പോയ നിമിഷങ്ങളിലേക്ക് തിരികെ നടക്കാനാവുമോ? ഇല്ല. പോയ നിമിഷങ്ങൾ പോയതു തന്നെ. എങ്കിലും ഓർമകളിലൂടെ അവയെ കൂടെ കൂട്ടാനാവും. സ്ഥലകാലങ്ങളെ ഭക്ഷിച്ചുകൊണ്ടേ നമുക്ക് നാമായിരിക്കാനാവൂ. ഷണ്മുഖൻ തന്നുപോയ ഒരു കവിതാശകലത്തിന്റെ പാഠാനുഭവമാണിത്.

1973 – 74 കാലം. “പശുക്കുട്ടിയെ വിറ്റുകിട്ടിയ കാശുമായാണ് ഞാൻ വന്നിരിക്കുന്നത്.” കൊച്ചി സർവകലാശാലയിൽനിന്ന് ഹിന്ദി എം. എ. പാസ്സായ ശേഷം അവിടെത്തന്നെ ഗവേഷണപഠനത്തിനെത്തിയ ഷണ്മുഖൻ മഹാരാജാസിൽ നിന്നെത്തിയ എന്നെ സ്വയം പരിചയപ്പെടുത്തിയതിങ്ങനെ. ഇതിലും നന്നായി, സമഗ്രമായി, എങ്ങനെയാണ് ഒരു യുവവിദ്യാർത്ഥി സ്വയം പരിചയപ്പെടുത്തുക! തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തിനിടയിലും എനിക്കിങ്ങനെ തുറന്ന ആത്മപ്രകാശനം സാധ്യമാകുന്നില്ലല്ലോ എന്ന ജാള്യതയിലായിരുന്നു ഞാനപ്പോൾ.

മദനശ്ശേരി ഷണ്മുഖൻ എന്ന എം. ഷണ്മുഖനിൽ നിന്ന് ‘ഷണ്മുഖൻ പുലാപ്പറ്റ’ യിലേക്ക് ഈ വിദ്യാർത്ഥി വളർന്നു പന്തലിച്ചത് എത്രയും നിശ്ശബ്ദവും സ്വാഭാവികവുമായ ഒരു വിപ്ലവ പാരമ്പരയാകുന്നു. ആ പേരിലെ ആറു മുഖങ്ങളും ഒരേസമയം ഭിന്ന ദിശകളുമായി സംവദിച്ചുകൊണ്ടേയിരുന്നു. എഴുപതുകളിലെ യുവത്വം ഏകശിലാവിഗ്രഹമായിരുന്നില്ല. ബഹുമുഖമായ പിൽക്കാല കീഴാള രാഷ്ട്രീയം ബീജരൂപത്തിൽ സംവഹിക്കാൻ കഴിഞ്ഞതാണ് അതിന്റെ അതിജീവന രഹസ്യം. ഷണ്മുഖൻ തന്നെ ദൃഷ്ടാന്തം.

കൊച്ചി സർവകലാശാലയിലെ ഗവേഷകവേഷം എനിക്കൊരു മുഖാവരണം മാത്രമായിരുന്നു. എന്നിലെ നക്സലൈറ്റിനെ മറച്ചുപിടിക്കാനൊരു അഡ്രസ്‌. താമസസൗകര്യം. നിത്യച്ചെലവിനുള്ള പണം. ഇതൊക്കെയാണ് ഈ വേഷപ്പകർച്ചകൊണ്ടു സാധ്യമായത്. മഹാരാജാസ്‌ വിടുമ്പോഴേക്കും, മേലിൽ നക്സലൈറ്റാവില്ലെന്ന് പോലീസിനു മുമ്പിൽ കുമ്പസാരിച്ച് ‘നല്ല കുട്ടി’ യാകുന്നതിൽ ഞാൻ വേണ്ടത്ര വിശ്വാസ്യത നേടിക്കഴിഞ്ഞിരുന്നു.
തുറന്ന പ്രകൃതക്കാരനായ ഷണ്മുഖൻ പക്ഷേ എന്റെയത്ര വക്രബുദ്ധിക്കാരനായിരുന്നില്ല. അയാളുടെ കവചകുണ്ഡലങ്ങൾ സഹജമായ സൗമ്യതയും ക്ഷമാശീലവും ഹൃദയവിശാലതയും മനുഷ്യപ്പറ്റുമായിരുന്നു. ഞാൻ പ്രസ്ഥാനം വിട്ടപ്പോഴും അതിന്റെ മാതൃധാരയിൽ തുടർന്നുകൊണ്ടുതന്നെ വ്യത്യസ്ത രാഷ്ട്രീയ ധാരകളുമായി ആരോഗ്യകരമായി സംവദിക്കാനുള്ള കഴിവയാൾ നേടിയതും മേൽ പറഞ്ഞ ഗുണങ്ങൾകൊണ്ടാണ്‌.

എന്നെപ്പോലെ അയാളൊരു വ്യാജഗവേഷകനാകരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു. ഭാഗ്യവശാൽ എന്നെ അനുകരിക്കാനുള്ള ശ്രമമൊന്നും അയാളിൽ കണ്ടതുമില്ല.
അടിയന്തിരാവസ്ഥക്കാലത്ത്, ഒളിവിലായിരുന്ന കെ. വേണു യൂണിവേഴ്‌സിറ്റിയിൽ വന്നിരുന്നു. എന്റെ മൂത്ത സഹോദരനുമായി മുഖസാദൃശ്യമുണ്ടായിരുന്ന വേണുവിനെ ചേട്ടനെന്ന നിലയിലാണ് ഞാൻ കൂടെ കൊണ്ടുനടന്നത്. ഷണ്മുഖനോടും മറ്റൊരു ആത്മസുഹൃത്തായ മുരളിയോടും (കെ. ജി. മുരളീധരൻ) ചേട്ടനാണെന്നു തന്നെയാണ് പറഞ്ഞത്. വാസ്തവം ഇരുവർക്കും മനസ്സിലാകാതിരുന്നില്ല. ഏതിനും അവരുടെ ജാഗ്രതയും സഹായവും ഉണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും ഇങ്ങനെയൊരഭിനയം വേണ്ടിവന്നതിലുള്ള വിഷമം ഇപ്പോഴുമുണ്ട്; അതവരുടെ തന്നെ രക്ഷക്കുവേണ്ടിയിട്ടായിരുന്നുവെങ്കിൽക്കൂടി. ഒരു തുകൽ ബാഗ് നിറയെ സ്ഫോടകവസ്തുക്കൾ പാർട്ടി നിർദ്ദേശപ്രകാരം സംഘടിപ്പിച്ചു തന്ന ഷണ്മുഖനോടായിരുന്നു രഹസ്യം സൂക്ഷിക്കാനെന്ന പേരിൽ എന്റെ അഭിനയമെന്നോർക്കുക!
എന്റെ സംസാരത്തിലെ രൂക്ഷതയെ സൗമ്യമായ പുഞ്ചിരിയോടെ ഒരിക്കൽ ഷണ്മുഖൻ വിമർശിച്ചതുമോർക്കുന്നു. അതും അടിയന്തിരാവസ്ഥക്കാലത്താണ്. പ്രശസ്ത വിപ്ലവകാരിയും സാഹിത്യകാരനുമായ യശ് പാൽ ഹിന്ദി ഡിപ്പാർട്ടുമെന്റ് സന്ദർശിച്ച സന്ദർഭം. സ്റ്റേറ്റ് ഗസ്റ്റായിട്ടാണ് യശ്‌പാലിന്റെ വരവ്. അദ്ദേഹത്തിന്റെ വരവിൽ, ഇടതുപക്ഷക്കാരായി അറിയപ്പെട്ടിരുന്ന ഞങ്ങളൊക്കെ, വളരെ സന്തോഷിക്കുമെന്നായിരുന്നു ശുദ്ധഗതിക്കാരനായ ഡിപ്പാർട്ടുമെന്റ് മേധാവി ഡോ. വിശ്വനാഥ അയ്യർസാർ കരുതിയത്. സംഭവിച്ചത് മറിച്ചാണ്.
പ്രഭാഷണാനന്തരം ഇനി ചോദ്യങ്ങളാകാമെന്നായി യശപാൽ. താങ്കൾ വിപ്ലവകാരി ആയിരുന്നപ്പോഴത്തെ എഴുത്തും ഇപ്പോഴത്തേതും തമ്മിൽ ഗുണപരമായ വ്യത്യാസമുണ്ടല്ലോ. അതേക്കുറിച്ച് എന്തു പറയുന്നു? സദസ്സിൽ നിന്നുയർന്ന ഈ ചോദ്യത്തെ, “എന്താ ഞാനിപ്പോഴും പിസ്റ്റലെടുക്കണമെന്നാണോ നിങ്ങളാവശ്യപ്പെടുന്നത് ” എന്നൊരു മറുചോദ്യം കൊണ്ടാണ് അദ്ദേഹം നേരിട്ടത്. തുടർന്ന് സദസ്സാകെ ഉത്തരം മുട്ടിയ പോലെ നിശ്ശബ്ദമായി.

shanmugan pulappatta, m leelavathi, vaishakan,

പൂർവ്വവിദ്യാർത്ഥികൾ ഷൺമുഖൻ പുലാപ്പറ്റയ്ക്ക് നൽകിയ യാത്രയയപ്പ് ഡോ. എം.ലീലാവതി, വൈശാഖൻ, വി. വിജയകുമാർ, പി സോമൻ എന്നിവർ

എന്നിലെ നക്സലൈറ്റിനു പക്ഷെ പ്രതികരിക്കാതിരിക്കാനായില്ല. സഭാകമ്പം വകവെക്കാതെ ഞാൻ തലയുയർത്തി. “സർ, വയോധികനായ ശ്രീശ്രീ അറസ്റ്റിലാണെന്നറിയാമോ?” ഞാൻ ചോദിച്ചു. ” ഇല്ല; അറിയില്ല.” ശാന്തസ്വരത്തിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്റെ ശബ്ദം പെട്ടെന്ന് രൂക്ഷമായി. “അതെ, താങ്കളറിയണം. അദ്ദേഹം അറസ്റ്റിലാണ്. പിസ്റ്റലെടുത്തതിനല്ല; പേനയെടുത്തതിനുതന്നെ. എന്തുകൊണ്ടാണ് ശ്രീശ്രീയെപ്പോലുള്ള എഴുത്തുകാർ തടവറയിൽ കിടക്കുമ്പോൾ മറ്റു ചിലർക്ക് സംസ്ഥാന സർക്കാരുകളുടെ ആതിഥ്യം ആസ്വദിച്ച് നാട് ചുറ്റാനാകുന്നത്? ” പരുഷമായ ഹിന്ദിയിലാണ് ഞാനീ ചോദ്യങ്ങൾ, ഇന്ത്യയൊട്ടാകെ ആദരിക്കുന്ന, അദ്ദേഹത്തോട് നേരിട്ട് ചോദിക്കുന്നത്.
സദസ്സ് വീണ്ടും നിശ്ശബ്ദമായി. യശ്പാൽ പിന്നീട് ഒരക്ഷരം മിണ്ടിയില്ല. യാതൊരു ഔപചാരികതക്കും കാത്തുനിൽക്കാതെ വിറച്ചുകൊണ്ടദ്ദേഹം വേദിവിട്ട് നേരെ സ്റ്റേറ്റ് കാറിലേക്ക് പോയി. കൂടെ സഹധർമ്മിണിയും. അനുനയശ്രമങ്ങൾ കണ്ടതായിപ്പോലും ഭാവിക്കാതെ അദ്ദേഹം സ്ഥലം വിട്ടു.

ഡിപ്പാർട്ടുമെന്റാകെ രണ്ടായി തിരിഞ്ഞു പരസ്പരം വാദിക്കുന്നതാണ് പിന്നീട് കണ്ടത്. അതിഥിയെ അപമാനിച്ചുവിട്ടുവെന്ന ആരോപണം പിന്തുടരുന്നത് എനിക്കു കേൾക്കാമായിരുന്നു. സംഗതി പിടിപ്പുകേടായിപ്പോയെന്ന കുറ്റബോധം എനിക്കുമുണ്ടായി. എങ്കിലും അതിലെ ‘രാഷ്ട്രീയമായ ശരി’ യുടെ അഹന്തയിലായിരുന്നു ഞാൻ. എന്റെ ഗൈഡ് വിജയൻ സാറും അടുത്ത സുഹൃത്തുക്കളും എനിക്കൊപ്പം നിന്നു. “നിനക്ക് കുറച്ചുകൂടി മയത്തിലാകാമായിരുന്നു” എന്നു പറഞ്ഞാണ് ഷണ്മുഖൻ എന്നെ ആശ്വസിപ്പിച്ചത്. എന്റെ വാക്കുകളിലെ ഹിംസാത്മകത കണ്ണാടിയിലെന്നപോലെ ഞാനയാളുടെ സാന്ത്വനത്തിൽ നിഴലിച്ചു കണ്ടു. ആ പിടിപ്പുകേടിന്റെ രാഷ്ട്രീയ മാനം അപ്പോഴാണെനിക്ക് ബോധ്യമായത്. സ്നേഹമില്ലാത്ത വിമർശനവും വിമർശനമില്ലാത്ത സ്നേഹവും നന്നല്ലെന്ന തിരിച്ചറിവ് വേണ്ടവിധം പ്രായോഗികമാക്കാൻ കഴിയുന്നില്ലല്ലോ എന്നതാണ് അന്നും ഇന്നും എന്നെ പിന്തുടരുന്ന ദുഃഖം.

തുടക്കം മുതൽ അവർണവും സ്ത്രൈണവുമായ ഒന്നായിരുന്നു ഷണ്മുഖന്റെ മനുഷ്യ സങ്കല്പവും വിപ്ലവ സങ്കല്പവും. സൂക്ഷ്മ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ എനിക്ക് മാരകമായ ബൗദ്ധികോപകരണങ്ങൾ വേണ്ടിവന്നപ്പോൾ, ഹൃദയത്തിന്റെ ഭാഷയിൽ എത്രയും സർഗാത്മകമായി ഷണ്മുഖൻ അത് അനായാസം സാധിക്കുന്നതു കണ്ട് ഞാൻ അന്ധാളിച്ചിട്ടുണ്ട്. ശരിക്കും നല്ല കുട്ടി ആയിരുന്നുകൊണ്ടു തന്നെ നല്ല വിപ്ലവകാരിയാകാൻ കഴിയുമെന്നയാൾ ജീവിച്ചു കാണിച്ചു.

ഞങ്ങൾ തമ്മിലുള്ള ഈ അന്തരം, പരിചയപ്പെട്ട ആദ്യനിമിഷം മുതലേ തിരിച്ചറിയാനായതാകണം എന്റെ നേട്ടം. ഒരിക്കൽ പോലും ഒരു കാര്യത്തെക്കുറിച്ചും തർക്കിക്കേണ്ടി വന്നിട്ടില്ലാത്ത കമ്യൂണിസ്റ്റു സുഹൃത്തുക്കളിൽ മുൻനിരയിലായിരുന്നു ഷണ്മുഖൻ. ഏകശിലാത്മകമായ പഴയ പാർട്ടി ഘടനയെ ഒരു നിശ്ശബ്ദ വിപ്ലവപരമ്പരയിലൂടെ എങ്ങനെ വ്യത്യസ്തതകളുടെ സഹവർത്തിത്വവും കീഴാള ഉള്ളടക്കവും കൊണ്ടു സ്ഥാനാന്തരം ചെയ്യാമെന്നായിരിക്കാം ഒരുപക്ഷേ ഡോ. ഷണ്മുഖൻ പുലാപ്പറ്റ സ്വന്തം ജീവിതം കൊണ്ട് നമ്മെ പഠിപ്പിക്കുന്നത്. സുഹൃത്തും സഖാവും അടിമുടി കീഴാള അധ്യാപകനുമായ അദ്ദേഹം.

ak raveendran, naxalite, shanmugan pulappatta,എ.കെ.രവീന്ദ്രൻ : മഹാരാജാസ് കോളേജിൽ നിന്നും  ഹിന്ദിയിൽ മാസ്റ്റർ ബിരുദം നേടിയതിനു ശേഷം കൊച്ചിൻ  യൂണിവേഴ്സിറ്റിയിൽ ഗവേഷണം  തുടങ്ങിയെങ്കിലും പൂർത്തീകരിച്ചില്ല. ഇടുക്കി ജില്ലയിലെ മലയോരപ്രദേശങ്ങളിൽ അധ്യാപകനായി പ്രവർത്തിച്ചു. യൂണിവേഴ്സിറ്റിയിലെ പഠനകാലത്തും തുടർന്നും ആദ്യകാല നക്സലൈറ്റ്  പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു. രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രശ്നങ്ങളിൽ ഇന്നും സജീവമായി ഇടപെടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ