/indian-express-malayalam/media/media_files/uploads/2017/04/sabloo.jpg)
പോസ്റ്റ് മോഡേണിസം, ഫുക്കോ എന്നൊക്കെ തെറിയായി ഫേസ്ബുക്കിലെ പലരും കരുതുന്നത് കൊണ്ട് ചിലത് പറയാതെ വയ്യ. പോസ്റ്റ് മോഡേണിസം വിമർശനരഹിതമായ ഒന്നാണ് എന്ന് എന്തായാലും കരുതുന്നില്ല.വിമർശനാത്മക ചിന്തയുടെ (critical thinking) ഒരു പ്രധാന സ്വഭാവം തന്നെ. വിമർശന രഹിതമായി ഒന്നിനെയും സ്വീകരിക്കില്ല എന്ന നിലപാടാണത്. പോസ്റ്റ് മോഡേണിസം,ഫുക്കോ എല്ലാം വിമർശിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ വിമർശിക്കപ്പെട്ടേണ്ടത് അതിന്റെ ഉള്ളടക്കമാവണ്ടേ. അതിൽ ഇല്ലാത്ത ഒന്നിന്റെ പേരിൽ ആകണോ ആ വിമർശനം.
ചൈൽഡ് പ്രോസ്റ്റിറ്റ്യൂഷൻ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിനെ ന്യായികരിക്കുന്നതുമായ ഒരു എഴുത്തും പോസ്റ്റ് മോഡേണിസത്തിന്റെ പരിസരത്തിൽ ഞാൻ കണ്ടിട്ടില്ല. യുക്തിയില്ലായ്മ, മാനസിക പ്രശ്നങ്ങൾ, ലൈംഗിക തൊഴിൽ, തുടങ്ങിയവ ഒരാൾ സ്വന്തമായ, സ്വതന്ത്രമായ ഒരു ചോയിസായി സ്വീകരിച്ചതാണ് എന്നും അതൊരു സദാചാര ഭ്രംശമാണ് (moral error) എന്നും അതു കൊണ്ടു തന്നെ ശിക്ഷകൾ , റിവാർഡുകൾ തുടങ്ങിയ നടപടികൾ വഴി ഇവരെ ഇവരുടെ ചോയിസുകളിൽ നിന്നും പിൻവാങ്ങാൻ പ്രേരിപ്പിക്കാനാവുമെന്നാണ് പുതിയ യുക്തിപരമായ ഇന്‌സ്ടിട്യൂഷനുകളെ (rational institution) നിയന്ത്രിക്കുന്ന ഭരണവ്യവസ്ഥകളുടെ (regime) യുക്തിയെന്നു ഫുക്കോ പറയുന്നു. ഗ്രേറ്റ് കൺഫൈൻമെന്റിനെ (great confinement) സാധൂകരിക്കുന്ന സാമുഹിക ശക്തികളിൽ അനഭിമതരെ ഒഴിവാക്കണമെന്ന യുക്തിയുമുണ്ട് എന്ന് ഫുക്കോ പറയുന്നു. ഇത് ഒരു ഇലാസ്റ്റിക്ക് പോലെ വലിച്ചു നീട്ടിയാൽ കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിനെ ഫുക്കോ ന്യായികരിക്കുന്നു എന്ന കുയുക്തിയിലേക്ക് എത്താം.
/indian-express-malayalam/media/media_files/uploads/2017/04/sabloo-2.jpg)
സത്താപരമായി വിശദീകരിക്കാനുള്ള എല്ലാത്തരം പരിശ്രമങ്ങളെയും സംശയത്തോടെ കാണുന്ന,സാർവ്വത്രിക പ്രമാണങ്ങളെ സംശയത്തോടെ കാണുന്ന, യുക്തികൊണ്ടാണ് ഉത്തരാധുനികത ആധുനികകതയുടെ കേന്ദ്രത്തിൽ നിൽക്കുന്ന ജ്ഞാനോദയത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുന്നത്.അതിന്റെ ഒരു കാരണം ജ്ഞാനോദയ യുക്തി സാർവ്വത്രിക സ്വത്വങ്ങളെ നോർമലായി അടയാളപ്പെടുത്തി വിഭജിത സ്വത്വങ്ങളെ അനഭിമതരാക്കി എന്നതാണ്. ഇത്തരം ഒരു വിമർശനം കഴമ്പുള്ളതാണ് എന്ന് ഞാൻ കരുതുന്നു. എന്നാൽ,മനുഷ്യകർതൃത്വത്തിന്റെ അന്ത്യം, ബൃഹദാഖ്യാനങ്ങളുടെ അന്ത്യം,,മാർക്സിസത്തിന്റെ അന്ത്യം, ചരിത്രത്തിന്റെ അന്ത്യം, ഗ്രന്ഥകർത്താവിന്റെ അന്ത്യം, പ്രത്യയയശാസ്ത്രത്തിന്റെ അന്ത്യം, തത്വചിന്തയുടെ അന്ത്യം എന്നിങ്ങനെ വിവിധതരം അന്ത്യങ്ങളെ കുറിച്ചുള്ള ഉത്തരാധുനിക വായന സ്വീകാര്യമല്ല എന്ന് ഞാൻ കരുതുന്നു. അത് കൊണ്ട് തന്നെ ആധുനികതയോടു ഉത്തരാധുനികത മുന്നോട് വെയ്ക്കുന്ന വിമർശനങ്ങൾ പോലെ ഉത്തരാധുനികതയ്ക്കും വിമർശനാത്മകമായ (ക്രിട്ടിക്കലായ) വായനകൾ ഉണ്ടാവുന്നുണ്ട്. അതിൽ പലതും കഴമ്പുള്ളതുമാണ്.
ഴാങ് ഫ്രാന്‍സ്യാ ലോത്യാറും (Jean-François Lyotard) മറ്റും വിശദിക്കരിക്കുന്ന ബൃഹദാഖ്യാനങ്ങളുടെ മരണവും ലഘു ആഖ്യാനങ്ങളുടെ ജനനവുമാണല്ലോ ഉത്തരാധുനികതയുടെ ഒരു പ്രധാന അടയാളം. ലോത്യർ ബൃഹദ് ആഖ്യായികകളിലുള്ള അവിശ്വാസ'മായാണ് ഉത്തരാധുനികതയെ നിർവച്ചിച്ചത്.
മാർക്സിമാണ് ഏറ്റവും ഉഗ്രരൂപമുള്ള ബൃഹദ് ആഖ്യാനമെന്നും , മാർക്സിസം സർവ്വാധിപത്യത്തെയും മർദ്ദനത്തെയും കേന്ദ്രത്തിൽ നിർത്തുന്നുവെന്നും ലോത്യർ വിമർശിക്കുന്നു. ഇതിനു മറുപടി ആരെങ്കിലും സർവാധിപത്യമെന്ന് പറഞ്ഞോ?' എന്ന പേരിൽ സിസെക്ക് എഴുതിയിട്ടുണ്ട്.
സബാൾട്ടേൺ വിമർശകയായ ഗായത്രി ചക്രവർത്തി സ്പിവാക്ക് എല്ലാ മഹാഖ്യാനങ്ങളും മരിച്ചു കഴിഞ്ഞിട്ടും ചൂഷണം എന്ന മഹാഖ്യാനം തുടരുകതന്നെയാണെന്ന്" കാണാൻ ഉത്തരാധുനികർ വിസമ്മതിക്കുകയാണ് എന്ന് എഴുതി. സന്ദേഹാത്മകത മുഖമുദ്രയായി കരുതുന്ന ഉത്തരാധുനികത തന്നെ അതിന്റെ വിമർശനം കൂടി ഉൾക്കൊള്ളുന്നതാണ് എന്നും കരുതുന്നു.
/indian-express-malayalam/media/media_files/uploads/2017/04/sabloo-3.jpg)
ഇത്തരം ഒരു സന്ദേഹാത്മകതയാണ് ദറിദയുടെ അപനിർമാണം ( ഡി-കണ്‍സ്‌ട്രക്ഷൻ ) ആവിഷ്‌കരിക്കുന്നത്. ഏതൊരു വ്യവഹാരത്തിലും അതിനെതിരായതും അതിനെ തന്നെ തകർക്കുന്നതുമായ മറ്റൊരു വ്യവഹാരം ഒളിഞ്ഞു കിടക്കുന്നുവെന്ന് ദറിദ പറഞ്ഞു വെക്കുന്നുണ്ടല്ലോ? അത് ഉത്തരാധുനികതയ്ക്കും ബാധകമല്ലേ? അങ്ങനെയെങ്കിൽ ഉത്തരാധുനികത തന്നെ അതിന്റെ വിമർശനം കൂടി ഉൾച്ചേരുന്നതല്ലേ? പിന്നെ മറ്റൊരു ചോദ്യം ഉത്തരാധുനികത മാർക്സിസ്റ്റ് വിരുദ്ധമാണോ എന്ന ചോദ്യമാണ്. തീർച്ചയായും മാർക്സിസത്തെ ബൃഹദാഖ്യാനമായി കണ്ട, ബൃഹദ് ആഖ്യായികകളിലുള്ള 'അവിശ്വാസ'മായാണ് ഉത്തരാധുനികതയായി നിർവച്ചിച്ച ലോത്യരെ പോലുള്ളവർ വളരെ വിമർശനാത്മകയാണ് മാർക്സിസത്തെ കണ്ടത്.
എന്നാൽ മാർക്സിന്റെ ഭൂതങ്ങൾ " (Spectres of Marx) എന്ന കൃതിയിൽ ലോകം കടക്കെണിയിലാണെന്നും മുതലാളിത്തത്തിൽ നിന്നുള്ള വിമോചനം മാത്രമാണ് മാർക്സിസന്റെ മരണാനന്തര സ്മരണയിൽ തെളിഞ്ഞു കാണുന്നത് എന്നും ഹെഗലിന്റെ സത്താവാദ (Ontology) ത്തിന് പകരം കമ്യൂണിസത്തിന്റെ ബാധാശാസ്ത്രം (Hauntology) യാണ് യൂറോപ്പിലെ മുതലാളിത്തത്തെ ഭയപ്പെടുത്തുന്നതെന്നും ദറിദ പറഞ്ഞു വെയ്ക്കുന്നത് മാർക്സിസത്തിന്റെ നിരാകരണമല്ലല്ലോ. പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരിക യുക്തിയായി ഉത്തരാധുനികതയെ കണ്ടു വിമർശിച്ച ഫ്രഡറിക് ജയിംസൺ പോലും ദറിദയുടെ ഈ വാദത്തെ പ്രകീർത്തിച്ചിട്ടുണ്ടല്ലോ?``
``ദറിദയുടെ പുതിയ പുസ്തകം ഒരു ഇടപെടലിനുപരി ഒരു പ്രകോപനമാവാനും അത് വഴി മാർക്സിനെ കുഴിച്ചു മുട്ടാൻ ശ്രമിക്കുന്ന പുതിയ വിശുദ്ധ സഖ്യത്തിന് ബദലായി ഒരു പുതിയ ഇന്റർനാഷനലിനു ആഹ്വാനം ചെയ്യുന്നുവെന്നു പറഞ്ഞിട്ടുണ്ട്. പറഞ്ഞു വന്നത് ഇത്ര മാത്രം പോസ്റ്റ് മോഡേണിസത്തെയും ഫുക്കോയെയും വിമർശിച്ചോളൂ. എന്നാൽ പോസ്റ്റ് മോഡേണിസം, ഫുക്കോ എന്നിവ വെറും തെറിയാണെന്നും, അത് ചൈൽഡ് പ്രോസ്റ്റിറ്റ്യൂഷൻ, കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിനെ എന്നൊക്കെ അടിസ്ഥാനമില്ലാതെ ബ്രാൻഡ് ചെയ്തതല്ല. മറിച്ചു അതിനെ വിമർശനാത്മകമായി (ക്രിട്ടിക്കലായി) വായിച്ചാവണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.