scorecardresearch
Latest News

ബദലിടങ്ങളും ആണത്ത ആക്രമണങ്ങളും

“ആ ചെറുസ്ഥലം, സ്ത്രീകൾക്ക് പ്രത്യേകിച്ചും ഏറ്റവും വിലപ്പെട്ടതാണ്, അതവർ സ്വപ്രയത്നത്തിലൂടെ നിർമ്മിക്കുന്നതാണ്. എന്നാൽ പലപ്പോഴും അവരുടെ ഈ കവചത്തെ ഭേദിക്കാൻ ചെറുതെങ്കിലും നിരന്തരമായ ശ്രമങ്ങളാണ് ഈ ഇടങ്ങളിലും ഉണ്ടാകാറ്”

ബദലിടങ്ങളും ആണത്ത ആക്രമണങ്ങളും

യുവതികളായ തങ്ങളുടെ സുഹൃത്തുക്കൾക്ക് നേരെ പ്രാകൃതമായ ലൈംഗിക കടന്നുകയറ്റത്തിന് ശ്രമിച്ച പുരുഷ ബുദ്ധിജീവി-ആക്ടിവിസ്റ്റുകൾക്കെതിരെ രോഷം ആളിക്കത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇതെഴുതുന്നത്. കേരളത്തിലെ എതിർ-പൊതു മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു അക്രമ സംഭവമല്ല, മറിച്ച് നിർണ്ണായകമായ നിമിഷം തന്നെയാണ്, ഒരുപക്ഷേ ഒരു ഗതിമാറ്റത്തിനു തന്നെ വഴിയൊരുക്കാൻ പ്രാപ്തമായത്. ദേശീയതലത്തിൽ ഇത് മുൻപേ നടന്നു കഴിഞ്ഞു. തരുൺ തേജ്പാൽ കുറ്റവാളിയായ ആ സംഭവം മുതൽ മഹമൂദ് ഫറൂഖിയുടെ ലൈംഗികാതിക്രമം വരെയുള്ള പല സംഭവങ്ങളും വിശാല-ഇടതു വൃത്തങ്ങളിലെ ആൺ-പെൺസൗഹൃദങ്ങളിലെ തുല്യതാ നാട്യത്തെ വെളിപ്പെടുത്തിക്കഴിഞ്ഞു. ഫറൂഖി സംഭവത്തിൽ നടന്ന ഫെമിനിസ്റ്റ് പ്രതിഷേധം ഫെമിനിസ്റ്റെന്ന് സ്വയം വിളിക്കുന്ന പുരുഷന്മാരിൽ പലരിലും ഉണ്ടാക്കിയ അസ്വാസ്ഥ്യം ഞങ്ങൾ പലരും ശ്രദ്ധിച്ചിരുന്നു. വെറുതെയല്ല, ഡൽഹിയിലെ ഒരു ഫെമിനിസ്റ്റ് സ്നേഹിത ആ സംഭവത്തെ ‘ഇന്ത്യൻ വരേണ്യ ഫെമിനിസത്തിൻറെ നന്ദിഗ്രാം നിമിഷം’ എന്നു വിശേഷിപ്പിച്ചത്.

ഫെയ്സ്ബുക്കിൽ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്ന ബഹളം എന്നെ തീരെ അതിശയിപ്പിച്ചില്ല. ബുദ്ധിജീവി വൃത്തങ്ങളുടെ പാർശ്വത്തിലും കേന്ദ്രത്തിനടുത്തുമായി ഏകദേശം ഇരുപത്തിയഞ്ച് വർഷം ചെലവഴിച്ചതിൽ നിന്ന് പഠിച്ച ചില പാഠങ്ങൾ ഒരു വട്ടം കൂടി ഉറപ്പിക്കപ്പെട്ടു, അത്ര മാത്രം. ഈ സംഭവങ്ങളിൽ പലരും പ്രകടിപ്പിച്ചു കണ്ട അഴലും ആങ്സ്റ്റും എനിക്ക് തീരെ തോന്നിയുമില്ല. അതിന് ഒരു കാരണം, ഈ മണ്ഡലത്തിൽ പിറന്നു വീണവളല്ല ഞാൻ എന്നതു തന്നെ. കുടുംബ ബന്ധങ്ങളൊന്നുമില്ലാതെ, സ്വന്തം തിരെഞ്ഞടുപ്പിലൂടെ മാത്രമാണ് ഈ മണ്ഡലത്തിൽ കടന്നതും നിൽക്കുന്നതും. ഇന്നും ഇതെന്റെ ഇടമാണെന്ന തോന്നൽ ഉണ്ടായിട്ടില്ല, ഇതിനുള്ളിൽ ജനിച്ചു വളർന്നവർ അങ്ങനെ ഒരു വേരോട്ടം അനുവദിച്ചിട്ടുമില്ല. അതു കൊണ്ട് ഇതിനുള്ളിലെ വൈകൃതങ്ങളും മാലിന്യവും പ്രത്യേകിച്ച് ആങ്സ്റ്റ് ഒന്നും സൃഷ്ടിക്കുന്നില്ല. ചെയ്യുന്ന ആക്ടിവിസത്തിൻറെ വലിയൊരു ഭാഗം ബൗദ്ധിക തോട്ടിപ്പണിയാണെന്നു വിചാരിക്കുന്നതു കൊണ്ട് മാലിന്യങ്ങളെ പ്രതീക്ഷിച്ചു തന്നെയാണിരിക്കുന്നത്. തോട്ടിപ്പണി എന്നു തന്നെയാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്, കാരണം ആ വിധത്തിൽ അപഹസിക്കപ്പെട്ടവരെപ്പോലെ ആരുടെ മാലിന്യമാണോ നീക്കുന്നത്, അവരുടെ നിരന്തരവും രൂക്ഷവുമായ വെറുപ്പു മാത്രമാണ് ഇതിനു ലഭിക്കുന്ന കൂലി.facebook,feminism,j devika

സ്ത്രീകളും പുരുഷന്മാരും പങ്കു വയ്ക്കുന്ന പൊതുസ്ഥലങ്ങളിലും ഇടങ്ങളിലും ഇത്രയധികം പിതൃമേധാവിത്വ മാലിന്യം ഉണ്ടെന്നും, തന്നെയുമല്ല, അവയെ പലപ്പോഴും രൂപീകരിക്കുന്നതു തന്നെ ഈ മാലിന്യങ്ങളാണെന്നും നാം ഇപ്പോഴും കണ്ടെത്തിക്കൊണ്ടിരിക്കുന്നതേയുള്ളു. ഇരുപത്തിയഞ്ച് വർഷത്തെ പരിചയത്തിൽ നിന്ന് ഒരു കാര്യം യാതൊരു സംശയവും കൂടാതെ പറയാം. മാച്ചോ (Macho), അഥവാ ആണത്ത പ്രകടനം, അത് ദൈനംദിന ഇടപെടുകളിലാകട്ടെ, ബൗദ്ധിക ഭാഷയിലും പ്രകടനത്തിലുമാകട്ടെ, യാതൊരുളുപ്പുമില്ലാതെ പ്രദർശിപ്പിക്കുന്ന പുരുഷന്മാർ, അവർ എത്ര തന്നെ ഫെമിനിസം മൊഴിഞ്ഞാലും, എത്ര തന്നെ റാഡിക്കൽ സ്വത്വരാഷ്ട്രീയ അല്ലെങ്കിൽ തൊഴിലാളിവർഗ പാസ്പോർട്ടുകൾ ഹാജരാക്കിയാലും, എപ്പോഴെങ്കിലും ലൈംഗിക കടന്നു കയറ്റത്തിന് ശ്രമിക്കും. കാരണം, ആണത്ത പ്രകടനം ലോക ചരിത്രത്തിൽ എല്ലായ്പ്പോഴും പ്രത്യക്ഷമോ പരോക്ഷമോ ആയ ഹിംസ തന്നെയായിരുന്നു. മേൽകോയ്മ ഉന്നം വയ്ക്കുന്ന എല്ലാ വിഭാഗങ്ങളും സ്വന്തമാക്കാൻ ശ്രമിക്കുന്ന അധികാര രൂപമാണത്. അധിനിവേശക്കാലത്ത് വെള്ളക്കാർ തങ്ങൾക്ക് മാത്രം സാദ്ധ്യമായ അവസ്ഥയായി ആണത്തത്തെ പ്രക്ഷേപിപ്പിച്ചു. ഭൂരിപക്ഷ ദേശീയവാദികൾ എല്ലായ്പ്പോഴും അതു കൈവശം വച്ചു. ഇവയോട് എതിർത്ത ബദലുകൾ മിക്കതും അതിനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. അതുകൊണ്ട് ഇത്തരമൊരു സംഭവം നടന്നുകഴിഞ്ഞശേഷം മാത്രം ആങ്സ്റ്റിൽ മുങ്ങിത്താണതുകൊണ്ടോ പ്രതികരിച്ചതുകൊണ്ടുപോലുമോ സത്യത്തിൽ വ്യത്യാസമുണ്ടാകാനിടയില്ല. നഗ്നമായ കടന്നുകയറ്റത്തിലെത്തും വരെ ആണത്തപ്രകടനം സഹനീയമാണെന്നൊരു പൊതുസമ്മതം മലയാളിബുദ്ധിജീവി വൃത്തങ്ങളിലുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനെതിരെ ആദ്യം തന്നെ പ്രതികരിക്കാതെ പോകുന്നതാണ് ഈ പ്രശ്നത്തെ അങ്ങേയറ്റം രൂക്ഷമാക്കുന്നത്. അതുപോലെ സാമൂഹിക മെച്ചങ്ങൾ കുറച്ചു മാത്രം അനുഭവിക്കുന്ന സാമൂഹികവിഭാഗങ്ങളിലെ പുരുഷന്മാർ ആണത്തപ്രകടനം നടത്തിയാൽ അതിനെ വിമർശിക്കുന്നത് വരേണ്യതയുടെ ലക്ഷണമാണെന്നും പലരും കരുതുന്നു. ഈ വിഷയത്തിൽ അവരെ മാത്രം വിമർശിക്കരുതെന്ന് പറയുന്നത് ന്യായം തന്നെ, എന്നാൽ, അതുകൊണ്ട് ആണത്തപ്രകടനം ന്യായീകരിക്കാവുന്നതല്ല.j devika,facebook,feminism

ഇതു മുൻകൂട്ടിക്കണ്ട് പ്രവർത്തിക്കുന്നതിൽ നിന്ന് നമ്മെ പിൻതിരിപ്പിക്കുന്നതെന്താണ്? എനിക്കു തോന്നിയിട്ടുണ്ട്, ബുദ്ധിജീവി-ആക്ടിവിസ്റ്റുകൾ പങ്കു വയ്ക്കുന്ന ഇടങ്ങളിലെ ദൈനംദിന ഇടപെടലുകൾ പലപ്പോഴും അനൗപചാരികത നിലനിർത്താനെന്ന പേരിൽ കുടുബങ്ങളിലെ ലിംഗപരമായ ഉച്ചനീചത്വത്തിൻറെ ഭാഷയാണ് സ്വീകരിക്കാറ്. എല്ലാ ലിംഗങ്ങളിൽപ്പെട്ടവർക്കും തുല്യവിലയും ശബ്ദവും ഉറപ്പാക്കാൻ ഇത് സഹായകമേയല്ല. കുടുംബത്തിനും ഭരണകൂടത്തിന്റെയും തൊഴിലിന്റെയും സ്ഥാപനങ്ങളിൽ നിന്നും അകന്നുമാറി നാം എതിരിടങ്ങൾ തീർക്കുമ്പോൾ അവിടെയെത്തുന്ന ഓരോ വ്യക്തിയും തനിക്കു ചുറ്റം സ്വകാര്യതയുടേതായ കവചവുമായാണ് വരുന്നത്. കുടുംബത്തിൽ ലഭിക്കാത്ത ആ ചെറുസ്ഥലം, സ്ത്രീകൾക്ക് പ്രത്യേകിച്ചും ഏറ്റവും വിലപ്പെട്ടതാണ്, അതവർ സ്വപ്രയത്നത്തിലൂടെ നിർമ്മിക്കുന്നതാണ്. എന്നാൽ പലപ്പോഴും അവരുടെ ഈ കവചത്തെ ഭേദിക്കാൻ ചെറുതെങ്കിലും നിരന്തരമായ ശ്രമങ്ങളാണ് ഈ ഇടങ്ങളിലും ഉണ്ടാകാറ്. വളരെ ചെറിയ, നിസ്സാരമെന്നു തോന്നുന്ന, നീക്കങ്ങളിലൂടെയാണ് ഇത് പലപ്പോഴും തുടങ്ങുന്നത്. ഉദാഹരണത്തിന്, പ്രായത്തിൽ കുറഞ്ഞവളോ സമപ്രായക്കാരിയോ ആയ ബുദ്ധിജീവിയെ എടീ, പെണ്ണേ എന്നൊക്കെ സംബോധന ചെയ്യുന്നതു വഴി. തിരിച്ച് എടാ എന്നു വിളിക്കുന്ന സ്ത്രീകൾ ഇന്ന് ധാരാളമാണ്, പക്ഷേ അവരുദ്ദേശിക്കുന്ന തുല്യതയുടെ അനൗപചാരികതയല്ല പുരുഷ പ്രമാണിമാരുടേത്. പെണ്ണേ എന്നും മറ്റുമുള്ള വിളിയിൽ അനിഷ്ടം പ്രകടിപ്പിച്ചാൽ ഒന്നുകിൽ അഹങ്കാരി, വരേണ്യ, അല്ലെങ്കിൽ എല്ലാം ഔപചാരികമായിരിക്കണമെന്ന് ശാഠ്യം പിടിക്കുന്ന അരസിക എന്ന് വിലയിരുത്തപ്പെടും. ബദലിടങ്ങൾ തേടിയെത്തുന്ന സ്ത്രീകൾക്ക് പലപ്പോഴും അതു കൊടുക്കാവുന്നതിലും വലിയ വിലയാണ്. കാരണം, കുടുംബത്തിലും പുറത്തുമുള്ള ഒറ്റപ്പെടലിൽ അനുഭവിക്കാനാവാതെ പോകുന്ന വൈകാരിക ഊഷ്മളത കൂടി തിരഞ്ഞാണ് അവരിൽ പലരും ഈ ഇടങ്ങളിലെത്തുന്നത്.

കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷത്തെ പരിചയത്തിൽ ഇത്തരം അനുഭവം നേരിടേണ്ടി വന്ന അനവധി സ്ത്രീകളെ ഈ മണ്ഡലത്തിൽ പല ഇടങ്ങളിലും ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. അവരാരും പരാതിപ്പെടാൻ ധൈര്യം കാണിച്ചിട്ടില്ല. അതു കൊണ്ടു മാത്രമാണ് ഇന്ന് നാം വാഴ്ത്തുന്ന പല പുരുഷ ബുദ്ധിജീവികളും പിടിച്ചു നിൽക്കുന്നത്. ഈ വിളിച്ചു പറയൽ ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ. പിതൃമേധാവിത്വം നിഷേധിച്ച വൈകാരിക ഊഷ്മളതയും അടുപ്പങ്ങളും പുതുതായി സൃഷ്ടിക്കാൻ ചൂഷണ രഹിത ഇടങ്ങൾ ഉണ്ടാക്കുന്നതാണ് ഈ മണ്ഡലത്തിലെ സ്ത്രീകൾക്കു മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി. സമൂഹത്തിൻറെ ഉച്ചനീചത്വ ശ്രേണികൾക്കു പുറത്ത് തുല്യതയിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായ മൂല്യങ്ങൾ സൃഷ്ടിക്കാനുള്ള സാദ്ധ്യത പോലും ഇതിനെ ആശ്രയിച്ചാണ് നിൽക്കുന്നത്.

ചിത്രീകരണം: വിഷ്ണുറാം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Alternate spaces masculinity sexuality j devika