ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ പരാജയം ഗൗരവവമേറിയ രാഷ്ട്രീയവിഷയമാണ്. അഖിലേന്ത്യാ പാര്‍ട്ടി പോയിട്ട് സംസ്ഥാന പാര്‍ട്ടി പോലുമല്ലാതായിരിക്കുകയാണ് സി.പി.എം. പശ്ചിമ ബംഗാളിലും ത്രിപുരയിലും നേരത്തെ ഉണ്ടായ തകര്‍ച്ചയെ മറി കടക്കാനായില്ലെന്നു മാത്രമല്ല, ഇനി കരകയറാനാകാത്ത അവസ്ഥയാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ ഒരു സീറ്റു പോലും ഒരു വിജയമെന്ന് പറയാനാകാത്ത വിധം ചെറിയ ഭൂരിപക്ഷത്തില്‍ കടന്നുകൂടിയതാണ്. തമിഴ്നാട്ടില്‍ സിപിഐക്കും സിപിഎമ്മിനും രണ്ടു വീതം സീറ്റുകള്‍ ഡിഎംകെയുടെ ഔദാര്യം കൊണ്ടു മാത്രം കിട്ടിയതാണ്. അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ യാതൊരു സ്വാധീനവും ചെലുത്താനാകാത്ത വിധം ഇടതുപക്ഷം ഇത്രമാത്രം പിന്നോട്ടടിച്ച ഒരവസ്ഥ ഇതിനു മുമ്പുണ്ടായിട്ടില്ല. ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടി താല്‍ക്കാലിക മല്ലെന്നു തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അഖിലേന്ത്യാതലത്തില്‍ നേരിട്ട തിരിച്ചടി താല്ക്കാലികമാണെന്നു വിലയിരുത്തുന്നത് സാധൂകരിക്കാനാവില്ല.
കേരളത്തിലെയും ത്രിപുരയിലെയും സിപിഎം സംസ്ഥാന നേതൃത്വങ്ങള്‍ അവരുടെ തോല്‍വിക്ക് ഒരു പ്രധാന കാരണമായി പറയുന്നത് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം, പ്രത്യേകിച്ചും സീതാറാം യെചൂരി അഖിലേന്ത്യാതലത്തില്‍ കോണ്ഗ്രസുമായി ധാരണയുണ്ടാക്കനണമെന്ന നിര്‍ദ്ദേശം വെച്ചതാണ്. അത് അനുഭാവികളിലും ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കിയത്രേ. ഇത് വഴി എടുത്തുപറയാവുന്ന വോട്ടു നഷ്ടം ഉണ്ടായി എന്നു കരുതുക ബുദ്ധിമുട്ടാണ്.
ബംഗാളിലെയും ത്രിപുരയിലെയും അന്തരീക്ഷത്തില്‍ നിന്നു വ്യത്യസ്തമായ സാഹചര്യം കേരളത്തിലുണ്ടെന്നതില്‍ തര്‍ക്കമുണ്ടാവില്ല. ബംഗാളില്‍ തുടര്‍ച്ചയായി 35 വര്ഷം ഭരിക്കുക വഴി അധികാരം തങ്ങളുടെ കുത്തകയാണെന്ന ധാരണയോടെ അധികാരിവര്‍ഗമായി മാറിയ ഇടതുപക്ഷ നേതൃത്വങ്ങള്‍ ജനങ്ങളില്‍ നിന്നു അകന്നു പോവുകയാണുണ്ടായത്. ഈ നേതൃത്വങ്ങള്‍ക്ക് സംഭവിച്ച അപചയത്തെക്കുറിച്ചു പല വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. അവിടത്തെ ഗ്രാമങ്ങളിലെ ജനങ്ങളെ വോട്ടു ചെയ്യാന്‍ അനുവദിക്കാറില്ലത്രേ. അവര്‍ക്ക് വേണ്ടി ഇടത് പാര്‍ട്ടിക്കാരാണത്രേ വോട്ടു ചെയ്യാറുള്ളത്. കൂടാതെ എതിരാളികളെ ആക്രമിക്കുകയും ഉന്മൂലനം ചെയ്യുകയും പതിവായിരുന്നു. ബിജെപിക്കാരുമായുള്ള സംഘട്ടനങ്ങള്‍ കേരളത്തിലും നടക്കാറുണ്ടല്ലോ. ബംഗാളില്‍ ബി.ജെ.പി.യേക്കാള്‍ സിപിഎമ്മിനെ അവരുടെ ശൈലിയില്‍ തന്നെ തിരിച്ചടിച്ചത് തൃണമൂല്‍ കോണ്ഗ്രസ് ആണ്. ദീര്‍ഘകാലം അധികാരം കയ്യാളിയിരുന്ന സിപിഎമ്മിനെതിരെ നിലനിന്നിരുന്ന ജനരോഷത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് തൃണമൂല്‍ മുന്നേറുകയും സിപിഎമ്മിനെ പടിപടിയായി തകര്‍ത്തെറിയുകയും ചെയ്തത്.
കേരളത്തിലേക്ക് വരുമ്പോള്‍ സാഹചര്യം ഏറെ വ്യത്യസ്തമാണ്. തൃണമൂലിനെപ്പോലുള്ള ഒരു എതിരാളി ഇവിടെയില്ല. അതുകൊണ്ടുതന്നെ സിപിഎമ്മിന്‍റെ തകര്‍ച്ചയുടെ കാരണങ്ങളും വ്യത്യസ്തമായിരിക്കും. ഇവിടെ ഇടതുപക്ഷം ഒരിക്കലും തുടര്‍ച്ചയായി അധികാരത്തില്‍ ഇരുന്നിട്ടില്ല. ഇടതുമുന്നണിയും ഐക്യജനാധിപത്യമുന്നണിയും ഇവിടെ മാറി മാറിയാണ് അധികാരത്തില്‍ വരുന്നത്. അതുകൊണ്ടു കുത്തകാധികാര അന്തരീക്ഷം ഇവിടെ ഉണ്ടാകുന്നില്ല. ആദ്യകാലങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനം, പ്രത്യേകിച്ചും ഇടതുപക്ഷ പാര്‍ട്ടികള്‍ അധികാരി വര്‍ഗത്തിനെതിരെ ജനങ്ങളോടൊപ്പം നിന്നു പൊരുതുന്ന ജനങ്ങളുടെ പാര്‍ട്ടികളായിരുന്നു. പിന്നീട് ഇടതുപക്ഷവും അധികാരത്തില്‍ വരാന്‍ തുടങ്ങിയതോടെ ഈ പാര്‍ട്ടികളിലും, പ്രതേകിച്ചും നേതൃനിരകളില്‍ അധികാരിവര്‍ഗ പ്രവണതകള്‍ വളര്‍ന്നു വരാന്‍ തുടങ്ങി. സംഘടനാപരമായ നടപടികള്‍ കൊണ്ടൊന്നും അത് തടയാനാകുമായിരുന്നില്ല.
തങ്ങള്‍ അധികാരികള്‍ ആണെന്ന ചിന്ത അഥവാ അധികാരിവര്‍ഗബോധം പുലര്‍ത്തുന്നവര്‍ക്ക് ജനങ്ങളെ തങ്ങള്‍ക്കു തുല്യരായി കാണാന്‍ പറ്റില്ല. അവര്‍ എപ്പോഴും തങ്ങള്‍ ജനങ്ങള്‍ക്ക് മുകളിലാണെന്ന ബോധം നിലനിര്‍ത്തുന്നവര്‍ ആയിരിക്കും. സ്വാഭാവികമായും ഇത്തരക്കാര്‍ ജനങ്ങളില്‍ നിന്നു അകലെയായിരിക്കും. അധികാര പാര്‍ട്ടി ആകുന്നതോടെ പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും ബോധത്തില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഇത്തരം പരിണാമം പ്രമേയം പാസ്സാക്കിയത് കൊണ്ടോ ഉപദേശം നല്‍കിയോ മാറ്റാനാവില്ല. കഴിഞ്ഞ മുപ്പതു കൊല്ലത്തെ സിപിഎം ചരിത്രം പരിശോധിച്ചാല്‍ അനവധി പ്ലീനങ്ങളിലും മറ്റു സമ്മേളനങ്ങളിലുമായി എത്രയോ തെറ്റു തിരുത്തല്‍ പ്രമേയങ്ങള്‍ പാസ്സാക്കിയിട്ടുള്ളത് കാണാം. അവയൊന്നും നടപ്പിലാക്കപ്പെട്ടുമില്ല.
പുതിയ കൊല്‍ക്കത്താ പ്ലീനം (2015) പാസ്സാക്കിയ തെറ്റുതിരുത്തല്‍ പ്രമേയം നിര്‍ദ്ദേശിക്കുന്ന തിരുത്തല്‍ നടപടികളൊന്നും നടപ്പിലായില്ലെന്ന വിലാപമാണ് സിപിഎം കേന്ദ്ര നേതൃത്വം ആവര്‍ത്തിച്ച് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് ഒരു പ്രധാന കാരണം മേല്‍പ്പറഞ്ഞ തെറ്റു തിരുത്തലുകള്‍ നടത്താതിരുന്നതാണെന്നാണ് നേതൃത്വത്തിന്‍റെ വാദം. ഓരോ തിരഞ്ഞെടുപ്പ് പരാജയം സംഭവിക്കുമ്പോഴും സമാനമായ വാദങ്ങള്‍ തന്നെയാണ് ഉന്നയിക്കപ്പെടാറുള്ളതെന്ന കാര്യം ഈ നേതൃത്വങ്ങള്‍ക്ക് അറിയാത്തതല്ല. പക്ഷെ നടപ്പിലാക്കപ്പെടാന്‍ പോകുന്നില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ ഇത്തരം വാദങ്ങള്‍ ആവര്‍ത്തിക്കുകയല്ലാതെ ഈ നേതൃത്വ ങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്ന കേന്ദ്ര നേതൃത്വത്തിന്‍റെ ഉപദേശമാണ് ഏറ്റവും അവസാനം ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്.
ശബരിമല വിഷയം പരാജയത്തിന്‍റെ കാരണങ്ങളിലൊന്നാണെന്ന് സിപിഎമ്മിന്‍റെ കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ പരോക്ഷമായി സമ്മതിക്കുന്നുണ്ട്. ഇടതുപക്ഷ അനുഭാവികളില്‍ ഒരു വിഭാഗത്തെ വിശ്വാസത്തിന്‍റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാന്‍ തല്പ്പരകക്ഷികള്‍ക്ക് കഴിഞ്ഞു എന്ന പൊതു പ്രസ്ഥാവനക്ക് അപ്പുറം കടക്കാതെയാണ് ഈ വിഷയം പരാമര്‍ശിക്കു ന്നതും. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്ന ഇടതുപക്ഷത്തിന്‍റെയും പിണറായി സര്‍ക്കാരിന്‍റെയും നിലപാടുകള്‍ ശരിയായിരുന്നു. കോടതിവിധികളോട് വിയോജിക്കുമ്പോഴും കോടതികളെ പൊതുവില്‍ ബഹുമാനിക്കുന്നവരാണ് സാധാരണ ജനങ്ങള്‍.
കേരളത്തിലെയും മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കോടിക്കണക്കിനു അയ്യപ്പഭക്തരില്‍ കമ്മ്യൂണിസ്റ്റ്കാര്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയക്കാരെയും കാണാം. ഇവരിലധികം പേരും വിശ്വാസവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കാതിരിക്കുന്നതും കാണാവുന്നതാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടതി വിധി ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം എന്തു വില കൊടുത്തും താനത് നടപ്പിലാക്കുമെന്നു ഔദ്ധത്യപൂര്‍വ്വം പ്രസ്താവിച്ചത് ഒരു വിഭാഗം ഭക്തരെ പ്രകോപിപ്പിചിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്. കോടതി വിധിയും അതനുസരിച്ചുള്ള നിലപാടും അംഗീകരിച്ചുകൊണ്ട് തന്നെ ജനങ്ങളുമായി ചര്‍ച്ച ചെയ്തും അവരെ ബോധ്യപ്പെടുത്തിയും മാത്രമേ അത് നടപ്പിലാക്കൂ എന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കില്‍ ഒരു പ്രകോപനവും ഉണ്ടാവുമായിരുന്നില്ല. പക്ഷെ അതിനാവശ്യമായ പക്വത മുഖ്യമന്ത്രി പ്രകടിപ്പിച്ചില്ല. ശബരിമലയുമായി ബന്ധപ്പെട്ടുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിടുള്ള അപ്രീതിക്ക് മുഖ്യമന്ത്രിയുടെ ഈ അപക്വ സമീപനം കാരണമായിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ ശബരിമല സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് വാസ്തവമാണ്. പക്ഷെ ശബരിമലയുമായി ബന്ധപ്പെട്ടു സമൂഹത്തിലെ ഗണ്യമായ വിഭാഗം ജനങ്ങള്‍ വിശ്വാസത്തിന്‍റെ പക്ഷം ചേര്‍ന്നെങ്കിലും അതനുസരിച്ചല്ല അവരെല്ലാം വോട്ടു ചെയ്തതെന്ന് വ്യക്തമാണ്. അങ്ങിനെ ചെയ്തിരുന്നെങ്കില്‍ ബിജെപിക്കു വന്‍ തോതില്‍ വോട്ടു വര്‍ദ്ധിക്കേണ്ട തായിരുന്നു. അതുണ്ടായില്ല. നേരിയ തോതിലുള്ള വോട്ടു വര്‍ദ്ധനവ് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. യുഡിഎഫിന് ലഭിച്ച വന്‍ ഭൂരിപക്ഷ ത്തില്‍ ഒരു ഭാഗം ശബരിമല വോട്ടു തന്നെയാണ്. പക്ഷേ അത് വലിയൊരു പങ്കു വരില്ലെന്നു കാണാം. യുഡിഎഫ് വോട്ടില്‍ ഗണ്യമായ ഭാഗവും രാഷ്ട്രീയ വോട്ടു തന്നെയാണ്. അഖിലേന്ത്യാ തലത്തില്‍ ഇടതു പക്ഷത്തിനു ഫലപ്രദമായ പങ്കൊന്നും വഹിക്കാനില്ലെന്നും കോണ്ഗ്രസ്സിനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നുമുള്ള ജനങ്ങളുടെ തിരിച്ചറിവാണ് വന്‍തോതില്‍ വോട്ടു യുഡിഎഫിന് അനുകൂലമായി മാറ്റിയത്.
മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇവിടത്തെ മതേതര ജനാധിപത്യ ഘടനയില്‍ വലിയ അഴിച്ചു പണികള്‍ സംഭവിക്കുകയും അത് തങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുകയും ചെയ്യുമെന്ന ആശങ്ക ന്യൂനപക്ഷങ്ങളെ ഗണ്യമായി ബാധിച്ചിരുന്നു. മതേതരത്വത്തെ സംരക്ഷിക്കാന്‍ അഖിലേന്ത്യാ തലത്തില്‍ കോണ്ഗ്രസ്സിനു പിന്തുണ നല്‍കുക തങ്ങളുടെ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞ ന്യൂനപക്ഷങ്ങള്‍ ഒന്നടങ്കം യുഡിഎഫിന് പിന്തുണ നല്‍കുകയായിരുന്നു. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത് ഈ അന്തരീക്ഷത്തെ സജീവമാക്കുകയും ചെയ്തു. ഇടതുപക്ഷത്തിന് അഖിലേന്ത്യാതലത്തില്‍ ഒന്നും ചെയ്യാനില്ലെന്ന തിരിച്ചറിവും ഈ പ്രവണതയെ ശക്തിപ്പെടുത്തി.
തങ്ങളുടെപരമ്പരാഗത വോട്ടുബാങ്കില്‍ ചോര്ച്ചയുണ്ടായെന്നു ഇടതുപക്ഷം തന്നെ സമ്മതിക്കുന്നുണ്ട്. തങ്ങളുടെ ഉറച്ച വോട്ടുകളല്ല, അനുഭാവി വോട്ടുകളിലാണ് ചോര്ച്ചയുണ്ടായതെന്നും നേതൃത്വങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ബംഗാളില്‍ പ്രകടമായ വോട്ടു ചോര്‍ച്ച ഇവിടെയും തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ബംഗാളിലേതു പോലെ ഇടതുപക്ഷം ദീര്‍ഘകാലം തുടര്‍ച്ചയായി ഇവിടെ അധികാരത്തില്‍ ഇരുന്നിട്ടില്ലെങ്കിലും ജനങ്ങളുടെ മുന്നില്‍ അവര്‍ അധികാരിവര്‍ഗം തന്നെയാണ്. സംസ്ഥാനാധികാരത്തില്‍ ഇല്ലാത്തപ്പോഴും ത്രിതല പഞ്ചായത്തുകളിലും സഹകരണ സംഘങ്ങളിലും സഹകരണ ബാങ്കുകളിലും എല്ലാം ഇടതുപക്ഷം അധികാരം കയ്യാളുന്നവരാണ്. ജനാധിപത്യ പാര്ട്ടികളുടെതില്‍ നിന്നു വ്യത്യസ്തമായ പാര്‍ട്ടി ഘടനയുള്ള ഇടതുപക്ഷ പാര്ട്ടികകുടെ അധികാരപ്രയോഗത്തിലും ആ വ്യത്യാസം പ്രകടമാവും. അധികാരിവര്‍ഗത്തില്‍ നിന്നു ജനങ്ങള്‍ എപ്പോഴും അകന്നു നില്‍ക്കുന്നത് സ്വാഭാവികം മാത്രമാണ്. പശ്ചിമ ബംഗാളിലെ പോലെ അത്രക്കില്ലെങ്കിലും ഇടതുപക്ഷ അധികാരി വര്‍ഗത്തില്‍ നിന്നു ഇവിടെയും ജനങ്ങള്‍ അകന്നുകൊണ്ടിരിക്കുന്നുണ്ട്. അത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും കണ്ടത്. ഇടതുപക്ഷത്തിന്‍റെ വോട്ടു ചോര്‍ച്ചയില്‍ ശബരിമലയോടൊപ്പം ഇതും ഒരു കാരണമായിരുന്നു.
എല്ലാ അര്‍ത്ഥത്തിലും ഇടതുപക്ഷപാര്‍ട്ടികള്‍ ജനാധിപത്യപാര്‍ട്ടികള്‍ ആയാല്‍ മാത്രമേ ജനങ്ങളില്‍ നിന്നുള്ള ഈ അകല്‍ച്ച കുറച്ചുകൊണ്ട് വരുവാന്‍ കഴിയൂ. ഇടതുപക്ഷ പാര്‍ട്ടികളുടെ അത്തരമൊരു പരിണാമം സമീപഭാവിയില്‍ സംഭവിക്കുമെന്ന് കരുതാനാവില്ല.