scorecardresearch
Latest News

‘കഠിനമായ യാത്രയില്‍ അമ്മയായിരുന്നു പ്രതീക്ഷ…’; പേരറിവാളന്‍ എഴുതുന്നു

”നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി വളരെയധികം പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാൾ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരായിരുന്നു”

A G Perarivalan, Rajiv Gandhi assassination, Arputammal

എന്നെ മോചിപ്പിക്കാന്‍ രാവിലെ 10.40 ഓടെ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, അമ്മാവന്റെ വീടിനടുത്തുള്ള പൊതു ഹാളില്‍ സുഹൃത്തിനൊപ്പം കാത്തുനില്‍ക്കുകയായിരുന്നു ഞാന്‍. തീര്‍ച്ചയായും, ഡല്‍ഹിയില്‍നിന്നുള്ള റിപ്പോര്‍ട്ടിനായുള്ള കാത്തുനില്‍പ്പ്. ഒടുവില്‍ ആ വാര്‍ത്ത വന്ന ഉടൻ വീട്ടിലേക്കു പോയി. ഇത്രയും വര്‍ഷം എനിക്കുവേണ്ടി പോരാടിയ അമ്മ (അര്‍പ്പുതമ്മാള്‍) കരയുകയായിരുന്നു. മൂത്ത സഹോദരിയും അവിടെയുണ്ടായിരുന്നു. സത്യത്തില്‍ അവള്‍ ഇങ്ങനെ കരയുന്നതു മുന്‍പ് കണ്ടിട്ടില്ല. അവളെ സമാധാനിപ്പിക്കാന്‍ പാടുപെടേണ്ടി വന്നു. അല്‍പ്പം വൈകി വീട്ടിലെത്തിയ അനുജത്തിയും തമിഴ് അധ്യാപകനായി വിരമിച്ച അച്ഛനും വളരെ സന്തോഷത്തിലായിരുന്നു.

ഇന്ന് അമ്മ എന്നോട് മിണ്ടിയില്ല, കരയുക മാത്രം ചെയ്തു. ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചോയെന്ന് ഓര്‍മയില്ല. എനിക്ക് അമ്മയുടെ കൂടെയിരുന്നു അവരോട് സംസാരിക്കണം.

സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മണിക്കൂറുകള്‍ മാത്രം. ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നുമുള്ള നിരവധി ഫോൺ കോളുകള്‍ക്കു മറുപടി പറഞ്ഞ് ഞാന്‍ ക്ഷീണിച്ചു. എനിക്ക് ഇപ്പോള്‍ ഒന്നും ചിന്തിക്കാന്‍ കഴിയുന്നില്ല, ഒരുപക്ഷേ ഈ ദിവസം ഞാന്‍ വല്ലാതെ മിസ് ചെയ്യുന്ന, ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച, അല്ലെങ്കില്‍ ഈ നിമിഷം എന്നോടൊപ്പമുള്ള ചില പേരുകള്‍ ഒഴികെ.

Also Read: രാജീവ് ഗാന്ധി വധക്കേസ്: പ്രതി പേരറിവാളന് 31 വർഷത്തിന് ശേഷം മോചനം

എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നീണ്ട നിയമ പോരാട്ടമാണ്. പക്ഷേ, അമ്മ എനിക്കായി എത്രമാത്രം പോരാടുന്നുവെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ തളര്‍ന്നില്ല. 6×9 അടി സെല്ലിലെ ഏകാന്ത തടവില്‍ ഏകദേശം 11 വര്‍ഷമാണു ഞാന്‍ ചെലവഴിച്ചത്. നോക്കാന്‍ ആളൊഴിഞ്ഞ ചുവരുകളല്ലാതെ ഒന്നുമില്ലാത്ത ഒരു മുറി. പതിവായി ഭിത്തിയിലെ ഇഷ്ടികകള്‍ എണ്ണുകയും വാതിലുകളുടെയും കുറ്റികളുടെയും അളവുകള്‍ എടുക്കുകയും എന്നെ കൊതിപ്പിക്കുന്ന മണം സങ്കല്‍പ്പിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് നേരത്തെ ആരോടോ ഞാൻ പറഞ്ഞിരുന്നു. ആ ദിവസങ്ങളിലാണ് ഞാന്‍ എന്റെ ഇന്ദ്രിയങ്ങളെക്കുറിച്ച് ബോധവാനാകാന്‍ തുടങ്ങിയത്.

ജയിലില്‍ ഒരു കുഞ്ഞിനെ കാണാന്‍ കൊതിച്ച ദിവസങ്ങളുണ്ടായിരുന്നു. എന്റെ തടവുകാലത്തിന്റെ ആദ്യഘട്ടത്തില്‍ ജനിച്ച, വീട്ടിലെ കുഞ്ഞുങ്ങളെല്ലാം ഇപ്പോള്‍ മുതിര്‍ന്നവരായി മാറി. സഹോദരിയുടെ കൗമാരക്കാരിയായ മകള്‍ സെഞ്ചോലൈ ഇപ്പോള്‍ എന്റെ കൂടെയുണ്ട്. അവള്‍ കാര്യങ്ങള്‍ തുറന്നുപറയുന്നവളായിരുന്നു. ഞാന്‍ വിരുന്ന് നല്‍കണമെന്നും മധുരപലഹാരങ്ങള്‍ വാങ്ങണമെന്നും അവള്‍ ആഗ്രഹിച്ചു. അതിനുള്ള ക്രമീകരണങ്ങള്‍ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. സഹോദരിമാരുടെ മക്കളായ അഗരനെയും ഇനിമൈയെയും ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നു. അഗരന്‍ യുഎസിലാണ്. ഇനിമൈ കോളേജില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയിലും.

ഏതാനും മാസങ്ങളായി വിദേശത്തായിരുന്ന സെല്‍വ അണ്ണയെ (സെല്‍വരാജ്) ഞാന്‍ മിസ് ചെയ്യുന്നു. വധശിക്ഷയ്ക്കെതിരായ പോരാട്ടം നയിക്കാന്‍ അമ്മയെ സഹായിച്ച നിസ്വാര്‍ത്ഥ വ്യക്തിയായിരുന്നു അദ്ദേഹം. പോരാട്ടത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ഡല്‍ഹിയിലെ അഭിഭാഷകനായ എസ് പ്രഭു രാമസുബ്രഹ്‌മണ്യനെയും ഞാന്‍ മിസ് ചെയ്യുന്നു. ഇന്നു ചെന്നൈയിലേക്ക് വരാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹത്തിന് ഇനിയും ഒരുപാട് പേരാട്ടങ്ങള്‍ നയിക്കാനുണ്ട്.

Also Read:ഞാൻ ഇപ്പോൾ പുറത്ത് വന്നതേയുള്ളൂ, എനിക്ക് ശ്വസിക്കണം;’ പേരറിവാളൻ

കേസില്‍നിന്നു മോചിതനായ എന്റെ സുഹൃത്തും സഹോദരനുമായ ശേഖര്‍ ഇപ്പോള്‍ വിദേശത്താണ്. 1999-ല്‍ മോചിതനായപ്പോള്‍ അവന്‍ എനിക്ക് അവന്റെ ഷൂസും ഒരു ഷര്‍ട്ടും ഒരു ജോടി ട്രൗസറും സമ്മാനമായി നല്‍കിയത് ഓര്‍ക്കുമ്പോള്‍ അവനെ വല്ലാതെ മിസ് ചെയ്യുന്നു. പുറത്തിറങ്ങുന്ന ദിവസം ഞാന്‍ അവ ധരിക്കണമെന്ന് അവന്‍ ആവശ്യപ്പെട്ടിരുന്നു. 50 വയസായ എനിക്കിപ്പോള്‍ ആ വസ്ത്രങ്ങള്‍ പാകമല്ലാതായി. എങ്കിലും അവ ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെന്നറിഞ്ഞ്, കേസ് നടത്തിപ്പിനായി സ്വന്തം സ്വര്‍ണമാല അയച്ചുതന്ന തേന്‍മൊഴി അക്കയെ ഓര്‍ക്കുന്നു. പിന്നീട് അര്‍ബുദം ബാധിച്ച് മരിച്ച അവരെ എനിക്ക് കാണാന്‍ അവസരമുണ്ടായില്ല.

1997ല്‍ സേലം ജയിലില്‍ എന്നെ സന്ദര്‍ശിച്ച് ”ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്” എന്ന കുറിപ്പ് കൈമാറിയ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അന്തരിച്ച മുകുന്ദന്‍ സി മേനോനെ മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ ചെലുത്തിയ സ്വാധീനം വിവരിക്കാനാവില്ല. എന്റെ പോരാട്ടത്തില്‍ താങ്ങായി നിന്നത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരായിരുന്നു. ജയിലില്‍നിന്ന് എനിക്ക് അനുവദിച്ച പരിമിതമായ ഫോണ്‍ കോളുകള്‍ പലപ്പോഴും, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി വളരെയധികം പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാളായ ജസ്റ്റിസ് കൃഷ്ണയ്യർക്കായിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യരുടെയും ഞങ്ങള്‍ക്കു വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് 2011-ല്‍ സ്വയം തീകൊളുത്തിയ ഇരുപതുകാരി പി സെങ്കൊടിയുടെയും ഫൊട്ടോകള്‍ക്കു മുന്നില്‍ ഞാന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

Also Read: പേരറിവാളൻ: നീതിയുടെ വാതിൽ തുറക്കാൻ 31 വർഷത്തെ നിയമ പോരാട്ടം

അവ്വിയ നെഞ്ചത്താന്‍ ആക്കവും സെവ്വിയന്‍ കെടും നിനൈക്കപ്പട്ടും (സത്യസന്ധതയില്ലാത്ത ഒരാളുടെ അപ്രതീക്ഷിതമായ ഉയര്‍ച്ചയും സത്യസന്ധനായ ഒരു വ്യക്തിയുടെ ദുരിതവും പ്രകൃതിനിയമത്തിന് എതിരായതിനാല്‍ പൊതുജന പരിശോധനയ്ക്ക് അര്‍ഹമാണ്) എന്നു തിരുക്കുറലില്‍ പറയുന്നുണ്ട്. അതുപോലെ, 32 വര്‍ഷം നീണ്ടുനിന്ന എന്റെ വേദന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ സഹാനുഭൂതിയോടെയും വാത്സല്യത്തോടെയും കരുതലോടെയും പങ്കിട്ടു. അമ്മയായിരുന്നു എന്റെ പ്രതീക്ഷ. ചുഴലിക്കാറ്റുള്ള സമുദ്രത്തിലൂടെയുള്ള കഠിനമായ യാത്രയില്‍ അമ്മയുടെ അതിശയകരമായ പരിശ്രമവും അവിശ്വസനീയമായ സ്ഥിരതയും എന്റെ ജീവന്‍ രക്ഷിക്കുന്ന മരപ്പലകകളായിരുന്നു.

എല്ലാവരോടും നന്ദി പറയുന്നു. നീതിക്കുവേണ്ടി ശക്തമായ ഒരു വ്യവസ്ഥിതിയില്‍ പോരാടാന്‍ നിര്‍ബന്ധിതരായ എല്ലാവര്‍ക്കും എന്റെ അനുഭവം പ്രതീക്ഷ നല്‍കുമെന്ന് ആഗ്രഹിക്കുന്നു.

എന്റെ ജന്മനാടായ ജോലാര്‍പേട്ടില്‍ ചെറുപ്പത്തില്‍ ചെലവഴിച്ച മനോഹരമായ ദിവസങ്ങള്‍ ഓര്‍ക്കുന്നു. അന്നും ഇന്നും തമ്മില്‍ ഒരു വലിയ വിടവ് കാണുന്നു. ഞാന്‍ ഇപ്പോള്‍ മധ്യവയസ്‌കനാണ്, കൂടുതല്‍ പക്വതയുള്ള, ജീവിതാനുഭവമുള്ള മനുഷ്യനാണ്. ഞാന്‍ എങ്ങനെയാണ് ഈ വിടവ് നികത്താന്‍ പോകുന്നത്? അറിയില്ല. മൂന്ന് പതിറ്റാണ്ടു മുമ്പ് ഞാന്‍ കഴിഞ്ഞ ചെറിയ കൂടല്ല ഇപ്പോള്‍ എന്റെ നാട്.

  • ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ അരുണ്‍ ജനാര്‍ദനനുമായി സംസാരിച്ചതില്‍നിന്ന്

  • രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് 1991 ജൂണ്‍ 11നു ചെന്നൈയിലെ ദ്രാവിഡര്‍ കഴകത്തിന്റെ ആസ്ഥാനമായ പെരിയാര്‍ തിടലില്‍ നിന്നാണ് പേരറിവാളനെ സിബിഐ കസ്റ്റഡിയിലെടുത്തത്. 1998-ല്‍ ടാഡ കോടതി കുറ്റക്കാരനായി കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. 1999ല്‍ സുപ്രീം കോടതി ശിക്ഷ ശരിവച്ചു. എന്നാല്‍ 2014-ല്‍ കേസ് പുനഃപരിശോധിച്ച സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചു. പേരറിവാളന്‍ 2017ലാണ് ആദ്യമായി പരോളില്‍ പുറത്തിറങ്ങിയത്

Also Read: കോടതി വിധി ആഘോഷമാക്കി കുടുംബം; അമ്മയുടെ 31 വർഷത്തെ പോരാട്ടം ഫലം കണ്ടെന്ന് പേരറിവാളൻ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: A g perarivalan express exclusive my hope was my mother

Best of Express