scorecardresearch

നമുക്കിടയിൽ പടർന്നു പിടിക്കുന്ന വൈറസ്

“ഇത് വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വൈറസാണ്. അത് അവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു, സംവാദങ്ങൾക്ക് ഇടമില്ലാതാക്കുന്നു, ഒരു രാഷ്ട്രം എന്ന നിലയിലും ജനത എന്ന നിലയിലും അത് നമ്മെ നശിപ്പിക്കുന്നു…” സോണിയ ഗാന്ധി എഴുതുന്നു

നമുക്കിടയിൽ പടർന്നു പിടിക്കുന്ന വൈറസ്

ഇന്ത്യ സ്ഥിരമായ ധ്രുവീകരണത്തിന്റെ അവസ്ഥയിലായിരിക്കേണ്ടതുണ്ടോ? തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനായി, അത്തരമൊരു അന്തരീക്ഷം ഏറ്റവും നല്ലതാണെന്ന് ഇന്ത്യയിലെ പൗരന്മാർ വിശ്വസിക്കണമെന്ന്, ഭരണസംവിധാനം വ്യക്തമായി ആഗ്രഹിക്കുന്നു.

അത് വസ്ത്രമോ ഭക്ഷണമോ വിശ്വാസമോ ഉത്സവമോ ഭാഷയോ ആകട്ടെ, ഇന്ത്യക്കാർക്കെതിരെ ഇന്ത്യക്കാരെ നിർത്താനാണ് ശ്രമിക്കുന്നത്, വിഭാഗീയതയുടെ ശക്തികൾക്ക് പരസ്യവും രഹസ്യവുമായി എല്ലാ പ്രോത്സാഹനവും നൽകുന്നു. മുൻവിധിയും ശത്രുതയും പ്രതികാരവും പ്രോത്സാഹിപ്പിക്കുന്നതിന് നിരന്തരം ചരിത്രം – പ്രാചീനവും വർത്തമാനവും -വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു.

രാജ്യത്തിന് ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിനും യുവമനസ്സുകളെ ഉൽപ്പാദനക്ഷമമായ സംരംഭങ്ങളിൽ ഉൾപ്പെടുത്തുന്നതിനുമായി നമ്മുടെ വിഭവങ്ങൾ വിനിയോഗിക്കുന്നതിനുപകരം, ഭൂതകാല ഭാവനകളിൽ അഭിരമിച്ച് വർത്തമാനകാലത്തെ പുനർനിർമ്മിക്കാനുള്ള ശ്രമങ്ങളിൽ സമയവും വിലപ്പെട്ട സ്വത്തുക്കളും വിനിയോഗിക്കുന്നത് പരിഹാസ്യമാണ്.

ഇന്ത്യയുടെ ബഹുസ്വരതയെയും വൈവിധ്യങ്ങളെയും അംഗീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വാ തോരാതെ സംസാരിക്കുന്നു. എന്നാൽ, ഈ ഭരണത്തിന് കീഴിൽ, നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തെ നിർവചിക്കുകയും സമ്പന്നമാക്കുകയും ചെയ്ത ശ്രേഷ്ഠമായ വൈവിധ്യങ്ങളെ നമ്മെ ഭിന്നിപ്പിക്കാനും മോശമായ നിലയിൽ, വിഭാഗീയത കൂടുതൽ വർദ്ധിപ്പിക്കാനും അതുവഴി അവരുടെ താൽപ്പര്യം സംരക്ഷണം കൂടുടതൽ ദൃഢമാക്കാനും വിനിയോഗിക്കപ്പെടുന്നു എന്നതാണ് പരുഷമായ യാഥാർത്ഥ്യം.

സമ്പത്ത് ഉൽപ്പാദിപ്പിക്കുന്നതിനും പുനർവിതരണം ചെയ്യാനും ജീവിതനിലവാരം ഉയർത്താനും എല്ലാത്തിനുമുപരിയായി, സാമൂഹികക്ഷേമ പരിപാടികൾക്ക് ആവശ്യമായ വരുമാനം സൃഷ്ടിക്കാനും നമ്മുടെ യുവതലമുറയ്ക്ക് ആവശ്യമായ തൊഴിലവസരങ്ങൾ നൽകാനും കഴിയുന്ന സമ്പത്ത് സൃഷ്ടിക്കുന്നതിന് ഉയർന്ന സാമ്പത്തിക വളർച്ച നിലനിർത്തണമെന്ന് ഇപ്പോൾ സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

എന്നാൽ, ഇല്ലാതാക്കപ്പെടുന്ന പൗരസ്വാതന്ത്ര (സോഷ്യൽ ഇൽലിബറിലിസം)ത്തിന്റെയും മതാന്ധതയുടെയും വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വ്യാപനം ഇവയെല്ലാം സൃഷ്ടിക്കുന്ന മോശമായ അന്തരീക്ഷം, സാമ്പത്തിക വളർച്ചയുടെ അടിത്തറയെ തന്നെ പിടിച്ചുലയ്ക്കുന്നു.

സംരംഭകത്വപരമായി ഏറ്റവും ചലനാത്മകതയുള്ള സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ അരങ്ങേറുന്ന സംഭവങ്ങൾക്കെതിരെ ധീരരായ ചില കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ സംസാരിക്കുന്നതിൽ അതിശയിക്കാനില്ല.

വർദ്ധിച്ചുവരുന്ന വെറുപ്പ്, ആക്രമണത്തിനായുള്ള പരസ്യ പ്രേരണ, ന്യൂനപക്ഷങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ പോലും നമ്മുടെ സമൂഹത്തിലെ സമവായത്തിന്റെയും ഉൾക്കൊള്ളിലിന്റെയും നമ്മുടെ പാരമ്പര്യങ്ങളിൽ നിന്നുള്ള വ്യക്തമായ വ്യതിചലനമാണ്.

1949-ൽ കോൺസ്റ്റിറ്റ്യൂന്റ് അസംബ്ലി നമ്മുടെ ഭരണഘടന അംഗീകരിച്ചതിന്റെ ഭാഗമായി നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്ന രീതി നരേന്ദ്ര മോദി സർക്കാർ ആരംഭിച്ചു. എന്നാൽ, ഭരണഘടനയെ ആദരിക്കുന്പോൾ തന്നെ, വ്യവസ്ഥാപിതമായി രൂപീകരിച്ച എല്ലാ സ്ഥാപനങ്ങളെയും നിർജ്ജീവമാക്കുകയും ചെയ്യുന്നു. ഇത് തികഞ്ഞ കാപട്യമാണ്.

ആഗോളതലത്തിൽ നമ്മൾ എത്രമാത്രം അംഗീകരിക്കപ്പെടുന്നു എന്നത്, മുദ്രാവാക്യങ്ങളിലൂടെയല്ല, സ്വന്തം നാട്ടിൽ എത്രത്തോളം സാകല്യത്തോടെ പ്രവർത്തിക്കുന്നു എന്ന യാഥാർത്ഥ്യത്തെ ആശ്രയിച്ചായിരിക്കും. വിദ്വേഷ പ്രസംഗം ഏത് കോണിൽ നിന്ന് ഉയർന്നാലും അതിനെതിരെ വ്യക്തമായും പരസ്യമായും സന്ദേഹമില്ലാതെ രംഗത്ത് വരുന്നതിൽ നിന്ന് പ്രധാനമന്ത്രിയെ തടയുന്നത് എന്താണ്? സ്ഥിരം കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുന്നു, വിദ്വേഷം നിറഞ്ഞതും പ്രകോപനപരവുമായ ഭാഷ ഉപയോഗിക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. വാസ്‌തവത്തിൽ, അവർ വിവിധ തലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക രക്ഷാകർതൃത്വം അനുഭവിക്കുന്നുണ്ടെന്ന് തോന്നുന്നു, അതുകൊണ്ടാണ് അവർ നിഷ്ഠൂരവും കുറ്റം ചുമത്താവുന്നതുമായ പ്രസ്താവനകളിൽ നിന്ന് രക്ഷപ്പെടുന്നത്.

ഒരു ബദൽ വീക്ഷണത്തെ സ്വാഗതം ചെയ്യുന്ന ശക്തമായ സംവാദങ്ങളും ചർച്ചകളും ഫലത്തിൽ ഏത് തരത്തിലുള്ള ഇടപെടലുകളും പഴങ്കഥയാണിന്ന്, അതെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു. എന്തിനേറെ, പുത്തൻ ചിന്താ പ്രക്രിയകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരിക്കൽ ആദരിക്കപ്പെട്ടിരുന്ന അക്കാദമിക് പോലും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള അക്കാദമിക്കുകളുമായുള്ള ഇടപഴകൽ പോലും ഇപ്പോൾ നിരീക്ഷണത്തിലാണ്.

വിശ്വാസങ്ങളെ അപകീർത്തിപ്പെടുത്തുന്നതും സമുദായങ്ങളെ മൊത്തത്തിൽ വെറുക്കുന്നതും സാധാരണമായിക്കൊണ്ടിരിക്കുമ്പോൾ, ഭിന്നിപ്പിന്റെ രാഷ്ട്രീയം തൊഴിലിടങ്ങളിൽ മാത്രമല്ല, അയൽപക്കങ്ങളിലേക്കും സാമൂഹിക, സാംസ്കാരിക ഇടങ്ങളിലേക്കും കടന്നുകയറുന്നുണ്ടെന്നത് വാസ്തവമാണ്. മുമ്പൊരിക്കലും, ഈ രാജ്യത്തെ പൗരന്മാരുടെ ദൈനംദിന തിരഞ്ഞെടുപ്പുകളുടെ അടിസ്ഥാനം വെറുപ്പായിരുന്നില്ല.

നമ്മുടെ ഈ മനോഹരമായ രാജ്യം വൈവിധ്യവും ബഹുസ്വരതയും സർഗ്ഗാത്മകതയും നിറഞ്ഞുനിൽക്കുകയും ആഘോഷിക്കുകയും ചെയ്തു, ലോകമെമ്പാടും വായിക്കുകയും അംഗീകരിക്കുകയും രചനകളുടെ കർത്താക്കളായ മഹത്തായ വ്യക്തിത്വങ്ങൾക്കും പ്രതിഭകൾക്കും ജന്മം നൽകിയ രാജ്യമാണ്. ഇവിടെ നിലനിന്ന ലിബറൽ അന്തരീക്ഷവും ഉൾക്കൊള്ളൽ, യോജിപ്പ്, സഹിഷ്ണുത എന്നിവയൊക്കെ ഇതെല്ലാം സാധ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇടുങ്ങിയ ചിന്താഗതി പ്രോത്സാഹിപ്പിക്കുന്ന ഒരു അടഞ്ഞ സമൂഹം പുത്തൻ ആശയങ്ങൾ ഒഴുകുന്ന ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഭയചകിതമായ മനസ്സ് ഫലഭൂയിഷ്ഠമായതോ പുതുമയുള്ളതോ ആകില്ല.

വിദ്വേഷത്തിന്റെയും മതഭ്രാന്തിന്റെയും അസഹിഷ്ണുതയുടെയും അസത്യത്തിന്റെയും എന്നിങ്ങനെയുള്ള മഹാവിപത്ത് ഇന്ന് നമ്മുടെ രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്.നമ്മൾ ഇപ്പോൾ ഇത് തടഞ്ഞില്ലെങ്കിൽ, അത് നമ്മുടെ സമൂഹത്തെ ഇനിയൊരിക്കലും സാധിക്കാത്ത വിധത്തിൽ നശിപ്പിക്കും, അത് ഇതിനകം അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ. ഇനി ഇത് തുടരാൻ അനുവദിക്കാൻ നമുക്ക് കഴിയില്ല, . വ്യാജ ദേശീയതയുടെ ബലിപീഠത്തിൽ സമാധാനവും ബഹുസ്വരതയും ബലികഴിക്കപ്പെടുമ്പോൾ ഒരു ജനതയെന്ന നിലയിൽ നമുക്ക് നോക്കിനിൽക്കാനാവില്ല.

കഴിഞ്ഞ തലമുറകൾ വളരെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്തതെല്ലാം നിലംപരിശാക്കുന്നതിന് മുമ്പ് , ഈ വിദ്വേഷത്തിന്റെ സുനാമി, ഈ ആളിക്കത്തുന്ന തീ നമുക്ക് അണയ്ക്കാം.

ഒരു നൂറ്റാണ്ടിനുമുമ്പ്, ഇന്ത്യൻ ദേശീയതയുടെ കവി ലോകത്തിന് തന്റെ അനശ്വരമായ ഗീതാഞ്ജലി നൽകി, അതിൽ 35-ാം ശ്ലോകം ഏറ്റവും ആഘോഷിക്കപ്പെടുകയും ഉദ്ധരിക്കപ്പെടുകയും ചെയ്തു. ” എവിടെ മനസ് നിർഭയമാകുന്നുവോ, എന്ന ഗുരുദേവ് ടാഗോറിന്റെ പ്രാർത്ഥന, അതിലെ സത്തയാ വരികൾ ഇന്ന് കൂടുതൽ പ്രസക്തവും ഉച്ചത്തിൽ മുഴങ്ങേണ്ടതുമാണ്.

  • ‘എ വൈറസ് റേജസ്’ എന്ന തലക്കെട്ടി. 2022 ഏപ്രിൽ 16 ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ വന്ന ലേഖനം. കോൺഗ്രസ് പ്രസിഡന്റാണ് ലേഖിക.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: A virus rages among us