നവ ഉദാരവാദത്തിലേക്കുള്ള മാറ്റത്തിൻറെ ഉച്ചസ്ഥായിയുടെ ആരംഭത്തിലാണ് ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെടുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിനായി മനുഷ്യാവകാശ കമ്മീഷനുകളും മനുഷ്യാവകാശ കോടതിയും സ്ഥാപിക്കാനുദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു പ്രസ്തുത നിയമം . അവകാശ നിഷേധങ്ങളും അനീതിയും നിത്യ ജീവിതാനുഭവങ്ങളായ ജനങ്ങളെ സംബന്ധിച്ചിടത്തോളം മനുഷ്യാവകാശ കമ്മീഷനുകൾ വലിയ പ്രതീക്ഷകളുടെ കേന്ദ്രങ്ങളാണ് . എന്നാൽ കഴിഞ്ഞ 24 വർഷത്തെ അനുഭവങ്ങൾ പരിശോധിച്ചാൽ മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവർത്തനം ജനങ്ങളുടെ പ്രതീക്ഷക്കൊത്തു ഉയർന്നിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്.

muthanga, nilambur,maoist attack

മനുഷ്യാവകാശ കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്ന രാഷ്ട്രീയ പശ്ചാത്തലം വളരെ പ്രധാനപ്പെട്ടതാണ്. ലിബറൽ ഭരണകൂടങ്ങൾ ആഗോള തലത്തിൽ തന്നെ നവഉദാരവാദ ഭരണകൂടങ്ങളായി പരിണമിക്കുകയോ അല്ലെങ്കിൽ ആ മാറ്റത്തിന്റെ പ്രക്രിയയിലൂടെ കടന്നു പോവുകയോ ചെയ്യുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഭരണകൂട പ്രവർത്തനങ്ങളിൽ ഗവൺമെന്റിൽ നിന്നും ഗവേൺസിലേക്കുള്ള നയപരവും ഘടനാപരവും ആയ മാറ്റം നവ ഉദാരവാദഭരണകൂടത്തിലേക്കുള്ള പരിവർത്തനത്തെ അടയാളപ്പെടുത്തി . സാമൂഹികവികസനത്തിനുള്ള പ്രാഥമിക ഉത്തരവാദിത്വം സർക്കാരിന് മാത്രമുള്ളതല്ലെന്നും സർക്കാരും മാർക്കറ്റും സിവിൽ സമൂഹവും യോജിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുകയും വേണമെന്നതായിരുന്നു മേൽപ്പറഞ്ഞ ഗവൺമെന്റിൽ നിന്നും ഗവേണൻസിലേക്കുള്ള മാറ്റത്തിന്റെ അടിസ്ഥാനം. (കേരളത്തിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കപ്പെട്ട ജനകീയാസൂത്രണം, ജനമൈത്രി പോലീസിങ് തുടങ്ങിയവ ഈ രാഷ്ട്രീയ പശ്ചാത്തലത്തിൽ കൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്). നവ ഉദാരവാദത്തിന്റെ മറ്റൊരു പ്രധാന സവിശേഷത സ്വകാര്യ സ്വത്തുടമസ്ഥത ബന്ധങ്ങൾക്ക്‌ നിയമ സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള ഊന്നലാണ്‌. ക്രമസമാധാനവും നിയമവാഴ്ചയും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുവരുത്തുക എന്നത് ഇതിന്റെ സ്വാഭാവികമായ മുന്നുപാധികൾ . മനുഷ്യാവകാശസംരക്ഷണത്തെക്കുറിച്ച് വാചാടോപങ്ങളും ക്രിമിനലുകൾക്കെതിരെ കർശന നടപടിക്കായുള്ള ആക്രോശങ്ങളും തൊഴിലാളി വിരുദ്ധമായ നിയമനിർമ്മാണങ്ങളും ഒക്കെ വ്യവസ്ഥയുടെ രാഷ്ട്രീയ ഭാഷയിൽ സജീവമാകുന്നപശ്ചാത്തലമിതാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യൻ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെടുന്നതും മനുഷ്യാവകാശ കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്നതും .

മനുഷ്യാവകാശ ലംഘനങ്ങളെ സ്ഥാപനവൽക്കരിക്കുകയും സർക്കാരാശ്രിതമായ ഒരു മനുഷ്യാവകാശാവബോധം വ്യാപകമാക്കുകയും ചെയ്തു എന്നതാണ് മനുഷ്യാവകാശ കമ്മീഷനുകൾ ഉണ്ടാക്കിയിട്ടുള്ള ദുരന്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. അവകാശ നിഷേധത്തെ കുറിച്ച് പ്രതിഷേധം ഉയർത്തുമ്പോൾ കേൾക്കുന്ന ആദ്യത്തെ ചോദ്യം ‘നിങ്ങൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചോ? ‘എന്നതാണ്. അത്തരത്തിൽ സാമാന്യബോധത്തിൽ വികലാവബോധം ആഴ്ന്നിറങ്ങിയിട്ടുണ്ട്. സമൂഹത്തിൽ മനുഷ്യാവകാശബോധംവളർത്തുക എന്നത് കമ്മീഷന്റെ നിയമപരമായ ബാധ്യതയാണെങ്കിലും കഴിഞ്ഞ 24 വർഷത്തിനിടക്ക് എന്തു സംഭാവനയാണ് കമ്മീഷനുകൾ ഈ കാര്യത്തിന് നൽകിയിട്ടുള്ളത് എന്ന് പരിശോധിച്ചാൽ ഫലം നിരാശാജനകമായിരിക്കും . പലപ്പോഴും മനുഷ്യാവകാശ കമ്മീഷനുകളുടെ ഉത്തരവാദിത്തപ്പെട്ട അധികാരികൾ മനുഷ്യാവകാശങ്ങളുടെ സൈദ്ധാന്തിക അടിത്തറയെ ഭരണകൂട താത്പര്യത്തിനനുസരിച്ചു ചുരുക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതും (പൊലീസുകാരുടെ മനുഷ്യാവകാശം ഉദാഹരണം ) കാണാറുണ്ട് എല്ലാത്തരത്തിലും മനുഷ്യാവകാശ ലംഘനവും അതിനെതിരായ പരാതിപ്പെടലും അതിലെ തീർപ്പു കൽപ്പിക്കലും എല്ലാമായി മനുഷ്യാവകാശസംരക്ഷണം ഒരു സർക്കാർ നടപടിയായി ചുരുക്കപ്പെടുകയാണ്.

പ്രവർത്തനത്തിലാകട്ടെ മനുഷ്യാവകാശ കമ്മീഷൻറെ ഉത്തരവുകൾക്കു നിർദ്ദേശാത്മകമായ അധികാരം മാത്രമേ ഉള്ളു.സർക്കാരിന് വേണമെങ്കിൽ അത് അംഗീകരിക്കുകയോ അല്ലെങ്കിൽ തള്ളുകയോ ചെയ്യാം. സർക്കാരിന്റെ അടിസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമായി കമ്മീഷനുകൾ സഞ്ചരിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കാൻ ഈ അവസ്ഥ കാരണമാകുന്നു. മനുഷ്യാവകാശ കമ്മീഷനുകൾ പ്രായോഗിക തലത്തിൽ വെറും നോക്കുകുത്തികളായി പരിണമിക്കുന്നു എന്നതാണ് ഇതിന്റെ അടിയന്തിര ഫലം.

മുത്തങ്ങാ വെടിവെപ്പുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ കമ്മീഷൻ ഇറക്കിയ ഉത്തരവ് ഇപ്പോഴും നടപ്പിലാക്കപ്പെട്ടിട്ടില്ല. ഒരു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടും ആദിവാസിയായ ഒരു മനുഷ്യജീവനെടുത്ത മുത്തങ്ങ വെടിവെയ്പിലെയും അതിനെ തുടർന്ന് നടന്ന പൊലീസ് അതിക്രമത്തിൽ അതിക്രൂരമായി മർദ്ദനമേറ്റവർക്കും നീതി എന്നത് മരീചിക മാത്രമായി. അന്ന് സർക്കാർ സ്പോൺസേഡ് മനുഷ്യാവകാശം എങ്കിലും നടപ്പാകുമെന്ന് പ്രതീക്ഷച്ചവരെല്ലാം കബളിപ്പിക്കപ്പെട്ടു എന്നതാണ് ഇന്നും കമ്മിഷന്റെ നിർദ്ദേശങ്ങൾ ഫയലിൽ ഉറങ്ങുന്നുവെന്നത്. മനുഷ്യാവകാശ കമ്മീഷനിൽ ജനങ്ങൾ വലിയ പ്രതീക്ഷ വച്ച് പുലർത്തുമ്പോൾ സർക്കാരിന്റെ സമീപനമിതാണ്.

police atrocity, human rights, fake encounter,
ഈ സമീപനത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നിലമ്പൂർ വ്യാജ ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തിൽ കമ്മീഷൻ നടത്തുന്ന അന്വേഷണത്തിലും കാണാനാവുന്നത്. മുത്തങ്ങയിൽ നിന്നും നിലമ്പൂരിലേയ്ക്കുളള ദൂരം എന്നത് ഒരു വ്യാഴവട്ടക്കാലത്തിന്റേത് മാത്രമല്ല, മനുഷ്യാവകാശ കമ്മീഷൻ എന്നത് എത്രത്തോളം ദുർബലമായ ഒരു ഭരണകൂട ശരീരം എന്ന് വ്യക്തമാക്കുക കൂടെയാണ് ഇപ്പോഴത്തെ നിലപാടുകൾ. അന്ന് പരസ്യമായി കമ്മീഷനെ വെല്ലുവിളിക്കാൻ കേരളത്തിന്റെ അടിച്ചമർത്തൽ അധികാര കേന്ദ്രങ്ങൾ തയ്യാറായിരുന്നില്ല.​എന്നാൽ പന്ത്രണ്ട് വർഷം പിന്നിടുമ്പോൾ പൊലീസിന് മനുഷ്യാവകാശം മാത്രമല്ല, മനുഷ്യാവകാശകമ്മീഷനും വെറും മണ്ണാങ്കട്ടയാണെന്ന് വെളിവാകുന്നു.

കമ്മീഷന്റെ അധികാരത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടികളാണ് കേരളപോലീസിന്റെ ഭാഗത്തു നിന്ന് നിലമ്പൂർ സംഭവത്തിൽ ഉണ്ടാവുന്നത്. കമ്മീഷൻ ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കുക, സുപ്രീം കോടതി വിധിയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പുറപ്പെടുവിച്ച മാർഗ്ഗ നിർദ്ദേശങ്ങളും തങ്ങൾക്കു ബാധകമല്ല എന്ന് പറയുക, എന്തുകൊണ്ട് ബാധകമല്ല എന്ന് വിശദീകരിക്കാതിരിക്കുക പോലീസ് ആക്ഷനിൽ ആളുകൾകൊല്ലപ്പെട്ടാൽ നിർബന്ധമായും നൽകേണ്ട റിപ്പോർട്ട് നൽകിയിട്ടുണ്ടോ എന്നതിന് കൃത്യമായി മറുപടി നൽകാതിരിക്കുക എന്നിങ്ങനെ നിലമ്പൂർ വ്യാജ ഏറ്റുമുട്ടൽ കൊലയെ സംബന്ധിച്ച് നീതിപൂർവമായ അന്വേഷണത്തിനെ പരസ്യമായി അട്ടിമറിക്കുന്ന സമീപനങ്ങളാണ് കേരള പോലീസ് സ്വീകരിച്ചിരിക്കുന്നത് . മനുഷ്യാവകാശ സംരക്ഷണത്തെ കുറിച്ച് സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങളുടെയും നടപടികളുടെയും പൊള്ളത്തരമാണ് ഇവിടെ തുറന്നു കാട്ടപ്പെടുന്നത് .നവലിബറൽ കാലത്തു അവതരിപ്പിക്കപ്പെടുന്ന ‘മനുഷ്യാവകാശ ഭരണകൂടങ്ങൾ ‘ എന്ന സങ്കൽപ്പത്തിന്റെ കാപട്യത്തെകൂടി ഇത് വെളിവാക്കുന്നു

    ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ജനറൽ​സെക്രട്ടറിയും അഭിഭാഷകനുമാണ് ലേഖകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook