scorecardresearch
Latest News

‘അമ്മ’യുടെ തകർച്ചയും സിപിഎമ്മിന്റെ ഹൃദയവേദനയും

ഒരു സംഘടനയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാകുന്നതു നിര്‍ണായക സന്ദര്‍ഭങ്ങളിലെ അവരുടെ നിലപാടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്. എ.എം.എം.എ. ആണെങ്കിലും സി.പി.എം. ആണെങ്കിലും. സി.പി.എം. ആണെങ്കില്‍ പ്രത്യേകിച്ചും.

kr meera,amma,cpm,wcc

ഒരു സംഘടനയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാകുന്നത് നിര്‍ണായക സന്ദര്‍ഭങ്ങളിലെ നിലപാടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്. അതു കൊണ്ട്, ‘അമ്മ’ എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധമായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്സ് (എ.എം.എം.എ.) എന്ന സംഘടനയുടെ നടപടികളില്‍ ഞെട്ടേണ്ടതില്ല. പണ്ടും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഈ സംഘടന പരമാവധി നീതിനിഷേധവും സങ്കുചിതത്വും പ്രദര്‍ശിപ്പിക്കുകയും അതില്‍ ഞെളിഞ്ഞു നടക്കുകയും ചെയ്തിട്ടുണ്ട്. കലാകാരന്‍മാരുടെ സംഘടനയ്ക്ക് അവശ്യം വേണ്ട മനുഷ്യത്വമോ ഹൃദയവിശാലതയോ സാമൂഹിക പ്രതിബദ്ധതയോ തൊട്ടു തീണ്ടിയിട്ടില്ല എന്നു തെളിയിച്ചിട്ടുണ്ട്. നിരാര്‍ദ്രത കൊണ്ടും നീതിനിഷേധം കൊണ്ടും വെള്ളിത്തിരയിലെ ‘ഹീറോസ്’ വെറും ‘സീറോസ്’ ആയി ചുരുങ്ങിയിട്ടുണ്ട്. അങ്ങനെ, ‘നമ്മളെക്കാള്‍ ചെറിയ മനുഷ്യരോടു യുദ്ധം ചെയ്യേണ്ടി വരുന്നതാണു വര്‍ത്തമാനകാലത്തിന്‍റെ ദുരന്തം’ എന്ന കെ.പി. അപ്പന്‍റെ വാക്കുകള്‍ സാക്ഷാല്‍ക്കരിച്ചിട്ടുണ്ട്.

വര്‍ത്തമാന കാലം നേരിടുന്ന ഒരു അധിക ദുരന്തമുണ്ട്. അതാണ് കൂടുതല്‍ ഭീകരമായത്. ശാക്തീകരിക്കപ്പെട്ട സ്ത്രീകളും കാലഹരണപ്പെട്ട ആണധികാരികളും തമ്മില്‍ വര്‍ധിക്കുന്ന അന്തരമാണ് അത്. മുമ്പ് പുരുഷന്‍ ശക്തനായിരുന്നു. അവന്‍റെ ശക്തി കേവലം ശാരീരികമായിരുന്നില്ല. അത് വിദ്യാഭ്യാസത്തിലൂടെയും പൊതു ഇടങ്ങളിലെ പങ്കാളിത്തത്തിലൂടെയും യാത്രയിലൂടെയും സാമൂഹിക ജീവിതത്തിലൂടെയും സ്വാംശീകരിച്ച പുരോഗമനാശയങ്ങളുടെ ശക്തിയായിരുന്നു. വിദ്യാഭ്യാസവും സാക്ഷരതയും യാത്രയും പൊതു ജീവിതവും നിഷേധിക്കപ്പെട്ടിരുന്ന ‘മണ്ടിപ്പെണ്ണുങ്ങ’ളുടെ ഭൂരിപക്ഷത്തിന് അവന്‍റെ അറിവിന്‍റെ അധീശത്വത്തെ ആദരിക്കാതെ മാര്‍ഗ്ഗമില്ലായിരുന്നു. പക്ഷേ, ഇന്നു വിദ്യാഭ്യാസം കൊണ്ടും ലോക പരിചയം കൊണ്ടും പൊതുവിടങ്ങളിലെ പങ്കാളിത്തം കൊണ്ടും സ്ത്രീകള്‍ മാനസികമായി ശാക്തീകരിക്കപ്പെട്ടു കഴിഞ്ഞു. രക്ഷാകര്‍ത്താവായോ വഴികാട്ടിയായോ ഉടമസ്ഥനായോ സംരക്ഷകനായോ അവള്‍ക്ക് അവനെ ഇനി ആവശ്യമില്ല. മറിച്ച് അവളുടെ പിന്തുണയും ധ്വാനവും സമര്‍പ്പണവും അവനാണ് ആവശ്യം. സര്‍വം സഹയായി, ഭൂമിയേക്കാള്‍ ക്ഷമയുള്ളവളായി അവന്‍റെ സ്വഭാവ സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തു നില്‍ക്കാന്‍ പഴയതുപോലെ അവള്‍ സന്നദ്ധയല്ല. അമ്മയായും സഹോദരിയായും കാമുകിയായും ഭാര്യയായും അനന്തരാവകാശികളുടെ അമ്മയായും അവന് അവളെ ആവശ്യമുണ്ടെങ്കില്‍, പഴയ മനുസ്മൃതി പ്രയോജനപ്പെടുകയില്ല. പകരം നിരുപാധികമായ തുല്യപദവിയും പൗരന്‍ എന്ന നിലയിലുള്ള അന്തസ്സും അവള്‍ക്ക് വാഗ്ദാനം ചെയ്തേ തീരൂ. അധികാരം ആസ്വദിച്ചു വളര്‍ന്നവന് അത് ദുഷ്കരമായിരിക്കും. അവളോട് സംവാദം സാധ്യമാക്കാന്‍ അവന്‍ തുല്യനിലയില്‍ മാനസികവികാസം ആര്‍ജ്ജിക്കേണ്ടിവരും. അവളുമായുള്ള ബന്ധം തൃപ്തികരമാകണമെങ്കില്‍ അവന്‍ സ്വയം നവീകരിക്കേണ്ടി വരും. തുല്യനീതിയുടെ പാഠങ്ങള്‍ പരിശീലിക്കേണ്ടി വരും. ഇതെല്ലാം അവന് ഇതുവരെ ലഭിച്ച ജീവിതപാഠങ്ങള്‍ക്കു വിരുദ്ധമായിരിക്കും. സംവാദത്തിനും സ്വയം നവീകരണത്തിനും ശേഷിയോ ആത്മവിശ്വാസമോ ഇല്ലാത്തവനു മുമ്പില്‍ ഒരു മാര്‍ഗമേയുള്ളൂ അത് ഹിംസയുടെ മാര്‍ഗ്ഗമാണ്. അവന് അവളെ കായികമായി ആക്രമിക്കേണ്ടിവരും. ബലാല്‍സംഗം വഴി അധികാരപ്രയോഗവും അതുവഴി ആത്മവിശ്വാസവും ഉറപ്പിക്കേണ്ടി വരും. അതുവേണ്ടി വരുന്നത് ഒരു ദുരന്തമാണെന്നു സ്വയം സമ്മതിക്കാന്‍ പോലും സാധിക്കാതെ വരും. വര്‍ത്തമാനകാലത്തിന്‍റെ ആ ദുരന്തമാണ് സ്ത്രീകള്‍ക്ക് എതിരേയുള്ള അതിക്രമങ്ങളില്‍ മറ്റെല്ലാ ലോകരാഷ്ട്രങ്ങളെയും പിന്തള്ളി നികൃഷ്ടതയുടെ ഒന്നാം സ്ഥാനത്ത് ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുന്നത്. എ.എം.എം.എയുടെ നിലപാടുകള്‍ പ്രതിഫലിപ്പിക്കുന്നതും ആ ദുരന്തത്തെത്തന്നെ. എ.എം.എം.എയുമായുള്ള സംഭാഷണത്തില്‍ ഡബ്ള്യു. സി. സി. നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി സാമൂഹികപ്രതിബദ്ധതയുടെയും മൗലികാവകാശങ്ങളുടെയും നാലാം ക്ലാസുകാര്‍ക്ക് മുമ്പില്‍ പി.എച്ച്.ഡി. പ്രബന്ധം അവതരിപ്പിക്കേണ്ടി വരുന്നതാണ്.

AMMA

ഈ സഹസ്രാബ്ദത്തിലെ മലയാളത്തിലെ യഥാര്‍ഥ സൂപ്പര്‍ മെഗാ സ്റ്റാര്‍ ആക്രമിക്കപ്പെട്ട ആ നടിയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. കാരണം, യഥാര്‍ഥ ജീവിതത്തില്‍ അവള്‍ പ്രദര്‍ശിപ്പിച്ച ആത്മധൈര്യത്തോട് മല്‍സരിക്കാന്‍ സിനിമയിലെ ‘കംപ്ലീറ്റും’ ‘ഗ്രേറ്റു’മായ നായകന്‍മാര്‍ക്കു തിരശ്ശീലയില്‍ മാത്രമേ ശേഷിയുള്ളൂ. അതിനും അവര്‍ക്ക് ഡ്യൂപ്പുകള്‍ വേണ്ടി വരും. സി.ജി. ട്രിക്കുകള്‍ വേണ്ടിവരും. വെള്ളിത്തിരയില്‍ മാത്രമേ അവര്‍ക്ക് അക്രമത്തിനും അധര്‍മ്മത്തിനും എതിരേ ആഞ്ഞടിക്കാന്‍ ധൈര്യമുള്ളൂ. യഥാര്‍ഥ ജീവിതത്തില്‍ അതു ചെയ്യാന്‍ കരുത്തുണ്ടായത് അവള്‍ക്കാണ്. അവളോടൊപ്പം നില്‍ക്കാന്‍ ധൈര്യം കാണിച്ച അവളുടെ കൂട്ടുകാരികള്‍ക്കാണ്. അവര്‍ തെളിയിച്ചത് ഒരു വലിയ തത്വമാണ് : തങ്ങളില്‍ ഒരുവള്‍ക്കു നീതി ഉറപ്പാക്കാന്‍ സ്ത്രീകള്‍ യുദ്ധത്തിനും ത്യാഗത്തിനും തയ്യാറാകുമ്പോള്‍ ലോകം മാറി മറിയുന്നു. കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകം സൃഷ്ടിക്കപ്പെടുന്നു.

Read More: ‘അമ്മ’ അറിയാന്‍: പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എഴുതുന്നത്‌

അവള്‍ വഴിമരുന്നിട്ടത്, ഈ സഹസ്രാബ്ദത്തില്‍ കേരളത്തില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ വിപ്ലവത്തിനായിരുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. അതിന്‍റെ മൂര്‍ത്തരൂപമാണ്. അവള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നു രൂപം കൊണ്ട സിനിമയിലെ വനിതാ കൂട്ടായ്മ എന്ന വിമന്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ള്യു. സി. സി.). തെറി വിളിച്ചോ കൂവി വിളിച്ചോ ഭീഷണിപ്പെടുത്തിയോ ആ വിപ്ലവത്തെ പരാജയപ്പെടുത്താന്‍ ഒരു ഫാന്‍സ് അസോസിയേഷനും സാധിക്കുകയില്ല. കാരണം, ആ വിപ്ലവം വിജയിച്ചു കഴിഞ്ഞതാണ്. അവള്‍ ആക്രമിക്കപ്പെട്ടതല്ല, ഇവിടെ വിവക്ഷിക്കുന്ന വിപ്ലവം. മലയാള സിനിമയിലെ ഏറ്റവും പ്രബലനായ ഒരു താരം കേസില്‍ ഏഴാം പ്രതിയായതുമല്ല. കോടതിയില്‍ കേസ് ജയിക്കുന്നതോ തോല്‍ക്കുന്നതോ അല്ല. വിപ്ലവം, അവള്‍ പരാതിപ്പെടാന്‍ കാണിച്ച ധൈര്യമാണ്. ആക്രമണത്തിനുശേഷം വീണ്ടും അഭിനയിക്കാന്‍ കാണിച്ച സന്നദ്ധതയാണ്. അവള്‍ക്കു ശക്തി പകരാന്‍ ജീവിതത്തിലും തൊഴിലിലും റിസ്ക് എടുത്ത കൂട്ടുകാരികളുടെ ആത്മാര്‍ത്ഥതയാണ്. ആക്രമിച്ചവരെ ലജ്ജിപ്പിച്ചുകൊണ്ട് അവളുമായുള്ള വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്തിയ പങ്കാളിയുടെ സമര്‍പ്പിതസ്നേഹമാണ്. ഇതെല്ലാം വഴി, മലയാള സിനിമയില്‍ കാലങ്ങളായി തുടര്‍ന്നു വന്ന സ്ത്രീവിരുദ്ധതയെ മൂടി വച്ച കോട്ടകള്‍ ഇടിച്ചുപൊളിച്ചതാണ്.

Read More: സംഘടന കൊണ്ട് സിനിമയെ സ്വന്തമാക്കിയവർ

ഡബ്ല്യു സി സി എന്നാല്‍, ഒന്നോര്‍ത്തു നോക്കൂ, വിരലില്‍ എണ്ണാവുന്നത്ര സ്ത്രീകള്‍. അവരില്‍ത്തന്നെ അഭിനേതാക്കള്‍ കുറച്ചു പേര്‍ മാത്രം. അവരില്‍ത്തന്നെ താരമൂല്യമുള്ളവര്‍ ചുരുക്കം. എതിര്‍ചേരിയില്‍, ആണും പെണ്ണുമായി അഞ്ഞൂറോളം പേര്‍. കാല്‍നൂറ്റാണ്ടും അരനൂറ്റാണ്ടും തികച്ചവരും സിനിമ വ്യവസായത്തെ ചെറുവിരല്‍ കൊണ്ടു നിയന്ത്രിക്കാന്‍ ശേഷിയുള്ളവരുമായ രാക്ഷസരാജാക്കന്‍മാര്‍. പാല്‍ അഭിഷേകം നടത്താനും ചെണ്ട കൊട്ടാനും ഏതു വൃത്തികേടിനെയും ന്യായീകരിക്കാനും സ്വകാര്യ സൈനികവ്യൂഹങ്ങളുള്ളവര്‍. അവരെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ട സംവിധായകരും നിര്‍മാതാക്കളും പിന്നീട് സിനിമയെടുത്തിട്ടില്ല. അവരോടു യുദ്ധം ചെയ്ത തിലകന്‍റെ അവസാന നാളുകള്‍ നാം കണ്ടതാണ്. അവരെ വിമര്‍ശിച്ച വിനയന്‍റെ യാതനകള്‍ ബോധ്യപ്പെട്ടതാണ്.

എന്നിട്ടും നാല് പേര്‍ ആ അധികാരത്തെ ചോദ്യം ചെയ്യാന്‍ നിര്‍ഭയം രംഗത്തു വന്നു. അവര്‍ സംഘടനയെ വെല്ലുവിളിച്ചു കൊണ്ട് അംഗത്വം രാജിവച്ചു. അനിശ്ചിതത്വം നിറഞ്ഞു നില്‍ക്കുന്ന ഒരു തൊഴില്‍ മേഖലയിലെ അവശേഷിച്ച അവസരങ്ങള്‍ കൂടി നഷ്ടപ്പെടുത്തി എം. എന്‍. വിജയന്‍ മാഷിന്‍റെ ‘രാജിയും ഒരു തരം രാഷ്ട്രീയ പ്രവര്‍ത്തനമാണ്’ എന്ന വാക്കുകള്‍ പ്രായോഗത്തില്‍ വരുത്തി. രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ ശക്തിദുര്‍ഗ്ഗമായ ഒരു സംഘടനയെയാണ് അവര്‍ മുറിവേല്‍പ്പിക്കുന്നത്. ആണധികാരത്തിന്‍റെ ധാര്‍ഷ്ട്യത്തോടാണ് തുല്യപൗരത്വത്തിനു വേണ്ടി അവര്‍ വാദിക്കുന്നത്. ചൂഷണത്തിന്‍റെ പാരമ്പര്യത്തോടാണ് അവര്‍ പുതിയ തൊഴില്‍ സംസ്കാരം ആവശ്യപ്പെടുന്നത്. ധനശേഷിയുടെ ഉന്മത്തതയോടാണ് അവര്‍ മനുഷ്യാന്തസ്സിനെ കുറിച്ചു പ്രഘോഷിക്കുന്നത്.

അതുകൊണ്ട്, എ.എം.എം.എയിലെ അംഗങ്ങളായ മറ്റു നടിമാര്‍ രാജിവച്ച നടിമാരെ വിമര്‍ശിക്കുന്നതിലും അവരെ അധിക്ഷേപിച്ച സ്കിറ്റിനെ ന്യായീകരിക്കുന്നതിലും അദ്ഭുതപ്പെടാനില്ല. എ.എം.എം.എ നടിമാരെ കുറ്റപ്പെടുത്താനുമാകില്ല. രവീന്ദ്രനാഥ ടാഗോറിന്‍റെ ‘മെരുങ്ങിയ പക്ഷി കൂട്ടില്‍ അടയ്ക്കപ്പെട്ടതായിരുന്നു’ എന്ന കവിതയില്‍ പറയുന്നതുപോലെ, അവരൊക്കെ മെരുങ്ങിയ പക്ഷികളാണ്. അവര്‍ കൂട്ടില്‍ അടയ്ക്കപ്പെട്ടിരിക്കുന്നു. കാട്ടിലെ പക്ഷികള്‍ അവരെ എത്ര സ്നേഹിച്ചാലും പുറത്തേക്കു ക്ഷണിച്ചാലും അവര്‍ കൂടു തകര്‍ക്കാന്‍ ധൈര്യപ്പെടുകയില്ല. ‘ആകാശത്തു പിടിച്ചിരിക്കാന്‍ അഴികളില്ലല്ലോ’ എന്ന് അവര്‍ ജീവിതം മുഴുവന്‍ വ്യാകുലപ്പെടും. ഇന്നു പിടിച്ചിരിക്കാനുള്ള അഴികള്‍ക്കു വേണ്ടി അവര്‍ തങ്ങള്‍ക്കു മാത്രമല്ല, ഭാവി തലമുറകള്‍ക്കും നാളെയുടെ ആകാശം അടിയറവു വയ്ക്കും. പിടിച്ചിരിക്കാനുള്ള അഴികള്‍ നഷ്ടപ്പെടാതിരിക്കാന്‍ നിശ്ശബ്ദത പാലിക്കുന്നതു സ്ത്രീകള്‍ മാത്രമല്ല, എന്നതിലാണു സംഘടന തുല്യനീതി നടപ്പാക്കുന്നത്. പൃഥ്വിരാജും പി.ബാലചന്ദ്രനും അലന്‍സിയറും ഒഴികെ, യുവതാരങ്ങളുടെ നീണ്ടനിര നിശ്ശബ്ദരാണ്. വ്യക്തിപരമായ സ്നേഹദ്വേഷങ്ങള്‍ മാറ്റിവച്ച് കുറ്റകൃത്യത്തെ കുറ്റകൃത്യമെന്ന് വിളിക്കാനും ആക്രമിക്കപ്പെട്ടവളെ പിന്തുണയ്ക്കാനും സാധിക്കാത്ത വിധം സ്വാര്‍ത്ഥതയിലോ സ്വന്തം കുറ്റകൃത്യങ്ങള്‍ വെളിപ്പെടുമെന്ന ഭീതിയിലോ ആഴത്തില്‍ വേരു പിടിച്ചതാകണം, ഇന്നലെ മാത്രം സിനിമയില്‍ എത്തിയ ഇവരുടെ ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍.

Read More: ‘എഎംഎംഎ’ എന്ന താരസംഘടനയും ജനാധിപത്യവിരുദ്ധതയുടെ ‘വെളളിനക്ഷത്ര’ങ്ങളും

സംഘടനയെ അനുകൂലിക്കുന്ന പ്രതികരണങ്ങള്‍ കാണുമ്പോള്‍ വ്യക്തമാകുന്നതു മലയാള സിനിമ കേരളത്തിലെ സ്വയംഭരണാവകാശമുള്ള സ്വതന്ത്ര രാജ്യം ആണെന്നാണ്. രാജഭരണ സമ്പ്രദായം പിന്തുടരുന്ന ആ രാജ്യം ഒരു രാജാവും ഒരു സുല്‍ത്താനും പങ്കിട്ടു ഭരിക്കുകയാണ്. അതേസമയം, ഇവരുടെ നിയന്ത്രണം കൂടുതല്‍ പ്രബലനായ മറ്റൊരു പ്രതിനായകന്‍ നടപ്പാക്കുന്നു. ഇവരുടെ അധീശത്വത്തിനു മുമ്പില്‍ മുട്ടില്‍ ഇഴയുന്ന കാര്യസ്ഥന്‍മാരും അടിയാന്‍മാരും അടിയാത്തിമാരുമായി മാറുന്നു, മറ്റു താരങ്ങള്‍. ഇന്ത്യാ മഹാരാജ്യത്തെ മൗലികാവകാശങ്ങളോ ക്രിമിനല്‍ നിയമങ്ങളോ നികുതി നിയമങ്ങളോ മനുഷ്യാവകാശങ്ങളോ സിനിമാരാജ്യക്കാര്‍ അംഗീകരിക്കുന്നില്ല. ഇവരുടെ കൂട്ടത്തില്‍പ്പെട്ട ജനപ്രതിനിധികള്‍ക്കും രാജ്യത്തെ നിയമങ്ങളോടോ പൗരന്‍മാരോടോ ഉള്ളതിനേക്കാള്‍ കൂറും കടപ്പാടും സിനിമാരാജ്യത്തെ രാജാക്കന്‍മാരോടാണ്. ഇടതുപക്ഷക്കാരനായ എം.പിയും സംഘടനയുടെ വൈസ്പ്രസിഡന്‍റുമാരായ രണ്ട് ഇടതുപക്ഷ എം.എല്‍.എമാരും കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കുന്നതിന് എതിരെ ശബ്ദിക്കാതിരുന്നത് ഇക്കാരണത്താല്‍ ആയിരിക്കണം. അഞ്ഞൂറിലേറെ അംഗങ്ങളുള്ള സംഘടനയുടെ പ്രധാന നെടുംതൂണായ നടനെ അറസ്റ്റ് ചെയ്യാനുള്ള ആര്‍ജ്ജവം കാണിച്ച ഇടതുപക്ഷ സര്‍ക്കാരില്‍ വിശ്വാസമില്ലെന്നു നിശ്ശബ്ദതയിലൂടെ പ്രഖ്യാപിക്കുകയായിരുന്നു, ആ രണ്ട് എം.എല്‍.എമാരും എംപിയും. സിനിമാ രാജ്യത്തെ പ്രജകളില്‍നിന്നും ജനാധിപത്യമൂല്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ, അവരോടു വിശദീകരണം ചോദിക്കേണ്ടതില്ലെന്ന് സി.പി.എം. പാര്‍ട്ടി സെക്രട്ടറി പരസ്യ പ്രസ്താവന നടത്തിയതിന്‍റെ പ്രേരണ എന്തായിരിക്കും? രാജ്യത്ത് മതവര്‍ഗ്ഗീയ കക്ഷികള്‍ ജനാധിപത്യത്തിന്‍റെ ഓരോ വേരായി പിഴുതെടുത്തുകൊണ്ടിരിക്കെ, സ്ത്രീവിരുദ്ധമായ ഒരു സംഘടനയുടെ തകര്‍ച്ച ഹൃദയവേദന സൃഷ്ടിക്കാന്‍മാത്രം ഇതു സി.പി.എമ്മിന്‍റെ പോഷകസംഘടനയൊന്നും അല്ലല്ലോ? നിര്‍ഭയം ജനാധിപത്യമൂല്യങ്ങള്‍ ധ്വംസിക്കുകയും അതില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്ന ഒരു സംഘടനയ്ക്കു വേണ്ടി നിലകൊള്ളുന്നതുവഴി എന്തുതരം സന്ദേശമാണ് പാര്‍ട്ടി സെക്രട്ടറി പൊതു സമൂഹത്തിനു നല്‍കാന്‍ ആഗ്രഹിക്കുന്നത്?

ഒരു സംഘടനയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാകുന്നതു നിര്‍ണായക സന്ദര്‍ഭങ്ങളിലെ അവരുടെ നിലപാടുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്. എ.എം.എം.എ. ആണെങ്കിലും സി.പി.എം. ആണെങ്കിലും. സി.പി.എം. ആണെങ്കില്‍ പ്രത്യേകിച്ചും.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Amma cpm wcc dileep kr meera