Latest News

മോഹൻലാൽ​ ചെയ്‌ത തെറ്റ്

‘അമ്മ’യില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള പ്രശ്നം ദിലീപ് എന്ന നടനെ കേന്ദ്രീകരിച്ചുള്ളതാണെന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല. മലയാളി സമൂഹത്തില്‍ പൊതുവിലും ഇവിടത്തെ സിനിമാലോകത്ത് പ്രത്യേകിച്ചും നില നില്‍ക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ച തന്നെയാണിത്

Mohanlal AMMA WCC K Venu
Mohanlal AMMA WCC K Venu

കുറച്ചു നാളുകള്‍ക്ക് മുന്‍പ് യുവ നടി പാര്‍വ്വതി മമ്മൂട്ടിയുടെ ഒരു കഥാപാത്രത്തെ കുറിച്ച് സ്ത്രീപക്ഷ നിലപാടില്‍ നിന്നു കൊണ്ട് ചില വിമർശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ ഗുണ്ടാ വിളയാട്ടത്തിന്റെ നിലവാരത്തില്‍ മമ്മൂട്ടിയുടെ ആരാധകര്‍ ഉറഞ്ഞു തുള്ളൂകയും മലയാളി സമൂഹം കാഴ്ചക്കാരായി നോക്കി നില്‍ക്കുകയും ചെയ്തപ്പോള്‍ സ്ത്രീ-പുരഷ ബന്ധത്തിന്‍റെ കാര്യത്തിലും മറ്റും മലയാളി സമൂഹം എത്ര മാത്രം പിന്നിലാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് ഞാന്‍ ഒരു ലേഖനം എഴുതുകയുണ്ടായി.

അമേരിക്കയില്‍ സിനിമാ ലോകം അടക്കി വാണിരുന്ന ഹാര്‍വി വെയ്ന്‍സ്ടെയിനെതിരായി ഒരു പ്രമുഖ നടി ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് നടികള്‍ മാത്രമല്ല പല മേഖലകളിലെയും പ്രമുഖ സ്ത്രീകള്‍ ലോകമെമ്പാടും #MeToo പ്രസ്ഥാനത്തില്‍ അണി നിരന്നത് പരാമര്‍ശിച്ചു കൊണ്ട് അതില്‍ ചേരാന്‍ കേരളത്തിലെ നടികളില്‍ നിന്ന് ആരെങ്കിലും മുന്നോട്ടു വരുമെന്ന പ്രതീക്ഷയില്ലെന്നും പറഞ്ഞു വെക്കുകയുണ്ടായി. ആക്രമിക്കപ്പെട്ട നടിക്ക് തുറന്ന പിന്തുണ നല്‍കിക്കൊണ്ട് സിനിമാ രംഗത്തെ സ്ത്രീ കൂട്ടായ്മ ഉയര്‍ന്നു വന്നതും അവര്‍ ഉറച്ച നിലപാടെടുക്കുന്നതും ആശാവഹമായ കാര്യമാണെന്ന് അംഗീകരിച്ചു കൊണ്ട് തന്നെയാണ് അന്ന് ഈ വിലയിരുത്തല്‍ നടത്തിയത്.

കേരളത്തില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ശക്തമായ പുരുഷ മേധാവിത്ത
അന്തരീക്ഷത്തെക്കാള്‍ ഭീകരമാണ് മലയാള സിനിമാലോകത്തെ സാഹചര്യം എന്ന തിരിച്ചറിവാണ് ആ വിലയിരുത്തലിന് പിന്നില്‍ ഉണ്ടായിരുന്നത്. ഈ വിലയിരുത്തലിനെ സാധൂകരിക്കുന്ന സംഭവവികാസങ്ങളാണ് മലയാള സിനിമാ രംഗത്തെ ‘അമ്മ’ എന്ന സംഘടനയില്‍ ഉണ്ടായിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’ നടിക്ക് പിന്തുണ നല്‍കിയെങ്കിലും കേസില്‍ ദിലീപ് പ്രതിയായപ്പോള്‍ അയാള്‍ക്കെതിരായി നടപടിയെടുക്കാന്‍ ‘അമ്മ’ മടിച്ചു നിന്നു. സ്ത്രീ കൂട്ടായ്മയും പൃഥിരാജിനെപ്പോലുള്ളവരും നിര്‍ബന്ധം പിടിച്ചതു കൊണ്ട് മാത്രമാണ് ദിലീപിനെ ‘അമ്മ’യില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചത്. ദിലീപ് ഒരു നടന്‍ മാത്രമല്ല, നല്ലൊരു കച്ചവടക്കാരനും ആരെയും വിലയ്ക്ക് വാങ്ങാന്‍ സമര്‍ത്ഥനുമാണെന്ന ധാരണയാണ് മുഴച്ചു നിന്നത്. ഇപ്പോള്‍ യാതൊരു ന്യായീകരണവുമില്ലാതെ ദിലീപിനെ തിരിച്ചെടുക്കാനുള്ള ‘അമ്മ’ യുടെ അപ്രതീക്ഷിത തീരുമാനത്തിന് പിന്നിലും ദിലീപിന്‍റെ ഈ കഴിവ് തന്നെയാണ് പ്രകടമാവുന്നത്.

മോഹന്‍ലാല്‍ പ്രസിഡന്‍റ് ആയി സ്ഥാനമേറ്റ ആദ്യ യോഗത്തില്‍ വെച്ചു തന്നെ അജണ്ടയിലില്ലാതെ ദിലീപിന്‍റെ വിഷയം ഒരു നടി ഉന്നയിക്കുകയും വലിയ ചര്‍ച്ചയൊന്നും ഇല്ലാതെ തന്നെ തിരിച്ചെടുക്കല്‍ തീരുമാനമുണ്ടാവുകയും ചെയ്തു എന്നുമാണ് റിപ്പോര്‍ട്ട്. ‘അമ്മ’യുടെ മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമായി സജീവമാവാന്‍ താൽപര്യമില്ല എന്നു ദിലീപിനെക്കൊണ്ട് കത്തെഴുതിച്ചതു കൊണ്ട് ഇത്തരം ദുരൂഹ നടപടികള്‍ക്ക് പിന്നിലുള്ള അടിയൊഴുക്കുകള്‍ മൂടിവെയ്ക്കാനാവുകയില്ല.

സ്ത്രീകൂട്ടായ്മയിൽ ഉൾപ്പെടുന്ന മൂന്ന് പേരുൾപ്പടെ നാല് നടികള്‍ ‘അമ്മ’യില്‍ നിന്നു രാജി വെച്ചതും മറ്റേതാനും നടിമാരും പൃഥ്വിരാജും ആഷിക് അബുവും പോലുള്ളവരും അവര്‍ക്ക് പിന്തുണ നല്കിയതും നല്ല കാര്യം തന്നെ. പക്ഷെ ബഹുഭൂരി പക്ഷം വരുന്ന നടീനടന്മാരും സിനിമാരംഗത്തെ മറ്റുള്ളവരും പൂര്‍ണ നിശ്ശബ്ദത പാലിക്കുന്നു എന്നതിലാണ് യാഥാര്‍ത്ഥ്യം പ്രതിഫലിക്കപ്പെടുന്നത്. അതായത് യാഥാര്‍ത്ഥ്യം ഒട്ടും ശുഭകരമല്ലെന്നര്‍ത്ഥം. അത് എത്രമാത്രം ഭീകരമാണെന്നാണ് അറിയേണ്ടത്.

സ്ഥിതി ഭീകരം തന്നെയാണെന്നാണ് ഇപ്പോഴത്തെ അവസ്ഥയോട്‌ പ്രതികരിച്ചുകൊണ്ട് നടി രേവതി പറഞ്ഞത്. പണ്ടൊക്കെ സിനിമാരംഗത്തെ പുരുഷന്മാര്‍ പ്രേമം നടിച്ചാണ് ആ രംഗത്തെ സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യാറുള്ളതെന്നും ഇപ്പോള്‍ നേരിട്ട്, പച്ചയായി ആവശ്യപ്പെട്ടാണ് അത് ചെയ്യുന്നതെന്നുമാണ് അവര്‍ പറഞ്ഞത്. സിനിമാരംഗത്ത് നടികള്‍ക്ക് ഉയര്‍ന്നു വരണമെങ്കില്‍ നടന്മാരുടെയും മറ്റു  പ്രമുഖരുടെയും ഇംഗിതത്തിനു വഴങ്ങേണ്ടി വരുമെ ന്നത് ഒരു പരസ്യമായ രഹസ്യമായിരുന്നു. അതില്‍ രഹസ്യമായിട്ടൊന്നും അവശേഷിക്കുന്നില്ലെന്നു ചുരുക്കം.

‘അമ്മ’യില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നം ദിലീപ് എന്ന നടനെ കേന്ദ്രീകരിച്ചുള്ളതാണെന്നു കരുതുന്നതില്‍ അര്‍ത്ഥമില്ല. മലയാളി സമൂഹത്തില്‍ പൊതുവിലും ഇവിടത്തെ സിനിമാ ലോകത്ത് പ്രത്യേകിച്ചും നില നില്‍ക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ച തന്നെയാണത്. തങ്ങള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് തുറന്നു പറയാന്‍ അധിക പേരും ഭയപ്പെടുന്നത് രണ്ട് കാരണങ്ങള്‍ കൊണ്ടാണ്. ഒന്നാമത്തേത് തൊഴിലില്‍ തുടരാന്‍ കഴിയില്ലെന്ന ഭയം തന്നെയാണ്. സമൂഹം പുലര്‍ത്തിപ്പോരുന്ന സദാചാര സങ്കല്പത്തിനു മുന്നില്‍ അവഹേളിതരാകും എന്നതാണ് തുല്യ പ്രാധാന്യമുള്ള അടുത്ത ഭയം. വ്യക്തികള്‍ എന്ന നിലക്ക് ഇത്തരം സാഹചര്യത്തെ മറികടക്കുക എളുപ്പമല്ല. അസാമാന്യമായ മനക്കരുത്തും ഉറച്ച  നിശ്ചയവും ഉള്ളവര്‍ക്ക് മാത്രമേ അതിനു കഴിയൂ. അങ്ങിനെയുള്ളവര്‍ അത്യപൂര്‍വമായിരിക്കുമല്ലോ.

സാധാരണക്കാര്‍ക്ക് ചിന്തിക്കാനാവാത്ത വിധം വന്‍ തോതില്‍ പണം ആവശ്യമുള്ള ഈ വ്യവസായത്തില്‍ പണാധിപത്യവും അതിന്‍റെ തുടര്‍ച്ചയായ  പുരാഷാധിപത്യവും വലിയൊരു പരിധി വരെ സ്വാഭാവികമാണ്. നിര്‍മാണ, സംവിധാന മേഖലകളിലേയ്ക്ക് സ്ത്രീകള്‍ കടന്നുവരികയും പുരുഷ കുത്തക അവസാനിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതെളുപ്പമല്ലെങ്കിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ പ്രക്രിയ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലും ചെറിയ തുടക്കങ്ങള്‍ കാണാം. പക്ഷെ കേരളത്തില്‍ സമീപ ഭാവിയിലെങ്കിലും ഈ ദിശയിലുള്ള നീക്കങ്ങള്‍ പ്രതീക്ഷിക്കാന്‍ വകയില്ല. സംവിധാനത്തിന്‍റെ തലത്തില്‍ സാദ്ധ്യതകള്‍ തള്ളിക്കളയാനുമാവില്ല.

നിര്‍മാണ രംഗത്ത് സ്ത്രീകള്‍ സ്വാഭാവികമായി പൊന്തി വരാനുള്ള സാദ്ധ്യത അത്യപൂര്‍വ്വം തന്നെയാണ്. അതേസമയം, ബോധപൂര്‍വമായ കൂട്ടായ സംരംഭങ്ങള്‍ക്ക്‌ പലതും ചെയ്യാന്‍ കഴിയുകയും ചെയ്യും. സിനിമാരംഗത്ത് ഇപ്പോഴുള്ള സ്ത്രീകൂട്ടായ്മക്ക് തന്നെ ഈ ദിശയില്‍ പുതിയൊരു തുടക്കം കുറിക്കാന്‍ കഴിയേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിന്നു ഊർജ്ജമുള്‍ക്കൊണ്ടുകൊണ്ട് ഒരു വെല്ലുവിളിയായി ഈ ഉത്തരവാദിത്വം ഏറ്റെടുക്കപ്പെടെണ്ടതുണ്ട്. നിര്‍മാണരംഗത്ത് സ്ത്രീ കൂട്ടായ്മകള്‍ക്ക് ചിലതെല്ലാം ചെയ്യാന്‍ കഴിയുമെന്ന് പ്രായോഗികതലത്തില്‍ തെളിഞ്ഞാല്‍ സിനിമാ രംഗത്തെ സ്ത്രീകള്‍ക്ക് അത് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.

സിനിമാരംഗത്തെ സ്ത്രീകള്‍ നേരിടുന്ന സദാചാരപരമായി അവഹേളിതരാകും എന്ന ഭയത്തെ മറികടക്കുക എന്നത് താരതമ്യേന എളുപ്പമാണ്. ആശയപരമായ വ്യക്തതയും അതില്‍നിന്നു ഉടലെടുക്കുന്ന ആത്മവിശ്വാസവുമാണ് വളര്‍ത്തിക്കൊണ്ടു വരേണ്ടത്. സമൂഹം നിലനിര്‍ത്തിപ്പോരുന്ന സദാചാര സങ്കൽപ്പത്തിന്‍റെ കപടമുഖമാണ് ആദ്യം തിരിച്ചറിയേണ്ടത്. മനുഷ്യസമൂഹത്തിന്റെ ആദിമഘട്ടങ്ങളില്‍ തന്നെ സ്ത്രീകളെ സാമൂഹികമായി കീഴ്പെടുത്താന്‍ വേണ്ടി പുരുഷന്‍ ഏകപക്ഷീയമായി സ്ത്രീകള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ച കൃത്രിമ ആശയമാണ് ചാരിത്ര്യ സങ്കൽപ്പം. ലൈംഗികബന്ധം സംഭവിക്കുന്നത്‌ സ്ത്രീയും പുരഷനും ചേരുമ്പോഴാണ്. അതില്‍ സ്ത്രീ മാത്രം കുറ്റക്കാരിയാവുന്ന അവസ്ഥയാണ്‌ ചാരിത്ര്യസങ്കൽപ്പം സൃഷ്ടിക്കുന്നത്. സ്ത്രീ പാതിവൃത്യം പാലിക്കണമെന്നും പുരഷന് അത്തരം ബാധ്യതയില്ലെന്നും സ്ഥാപിക്കുന്ന അങ്ങേ അറ്റം ഏക പക്ഷീയവും അന്യായവുമായ ഒരു സദാചാരസങ്കല്പമാണ് നൂറ്റാണ്ടുകളല്ല, സഹസ്രാബ്ധങ്ങളായിട്ടു മനുഷ്യസമൂഹം നിലനിര്‍ത്തിപോന്നത്.
ബലാല്‍സംഗം ചെയ്യപ്പെട്ട ഇരയായ സ്ത്രീയുടെ ജീവിതം അതോടെ തകരുന്നു; കുറ്റവാളിയായ പുരുഷന്‍ ഒരു കോട്ടവും സംഭവിക്കാതെ ജീവിക്കുകയും ചെയ്യുന്നു. ഇത് സദാചാരമല്ല, സ്ത്രീകളെ അടിമകളാക്കുന്ന മര്‍ദ്ദക വ്യവസ്ഥയാണ്‌. ജനാധിപത്യബോധമുള്ള സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇതിനു വഴങ്ങുകയോ കൂട്ടുനില്‍ക്കുകയോ ചെയ്യരുത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് ഈ രീതിയിലുള്ള ചെറുത്തു നിൽപ്പ്  എളുപ്പമല്ല. ഒറ്റയ്ക്ക് തന്നെ എന്തുചെയ്യാന്‍ പറ്റുമെന്ന് മാധവിക്കുട്ടി പറഞ്ഞുവെച്ചത് ശ്രദ്ധേയമാണ്. ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു സ്ത്രീ തന്റെ ജീവിതം തകര്‍ന്നേ എന്നു വിലപിക്കാതെ അത് ഡെറ്റോള്‍ ഉപയോഗിച്ച് കഴുകിയാല്‍ കഴിയുന്ന ഒരു കാര്യമാണെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയുമാണ് വേണ്ടത്. ബലാല്‍സംഗത്തിന് വരുന്ന പുരുഷനോട് പോടാ പുല്ലേ എന്ന മട്ടില്‍ നേരിടാനുള്ള കരുത്താണ് മാധവിക്കുട്ടിയുടെ സമീപനം സൃഷ്ടിക്കുന്നത്.

സിനിമാരംഗത്തെ സ്ത്രീകള്‍ ഇത്തരം കരുത്ത് ആര്‍ജിക്കാനായി സംഘടിത ശ്രമം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വയം കരുത്ത് ആര്ജിക്കു ന്നതോടൊപ്പം ഈ സമീപനം പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള നീക്കങ്ങളും അവരുടെ ഭാഗത്തു നിന്നു ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലോക നിലവാരത്തിൽ പുരുഷ സമൂഹത്തെ ഞെട്ടിച്ച #MeToo പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തിലെ സിനിമാ രംഗത്തുളള സ്ത്രീകളാരെങ്കിലും മുന്നോട്ട് വരുമെന്ന്, വരണമെന്ന് ആഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ.

സിനിമാരംഗത്തുള്ളവരുടെ മാത്രം വിഷയമല്ല ഇത്. പൊതുസമൂഹവും പ്രതികരിക്കേണ്ടതുണ്ട്. ‘അമ്മ’യുടെ വാര്‍ഷിക യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുക്കാന്‍ സാഹചര്യമൊരുക്കുന്നതിനു വേണ്ടി വിഷയം അവതരിപ്പിച്ച ഊര്‍മിള ഉണ്ണി എന്ന നടി പങ്കെടുക്കുന്ന വേദി പങ്കിടുകയില്ലെന്നു തീരുമാനം പ്രഖ്യാപിച്ച എഴുത്തുകാരി ദീപാ നിശാന്തിന്റെ നടപടി മാതൃകാപരമാണ്. ഊര്‍മ്മിള ഉണ്ണി ചെയ്തതിലും എത്രയോ ഗുരുതരമായ തെറ്റാണ് ആ തീരുമാനത്തിന് നേതൃത്വം നല്‍കിയ മോഹന്‍ലാല്‍ ചെയ്തത്. പൊതുസമൂഹം അതിനോടും പ്രതികരിക്കേണ്ടതുണ്ട്. മോഹന്‍ലാല്‍ അഭിനയിക്കുന്ന പുതിയ സിനിമകള്‍ കാണുകയില്ലെന്ന തീരുമാനമാണ് പ്രതിഷേധസൂചകമായി ഞാനെടുക്കുന്നത്. പത്തുപേര്‍ സംഘടിത തീരുമാനമെടുത്താല്‍ അതൊരു താക്കീതാവും. പല രീതികളില്‍ പൊതുസമൂഹത്തിന് ഇങ്ങിനെ പ്രതികരിക്കാം.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Amma wcc dileep mohanlal k venu

Next Story
‘അമ്മ’യുടെ തകർച്ചയും സിപിഎമ്മിന്റെ ഹൃദയവേദനയുംkr meera,amma,cpm,wcc
The moderation of comments is automated and not cleared manually by malayalam.indianexpress.com