scorecardresearch
Latest News

‘എഎംഎംഎ’ എന്ന താരസംഘടനയും ജനാധിപത്യവിരുദ്ധതയുടെ ‘വെളളിനക്ഷത്ര’ങ്ങളും

വലിയ മീനുകൾ നിയന്ത്രിക്കുന്ന എഎംഎംഎ പോലുള്ള സംഘടന അത്മവിമർശനം നടത്തണമെന്ന ആവശ്യം ഫലശൂന്യമായേ തീരൂ. അത് ഈ സംഘടനയ്‌ക്ക് സാധ്യമേ അല്ല…

j devika . amma, wcc

കേരളത്തിൽ ഇന്ന് ഉൽപാദന – സേവന – ബൗദ്ധിക – രാഷ്ട്രീയ മേഖലകളിൽ മൗലികമായ സംഭാവനകൾ നൽകുന്നത് പലപ്പോഴും സ്ത്രീകളാണെന്ന വസ്‌തുതയെ ഒരു വിധത്തിലും തള്ളിക്കളയാനോ മറച്ചു കളയാനോ കഴിയില്ല. കേരളത്തിന് അഭിമാനകരമായ നേട്ടങ്ങൾ നേടുന്ന സ്ത്രീകളുടെ നിര കുടുംബശ്രീ വനിതകൾ, എഴുത്തുകാരികൾ, അഭിനേത്രികൾ എന്നിങ്ങനെ വിശാലമാണ്. എങ്കിലും ഈ യാഥാർത്ഥ്യം രുചിക്കാത്തവരായ വലിയൊരു കൂട്ടം ഈ നാട്ടിൽ പലതരം വഴിതടസ്സങ്ങൾ സൃഷ്‌ടിച്ചു കൊണ്ടേയിരിക്കുന്നു.

ഒരുപക്ഷേ, മലയാളി സമൂഹത്തിൽ ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്ന സാമൂഹ്യ-രാഷ്ട്രീയ സംഘർഷങ്ങളിൽ ഏറ്റവും രൂക്ഷമായിരിക്കുന്നത് ഇതു തന്നെയാണ്. പുരുഷന്റെ താഴെ, പുരുഷന്റെ വരുതിക്ക്, പുരുഷനെ വെല്ലുവിളിക്കാതെ അനുവദിച്ചിരുന്ന ‘സ്വാതന്ത്ര്യത്തി’ന്റെ പരിഹാസ്യത ഈ തലമുറയിലെ സ്ത്രീകൾ വെളിപ്പെടുത്തുന്നു. അതിന് വളരെ വലിയ വില അവരിൽ നിന്ന് ഈടാക്കപ്പെടുന്നുണ്ട് ഇന്ന്, തർക്കമറ്റ വസ്‌തുതയാണ്. ആതിരയും ഹാദിയയും നീനുവും ഒരുപക്ഷേ ആക്രമിക്കപ്പെട്ട സിനിമാ പ്രവർത്തകയും, ഇവരെക്കൂടാതെ നാമറിയാത്ത പലരും, ഇതിനു തെളിവാണ്.

പുരുഷാധികാരികളിൽ – പ്രത്യേകിച്ച് പിതൃമേധാവിത്വത്തെ സൗമ്യാധികാരമായിക്കാണുന്ന അധികാരികളിൽ – ഇവരുണ്ടാക്കുന്ന ഭീതി ചില്ലറയല്ല (അതെങ്ങനെ എന്നറിയണമെങ്കിൽ അടുത്തിടെ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ എം.മുകുന്ദൻ എഴുതിയ ‘അപ്പന്റെ ബ്രാണ്ടിക്കുപ്പി’ എന്ന കഥ വായിക്കുക). പത്താം ക്ളാസും ടൈപ്പും കഴിഞ്ഞ് വീട്ടുകാർ നിശ്ചയിച്ച ആരെയെങ്കിലും കല്യാണം കഴിച്ച് അയാളുടെ ഇഷ്‌ടത്തിന് കഴിയാൻ തീരുമാനിക്കുന്ന, സ്ത്രീകൾക്ക് ജീവിതം വെറും ലോട്ടറി മാത്രമാണെന്ന് സമാധാനിക്കുന്ന, ആ പെൺതലമുറ പൊയ്പ്പോയതിൽ വലിയ നെടുവീർപ്പുകളാണ് ഇന്ന് ഉയർന്നു കൊണ്ടിരിക്കുന്നത്.

അത്തരമൊരു നെടുവീർപ്പ്, സാമാന്യത്തിലധികം ഹിംസാത്മകമായി, ഈയിടെ ഉയർന്നിരിക്കുന്നത് എഎംഎംഎ (അമ്മ എന്ന് ദയവുചെയ്‌ത് ആ സംഘടനയെ വിളിക്കാതിരിക്കുക) എന്ന താരക്കൂട്ടായ്മയിൽ നിന്നാണ്. താരം എന്നത് സിനിമാ രംഗത്ത്, വിശേഷിച്ച് മലയാള സിനിമാ രംഗത്ത്, കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന സങ്കൽപമാണ്. താരവ്യവസ്ഥയുടെ ജാതി-വർഗ-സ്വഭാവങ്ങളെപ്പറ്റി മലയാളത്തിൽ ധാരാളം വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ആ വ്യവസ്ഥ അവഗണിക്കുകയോ പാർശ്വവത്ക്കരിക്കുകയോ വെറും കോമാളികളായി ഇകഴ്ത്തുകയോ ചെയ്‌തവർ പലരും മഹാനടന്മാരാകാനുള്ള ഉൾകാമ്പുള്ളവരാണെന്ന് നമുക്ക് ഇന്ന് ബോദ്ധ്യപ്പെട്ടു വരുന്നു. മിമിക്രിയല്ല അഭിനയമെന്ന് പകൽ പോലെ വ്യക്തമായിരിക്കുന്നു. ഭീഷണിപ്പെടുത്തലോ മീശപിരിക്കലോ പുലിനഖപ്പതക്കമണിഞ്ഞ മാറിട പ്രദർശനമോ അല്ല പുരുഷത്വമെന്നും സിനിമ കാണുന്നവർക്ക് മനസ്സിലായിത്തുടങ്ങി.

സിനിമാരംഗം അടക്കിവാണ പ്രാകൃത പുരുഷാധികാരികൾ അംഗീകരിച്ചാലും ഇല്ലെങ്കിലും, സ്ത്രീകളെ കേന്ദ്രീകരിച്ച് ഒന്നാം തരം സിനിമ ചെയ്യാമെന്ന് ഇന്ന് പലരും തെളിയിച്ചു കഴിഞ്ഞു. സിനിമാ സൃഷ്‌ടിയുടെ എല്ലാ ഘട്ടത്തിലും പ്രവർത്തിക്കാൻ ശേഷിയുള്ള സ്ത്രീകൾ ഇന്ന് രംഗത്തുണ്ട്. ഇത്രയൊക്കെ കഴിഞ്ഞിട്ടും അഭിനേതാക്കളുടെ സംഘടന എന്ന് സ്വയം വിശേഷിപ്പിക്കുന്ന എഎംഎംഎ എന്ന ഈ സംഘടന അവകാശപ്പെടുന്നത്രേ, തങ്ങളുടെ സംഘടനയുടെ നേതൃത്വത്തിൽ പുരുഷന്മാർക്കൊപ്പം പ്രവർത്തിക്കാൻ വനിതകളായ അംഗങ്ങൾ തയ്യാറാകുന്നില്ലെന്ന്.j devika . amma, wcc

ഈ സംഘടനയിൽ അംഗമായ ഒരു സ്ത്രീയ്ക്കെതിരെ ഗുരുതരമായ അക്രമം നടത്തിയെന്ന കുറ്റത്തിന് വിചാരണ നേരിടുന്ന മറ്റൊരംഗമായ ദിലീപ് എന്ന നടനെ തിരിച്ചെടുത്തതും, സ്ത്രീകളെ നേതൃത്വത്തിലേയ്‌ക്ക് ആവശ്യമില്ലെന്ന സൂചന നൽകിയതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കരുതാനാവില്ല. മലയാള സിനിമ എന്ന സാമൂഹിക സ്ഥാപനത്തിന്റെ അവസ്ഥയെപ്പറ്റി ശക്തമായ വെളിപ്പെടലുകളാണ് ഇതുണ്ടാക്കുന്നത്. മുഖ്യമായും മൂലധനശക്തികളാൽ രൂപീകൃതമായ വ്യവസായമാണത്. കാര്യമായ ജനാധിപത്യവത്ക്കരണം നടന്നിട്ടേയില്ലാത്ത ഇടം. മൂലധനത്തിന്റെ വൃത്തങ്ങൾക്കുള്ളിൽ രൂപം കൊള്ളുന്ന, അനിഷേധ്യമായ സാമ്പത്തിക മാനങ്ങളുള്ള, പ്രതിഭാസം തന്നെയാണ് അതിശയോക്തിപരവും വികൃതവൽക്കരിക്കപ്പെട്ടതുമായ പുരുഷത്വബിംബങ്ങൾക്ക് ചുറ്റും രൂപമെടുക്കുന്ന ആരാധക സംസ്കാരം. മൂലധനം അനുവദിക്കുന്ന യാതൊരു വിധ ധാർമ്മിക പരിധികളുമില്ലാത്ത മൽസരമാണ് ഈ ഇടത്തിലെ താരങ്ങളെയും ആരാധകക്കൂട്ടങ്ങളെയും സൃഷ്‌ടിക്കുന്നത്, അവയുടെ റൗഡി സ്വഭാവത്തിന് വളമിടുന്നത്. മൂലധനവും അത് വളർത്തുന്ന, അതിനെ വളർത്തുന്ന, ‘സ്വതന്ത്ര’വിപണിയും സമൂഹത്തിന്റെയോ ഭരണകൂടത്തിന്റെയോ നിയന്ത്രണമില്ലാതെ പെരുകുന്നത് ഹിംസയെയും അക്രമത്തെയുമാണ് സൃഷ്‌ടിക്കുന്നതെന്ന സാമാന്യ യാഥാർത്ഥ്യത്തെയാണ് ഈ ഇടം സ്ഥിരീകരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ ഇത് രൂക്ഷമായിരിക്കുന്നു.

പുരുഷന്മാരായ അഭിനേതാക്കളിൽ ചിലരിലെങ്കിലും – താരം ചമഞ്ഞ് സമൂഹ നിയമങ്ങൾക്കും നാട്ടിലെ നീതിക്കും അതീതരാണ് താങ്ങളെന്ന് സ്വയം കരുതുന്ന ആ കൂട്ടരിലെങ്കിലും – അതുണർത്തുന്ന ആണധികാരവാസനകളെയും ധാർമ്മിക ഭയശൂന്യതയെയും, പ്രാകൃതമായ അക്രമവാസനയെയും ആണ് സമീപ കാലത്ത് മലയാള സിനിമാ രംഗത്തെപ്പറ്റിയുണ്ടായ വെളിവാക്കലുകൾ, പ്രത്യേകിച്ച് സിനിമാ പ്രവർത്തക ആക്രമിക്കപ്പെട്ട സംഭവം, വലിച്ചു പുറത്തേയ്‌ക്കിട്ടിരിക്കുന്നത്. ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ പലപ്പോഴും നിശബ്‌ദരാകുന്നത് എന്തു കൊണ്ടാണെന്ന ചോദ്യം ഉയർത്തുമ്പോൾ, പലരും സിനിമാ പ്രവർത്തകരിൽ നിന്ന് ആത്മപരിശോധന ആവശ്യപ്പെടാറുണ്ട്. എന്നാൽ വലിയ മീനുകൾ നിയന്ത്രിക്കുന്ന എഎംഎംഎ പോലുള്ള സംഘടന അത്മവിമർശനം നടത്തണമെന്ന ആവശ്യം ഫലശൂന്യമായേ തീരൂ. അത് ഈ സംഘടനയ്‌ക്ക് സാധ്യമേ അല്ല. കാരണം, നഗ്നമായ മൽസരമല്ലാതെ മറ്റൊന്നും സ്വാധീനിക്കാത്ത ഇടത്തിൽ നന്മ, നീതി എന്നിവ വെറും ഔദാര്യം മാത്രമായിത്തീർന്നേ മതിയാകൂ. താരസ്രാവുകളുടെ ദയാദാക്ഷിണ്യം മാത്രം! ‘കൈയൂക്കുള്ളവൻ കാര്യക്കാരൻ’ എന്ന് തത്വത്തെ ഒന്നാം പ്രമാണമായി കൊണ്ടു നടക്കുന്ന ഒരിടത്തിൽ മനുഷ്യർക്ക് തുല്യനീതി എങ്ങനെയാണ് ലഭിക്കുക? സ്ത്രീകളെ തുല്യനിലയിൽ അതടക്കി വാഴുന്നവർ പരിഗണിക്കുമെന്ന് ആശിക്കുന്നതെങ്ങനെ?

എന്നാൽ, ഇന്ന് മൂലധനത്തിന്റെ നീരാളിപ്പിടുത്തത്തെ അൽപ്പം മാത്രമായെങ്കിലും, പ്രത്യക്ഷമായിത്തന്നെ അയയ്‌ക്കുന്ന സാങ്കേതികവിദ്യയും കൂട്ടായ്മ രീതികളും വികസിച്ചു വരുന്നു. താരങ്ങളും അവർ വളർത്തിക്കൊണ്ടു വന്ന സ്ഥിരം അഭിനയശൈലികളും മടുപ്പുളവാക്കിത്തുടങ്ങുന്നു. ജനാധിപത്യവത്കരണം തീരെ നടന്നിട്ടില്ലാത്ത ഈ ഇടത്തിൽ അധികാരത്തെ പ്രതിരോധിക്കാൻ പ്രാപ്‌തരായ സ്ത്രീകളുടെ ഒരു തലമുറ ഉണ്ടായിരിക്കുന്നു. ഇവരുടെ പ്രതിഷേധങ്ങളെ ഇടുങ്ങിയ അവകാശസ്ഥാപനശ്രമങ്ങളായല്ല കാണേണ്ടത്. മറിച്ച് മലയാള സിനിമാ രംഗത്തെ ആകെ ജനാധിപത്യപരമായി മാറ്റിയെഴുതാനുള്ള നീക്കം തന്നെയാണ് സിനിമാ സ്ത്രീ കൂട്ടായ്മയുടേത്.

എഎംഎംഎ ദിനോസർ പുരുഷന്മാരും അവരെ ഭയന്നു കഴിയുന്ന സ്ത്രീകളും കേവലം ആൺകോയ്മയുടെ സൃഷ്‌ടികളല്ല. സിനിമാ രംഗത്ത് ഇത്രയും കാലം കയറഴിച്ചുവിട്ട മൂലധനത്തിന്റെ വിഷജലം കുടിച്ച് പെരുകിയ ജനാധിപത്യവിരുദ്ധസംസ്കാരത്തിന്റെ പൊടിപ്പുകളാണ് അവർ. അങ്ങനെ നോക്കിയാൽ സിനിമാ സ്ത്രീകൂട്ടായ്മയുടെ ശബ്‌ദത്തെ പിൻതാങ്ങേണ്ടത് എല്ലാ മൂലധനവിരുദ്ധശക്തികളുടെയും കടമയാണ്.  അവരുടെ വിമർശനങ്ങൾ സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല, കേരളീയ ജനാധിപത്യത്തിന് വേണ്ടിത്തന്നെയാണ്. അവരുടെ ചൂണ്ടുവിരൽ ഈ താരസംഘടനയെ ചാരമാക്കുന്ന കാലം വരട്ടെ.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Amma malayalam actors guild patriarchial mindset j devika