scorecardresearch
Latest News

ഫാസിസത്തിന്റെ ക്യാംപസ് വഴികൾ

മലയാളി സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് സാമൂഹികവും രാഷ്ട്രീയവുമായ വലിയ പൊളിച്ചെഴുത്ത് തന്നെ വേണ്ടിവരും അതിലില്ലാത്തതിന്റെ പ്രതിഫലനങ്ങളാണ് കലാലയങ്ങളില്‍കാണുന്ന വര്‍ഗീയഫാസിസ്റ്റുകളും രാഷ്ട്രീയഫാസിസ്റ്റുകളും

ഫാസിസത്തിന്റെ ക്യാംപസ് വഴികൾ

മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവർത്തകനുമായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകം കേരളത്തിലെ കലാലയങ്ങളിലെ അക്രമരാഷ്ട്രീയത്തിലേയ്ക്കുള്ള ചൂണ്ടുപലകയാണെന്ന് പറഞ്ഞാല്‍ ആര്‍ക്കും നിഷേധിക്കാനാവില്ല. പക്ഷെ, കലാലയങ്ങളിലെ പൊതുഅവസ്ഥ ഇതാണെന്ന് പറഞ്ഞാല്‍അത് ശരിയല്ലെന്നു തന്നെ പറയാം. കൊലപാതകങ്ങള്‍ അത്യപൂര്‍വവും ഒറ്റപ്പെട്ടതുമായ സംഭവങ്ങളാണ്. ഇപ്പോഴത്തെ സംഭവത്തില്‍ കലാലയ രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള അപകടകരമായ തീവ്രവാദ രാഷ്ട്രീയത്തിന്‍റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത് അതിനെ കൂടുതൽ ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുന്നു. ഈ അവസ്ഥയില്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍പ്രസക്തം തന്നെയാണ്; ആവശ്യവുമാണ്. പക്ഷേ, അതിന്‍റെ മറവില്‍ ഇവിടുത്തെ കലാലയങ്ങളില്‍ നിലനില്‍ക്കുന്ന അങ്ങേയറ്റം അനാരോഗ്യകരമായ അവസ്ഥകളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു എന്നതും വിസ്മരിക്കരിക്കരുത്. അത്തരം വിഷയങ്ങള്‍കൂടി പരിശോധിക്കാനുളള ശ്രമമമാണിത്.

കാമ്പസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി,പി.ഐ.എന്നീ മുസ്ലീം തീവ്രവാദി സംഘ ടനകള്‍ ആണെന്നത് തർക്കമറ്റ വസ്തുതയാണ്. പക്ഷെ, ഇപ്പോള്‍ അഭിമന്യൂ കൊലപാതകത്തില്‍ സംഭവിച്ചതുപോലെ പുറത്തുനിന്ന് ആസൂത്രിതമായി നടത്തിയ കൊലപാതകങ്ങള്‍ കലാലയങ്ങളില്‍ മുമ്പ് നടന്നിട്ടില്ല. കലാലയാന്തരീക്ഷത്തിലേക്ക് ഭീകരവാദം കടത്തിക്കൊണ്ടു വരാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതെന്ന് കരുതേണ്ടിയിരിക്കുന്നു. ഈ ഇസ്‌ലാം തീവ്രവാദി വിഭാഗത്തിന്‍റെ അതിക്രമങ്ങള്‍ കലാലയങ്ങള്‍ക്ക്‌ പുറത്താണ് അധികവും നടന്നിട്ടുള്ളത്. അതില്‍ഏറ്റവും ശ്രദ്ധേയം പ്രൊ.ജോസഫിന്‍റെ കൈ വെട്ടിയ സംഭവമാണ്. കൊലയല്ലെന്നു കരുതി അതിനെ ചെറുതാക്കി കാണാന്‍പറ്റില്ല. അങ്ങേയറ്റം വര്‍ഗീയവിഷം വമിക്കുന്ന സംഭവമായിരുന്നു അത്. ആഗോളതല ഇസ്‌ലാമിക ഭീകരവാദത്തിന്‍റെ നേരിട്ടുള്ള തുടര്‍ച്ച കൂടി ആയിരുന്നു അത്. ഒരു ഫ്രഞ്ച് പത്രത്തില്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ആ പത്രമോഫീസില്‍കയറി കൂട്ടക്കൊല നടത്തിയവരാണ് ഇസ്‌ലാമിക ഭീകരവാദികള്‍. ഇവിടെ പ്രൊ. ജോസഫ് ഒരു ചോദ്യപേപ്പറില്‍ തികച്ചും നിരുപദ്രവകരമായി മുഹമ്മദ്‌ എന്ന പേര് ഉപയോഗിച്ചത്‌ പ്രവാചകനെ അപമാനിക്കലായിരുന്നു എന്നു പറഞ്ഞാണ് കൈവെട്ടു നടത്തിയത്. തികച്ചും വര്‍ഗീയഭീകരവാദമായ ആ കൃത്യത്തിനെതിരെ കര്‍ക്കശനടപടി എടുക്കുന്നതിനു പകരം പ്രൊ.ജോസഫ് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ഇടയാക്കി എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ വകുപ്പ് തല നടപടി എടുക്കുകയാണ് സര്‍ക്കാര്‍ചെയ്തത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി അതിനെ ന്യായീകരിക്കുകയും ചെയ്തു. മുസ്‌ലിം പ്രീണനമായിരുന്നു ഇടതുമുന്നണിയുടെ ലക്ഷ്യം എന്നു വ്യക്തമാണ്. വോട്ടു ബാങ്ക് രാഷ്ട്രീയം എത്തിനില്‍ക്കുന്ന ഗതികേടാണിത്.

sdpi, campus front, abhimaniyu, sfi,

കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തെ മൊത്തത്തില്‍ മതേതര ജനാധിപത്യ ചട്ടക്കൂടില്‍പിടിച്ചുനിര്‍ത്തുന്നതില്‍ ഫലപ്രദവും നിര്‍ണായകവുമായ പങ്ക് വഹിച്ചിട്ടുള്ള മുസ്‌ലിംലീഗിനെ വര്‍ഗീയപാർട്ടി എന്നു മുദ്രകുത്തി ഐ.എന്‍.എല്‍., പി.ഡി.പി., ജമാ അത്തെ ഇസ്ലാമി, എന്‍.ഡി.എഫ്., പോപുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. എന്നീ തീവ്രവാദ മുസ്ലിം സംഘടനകള്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുക്കുകയാണ് ഇടതുമുന്നണി പ്രത്യേകിച്ചും സി.പി.എം. ചെയ്തു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഇവരുടെയെല്ലാം വോട്ടു വാങ്ങുകയും തദ്ദേശസ്ഥാപനങ്ങളില്‍ പലയിടത്തും അവരുമായി അധികാരം പങ്കിടുകയുമാണ് ഇടതുമുന്നണിയും സി.പി.എമ്മും ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ടിപ്പോള്‍ ഇവര്‍തന്നെ വളര്‍ത്തിക്കൊണ്ടുവന്ന ഈ ഭീകരവാദികളുടെ കൈകളാല്‍ഒരു മാതൃകാ വിദ്യാര്‍ഥി ആയിരുന്ന അഭിമന്യു കൊല ചെയ്യപ്പെട്ടപ്പോള്‍ ആ രക്തസാക്ഷിത്വത്തെ ഉപയോഗപ്പെടുത്തി ജനപിന്തുണ നേടാനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ജനങ്ങളോട് ഉത്തരവാദിത്വമുള്ള രാഷ്ട്രീയപ്രസ്ഥാനവും പാര്‍ട്ടിയുമാണ് ഇവരെങ്കില്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ഈ മത തീവ്രവാദികള്‍ക്ക് ഇത്രയും നാള്‍പിന്തുണ നല്‍കുകയെന്ന ഗുരുതരമായ തെറ്റ് ചെയ്തതിന്‍റെ പേരില്‍ സ്വയംവിമർശനം നടത്തുകയാണ്. ജനങ്ങളോട് അത് ഏറ്റു പറയുകയും വേണം. പക്ഷെ, ഇതൊന്നും ചെയ്യാതെ ഇതുവരെ ചെയ്തതൊക്കെ മൂടിവെച്ച് മതതീവ്രവാദികളെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരുകയും അവര്‍ക്കെതിരെ കുറച്ചു പോലീസ് റെയ്ഡുകള്‍ നടത്തുകയും ചെയ്ത് ജനങ്ങളെ കബളിപ്പിക്കാനാണ് ഭരണമുന്നണി നേതൃത്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഒരു ഇടതുപക്ഷ എം.എല്‍.എ.യുടെ ഭാര്യ സുഹൃത്തില്‍നിന്നു കിട്ടിയ വിശ്വസനീയമായ വിവരം എന്ന നിലക്ക് ഫെയ്സ്ബുക്കില്‍പങ്കുവെച്ച വാര്‍ത്ത യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നതായി കണക്കാക്കാവുന്നതാണ്. അഭിമന്യുവിന്‍റെ വധത്തെകുറിച്ച് പാർട്ടി ബന്ധുവായ ഒരാൾ പറഞ്ഞതെന്ന പേരിൽ അവരെ സഹായിക്കുന്നത് പാർട്ടിക്കാരാണെന്നായിരുന്നു ആ പോസ്റ്റ്. എന്നാൽ വിവാദമായതിനെ തുടർന്ന് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

ഇനി നമ്മുടെ കലാലയങ്ങളിലെ അവസ്ഥയെന്താണ് എന്നു കൂടി നോക്കാം. അഭിമന്യുവിന്‍റെ കൊലയ്ക്ക് ഉത്തരവാദികളായി കണക്കാക്കപ്പെടുന്ന കാമ്പസ് ഫ്രണ്ട് എന്ന വിദ്യാര്‍ഥി സംഘടനയ്ക്ക് അപൂര്‍വ്വം കോളേജുകളിലേ പ്രകട സാന്നിധ്യമുള്ളൂ. അവരുടെ ഭീകരപ്രവര്‍ത്തന ശൈലി കൊണ്ട് മാത്രമാണ് അവര്‍ക്ക് ശ്രദ്ധ പിടിച്ചുപറ്റാനായത്. അതുകൊണ്ടു മാത്രം കേരളത്തിലെ കലാലയാന്തരീക്ഷത്തില്‍ അവര്‍ ഒരു പ്രധാന ഘടകമാവുന്നില്ല. ദശകങ്ങളായിട്ട് അവിടെ മേധാവിത്തമുള്ളത് എസ്.എഫ്.ഐ.ക്ക് തന്നെ യാണ്; പ്രത്യേകിച്ചും, സര്‍ക്കാര്‍ കോളേജുകളിൽ ഈ മേധാവിത്തം പ്രകടമാണ്. അവര്‍ക്ക് മേധാവിത്തമുള്ള കോളേജുകളില്‍ അവര്‍ മറ്റൊരു സംഘടനയെയും വളരാന്‍, പോയിട്ട് തലപൊക്കാന്‍പോലും അനുവദിക്കുന്നില്ലെന്നതാണ് വാസ്തവം. അക്ഷരാര്‍ഥത്തില്‍, അവര്‍ മറ്റുള്ളവരെ ശാരീരികമായി അടിച്ചൊതുക്കുകയാണ് ചെയ്യുന്നത്. സി.പി.എമ്മിന്‍റെ ഫാസിസ്റ്റ് രാഷ്ട്രീയം പച്ചയായി നടപ്പിലാക്കപ്പെടുന്നത് വിദ്യാര്‍ഥി രംഗത്ത് ആണെന്ന് ചുരുക്കം.

മറ്റ് വിദ്യാര്‍ഥി സംഘടനകളെല്ലാം ഭേദപ്പെട്ട ശൈലി സ്വീകരിച്ചിരുന്നവരാണ് അല്ലെങ്കിൽ സ്വീകരിച്ചവരായിരുന്നു എന്നല്ല വിവക്ഷ. എ.ബി.വി.പി.ക്ക് മേധാവിത്തമുള്ള കോളേജുകളില്‍ എസ്.എഫ്.ഐ.യുടെ ശൈലി തന്നെയാണ് അവരും സ്വീകരിക്കുന്നത്. എം.എസ്.എഫിന് മേധാവിത്തമുള്ളിടത്തു അവരും മറ്റുള്ളവരെ വളരാന്‍ അനുവദിക്കാറില്ല. ശൈലി ഇത്രത്തോളം ഭീകരമല്ലെന്ന് മാത്രം. ഭൂരിപക്ഷം കോളേജുകളിലും കെ.എസ്.യു.വിനു മേധാവിത്തമുണ്ടായിരുന്ന ആദ്യകാലങ്ങളില്‍ അവരും മറ്റുള്ളവരെ വളരാന്‍ അനുവദിക്കാറില്ലായിരുന്നു. എസ്.എഫ്.ഐ. ഭീകരശൈലിയുമായി വന്നതോടെ കെ.എസ്.യു.പിന്തള്ളപ്പെടുകയും ചെയ്തു. മേധാവിത്തം നേടുന്ന സംഘടനകളെല്ലാം മറ്റുള്ളവരുടെ വളര്‍ച്ചയെ തടയാന്‍ശ്രമിക്കുന്നത് പതിവായിരുന്നു. അതിനായി ഫാസിസ്റ്റ് ശൈലി ഉപയോഗിച്ച് തുടങ്ങിയത് എസ്. എഫ്. ഐ. ആണെന്ന് മാത്രം.

കേരളത്തിലെ കലാലയങ്ങളിലെ ഈ അവസ്ഥ മലയാളികളെ സംബന്ധിച്ചി ടത്തോളം ലജ്ജാകരം തന്നെയാണ്. അതു കൊണ്ടു തന്നെ ആവണം ഈ വിഷയം അധികം ചര്‍ച്ച ചെയ്യപ്പെടാറുമില്ല. കലാലയങ്ങളിലെ ഈ ഫാസിസ്റ്റ് അന്തരീക്ഷത്തോട് പ്രതികരിച്ചുകൊണ്ട് തീവ്രവാദ, ഭീകരവാദ പ്രവണതകള്‍ പൊന്തിവരുമ്പോള്‍ ആ അന്തരീക്ഷം സൃഷ്ടിച്ചവര്‍ക്ക് അതിലുള്ള ഉത്തരവാദിത്വം ചെറുതല്ല. എന്നിരുന്നാലും ഇപ്പോള്‍ കണ്ട കാമ്പസ് ഫ്രണ്ടിന്‍റെ ഭീകരവാദത്തിനു പിന്നില്‍ ഇതോടൊപ്പം മതഫാസിസത്തിന്‍റെ ബാഹ്യമായ ആശയ സ്വാധീനം കാണാവുന്നതാണ്. ഇസ്‌ലാമിക തീവ്രവാദത്തിന്‍റെയും ഭീകരവാദത്തിന്‍റെയും ആശയങ്ങള്‍ ആഗോള തലത്തിലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നത്.

k venu on abhimanyu murder issue

ഇസ്‌ലാമിക തീവ്രവാദത്തിന്‍റെ സവിശേഷത അത് അധികാരവുമായി അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതാണ്. മുഹമ്മദ് നബി സമത്വത്തിലും ദൈവനീതിയിലും അധിഷ്ഠിതമായ സാമൂഹ്യസങ്കല്‍പം അവതരി പ്പിച്ചത് ഫ്യൂഡല്‍ അധികാരഘടനയുമായി ബന്ധപ്പെടുത്തികൊണ്ടാണ്. മുഹമ്മദ് നബിയുടെ കാലശേഷം രൂപപ്പെട്ട അധികാരതര്‍ക്കം ആ മതത്തെ നെടുകെ പിളര്‍ക്കുകയായിരുന്നു. ആ പിളര്‍പ്പും അവാന്തരവിഭാഗങ്ങളും ഇപ്പോഴും തുടരുകയാണ്. മാത്രമല്ല, മറ്റെല്ലാ മതങ്ങളും ചരിത്രപ്രക്രിയക്ക്‌ അനുസൃതമായി പരിവര്‍ത്തനപ്പെട്ടപ്പോള്‍ ഇസ്‌ലാം മതം വലിയൊരു പരിധി വരെ അത്തരം പരിവര്‍ത്തനങ്ങളെ ചെറുത്തുനില്‍ക്കുകയും ചെയ്തു. മുസ്‌ലിം സമൂഹങ്ങള്‍ഭൂരിപക്ഷവും രാജാധികാര, ഫ്യൂഡല്‍സമൂഹങ്ങളായി ഇപ്പോഴും തുടരുകയും ചെയ്യുന്നത് അതുകൊണ്ടാണ്. ഇസ്‌ലാം മതവും അധികാരവും തമ്മിലുള്ള ഈ അഭേദ്യബന്ധമാണ് ആഗോള തലത്തില്‍ അല്‍ഖ്വൈദ, താലിബാന്‍, ഐ.എസ്. തുടങ്ങിയവയിലൂടെ പ്രകടിതമായത്. അവയുടെ സ്വാധീനം തന്നെയാണ് ഐ.എസ്.ഡി.പി.ഐ. യിലും കാമ്പസ് ഫ്രണ്ടിലുമെല്ലാം നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ യുവതലമുറകളില്‍ ഭൂരിപക്ഷം പേരും പൂര്‍ണമായോ അല്ലാതെയോ കലാലയങ്ങളിലൂടെ കടന്നുവരുന്നവരാണ്‌. അതായത്, തലമുറകളെ രൂപപ്പെടുത്തുന്നതില്‍ കലാലയങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നര്‍ത്ഥം. ആ കലാലയങ്ങളിലാണ് ഇത്തരം ജനാധിപത്യ വിരുദ്ധ അന്തരീക്ഷം കൊടികുത്തിവാഴുന്നത്. അപ്പോൾ പിന്നെ മലയാളി സമൂഹത്തിന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. പുരോഗമനരാഷ്ട്രീയത്തെക്കുറിച്ചെല്ലാം സദാ വീമ്പു പറയുന്ന മലയാളി സമൂഹം അടിസ്ഥാനപരമായ ജനാധിപത്യവല്‍ക്കരണ പ്രക്രിയയിലൂടെ കടന്നുപോയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനമേഖലകളില്‍മാത്രമല്ലാതെയും നമ്മുടെ സമൂഹത്തിന്‍റെ പിന്നോക്കാവസ്ഥയുടെ നിദര്‍ശനങ്ങളാകുന്ന അനവധി സംഭവങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത് കാണാം. തിരുവനന്തപുരത്തെ പാരമ്പര്യമുള്ള ഒരു പ്രമുഖ ഹയർ സെക്കൻഡറി സ്കൂളിൽ പരിപാടിക്കിടെ ഒരു പെണ്‍കുട്ടി മനോഹരമായി പാട്ടുപാടി കയ്യടിവാങ്ങി ഇറങ്ങിവന്നപ്പോള്‍ അടുത്ത സുഹൃത്തായ ഒരു ആണ്‍കുട്ടി ആ കുട്ടിയെ അനുമോദിച്ചത്‌ എല്ലാവരുടെയും മുന്നില്‍വെച്ച് ആലിംഗനം ചെയ്തു കൊണ്ടായിരുന്നു. അത് വലിയ കോലാഹലമായി. (മുൻകാലത്താണെങ്കിൽ ഈ കുട്ടികൾ കോളജിലെ പ്രീഡിഗ്രി വിദ്യാർത്ഥികളാകുമായിരുന്നു) രണ്ട് കുട്ടികളെയും സ്കൂളിൽ നിന്നും പുറത്താക്കി അച്ചടക്കത്തിന്റെ ശൂലമെടുത്ത് കുട്ടികളുടെ ഭാവിക്ക് മേൽ കുത്തുകയായിരുന്നു മാനേജ്മെന്റ്. രണ്ടു കുട്ടികളുടെയും മാതാപിതാക്കള്‍ ശരിയായ ഉറച്ച നിലപാട് എടുത്തതുകൊണ്ട് രണ്ടു കുട്ടികളുടെയും പഠിപ്പ് മുടങ്ങിയില്ല. നീണ്ട നിയമ നടപടികൾക്കൊടുവിൽ കുട്ടികളെ വീണ്ടും പഠിക്കാൻ അനുവദിക്കുകയായിരുന്നു മാനേജ്മെന്റ്. കോഴിക്കോട് പാരമ്പര്യമുള്ള മറ്റൊരു കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം സംസാരിക്കുകയോ ഇടപഴകുകയോ പാടില്ലെന്ന വിലക്ക് ഒരു ആണ്‍കുട്ടി ലംഘിച്ചതാണ് പ്രശ്നമായത്.

ഒരു ജനാധിപത്യസമൂഹത്തില്‍ പൗരന്മാര്‍ പരസ്പരം പാലിക്കേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ച് പ്രാഥമിക ധാരണ പോലുമില്ലാത്തവരാണ് മലയാളികളെന്ന് ഏവരെയും ബോധ്യപ്പെടുത്തും വിധമാണ് റോഡുകളില്‍ അരാജകത്വം സൃഷ്ടിക്കുകയും എവിടെയും മാലിന്യങ്ങള്‍വലിച്ചെറിയുകയും ചെയ്തുകൊണ്ട് അവര്‍ പെരുമാറി കൊണ്ടിരിക്കുന്നത്. ലോകത്ത് പല വികസിത സമൂഹങ്ങളും നേടിക്കഴിഞ്ഞിട്ടുള്ള ജനാധിപത്യ സംസ്കാരം പുരോഗമനം പറഞ്ഞ് നടക്കുന്ന മലയാളി സമൂഹം സ്വായത്തമാക്കണമെങ്കില്‍ സാമൂഹികവും രാഷ്ട്രീയവുമായ വലിയ പൊളിച്ചെഴുത്ത് തന്നെ വേണ്ടിവരുമെന്നാണ് ഇതെല്ലാം കാണിക്കുന്നത്. കലാലയങ്ങളില്‍കാണുന്ന കാമ്പസ് ഫ്രണ്ട് പോലുള്ള വര്‍ഗീയ ഫാസിസ്റ്റുകളും എസ്.എഫ്.ഐ. പോലുള്ള രാഷ്ട്രീയ ഫാസിസ്റ്റുകളും ഈ അവസ്ഥയുടെ പ്രതിഫലനങ്ങള്‍മാത്രമാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Abhimanyu murder maharajas college sfi campus front ksu abvp student politics