ബഹുജന ഹിതായ, ബഹുജന സുഖായ!
ആമയും മുയലുമായുള്ള മത്സര ഓട്ടത്തിനിടെ മുയലിനെ മയക്കി കിടത്തിയതാര്?
ആകാശവാണിക്ക് ഒരു സുവര്‍ണകാലം ഉണ്ടായിരുന്നു. അനേകകോടി നിക്ഷേപിച്ച് സജ്ജമാക്കിയ അത്യാധുനിക സൗകര്യങ്ങളുടെ പ്രക്ഷേപണ നിലയങ്ങള്‍. ദേശമാകെ വ്യാപിച്ചു കിടക്കുന്ന വമ്പിച്ച ആസ്തി. ഓരോ ഭാഷയിലെയും എണ്ണപ്പെട്ട പ്രതിഭകളുടെ സംഗമകേന്ദ്രം. അന്തസിന്റെയും പ്രൗഢിയുടെയും ജനകീയതയുടെയും പര്യായമായി ഓരോ പൗരന്റെയും നിത്യജീവിതത്തെ പുണര്‍ന്നു നിന്നു, ആകാശവാണി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു വാര്‍ത്താമാധ്യമത്തിന് അതിന്റെ പരിമിതികളുണ്ട്. പല വാര്‍ത്തകളും തമസ്കരിക്കപ്പെട്ടിരിക്കാം. സ്ഫോടനാത്മകമായ പല വാര്‍ത്തകളും കുറച്ചു നേരത്തേക്കേങ്കെിലും മറച്ചു പിടിച്ചിട്ടുണ്ടാകാം. ദേശീയ ഐക്യത്തിനും സമാധാനത്തിനും പ്രശ്നം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ സെന്‍സേഷനലൈസ് ചെയ്ത് അവതരിപ്പിച്ചിട്ടില്ല. ഇങ്ങനെ, സര്‍ക്കാര്‍ മാധ്യമത്തിന്റെ പരിമിതികള്‍ പലതുണ്ടാകാം. അതിനിടയിലും ആധികാരികതയും വിശ്വാസ്യതയും നിലനിര്‍ത്താന്‍ ആകാശവാണിക്കു കഴിഞ്ഞിരുന്നു.

വിസ്മയ കാഴ്ചകളുടെ വിരുന്നൊരുക്കി ദൂരദര്ശന് രംഗത്ത് വന്നപ്പോഴും ആകാശവാണിക്ക് ഒന്നും സംഭവിച്ചില്ല. സ്വകാര്യ ചാനലുകള്‍ നല്കുന്ന ദൃശ്യവിസ്മയങ്ങളുടെ പ്രളയത്തില്‍ മുങ്ങിപ്പോകുന്ന ഒന്നല്ല ആകാശവാണിയുടെ പ്രാഗല്ഭ്യവും പാരമ്പര്യവും. ബോധപൂര്‍വമായൊരു തളർത്തികിടത്തൽ സംഭവിച്ചിട്ടുണ്ട്. എന്റെ സുഹൃത്ത് ആനി രാജ പറഞ്ഞ വിധം പ്രാദേശിക ഭാഷകളെ ചുരുട്ടികെട്ടിക്കാനുള്ള ഗൂഡാലോചനയുമുണ്ടാകാം. പക്ഷെ തീര്‍ച്ചയായും അത് മാത്രമാവില്ല ഈ സ്ലോ പോയ്സണിങ് അജണ്ട. നിര്‍മിച്ചെടുത്ത തളര്‍ച്ച വാര്‍ത്താവിഭാഗത്തെ മാത്രമല്ല ബാധിച്ചത്. ശ്രോതാക്കള്‍ ഇഷ്ടപെട്ട വൈവിധ്യമാര്‍ന്ന പരിപാടികളുടെ ഉള്ളടക്കത്തെയും അവതരണത്തെയുമാകെ അത് ബാധിച്ചിട്ടുണ്ട്.
Read More:ആകാശവാണി ഡൽഹിയിൽനിന്നുളള മലയാളം വാർത്താ പ്രക്ഷേപണം നിർത്തലാക്കി
1949 ജനുവരി ഒന്നിന് മലയാള വാര്‍ത്ത ഡല്‍ഹിയില്‍ നിന്ന് ആദ്യമായി ശ്രോതാക്കളിലത്തെിച്ചത് ഭാഷാ പ്രക്ഷേപണത്തിനു ജീവിതം സമര്‍പ്പിച്ച കെ. പദ്മനാഭന് നായരുടെ ശബ്ദമാണ്. മാസ്മര ശബ്ദത്തിനുടമയായിരുന്ന ശങ്കര നാരായണന്, ബലരാമന്, റോസ്കോട്ട് കൃഷ്ണ പിള്ള, കോണ്സ്റ്റന്റയിന്, ഓംചേരി എന്‍.എന്‍ പിള്ള, ബാബു തുടങ്ങി എത്രയോ പ്രഗത്ഭരായ പ്രക്ഷേപകരും മാധ്യമ പ്രവര്‍ത്തകരുമാണ് ഡല്‍ഹി യൂണിറ്റില്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത്. ആധികാരികതയും വിശ്വാസ്യതയും നല്ല ഭാഷയും കൊണ്ട് ഡല്‍ഹി പ്രക്ഷേപണം സാധാരണക്കാരോട് തൊട്ടടുത്ത് നിന്ന് സംവദിച്ചു.

ആദ്യം രാവിലെ 7.25 നുള്ള ഒറ്റ ബുള്ളറ്റിനില്‍ തുടങ്ങിയ വാര്‍ത്ത പിന്നീട് 12.50 നും വൈകിട്ട് 7.25 നും കൂടി പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി. ഡല്‍ഹി വാര്‍ത്തകളും കേരളത്തില്‍ നിന്നുള്ള പ്രാദേശിക വാര്‍ത്തകളും വളരെയധികം ശ്രോതാക്കളുള്ള പ്രക്ഷേപണങ്ങളായിരുന്നു. പ്രതാപന്, രാമചന്ദ്രന്, ലക്ഷ്മി ദേവി, റാണി, സത്യന്, ഗോപന്, മാവേലിക്കര രാമചന്ദ്രന്, രാധാകൃഷ്ണന് തമ്പി, വെണ്മണി വിഷ്ണു, ശ്രീകുമാര്‍, ശ്രീദേവി അങ്ങനെ നീളുന്നു സ്റ്റാഫ് അംഗങ്ങളുടെ നിര. പ്രാദേശിക വാര്‍ത്ത വായിക്കുന്ന സുഷമയും ഹക്കിം കൂട്ടായിയും ശ്രീകണ്ഠനും അനില്‍ ചന്ദ്രനും കുറച്ചു നാളെങ്കിലും ഡല്‍ഹി നിലയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എവിടെ നിന്നു വേണമെങ്കിലും ദേശീയ വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ തക്ക സാങ്കേതിക വിദ്യ നിലവില്‍ വന്നപ്പോള്‍ ഭാഷാ ബുള്ളറ്റിനുകളെ പ്രാദേശിക നിലയങ്ങളിലേക്കു മാറ്റി തുടങ്ങി. സാങ്കേതികമായി അത് സാധ്യമാണെങ്കിലും അതിലേക്കു നയിച്ച മറ്റു ഘടകങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് ആലോചിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് ആകാശവാണി സ്വയംഭരണ വാഗ്ദാനമുള്ള പ്രസാര്‍ ഭാരതിയിലേക്കു മാറിയപ്പോള്‍ സ്വാഭാവികമായി കൈവരിക്കേണ്ട സ്വാതന്ത്ര്യത്തിനും ഊര്‍ജസ്വലതക്കും പകരം ബ്യുറോക്രസിയുടെ ഭാവനാ ദാരിദ്ര്യവും കെടുകാര്യസ്ഥതയും ഈ നിലയിലേക്കാണ് കൊണ്ടെത്തിച്ചത് . പ്രഫഷണല്‍ ജേണലിസ്റ്റുകള്‍ മുഴുസമയ ജാഗ്രതയോടെ ഉണര്‍ന്നിരിക്കുന്ന ഒരു ന്യൂസ് റൂം ഇന്നില്ല. റിട്ടയര്‍മെന്റിനു ശേഷവും പരിചയസമ്പന്നതയുടെ പേരില്‍ കടിച്ചു തൂങ്ങാനാഗ്രഹിക്കുന്നവരെ കൊണ്ട് ന്യൂസ്റൂം നിറച്ചു. വാര്‍ത്താലോകത്തെ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അവര്‍ പ്രാപ്തരല്ല.

കാലത്തു ഫീല്‍ഡിലുള്ള ഏറ്റവും മികച്ച പ്രതിഭകളെ ഏതു വ്യവസ്ഥയിലും ആകാശവാണിയിലേക്കു കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു. വിശ്വവിഖ്യാതനായ എം ശിവറാം തുടങ്ങി പല പ്രമുഖരും ന്യൂസ് സര്‍വീസസ് ഡിവിഷന്റെ തലപ്പത്തിരുന്നിട്ടുണ്ട്. ശിവറാം രണ്ടാം ലോക മഹാ യുദ്ധത്തിന് മുന്‍പ് പല രാജ്യാന്തര പത്രങ്ങളിലും റോയിട്ടേഴ്സ് തുടങ്ങിയ ന്യൂസ് ഏജൻസികളിലും പ്രവര്‍ത്തിച്ചിരുന്നു. യുദ്ധത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ അദ്ദേഹം ഓള് ഇന്ത്യ റേഡിയോയുടെ ന്യൂസ് വിഭാഗം തന്റെ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുത്തത് സ്വാഭാവികം മാത്രമായിരുന്നു. ദി റോഡ് ടു ഡല്‍ഹി തുടങ്ങി നിരവധി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ സംഭാവനയാണ്. പ്രഫഷണല്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ആദ്യമായി തുടങ്ങിയ തിരുവന്തപുരത്തെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറാണ് ശിവറാം.
35 വയസ്സ് പ്രായ പരിധിയും സര്‍വകലാശാലാ യോഗ്യതകളും ആവശ്യപ്പെട്ടു സാധാരണ സര്‍ക്കാര്‍ തസ്തികകളിലെ പോലെ റിക്രൂട്ട്മെന്റ് നടത്താതെ മാധ്യമ-സാഹിത്യ-പ്രക്ഷേപണ രംഗങ്ങളിലും മറ്റും പ്രതിഭ തെളിയിച്ചവരെ ക്ഷണിച്ചാല്‍, അവര്‍ക്കും ഇതൊരു വെല്ലുവിളി ആണെന്ന് തോന്നിയാല്‍, അത്തരക്കാര്‍ ആകാശവാണിയിലേയ്ക്കു വരാന്‍ സാധ്യതയുണ്ട്.
ഇന്ന് വാര്‍ത്തയുടെ ഉറവിടങ്ങളില്‍ ക്യാമറയുമായി പറന്നത്തെി ദൃശ്യങ്ങള്‍ തല്‍സമയം പകര്‍ത്തി തരുന്ന മുഴുസമയ വാര്‍ത്താ ചാനലുകള്‍ എത്ര! സ്തോഭജനകമായ ദൃശ്യങ്ങളിലേക്ക് അലസമായി നോക്കി കൊണ്ടിരിക്കുന്ന പ്രേക്ഷകരെ ധാരാളം കാണാം. ഊതിപ്പെരുപ്പിച്ച വാതോരാതെയുള്ള സ്പോട് റിപ്പോര്‍ട്ടിങ്ങും കഴമ്പില്ലാത്ത ചാനല്‍ ചര്‍ച്ചയും നടക്കുന്നു. പിറ്റേന്നത്തെ പത്രം എത്തുന്നതിനു മുമ്പ് തന്നെ ലോകത്ത് എന്തു നടന്നു എന്നറിയാന്‍ ശ്രദ്ധയോടെ പത്തു മിനിറ്റ് റേഡിയോ വാര്‍ത്തക്ക് വേണ്ടി കാത്തിരുന്ന കാലം എന്നേ കഴിഞ്ഞു. ഇന്ന് നിങ്ങളുടെ കൈയിലിരിക്കുന്ന ഫോണില്‍ തന്നെ തല്‍ക്ഷണം എല്ലാം അറിയുന്ന വിധം സാങ്കേതികത വളര്‍ന്നു കഴിഞ്ഞു.
റേഡിയോയുടെ കാലം കഴിഞ്ഞു എന്നൊക്കെ നാം കേള്‍ക്കുന്നുണ്ട്. എനിക്കതിനോട് യോജിപ്പില്ല. ഇന്നും ഏറ്റവും കൂടുതല്‍ സാധ്യത ഞാന്‍ കാണുന്നത് റേഡിയോ വാര്‍ത്തക്ക് തന്നെയാണ്. കാരണം നിങ്ങളുടെ കാതുകള്‍ മാത്രം ആവശ്യപ്പെടുന്ന മാധ്യമമാണത്.ഡ്രൈവ് ചെയ്യുമ്പോള്‍, പാചകം ചെയ്യുമ്പോള്‍, വിശ്രമിക്കുമ്പോഴൊക്കെ അത് നിങ്ങള്‍ക്ക് വാര്‍ത്തകളും വിനോദവും വിജ്ഞാനവും എത്തിക്കുന്നു. ആ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി ഭാവനാപൂര്‍ണമായി, കൂടുതല്‍ ചലനാത്മകമായി ശ്രോതാക്കളെ ആശ്ലേഷിക്കാന്‍ ഊര്‍ജസ്വലമായൊരു ശ്രമം ഈ പുതുയുഗത്തിലും ആകാശവാണി നടത്തിയിട്ടില്ല. തീര്‍ച്ചയായും വിഭവ പരിമിതി കൊണ്ടല്ല ഇത്. പ്രസാര്ഭാരതിയോടു കിടപിടിക്കത്തക്ക വിഭവ സമ്പത്ത് ഒരു സ്വകാര്യ കമ്പനിക്കുമുണ്ടെന്നു തോന്നുന്നില്ല.
എന്നിട്ടും ചെലവ് ചുരുക്കലിന്റെ പേരില്‍ ഭാഷാ യൂണിറ്റുകളിലേക്കുള്ള റിക്രൂട്ട്മെന്‍്റ് നിർത്തി വച്ചു . ട്രാന്‍സ്ഫറുകളും റിട്ടയര്‍മെന്റുകളും കൊണ്ട് അവസാനത്തെ സ്റ്റാഫ് അംഗവും ഇല്ലാതായപ്പോള്‍ ദേശീയ വാര്‍ത്താ പ്രക്ഷേപണം പ്രാദേശിക നിലയത്തിലേക്കു മാറ്റാന്‍ കാരണം കണ്ടത്തെി. ഡല്‍ഹി യൂണിറ്റിലെ പാനലില്‍ ഉണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍, പി പി ബാലചന്ദ്രന്, എ ജെ ഫിലിപ്പ്, രവീന്ദ്രന്, ജയരാജ്, കെ പി സേതുനാഥ്, പി സുധാകരന്, എം.സി.എ നാസര്‍, എ.എസ്. സുരേഷ്കുമാര്‍, എന്‍.എസ്. സജിത്, എം എല്‍ ജോണി തുടങ്ങി പ്രഗത്ഭരായ പത്ര പ്രവര്‍ത്തകര്‍, എഴുത്തുകാരനും ബാങ്ക് മാനേജരുമായ പി എസ് രാംദാസ്, അക്കാദമിക രംഗത്തെ രതി മേനോന്, എ കെ രാമകൃഷ്ണന് തുടങ്ങിയവരും , സി.പി.ഐ നേതാവായ ആനി രാജ, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സജികുമാര്‍, രേഖ, പാര്‍ലമെന്റില്‍ നിന്ന് റീന തുടങ്ങിയവര്‍ വലിയ ഊര്‍ജ്ജമായിരുന്നു ഭാഷക്കും പ്രക്ഷേപണത്തിനും നല്‍കിയതെന്ന് ഞാന്‍ ഓര്‍ക്കുന്നു. യൂണിറ്റിന്റെ പ്രവര്‍ത്തനത്തെ ഏറ്റവും കൂടുതല്‍ നാള് പിന്തുണച്ച പി വി ജോസഫ് ഒരു സ്റ്റാഫ് അംഗത്തെ പോലെയായിരുന്നു.

ബഡ്ജറ്റും വാര്‍ത്താ വിസ്ഫോടനങ്ങളും നടക്കുമ്പോള്‍ ഇവരെയൊന്നും കിട്ടുകയില്ല. അതുകൊണ്ടു സ്റ്റാഫിന്റെ അംഗബലം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. മലയാളം ന്യൂസ് ഡല്‍ഹിയില്‍ നിന്നു മാറ്റാന്‍ രണ്ടു തവണ നീക്കമുണ്ടായി. ദേശീയ-ലോക വാർത്തകൾ ശ്രോതാക്കളിലേക്കു എത്തിക്കാനുള്ള സാങ്കേതികത തിരുവനന്തപുരത്തു ലഭ്യമല്ലാത്തതു കൊണ്ടാണത്രേ ഇത്തവണ നീക്കം ഉപേക്ഷിച്ചത്. എങ്കില്‍ പിന്നെ ഇതൊക്കെ ലഭ്യമായ ഡല്‍ഹിയില്‍ നല്ല മാധ്യമ പ്രവര്‍ത്തകരുടെ നിര ഒരുക്കുകയല്ലേ വേണ്ടത്? ഇത്തരം എടുത്തുചാട്ടങ്ങള്‍ ആവര്‍ത്തിക്കാതെ ആര്‍ജവവും വാര്‍ത്താബോധവും ഊര്‍ജവുമുള്ള പ്രഫഷണലുകളെ ജനറല്‍ ന്യൂസ് റൂമിലും, ഭാഷാ യൂണിറ്റുകളിലും എത്തിക്കണം. പ്രാദേശിക ഭാഷാ യൂണിറ്റുകള്‍ ഡല്‍ഹി നിലയത്തില്‍ ഒരു മിനി ഇന്ത്യ തന്നെയാണ് ഒരുക്കുന്നത്. സുപ്രധാനമായ ഉള്‍ക്കാഴ്ചകള്‍ നല്‍കാനും സാംസ്ക്കാരിക വിനിമയത്തിനും ഒരു കുടക്കീഴില് നില്ക്കുന്ന പ്രാദേശിക ഭാഷാ യൂണിറ്റുകള്‍ വലിയ അവസരമാണ് നല്‍കുന്നത്. അവയത്രയും അതാതു സംസ്ഥാനങ്ങളിലേക്കു പറിച്ചു നടുമ്പോള്‍, ആ വൈവിധ്യമത്രയും ഒറ്റപ്പെട്ട തുരുത്തുകളായി ചുരുങ്ങുകയാണ് ചെയ്യുന്നത്.
റേഡിയോ ഇനി ആര്‍ക്കു വേണമെന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തം തന്നെയാണ്. ഇന്നും വാര്‍ത്ത ആ നിമിഷം ശ്രോതാവിന്റെ ചെവിയിലത്തെിക്കുന്നതു റേഡിയോ തന്നെ. എഫ് എം റേഡിയോയുടെ ശ്രവ്യസംഖ്യ വാര്‍ത്താ വിരേചനം ബാധിച്ച എണ്ണമറ്റ ചാനലുകള്‍ക്കില്ല. രാജ്യമെമ്പാടുമുള്ള വിപുലമായ ശൃംഖല ബലപ്പെടുത്തി കമ്മ്യൂണിറ്റി റേഡിയോ പ്രക്ഷേപണത്തോടു സഹകരിച്ചു നിന്ന് ആകാശവാണി ഇനിയും എത്രയോ വളരാനിരിക്കുന്നു!