ്പത്തൊട്ടിയിലേക്കാണ് കൊണ്ടുപോകുന്നതെന്നറിയുക.

ആരോ മഹിജയ്ക്കു പിന്നിലുണ്ടന്നല്ലേ ഇപ്പോൾ പിണറായിയും കോടിയേരിയും ആരോപിച്ചിരിക്കുന്നത്. ഉണ്ട്. തീർച്ചയായും. മഹിജയ്ക്കു പിന്നിലുള്ളത് ജനങ്ങളാണ്. ജനങ്ങൾ പല രാഷ്ട്രീയകക്ഷികളിലും പെട്ടവരുണ്ടാകും. അവർ മഹിജയ്ക്കൊപ്പം നിൽക്കും. സിപിഎം പ്രവർത്തകരുടെ കുടുംബത്തിൽപ്പെട്ട മഹിജ ഒറ്റയ്ക്ക്  സമരം ചെയ്യണമെന്നാണോ പമ്പരവിഡ്ഢികളായ ഭരണാധികാരികൾ വിശ്വസിക്കുന്നത്?  കേരളത്തിലെ ആദ്യത്തെ ജനാധിപത്യസർക്കാരിന്റെ അറുപതാം വാർഷികമാണിന്ന്. മകൻ നഷ്ടപ്പെട്ട ഒരു അമ്മയുടെ കണ്ണീരു വീണ് അത് കരിദിനമായി മാറിയിരിക്കുന്നു. ജനങ്ങളുടെ കണ്ണീരൊപ്പേണ്ട ഭരണകൂടം ഒരു അമ്മയെ കണ്ണീർക്കയത്തിലാക്കിയിരിക്കുന്ന വിചിത്രമായ കാഴ്ചയാണത്. കണ്ണീരിലല്ലേ ആഴ്ത്തിയുള്ളു, അവരെ കുലംകുത്തിയാക്കി കൊലക്കത്തിക്കിരയാക്കിയില്ലെന്നതാണ് ഏക സമാധാനം. ആ കണ്ണീർ, കുലം മുടിക്കാനാണ് പോകുന്നതെന്ന് എന്നാണിവർ തിരിച്ചറിയുക?

Pinarayi Vijayan Jishnu Pranoy Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: