“നിങ്ങളുടെ പോരാട്ടത്തിൽ ഞങ്ങളുണ്ടായിരുന്നു, എന്നാൽ നിങ്ങളുടെ കാര്യം നിറവേറിക്കഴിഞ്ഞപ്പോൾ, നിങ്ങൾ ഞങ്ങളെ തോല്‍പ്പിക്കുകയും നിശബ്ദരായിരിക്കുവാൻ കല്‍പ്പിക്കുകയും ചെയ്തു. നിങ്ങളൊരിക്കലും ഞങ്ങളെ പീഡകരിൽ നിന്നും സംരക്ഷിച്ചില്ല, മാത്രമല്ല, നിങ്ങളുടെ രക്ഷയ്ക്കായി ഞങ്ങളെ പീഡകർക്ക് വലിച്ചെറിഞ്ഞുകൊടുക്കുക പോലും ചെയ്തു. ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമില്ല” ഹ്യൂഗോ അവാർഡിന് നാമനിർദേശപ്പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യാക്കാരിയായ മിമി മൊണ്ടാൽ മീടൂ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ദലിത് അവസ്ഥയെ കുറിച്ച് എഴുതുന്നു

1960ൽ LGBTQ അവകാശങ്ങൾക്കുവേണ്ടിയുള്ള “സ്റ്റോൺ‌വോൾ വിപ്ലവം‘ ആരംഭിച്ചത് മാർഷ പി ജോൺസൺ, സിൽ‌വിയ റിവേര എന്നീ രണ്ടു ട്രാൻസ് വനിതകളാണ്.
തരണ ബുർകേ എന്ന കറുത്ത വംശജയായ വനിതാ ആക്ടിവിസ്റ്റാണ് ലൈംഗിക അതിക്രമങ്ങൾക്കെതിരെയുള്ള “Me Too” പ്രക്ഷോഭം 2007 ൽ ആരംഭിച്ചത്.

തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങളെപ്പറ്റി മാധ്യമങ്ങളിലൂടെയുള്ള തുറന്നുപറച്ചിലിനു ഇന്ത്യയിൽ തുടക്കമിട്ടത് 2017 ൽ രായ സർക്കാർ എന്ന ദലിത് സ്ത്രീയാണ്. എന്നിട്ടും “Me Too” പ്രക്ഷോഭം, പ്രത്യക്ഷത്തിൽ ഇന്ത്യയിൽ എത്തിച്ചേർന്നത് കഴിഞ്ഞ മാസം മാത്രമാണ്.

എനിക്കതേപ്പറ്റി അന്തമില്ലാത്തത്ര കാര്യങ്ങൾ പറയാം, എങ്കിലും വ്യക്തിപരമായ ഒരനുഭവത്തിൽ നിന്നു തുടങ്ങാം. ഞാൻ സയൻസ് ഫിക്ഷനും ഫാന്റസിയുമെഴുതുന്ന ഒരാളാണ്, ഇത് ഇന്ത്യയിൽ ചില പ്രത്യേക ചെറുവിഭാഗങ്ങൾക്ക് പുറത്ത് യാതൊരു പ്രചാരവുമില്ലാത്ത ഒരു സാഹിത്യവിഭാഗമാണ്. വർഷങ്ങളായി ഞാനീ മേഖലയിൽ സൃഷ്ടികൾ നടത്തുന്നു, പക്ഷേ, ഈ വർഷമാദ്യം, പ്രശസ്തമായ ഹ്യൂഗോ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യാക്കാരി ആയതിന് ശേഷമാണു ഞാൻ പൊതുജനശ്രദ്ധയിലേയ്ക്ക് കാര്യമായി എത്തുന്നത്.

വളരെ ഉന്നതമായ ഒരു പദവി നേടുന്ന, രാജ്യത്തെ ആദ്യ വ്യക്തിയെന്ന നിലയിൽ, ഇന്ത്യയിലെ സയൻസ് ഫിക്ഷൻ മേഖലയിലെ ഒരു വിഭാഗത്തിൽ നിന്നും ഉടൻ തന്നെ എനിക്കു പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്നു. “ എന്തുകൊണ്ടവൾ?” “എന്തുകൊണ്ടതൊരു ദലിത് സ്ത്രീയായി?’ ഇക്കാര്യങ്ങളൊരു മുഖ്യധാരാവാർത്തയായില്ല, എന്തുകൊണ്ടെന്നാൽ, സയൻസ് ഫിക്ഷൻ സമൂഹത്തിന്റെ ആന്തരികപ്രവർത്തനങ്ങൾ ഇന്ത്യയിൽ പലപ്പോഴും മുഖ്യധാരാവാർത്തകളിലെത്താറില്ല. പക്ഷേ ഇവിടെ ഞാനിപ്പോഴുമെന്റെ സാമൂഹികവും തൊഴിൽ‌പരവുമായ സംവിധാനങ്ങളിൽ നിന്ന് ദൂഷണങ്ങൾ കേൾക്കുന്നു: “ ഞങ്ങൾക്കവളെ ഇഷ്ടമില്ല; അവൾ ഞങ്ങൾ പ്രതിനിധീകരിക്കുന്നില്ല; അവളിതു ചതിയിലൂടെ നേടിയതാണ്; അവൾ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവളാണ്…” ഈ അപവാദങ്ങളെല്ലാം കേൾക്കുന്നത് വ്യക്തിപരമായി എനിക്കറിയാത്ത വരിൽ നിന്നാണ്, ഒരിക്കലും എന്നോടൊത്ത് ജോലി ചെയ്യുകയോ ഞാനുമായി ഇടപെടുകയോ ചെയ്യാത്തവരിൽ നിന്ന്.

ഇവയിലൊരു വാക്കു പോലും എനിക്കപരിചിതമല്ല. എന്തുകൊണ്ടാണ് സവർണ്ണ ഇന്ത്യാക്കാർ ഒരു ദലിത് സ്ത്രീയെ തങ്ങളുടെ പ്രതിനിധിയായി ക്കാണുവാൻ വിസമ്മതിക്കുന്നത്? അതും അപരിചിതയായ, ദലിതുകൾ ക്കു വേണ്ടി പ്രത്യേകമായോ ദലിതുകളുടെ ഇടയിലോ പ്രവർത്തിക്കാത്ത ഒരാളെ? ലിയാൻ‌ഡർ പയസ് ക്രിസ്ത്യാനിയാണെന്നോ കല്പന ചൗള ഹരിയാൻവിയാണെന്നോ അവരാരും എന്നെ പ്രതിനിധീകരിക്കുന്നില്ലെ ന്നോ ഒരാളും പറയുന്നില്ല. എങ്കിലും സവർണ്ണ ഇന്ത്യയ്ക്ക്, വൻ‌തോതിലുള്ള ലൈംഗിക പീഡനങ്ങളെക്കുറിച്ചു സ്വസ്ഥമായി സംസാരിക്കുന്നതിന് നിരപേക്ഷമായ ഒരു പുതിയ #Metoo പ്രക്ഷോഭം ആവശ്യമായി വന്നു. ഇത്, ഞങ്ങൾ ദലിത് സ്ത്രീകൾക്ക് എന്തു സന്ദേശമാണു തരുന്നത്? എനിക്കതറി യണമെന്നുണ്ട്.

ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും തലമുറകളായി ഞങ്ങളോട് രഹസ്യമായി പറഞ്ഞിരുന്ന സന്ദേശമാണിത് നൽകുന്നത്. ഞങ്ങളെയൊഴിവാക്കിയുളള ഇന്ത്യ (റെസ്റ്റ് ഓഫ് ഇന്ത്യ) ഞങ്ങളെ കേൾക്കുവാൻ വിസമ്മതിക്കുക മാത്രമല്ല, കാര്യക്ഷമമായി നിശബ്ദമാക്കുകയും ചെയ്യുമെന്നുള്ളതാണ് ആ സന്ദേശം.

തങ്ങളുടെ ശബ്ദം പുറംലോകത്ത് എത്തുന്നതിൽ നിന്നും തലമുറകളോ ളോം, ഇന്ത്യയിലെ ദലിതുകളെ കൃത്യമായി വിലക്കിയിരുന്നു. അത്യന്തം ജാതി കേന്ദ്രീതമായ ജനത ഞങ്ങളെ മനുഷ്യരെന്ന നിലയിൽ പോലും പരിഗണിക്കുന്നില്ല, ജാതിവിരുദ്ധരെന്ന് നടിക്കുന്നവരാകട്ടെ ഞങ്ങളെ നിർബന്ധിതമായി നിശബ്ദരാക്കുകയും ചെയ്യുന്നു. അമ്പരപ്പിക്കുന്നൊരു സന്ധിയാണവർ തമ്മിലുള്ളത്.mimi mondal,metoo

ഞങ്ങളുടെ വ്യത്യസ്തങ്ങളായ അനുഭവങ്ങളെക്കുറിച്ച് എന്തെങ്കിലുമൊരു വസ്തുത ചൂണ്ടിക്കാട്ടുവാൻ മുതിരുമ്പോൾ തന്നെ പുരോഗമനവാദികളായ സവർണ്ണർ ” ഞങ്ങൾ ജാതിയിൽ വിശ്വസിക്കുന്നില്ല! അങ്ങനെ വേറിട്ട അനുഭവങ്ങളൊന്നുമില്ല, നിങ്ങൾ വെറൂതെ ശ്രദ്ധയാകർഷിക്കുവാൻ ശ്രമിക്കുകയാണ്!” എന്ന ശാസനയോടെ ഞങ്ങളുടെ വായടയ്ക്കുന്നു. ഒരു പ്രസ്ഥാനത്തിനുള്ളിൽ എപ്പോഴെങ്കിലും ഞങ്ങൾ ശബ്ദമുയർത്തിയാൽ, ഞങ്ങൾ വിഭാഗീയതയുണ്ടാക്കുവാൻ ശ്രമിക്കുകയാണെന്നും ഇത് അതിനുള്ള സമയമല്ലെന്നുമവർ ഞങ്ങളോടു പറയുന്നു.

ഇന്ത്യയിൽ ഒരു സമയവും ഞങ്ങളനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി പറയുവാനുള്ള നല്ല സമയമല്ല, എന്നാണ് ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും ഞങ്ങൾക്കു പഠിപ്പിച്ചു തന്നത്. സവർണ്ണർക്ക് ഗുണകരമായ പ്രസ്ഥാനങ്ങളും പ്രക്ഷോഭങ്ങളുമുണ്ട്, എത്ര ചെറുതാണെങ്കിലും അവയിൽ നിന്ന് പെറുക്കിയെടുക്കാവുന്നത് ഞങ്ങൾ കൈക്കൊള്ളുന്നു, പക്ഷേ കിട്ടാത്തവയെപ്പറ്റി പരാമർശിക്കുവാൻ ഞങ്ങൾക്കനുവാദമില്ല. ഒന്നിനും തുടക്കമിടുവാൻ ഞങ്ങൾക്കവകാശമില്ല, എന്തെന്നാൽ ഞങ്ങൾ നിങ്ങളെ പ്രതിനിധീകരിക്കുന്നില്ല, നിങ്ങൾക്കടിച്ചമർത്തുകയോ അവഗണിക്കുകയോ നിങ്ങളുടേതായ കാരണങ്ങൾക്കു വേണ്ടി ‘ഉദ്ധരിക്കുക’യോ ചെയ്യാവുന്ന നിശബ്ദസമൂഹമാണ് ഞങ്ങൾ.

സംസാരിക്കുവാൻ കഴിവുള്ള ഒരു ദലിതനാണ് പരമ്പരാഗതമായി സവർണർക്ക് സഹിക്കാനാകാത്ത ഒരാൾ. അതിനാൽ, അങ്ങനെയൊരാൾ പിന്നീട് ‘ദലിത്’ അല്ല. അതിനാൽ വിദ്യാസമ്പന്നരും അഭിപ്രായമുള്ളവരും ആവശ്യമായ സാമൂഹ്യ സുരക്ഷിതത്വവുമുള്ള എല്ലാ ദലിതരെയും – ഞങ്ങളുടെ ശബ്ദമുയർത്തുവാനും സവർണ്ണാധിപത്യത്തെ വിമർശിക്കു വാനുമുള്ള കഴിവും പ്രാഗത്ഭ്യവുമുള്ളത് അവർക്കു മാത്രമാണ്- ഞങ്ങളുടെ സമുദായത്തിനുവേണ്ടി സംസാരിക്കുന്നതിൽ നിന്നും കാര്യക്ഷമമായി അന്യായമായിത്തന്നെ വിലക്കുകയാണ് ചെയ്യുന്നത്. രായയോ മീനയോ ക്രിസ്റ്റീനയോ തേൻ‌മൊഴിയോ സുജാതയോ ഞാനോ, പുരോഗമനവാദികളായ സവർണ്ണരുടെ താല്പര്യത്തിന് യോജിച്ച തരത്തിലുള്ള ദലിതുകളല്ല. അവർക്ക് യോജിച്ച ദലിതുകളെന്നാൽ, മരത്തിൽ നിന്ന് വലിച്ചിറക്കാവുന്നതോ ഓടയിൽ നിന്ന് പൊക്കിയെടുക്കാവുന്നതോ ആയ ശരീരങ്ങളാണ്. എന്തെന്നാൽ അവരിനി അലമുറയിടില്ലല്ലോ.

ജാതിവാദികൾ അതിന്റെ സ്വതന്ത്ര ഫെമിനിസ്റ്റ് ഉദ്ഘോഷണങ്ങളുടെ നായകത്വവുമായി ഒളിച്ചുപോകുമ്പോൾ രാജ്യമെന്താണ് ദലിത് സ്ത്രീകളോട് പറയുന്നത്? ഞങ്ങൾക്ക് ലഭിക്കുന്ന വിവേചനം എന്തുതന്നെയായാലും, ജാതി സർട്ടിഫിക്കറ്റ് എന്ന പരിഹാസ്യമായ ഒരു കഷ്ണം കടലാസില്ലാതെ അതെപ്പറ്റി പരാമർശിക്കുവാൻ അനുവദിക്കപ്പെടാ തിരിക്കുമ്പോൾ രാജ്യമെന്താണു ഞങ്ങളോടു സംവദിക്കുന്നതെന്ന് എനിക്കറിയണം. ജനസംഖ്യയുടെ പാതിയിലധികം വരുന്നവർക്ക് ജനനസർട്ടിഫിക്കറ്റോ വോട്ടർ കാർഡോ ഒന്നുമില്ലാത്ത, ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്ന ഉദ്യോഗസ്ഥവൃന്ദം അഴിമതിയിലും ചുവപ്പുനാടയിലും അടിമുടി കുരുങ്ങിക്കിടക്കുന്ന ഒരു രാജ്യത്താണിത് സംഭവിക്കുന്നതെന്നും കൂട്ടിച്ചേർക്കാം. ഞങ്ങളിലൊരാൾ, തനിയെ, ദലിത് സ്ത്രീകൾക്കു വേണ്ടി മാത്രമായല്ലാതെ, വ്യക്തിപരമായ അപകട സാധ്യത കൾ സഹിച്ച് രൂപീകരിച്ച ഒരു മുന്നേറ്റത്തെ സവർണ്ണ സ്ത്രീകളും സവർണ്ണ മാധ്യമങ്ങളും, തങ്ങളുടെ സ്വന്തമായ മറ്റൊരു പ്രക്ഷോഭം നിർമ്മിച്ചെടു ക്കുവാനായി തേച്ചുമായ്ച്ചുകളയുമ്പോൾ രാജ്യം ഞങ്ങളോടെന്താണ് പറയുന്നത്? രാജ്യം ഞങ്ങളുടെ വിശദീകരണങ്ങളെയോ സുരക്ഷിത ത്വത്തെയോ പരിഗണിക്കുന്നുവെന്നതു പറയുന്നുണ്ടോ?mimi mondal,metoo

#Metoo പ്രക്ഷോഭത്തിന്റെ ഏറ്റവും പ്രധാന സ്വഭാവവിശേഷം അത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്തതാണെന്നുള്ളതാണ്. തന്നെ പീഡിപ്പിച്ചവനിൽ നിന്നും വളരെ കുറഞ്ഞ അധികാരമാളുന്നവളും പലപ്പോഴും ഒരു കോടതിയിൽ ഉയർത്തിക്കാട്ടുവാൻ യാതൊരു രേഖയുമില്ലാത്തവളുമായ ഒരു സ്ത്രീ പൊതുസമൂഹത്തിൽ തന്റെ അനുഭവം ജനങ്ങൾ വിശ്വസിക്കുമെന്ന പ്രതീക്ഷയോടെ വിശദീകരിക്കുന്നു. അതായത് അവന്റെ സാഹചര്യങ്ങൾക്കെതിരായി അവളുടെ വാക്കുകളു യരുമ്പോൾ , ജനങ്ങൾ സ്ത്രീയുടെ വാക്കുകളെ വിശ്വസിക്കും എന്ന വിശ്വാസം. ആ വിശ്വാസം പാലിക്കപ്പെടുന്നില്ലെങ്കിൽ ഈ പ്രക്രിയയൊന്നാ കെ സ്ത്രീയ്ക്കെതിരായി തിരിയും. വ്യക്തിപരവും തൊഴിൽ‌പരവുമായ കനത്ത നഷ്ടങ്ങൾ സ്ത്രീയ്ക്ക് എന്നെന്നേയ്ക്കുമായി സംഭവിക്കുകയും ചെയ്യാം.

ഞങ്ങൾ ദലിതർ, പ്രത്യേകിച്ച് ദലിത് സ്ത്രീകൾ, സവർണ്ണ സാമൂഹിക സംവിധാനങ്ങളിൽ നിന്നോ ഞങ്ങളുടെ സ്വന്തം സവർണ്ണ സുഹൃത്തുക്ക ളിൽ നിന്നോ അത്തരം വിശ്വാസമാർജ്ജിച്ച് ശീലമുള്ളവരല്ല. ഞങ്ങളുടെ അനുഭവങ്ങൾ വ്യാജവും വിഭാഗീയവും തെറ്റിദ്ധാരണയും ശ്രദ്ധയാകർ ഷിക്കുന്നതിനുള്ള ശ്രമങ്ങളുമാണെന്ന് നിങ്ങളെല്ലായ്പ്പോഴും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതറിയുവാൻ ഒരാൾ ആക്ടിവിസ്റ്റോ ബുദ്ധിജീവിയോ ആകേണ്ട കാര്യമില്ല. ഞങ്ങളുടെ അമ്മമാരും അമ്മൂമ്മമാരും ഞങ്ങൾക്ക് മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്, എന്തെന്നാൽ, അവർ വീണ്ടും വീണ്ടും ഈ വഞ്ചനകൾ അനുഭവിച്ചവരാണ്. തങ്ങളെ സ്വയം നിശബ്ദരാക്കിയതു കൊണ്ടാണവരെ, നിങ്ങളുടെ സമൂഹത്തിന്റെയരികുകളിൽ നിലനിൽക്കു വാനനുവദിക്കപ്പെട്ടത്. നിങ്ങളുടെ പോരാട്ടത്തിൽ ഞങ്ങളുണ്ടായിരുന്നു, എന്നാൽ നിങ്ങളുടെ കാര്യം നിറവേറിക്കഴിഞ്ഞപ്പോൾ, നിങ്ങൾ ഞങ്ങളെ തോല്‍പ്പിക്കുകയും നിശബ്ദരായിരിക്കുവാൻ കല്‍പ്പിക്കുകയും ചെയ്തു. നിങ്ങളൊരിക്കലും ഞങ്ങളെ പീഡകരിൽ നിന്നും സംരക്ഷിച്ചില്ല, മാത്രമല്ല, നിങ്ങളുടെ രക്ഷയ്ക്കായി ഞങ്ങളെ പീഡകർക്ക് വലിച്ചെറിഞ്ഞുകൊടുക്കുക പോലും ചെയ്തു. ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമില്ല.

എനിക്കും ഒരു #Metoo കഥയുണ്ട്, പക്ഷേ സവർണ്ണ ഇന്ത്യ ഇന്നത് കേൾക്കില്ല. , ഇപ്പോഴും ഓരോ ദിവസവും ഞാനനുഭവിക്കുന്ന ഭയവും വേദനയും ഭീതിയും നിങ്ങളെ വിശ്വസിച്ചു ഞാൻ തുറന്നുപറയില്ല. നിങ്ങളിലൊരാൾക്ക് ചുറ്റും സം‌രക്ഷണവലയം തീർക്കുകയും എന്നെ കള്ളിയെന്നും വിളിക്കുകയും ചെയ്യുന്നത് കാണുവാൻ മാത്രമായി ഞാനതു വെളിപ്പെടുത്തില്ല. ഞാനെന്റെ ജാതി സർട്ടിഫിക്കറ്റും മാതാപിതാ ക്കളുടെയും ബന്ധുക്കളുടെയും പൂർവികരുടെയും വിശദമായ ചരിത്രവും നിങ്ങളുടെ ഹീനരായ പുരോഗമന സ്ത്രീ സമത്വവാദികളുടെയും അവരുടെ പിണിയാളുകളുടെയും വിനോദത്തിനായി മുൻപിൽ വയ്ക്കുകയില്ല. വീണ്ടുമൊരിക്കൽ കൂടി, ശ്രദ്ധ നേടുവാനാഗ്രഹിക്കുന്നവളെന്ന വിളിപ്പേര് പതിക്കുവാൻ നിങ്ങൾക്കവസരമുണ്ടാക്കുന്ന വിധത്തിൽ, എന്റെ വിദ്യാഭ്യാസവും തൊഴിൽ യോഗ്യതയും പ്രണയചരിത്രവും നിങ്ങളുടെ വിമുഖതയെയും പരിഹാസത്തെയും പ്രതിരോധിച്ച് ഇരട്ടിയധ്വാനം ചെയ്ത് ആർജ്ജിച്ച ഓരോ നേട്ടത്തെയും നിങ്ങളുടെ കളത്തിലേയ്ക്ക് ഞാനെറിഞ്ഞു തരികയില്ല. നിങ്ങളുടെ പ്രസ്ഥാനങ്ങളിൽ ദലിത് സ്ത്രീകളെ ഉൾപ്പെടുത്തണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, സവർണ്ണ ഇന്ത്യാ, നിങ്ങൾ കൂടുതൽ മെച്ചപ്പെടേണ്ടിയിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook