കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ ഒരു ട്രെൻഡും ഹോബിയുമായി മാറുകയാണോ മ്യൂസിയങ്ങൾ, പ്രത്യേകിച്ച് ആദിവാസികളെ ബന്ധപ്പെടുത്തിയുളള മ്യൂസിയങ്ങളും അത്തരം പ്രദർശന പദ്ധതികളും. ഈ പദ്ധതികളുടെ മേനിക്കടലാസിനുളളിൽ പൊതിഞ്ഞു കടത്തുന്നത് ആദിവാസി സമൂഹത്തെ അപഹസിക്കാനുള്ള ശ്രമം മാത്രമാണ്. ഞങ്ങളുടെ സംസ്കാരത്തെ ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുക എന്ന പേരില്‍ കോഴിക്കോട് കിർത്താഡ്‌സിൽ ആരംഭിക്കാന്‍ പോകുന്ന ആദിവാസി മ്യൂസിയം. കണ്ട് ആസ്വദിക്കാനുള്ള അപൂര്‍വ വസ്തുക്കള്‍ എന്ന നിലയിലേക്ക് ആദിവാസികളെ ചുരുക്കാനും പൊതു സമൂഹത്തിനു മുമ്പില്‍ അപഹസിക്കാനും ആണ് ഈ പദ്ധതി ലക്ഷ്യം വെച്ചിട്ടുള്ളത്. ഈ വസ്തുത മനസ്സിലാക്കാൻ ഗവേഷക ബുദ്ധിയൊന്നും ആവശ്യമില്ല. കേരള സമൂഹത്തിലെ മുഖ്യധാരയിൽ ആധിപത്യം സൃഷ്ടിച്ചവർ എങ്ങനെയാണ് നിലവിൽ തന്നെ ആദിവാസി സമൂഹത്തെ കൂടുതൽ കൂടുതൽ നിർബന്ധിത പുറത്താക്കൽ നടത്തുന്നത് എന്ന് പരിശോധിച്ചാൽ മാത്രം മതിയാകും.

ആധുനിക കേരളവും ഭരണകൂടവും ആദിവാസി ജനതയോട് കാണിച്ചു വരുന്ന വംശീയ മനോഭാവത്തിന്റെ തുടര്‍ച്ചയിലാണ് ഈ പദ്ധതിയും. ഈ ആധുനിക കേരളത്തിലാണ് ആദിവാസി കുട്ടികള്‍ അട്ടപ്പാടിയില്‍ പട്ടിണി കിടന്നു വിശപ്പ് തിന്നു മരിച്ചത്. ഇവിടെത്തന്നെയായിരുന്നു അടിസ്ഥാന ആവശ്യമായ ഭൂമിക്ക് വേണ്ടി സമരം ചെയ്തവരെ മുത്തങ്ങയില്‍ വെടി വെച്ച് കൊന്നതും. ഇന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം ആദിവാസി സമൂഹവും ഭക്ഷണം, ഭൂമി, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടവരാണ്. വന ഭൂമിയില്‍ നിന്നുള്ള നിര്‍ബന്ധിത പാലായനം മറ്റൊരു ഭാഗത്തും.

അതിനാൽ ഈ മ്യൂസിയം പദ്ധതി, ഒരു ആദിവാസിക്ക് പോലും അഭിമാനമായി കാണാനാവില്ല . ഒരു ആദിവാസിക്ക് പോലും ഒരു ഗുണവും ഇത് കൊണ്ട് ലഭിക്കാനും പോകുന്നില്ല. ജനിച്ച് വീണത് മുതല്‍ ഈ സമൂഹം അറപ്പോടും വെറുപ്പോടും മാത്രം കണ്ടിട്ടുള്ളവരാണ് ആദിവാസികള്‍. അവര്‍ നിരന്തരം മാറ്റി നിർത്തപെട്ടതെല്ലാം ഈ മ്യൂസിയത്തിലൂടെ മാഞ്ഞു പോവുമെന്ന ധാരണ ആര്‍ക്കും ഉണ്ടാവേണ്ടതില്ല. മ്യൂസിയംവല്കരിച്ച് പരിഹരിക്കേണ്ട വിഷയങ്ങള്‍ അല്ല ആദിവാസി സമൂഹത്തിന്‍റേത് എന്ന അനുഭവം കൊണ്ട് തന്നെയാണ് ഈ വംശീയ പദ്ധതിയെ ശക്തമായി എതിര്‍ക്കുന്നത്.

ഞങ്ങളെ ഒഴിവാക്കിക്കൊണ്ടുളള പൊതു സമൂഹം സൃഷ്ടിച്ച ധാരണകളുടെ പേരിൽ കെട്ടുകഥകളും അപമാനങ്ങളും സഹിക്കേണ്ടി വരുന്ന ഒരു സമൂഹത്തെ കെട്ടുകാഴ്ചയ്ക്കാൻ ശ്രമം മാത്രമാണ് ഈ മ്യൂസിയം. ഇത് ആധുനിക കേരളത്തിന്‍റെ  നമ്പർ വൺ വംശീയമായ കണ്ണടകളിലൂടെയുളള പദ്ധതി മാത്രമാണ് എന്ന് പറയുന്നതിൽ ഖേദം ഒട്ടും തോന്നുന്നില്ല. അറുപത് വർഷം പിന്നിടുന്ന കേരളത്തിന് പറയാൻ നേട്ടങ്ങളുടെ കഥയുണ്ടെങ്കിൽ ആ പട്ടികയിലൊന്നും ആദിവാസികളുടെ കഥയെഴുതാൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല എന്നതിന് മുഖംമൂടി തയ്ക്കാൻ മറ്റൊരു വംശീയ വിദ്വേഷത്തിന്രെ അടയാളപ്പെടുത്തലാണ് ഈ മ്യൂസിയം.

ഫോട്ടോ : ഹരിഹരന്‍

ഇത് കിർത്താഡ്‌സിന് മാത്രം ഉദിച്ച ബുദ്ധിയല്ല കേരളത്തിലെ പട്ടികജാതി/വർഗ വകുപ്പ് കൊച്ചിയിൽ 50 കോടി രൂപ ചെലവഴിച്ച് കൊച്ചിയിലെ ഫോർഷോർ റോഡിൽ ആദിവാസി ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കുന്നുണ്ട്. അതിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നിരുന്നു.

വയനാട് ജില്ലയിൽ തലയ്ക്കൽ ചന്തുവിന്റെ സ്മരണക്കായി ഒരു സ്മൃതി മണ്ഡപവും മ്യൂസിയവും പണിയാൻ തീരുമാനിക്കുകയും ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. ഇതിനായി12 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തതായും ‘ദ ഹിന്ദു’ വിൽ 2012 ൽ വന്ന വാർത്തയിൽ പറയുന്നു. വരാനിരിക്കുന്ന കിർത്താഡ്‌സ് മ്യൂസിയം തലയ്ക്കൽ ചന്തുവിൻറ പേരിൽ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.

ഇങ്ങനെ സർക്കാരിന്‍റെ വിവിധ വകുപ്പുകളും സംവിധാനങ്ങളും ആദിവാസികളെ എന്തിനാണ് മ്യൂസിയം പീസാക്കി മാറ്റാൻ ഒരുമ്പെടുന്നത്. ഇത്രയധികം മ്യൂസിയം കേരളത്തിലെ ആദിവാസി വിഭാഗങ്ങൾക്കു വേണ്ടി ഒരുക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യാതിരിക്കാൻ സാധിക്കില്ല. ആദിവാസികളുടെ അവകാശങ്ങൾ നിഷേധിക്കുകയും ആദിവാസികളെ മണ്ണിൽ നിന്നും വെട്ടിനിരത്തിയും പുരോഗമനം ആഘോഷിക്കുന്ന കേരളത്തിന് എന്തിനാണ് ഈ ആദിവാസി മ്യൂസിയങ്ങൾ?

kirtads,tribal, aswathy n.a

കിർത്താഡ്‌സിന്‍റെ  ഈ മ്യൂസിയത്തിന് പിന്നിൽ പ്രവർത്തിച്ചവരോട് (കൊച്ചയിലെ മ്യൂസിയത്തിന് പിന്നിൽ പ്രവർത്തിച്ചവരോടും) ഒരു ആദിവാസിയെന്ന നിലയിൽ എനിക്ക് ഉന്നയിക്കാനുള്ള ചോദ്യമിതാണ്. ലക്ഷങ്ങൾ മുടക്കി ഒരു മ്യൂസിയം വയനാട് ജില്ലയിൽ ഉള്ളപ്പോൾ എന്തിനു വേണ്ടിയാണ് കോഴിക്കോട് ജില്ലയിൽ അതേ പേരിൽ കോടികൾ മുടക്കി ആദിവാസി സ്വാതന്ത്ര്യ സമര സേനാനികൾക്കു വേണ്ടിയെന്ന പേരിൽ ഒരു മ്യൂസിയം കൂടി പണിയാൻ മുൻകൈ എടുക്കുന്നത്? ഇത് എന്റെ മാത്രമല്ല കേരളത്തിലങ്ങോളമിങ്ങോളമുള്ള പട്ടിണിയിൽ വലയുന്ന, ഒരു തുണ്ട് ഭൂമിക്കായി പോരാടി പോലീസീന്റെ മർദ്ദനത്തിനു വിധേയരായും കേസുകളിൽ അകപ്പെട്ടും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടും മാറി മാറി വരുന്ന ഭരണകൂടങ്ങളാലും ഉദ്യോഗസ്ഥരാലും നിരന്തരം വഞ്ചിക്കപ്പെടുന്ന ഒരു ജനത ഉയർത്തുന്ന ചോദ്യമാണ്. അവരുടെ നിസഹായതയെ പരിഹസിക്കുന്നതു പോലെയുള്ള ഇതു പോലെയുള്ള പ്രഹസനങ്ങൾ നടത്തുന്നവരോടൂള്ള ചോദ്യമാണ്.

kirtads,tribal, aswathy n.a

കൊച്ചിയില്‍ സ്ഥാപിക്കുന്ന ആദിവാസി ഹെറിറ്റേജ് മ്യൂസിയത്തിനെതിരെ ആദിവാസി ദളിത്‌ സംയുക്ത സമിതി 2017ല്‍ നടത്തിയ പ്രതിഷേധം

ഈ ഘട്ടത്തില്‍ ഇന്ദു മേനോന്‍ എന്ന കിർത്താഡ്‌സ് ഉദ്യോഗസ്ഥയുടെ പേരെടുത്ത് പറയാതെ വയ്യ. അവരുടെ ഒരു ഫെയ്‌സ്‌ബുക്ക് പോസ്റ്റ് 2017 സെപ്തംബര്‍ ആറാം തീയതി വന്നിരുന്നു. അതില്‍ കേരളത്തിലെ ഗോത്ര സമുദായത്തിന്‍റെ  തനിമ വിളിച്ചോതുന്ന ഫൊട്ടോ കൈവശം ഉള്ളവര്‍ ബന്ധപ്പെടണം എന്നവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം വംശീയ ആവശ്യങ്ങളോട് മറുപടി പറഞ്ഞു കൊണ്ടാണ് എന്‍റെ സുഹൃത്തും കുറുമാ സമുദായ അംഗവുമായ ആതിര അന്ന് പ്രതികരിച്ചത്. ജാതിപ്പേര് പേരിനൊപ്പം ചേര്‍ത്ത് വെച്ച് എനിക്ക് ജാതീയത ഇല്ലെന്ന് പറഞ്ഞ് ഒരു ആദിവാസി പെണ്‍കുട്ടിയെ ഫേസ്ബുക്കില്‍ തേജോവധം ചെയ്യുന്നത് കണ്ടിട്ടും മിണ്ടാതെ ആദിവാസികളുടെ ചിത്രം തിരയുന്നവരോട് ഞങ്ങള്‍ക്ക് പുച്ഛം മാത്രമേയുള്ളൂ. അവര്‍ ചോദിച്ചതിനോട് സുഹൃത്ത് ആതിരയുടെ പ്രതിഷേധം ഇന്നോളം കേരളം ആദിവാസികളോട് കാണിച്ചിട്ടുള്ള നെറികേടിനോടുള്ള ഒരു ആദിവാസി പെണ്‍കുട്ടിയുടെ പ്രതികരണം മാത്രമാണ്. പട്ടിണി കൊണ്ട് മരിക്കുമ്പോഴും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുമ്പോള്‍ ഭരണകൂട ഭീകരതയ്ക്കിരയാകുമ്പോഴും ആദിവാസികളല്ലാത്തവരുടെ ക്രൂര പരിഹാസങ്ങള്‍ക്ക് ഇരയാകുമ്പോഴും അങ്ങിനെ ഒരു തെറ്റ് ചെയ്യാതെയും ജയിലില്‍ അടയ്ക്കപ്പെടുമ്പോഴും കൂടെ നില്‍ക്കാന്‍ ഇല്ലാത്ത വ്യഗ്രത മ്യൂസിയത്തില്‍ ഫൊട്ടോ നിറയ്ക്കാന്‍ കാണിക്കുമ്പോള്‍ എന്നും ഇരയായി മാത്രം ജീവിക്കേണ്ടി വരുന്നവര്‍ ആരായാലും പ്രതികരിച്ച് പോകും. അതിന് ചിലപ്പോൾ നിങ്ങളുടെ സംസ്കാരത്തിന്രെ മൂടുപടങ്ങളെ വലിച്ചുകീറുന്ന വിരലടയാളങ്ങൾ കൊണ്ടാകും

അവസാനം ഒറ്റ വാക്ക് മാത്രം: ആദിവാസി ജനതയുടെ സംസ്കാരം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് ആ ജനതയുടെ അവകാശങ്ങളുടെ സംരക്ഷണമാണ്. അല്ലാതെ വംശീയ മ്യൂസിയങ്ങളല്ല.

Read More: ‘ഞങ്ങൾ കാഴ്ചവസ്തുക്കളല്ല, മ്യൂസിയമല്ല, പഠിക്കാനുളള സൗകര്യമാണ് വേണ്ടത് ‘

ആദിവാസി മ്യൂസിയം: കിർത്താഡ്‌സിന്‍റെ വംശീയ ബോധം അപലപനീയം

ജെ എൻ യു വിലെ സെന്‍റര്‍  ഫോർ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേണൻസിലെ ഗവേഷകയാണ് വയനാട് സ്വദേശിയായ ലേഖിക

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ