/indian-express-malayalam/media/media_files/uploads/2017/02/padmapriya-1.jpg)
സിനിമയിലെ പ്രവര്‍ത്തി ദിവസങ്ങള്‍ എല്ലാം തീരുന്നത് ഇങ്ങനെയാണ്. ഹോട്ടല്‍ മുറിയിലേക്കുള്ള യാത്ര. നിര്‍മാണ കമ്പനി ഏര്‍പ്പാടാക്കുന്ന ഏതെങ്കിലും കാറില്‍. അന്നത്തെ പത്രം വായിക്കലാണ് ആ യാത്രയിലെ പ്രധാന പണി. ഇഷ്ടമുള്ള പാട്ടുകള്‍ വച്ച് തരുകയും, വിരസത മാറ്റാന്‍ ഇടക്ക് വര്‍ത്തമാനം പറയുകയും ചെയ്യുന്ന ഡ്രൈവറാണ് ആകെയുള്ള കൂട്ട്. തീര്‍ത്തും സന്തോഷകരമായ യാത്രാനുഭവങ്ങള്‍. സുരക്ഷിതമായി എത്തേണ്ടയിടത്ത് എത്തിച്ചിരുന്ന, ഉത്തരവാദിത്ത ബോധമുള്ള അവരെ എല്ലാവരെയും പ്രായഭേദമന്യേ, ചേട്ടാ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. പക്ഷെ ഇനിയങ്ങനെ കരുതാനാവില്ല. ഒരു ഞെട്ടലോ, രക്ഷപെടലിന്‍റെ ആശ്വാസമോ ഇല്ലാതെ ആ യാത്രകളൊന്നും തന്നെ ഓര്‍ക്കാനാവില്ല. രാത്രി യാത്രകള്‍, എത്രകണ്ടു പ്രധാനമെങ്കിലും ഒഴിവാക്കാനും ഭയപ്പെടാനുമുളളതായി മാറിയിരിക്കുന്നു ഇപ്പോള്‍.
സഹപ്രവര്‍ത്തകയ്ക്കേറ്റ മുറിവില്‍, അതിന്‍റെ ഭയപ്പാടുകളില്‍, തകര്‍ന്നത് ഒരു വ്യവസ്ഥയിലുള്ള മുഴുവന്‍ വിശ്വാസവുമാണ്. രോഷം മാറ്റി വച്ച് യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ ശ്രമിച്ചു. വലിയ ഫലം കണ്ടില്ല. എങ്കിലും, മനസ്സില്‍ തോന്നിയ ചില കാര്യങ്ങള്‍ കുറിക്കട്ടെ. പുരഷന്മാരോളമില്ലെങ്കിലും, സിനിമാ വ്യവസായത്തിന്‍റെ നാലിലൊന്നെങ്കിലും വരും സ്ത്രീ പങ്കാളിത്തം. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍, ശാരീരികമായോ മാനസികമായോ അവരുടെ സുരക്ഷിതത്വമോ സ്വകാര്യതയോ ലംഘിക്കപ്പെട്ടാൽ (violate), എന്ത് നിയമമാണ്, എന്ത് പരിരക്ഷയാണ് അവള്‍ക്കുള്ളത്? ഉണ്ടെങ്കില്‍ അത് വ്യക്തമായി പ്രതിപാദിക്കുന്ന എന്ത് രേഖയാണ് നമുക്കുള്ളത്? ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചേരുകയും പിരിഞ്ഞു പോവുകയും ചെയ്യാമെന്നുള്ള ഒരിടമാണ് നമ്മുടെ സിനിമ. യൂണിയന്‍ കാര്‍ഡ് എടുക്കാന്‍ ഒരു ശുപാര്‍ശക്കത്ത് മതി.
സ്ത്രീകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ - toilet, changing room - എന്നിവ, പ്രത്യേകം ആവശ്യപ്പെടാതെയും, അതിനു വേണ്ടി വഴക്കടിക്കാതെയും തന്നു തുടങ്ങിയത് ഈയടുത്താണ്. ഇങ്ങനെയുള്ള ഒരിടത്താണ് നാം സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നത്. ഈ വ്യവസ്ഥക്കകത്ത് നിന്ന് എന്‍റെ സഹപ്രവര്‍ത്തകയോട് എന്താണ് എനിക്ക് പറയാനാവുക?
ചിത്രം: വിഷ്ണു റാംസിനിമാജീവിതത്തിന്റെ തുടക്കത്തില്‍ ഞാനും സാക്ഷിയായിട്ടുണ്ട് ഇത്തരം ഒരു സംഭവത്തിന്. തന്നെ കടന്നു പിടിച്ച ഒരു ഡ്രൈവര്‍ക്കെതിരെ പരാതിയുമായി വന്ന ഒരു അഭിനേത്രി. പ്രഗത്ഭനായ ആ സംവിധായകന്‍ അവളോട് അത് അവഗണിക്കാനാണ് ആവശ്യപ്പെട്ടത്. അയാളുടെ നിര്‍ദേശപ്രകാരം, സിനിമയെ പ്രതികൂലമായി ബാധിക്കാതിരിക്കാനും, 'ചെറിയ കാര്യങ്ങള്‍ വലുതാക്കാതെയിരിക്കാനുമായി' അവളതു ചെയ്തു. അതവളുടെ ധൈര്യം, സന്മനസ്സ്, മര്യാദ. ഇതൊക്കെ തിരിച്ചുമുണ്ടാവും എന്ന പ്രതീക്ഷ അസ്ഥാനത്തായി പക്ഷെ, പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടിയോടിച്ചത് ഇതേ ഡ്രൈവര്‍ തന്നെ.
ജോലിയിടത്തെക്കുറിച്ച്, സഹപ്രവര്‍ത്തകരെക്കുറിച്ച്, തമ്മില്‍ ഉണ്ടാകേണ്ട വിശ്വാസ - മര്യാദകളെക്കുറിച്ച്, ഉള്ളിലൊരു ധാരണയുണ്ടായിരുന്നു. അതെല്ലാം അന്ന് തെറ്റി. പക്ഷെ അതിനോട് പ്രതികരിക്കേണ്ടതെങ്ങനെ എന്നറിയില്ലായിരുന്നു. പ്രായക്കുറവ്, ജീവിതവും ലോകവും കണ്ടു തുടങ്ങിയതേയുള്ളൂ. അന്ന് അതിനുളള മാനസികവും ബുദ്ധിപരവുമായി പ്രായോഗികമായി ഇങ്ങനെ ഒരു അവസ്ഥയെ എങ്ങനെ നേരിടണമെന്നുളളതിന് സജ്ജമായിരുന്നില്ല ഇന്നങ്ങനെയല്ല. ഒരു ദശാബ്ദം കഴിഞ്ഞു. വിദേശത്ത് പോയി പഠിച്ചു. ജോലിയിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വിശാഖാ ഗൈഡ് ലൈന്‍സ് ഉണ്ടെന്നറിയാം. എന്തിലും പിന്തുണയ്ക്കാന്‍, എന്നില്‍ വിശ്വസിക്കാന്‍, എന്‍റെ കൂടെ നില്‍ക്കാന്‍ ഭര്‍ത്താവുണ്ട്. എന്നിട്ടും പ്രതികരിക്കേണ്ടത് എന്തിനോട്, എങ്ങനെ, എന്ന് തീരുമാനിക്കാനാവുന്നില്ല.
അമ്മ അംഗങ്ങള്‍ ഇമെയില്‍ വഴി തങ്ങളുടെ പ്രതികരണങ്ങള്‍ പരസ്പരം അറിയിക്കുന്നുണ്ട്. തീര്‍ത്തും വികാരപരമായവ. എന്നാല്‍ അതിനപ്പുറത്തേക്ക് ആലോചിക്കേണ്ടതില്ലേ നമ്മള്‍? ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഒരു ഹീനമായ, ക്രിമിനല്‍ പ്രവര്‍ത്തിയാണ്. അതിനിരയായവള്‍ക്ക് അവള്‍ അര്‍ഹിക്കുന്ന നിയമപരവും സംഘടനാ പരവുമായ പിന്തുണയല്ലേ നമ്മള്‍ നല്‍കേണ്ടത്?
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയിലേക്ക് ചെറുതല്ലാത്ത സംഭാവന നല്‍കുന്ന ഒരു വ്യവസായമാണ് സിനിമ. അതിലൊരാള്‍ക്ക് ഇങ്ങനെ ഒരു ദുര്യോഗമുണ്ടായാല്‍, അവരുള്‍പ്പെടുന്ന സംഘടനകളില്‍ നിന്നും അവര്‍ക്ക് എന്ത് പിന്തുണ ലഭിക്കും എന്നെങ്കിലും തീരുമാനിക്കേണ്ടതില്ലേ? രാജ്യം മുഴുവന്‍ ബാധകമായ വിശാഖാ ഗൈഡ് ലൈനുകൾ സിനിമക്കും ബാധകമല്ലേ? എങ്കില്‍, അതിന്‍റെ വെളിച്ചത്തില്‍ ഈ കേസിനെ പുനര്‍വായിക്കേണ്ടതില്ലേ?
ഇത് മലയാളത്തിന്‍റെ കാര്യം. അടുത്തിടെ ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചു. സെയ്ഫ് അലി ഖാന്‍ നായകനാകുന്ന ഷെഫ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാധ്യാന്യമുള്ള സെറ്റ്. നിര്‍മാതാവ്, കലാസംവിധാനം തുടങ്ങി സംവിധാന സഹായം, നിര്‍മാണ സഹായം എന്നീ മേഖലകളെല്ലാം പതിവില്‍ കൂടുതല്‍ സ്ത്രീകള്‍. അത് തരുന്ന ധൈര്യവും സന്തോഷവും ഒന്ന് വേറെ തന്നെ. സ്ഥിരം പ്രശ്നങ്ങളായ ടോയ്‌ലറ്റ്, wardrobe malfunction തുടങ്ങിയവ തീര്‍ത്തും ഒഴിവായി എന്ന് മാത്രമല്ല, ജോലി ചെയ്യുന്ന അന്തരീക്ഷം സൗഹൃദത്തിന്‍റെയും കൂടിയായി മാറി. സിനിമ പോലെയുള്ള ഒരു അതിസമ്മർദ്ദ (high pressure) അന്തരീക്ഷം നമുക്ക് മുന്നില്‍ തുറന്നിടുന്ന വ്യത്യസ്തമായ പ്രശ്നങ്ങളും അവസ്ഥാവിശേഷങ്ങളും മിക്കപ്പോഴും കൂടെ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് അന്യമാണ്. അവിടെ സ്ത്രീ സഹപ്രവര്‍ത്തകര്‍ തന്നെ വേണം.
എന്നാല്‍ അവിടെയും നമ്മള്‍ ഇപ്പോള്‍ പ്രതിപാദിക്കുന്ന സംഭവം പോലെയുള്ള ഒരു വിഷയം എങ്ങനെ കൈകാര്യം ചെയ്യപ്പെടണം എന്നതിന് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളുണ്ടോ എന്ന് സംശയമാണ്. അച്ഛനോ അമ്മയോ ഭര്‍ത്താവോ കൂട്ടിനില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു എന്നതാണ് ഈ കുറിപ്പെഴുതാന്‍ എന്നെ തിരഞ്ഞെടുക്കാന്‍ കാരണം എന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് പറഞ്ഞു. സന്തോഷം. പക്ഷെ അതിനു ഞാന്‍ കൊടുത്ത വിലയെന്തെന്ന് കൂടി പറഞ്ഞോട്ടെ. സ്വാഭാവികമായി വന്നു ചേര്‍ന്ന ഒരു privilege അല്ല എന്‍റെ ഒറ്റക്കുള്ള യാത്രകള്‍. വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചും നടത്തുന്നവയാണവ. പ്രകോപനം പരമാവധി ഒഴിവാക്കുക ( ധരിക്കുന്ന വസ്ത്രം മുതല്‍ സംസാര രീതി, ശരീര ഭാഷ വരെ പെടും അതില്‍), എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും സൂര്യന്‍ അസ്തമിക്കും മുന്‍പ് യാത്ര അവസാനിപ്പിക്കുക എന്ന് തുടങ്ങി ജാഗ്രതയുടെ തേരിലേറിയാണ് ഓരോ യാത്രയും. ഇങ്ങനെ ഒരു നാട്ടില്‍ അങ്ങനെയാവാതെ തരമില്ലല്ലോ.
സ്വാതന്ത്യത്തിന്‍റെ ഏഴു ദശാബ്ദങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും ഇന്ത്യയില്‍ ഒരു സ്ത്രീയുടെ ധൈര്യത്തിന്‍റെ അളവ് കോല്‍, രാത്രി യാത്രയും ഒറ്റക്കുള്ള യാത്രയും തന്നെ. അതു കടന്ന് കിട്ടാന്‍ ഇനി എത്ര വര്‍ഷങ്ങളെടുക്കുമോ ആവോ? മറ്റൊരു കാര്യം കൂടി ഓർമയില്‍ വന്നത് ഇവിടെ പറയേണ്ടതുണ്ട്. അമേരിക്കയില്‍ ബിരുദാനന്തര ബിരുദ സിലബസ്സില്‍ പഠിച്ച ഒരു കേസ് സ്റ്റഡി. കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധി കേട്ട ഒരു നഗരമായിരുന്നു ന്യൂയോര്‍ക്ക്. അവിടെ നിന്നും ലോകത്തെ മികച്ച സുരക്ഷയുള്ള 10 നഗരങ്ങളില്‍ ഒന്നായി മാറിയത് ചുരുങ്ങിയ കാലം കൊണ്ട്. അത് സാക്ഷാത്കരിച്ചത് വിവിധ ഏജന്‍സികളുടെ കൂട്ടായ പ്രവര്‍ത്തനം മൂലമാണ്. അതില്‍ സര്‍ക്കാരും, എന്‍ജിഒയും, കമ്മ്യൂണിറ്റി ഗ്രൂപ്സും, വ്യക്തികളും, എല്ലാം പെടും. എല്ലാവരും കൂട്ടായി എടുത്ത ഒരു തീരുമാനമായിരുന്നു അത്. തങ്ങളുടെ നഗരത്തിന്‍റെ സുരക്ഷ വീണ്ടെടുക്കാന്‍, ന്യൂയോര്‍ക്കിനെ വീണ്ടും താമസയോഗ്യവും സഞ്ചാര യോഗ്യവുമാക്കിയെടുക്കാന്‍.
സ്ത്രീ സുരക്ഷ പോലുള്ള പ്രശ്നങ്ങളുടെ സുസ്ഥിരമായ പരിഹാരങ്ങള്‍ക്ക് ഇത്തരം കൈകൊര്‍ക്കലുകളാണ് ആവശ്യം. സര്‍ക്കാരും തൊഴിലിടങ്ങളും ഒരു പോലെ ചിന്തിച്ചു പ്രവര്‍ത്തിക്കേണ്ട ഒരു മേഖലയാണിത്. സമഗ്രമായ ഇടപെടലും ഉടച്ചു വാര്‍ക്കലുകളുമാണ് വേണ്ടത്, അല്ലാതെ ചില സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന നടപടികളല്ല. ലൈംഗിക കുറ്റവാളികളുടെ റെജിസ്ട്രി ഇറക്കാന്‍ പോക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം എന്ന് ഗവര്‍ണര്‍ സദാശിവം പ്രഖ്യാപിച്ചു കേട്ടു. നല്ല നീക്കം തന്നെ. പക്ഷെ അങ്ങനെ ഒരു പേര് ചേര്‍ക്കലില്‍ തീരുന്നില്ല കാര്യങ്ങള്‍.
യാത്രാ സംവിധാനങ്ങളെ കുറിച്ച് പഠിക്കുമ്പോള്‍, പുതിയ യാത്രാ പദ്ധതികള്‍ സംവിധാനം ചെയ്യുമ്പോള്‍ എല്ലാം നമ്മള്‍ സ്ത്രീകളെയും അവരുടെ യാത്രാ രീതികളെയും കുറിച്ചും കൂടി ആലോചിക്കേണ്ടതുണ്ട്. എന്നാല്‍ അങ്ങനെ നടക്കുന്നില്ല എന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്പോപോർട്ടേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്‍റ് സീനിയര്‍ മാനേജര്‍ സോണാല്‍ ഷാ പറയുന്നത്. അപ്പോള്‍ അവിടേക്കും കൂടി ശ്രദ്ധ പോകേണ്ടതുണ്ട്. എല്ലാറ്റിനുമുപരി, നമ്മള്‍ സ്ത്രീകളും ചിന്തിക്കണം. നമ്മുടെ വോട്ടുകള്‍ നമ്മുടെ പരിരക്ഷ ഉറപ്പാക്കുന്നുണ്ടോ എന്ന്. നമ്മളെക്കുറിച്ച് കരുതലുള്ളവര്‍ നമ്മെ ഭരിച്ചാല്‍ മതി എന്നുറപ്പിക്കുന്നതില്‍ വേണ്ടേ ഈ പോരാട്ടം തുടങ്ങാന്‍?
അഭിനേത്രിയും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചില്‍ സീനിയര്‍ റിസര്‍ച്ച് അസോഷിയേറ്റുമാണ് ലേഖിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us