scorecardresearch
Latest News

ഷഹീൻ ബാഗുകൾ എന്തുകൊണ്ട് കേരളത്തിലില്ല?

ജനങ്ങളുടെ പിന്തുണയില്‍ നിലനില്‍ക്കുന്ന ഒരു പൊതുസമൂഹമാണ് വര്‍ഗീയ ഫാസിസത്തിനെതിരായ പ്രതിഷേധങ്ങളുടെ വര്‍ത്തമാനവും ഭാവിയും നിര്‍ണയിക്കുക

Citizenship Amendment Act,പൗരത്വനിയമ ഭേദഗതി നിയമം, CAA, സിഎഎ, Anti CAA protest, സിഎഎ വിരുദ്ധ പ്രക്ഷോഭം, NRC, എൻആർസി, Anti NRC protest, എൻആർസി വിരുദ്ധ പ്രക്ഷോഭം, Anti CAA protest Kerala, കേരളത്തിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം, Anti CAA protest CPM, സിപിഎമ്മിന്റെ സിഎഎ വിരുദ്ധ പ്രക്ഷോഭം, Anti CAA protest Congress, കോൺഗ്രസിന്റെ സിഎഎ വിരുദ്ധ പ്രക്ഷോഭം, LDF, എൽഡിഎഫ്, UDF, യുഡിഎഫ്, Shaheen Bagh, ഷഹീൻ ബാഗ്, ie malayalam, ഐഇ മലയാളം

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണപരമായൊരു ദിശാമാറ്റത്തിനു വഴിയൊരുങ്ങുമെന്ന പ്രതീക്ഷകള്‍ക്കു ഉണര്‍വേകുന്നതാണു പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരെ ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധം. മതപരമായ അസ്തിത്വം മറയില്ലാതെ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം മുസ്ലിം ജനത, തങ്ങളുടെ പൗരത്വവും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുന്നതാണു ദേശവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ സവിശേഷത. സംഘടിതവും ആസൂത്രിതവുമായ നിലയില്‍ ഇന്ത്യയിലെ മുസ്ലിം ജനതയുടെ അസ്തിത്വവും പൗരത്വവും കാലങ്ങളായി സംശയത്തിന്റെ മുള്‍മുനയില്‍ പ്രതിഷ്ഠിച്ച സംഘപരിവാരത്തിന്റെ ഹൈന്ദവവര്‍ഗീയ ആഖ്യാനങ്ങളുടെ മുനയൊടിക്കുന്ന പ്രതികരണമാണു രണ്ടു മാസത്തിലധികമായി സമരമുഖങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

തങ്ങള്‍ ഒരേസമയം മുസ്ലിങ്ങളും ഇന്ത്യാക്കാരുമാണെന്നും അതിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ലെന്നും ഉറച്ചസ്വരത്തില്‍ തെളിമയോടെ വിളിച്ചുപറയുന്ന ജനങ്ങള്‍ പ്രസരിപ്പിക്കുന്ന മാനവികതയുടെ ഊര്‍ജം വര്‍ഗീയതയുടെ കുടിലതകളില്‍ നിന്നു നമ്മെ മോചിപ്പിക്കുന്നു. പൗരത്വ നിയമത്തിനെതിരായ സമരത്തിലൂടെ ദേശവ്യാപകമായി ഉരുവം കൊള്ളുന്ന ഈയൊരു രാഷ്ട്രീയകര്‍തൃത്വത്തിന്റെ ചിഹ്നമാണു ഷഹീന്‍ ബാഗ്. അധികാരത്തിന്റെ ചിഹ്നവിജ്ഞാനീയങ്ങളുടെ നേര്‍വിപരീതം. ഒരു ടിപ്പണിയുടെ അകമ്പടി ആവശ്യമില്ലാത്തവിധം നമ്മുടെ രാഷ്ട്രീയഭാവനകളെ ഉത്തേജിപ്പിക്കാന്‍ പര്യാപ്തമായ ചിഹ്നമായി ഷഹീന്‍ ബാഗ് പരിണമിക്കുന്ന പശ്ചാത്തലത്തില്‍ പൗരത്വ നിയമത്തിനെതിരെ കേരളത്തിലെ സമരമുഖങ്ങളില്‍ എന്താണു നടക്കുന്നതെന്ന ചോദ്യം അനിവാര്യമാകുന്നു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണത്തിലുള്ള ഇടതു-ജനാധിപത്യ മുന്നണിയും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യജനാധിപത്യ മുന്നണിയും സംയുക്തമായി തിരുവനന്തപുരത്തു നടത്തിയ പ്രതിഷേധവും പൗരത്വനിയമത്തിനെതിരെ നിയമസഭ ഐകകണേ്ഠന (ബിജെപിയുടെ ഒ.രാജഗോപാല്‍ തന്റെ എതിര്‍പ്പ് രേഖാമൂലം അറിയിച്ചിരുന്നില്ല) പ്രമേയം പാസാക്കിയതും അഖിലേന്ത്യതലത്തില്‍ ശ്രദ്ധ നേടിയതൊഴിച്ചാല്‍ പ്രതിഷേധസമരങ്ങളുടെ നവീനമായ മാതൃകയൊന്നും ഇതുവരെ സംസ്ഥാനത്തുണ്ടായില്ല. പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ മുന്നണിപ്പോരാളിയായി കേരളം മാറുമെന്ന വ്യാമോഹം പുലര്‍ത്തിയ ശുദ്ധമനസുകള്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ പൂര്‍ണമായും ഹതാശരാക്കുന്നതില്‍ ഇരുമുന്നണികളും ഒരുപോലെ വ്യാപൃതരായിരിക്കുന്ന സ്ഥിതിവിശേഷമാണു സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്വതസിദ്ധമായ സ്വാര്‍ത്ഥത നിറഞ്ഞ കണക്കുകൂട്ടലുകളും മുഖ്യധാരയിലെ രാഷ്ട്രീയകക്ഷികളെ ഗ്രസിച്ച ഭാവനാരാഹിത്യവും ചേരുംപടി ചേരുമ്പോള്‍ സംഭവിക്കുന്ന കാണിച്ചുകൂട്ടലുകള്‍ മാത്രമാണു കേരളത്തിലെ പ്രതിഷേധങ്ങളുടെ മുഖമുദ്ര.

Read Also: മിസ്റ്റർ കേജ്‌രിവാൾ, ഇനിയെങ്കിലും നിങ്ങൾക്ക് ഷഹീൻ ബാഗ് സന്ദർശിച്ചുകൂടെ?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായുണ്ടായ ധ്രുവീകരണം മറികടക്കാനും ശബരിമല വിഷയത്തില്‍ കൈവിട്ടുപോയ പരമ്പരാഗത വോട്ടുകള്‍ തിരിച്ചുപിടിക്കാനുമുള്ള തത്രപ്പാടിലാണു സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി. പൗരത്വനിയമത്തിനെതിരായ സിപിഎം മുന്നണിയുടെ പ്രതിഷേധം ഈ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കി മാത്രമുള്ളതാണ്. അതുകൊണ്ടുതന്നെ, പാര്‍ട്ടി നിശ്ചയിക്കുന്ന അതിര്‍വരമ്പുകളില്‍ ഒതുങ്ങിനില്‍ക്കുന്ന പ്രതിഷേധങ്ങള്‍ക്കപ്പുറം പുതിയ രാഷ്ട്രീയഭാവനകളെ ഉള്‍ക്കൊള്ളുന്ന ജനകീയമുന്നേറ്റമായി പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളെ വളര്‍ത്തുന്നതില്‍ സിപിഎം മുന്നണിക്കു താല്‍പ്പര്യമുണ്ടാവില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അനുകൂലമായ ധ്രുവീകരണം എങ്ങനെ നിലനിര്‍ത്തുമെന്നാണു കോണ്‍ഗ്രസ് മുന്നണിയുടെ ചിന്ത. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളും ഘടകകക്ഷികള്‍ക്കുള്ളിലെ പിളര്‍പ്പുകളും ശൈഥില്യങ്ങളും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന സാഹചര്യത്തില്‍ യുഡിഎഫിന്റെ ഭാഗത്തുനിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാനില്ല. പ്രതിഷേധങ്ങളെ പ്രദര്‍ശനപരതയില്‍ ഒതുക്കുന്നതിനെ ചെറിയനിലയിലെങ്കിലും മറികടക്കാന്‍ ശ്രമിക്കുന്നവരെ ഭരണകൂടത്തെ ഉപയോഗിച്ച് നേരിടുന്നതിന് ഒരു മടിയും കാണിക്കാത്ത ഭരണസംവിധാനം കേരളത്തില്‍ നിര്‍ബാധം നടമാടുന്നതിനുള്ള കാരണം മുഖ്യധാരകക്ഷികള്‍ പുലര്‍ത്തുന്ന ഈ നിലനില്‍പ്പിന്റെ രാഷ്ട്രീയമാണ്.

valayar, j devika, opinion, iemalayalam

”കേരളത്തില്‍ പൊലീസിന്റെ കീഴിലാണോ സര്‍ക്കാര്‍, അതോ സര്‍ക്കാരിന്റെ കീഴിലാണോ പൊലീസ്?”*  എന്നു കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന്റെ സന്ദേഹം ഈ സ്ഥിതിവിശേഷത്തെ ഭംഗിയായി രേഖപ്പെടുത്തുന്നു. പൗരത്വനിയമത്തിനെതിരെ ഷഹീന്‍ ബാഗിലെ സമരത്തോട് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ നടക്കുന്ന പ്രതിഷേധത്തിന്റെയും വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികള്‍ക്കു നീതിതേടിയുള്ള സമരത്തിന്റെയും പന്തലുകള്‍ പൊളിച്ചുമാറ്റണമെന്ന പൊലീസ് ഉത്തരവിന്റെ പശ്ചാത്തലത്തിലാണു സച്ചിദാനന്ദന്‍ ന്യായമായ ഈ സംശയം പ്രകടിപ്പിച്ചത്. ഷഹീന്‍ ബാഗിലെ സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന തൊടുന്യായമുയര്‍ത്തി അവസാനിപ്പിക്കാന്‍ സുപ്രീം കോടതി പോലും പരോക്ഷമായി ശ്രമിക്കുമ്പോഴാണു കേരളത്തില്‍ സമരപ്പന്തല്‍ പൊളിക്കാന്‍ പ്രത്യക്ഷത്തില്‍ തന്നെ പൊലീസ് ഉത്തരവിറക്കുന്നത്.

Read Also: സിഎഎ സമരങ്ങളിൽ തിങ്ങുന്നവർ വാളയാര്‍ സമരപ്പന്തലിലും തിങ്ങിനിറയാത്തതെന്തുകൊണ്ട്?

സമരപ്പന്തലുകള്‍ പൊളിക്കുമെന്നു മാത്രമല്ല, പന്തലുകളില്‍ അവശ്യസേവനങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങളും സമയബന്ധിതമായി അറിയിക്കണമെന്നാണ് പൊലീസിന്റെ തിട്ടൂരം. ”താങ്കളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന സമരപ്പന്തല്‍, സമരത്തിനായി ഉപയോഗിച്ചുവരുന്ന ഉച്ചഭാഷിണി, പ്രകാശത്തിനായി സ്ഥാപിച്ച ലൈറ്റുകള്‍, വൈദ്യുതിക്കായി ഉപയോഗിച്ചുവരുന്ന ജനറേറ്റര്‍ എന്നിവ ആരുടെ ഉടമസ്ഥതയിലുള്ളതാണെന്ന വിവരം ഈ നോട്ടീസ് കൈപ്പറ്റി 12 മണിക്കൂറിനുള്ളില്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുവാന്‍ തെര്യപ്പെടുത്തുന്നു,” ഫെബ്രുവരി 19-നു പ്രതിഷേധക്കാര്‍ക്കു ലഭിച്ച പൊലീസിന്റെ ഉത്തരവ് ഇതായിരുന്നു.

പൗരത്വനിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരിലുള്ള പൊലീസ് നടപടികള്‍ ഇതു മാത്രമല്ല. മുന്നണി രാഷ്ട്രീയത്തിലെ മാടമ്പികളുടെ യജമാനഭാവത്തില്‍ നിന്നും വിടുതല്‍ നേടിയ പ്രതിഷേധങ്ങളൊന്നും വച്ചു പൊറുപ്പിക്കില്ലെന്ന നിര്‍ബന്ധബുദ്ധിയിലാണു ഭരണനേതൃത്വം. സെക്രട്ടേറിയറ്റിന്റെ മുന്നിലുള്ള സമരപ്പന്തലുകള്‍ പൊളിക്കാൻ പൊലീസ് ഉത്തരവിടുമ്പോള്‍ കോഴിക്കോട് സര്‍വകലാശാലയുടെ മുന്നിലുള്ള ഒരു സമരവേദി എസ്എഫ്‌ഐക്കാര്‍ പൊളിച്ചുനീക്കിയെന്ന ആരോപണവുമുണ്ട്.

Citizenship Amendment Act,പൗരത്വനിയമ ഭേദഗതി നിയമം, CAA, സിഎഎ, Anti CAA protest, സിഎഎ വിരുദ്ധ പ്രക്ഷോഭം, NRC, എൻആർസി, Anti NRC protest, എൻആർസി വിരുദ്ധ പ്രക്ഷോഭം, Anti CAA protest Kerala, കേരളത്തിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം, Anti CAA protest CPM, സിപിഎമ്മിന്റെ സിഎഎ വിരുദ്ധ പ്രക്ഷോഭം, Anti CAA protest Congress, കോൺഗ്രസിന്റെ സിഎഎ വിരുദ്ധ പ്രക്ഷോഭം, LDF, എൽഡിഎഫ്, UDF, യുഡിഎഫ്, Shaheen Bagh, ഷഹീൻ ബാഗ്, ie malayalam, ഐഇ മലയാളം

മുഖ്യധാരയിലെ കക്ഷികളുടെ കെട്ടുപാടുകളില്‍നിന്നു വിടുതല്‍ നേടിയ ഒരു പൊതുസമൂഹത്തിന്റെ അഭാവം കേരളത്തിലെ ബദല്‍ രാഷ്ട്രീയഭാവനകള്‍ നേരിടുന്ന പ്രധാനവെല്ലുവിളിയാണ്. അത്ര എളുപ്പം മറികടക്കാവുന്ന ഒന്നല്ല ഈ വെല്ലുവിളി. കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതകളെ വിജയകരമായി ഉല്ലംഘിക്കുന്ന മുന്നേറ്റങ്ങളെ സ്വാംശീകരിക്കുന്നതിനുള്ള ജാഗ്രത മുഖ്യധാരയിലെ രാഷ്ട്രീയകക്ഷികള്‍ പുലര്‍ത്താറുമുണ്ട്.

Read Also: ഭയത്തെ തച്ചുടച്ച ജനാധിപത്യ പ്രക്ഷോഭം

പ്ലാച്ചിമട മുതല്‍ എന്‍ഡോസള്‍ഫാന്‍ പോലെ വളരെയധികം ശ്രദ്ധനേടിയ സമരങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. പൗരത്വനിയമത്തിനെതിരായ പ്രതിഷേധങ്ങളെ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയുള്ള പരിമിതവൃത്തത്തിനുള്ളില്‍ തളച്ചിടാനുള്ള മുഖ്യധാരയിലെ കക്ഷികളുടെ തന്ത്രങ്ങളെ മറികടക്കാനുള്ള ശേഷി ബദലുകള്‍ മുന്നോട്ടുവയ്ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ഇതുവരെ പ്രദര്‍ശിപ്പിച്ചിട്ടില്ല. രാഷ്ട്രീയ ഇസ്ലാമിന്റെ പാത പിന്തുടരുന്ന സംഘടനകളും ഗ്രൂപ്പുകളും പ്രതിഷേധങ്ങളെ മുസ്ലിം സ്വത്വത്തിന്റെ പ്രശ്‌നം മാത്രമായി അവതരിപ്പിക്കുന്നതിന്റെ പ്രചാരവേദികള്‍ മാത്രമായി പരിമിതപ്പെടുത്തുന്നു.

മനുഷ്യരെയാകെ വെറുപ്പിന്റെയും പകയുടെയും പ്രതികാരത്തിന്റെയും ‘ഗറ്റോകളില്‍’ തളച്ചിടുന്ന ഫാസിസത്തിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുന്നതിന് ഈ രണ്ടു സമീപനങ്ങളും പ്രാപ്തമല്ല. ‘വേണ്ട, വേണ്ട മുകളില്‍ നിന്നിറങ്ങി വന്ന രക്ഷകര്‍’** എന്ന തിരിച്ചറിവും ബോധ്യവുമുള്ള, ജനങ്ങളുടെ പിന്തുണയില്‍ നിലനില്‍ക്കുന്ന ഒരു പൊതുസമൂഹമാണ് വര്‍ഗീയ ഫാസിസത്തിനെതിരായ പ്രതിഷേധങ്ങളുടെ വര്‍ത്തമാനവും ഭാവിയും നിര്‍ണയിക്കുക. ഷഹീന്‍ ബാഗുകള്‍ അതിനുള്ള പ്രചോദനമാകുമെന്നു പ്രതീക്ഷ നല്‍കുന്നു, കേരളത്തിലും.

*  19-2-20-ലെ സ്വകാര്യ വാട്‌സാപ്പ് ഗ്രൂപ്പ് സന്ദേശം
** സാര്‍വദേശീയ ഗാനം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Anti caa protests in kerala cpm congress