മലയാള സിനിമയെ, മാത്രമല്ല, കേരളക്കരയെ ആകെ പിടിച്ചുലക്കുന്ന ഒരു സംഭവമായി അമ്മ-വിമന്‍ ഇന്‍ സിനിമാ കളക്റ്റിവ് അഭിപ്രായഭിന്നത മാറിയിട്ട് ഒരു പകലും ഒരു രാത്രിയും പിന്നിടുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ‘അമ്മ’ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി വനിതാ കളക്റ്റിവിലെ മൂന്ന് അംഗങ്ങള്‍ അക്രമത്തിനിരയായ പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് അവരുടെ ‘അമ്മ’ അംഗത്വങ്ങള്‍ രാജി വച്ചിരുന്നു. ആണധികാരത്തിന്റെ കേന്ദ്രങ്ങളോടുള്ള ഇവരുടെ ഈ പ്രതിഷേധ നീക്കം സമകാലിക മലയാള സിനിമയില്‍ നടക്കുന്ന സ്ത്രീപക്ഷ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഇവരെ അഭിനന്ദിച്ചു കൊണ്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍, സാംസ്കാരിക നായകന്മാര്‍, എഴുത്തുകാര്‍ എന്നിവര്‍ ഇന്നലെ തന്നെ രംഗത്ത് വന്നു.

Read More: മഞ്ജുവിന്റെ മൗനം പറയുന്നത്

മലയാള സിനിമയിലെ വല്യേട്ടന്മാരും നരസിംഹങ്ങളും അരങ്ങു വാഴുന്ന ‘അമ്മ’യുടെ മടിത്തട്ടില്‍ നിന്നും ധൈര്യപൂര്‍വ്വം ഇറങ്ങി, ‘ഇനി ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി’ എന്ന് പറയാന്‍ ധൈര്യം കാണിച്ച നാല് പെണ്‍കുട്ടികള്‍ക്ക് പക്ഷെ സിനിമയില്‍ നിന്നും, പ്രത്യേകിച്ച് യുവതാരങ്ങളില്‍ നിന്നും ഐക്യദാര്‍ഡ്യമോ പിന്തുണയോ ലഭിച്ചില്ല എന്നത് ശ്രദ്ധേയവും നിരാശാജനകവുമാണ്.

മലയാളത്തിലെ പ്രധാനപ്പെട്ട യുവ താരങ്ങളെ എടുത്താല്‍ – പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ടോവിനോ തോമസ്‌ – ഇവരെല്ലാം തന്നെ ആക്രമിക്കപ്പെട്ട നടിയുടേയും രാജി വച്ച റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്‌, രമ്യാ നമ്പീശന്‍ എന്നിവരുടെ സമകാലികരാണ് എന്ന് കാണാന്‍ കഴിയും. ഒരേ കാലത്തിലും ഒരേ പ്രായത്തിലും പെട്ടവര്‍. ഒന്നിച്ചു ജോലി ചെയ്തവര്‍. ചിലര്‍ ജോലി സ്ഥലം കഴിഞ്ഞും നീളുന്ന സൗഹൃദമുള്ളവര്‍, കുടുംബം പോലെ കഴിഞ്ഞവര്‍. എന്നാല്‍ ഇവരാരും തന്നെ ഇന്നലെ ഈ പെണ്‍കുട്ടികള്‍ ചെയ്ത ധീരമായി നടപടിയില്‍ അവരെ പിന്തുണച്ചതായോ അഭിനന്ദിച്ചതായോ, എന്തിനേറെ, മനസ്സിലാക്കിയതായി പോലും അറിയില്ല.

അതവര്‍ സ്വകാര്യമായി ചെയ്തിട്ടുണ്ടാവാം ചിലപ്പോള്‍. എന്നാല്‍ സ്വകാര്യ നിലപാടുകളല്ല, പരസ്യവും സുവ്യക്തവുമായ നിലപാടുകളാണ് ഇത്തരം സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇവരില്‍ ആരെങ്കിലും രണ്ടു പേര്‍, അല്ലെങ്കില്‍ ഒരാള്‍, ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി അവരുടെ ‘അമ്മ’ അംഗത്വം രാജി വയ്ക്കാന്‍ തയ്യാറായാല്‍, അത് തുറക്കുന്ന വഴി, ചരിത്രമാറ്റത്തിലേക്കായിരിക്കും. ‘അമ്മ’ അടക്കി വാഴുന്ന രാജാക്കന്മാരുടെ കോട്ടകൊത്തളങ്ങളില്‍ ഇവരുടെ സ്ഥാനം എന്താണ്? തടിയില്‍ തട്ടാത്ത വിഷയങ്ങളില്‍ എല്ലാം ‘സാമൂഹ്യപ്രതിബദ്ധതയോടെ’ ഇടപെടുന്ന ഇവരുടെ വായടപ്പിക്കുന്ന തന്ത്രങ്ങള്‍ എന്താണ്?

Read More: സംഘടന കൊണ്ട് സിനിമയെ സ്വന്തമാക്കിയവര്‍

ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ സമാശ്വശിപ്പിച്ചും, ആക്രമണം കഴിഞ്ഞു തളര്‍ന്ന അവളെ സിനിമയിലേക്ക് തിരികെ കൈ പിടിച്ചു കൊണ്ട് വന്നും, ഇനി സ്ത്രീ വിരുദ്ധ സിനിമയില്‍ അഭിനയിക്കില്ല എന്ന് സ്വന്തം അമ്മയേയും ഭാര്യയേയും മകളേയും പിടിച്ചു ആണയിട്ടു പറയുകയും ചെയ്ത ആളാണ് പൃഥ്വിരാജ്. ദിലീപിനെ പുറത്താക്കാന്‍ കൂടിയ ‘അമ്മ’യുടെ യോഗത്തില്‍ മുന്‍ നിരയില്‍ വന്നിരുന്ന പൃഥ്വി, ദിലീപിനെ തിരിച്ചെടുക്കുന്ന യോഗമായപ്പോള്‍ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയനായി. പുതിയ ചിത്രമായ ‘നയനി’ന്റെ ഷൂട്ടിംഗിലായിരുന്ന അദ്ദേഹം ‘അമ്മ’ ജനറല്‍ ബോഡി നടന്ന ദിവസമായ ജൂണ്‍ 24നു വൈകിട്ട് ‘ഹോം’ എന്നെഴുതിയ ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു. ‘ലൂസിഫര്‍’ എന്ന മോഹന്‍ലാല്‍ നായകനാകുന്ന തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ് പൃഥ്വി.

ഇന്ദ്രജിത്ത്, ജയസൂര്യ, നരേന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവരും കൂടി കൈയ്യടിച്ചു പാസാക്കിയതാണ് ആ തീരുമാനം. ദുല്‍ഖര്‍ സല്‍മാന്‍ അമേരിക്കയില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുത്തില്ല. ‘അമ്മ’യില്‍ നിന്നും രാജി വച്ച വനിതാ കളക്റ്റിവ് അംഗമായ ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ‘മൂത്തോന്‍’ എന്നൊരു ചിത്രം അഭിനയിച്ചു പൂര്‍ത്തിയാക്കിയ നിവിന്‍ പോളിയും യോഗത്തില്‍ ഉണ്ടായിരുന്നില്ല. തമിഴ് ചിത്രത്തിന്റെ തിരക്കുകളില്‍ പെട്ട ടോവിനോ തോമസിനും യോഗത്തില്‍ പങ്കെടുക്കാനായില്ല.

വനിതാ കളക്റ്റിവ് അംഗങ്ങളുടെ ‘അമ്മ’ യോഗത്തിലെ അസാന്നിദ്ധ്യം പേര്‍ത്തും പേര്‍ത്തും ചര്‍ച്ച ചെയ്ത സാമൂഹ്യകേരളം ഇവരുടെ നിശബ്ദതയും അസാന്നിദ്ധ്യം കാണാതെ പോയതെന്തേ? ‘അമ്മ’യിലെ ആണ്‍കോയ്മയേയും അധികാരത്തിനേയും ഇങ്ങനെ നേരിട്ടിട്ടു കാര്യമില്ല എന്ന് തിരിച്ചറിഞ്ഞു യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ വനിതാ കളക്റ്റിവ് അംഗങ്ങള്‍ കാണിച്ച സ്ഥൈര്യം പോലും കാണിക്കാനാവാത്ത മലയാള സിനിമയുടെ ഈ ചെറുപ്പം, വളര്‍ന്നു വലുതാവുമ്പോള്‍ കാലാകാലങ്ങളായി പുരുഷ വര്‍ഗ്ഗം തങ്ങളുടെ അപര്യാപ്തതകള്‍ മറച്ചു വയ്ക്കാന്‍ ചെയ്തിരുന്നത് പോലെ, മീശ പിരിക്കില്ല എന്നാരു കണ്ടു?

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ