scorecardresearch

നീതിയിലേയ്ക്ക് എന്നാണ് നമ്മൾ പ്രവേശനോത്സവം നടത്തുക ?

പ്രവേശനോത്സവങ്ങളിൽ നിന്നും പുറന്തളളപ്പെടുന്നവരെ ആരും കാണുന്നില്ല, ആഘോഷങ്ങളുടെ തിമിർപ്പിൽ പൊതു സമൂഹം മറന്നുപോകുന്ന ആ കുഞ്ഞുങ്ങൾക്കുവേണ്ടി

പ്രവേശനോത്സവങ്ങളിൽ നിന്നും പുറന്തളളപ്പെടുന്നവരെ ആരും കാണുന്നില്ല, ആഘോഷങ്ങളുടെ തിമിർപ്പിൽ പൊതു സമൂഹം മറന്നുപോകുന്ന ആ കുഞ്ഞുങ്ങൾക്കുവേണ്ടി

author-image
K Santhosh Kumar
അപ്‌ഡേറ്റ് ചെയ്‌തു
New Update
tribal student, ajith, school ,

ഒരു നൂറ്റാണ്ട് മുമ്പ് ഊരൂട്ടമ്പലത്തെ ഒരു കുടിപ്പളളിക്കൂടത്തിലെത്തിയ പഞ്ചമി  എന്ന ബാലികയെ ജാതിയുടെ പേരിൽ ആയുധങ്ങളുമായി നേരിട്ടയിടത്ത് ഇന്ന് പഞ്ചമിയുടെ പിൻതലമുറക്കാരിയായ ആതിരയെ വാദ്യാഘോഷവും പൂത്താലവുമായി സ്വീകരിക്കുന്ന പ്രവേശനോത്സവം കഴിഞ്ഞു. നല്ലത്, നീതി തേടിയുളള​ ഒരു സമരപോരാട്ടത്തെ അതിന്റെ ചരിത്രഭൂമികയിൽ പുതിയ തലമുറയുമായി ഇണക്കിയുളള പരിപാടി. എന്നാൽ ഈ ആഘോഷങ്ങൾക്കപ്പുറത്തുളള പഞ്ചമിമാരുടെ പുതുതലമുറയുടെ യാഥാർത്ഥ്യമെന്താണ്.

Advertisment

school, students, kannur, കണ്ണൂർ തളാപ്പ് യുപി സ്കൂളിലെ പ്രവേശനോത്സവത്തിലെ കാഴ്ച

പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഇന്നും പലവിധകാരണങ്ങളാൽ ഇന്നും അയിത്തം കൽപ്പിച്ച് അകറ്റി നിർത്തപ്പെടുന്നു. ചരിത്രം ആഘോഷിച്ച് അവസാനിപ്പിക്കുന്ന അധികാരികൾ നൂറ്റണ്ടാുകൾക്ക് മുന്പ് ഊരൂട്ടമ്പലം സ്കൂളിന് തീവെച്ച നാട്ടുപ്രമാണിമാരുടെ മാനസികാവസ്ഥ തന്നെയാണ് പിന്തുടരുന്നത്. അയിത്തത്തിന്റെയും ജാതിവ്യവസ്ഥയുടെയും "വികേന്ദ്രീകൃത ജനാധിപത്യം" അരങ്ങേറുന്നതിന്റെ ദൃശ്യങ്ങളാണ് ഈ മനുഷ്യരെ ഇന്നും അദൃശ്യരാക്കുന്നത്. അയ്യൻകാളി സവർണലോകത്തിന്റെ മുഖത്തേയ്ക്ക് മനുഷ്യത്വത്തിന്റെ വെളിച്ചം കാണിച്ച കണ്ടല സമരത്തിന്റെ വേരുകളെ മറന്ന അറുപത് വർഷത്തെ സവർണ കേരളമാണ് ഇന്ന് പിൻതലമുറക്കാരിയെ പ്രവേനോത്സവത്തിലൂടെ ആഘോഷിച്ച് തങ്ങളുടെ തിരിഞ്ഞുനടത്തത്തെ മറച്ചുപിടിക്കാൻ ശ്രമിക്കുന്നത്.

ഒരു സംഭവകഥയിലൂടെ ​ഭരണകൂട സ്പോൺസേഡ് അയിത്താചാരണത്തിന്റെ വർത്തമാന വഴികളിലേയ്ക്കു പോകാം.  ഈ സംഭവ കഥയിലെ അജിത് ഒരു ഉദാഹരണം മാത്രമാണ്.

Advertisment

2014 ജൂലൈ 9 നാണ് അജിത്തും അമ്മയും സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ് സമരത്തിനായി എത്തുന്നത്. അമ്മയുടെയും അച്ഛന്റേയും കൈപിടിച്ച് പല പ്രായത്തിലെ കുട്ടികൾ പുതിയ ബാഗും, കുടയും, ഉടുപ്പുമായി ചിരിച്ചും പരിഭവപ്പെട്ടും സെക്രട്ടറിയേറ്റിന് മുന്നിലൂടെ സ്കൂളുകളിലേക്ക് പോകുമ്പോൾ എഴു വയസുകാരൻ അജിത് "ആദിവാസികളോട് സർക്കാർ വാക്കുപാലിക്കുക. വാക്കുപാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്" എന്ന മുദ്രാവാക്യമെഴുതിയ ബാനറും പിടിച്ച് നിൽപ് സമപ്പന്തലിനു മുന്നിൽ ഈ കാഴ്ച നോക്കി നിൽക്കുകയായിരുന്നു. ജൂലൈയിലെ കോരിച്ചൊഴിയുന്ന മഴയും, ആറ് മാസക്കാലത്തെ പൊടിയും വെയിലുമേറ്റ്, ഏറ്റവും തിരക്കേറിയ എം ജി റോഡിലെ വാഹനങ്ങളിൽ നിന്നുള്ള പുകശ്വസിച്ച് സമരം അവസാനിച്ച 2014 ഡിസംബർ 18 വരെയുള്ള 162 ദിവസമാണ് അവൻ അങ്ങനെ നിന്നത്.

ഏത് സമയവും ആനയും വന്യമൃഗങ്ങളും അക്രമിച്ചേക്കാവുന്ന പുളിമൂട്ടിലെ ആദിവാസികൾ പിടിച്ചെടുത്ത വനഭൂമിയും അതിൽ ടാർപ്പാളിൽ മറച്ച 'കൂരയു'മല്ലാതെ മറ്റൊരിടം ഇല്ലാത്തതു കൊണ്ടും, പഠിക്കുന്നതിനുള്ള സാമൂഹിക സാഹചര്യമില്ലാത്തതു കൊണ്ടും ഭൂമിയും, കൃഷിയും സംസ്കാരവും തിരിച്ച് പിടിച്ച് പഠിക്കുന്നതിനുള്ള ഭൗതിക സാഹചര്യം സൃഷ്ടിക്കുന്നതിനായി അവന് അങ്ങനെ അങ്ങനെ നിൽക്കുകയല്ലാതെ മറ്റ് മാർഗ്ഗവുമില്ലായിരുന്നു. വയനാട്‌ പുളിമൂട്‌ പൊന്നിയുടേയും ചാത്തന്റേയും ഏറ്റവും ഇളയമകൻ അജിത്ത്‌ 162 ദിവസം "നമ്മെയെല്ലാം" വിചാരണ ചെയ്തു കൊണ്ട് നിന്നത് തനിക്കു വേണ്ടി മാത്രമല്ല, പതിനായിരക്കണക്കിന് 'അജിത്തു'മാർക്ക് വേണ്ടിയാണ്.

അതിജീവനത്തിനായി അജിത്തുൾപ്പെടെയുള്ള ആദിവാസികൾ സമരം ചെയ്തു നേടിയെടുത്ത അവകാശങ്ങളെ സർക്കാർ അട്ടിമറിക്കുമ്പോൾ, അവകാശപ്പെട്ട ഭൂമിയും, വനമുൾപ്പെടെയുള്ള വിഭവങ്ങളിൽ ഉടമസ്ഥതയും അധികാരവും നൽകാതെ പുറംമ്പോക്കുകളിലേക്കും "സെറ്റിൽമെന്റ്" കോളനികളിലേയ്ക്കും "പുനരധിവസിപ്പിക്കു"മ്പോൾ പ്രവേശനോത്സവത്തിന്റെ വർണ്ണാഭമായ കാഴ്ചകളിൽ നിന്ന് അപ്രത്യക്ഷരാകുന്നത് എണ്ണിയെടുക്കാൻപറ്റാത്ത സർക്കാരിന്റെ ഔദ്യോഗിക കണക്കുകളിൽ​ കാണാനാകാത്ത 'അജിത്തുമാർ' ആയിരിക്കും.

കേരളത്തിലെ 4644 ആദിവാസി ഊരുകളിലെ 21696 സെറ്റിൽമെന്റുകളിലുമായി ആയിരക്കണക്കിന് കുട്ടികൾക്കാണ് "പ്രവേശനോത്സവങ്ങളും" പ്രാഥമിക പഠനത്തിനുമുള്ള അവസങ്ങളും നിഷേധിക്കപ്പെടുന്നത്. 491 ഊരുകളിലോ സമീപങ്ങളിലോ അംഗൻവാടികൾ പോലുമില്ലെന്ന് കിലെയുടെ പഠനത്തിൽ പറയുന്നു. കേരളം സമ്പൂർണ്ണ സാക്ഷരത നേടിയ സംസ്ഥാനമാണെന്ന് കൊട്ടിഘോഷിക്കുമ്പോൾ ആദിവാസികളിലെ 28 % ഇന്നും നിരക്ഷരരാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ എട്ട് ആദിവാസി കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ പോഷക ആഹാരക്കുറവ് കൊണ്ട് മരിച്ചത്. എത്ര കുട്ടികൾ ഇതിനകം തന്നെ മരിച്ചിരിക്കുന്നു. കേരളത്തിന്റെ മാനവവികസന സൂചികളിലൊന്നും ആദിവാസികൾ പെടുന്നില്ല എന്നതാണ് യാഥാർത്ഥ്യം ! പകുതി കുട്ടികളും ( 49.27 % ) പ്രൈമറി വിദ്യാഭ്യാസം മാത്രം നേടിയവരാണ്. ഡിഗ്രിയോ അതിനു മുകളിലോ ഉന്നത വിദ്യാഭ്യാസം നേടിയ കുട്ടികളാകട്ടെ വെറും 1.31ശതമാനവും. സർക്കാർ കണക്കുകളും സ്വകാര്യ ഏജൻസികൾ നടത്തിയ പഠനങ്ങളും പരിശോധിക്കുമ്പോൾ 85.19% കുട്ടികൾ പ്രാഥമിക വിദ്യഭ്യാസം പോലും നേടാതെ പഠനം ഉപേക്ഷിക്കുകയാണെന്ന ക്രൂരമായ യാഥാർത്ഥ്യത്തിലേക്കാണ് നാം എത്തുന്നത്. അജിത്തിനെപ്പോലെ സാമൂഹിക അരക്ഷിതാവസ്ഥ കൊണ്ടും ദാരിദ്യം കൊണ്ടും പഠനം ഉപേക്ഷിക്കേണ്ടി വന്നവർ. ആരാണ് ഇതിന് ഉത്തരവാദി ?

ഉന്നത വിദ്യഭ്യാസം നേടിയ 1.31 ശതമാനം കുട്ടികളിൽ ബഹുഭൂരിപക്ഷവും പാരമ്പര്യ ഭൂമിയും കൃഷിയും തനത് ഭക്ഷ്യ സംസ്കാരവുമുള്ള, നിലനിർത്തുന്ന കുറിച്യരും, മുള്ളകുറുമരും, മലയരയരും ആണെന്ന് ബോധ്യപ്പെടുമ്പോഴാണ് ആദിവാസി ജനതയുടെ ഭൂമിയും, ഭക്ഷ്യ പാരമ്പര്യവും സംസ്കാരവും തകർത്ത അധിനിവേശ ജനതയ്ക്കും ഇതിന് എല്ലാവിധ സഹായങ്ങളും ഒത്താശയും ചെയ്യുന്ന സർക്കാരുമാണ് ഇതിന് ഉത്തരവാദി എന്ന് മനസ്സിലാക്കുക.

പലവിധ പ്രതിസന്ധികളിലൂടെ ഡിഗ്രിയോ അതിന് മുകളിലേക്കോ ഉന്നത വിദ്യഭ്യാസത്തിന് എത്തുന്ന ആദിവാസി വിദ്യാർത്ഥികൾക്ക് പഠനാനുകൂലമായ സാഹചര്യമല്ല ഇന്ന് സംസ്ഥാനത്ത് നിലനിൽക്കുന്നത്. സംസ്ഥാന പട്ടിക വർഗ്ഗ വകുപ്പിന് കീഴിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ ഉള്ളത് കോഴിക്കോടും പാലക്കാട്ടും മാത്രമാണ്. തിരുവനന്തപുരത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ തുടങ്ങിയതാവട്ടെ സമീപകാലത്തും. കേരളത്തിലുടനീളം 74000ത്തിൽ അധികം വിദ്യാർത്ഥികൾ പ്രീമെട്രിക് മേഖലയിലും 12500 കുട്ടികൾ പോസ്റ്റ് മൊടിക് മേഖലയിലും ഉള്ളതായാണ് 2011 ലെ സർക്കാർ കണക്കുകൾ ( ഇക്കണോമിക് റിവ്യൂ ) വ്യക്തമാക്കുന്നത്. പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിൽ 90 ശതമാനവും പട്ടികജാതി വികസന വകുപ്പിന് കീഴിലാണ്. ഇവിടെ 2 % സീറ്റുകൾ മാത്രമാണ് പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അനുവദനീയമായിട്ടുള്ളത്. ചുരുക്കത്തിൽ 12500 വിദ്യാർത്ഥികൾ ഉന്നതപഠനത്തിനായി എത്തുമ്പോൾ 100-150 വിദ്യാർത്ഥികൾക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നുള്ളു എന്നതാണ് ഗുരുതരമായ പ്രശ്നം.

tribal student protest,higher education, school പട്ടികജാതി-വർഗവിഭഗങ്ങളിലെ കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ആവശ്യപ്പെട്ട് നടത്തിയ സമരം(ഫയൽ​ചിത്രം)

കഴിഞ്ഞ അദ്ധ്യയന വർഷം ( 2016-17) എർണാകുളം മഹാരാജാസ് കോളേജിലും , ലോ കോളേജിലും ഇടമലക്കുടി, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പഠനത്തിന് എത്തിയ 20 വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതുമൂലം അവരിൽ അഞ്ച്  വിദ്യാർത്ഥികൾക്ക് പഠനം ഉപേക്ഷിച്ച് പോകേണ്ടി വന്നു. ഇത് വാർത്തയായതിനെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ഇടപെടുകയും മൂന്ന് കുട്ടികൾക്ക് പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ അഡ്മിഷൻ നൽക്കുകയും ചെയ്തു. ഇടമലക്കുടിയിലെ രണ്ട്  വിദ്യാർത്ഥികളാകട്ടെ പിന്നീട് വന്നതുമില്ല. ഇടമലക്കുടിയിൽ നിന്ന് വന്ന രാമചന്ദ്രനെപ്പോലെയുള്ള വിദ്യാർത്ഥികൾ ഹോസ്റ്റൽ സൗകര്യം ലഭിക്കാത്തതുമൂലം തെരുവിൽ അലഞ്ഞും, സുഹൃത്തുക്കളുടെ മുറിയിൽ തങ്ങിയും നിയമപഠനം നടത്തുമ്പോൾ പട്ടികവർഗ്ഗ വികസന വകുപ്പ് 200 മീറ്റർ അപ്പുറത്ത് 50 കോടി രൂപ ചിലവിൽ ആദിവാസി ഹെറിറ്റേജ് സെന്റർ പണിഞ്ഞ് ആദിവസികളെയും ആദിവാസി സംസ്കാരത്തെയും വിപണിക്കു വേണ്ടി കാഴ്ചവസ്തുക്കൾ ആക്കുന്നതിനുള്ള പ്രവർത്തന തിടുക്കത്തിൽ ആയിരുന്നു.

ഭരണകൂട സംവിധാനങ്ങൾ ക്രിയാത്മകമായും അടിയന്തിരമായി ഇടപെടുന്നില്ലായെങ്കിൽ പ്രവേശനോത്സവങ്ങളിൽ നിന്ന് 'അജിത്തുമാർ' അപ്രത്യക്ഷരായിക്കൊണ്ടേയിരിക്കും.  ബോധപൂർവ്വമായ ആ വംശഹത്യയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഭരണകൂട സംവിധാനങ്ങൾക്ക് ഒരു കാലത്തും മാറി നിൽക്കാൻ കഴിയുകയില്ല.

Tribal Isuues School Children School Student

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: