ഫൗണ്ടന്‍പേനയോ കുഴിമിന്നിയോ മറ്റു പണ്ടങ്ങളോ കണ്ണടയോ അഴിച്ചിട്ട തലമുടിയോ പുള്ളിബ്‌ളൗസോ കടുംനിറ സാരികളോ കുപ്പിവളകളോ കൃഷ്ണ പ്രണയമോ കൃത്യം കൃത്യമായ അളവില്‍ ചേര്‍ത്താല്‍ ഉണ്ടാകുന്നതല്ല ആമി എന്ന കമലാദാസ് എന്ന കമലാ സുരയ്യ. പുറം ചിത്രങ്ങളിലെ അത്തരം അനുപാതങ്ങളോ കെട്ടുകാഴ്ചകളോ ഒന്നുമല്ല ഒരു വെറും സാധാരണ മനുഷ്യനെപ്പോലും നിശ്ചയിക്കുന്നതും നിര്‍വ്വചിക്കുന്നതും. ഒരെഴുത്തുകാരിയെ അല്ലെങ്കില്‍ ഒരെഴുത്തുകാരനെ ഒട്ടും അളക്കാനാവില്ല അത്തരം അനുപാതങ്ങ ള്‍കൊണ്ട്. കല എന്നത് ഒരു മുദ്രയാണ്. ഉള്ളില്‍പ്പതിഞ്ഞ ആ മുദ്രയാണ് ഒരാളെ കലാകാരനോ കലാകാരിയോ ആക്കുന്നത്. ആ കല എങ്ങനെ രൂപപ്പെട്ടു, പതിഞ്ഞു, മാറാമുദ്രയായി എന്ന അന്വേഷണമാണ് ഞാന്‍ ആമിയില്‍ തിരഞ്ഞത്. അതാണ് ആമിയില്‍ തീരെയില്ലാതെ പോയത്. അതു കൊണ്ടാണ് ആമി, മാധവിക്കുട്ടിയുടെ കുഴിമിന്നിവരെയോളം പോലും എത്താതെ പോയത്.

ഐതിഹാസിക മാനങ്ങളിലേക്ക് എഴുത്ത് കാമനകളും ജീവിത ഭ്രാന്തുകളും കൊണ്ടെത്തിച്ചേര്‍ന്ന, നോബല്‍ നോമിനേഷനോളം ചെന്നു നിന്ന ഒരു മാധവിക്കുട്ടിയെ ക്യാമറ കൊണ്ട് വരയ്ക്കാനിരിക്കുമ്പോള്‍ ഒരു നീര്‍മാതളപ്പുൂവിന്‍റെ ചോടോ തണലോ മണമോ നിറമോ കൊണ്ട് അവരുടെ ഉള്ളിലെ അലകളുടെ താളമോ താളമില്ലായ്മയോ ഒപ്പിയെടുക്കാമെന്ന് വിചാരിച്ചതിനെ എന്തു പേരിട്ടു വിളിക്കണം എന്നെനിക്കറിയില്ല.

നീര്‍മാതളപ്പൂവിന്‍റെ മണം അവരുടെ ശരീരത്തിനായിരുന്നില്ല, ആത്മാവിനായിരുന്നു.

ചുറ്റുപാടുകളിലെ കാഴ്ചകളും വിചാരവികാരങ്ങളും സദാ ഒപ്പിയെടുത്തുകൊണ്ടേയിരിക്കുന്ന ഏകാന്തമായ ക്യാമറയാണ് ഓരോ എഴുത്തുജീവിയുടെയും പുറംകണ്ണ്. ആ ഒപ്പിയെടുക്കലുകളെ അകക്കണ്ണിന്‍റെ പാലെറ്റില്‍ ചാലിച്ചാണ് ഓരോ എഴുത്തും .

Read More: ആമിയുടെ ചോപ്പ് റോസാപ്പൂക്കാരന്‍

ചലച്ചിത്രകാരന്‍, അകക്കണ്ണിന്‍റെ ക്യാമറ ചലിപ്പിച്ചാല്‍ മാത്രം പിടി തരുന്ന ആ ലോകം അഭ്രപാളികളിലാക്കാന്‍ അസാമാന്യപ്രതിഭ വേണം. മാധവിക്കുട്ടി എന്ന ജീനിയസ്സിന്‍റെ അകക്കണ്ണ് എന്ന പാലെറ്റിലെ നിറങ്ങള്‍ പിടിച്ചെടുക്കാന്‍ കമലിന്‍റെ പുറംകണ്ണിനായില്ല.

ലെനിന്‍ രാജേന്ദ്രന്‍ ദൂരദര്‍ശനു വേണ്ടി ചെയ്ത ‘ബാല്യകാലസ്മരണകള്‍’ എന്ന സീരിയല്‍ ഇപ്പോഴും ഓര്‍മ്മയിലുണ്ട്. കുഞ്ഞു കമലയെ ജീവസ്സുറ്റതാക്കിയ അപര്‍ണ്ണ എന്ന കുട്ടിയും മാധവിക്കുട്ടിയും തമ്മില്‍ കണ്ടതിന്‍റെ വിശേഷം പറഞ്ഞു കൊണ്ടുള്ള പത്ര വാര്‍ത്തപോലും മറക്കാന്‍ പറ്റുന്നില്ല. അതു പോലെ ശ്യാമപ്രസാദിന്‍റെ ‘വേനലിന്‍റെ ഒഴിവ്’ എന്ന ടെലി ഫിലിമും. ഒരു പക്ഷേ മാധവിക്കുട്ടിക്കുള്ള വിഷ്വല്‍ ട്രിബ്യൂട്ട് എന്ന നിലയില്‍ അവശേഷിക്കുക ഈ രണ്ട് സംരംഭങ്ങള്‍ മാത്രമായിരിക്കും.

മാധവിക്കുട്ടിയുടെ പുറന്തോട് മഞ്ജു വാര്യരിലൂടെ കണക്കൊപ്പിച്ചു പണിതെടുക്കാന്‍ കമലിരുന്നപ്പോള്‍ അകക്കാമ്പ് കമലിന്‍റെ കൈയ്യിനു വഴങ്ങാതെ വഴുതിപ്പോയി.

മാധവിക്കുട്ടിയുടെ പുറംഛായയല്ല അകച്ഛായയാണ് ആമിയെ അവതരിപ്പിക്കുന്ന നടിയ്ക്ക് വേണ്ടത് എന്ന് കമലറിയാതെ പോയി. മാധവിക്കുട്ടിയുടെ ഉള്ളിലെ തീപ്പൊരികളുടെ കലമ്പല്‍ ഉള്‍ക്കൊള്ളാന്‍ മാത്രമാണ് പറഞ്ഞിരുന്നതെങ്കില്‍ മഞ്ജുവിനും ഈ വേഷം ഇത്ര ഭാരമായിത്തോന്നുമായിരുന്നില്ല. ബ്‌ളൗസിനകത്തേക്ക് ഒരറ്റം തിരുകിവച്ച സാരിയുടെ ഒഴുകിക്കിടപ്പാണ് മാധവിക്കുട്ടി എന്നു ധരിച്ചതോ ധരിപ്പിച്ചതോ മഞ്ജുവിന്‍റെ നാടകീയതക്ക് കാരണം? മാധവിക്കുട്ടിപ്പുറന്തോടിന്‍റെ അമിതഭാരം കൊണ്ട് മാധവിക്കുട്ടിയകംപൊരുളിനരികെ വരാന്‍ പോലും പാവം മഞ്ജുവിനായില്ല. ചേരാത്ത ഉടുപ്പിട്ടയാളുടെ ചക്രശ്വാസം വലിക്കലായി പരിണമിച്ചു മഞ്ജുവിന്‍റെ ആമീകായപ്രവേശം. അത് മഞ്ജുവിന്‍റെ കുഴപ്പമാണെന്നു തോന്നുന്നില്ല. സംവിധായകന്‍ വരച്ച കമലവൃത്തങ്ങളില്‍പെട്ട് അവര്‍ക്കു കമലയിലേക്കുള്ള വഴി തെറ്റിപ്പോയതാണ്. കുഞ്ഞാമിയെ അവതരിപ്പിച്ച കുട്ടിയുടെ കണ്ണിലെ തിളക്കവും ചിരിയിലെ കവിതയും നടപ്പിലെ പിടിച്ചെടുക്കലുകളും ഒന്നാന്തരമായി, അനായാസമായി അഭിനയിച്ച, പേരറിയാത്ത കുട്ടിയെ  കണ്ടെങ്കിലും വേണ്ടത് എന്താണെന്ന് തിരിച്ചരിഞ്ഞിരുന്നുവെങ്കില്‍ ഒരിയ്ക്കലും ആമിയിലേക്കുള്ള വഴി തെറ്റുമായിരുന്നില്ല. അകം കൊണ്ട് ആമിയെ വായിക്കാനറിയാവുന്നത് ഏതു നടിക്കെന്നാണ് കമലന്വേഷിക്കേണ്ടിയിരുന്നത്.

Read More: ‘മഞ്ജു’തരമായി ‘ആമി’

ഒരു നീര്‍മാതളപ്പൂവും എടുത്തു പിടിച്ച് മുറ്റത്തു കൂടെ അലഞ്ഞുനടക്കുമ്പോള്‍ മനസ്സില്‍ ഉരുത്തിരിഞ്ഞു വരുന്നതാണ് എഴുത്തെന്നു തോന്നും കമലിന്‍റെ ‘ആമി’ കണ്ടാല്‍. ഏകാന്തതയുടെ ഉള്ളിലിരുന്ന് ഒരു കനല്‍ പിടഞ്ഞു കത്തുമ്പോള്‍ ഉള്ളീലൂറുന്ന ധ്യാനത്തിന്‍റെ പേരാണ് എഴുത്ത്. എല്ലാം തികഞ്ഞവര്‍ക്കും ഒന്നും തികയാത്തവര്‍ക്കും ഇതിനു രണ്ടിനും നടുവിലുള്ളവര്‍ക്കുമൊക്കെ വരാം ഈ ധ്യാനപ്പിടച്ചില്‍. പക്ഷേ ഉള്ളില്‍ കനല്‍ വേണം. ഈ കനല്‍ ആമിയില്‍ വന്നതെങ്ങനെ എന്നു കാണിക്കേണ്ടിയിരുന്നത് നാലപ്പാടന്‍ എന്ന അമ്മാവന്‍റെ പേരു പറഞ്ഞോ ബാലാമണിയമ്മയുടെ എഴുത്തിരിപ്പ് കാണിച്ചോ തറവാട്ടില്‍ വന്നു പോകുന്ന ചങ്ങമ്പുഴയെയും കുട്ടിക്കൃഷ്ണമാരാരെയും വള്ളത്തോളിനെയും കാണിച്ചോ അല്ല.

ഒരാന്തരികാന്വേഷണം ഈ സിനിമയില്‍ സംഭവിച്ചിട്ടില്ല. കമല എന്ന നീര്‍മാതളം, അത് പൂത്തെങ്ങനെ എന്ന് പറയേണ്ടിയിരുന്നില്ലേ?

‘ആമി’ ചിത്രീകരണത്തിനിടെ

ആമി അതെഴുതി, ഇതെഴുതി എന്നു പറഞ്ഞാല്‍, ആമിയുടെ പേനയും അക്ഷരവും കാണിച്ചാല്‍ ബോദ്ധ്യമാകുന്നതല്ല ഒരെഴുത്തിന്‍റെ വഴി. ലെനിന്‍ രാജേന്ദ്രന്‍റെ ‘ബാല്യകാലസ്മരണ’കളിലെ കമലയുടെ നടപ്പില്‍, വന്മരമാകാന്‍ പോകുന്ന ഒരാളുടെ ഇലവീശലുകളുണ്ട്. കമലിന്‍റെ ‘ആമി’യില്‍, ആമിക്കുട്ടി ‘അടിയന്‍’ എന്ന് ജോലിക്കാരി വള്ളിയെ അനുകരിച്ചു പറയുന്ന ഒരിടത്ത്, ഗാന്ധിയെക്കുറിച്ച് ചോദിക്കുന്നയിടത്ത് ആ ഇലവീഴലിന്‍റെ നേര്‍ത്ത ചില സ്‌ട്രോക്‌സ് ഉണ്ട്. പക്ഷേ കൗമാര ആമി വളരെ ചപലമായി, ചിത്രംവര മാഷിനോടെട്ടുന്നതില്‍ മാത്രം ഒതുങ്ങി നിന്നു. കൊല്‍ക്കൊത്ത ഭാഗങ്ങള്‍ താരതമ്യേന നല്ല തുടക്കമായി തോന്നിച്ച് പിന്നെ പാടേ പതറിച്ചിതറിപ്പോയി.

ആമിയുടെ മനസ്സിലേക്ക് കവിതയായി ഇംഗ്‌ളീഷും കഥയായി മലയാളവും വഴിമാറി നടന്ന ഒരിടം പോലും, എന്തിന് ആമിയുടെ മനസ്സില്‍ ഇംഗ്‌ളീഷ് എങ്ങനെ കൂടുകെട്ടി എന്നു പോലും ചിത്രം ഒരു സൂചന എവിടെയും വച്ച് തരുന്നില്ല. ആമി ചുമ്മാ ഒരു സുപ്രഭാതത്തില്‍ ‘എന്‍റെ കഥ’യിലേക്കു മാര്‍ച്ചു ചെയ്തു കേറി എന്നേ തോന്നൂ ചിത്രം കണ്ടാല്‍. ആമി എന്ന കോണ്‍വെന്റ് എഡ്യുക്കേറ്റഡ് പെണ്‍കുട്ടിയുടെ ഇംഗ്‌ളീഷ് ഉച്ചാരണത്തിലെ കൊക്കുകളുടെ നീണ്ടു നേര്‍ത്ത രണ്ടു കാലുകള്‍ക്കു പകരം മലയാള ഉച്ചാരണത്തിന്‍റെ നാല് ആനക്കാലുകള്‍ വിരിഞ്ഞു നില്‍ക്കുന്നത് വലിയ കോമഡിയായിത്തോന്നി.

ആഴനിസ്സഹായതകളുടെയും പരിപൂര്‍ണ്ണ സഹനത്തിന്‍റെയും കൊടും നിശബ്ദതയുടെയും ഇടയിലുഴറുന്നതായി കാണിച്ച കൗമാര ആമിയ്ക്ക് എവിടെ വച്ചു തുറന്നു കിട്ടി തുറന്നു പറച്ചിലുകളിലേക്കും ഉറച്ച തീരുമാനങ്ങളിലേക്കുമുള്ള തീക്ഷ്ണവഴി എന്നാണ് ഈ സിനിമ കാണുമ്പോള്‍ ഊഹിച്ചെടുക്കേണ്ടത്? മുറിഞ്ഞു പോകുന്ന, കെട്ടുറപ്പുള്ള തുടര്‍ച്ചയില്ലാത്ത തിരക്കഥ കൊണ്ടാണ് മാധവിക്കുട്ടിയുടെ മുറിവുകളെ അടയാളപ്പെടുത്താന്‍ കമല്‍ നോക്കുന്നത്. വിസ്താരമുള്ള കഥ പറച്ചിലിനും, പൊളിച്ചുതുറന്നുമലര്‍ത്തിവയ്ക്കലിനും ഉള്ള ഇടമല്ലല്ലോ സിനിമ.

ആമിയുടെ കൂര്‍ത്ത പരിഹാസങ്ങളുടെ കുസൃതിയും സൗമ്യതയും സിനിമയിലെ ആമിയുടെ നിര്‍ത്താത്ത അട്ടഹാസമാക്കി മാറ്റിയത് എന്തിനു എന്നൊരു പിടിയും കിട്ടിയില്ല.

‘ദി ലവ് ക്വീന്‍ ഓഫ് മലബാര്‍’ എഴുതിയ മെറിലിക്കൊപ്പം

അസാമാന്യമായ ഡ്രസ്സ്‌ സെന്‍സ് ഉള്ള ഒരാളായിരുന്നു മാധവിക്കുട്ടി. ഒരു നേര്‍ത്ത ചരട് കഴുത്തില്‍ കെട്ടിയാല്‍ പോലും അതവരെ ജ്വലിപ്പിക്കുമായിരുന്നു. അവരുടെ സാരികള്‍ വെറുതെ കടും നിറത്തില്‍ മുക്കിയെടുത്തതതായിരുന്നില്ല. അതിലൊക്കെ ലോകത്തോടുള്ള പ്രണയത്തിന്‍റെ മാന്ത്രികതയുണ്ടായിരുന്നു. വെറും സാരികളും വെറും പണ്ടങ്ങളുമായിരുന്നില്ല ആമി എന്ന് വസ്ത്രലങ്കാരക്കാരന്‍ എസ് ബി സതീശനും അറിയാതെ പോയി.

അമ്മമ്മയായി വന്ന ശ്രീദേവി ഉണ്ണി ഈ സിനിമയുടെ എടുത്തു പറയേണ്ട നേട്ടമാണ്. അമ്മമ്മ-ആമി ബന്ധത്തിന്‍റെ ഇഴയടുപ്പം, അവര്‍ കമലയ്‌ക്കെന്നേക്കുമായി കൊടുത്ത ശ്രീകൃഷ്ണ സങ്കല്‍പ്പം ഇതെല്ലാം ശ്രീദേവി ഉണ്ണിയിലൂടെ കമല്‍ ഭംഗിയായി കൈകാര്യം ചെയ്തു. ഏതു നാടിന്‍റെയും വീടിന്‍റെയും വിരസമായ അകത്തളങ്ങളിലൂടെയും ഒറ്റപ്പെട്ട പുറം തളങ്ങളിലൂടെയും നിഴലായി, തണലായി, ചാരായി, ഈണമായി ആമിയ്ക്കൊപ്പം ആ കൂട്ട് ശ്രീകൃഷ്ണന്‍ വന്നു പോകുന്നത് കമല്‍ എന്ന സംവിധായകനെ വലിയൊരു പരിധി വരെ രക്ഷിച്ചിട്ടുമുണ്ട്.

രഞ്ജിത്തിന്‍റെയും ബാലാമണിയുടെയും ശ്രീകൃഷ്ണനെയും, പത്മരാജന്‍റെ ഗന്ധര്‍വ്വനെയും ഓര്‍മ്മ വന്നുവെങ്കില്‍ക്കൂടിയും, ടൊവിനോയുടെ കൃഷ്ണന്‍ ആ ഓര്‍മ്മകളെ മിതമായഭിനയിച്ച് തൂത്തെടുത്തു കളഞ്ഞു.


ബാലമണിയമ്മയുടെ ചെറുപ്പവും മദ്ധ്യവയസ്സും വയസ്സാവലും അവര്‍ക്ക് കൊടുത്ത ചില ചെറിയ സംഭാഷണങ്ങളും സിനിമയിലെ ഏറ്റവും തിളക്കമുള്ള തിളക്കമാണ്. ഏറ്റവും ഭംഗിയായി ഈ സിനിമയില്‍ അനുഭവപ്പെട്ടത് വിവിധകാല ബാലാമണിയമ്മകളെ അവതരിപ്പിച്ച നടികളാണ്. വിനയ പ്രസാദിന്‍റെ സുലോചന നാലപ്പാടും (പണ്ടത്തെ നന്ദിതാ ബോസോ എന്നൊരു നിമിഷം സംശയിച്ചു) പേരറിയാത്ത ചിത്രകാരന്‍ മാഷും നന്നായി. ഇറ്റലിക്കാരന്‍ എന്തിനോ വന്ന് എങ്ങോട്ടേയ്‌ക്കോ പോയി. ചെറിയ വള്ളിയും തട്ടാനും (ഇന്ദ്രന്‍സ്) നന്നായി. ‘എന്‍റെ കഥ’ പ്രസിദ്ധീകരിച്ചു വന്ന മലയാളനാടിന്‍റെ പത്രാധിപർ ബോംബെയിൽ ചെന്ന് ആമിയെ കാണുന്ന ഏട് എട്ടു നിലയ്ക്കാണ് തറപറ്റിപ്പോയത്.

പരിതാപകരമാം വിധം, പരിഹാസ്യമാം വിധം പൊടിഞ്ഞു പോയി സംവിധായകന്‍റെ  ദാസേട്ടന്‍. മുരളി ഗോപിയേപ്പോലെ കാതലുള്ള ഒരു നടന് വച്ചുനീട്ടിയത് ഉള്ളുപൊള്ളയായ ഒരു കഥാപാത്രസ്‌കെച്ചാണ്. മുരളി അഭിനയിച്ചതു കൊണ്ടു മാത്രമാണ് എന്തൊക്കെയോ ചെയ്ത്, എന്തൊക്കെയോ പറഞ്ഞ് പോകുന്ന ‘ആമി’യിലെ ദാസേട്ടനെ കണ്ടിരിക്കാനെങ്കിലും ആവുന്നത്. “എന്‍റെ റിട്ടയര്‍മെന്‍റ് കാലം ആമിയ്ക്ക് കാവലിരിപ്പായി ചരിത്രം രേഖപ്പെടുത്തട്ടെ”, എന്നും ‘ആമിയും പാവമാണല്ലോ, അതാണല്ലോ എന്‍റെ പ്രശ്നം”, എന്ന് പറയുന്ന വയസ്സാവലിന്‍റെ തിരിച്ചറിവുകളിലേക്ക് ദാസേട്ടന്‍, കരിക്കട്ടയില്‍ നിന്ന് വജ്രത്തിലെക്കെന്ന പോലെ പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ എത്തിയത് കാണിക്കുമ്പോള്‍ നെറ്റി ചുളിക്കാതെ ഇരുന്ന് കാണാന്‍ പറ്റിയതിന്‍റെ ക്രെഡിറ്റ്‌ മുരളി ഗോപിയ്ക്കാണ്.

ഈ സിനിമ ഏറ്റവും പാളിപ്പോയത് ദാസേട്ടന്‍റെ അവതരണത്തിലാണ്. ഇരുപതു വയസ്സ് വ്യത്യാസത്തില്‍ കടന്നു വന്ന ദാസേട്ടന്‍ ആമിയ്ക്ക് കൊടുത്തത് കരുതലായിരുന്നു, പ്രണയമായിരുന്നില്ല.

Image may contain: 4 people

കുടുംബത്തോടൊപ്പം കമല

പ്രണയത്തിന്‍റെ ഒരു ഭാവം മാത്രമാണ് കരുതല്‍. കരുതലില്‍ പ്രണയം വരണമെന്ന് ഒരു നിര്‍ബന്ധവുമില്ല താനും. പ്രണയം മോഹിച്ചു പിടഞ്ഞ പെണ്‍കുട്ടിക്ക് പക്ഷേ ദാസേട്ടന്‍റെ കരുതലിനോട് അണമുറിയാത്ത സ്‌നേഹമുണ്ടായിരുന്നു. ദാസേട്ടന്‍ ആളെ ഏര്‍പ്പെടുത്തി പഠിപ്പിച്ച വശീകരണചാതുര്യപാഠങ്ങള്‍ വഴിയാണ് കമല വലിയ ചുവന്ന പൊട്ടിലേക്കെത്തിയത് എന്നൊക്കെപ്പറയുമ്പോള്‍, മുരളി ഗോപിയുടെ ഉരുക്കുദാസേട്ടന്‍ കരങ്ങളില്‍പ്പിടഞ്ഞ് ആമി-മഞ്ജു പിടയുമ്പോള്‍ ഒക്കെ എനിയ്ക്ക്, മാധവിക്കുട്ടിയുടെയും മാധവദാസിന്‍റെയും മൂന്നു മക്കളിതെങ്ങനെ സഹിക്കുമെന്നോര്‍ത്ത് സഹിക്കാന്‍ വയ്യാതെ കരച്ചില്‍ വന്നു. ആ നേരത്തെല്ലാം സീറ്റില്‍ എന്നെത്തന്നെ പിടിച്ചിരുത്താന്‍ ഒരുപാട് പാട് പെടേണ്ടി വന്നു.

ആദ്യ പകുതിയില്‍ മാധവദാസ് ഓരോ തവണ വന്നു പോകുമ്പോഴും ‘ഇതെടുത്തവരോടും ഇതു കാണുന്ന ഞങ്ങളോടും ക്ഷമിക്കേണമേ’ എന്ന പ്രര്‍ത്ഥന ചൊല്ലേണ്ടി വന്നു. ഒരു എഴുത്തുകാരിയുടെ ജീവിതത്തിന്‍റെ സ്വതന്ത്രാവിഷ്‌ക്കരണം എന്നു പറയുമ്പോഴും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ദാസേട്ടന്‍ ഇല്ലാതായപ്പോള്‍ താന്‍ കൂടു വച്ച വന്മര ശാഖി പോയതു പോലെ അനന്തമായ അഭയമില്ലായ്മയില്‍ കറുത്തു കരുവാളിച്ച് നിന്നവളാണ് മാധവിക്കുട്ടി.

തൃശൂരു വച്ചു നടന്ന കേരളത്തിലെ ആദ്യ സ്ത്രീ എഴുത്തുകാരുടെ കൂട്ടായ്മ നേരത്ത് ഒരു തരി ആഭരണം പോലും ദേഹത്തില്ലാതെ ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ നിറം കെട്ടു കടന്നു വന്ന മാധവിക്കുട്ടിയാണ് ഞാനാദ്യം കണ്ട മാധവിക്കുട്ടി.

ആഭരണങ്ങളില്‍ കുളിച്ചു നിന്ന പര്‍ദ്ദക്കാലത്തെ കളിചിരി രൂപമല്ല, ആ മാതളനാരങ്ങാഅല്ലിനിറസാരിക്കാരിയുടെ അവശതയും “എന്തിനാ കുട്ടീ ഇനി ചമയം, ദാസേട്ടന്‍ പോയില്ലേ” എന്ന ചോദ്യവും ആണ് എന്നും മനസ്സിലേക്കാദ്യം വരിക.

Image may contain: 2 people, people sitting and indoor

‘ആമി’യായി മഞ്ജു വാര്യരും മാധവ ദാസായി മുരളി ഗോപിയും

മോനു നാലപ്പാടിന്‍റെ വരി എന്നെ എത്തിനേക്കുന്നു. “അമ്മ പല പട്ടണങ്ങളിലും നഗരങ്ങളിലും വീടുകളിലും താമസിച്ചപ്പോള്‍, അമ്മയെ പരിചയപ്പെട്ടവരും അമ്മയുടെ സൗഹൃദവലയത്തില്‍ നിന്നവരും അമ്മയെ മാത്രം കണ്ടു. ഞങ്ങളുടെ അച്ഛനെയും ഞങ്ങളെയും കണ്ടില്ല. ഞങ്ങളുടെ ബാല്യകാല ജീവിതങ്ങളും സ്‌നേഹവും മനസ്സിലാക്കാതെ പലരും പലതും എഴുതി. യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വളരെ അകലെ നില്‍ക്കുന്നവ.”

ഏറ്റവും ഇളയ മകന്‍ ജയസൂര്യയോട് ഒരു വാരിക ചോദിച്ചതോര്‍മ്മയുണ്ട് , “മാധവിക്കുട്ടിയെയാണോ ആമിയെയാണോ കമലാദാസിനെയാണോ കമലാസുരയ്യെയാണോ ഇഷ്ടം?” ഒരു മൗനത്തിനുശേഷം ജയസൂര്യയുടെ മറുപടി, “അമ്മയെയാണ് ഇഷ്ടം.” സ്വര്‍ഗ്ഗത്തിലേക്ക് ഒന്നരറ്റിക്കറ്റ് എന്ന് അമ്മയും താനുമൊത്തുള്ള കേരള സന്ദര്‍ശനത്തെക്കുറിച്ച് ജസയൂര്യ പന്ത്രണ്ടാം വയസ്സില്‍ എഴുതിയത് മാതൃഭൂമിയില്‍ വായിച്ച് വളര്‍ന്നവളാണ് ഞാന്‍. അമ്മ എന്നാല്‍ ആ മകന് സ്വര്‍ഗ്ഗമായിരുന്നു എന്നു തന്നെയാണാ സ്വര്‍ഗ്ഗത്തലക്കെട്ടിന്‍റെ അര്‍ത്ഥം. മാധവിക്കുട്ടി പ്രണയമില്ലായ്മയെ മറികടന്നത് അക്ഷരവും താന്‍ പിറവി കൊടുത്ത കുഞ്ഞിക്കുട്ടികളും വഴിയാണ്. പതിനേഴു വയസ്സുള്ള പെണ്‍കുട്ടി മക്കളെ വളര്‍ത്തുകയായിരുന്നില്ല അവര്‍ക്കൊപ്പം കളിച്ച് വിഷാദമൊഴുക്കിക്കളഞ്ഞ് പറന്നു കളിക്കുകയായിരുന്നു.

അനൂപ്‌ മേനോനും ഗസലുകളും ഉറുദുവും എത്രത്തോളം ആമിയുടെ ജീവിതത്തിലെ ചന്ദ്രക്കലക്കാലത്തെ അടയാളപ്പെടുത്തി എന്നു ചോദിച്ചാല്‍ അതിലെ ധൈഷിണികതലം അതിവൈകാരികത കൊണ്ട് വല്ലാതെ വിളര്‍ത്തുപോയി എന്നു പറയേണ്ടി വരും. ആമിയുടെ മതം മാറ്റത്തിനൊരു കാരണമായി വിധവാത്വത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ എന്ന കാര്യം പറഞ്ഞു കേട്ടപ്പോള്‍, ചിരിയോ കരച്ചിലോ വന്നത് എന്നു നിശ്ചയമില്ല. ആമി – ബാലമണിയമ്മ രംഗങ്ങള്‍ ഒതുക്കവും മിതത്വവും കൊണ്ട് നാടകീയതയുടെ നടുവിലെ നിറവായി. ബാലാമണിയമ്മയുടെ മരണശേഷമുള്ള ആമിയുടെ “പ്രകടിപ്പിക്കാനുള്ളതല്ലേ സ്‌നേഹം” എന്ന പറച്ചിലിലില്‍ ആമി ജീവിതം മുഴുവന്‍ തേടി അലഞ്ഞതെന്തിനുവേണ്ടിയാണെന്നുള്ളത് വ്യക്തമാകുന്നുണ്ട്. അതായിരുന്നു ആമി.

തനിക്കു ചുറ്റുമുള്ളവര്‍ ഉള്ളില്‍ പൊതിഞ്ഞു പിടിച്ച
സ്‌നേഹമിതത്വമായിരുന്നില്ല, സ്‌നേഹാഘോഷങ്ങളായിരുന്നു അവര്‍ക്ക് വേണ്ടിയിരുന്നത്.

Image may contain: 1 person

കമലാ സുരയ്യ

ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചുള്ളിക്കാട് തന്നെയായി വന്ന് മാധവിക്കുട്ടിയോടുള്ള അടുപ്പം കാട്ടിപ്പോയി. മാധവിക്കുട്ടിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഏതു നേരത്തും കടന്നു ചെന്നിരുന്ന ഒരു എഴുത്തുകാരി, അയല്‍ക്കാരി അഷിത, ആമിയുടെ ആത്മാവിലേക്കുള്ള നേര്‍വഴിയായിരുന്നുവെന്ന് കമല്‍ അറിഞ്ഞില്ല.

മധു നീലകണ്ഠന്‍റെ ക്യാമറയ്ക്ക് ആമിയുടെ ഉളളും നീർമാതള മരത്തിന്‍റെ തലയെടുപ്പും ആമിയുടെ ജീവിതവഴികളും ഭംഗിയായൊപ്പിയെടുക്കാനായിട്ടുണ്ട്. വാം ടോണിലുള്ള ഫ്രെമുകളിലൂടെ മധു, തിരക്കഥയിലില്ലാത്ത ഒരു മാനത്തിലേക്ക് സിനിമയെ എത്തിക്കുന്നുണ്ട്. ബിജിപാലിന്‍റെ പശ്ചാത്തലസംഗീതം, റഫീക്ക് അഹമ്മദിന്‍റെ വരികള്‍, എം ജയചന്ദ്രന്‍റെയും തൗഫിക് ഖുറേഷിയുടെയും സംഗീതം, ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിങ് എന്നീ മികവുകളെല്ലാം കാറ്റത്തഴിച്ചുവിട്ട പട്ടം പോലുള്ള തിരക്കഥയ്ക്കു മേലെ കൂടി മേഘം പോലെ എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകുന്നു. അർത്ഥമറിയില്ല എങ്കിലും കൊൽക്കൊത്ത ആമിയ്ക്കായി പാടുന്ന ബംഗാളി വരികളാണ് സിനിമയിലെ മലയാളം വരികളേക്കാളും ഹിന്ദി ഗസലുകളേക്കാളും ഉള്ളിൽ തൊട്ടത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്. ആമി/ദി ലവ് ക്വീന്‍ ഓഫ് മലബാര്‍/ഫേസ്ബുക്ക്‌

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ