“തിരക്കിലാണോ?”
“അയ്യോ ഒരു തിരക്കുമില്ല. എന്തുണ്ട് വിശേഷം? ”
“ഇപ്പോളാർക്കും ഒന്നിനും സമയമില്ലല്ലോ. അതു കൊണ്ട് ചോദിച്ചതാണ്.”
“അതൊക്കെ വെറുതെ പറയുന്നതല്ലേ. എനിക്ക് സമയത്തിന് ഒരു കുറവുമില്ല. സമയം ബാക്കിയാണ് പലപ്പോഴും. എല്ലാവർക്കും അങ്ങനെ തന്നെയാണ്. പക്ഷേ, ശ്രദ്ധ വേണമെന്ന് മാത്രം.”
“ശരിയാണ്. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ ശീലിച്ചാൽ സമയം ബാക്കിയാവും.” ഞാനും ഏറ്റുപറഞ്ഞു.
പിന്നെയും ചില കാര്യങ്ങളൊക്കെ പറഞ്ഞ് ഞങ്ങൾ ഫോൺ വെച്ചു.
ഫോണിന്റെ മറ്റേ തലക്കൽ ഷൗക്കത്തായിരുന്നു. ഷൗക്കത്ത് ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന ആളാണ്. യാത്ര, എഴുത്ത്, ഗ്രന്ഥരചന,, ആളുകളുമായുള്ള സംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ ,കൗൺസലിങ്ങ് , സാമൂഹ്യ മാധ്യമങ്ങളിലെ നിരന്തരമായ ഇടപെടലുകൾ …അങ്ങനെ എപ്പോഴും കർമ്മനിരതനായി നടക്കുന്ന ഒരാൾ. ഒരു നാനോ കാറിൽ സ്വയം ഡ്രൈവ് ചെയ്ത് കാരമടയിൽ നിന്നു വന്ന് കേരളത്തിലങ്ങോളമിങ്ങോളം നിരന്തരം സഞ്ചരിക്കുന്നു. ഓരോ സ്ഥലത്തെയും സ്നേഹിതരെ സന്ദർശിക്കുന്നു. രോഗാവസ്ഥയിലുള്ളവരുമായി സംവദിക്കുന്നു. അസ്വസ്ഥതയുള്ളവർക്ക് സ്വാന്തനം നൽകുന്നു. അവരോടൊപ്പമൊക്കെ ആവശ്യം പോലെ സമയം ചിലവഴിക്കുന്നു. എന്നിട്ടും അയാൾക്ക് സമയം ബാക്കിയുണ്ടത്രേ!
എനിക്ക് ആശ്ചര്യത്തേക്കാൾ സന്തോഷം തോന്നി. അങ്ങനെയൊരാൾ പറഞ്ഞുവല്ലോ! ഇത് കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു. തിരക്കുപിടിച്ച ഓട്ടത്തിനിടയിലും സമയം ബാക്കി വെക്കാൻ കഴിയുക. ആവശ്യത്തിലധികം സമയമുണ്ടെന്ന് സ്വയം തോന്നുക. ആ ധന്യതയെ ഞാൻ നെഞ്ചോട് ചേർത്തു വെച്ചു.

ഡിജിറ്റൽ യുഗത്തിലെ മനുഷ്യർക്ക് സമയം തികയുന്നതേയില്ല. നമ്മളൊക്കെ , പ്രായഭേദമന്യേ ഇപ്പോൾ ആ യുഗത്തിലാണല്ലോ. എന്തു ചോദിച്ചാലും സമയം തികഞ്ഞില്ല, സമയം കിട്ടിയില്ല എന്ന മറുപടി കേട്ട് മടുത്തു തുടങ്ങിയിരിക്കുന്നു. ഒരു പണിയും ഏറ്റെടുക്കാതെ വീട്ടിലിരിക്കുന്ന അലസന്മാരുടെയും പല്ലവി ഇതു തന്നെയാണ്. അതൊരുതരം ഗമയായി മാറുകയാണോ എന്ന് പോലും ഞാൻ ചിലപ്പോൾ സംശയിച്ചു പോകാറുണ്ട്. ഞാൻ സാമാന്യം വലിയവനാണ് എന്ന് ബോദ്ധ്യപ്പെടുത്താൻ “സമയമില്ലായ്മയെ “ കൂട്ടുപിടിക്കുക! വലിയ തിരക്കുള്ളവനാണ് എന്ന് ഞെളിഞ്ഞു നടക്കുക. അതും ഒരു സുഖം പകരുന്നുണ്ടാവും.
ഏതായാലും നമ്മുടെ ഈ വർത്തമാനകാലത്ത് സമയം വലിയ പ്രശ്നം തന്നെയായി മാറിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇപ്പോൾ ആരെ വിളിച്ചാലും തിരക്കിലാണോ എന്നന്വേഷിച്ചേ സംഭാഷണം തുടരാറുള്ളൂ. ഞാനും കാര്യങ്ങളെല്ലാം സാമാന്യം., ധൃതിയിൽ ചെയ്യുന്ന ആളാണ്. ആവശ്യത്തിലധികം കാര്യങ്ങൾ ഏറ്റെടുക്കാറുമുണ്ട്. എന്നിട്ടും ചിലപ്പോഴൊക്കെ സമയം ബാക്കിയാവാറുണ്ടല്ലോ എന്നോർത്ത് സ്വയം ആശ്ചര്യപ്പെടും. പൊതുവിൽ അതിവേഗം ബഹുദൂരം പദ്ധതിയാണ് ജീവിതത്തിൽ നടപ്പിലാക്കുന്നതെന്നു മാത്രം.
എങ്ങനെയാണ് നമ്മുടെ മുന്നിലെ സമയത്തെ വരുതിയിലാക്കുക? ആധുനിക മനുഷ്യന്റെ മുന്നിലെ വലിയ വെല്ലുവിളിയാണിത്. സൗകര്യങ്ങളൊരുപാട് കൂടി .സാധ്യതകളും. സാധ്യതകളുടെ ഒരു മഹാപ്രളയത്തിലകപ്പെട്ടുകിടക്കുകയാണ് മാനവരാശി. തിരഞ്ഞെടുപ്പ് അസാധ്യമാക്കുന്നത്ര ബാഹുല്യമാണ് സാധ്യതകളുടെ ലോകത്ത്. സമയമാണെങ്കിൽ തുടങ്ങിയേടത്ത് നിൽക്കുകയാണ്. കൂടുന്നുമില്ല, കുറയുന്നുമില്ല.
ഷൗക്കത്ത് പറഞ്ഞതിലാണ് കാര്യം. ശ്രദ്ധ വേണം. മുമ്പത്തേക്കാൾ ശ്രദ്ധ ആവശ്യമുള്ള ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. ജീവിതത്തെ നമ്മുടേതാക്കാൻ വലിയ ശ്രദ്ധ വേണം. കാര്യങ്ങളെ കരുതലോടെ കൈകാര്യം ചെയ്യണം. മനസ്സിന്റെ ഏകാഗ്രത നിലനിർത്തണം. ജീവിതത്തിന്റെ ഇന്നലെകളിലും നാളെകളിലും അലസമായി സഞ്ചരിക്കാൻ മനസ്സിനെ അനുവദിക്കരുത്. അത് അസ്വസ്ഥതയുണ്ടാക്കും. ആ അസ്വസ്ഥത ഇപ്പോൾ ചെയ്തു തീർക്കേണ്ട കാര്യങ്ങളെ പ്രശ്നപൂരിതമാക്കും. ശ്രദ്ധക്കുറവ് സൃഷ്ടിക്കും. സമയം പാഴായിപ്പോകും. ഒന്നും സമയനിഷ്ഠയോടെ ചെയ്തു തീർക്കാൻ കഴിയാതെ വരും. അങ്ങനെ പാതിവെന്ത ഒരു പാട് കാര്യങ്ങുടെ ഭാരവും പേറി നടക്കുന്നൊരാൾക്ക് ഒന്നിനും സമയം തികയില്ല. അയാൾക്ക് നഷ്ടപ്പെടുന്നത് ഇന്നുകളെയാണ്. ഇന്നത്തെ ജീവിതത്തെയാണ്. ഈ നിമിഷത്തെ . ജീവിതത്തിലെ ഏറ്റവും വലിയ പരാജയം “ഈ നിമിഷത്തെ “ നഷ്ടമാവുക എന്നതാണ്. കാലം അത്തരക്കാർക്കുള്ളതല്ല. അവർ തോറ്റു പോകും.

ഇത്രയും ചിന്തിച്ചു കൂട്ടിയപ്പോൾ ധൃതിയില്ലാതെ ജീവിച്ച മറ്റൊരാൾ ഓർമ്മയിലേക്ക് കടന്നു വന്നു. അത് മറ്റാരുമല്ല ,ഗുരു നിത്യചൈതന്യയതിയാണ്. അതെ ഷൗക്കത്തിന്റെ കൂടി ഗുരു.
അതൊരു പഴയ കഥയാണ്. പക്ഷേ, ഇപ്പോഴും മനസ്സിലുണ്ട്. ഇടയ്ക്കൊക്കെ ഓർമ്മയിലേക്ക് തള്ളിവരും. യതിയെ ഞാനാദ്യമായി കണ്ട ദിവസമായിരുന്നു അത്. ഒരു സന്ധ്യാനേരത്ത് ഞാൻ ജോലി ചെയ്തിരുന്ന പുസ്തകക്കടയിലേക്ക് അദ്ദേഹം കയറി വന്നു. അതൊരു ചെറിയ കടയായിരുന്നു. നല്ല തിരക്കുള്ള ഒരു വൈകുന്നേരം. ഞാനൊറ്റയ്ക്കേ കടയിലുള്ളൂ. ഓരോ ആൾക്കായി പുസ്തകങ്ങൾ എടുത്തു കൊടുക്കണം. ബില്ലെഴുതി പണം വാങ്ങണം. അങ്ങനെ പെടാപ്പാടിലകപ്പെട്ടു നിൽക്കുമ്പോഴാണ് കടയുടെ പുറത്ത് യതി വന്നു നിൽക്കുന്നത് കണ്ണിൽപ്പെട്ടത്. ആദ്യം വിശ്വാസമായില്ല. വീണ്ടും നോക്കി ഉറപ്പിച്ചു. നിത്യചൈതന്യയതി തന്നെയാണ്. പലപ്പോഴും ആഗ്രഹിച്ചെങ്കിലും അതു വരെ കാണാനവസരമുണ്ടായിട്ടില്ല. പുസ്തകങ്ങളെല്ലാം വായിച്ച് അദ്ദേഹത്തോട് വലിയ ആരാധനയായിരുന്നു. കാണണമെന്ന് ആഗ്രഹിച്ചൊരാൾ കണ്ണിന്റെ മുമ്പിലെത്തുമ്പോൾ അനുഭവിക്കുന്ന ഒരു വികാരമില്ലേ? അതിനെന്തു പേര് എന്നെനിക്കറിയില്ല.
അതിലൊരു ഞെട്ടലുണ്ട്. എന്റെ കാര്യത്തിൽ ഒരു നിസ്സഹായതയും. വേഗം അദ്ദേഹത്തെ സ്വീകരിക്കണം, പരിചയപ്പെടണം , വേണ്ടത് ചെയ്തു കൊടുക്കണം എന്നൊക്കെ മനസ്സ് പറയുന്നുണ്ട്. ധാരാളം പുസ്തകങ്ങൾ കാണിച്ചു കൊടുക്കണം. അവയേതൊക്കെയാവണം എന്നൊക്കെ ആലോചന തുടങ്ങി. അങ്ങനെ പല ചിന്തകളും മനസ്സിൽ നിറഞ്ഞു. പക്ഷേ, തിരക്കൊഴിയുന്നില്ല. മറ്റ് കസ്റ്റമേഴ്സിനെ പറഞ്ഞയക്കണ്ടേ. ഞാൻ എന്റെ വേഗത വർദ്ധിപ്പിച്ചു. ഇടക്കൊക്കെ പുറത്തേക്ക് നോക്കും .അദ്ദേഹം അവിടെയുണ്ടോ എന്ന്. തിരക്കു കണ്ട് തിരിച്ചു പോയാലോ ? ഉണ്ട്, അദ്ദേഹം കടയിലേക്കുള്ള പടിമേൽ നില്പുണ്ട്. ആരോടോ എന്തോ സംസാരിക്കുന്നു. കുറച്ചു സമയം കഴിഞ്ഞ് ആളൊഴിഞ്ഞപ്പോൾ അദ്ദേഹം അകത്തേക്ക് വന്നു. ഒരു പത്തു രൂപ നോട്ട് എനിക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. “ഒരാൾ ധൃതിയിൽ വന്ന് ഇന്ത്യാ ടുഡേ വാരിക ചോദിച്ചു. ഞാൻ ഒരെണ്ണം എടുത്തു കൊടുത്ത് പണം വാങ്ങി. അനിയൻ തിരക്കിലായിരുന്നല്ലോ.”
ഞാനന്തം വിട്ടു നിന്നു പോയി. നിത്യചൈതന്യയതി എന്റെ സ്ഥാനത്തു നിന്ന് കടയിൽ വന്ന ഒരു കസ്റ്റമറിന് ഒരു വാരികയെടുത്തു കൊടുക്കുകയോ ! അതും എന്റെ തിരക്കു കണ്ട് എന്നെ സഹായിക്കാൻ. അദ്ദേഹം കാത്തു നിന്നതിനിടയിൽ ചെയ്ത ഈ പ്രവത്തി എന്റെ കണ്ണു തുറപ്പിച്ചു. ബെൻഞ്ചമിൻ ലെവിൻ എഴുതിയ GENES എന്ന ബയോളജി പുസ്തകം അന്വേഷിച്ചാണ് അദ്ദേഹം അന്ന് വന്നത്. മറ്റ് പുസ്തകങ്ങൾ നോക്കുന്നത് പിന്നീടാകാമെന്നും പറഞ്ഞ് പിരിഞ്ഞു. ഒരു തിരക്കുമില്ലാതെ തുടങ്ങിയ ആ ബന്ധം അദ്ദേഹം രോഗശയ്യയിലാവുന്നതുവരെ തുടർന്നു. പിന്നീടുള്ള ഓരോ തിരുവനന്തപുരം യാത്രയിലും അദ്ദേഹം അവിടെ വന്നിരുന്നു. ധാരാളം വർത്തമാനം പറഞ്ഞ് പുസ്തകങ്ങളും വാങ്ങി തിരിച്ചു പോവും. ഇടയ്ക്കൊക്കെ അദ്ദേഹമെഴുതിയ പുസ്തകങ്ങൾ എനിക്ക് കൊണ്ടു തന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തിന്റെ ഗീതാ പ്രഭാഷണം കേൾക്കാൻ പോയി. അല്പം നേരത്തെ പോയി. അദ്ദേഹത്തെ കണ്ട് ഒരു കാര്യം സംസാരിക്കാനുണ്ടായിരുന്നു. അങ്ങനെ കാണാൻ സാധിക്കുമോ എന്ന് നിശ്ചയമുണ്ടായിരുന്നില്ല. അദ്ദേഹം പരിപാടി തുടങ്ങേണ്ട സമയത്തിനാണ് എത്തുന്നതെങ്കിൽ പിന്നെ കാണാൻ പ്രയാസമാവും. ഇങ്ങനെയൊക്കെ ആലോചിച്ചു കൊണ്ടാണ് അവിടെയെത്തിയത്. ഹാളിൽ അധികമാരും എത്തിയിട്ടില്ല. ഞാൻ മുന്നോട്ടു ചെന്നു നോക്കുമ്പോൾ ഗുരു മുൻ നിരയിലെ ഒരു കസേരയിലിരുന്ന് ഏതോ ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കയാണ്. നേരെ ചെന്ന് കണ്ട് സംസാരിച്ചു. വായിച്ചു കൊണ്ടിരുന്ന പുസ്തകം എനിക്ക് തരികയും ചെയ്തു. പറഞ്ഞു വന്നത് അദ്ദേഹത്തിന്റെ തിരക്കില്ലായ്മയെപ്പറ്റിയാണ്. സമയത്തെ വരുതിയിലാക്കിയ ഒരാളെ കണ്ടെത്തിയ അനുഭവത്തെപ്പറ്റിയാണ് . എത്രയാണ് വായിച്ചത്? എത്രയാണ് എഴുതിയത്? എത്രയാണ് യാത്ര ചെയ്തത് ? എത്രയാണ് പ്രഭാഷണം നടത്തിയത്? എന്നിട്ടും എല്ലാറ്റിനും സമയമുണ്ടായിരുന്ന ഒരാൾ. സമയം മിച്ചം വെക്കാൻ പരിശീലിച്ച ഒരാൾ. അങ്ങനെ ജീവിക്കാൻ പലരേയും പഠിപ്പിച്ച ഒരാൾ.
ജീവിതത്തിൽ എല്ലാറ്റിനും സമയം കണ്ടെത്താൻ കഴിഞ്ഞ മനുഷ്യരാണ് ഏറ്റവും സംതൃപ്തരായവർ . കർമ്മനിരയിൽ അവരെപ്പോഴും ഉയർന്നു നിൽക്കുകയും ചെയ്യും. എന്തു ചെയ്യുമ്പോഴും അത് അവനവന് വേണ്ടിയാണെന്ന തോന്നലിലേ അവർ ചെയ്യുകയുള്ളൂ. അതു കൊണ്ട് തന്നെ അത് മികവാർന്ന പ്രവർത്തിയായിവരും. മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുക എന്നത് അവർ അവർക്കു വേണ്ടി തന്നെ ഏറ്റെടുത്ത ദൗത്യമാണ്. അതിനാൽ അവരത് ഭംഗിയായും സമയനിഷ്ഠയോടെയും ചെയ്തു തീർക്കും. സ്വന്തം ജീവിതത്തിനു വേണ്ടി അവർ സമയം കണ്ടെത്തും. സ്വയം കിന്നാരം പറയാനായി അവർ സമയം ബാക്കിയാക്കും. ഇതാണ് സമയത്തെ കീഴടക്കൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. യതിയുടെ തന്നെ പ്രയോഗം കടമെടുത്താൽ അവരാണ് “ഉള്ളിൽ കിന്നാരം” പറയുന്നവർ.
ഭൂതകാലത്തിന്റെ പിടിയിൽ നിന്ന് മോചിതരായി അതേ സമയം ഭാവിയെപ്പറ്റിയുള്ള ആകാംക്ഷയെന്ന കുരുക്കിൽപ്പെടാതെ ശ്രദ്ധയോടെ മുന്നിലുള്ള ഓരോ നിമിഷത്തെയും നേരിട്ടാൽ ജീവിതം സുഖകരമായിത്തീരും. 24 മണിക്കൂറുള്ള എത്ര ദിവസങ്ങളാണ് നമ്മുടെ മുന്നിലെന്നത് ആർക്കും നിശ്ചയമില്ല. നിശ്ചയമുള്ളത് ദിവസത്തിൽ ഇരുപത്തിനാല് മണിക്കൂർ മാത്രമേയുള്ളൂ എന്നതാണ്. ആ മണിക്കൂറുകളെ നമ്മുടെ വരുതിയിലാക്കുക എന്നതാണ് നമുക്കെല്ലാം ചെയ്യുവാനുള്ളത്. സമയം എനിക്കും നിങ്ങൾക്കും സന്യാസിക്കും പ്രധാനമന്ത്രിക്കും ഒക്കെ ഒരു പോലെയേയുള്ളൂ. പ്രധാനമന്ത്രിയായിരുന്നപ്പോൾ ജവഹർലാൽ നെഹ്റു ദിവസവും പതിനാറു മണിക്കൂറോളം ജോലി ചെയ്തതിനു ശേഷവും വായനക്കായ് ലൈബ്രറിയിലേക്ക് പോവുന്ന പതിവുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്. സമയം കടം വാങ്ങാൻ അദ്ദേഹം ഉറക്കത്തിന്റെ കലവറയിലാണ് അപേക്ഷിച്ചത് എന്നർത്ഥം.
തിരക്കിലാണോ എന്ന് ആരെങ്കിലും ചോദിക്കുമ്പോൾ അല്ലല്ലോ എന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും പറയുവാൻ നമുക്കെല്ലാം കഴിയണം. ഷൗക്കത്തിനെപ്പോലെ ജീവിതത്തിൽ ആവശ്യത്തിലധികം സമയമുണ്ടെന്ന് പറയുവാനും എല്ലാവർക്കും സാധിക്കും. പക്ഷേ, ശ്രദ്ധ വേണം. ഓർക്കുക സമയത്തിന്റെ ഗുരു ശ്രദ്ധ മാത്രമാണ്. ഇഷ്ടമുള്ളതിനെല്ലാം സമയം കണ്ടെത്തുമ്പോൾ തോന്നുന്ന ഒരു സുഖമുണ്ടല്ലോ, അതൊരു മാസ്മരികാനുഭൂതിയാണ്. എന്റെ വായനക്കാർക്കെല്ലാം അവരുടെ ജീവിതത്തിൽ ഈ അനുഭൂതി അനുഭവിക്കാൻ അവസരങ്ങളുണ്ടാവട്ടെ എന്നാഗ്രഹിച്ചു കൊണ്ട് ഞാനെന്റെ “തിരക്കുകളിലേക്കു് ” മടങ്ങട്ടെ! സമയത്തിന്റെ കണക്കു പുസ്തകത്തിൽ എനിക്ക് ലാഭത്തിന്റെ മുഖം വരച്ചുവെക്കേണ്ടതുണ്ട്.