scorecardresearch
Latest News

പൗരത്വ ഭേദഗതി നിയമത്തിനും ശേഷം

പൗരത്വ ഭേദഗതി നിയമത്തിനു പിറകെ വന്ന സമരങ്ങള്‍ ഒരു വലിയ അളവില്‍ വരെ വിജയിച്ചു എന്നുതന്നെയാണ് നാം കാണേണ്ടത്. കാരണം, അത് ഇന്ത്യയുടെ മതേതരത്വത്തില്‍ ഉറപ്പുവരുത്തിയ മതസഹവര്‍ത്തിത്വത്തെ വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി ഉറപ്പുവരുത്തിയിരിക്കുന്നു

karunakaran, opinion, iemalayalam

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെയും ജനാധിപത്യത്തെയും  ഭരണഘടനയെയും തിരഞ്ഞെടുപ്പിലെ ബിജെപിയുടെ “ഭൂരിപക്ഷ വിജയ”ത്തിൽനിന്നു തിരിച്ചുപിടിച്ചത് മുസ്ലിം സമുദായമായിരുന്നു,  യുവ വിദ്യാർഥി സമൂഹത്തിനൊപ്പം  പൗരത്വ ഭേദഗതി നിയമ പ്രഖ്യാപനത്തിനു തൊട്ടുപിറകെ. ഇന്നത്, ജനാധിപത്യത്തെ വീണ്ടും ഉറപ്പാക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സാമ്പ്രദായിക രാഷ്ട്രീയ സമരങ്ങളും, ഒരു വലിയ പരിധി വരെ നീതിന്യായ കോടതികള്‍ തന്നെയും പരാജയപ്പെട്ടിടത്തായിരുന്നു ഈ ഇടപെടല്‍.

ഒരുപക്ഷെ കഴിഞ്ഞ ഇരുപതു വർഷത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭം ഈ സമരങ്ങളാണ്. ഇത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം മാത്രമാവുകയല്ല, അതിനൊപ്പം തന്നെ മതേതരത്വ രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ നിലനില്‍പ്പിനെ വീണ്ടെടുക്കുന്നതുമാവുന്നു. ഈ സമരങ്ങളുടെ അന്ത്യം എങ്ങനെയെന്ന് പ്രവചിക്കാനാകില്ല, അതിന്റെ പരിണാമവും. എന്നാല്‍ അതുണ്ടാക്കുന്ന പ്രകോപനം, ദില്ലിയില്‍ ഈ ദിവസങ്ങളില്‍ ഉണ്ടായ വര്‍ഗീയലഹളപോലെ, ഇപ്പോഴേ ഭീതിതമാണ്. കാരണം, തങ്ങളുടെ അധികാരത്തെ നിലനിര്‍ത്താനും വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാനുമായി ആര്‍എസ്എസ്/ബിജെപി ഒരുക്കുന്ന രാഷ്ട്രീയം തന്നെയാണ് പൗരത്വ ഭേദഗതി നിയമം എന്ന് ഇതിനകം പലരും നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും മുസ്ലീം സമുദായത്തിന്റേയും മുന്‍കയ്യില്‍ ഉയര്‍ന്ന അഹിംസയില്‍ ഊന്നിക്കൊണ്ടുള്ള സമരം ബിജെപിയെ അവരുടെ അധീശരാഷ്ട്രീയത്തിനകത്ത് നിര്‍ത്തുന്നതും അവരുടെ അധികാരത്തെ പൊതുസമൂഹത്തിലെ ഹിംസയുടെ തന്നെ സാനിധ്യമായി പൊളിച്ചുകാട്ടുന്നതുമാണ്. അതുകൊണ്ടുതന്നെ,  ആര്‍എസ്എസ്/ബിജെപി നേതൃത്വം ഈ സമരങ്ങളെ ക്രൂരമായിത്തന്നെ നേരിടുമെന്നതിനു സംശയമില്ല. അതിനു കാരണങ്ങളുമുണ്ട്.karunakaran, opinion, iemalayalam

ഇന്ത്യയുടെ രാഷ്ട്രീയ സ്വത്വത്തെ എഴുപതു വര്‍ഷം പിറകിലേക്ക് മാറ്റിനിര്‍ത്തി, വിഭജനകാലത്തെ ഓര്‍മയില്‍, തങ്ങളുടെ രാഷ്ട്രീയത്തെ സാധൂകരിക്കുയെന്ന ലളിതമായ ഒരു കര്‍മമാണ് തങ്ങള്‍ നടത്തുന്നതെന്നായിരിക്കും ആര്‍എസ്എസ് ഈ ശ്രമത്തെ കണ്ടതെങ്കില്‍, അവര്‍ കാണാതെ പോയത്, ഈ കാലയളവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും പുറത്ത് സാമൂഹികാധികാരമെന്ന നിലയില്‍ ജനങ്ങളുടെ ഇടയില്‍ ജനാധിപത്യസംസ്കാരം ഇടംപിടിച്ചതാണ്. ഇത് ഇന്നത്തെ ഈ സമരങ്ങളില്‍ പ്രകടവുമാണ്‌. ഉദാഹരണത്തിന്, ഫാസിസത്തെ ഒരു പ്രത്യയശാസ്ത്രവും അധികാരരൂപവുമായല്ല “സാധാരണ മനുഷ്യര്‍” നേരിടുന്നത്. അവര്‍ക്കത് ദൈനംദിന ജീവിതത്തിനകത്തെ തങ്ങളുടെതന്നെ “നിയമപരമായ നിലനിൽപ്പി”നെ നിഷേധിക്കുന്ന “അപരിചിതമായ അധികാര”മാണ്. പൗരത്വ ഭേദഗതി നിയമം പ്രാഥമികമായും അങ്ങനെ സാധാരണ ജീവിതത്തെ അപരിചിതമാക്കുന്ന ഒന്നാണ്‌. ദിനേനയുള്ള ഒരാളുടെ ജീവിതാഭിമുഖ്യത്തെ അത് ആദ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ അപരിചിതമാക്കുന്നു, പിന്നെ രാജ്യത്തെ പൗരനെന്ന നിലയിലുള്ള ആനുകൂല്യങ്ങളില്‍നിന്ന് അയാളെ പുറത്തുനിര്‍ത്തുന്നു.

ജനാധിപത്യം ഭരണകൂടത്തിന്റെ ആവശ്യമല്ലാതാകുമ്പോള്‍ സമൂഹത്തില്‍ സ്വഭാവികമായും ഉണ്ടാവേണ്ടുന്ന ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ സാമ്പ്രദായിക രാഷ്ട്രീയത്തിനും പുറത്താണ് പലപ്പോഴും പ്രകടമാവുക – ലോകത്ത് സമീപകാലത്ത് ഉണ്ടായ പല സമരങ്ങളും ആ ഓര്‍മയാണ് നല്‍കുന്നത്. അതിനൊരു കാരണം, ഇത്തരം ഘട്ടങ്ങളില്‍, ഭരണകൂടത്തിന്റെ രാഷ്ട്രീയത്തിന്റെ ഇരയായാണ് പ്രതിപക്ഷരാഷ്രീയവും എന്നാണ്. അല്ലെങ്കില്‍ അങ്ങനെയാണ് അത് ചിത്രീകരിക്കപ്പെടുന്നതും ഉറപ്പിക്കുന്നതും.

ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളും പലപ്പോഴും ‘മൃദു ഹിന്ദുത്വ’ത്തെ സ്വീകരിക്കുന്നതിനെയും ഇങ്ങനെയാണ് കാണേണ്ടത് – അത് അങ്ങനെ ആവണമെന്നില്ലെങ്കിലും. ചിലപ്പോള്‍, ജനാധിപത്യത്തിനു വേണ്ടിത്തന്നെ, ഇതിനെ “നല്ലതായും” “ചീത്തതായും” നമ്മള്‍ കാണാറുമുണ്ട്. ഇക്കഴിഞ്ഞ ദില്ലിയിലെ തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ വിജയത്തെയും കേജ്‌രിവാളിന്റെ നേതൃത്വത്തെയും അങ്ങനെ വിലയിരുത്തുന്ന നിരീക്ഷണങ്ങള്‍ നാം വായിച്ചിരുന്നു. എന്നാല്‍, ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ വഴക്കം എന്നതിനേക്കാള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിസന്ധിയാണ് – ചിലപ്പോള്‍ നാം അതിനെ അവരുടെ പ്രത്യയശാസ്ത്രത്തിന്റെ തോല്‍വിയായും കാണുന്നു.

അല്ലെങ്കില്‍, ഒരു സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തില്‍ മതങ്ങള്‍ക്ക് നേരിട്ട് പങ്കൊന്നുമില്ല. ജനാധിപത്യം ഒരിക്കല്‍ പ്രത്യക്ഷമായും മത പൗരോഹിത്യത്തിനെതിരെ നീങ്ങിയതും, ഇപ്പോഴും എതിരെ നീങ്ങുന്നു എന്നതുകൊണ്ടും, അത്തരം അധികാരഘടനയെത്തന്നെ ശിഥിലമാക്കുന്നു – അത്തരം നീക്കത്തെ തോല്‍പ്പിക്കാന്‍, ഇപ്പോള്‍ ആര്‍എസ്എസ് ചെയ്യുന്നതുപോലെ, മതരാഷ്ട്രീയം ശ്രമിക്കുമ്പോഴും.

ജനാധിപത്യം മനുഷ്യസഹജമായ ഒരു അധികാരബന്ധത്തെ കാണിക്കുമ്പോള്‍ത്തന്നെ, അത്, ഒരു ആധുനിക സങ്കല്‍പ്പവും ക്രമവുമാണ്. ഇന്ത്യയുടെ സാഹചര്യത്തില്‍ മതേതരത്വത്തെ മതസഹവര്‍ത്തിത്വമായി വ്യാഖ്യാനിക്കുന്നതും ജനാധിപത്യത്തിന്റെ അത്തരമൊരു സാധ്യതയാണ്. ആര്‍എസ്എസ് കുടുങ്ങിക്കിടക്കുന്നത് അവിടെയാണ്.

മതസഹവര്‍ത്തിത്വത്തിന്റെ നിലനില്‍പ്പ് സമൂഹത്തില്‍ ആവശ്യമാകുന്നതും അത് ഉറപ്പു വരുത്തുന്നതും ഭരണകൂടവും രാഷ്ട്രീയപാര്‍ട്ടികളും ആയിരിക്കുമ്പോള്‍ത്തന്നെ മതങ്ങള്‍ക്കുള്ളിലെ അധികാരകേന്ദ്രങ്ങള്‍ ജനാധിപത്യത്തെ കാണുന്നത് തങ്ങള്‍ക്കു കിട്ടിയ പുതിയ അവസരമായാണ്‌. ഇത് ഇന്ത്യയുടെ കാര്യത്തില്‍ പ്രകടവുമാണ്‌. പാര്‍ലിമെന്ററി രാഷ്ട്രീയത്തിനകത്ത് ആര്‍എസ്എസ്, അല്ലെങ്കില്‍ മറ്റു പല മത സംഘടനകളും, പ്രവേശിക്കുന്നത് അങ്ങനെയാണ്.

ഇന്ന് മതങ്ങള്‍ക്കുള്ളില്‍ രൂപപ്പെടുന്ന അധികാരകേന്ദ്രം പൗരോഹിത്യത്തിന്റെയും ആധുനിക ഭരണരൂപങ്ങളുടെയും ഒരു മിശ്രിതമാണ്. ജനാധിപത്യത്തെ തങ്ങളുടെ വിലപേശല്‍ സ്ഥലമായാണ് മതാധികാരം കാണുക, ഇത് ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുന്നുമുണ്ട്. എന്നാല്‍, ഇതിന്റെ ഏറ്റവും വലിയ ലക്ഷ്യം അത് മാത്രമല്ല. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നിലനില്‍ക്കുന്ന ഒരു പൗരബോധത്തെ കലക്കിക്കളയുക എന്നാണ്. കഴിഞ്ഞ അമ്പതുവര്‍ഷത്തെ കേരളത്തിന്റെ രാഷ്ട്രീയചിത്രം മാത്രമെടുത്താല്‍ ഇത് വ്യക്തമാവും. ചലനാത്മകവും രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതുമായ ഒരു പൗരസമൂഹം, ഇപ്പോഴും, കേരളത്തില്‍ ഇല്ല എന്നതിന്റെ കാരണം നാം തിരയേണ്ടതും അവിടെയാണ്.

ഇന്ത്യയിലെ ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും ഘട്ടത്തില്‍ യൂറോപ്യന്‍ സങ്കല്‍പ്പത്തിനു ബദലായി മതേതരത്വം മതസഹവര്‍ത്തിത്വമായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ വാദിക്കുന്നത്, അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത്, അത്തരമൊരു ഭരണകൂടത്തിന്റെ സ്ഥാപനത്തിനു വേണ്ടി എന്നതിനേക്കാള്‍ സാമൂഹ്യ ജീവിതത്തിലെ “സ്വസ്ഥതയുടെ ആവശ്യം” എന്ന നിലയ്ക്കായിരുന്നു. അല്ലെങ്കില്‍ അങ്ങനെയൊരു രാഷ്ട്രീയവീക്ഷണം അതിലുണ്ടായിരുന്നു. ഇത് ഒരേസമയം പുരോഗമനപരമായൊരു ആശയവും ഒപ്പം സമൂഹത്തില്‍ തുടരുന്ന നിരാകാരമായ അവസ്ഥയുടെ (chaos) പ്രകടമായ അവതരണവുമായിരുന്നു.

സമ്പത്തിന്റെയും പദവിയുടെയും മറ്റും തലത്തില്‍ കണ്ടെത്തുന്ന “വര്‍ഗവിഭജന”ത്തിനും “വര്‍ഗസമര”ത്തിനും പുറത്ത്, ഒരുപക്ഷെ, അതിനേക്കാള്‍ സങ്കീര്‍ണമായ ജീവിതാസ്തിത്വത്തെ നിര്‍വചിക്കാന്‍ ഈ സമീപനം തയാറാവുന്നു.karunakaran, opinion, iemalayalam

ഇന്ത്യയില്‍ ഒരാള്‍ മുസ്ലീം ആവുന്നത് ഭൂരിപക്ഷമതമായ ഹിന്ദുമതത്തിന്റെ ആവിഷ്കാരങ്ങള്‍ക്ക് അകത്താണ് എന്ന് ആര്‍എസ്എസ്/ബിജെപി നിഷ്കര്‍ഷിക്കുന്നത് ഇന്ന് ഒരു ആശയമോ രാഷ്ട്രീയമോ ആയി മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഒരു പ്രധാനഘടകമായ മതസഹവര്‍ത്തിത്വമെന്ന, ഭരണകൂടം ഉറപ്പാക്കുന്ന നിയമസംവിധാനത്തെ അസ്ഥിരപ്പെടുത്തിയും നിഷേധിച്ചുംകൊണ്ടാണ്. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികളും സ്ത്രീകളും മുസ്ലീംസമുദായവും മറ്റു ന്യൂനപക്ഷ സമൂഹങ്ങളും ഇപ്പോള്‍ സമരം ചെയ്യുന്നത്. ഇത് ആര്‍എസ്എസിനെ ചൊടിപ്പിക്കുന്നു.

ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണ് എന്ന് ആര്‍എസ്എസ് നേതാവ് പറയുന്നത് വെറുതെയല്ല. അത് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു ഗ്രേ ഏരിയ കൃത്യമായി വരച്ചിടുന്നു. മതസഹവര്‍ത്തിത്വത്തെ ജനാധിപത്യത്തിന്റെ ആവശ്യം അല്ലാതാക്കുക, പിന്നെ “ശക്തനായ ഒരു ഭരണാധികാരി”യുടെ (ഒരു മിലിറ്റന്റ്റ് ഹിന്ദുമതത്തിന്റെ) ആനുകൂല്യമായി അതേ മതസഹവര്‍ത്തിത്വത്തെ പുനര്‍നിര്‍ണയിക്കുക. പൗരത്വ ഭേദഗതി നിയമം, തീര്‍ച്ചയായും അതിനാണ്. ഈ നീക്കത്തെയാണ്‌ ഇന്ന് പൗരത്വ ഭേദഗതി നിയമത്തിനു പിറകെ വന്ന സമരങ്ങള്‍ നേരിടുന്നത്. അത്രമാത്രം വേദനാജനകവും ചോരയില്‍ കുളിച്ചുമാണ് അത് മുന്നേറുന്നത് എങ്കിലും ഒരു വലിയ അളവില്‍ ഈ സമരങ്ങള്‍ വിജയിച്ചു എന്നുതന്നെയാണ് നാം കാണേണ്ടത്. കാരണം, അത് വീണ്ടും ഇന്ത്യയുടെ മതേതരത്വത്തില്‍ ഉറപ്പുവരുത്തിയ മതസഹവര്‍ത്തിത്വത്തെ വീണ്ടും ഇന്ത്യയ്ക്ക് വേണ്ടി ഉറപ്പുവരുത്തിയിരിക്കുന്നു.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Anti caa protests bjp rss