Latest News

സിഎഎ സമരങ്ങളിൽ തിങ്ങുന്നവർ വാളയാര്‍ സമരപ്പന്തലിലും തിങ്ങിനിറയാത്തതെന്തുകൊണ്ട്?

വടക്കേയിന്ത്യയിൽ സംഘപരിവാരത്തിന്‍റെ കയ്യാളുകളായി അധഃപതിച്ച പോലീസിനെ അപലപിക്കുന്നതിനൊപ്പം വാളയാറിലെ അന്വേഷണത്തെ പരാജയപ്പെടുത്തിയ പോലീസുകാരെ തുറന്നു കാട്ടേണ്ടതുണ്ട്

j devika, opinion, iemalayalam

പൗരത്വബില്ലിനും ദേശീയ പൗരത്വcരജിസ്റ്ററിനുമെതിരായ സമരം ഇന്ത്യയിലെ എല്ലാ ജനങ്ങളെയും ബാധിക്കാനിരിക്കുന്ന വിപത്താണെന്ന ബോധ്യമാണ് ലക്ഷക്കണക്കിനു മനുഷ്യരെ ഇന്ന് സമരവേദികളിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ വരാനിരിക്കുന്ന ഈ വിപത്തുകൾ നാട്ടിൽ വളരെക്കാലമായി വളർന്നു കൊണ്ടിരിക്കുന്ന ചെറുഫാസിസങ്ങളുടെയും ജാതി-വർഗ അസമത്വങ്ങളുടെയും പുറത്താണ് കെട്ടിപ്പടുത്തിട്ടുള്ളതെന്ന് നാം മറന്നുകൂടാ. ആ അടിത്തറയെ തുറന്നുകാട്ടാതെ രക്ഷയില്ല ഇനി.

പക്ഷേ, നമ്മുടെ രാഷ്ട്രീയകക്ഷികൾക്ക് ഇന്ന് ഇന്ത്യൻ ജനാധിപത്യത്തിനെതിരെ നടക്കുന്ന ഊക്കേറിയ അക്രമങ്ങൾ പോലും തങ്ങളുടെ സ്ഥിരം അധികാരമത്സരത്തിൻറെ ഭാഗം മാത്രമാണ്. അഥവാ, സുരക്ഷാഭരണകൂടം ഉയർത്തുന്ന ഭീഷണി നേരിട്ട് എതിർത്തു തോൽപ്പിക്കാനൊന്നും അവർക്കു താത്പര്യമില്ല, മറിച്ച് ആ ഭരണകൂടസംവിധാനത്തെ തങ്ങളുടെ വരുതിയിൽ നിർത്തുന്നതെങ്ങനെയെന്നാണ് അവരധികവും ചിന്തിക്കുന്നത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല എന്നതിനു തെളിവാണ് അലൻ-താഹ കേസ്.

മാത്രമല്ല, നമ്മെ സംബന്ധിച്ചിടത്തോളം സമരങ്ങളെന്നാൽ കാര്യക്ഷമമായി മാനേജ് ചെയ്യപ്പെട്ട ഇവൻറുകളോ കാഴ്ചയെത്തന്നെ കീഴ്‌പ്പെടുത്തിക്കളയുന്ന വിധം വലുതായ കെട്ടുകാഴ്ചകളോ ആയിരിക്കുന്നു. ‘വീ ദ പീപ്പിൾ’ എന്ന് ഉദ്ഘോഷിച്ചുകൊണ്ട് രാഷ്ട്രീയനേതാക്കളെ ദേവതുല്യം ഉയർത്തി ജനമെന്ന സങ്കല്പത്തെത്തന്നെ ആ മാച്ചോ പുരുഷത്വത്തിൽ നാം ലയിപ്പിക്കുന്നു. അടിസ്ഥാനവിശകലത്തിൽ ഇവിടുത്തെ പ്രബല ഇടതുകക്ഷികളുടെ സിഎഎ വിരുദ്ധ സമരം അവരുടെ ഇന്നത്തെ നേതാക്കളെ പൂർവാധികം ശക്തരാക്കാനും അവരിവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുതിയ ലോകബാങ്ക് മാതൃകയിലുള്ള മുതലാളിത്ത വികസനശ്രമങ്ങളെ പൊതുജന ശ്രദ്ധയിൽനിന്ന് അകറ്റാനുമാണ് സഹായിക്കുക.

കേരളം ഭരിക്കുന്ന, ഇവിടുത്തെ പുരോഗമനവ്യവഹാരങ്ങളുടെ കുത്തക അവകാശപ്പെടുന്ന, ഇടതുപക്ഷത്തുനിന്ന് സത്യസന്ധത നിരന്തരം ആവശ്യപ്പെടുക തന്നെവേണം. ആ പക്ഷത്തെ താങ്ങിനിർത്തുന്ന ചെറുഫാസിസങ്ങളെയും അഴിഞ്ഞാടുന്ന സുരക്ഷാഭരണകൂട അംശങ്ങളെയും തുറന്ന് എതിർക്കാത്ത ഇടതുപക്ഷ സിഎഎ വിരുദ്ധ സമരങ്ങൾ വെറും പൊള്ള തന്നെ. കേരളത്തിലെ ഇടതുപക്ഷകക്ഷികളുടെ സഹയാത്രികരായ ബുദ്ധിജീവികൾ എങ്ങനെയൊക്കെ പ്രതിഷേധിച്ചാലും ഒടുവിൽ അവർ തങ്ങളുടെ തൊഴുത്തിൽ തന്നെ എത്തിക്കൊള്ളുമെന്ന നല്ല ബോധ്യം കേരളം ഭരിക്കുന്ന ഇടതുകക്ഷിയുടെ ഇന്നത്തെ നേതൃത്വത്തിനുണ്ട്. ആ തോന്നൽ നിലനിൽക്കുന്നിടത്തോളം കാലം ഇവരെ ഇഷ്ടം പോലെ പ്രതിഷേധിക്കാൻ അനുവദിക്കുകയും ഏതാണ്ട് പൂർണമായി അവഗണിക്കുകയും ചെയ്യുന്ന ഇന്നത്തെ രീതി നിർബാധം തുടരും.

അതുകൊണ്ട് പറയാതെ വയ്യ – കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായ ബുദ്ധിജീവികൾക്ക് തങ്ങളുടെ ശക്തിയും സ്വാധീനവും വീണ്ടെടുക്കണമെങ്കിൽ പാര്‍ട്ടി അധികാരവും സ്വാധീനവും കൊണ്ട് നേടുന്ന സ്ഥാനമാനങ്ങൾ നോക്കി കണക്കുകൂട്ടി പ്രതികരിക്കുന്ന രീതി ഉപേക്ഷിക്കേണ്ടി വരും. തങ്ങളുടെ കഴിവുകൾക്കുള്ള അംഗീകാരമായി ഇവരിൽ പലരും ഇവയെ കാണുന്നുണ്ടാവാം, പക്ഷേ ഇന്നത്തെ ഇടതുനേതൃത്വം ഈ സ്ഥാനമാനങ്ങളെ അത്രയും ആശ്രിതർക്കു നൽകുന്ന സഹായങ്ങളായാണ് തിരിച്ചറിയുന്നത്. മാത്രമല്ല, കേരളത്തിലിന്ന് അവർക്കുള്ള സ്വാധീനം ബുദ്ധിജീവികളെ ആവശ്യമുള്ള വികേന്ദ്രീകൃതവികസനത്തിന്മേലല്ല, വികേന്ദ്രീകൃത ശിങ്കിടിമുതലാളിത്തത്തിന്മേലാണ് ഊന്നിനിൽക്കുന്നത്. അഥവാ, അവർക്കു നിങ്ങളെ ഇനി ആവശ്യമില്ല. അവരുടെ സഹായം കൂടാതെയുള്ള സ്വതന്ത്രവും സത്യസന്ധവുമായ ജനാധിപത്യസംരക്ഷണശ്രമങ്ങൾ നിങ്ങളിൽ നിന്നുണ്ടാകാതെ ബുദ്ധിജീവികൾക്ക് സ്വന്തമായ നിലയും വിലയും നാട്ടിലുണ്ടാവുകയുമില്ല.

ഇത്രയും പറഞ്ഞത് വാളയാറിൽ കൊല്ലപ്പെട്ട പെൺകുഞ്ഞുങ്ങൾക്ക് നീതി ഇന്നും എത്രയോ അകലെയായിരിക്കുന്ന സാഹചര്യത്തിലാണ്. വാളയാർ കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള നീതിയാത്ര ഇപ്പോൾ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു. സിഎഎ വിരുദ്ധസമരങ്ങളിൽ തിങ്ങുന്നവർ ആ സമരപ്പന്തലിലും തിങ്ങിനിറയാത്തതെന്തുകൊണ്ടെന്ന് ആലോചിച്ചുപോയി. ആ സമരത്തിന്റെ മുൻനിരയിൽ നിൽക്കുന്നവർ ആവശ്യപ്പെടുന്നതും പൗരത്വശ്രേണിയിൽ ഏറ്റവും താഴെ അകപ്പെട്ടവരോട് നീതിപാലകരായിരിക്കേണ്ടവർ ചെയ്ത കടുത്ത അനീതിയ്ക്കുള്ള പരിഹാരമാണ്. ആ കേസന്വേഷണത്തെ പ്രഹസനമാക്കിയ പോലീസുകാർ, ഇരകളെത്തന്നെ കുറ്റവാളികളാക്കിയ പോലീസുകാർ, ശിക്ഷിക്കപ്പെടണമെന്ന ആവശ്യമാണ് അവർ ഉന്നയിക്കുന്നത്. വാളയാറിലെ കുട്ടികളും അവരുടെ മാതാപിതാക്കളും സഹിക്കേണ്ടി വന്ന അതിക്രമത്തെ പൊള്ളയായ പൗരത്വത്തിന്‍റെ പ്രശ്നമായി നാം എന്തുകൊണ്ട് തിരിച്ചറിയുന്നില്ല? പൊള്ളയായ പൗരത്വത്തിൽനിന്ന് പൗരത്വനിഷേധത്തിലേക്ക് ഏതാനും ചുവടുകൾ മാത്രമേ ഉള്ളൂവെന്ന് നാം എന്തു കൊണ്ടു കാണുന്നില്ല?valayar, j devika, opinion, iemalayalam

ഈ ചോദ്യങ്ങൾക്ക് ഒരുപക്ഷേ ഒരു ഉത്തരമേ ഉള്ളൂ. അത് കയ്പേറിയതുമാണ്. കേരളത്തിലെ സംരക്ഷിത മദ്ധ്യവർഗത്തിന്‍റെ സുഖസ്ഥാനത്തിരുന്നുകൊണ്ട് നമുക്കത് കാണാൻ കഴിയില്ല എന്നതാവാം ആ ഉത്തരം. പൗരത്വനിയമവും അതിനു പിന്നാലെ വരാനിരിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററും ഹിന്ദുത്വ തീവ്രവാദത്തിന് അനഭിമതരായവരെ മാത്രമല്ല, ഇവിടുത്തെ സുരക്ഷാ ഭരണകൂടത്തിനും, എന്തിന്, തദ്ദേശീയ ഉദ്യോഗസ്ഥവർഗത്തിനും ചില്ലറ മാടമ്പികൾക്കും ഇഷ്ടമല്ലാത്തവരെയും അശരണരാക്കിയേക്കാം.

ഇന്നത്തെ മലയാളി മദ്ധ്യവർഗത്തിന്‍റെ സുരക്ഷിതബോധത്തിന്‍റെ അടിത്തറയായ വർഗാംഗത്വമോ, ഒരുപക്ഷേ ജാതിവരേണ്യതയോ, എന്തിന് ഭൂരിപക്ഷമതത്തിലെ അംഗത്വമോ പോലും കവചമാതെ പോകുന്ന അനുഭവങ്ങൾ പൗരത്വരജിസ്റ്ററിലൂടെ തങ്ങൾക്കുണ്ടായേക്കാമെന്ന ബോധ്യം മുഖ്യധാരാ പ്രതിഷേധകരിൽ പലർക്കുമുണ്ട്. അതായത് മറ്റൊരു വിധത്തിൽ, വാളയാറിലെ കുഞ്ഞുങ്ങൾ അനുഭവിച്ച അരക്ഷിതാവസ്ഥയും അധികാരശൂന്യതയും തങ്ങളെയും ഗ്രസിക്കുമെന്ന തോന്നൽ നമ്മിൽ പലർക്കും ഇന്നുണ്ടായിരിക്കുന്നു. എന്നാൽ ഇവ തമ്മിലുള്ള ബന്ധത്തെ ഇനിയും വ്യക്തമായി നാം കാണുന്നുമില്ല.

സർക്കാരിന്‍റെ പൗരത്വനിയമവിരുദ്ധ നിലപാടിൽ ആശ്വാസം കൊള്ളുന്നവർ വാളയാർ വിഷയത്തിൽ സർക്കാരിന്‍റെ ഉപേക്ഷ കണ്ട് അസ്വസ്ഥരാകാത്തത് ഇതിനു തെളിവാണ്. ഇടതുസർക്കാർ സുരക്ഷാഭരണകൂടത്തിന്‍റെയും ഭൂരിപക്ഷമത-വരേണ്യജാതി അധികാരത്തിന്‍റെയും വരുതിക്കപ്പുറത്താണെന്ന മിഥ്യാബോധത്തിൽ കഴിയിന്നിടത്തോളം, ആ ബോധത്തിന് ഇളക്കമുണ്ടായിട്ടും നിർണായകമായ പ്രതിഷേധപ്രവൃത്തികളിൽ ഏർപ്പെടാതിരിക്കുന്നിടത്തോളം, നാം അശക്തരായിത്തന്നെ തുടരും.

തീർച്ചയായും പൗരത്വനിയമത്തിന്‍റെ പശ്ചാത്തലത്തിൽ ഉയർന്നുവന്നിരിക്കുന്ന ആ ഭീതിയെ നേരിടാനായി നാം ചെയ്യേണ്ട കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ആത്മപരിശോധനയിൽ ഏർപ്പെടുകയെന്നതാണ്. വാളയാറിൽ കൊല്ലപ്പെട്ട കുഞ്ഞങ്ങൾ ഇന്നു സഹിക്കുന്ന അനീതിയെ മറ്റൊരു വെളിച്ചത്തിൽ കാണാനും ഇന്ന് നാം ഏർപ്പെട്ടിരിക്കുന്ന ജീവൻമരണ പോരാട്ടത്തോട് ബന്ധപ്പെട്ടതാണ് അതെന്നും ഇനിയെങ്കിലും അംഗീകരിക്കാൻ നമ്മൾ തയ്യാറാകണം. വടക്കേയിന്ത്യയിൽ സംഘപരിവാരത്തിന്‍റെ കയ്യാളുകളായി അധഃപതിച്ച പോലീസിനെ അപലപിക്കുന്നതിനൊപ്പം വാളയാറിലെ അന്വേഷണത്തെ പരാജയപ്പെടുത്തിയ പോലീസുകാരെ തുറന്നു കാട്ടേണ്ടതുണ്ട്. തിരുവനന്തപുരത്തെ സമരപ്പന്തൽ ഏതാനും ചില പ്രത്യാശാവാദികളുടെ ധൈര്യത്തെ മാത്രം ആശ്രയിച്ചുനിൽക്കേണ്ട ഒന്നല്ല, മറിച്ച് സ്വന്തം സുരക്ഷിതത്വം പൂർണമായും ശിഥിലമായിത്തീർന്നിരിക്കുന്നുവെന്ന് ബോധ്യമുള്ളവർ അതിനെ വാനോളം ഉയർത്തേണ്ടതുണ്ട്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Anti caa protestors not standing up for walayar victims j devika

Next Story
ഗാന്ധിജിയുടെ രാമരാജ്യത്തെ ഗോഡ്‌സെ കയ്യടക്കിയപ്പോൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express