Latest News

ഹിന്ദുത്വവാദവും ഹിന്ദുയിസവും തമ്മിലുള്ള യുദ്ധം ആസന്നമാണ്

മൂന്നു പ്രധാന വെല്ലുവിളികളാണവർ നേരിടുന്നതെന്ന് ഞാൻ കരുതുന്നു. ഹിന്ദുത്വവും ഹിന്ദുയിസവും തമ്മിലുണ്ടാകാൻ സാധ്യതയുള്ള യുദ്ധമാണതിൽ ഒന്നാമത്തേത്. രണ്ടാമത്തേത് ആൾക്കൂട്ട ശിക്ഷകളെ നിയന്ത്രിക്കുക എന്നത്. ഇന്ത്യൻ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലെ നഗര- ഗ്രാമീണ വിഭജനത്തെ കൈകാര്യം ചെയ്യുക എന്നതാണ് അവസാനത്തെ വെല്ലുവിളി

ഒരുപക്ഷേ, രാഷ്ട്രീയ സ്വയം സേവക സംഘത്തെ ( ആർ എസ് എസ്) കഴിഞ്ഞ അഞ്ച് ദശകമായി സസൂക്ഷ്മം നിരീക്ഷിക്കുകയോ പഠനവിധേയമാക്കുകയോ ചെയ്ത ഒരേ ഒരു പണ്ഡിതനാകാം വാൾട്ടർ ആൻഡേഴ്സൺ. ഒരു സംഘടനയെന്ന നിലയിൽ ആർ എസ് എസ് അഭേദ്യവും അപ്രവേശ്യവുമാണെന്നുള്ളതാണ് ബൗദ്ധിക മണ്ഡലത്തിലെ പൊതുവിശ്വാസം. അതിലുൾപ്പെടുന്നവർക്കോ, അല്ലെങ്കിൽ കടൂത്ത അനുഭാവികൾക്കോ അല്ലാതെ മറ്റാർക്കും തന്നെ ആ സംഘടനയുടെ പ്രവർത്തനരീതികളിലേയ്ക്ക് പഠനത്തിനായൊരു പ്രവേശനം സാധ്യമാകുകയില്ല. അതിനാലാണ്, ശ്രീധർ ദാംലെയുമായി കൂടിച്ചേർന്ന് ആൻഡേഴ്സൺ എഴുതിയ “ ദ ആർ എസ് എസ് : എ വ്യൂ റ്റു ദ ഇൻസൈഡ് ( ആറെസ്സെസ്സിന്റെ ഉള്ളറകളിലേയ്ക്ക് ഒരെത്തിനോട്ടം) എന്ന പുതിയ കൃതി ഒരു യഥാർത്ഥ വൈജ്ഞാനികാനുഭവമാകുന്നത്. ( മൂന്നുദശകങ്ങൾക്ക് മുൻപ് ഇവരിരുവരും ചേർന്നെഴുതിയ “ബ്രദർഹുഡ് ഇൻ സാഫ്രൺ” എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.)
ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല, ( വാഷിങ്ടൺ), ടോൻജി സർവ്വകലാശാല ( ഷാംങ്ഹായ്) എന്നിവിടങ്ങളിലെ അധ്യാപകനായ ആൻഡേഴ്സൺ, അതിനു മുൻപ് രണ്ടു ദശകക്കാലത്തിലേറെ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ പ്രമുഖ “സൗത്ത് ഏഷ്യ സ്പെഷലിസ്റ്റ്” ആയിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സ്വഭാവത്തിൽ വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ആ മാറ്റങ്ങളെ വിവിധ സർസംഘചാലക് മാർ എങ്ങനെയാണ് സ്വാധീനിച്ചതെന്നതിനെക്കുറിച്ചും സംഘടനയുടെ പാതയിലുള്ള വെല്ലുവിളികളെക്കുറിച്ചും വാൾട്ടർ ആൻഡേഴ്സൺ സംസാരിക്കുന്നു. അടുത്തയിടെ, ഗുഡ്ഗാവിലെ ഒരു ഹോട്ടലിൽ വച്ച് വാൾട്ടർ ആൻഡേഴ്സണുമായി ബ്രൗൺ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസ്സറും ഇന്ത്യൻ എക്സ്‌പ്രസ്സ്  കോൺട്രിബ്യൂട്ടിങ് എഡിറ്ററുമായ അശുതോഷ് വാർഷ്നി നടത്തിയ സംഭാഷണത്തിൽ​ നിന്ന്

നമുക്ക് ജീവചരിത്രപരമായ കാര്യത്തിൽ നിന്നു തുടങ്ങാം. എന്നു തൊട്ടാണ് താങ്കൾ ആർ എസ് എസ്സിനെ കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയത്? എന്തിനുവേണ്ടിയായിരുന്നു അത്?

ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയെന്ന നിലയിൽ, വിദ്യാർത്ഥി രാഷ്ട്രീയം പഠിക്കുന്നതിനുള്ള രണ്ടു വർഷത്തെ അനുമതി യോടെയാണു ഞാൻ ഇന്ത്യയിൽ വന്നത്, പക്ഷേ രണ്ടുവർഷമെന്നത് നാലുവർഷമായി നീണ്ടു പോയി. ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനകാലത്ത് ഇന്ത്യയിലെത്തിയ ഞാൻ എഴുപതുകളുടെ തുടക്കം വരെ ഇവിടെയുണ്ടായിരുന്നു. ലോയ്ഡ്, സൂസന്ന റുഡോൾഫ് എന്നീ ഇന്ത്യൻ പണ്ഡിതർ എന്റെ മാർഗ്ഗദർശികളായിരുന്നു. വിദ്യാർത്ഥികൾ എന്തുകൊണ്ട് രാഷ്ട്രീയത്തിലേയ്ക്ക് വരുന്നു എന്നത് അലഹബാദ്, ഓൾഡ് ഡൽഹി, കേരളത്തിലെ ഒരു ജില്ല എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പഠിക്കുവാനാണ് ഞാൻ പദ്ധതിയിട്ടത്. അപ്പോഴാണ് ഞാൻ, ആർ എസ് എസിന്റെ വിദ്യാർത്ഥി ഘടകമായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിനെ (എ ബി വി പി) കണ്ടുമുട്ടുന്നത്.

എ ബി വി പി എപ്പോഴാണ് ജന്മമെടുത്തത്? അത് ആർ എസ് എസിന്റെ ആദ്യകാല അനുബന്ധസംഘടനകളിലൊന്നാണെന്ന് താങ്കൾ പുസ്തകത്തിൽ പറയുന്നുണ്ടല്ലോ?

ആദ്യ അനുബന്ധസംഘടന ഒരു സ്ത്രീ വിഭാഗമായിരുന്നു, രാഷ്ട്രീയ സേവികാ സംഘം. അതിനു ശേഷം ജൻസംഘ്, പിന്നാലെ സ്വതന്ത്രരീതിയിൽ സംഘടിപ്പിക്കപ്പെട്ട മറ്റു ചിലതും. അതിന് ശേഷമാണ് ഭാരതീയ മസ്ദൂർ സംഘ് എന്ന തൊഴിലാളി സംഘടനയും എ ബി വി പി എന്ന വിദ്യാർത്ഥി സംഘടനയും ഉണ്ടായത്. ഇതു രണ്ടും 1950 കളുടെ അവസാനഭാഗം മുതൽ 1960 കളുടെ ആദ്യം വരെയുള്ള കാലത്ത്, ഏതാണ്ട് സമകാലികമായി ജന്മമെടുത്തവയാണ്. ഓരോ അനുബന്ധ സംഘടനയും ഒരു മുഴുവൻ സമയ ആർ എസ് എസ് പ്രവർത്തകൻ അതായത് ആർ എസ് എസ് പ്രാചരകിനാൽ നയിക്കപ്പെടും എന്നതായിരുന്നു ഇവയ്ക്കായി തയാറാക്കിയ പ്രവർത്തന രീതി. ശ്യാമ പ്രസാദ് മുഖർജിയുടെ മരണത്തിനുശേഷം ദീൻ ദയാൽ ഉപാധ്യായയ്ക്ക് ജനസംഘിന്റെ ഉത്തരവാദിത്തവും ദത്തോപത് ദേംഗ്ഡിക്ക് മസ്ദൂർ സംഘ് ന്റെ ഉത്തരവാദിത്തവും നൽകപ്പെട്ടു. ദേംഗ്ഡ് എ ബി വി പിയുടെ രൂപീകരണത്തിലും പ്രവർത്തിച്ചിരുന്നയാളാണ്. ഞാനിന്ത്യയിൽ വന്ന കാലമായപ്പോഴേയ്ക്കും എ ബി വി പി ഡൽഹി യുണിവേഴ്സിറ്റിയിലെ പ്രബലമായ ഒരു സംഘടനയായി മാറിക്കഴിഞ്ഞിരുന്നു. അതിന്റെ പിന്നിലുള്ള സംഘടനയെപ്പറ്റി , അതായത് ആർ എസ് എസ്, എനിക്കു കൗതുകം തോന്നി. തികച്ചും യാദൃച്ഛികമായി ഞാൻ ഏക്‌നാഥ്  റാനഡേ എന്ന പ്രമുഖവ്യക്തിയെ കണ്ടുമുട്ടി.

ഏക്‌നാഥ്  റാനഡേ

അദ്ദേഹത്തിന്റെ സ്ഥാനമെന്തായിരുന്നു?

അദ്ദേഹം ഡൽഹിയിലെ മുതിർന്നൊരു ആർ എസ് എസ് പ്രചാരക് ആയിരുന്നു. റാനഡേയ്ക്ക് പാശ്ചാത്യ തത്വചിന്തയിൽ താല്പര്യമുണ്ടായിരുന്നു. ചിക്കാഗോ യുണിവേഴ്സിറ്റിയിലെ പൊളിറ്റിക്കൽ തത്വദർശകനായ ലിയോ സ്ട്രോസ്സ് എന്റെ ഉപദേശകരിൽ ഒരാളായിരുന്നു. സ്ട്രോസ്സിന്റെ ആശയങ്ങളെപ്പറ്റി റാനഡേ എന്നോടു ചോദ്യങ്ങൾ ഉന്നയിച്ചു തുടങ്ങി. ദില്ലിയിൽ ആർ എസ് എസ് ആസ്ഥാനമന്ദിരത്തിൽ വച്ച് രണ്ടാഴ്ചയിലൊരിക്കൽ കണ്ടുമുട്ടുന്ന പതിവ് ഞങ്ങളാരംഭിച്ചു. അദ്ദേഹമെന്നെ ഇന്ത്യൻ തത്വദർശനങ്ങൾ പഠിപ്പിക്കും, തിരിച്ച് ഞാനദ്ദേഹത്തിനു സ്ട്രോസ്സിയൻ വിജ്ഞാനം പകരും. സംഘടനയുടെ നേതാവായ എം എസ് ഗോൾവാൾക്കറെ കാണാനാഗ്രഹിക്കുന്നുണ്ടോ യെന്ന് റാനഡേ ഒരിക്കൽ ചോദിച്ചു. ഉണ്ടെന്ന് ഞാൻ ഉത്തരവും നൽകി. എന്നെ നാഗ്പൂരിലേയ്ക്ക് കൊണ്ടുപോകുമെന്ന് ഒരു മാസം കഴിഞ്ഞപ്പോൾ അറിയിപ്പു വന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ ഒരു ആർ എസ് എസ് പ്രവർത്തകൻ എന്നെ മുംബൈയിലേയ്ക്ക് ട്രെയിൻ മാർഗ്ഗം കൊണ്ടുപോയി. തേർഡ് ക്ലാസ്സിലാണു ഞങ്ങൾ യാത്ര ചെയ്തത്. മുംബൈയിലെത്തിയ ഞാൻ, അവിടെ ചിത്പവൻ ബ്രാഹ്മിൻ പ്രദേശത്ത് രാത്രി ചെലവഴിച്ചു. അടുത്ത ദിവസം മറ്റൊരാൾ എന്നെ നാഗ്പൂരിലേയ്ക്ക് ട്രെയിനിൽ കൊണ്ടുപോയി, അതും തേർഡ് ക്ലാസ്സിൽ തന്നെയായിരുന്നു. അവിടെ, അപ്പോൾ സ്ഥലത്തില്ലാതിരുന്ന, മസ്ദൂർ സംഘത്തിന്റെ നേതാവിന്റെ വീട്ടിലാണെന്നെ താമസിപ്പിച്ചത്. പിന്നീടെന്ന് ആർ എസ് എസ് ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോകുകയും അവിടെ ഗോൾവാക്കറെ കാണുകയും ചെയ്തു. അദ്ദേഹമെനിക്കായി ഒരു പരിപാടി തയാറാക്കി. എല്ലാ ദിവസവും രാവിലെ ഞാൻ പ്രഭാതഭക്ഷണത്തിനെത്തണം, ഭക്ഷണത്തിനിടെ എല്ലാ കാര്യങ്ങളെപ്പറ്റിയും സംസാരിക്കാം. അഞ്ച് ദിവസത്തേയ്ക്കായിരുന്നു ഇത്. അദ്ദേഹം താനെഴുതിയ “ എ ബഞ്ച് ഓഫ് തോട്ട്സ്” ( വിചാരധാര) എന്ന പുസ്തകത്തെപ്പറ്റിയും സംസാരിച്ചു. സത്യത്തിൽ അതൊരു പുസ്തകമല്ല, മറിച്ച് ഒരു പ്രസംഗപരമ്പരയാണ്.

അപ്പോൾ, നമ്മൾ കൂടുതലാളുകളും വായിച്ചിട്ടുള്ള ആ പുസ്തകമോ? അദ്ദേഹമെഴുതിയ ‘വീ ഓർ അവർ നേഷൻ ഹുഡ് ഡിഫൈൻഡ്’ (‘We or Our Nationhood Defined’?)

അതെപ്പറ്റിയൊരിക്കലും അദ്ദേഹം സംസാരിച്ചിട്ടില്ല. അതദ്ദേഹത്തിന്റെ രചനയല്ലെന്നു പിന്നീട് ഞാൻ കണ്ടെത്തി. ആ പുസ്തകത്തിന്റെ രചയിതാവെന്ന പൊതുസമ്മതി അദ്ദേഹത്തിന്റെ പേരിലാണെങ്കിലും യാഥാർത്ഥ്യമതല്ല.

താങ്കൾ പരാമർശിച്ച “പൊതുസമ്മതി” ബൗദ്ധികലോകത്തിന്റെയോ അതോ ഹിന്ദു ദേശീയവാദികളുടെയുമോ?

അവരുടെ തന്നെ ആളുകൾക്കതേപ്പറ്റി അറിയില്ല. പല ഹിന്ദു ദേശീയവാദികളുടെയും അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയതാണെ ങ്കിൽ ഇത്. ഇക്കാര്യമെന്റെ വൈജ്ഞാനിക കണ്ടെത്തലാണ്. “We or Our Nationhood Defined “ എന്നത് ഇന്ത്യൻ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള കൂടുതൽ മൂർച്ചയേറിയ ഒരു രേഖയാണ്.

ഗോൾവാക്കറുമായുള്ള താങ്കളുടെ സംഭാഷണങ്ങളിൽ നിന്ന് എന്താണുരുത്തിരിഞ്ഞത്?

ഹിന്ദുത്വത്തെപ്പറ്റിയുള്ള വ്യക്തമായ ധാരണയാണു ലഭിച്ചത്. ഗോൾവാക്കർ ആത്മീയവാദിയായീരുന്നു, മതവിശ്വാസിയായിരുന്നില്ല. അദ്ദേഹം മതപരമായ ആചാരങ്ങൾ അനുശീലിച്ചില്ല. തന്നെ സംബന്ധിച്ചിടത്തോളോം, ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യ ജീവിക്കുന്ന ദൈവമാണെന്ന് ഗോൾവാക്കർ പറഞ്ഞു, അത് “വിചാരധാര“യിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലെ കാല്പ്പനിക ദേശീയവാദികൾ സ്വീകരിച്ച ദർശനവുമായി സമാനമാണിത്. അതായത് മതപരമായ ഒരു ദൈവത്തിനല്ല, മറിച്ച്, രാജ്യത്തിനാണ് നാം, നമ്മുടെ ആത്യന്തികമായ ഭക്തിയും ആരാധാനയും സമർപ്പിക്കേണ്ടതെന്ന ത് എന്ന വീക്ഷണം. ആർ എസ് എസ് ഒരു മതസംഘടനയല്ല. അതുകൊണ്ടാണ്, അടുത്ത സർസംഘചാലക്ക് (പരമോന്നത നേതാവ്) ആയി സ്ഥാനമേറ്റ എം ഡി ദേവരശ് , ഈ ആശയത്തെ കൂടുതൽ വികസിപ്പിച്ച്, 1979 ൽ മുസ്‌ലിങ്ങൾക്കും ആർ എസ് എസ്സിൽ പ്രവേശനം അനുവദിച്ചത്. ഇന്ത്യയിലെ വർദ്ധിച്ച് വരുന്ന മുസ്ലിം ജനസംഖ്യാനുപാതം ഹിന്ദു മതത്തിൽ നിന്നുള്ള മതം മാറ്റം മൂലമാണെന്നാണ് അദ്ദേഹം വാദിച്ചത്. അവർ വിദേശികളല്ല. അദ്ദേഹത്തിന്റെ ഹിന്ദുത്വവാദം പ്രാദേശികവാദമെന്ന രീതീയിലേയ്ക്ക് മാറി. ഈ ആശയം ഒരളവുവരെ സവർക്കറിൽ നിന്നാണുണ്ടായത്.golwalkar

പക്ഷേ അതൊരു സങ്കീർണ്ണപ്രശ്നമുന്നയിക്കുന്നു. സവർക്കറെ സംബന്ധിച്ചിടത്തോളോം, മുസ്ലിം ജനവിഭാഗം ( ക്രിസ്ത്യാനികളും) ഇന്ത്യാക്കാർ/ഹിന്ദുക്കൾ ( സവർക്കർക്ക് ഇവ രണ്ടും ഒന്നാണ്) അല്ല, എന്തെന്നാൽ അദ്ദേഹം ഹിന്ദുത്വത്തിനു വിവക്ഷിക്കുന്ന മൂന്നു മാനദണ്ഡങ്ങളിൽ രണ്ടെണ്ണത്തെ മാത്രമേ മുസ്ലിം സമൂഹം തൃപ്തിപ്പെടുത്തുന്നുള്ളു : പ്രാദേശികം ( ഭൂമി, ഇന്ത്യ ), വംശീയം ( പിതൃഭൂമി, പൂർവ്വികനാട്) , മതപരം ( പുണ്യഭൂമി, മതത്തിന്റെ ജന്മദേശം) എന്നിവയാണാ മാനദണ്ഡങ്ങൾ. മുസ്ലിങ്ങൾ പ്രാമാണികമായിപ്പോലും മൂന്നാമത്തെ മാനദണ്ഡത്തെ തൃപ്തിപ്പെടുത്തുന്നില്ല. സിഖ്, ജന, ബുദ്ധ മതങ്ങളെപ്പോലെയല്ല ഇക്കാര്യത്തിൽ മുസ്ലിം വിഭാഗം. അവരുടെ മതം ഇന്ത്യയിൽ പിറവി കൊണ്ടതല്ല. അതിനാൽ അവർ ഇന്ത്യാക്കാരെന്ന് വിളിക്കപ്പെടുവാൻ അർഹരല്ലെന്ന് അദ്ദേഹം വാദിച്ചു. ഫ്രാൻസിലെയോ അമേരിക്കയിലെയോ പോലെയുള്ള പ്രാഥമികമായ പ്രാദേശികവാദമാ ണുള്ളതെങ്കിൽ ഇന്ത്യയിൽ ജനിച്ച മുസ്ലിം , നിർവചനാനുസൃതനായ ഇന്ത്യക്കാരൻ തന്നെയാണ്. ഈ അർത്ഥത്തിൽ ദേശീയതയുടെ പ്രാദേശിക നിർവചനങ്ങളൊന്നും സവർക്കർ പ്രതിപാദിച്ചതായി വായിച്ചിട്ടില്ല. ആർ എസ് എസ് എന്ന സംഘടനയെ , മുസ്ലിങ്ങൾക്കു മുൻപിൽ തുറന്നുകൊടുത്തപ്പോൾ, ഈ പ്രശ്നത്തെ ദേവരശ് എങ്ങനെയാണ് കൈകാര്യം ചെയ്തത്?

നിങ്ങൾക്കറിയാമല്ലോ സവർക്കർ ഒരു നിരീശ്വരവാദിയായിരുന്നു. മതാനുയായി ആയിരുന്നില്ല. സവർക്കറെ സംബന്ധിച്ചിടത്തോളോം, ഏറെക്കുറെ ഇംഗ്ലണ്ടിനെപ്പോലെ, ഈ രാജ്യത്തിന് ഒരു സാംസ്കാരിക പശ്ചാത്തലം -കഥകൾ, ബിംബങ്ങൾ, പുരാവൃത്തങ്ങൾ എന്നിങ്ങനെ ഒരാൾക്ക് ഇന്നതെന്ന് തിരിച്ചറിയാവുന്നവ- അവകാശപ്പെടാനുണ്ട്. എന്തായാലും , പ്രസ്ഥാനം പ്രാദേശികതയിലേയ്ക്കായിരുന്നു നീങ്ങിയിരുന്നത്. സാംസ്കാരിക വ്യാഖ്യാനം പൂർണ്ണമായും ഇല്ലാതായി എന്നല്ല. പക്ഷേ ദേവരസിന്, ഓരോരുത്തരും, അതായത് ഇന്ത്യയിലെ എല്ലാവരും തന്നെ, ഹിന്ദുവായിരുന്നു. എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഹിന്ദു എന്ന പദം ആദ്യമുപയോഗിച്ചത് അദ്ദേഹമാണ്. ( ഇപ്പോഴത്തെ സർസംഘ് ചാലക് മോഹൻ ഭഗവതും മുസ്‌ലിം, ക്രിസ്ത്യൻ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഹിന്ദു എന്നു പരാമർശിക്കുന്നു.) ദേവരസ്, ജാതി വ്യവസ്ഥയെയും തൊട്ടുകൂടായ്മയെയും എതിർത്തിരുന്നു. ഗോൾവാക്കർ ഒരിക്കലും ജാതിവ്യവസ്ഥയ്ക്കെതിരെ പരസ്യമായി സംസാരിച്ചിട്ടില്ല. മൂന്നുവർഷത്തെ പരീശീലനത്തിനും അതിനോടൊപ്പമുള്ള സത്യപ്രതിജ്ഞയ്ക്കും ശേഷം എത്തിപ്പെടാവുന്ന പരമോന്നതപദവിയായ പ്രചാരക് അബ്രാഹ്മണർക്കും നൽകണമെന്ന ആശയവും ദേവരസ് നിർദ്ദേശിച്ചിരുന്നു.

ഇന്ന്, ഏകദേശം 6000 പ്രചാരക് മാർ ഉണ്ടെന്ന് താങ്കൾ പുസ്തകത്തിൽ പറയുന്നു. അവരെന്തു പ്രതിജ്ഞയാണെടുക്കുന്നത്?

ഋഷിതുല്യമായ ഒരു പ്രതിജ്ഞയാണവർ എടുക്കുന്നത്; കുടുംബവുമായുള്ള എല്ലാത്തരം – സാമ്പത്തികവും ഭൗതികവുമായ- ബന്ധങ്ങളും അവർ വിച്ഛേദിക്കുന്നു, ഒരർത്ഥത്തിൽ ആർ എസ് എസുമായി വിവാഹത്തിലേർപ്പെടുന്നു.

അവർക്ക് വിവാഹിതരാകാമോ?

ചിലർ വിവാഹം കഴിക്കുന്നു, പക്ഷേ ഭൂരിപക്ഷവും അതൊഴിവാക്കുന്നു. ജാതിരഹിത ആശ്രമസംവിധാനമാണതെന്ന് ചിലർ വ്യാഖ്യാനിക്കുന്നുണ്ട്. അവർ മുഖ്യമായ കർത്തവ്യങ്ങൾ നിർവഹിക്കുന്നു. അവരെയാണ് ആർ എസ് എസിന്റെ അനുബന്ധഘടകങ്ങളുടെ നേതാക്കളാക്കുന്നത്. എന്റെ കാഴ്ചപ്പാടിൽ, അതാണ് ആർ എസ് എസ് കുടുംബത്തെ ഏകോപിപ്പിച്ചു നിർത്തുന്നത്.

2015 വരെയെടുത്താൽ, 36 അനുബന്ധ സംഘടനകളുണ്ടെന്ന് താങ്കളുടെ പുസ്തകത്തിൽ പറയുന്നു.

36 ഔപചാരിക അനുബന്ധങ്ങൾ, അതിൽ സ്ത്രീ ശാക്തീകരണത്തെ ലാക്കാക്കി രൂപം കൊണ്ട് ‘സ്ത്രീ ശക്തി‘ എന്ന ഏറ്റവും പുതിയ ഘടകവും ഉണ്ട്. നൂറിലേറെ സംഘടനകൾ ഔപചാരിക പദവിക്കായി കാത്തു നിൽക്കുന്നുണ്ട്. അതാത് സംഘങ്ങൾ ആവശ്യത്തിനുള്ള പക്വത പ്രാപിച്ചിട്ടുണ്ടോയെന്നന്വേഷിക്കുന്ന ആർ എസ് എസിന്റെ വിധിനിർണ്ണയനടപടികൾ പൂർത്തിയാകുമ്പോഴേ സംഘടനയ്ക്ക് ഔപചാരിക പദവി നൽകൂ.

ബജ്‌രംഗ് ദൾ ഔപചാരിക അനുബന്ധസംഘടനയാണോ?

അത് വിശ്വഹിന്ദു പരിഷത്തിന്റെ അനുബന്ധമാണ്, ആർ എസ് എസ്സിന്റെയല്ല. എന്നാൽ, വി എച്ച് പി, ആർ എസ് എസ്സിന്റെ അനുബന്ധഘടകമാണ്.

എല്ലാ സർസംഘ് ചാലകരോടും സംവദിക്കുവാൻ താങ്കൾക്കു അവസരം ലഭിച്ചിരുന്നോ?

സുദർശൻ ഒഴികെ എല്ലാവരോടും.

എങ്ങനെയാണൊരാൾ സർസംഘ്ചാലക് ആകുന്നത്?

തിരഞ്ഞെടുപ്പില്ല, നിലവിൽ ആ പദവിയിലിരിക്കുന്നയാൾ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നു.

ആർ എസ് എസ്സിന്റെ പ്രവർത്തനരീതിയിൽ എത്രത്തോളോം മാറ്റങ്ങളുണ്ട്? അത് സ്വഭാവ രൂപീക്രണത്തിന് ( ചരിത്ര നിർമ്മാൺ) ഊന്നൽ കൊടുത്താണ് ആരംഭിച്ചതെന്ന് താങ്കൾ പുസ്തകത്തിൽ പറയുന്നു. ഇപ്പോഴത്, ഭരണകൂടത്തെയും നിയമനടപടികളെയും സ്വാധീനിക്കുവാനാ ഗ്രഹിക്കുന്നു.?

ശാഖകളിലെ ദൈനംദിന സ്വഭാവരൂപീകരണത്തിലധിഷ്ഠിതമായ സാമൂഹികപരിവർത്തനമായിരുന്നു അതിന്റെ പ്രാരംഭ ദർശനം. പക്ഷേ, അനുബന്ധ സംഘടനകളുടെ എണ്ണം കൂടിയതോടെ അത് ഭരണകൂടത്തെ സ്വാധീനിക്കുന്ന ദിശയിലേയ്ക്ക് നീങ്ങിത്തുടങ്ങി. അതിന്റെ തൊഴിലാളി സംഘടന, കർഷക സംഘടന, സ്വദേശി ജാഗരൺ മഞ്ച് എന്നിവയും മതസംഘടനയായ വി എച്ച് പി പോലുള്ളവയുമെല്ലാം സർക്കാരുമായി ഇടപെടേണ്ടിവരുന്നു, എന്തെന്നാൽ ഇന്ത്യയിൽ സർക്കാർ എന്നത് സർവ്വവ്യാപിയാണ്. ഈ പോഷകഘടകങ്ങളുടെയെല്ലാം നേതൃസ്ഥാനങ്ങളിലുള്ള ആർ എസ് പ്രചാരകന്മാർ സർക്കാരുമായുള്ള ഇടപെടലുകൾക്ക്, പ്രവർത്തനമേഖലാനുസൃതമായ നിലപാടുകൾ എടുക്കേണ്ടിയിരുന്നു. ഉദാഹരണത്തിന്, ജാഗരൺ മഞ്ച് മാത്രമല്ല, തൊഴിലാളി സംഘടനായ ബി എം എസ്സും, വിദേശ നിക്ഷേപത്തെ (ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്- എഫ് ഡി ഐ ) എതിർത്തിരുന്നു, എന്നാൽ, സർക്കാർ രൂപീകരിക്കുന്ന അനുബന്ധസംഘടനയായ ബി ജെ പി 1990കൾ മുതൽ എഫ് ഡി ഐ യ്ക്ക് അനുകൂലമായ നിലപാടാണെടുത്തിരുന്നത്. വിദേശനിക്ഷേപം വർദ്ധിപ്പിക്കുന്നതിനെ അവർ അനുകൂലിച്ചു, പ്രത്യേകിച്ചും മോദി സർക്കാർ. അത്തരത്തിലുള്ള ചില പ്രശ്നങ്ങൾ സർക്കാരുമായുള്ള ഇടപെടലുകളുടെ ആവശ്യം വർദ്ധിപ്പിച്ചു. (ബി ജെ പി അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും) ഭൂമി ഏറ്റെടുക്കൽ പരിപാടിയിൽ സംഘർഷങ്ങളുണ്ടാകുകയും ചെയ്തു. സ്വഭാവ രൂപവത്കരണം പ്രധാന്യത്തോടെ നിലനിൽക്കുമ്പോഴും ഭരണത്തിലുള്ള സ്വാധീനം ആർ എസ് എസ്സിന്റെ നിർണ്ണായക ലക്ഷ്യം തന്നെയാകുന്നു. തങ്ങളുടെ അനുബന്ധസംഘടനകൾ സർക്കാർ നയങ്ങളെയും നിയമങ്ങളയും ഇത്രയധികം ആശ്രയിക്കുന്നില്ലായിരുന്നു വെങ്കിൽ, ആർ എസ് എസ്സിന് നേരത്തെ പറഞ്ഞ രണ്ടാമത്തെ ലക്ഷ്യത്തിലേയ്ക്ക് സഞ്ചരിക്കേണ്ടി വരില്ലായിരുന്നു.

അനുബന്ധസംഘടനകൾ തമ്മിൽ സംഘർഷമുണ്ടാകുമ്പോൾ ആർ എസ് എസ് എന്താണ് ചെയ്യുന്നത്?

അനുബന്ധസംഘടനകൾക്കിടയിലെ മധ്യവർത്തിയായും സമാധാനപാല കനായും ആർ എസ് എസ് സ്വയം കാണുന്നു. ഒരു സമവായം കണ്ടെത്താനാകുന്നില്ലെങ്കിൽ, തീരുമാനമെടുക്കുന്നത് പിന്നീടൊരു തീയതിയിലേയ്ക്ക് മാറ്റിവയ്ക്കുകയാണവർ ചെയ്യുക. കുടുംബത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളിൽ അവർ ഒത്തുതീർപ്പുകൾ തേടുന്നു. പോയനാളുകളിൽ വിദേശനിക്ഷേപത്തിനെതിരെ ആർ എസ് എസ് അധിക്ഷേപങ്ങളുന്നയിച്ചിരുന്നു. പക്ഷേ, സാങ്കേതിക വിദ്യകൾക്കും വികസനത്തിനും തൊഴിലവസരങ്ങൾക്കുമായി ബി ജെപി സർക്കാർ വിദേശനിക്ഷേപത്തെ ( എഫ് ഡി ഐ) ആശ്രയിച്ചപ്പോൾ, ആർ എസ് എസ് തങ്ങളുടെ എതിർപ്പുകൾ മയപ്പെടുത്തി. എഫ് ഡി ഐ യുടെ പേരിൽ, വാജ്പേയിയ്ക്കെതിരെ കടുത്ത വിമർശനമുയർത്തിയിരുന്നു ആർ എസ് എസ്. എന്നാൽ അതേ വിഷയത്തിൽ മോദിയുടെ നിലപാടുകൾക്കെതിരെ ഭഗവതിന്റെ പ്രതികരണം മൗനമാണ്.

 മോദിയുടെ സാമ്പത്തിക നയത്തോട് , പ്രത്യേകിച്ചും വിദേശസാമ്പത്തിക നയം, കറൻസി റദ്ദാക്കൽ, ജി എസ് ടി എന്നിവയോടുള്ള, ആർ എസ് എസ് ന്റെ നിലപാടെന്താണ്?

മോദിയുടെ ഔന്നത്യത്തിലേയ്ക്കുള്ള വളർച്ചയുടെ കാരണം ആർ എസ് എസ് ആണെന്നതിൽ സംശയമില്ല. പക്ഷേ, അത്, മോദിയുടെ സാമ്പത്തിക നടപടികളെ സന്ദേഹത്തോടെയാണു വീക്ഷിക്കുന്നത്. മോദി, ആർ എസ് എസ് ആഗ്രഹിക്കുന്നതിലുമധികമായി വിദേശവാണിജ്യത്തെയും വിദേശനിക്ഷേപത്തെയും സ്വാഗതം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ നോട്ട് നിരോധനവും ചരക്ക് സേവന നികുതി നിയമവും (ജി എസ് ടി) സംഘടനയുടെ യഥാർത്ഥ അടിത്തറയായ ചെറുകിടകച്ചവടക്കാരെ വളരെയേറെ പ്രതികൂലമായി ബാധിച്ചു. എന്നാൽ നോട്ട് നിരോധനത്തിനും ജി എസ് ടിക്കുമെതിരായി ആർ എസ് എസ് പ്രമേയം അവതരിപ്പിച്ചില്ല എന്നത് സത്യമാണ്. പക്ഷേ ഈ നയങ്ങൾ, ചെറുകിടകച്ചവടക്കാർക്ക് കൂടുതൽ ഭാരമേൽപ്പിക്കാത്ത രീതിയിൽ എങ്ങനെ നടപ്പാക്കണമെന്നതിൽ തങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കണമെന്നവർ ആവശ്യപ്പെട്ടു. അങ്ങനെയാണിതിപ്പോൾ പ്രവർത്തിക്കുന്നത്.

നമുക്ക് സാംസ്കാരികപ്രശ്നങ്ങളിലേയ്ക്കു മടങ്ങിപ്പോയാലോ? ആദ്യം നമുക്ക് ഭാഷയും ലിംഗസമത്വവും എടുക്കാം, അതിനുശേഷം നാം, നേരത്തെ കുറച്ച് ചർച്ച ചെയ്ത ജാതിയിലേയ്ക്കും മതത്തിലേയ്ക്കും കടക്കുകയുമാകാം. ഭാഷാരാഷ്ട്രീയത്തിന്റെ കാര്യത്തിൽ, ആർ എസ് എസ് ഹിന്ദിയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നത് എല്ലാവർക്കും അറിയാം. ഇപ്പോഴാകട്ടെ ആർ എസ് എസ് അതിന്റെ അടിത്തറ, തെക്കും കിഴക്കുമുള്ള സംസ്ഥാനങ്ങളിലേയ്ക്ക് വ്യാപീപ്പിച്ചിരിക്കുന്നു, ഹിന്ദിയുടെ സാർവപ്രമുഖത ഇനിയുമതിന് നിർബന്ധിക്കാനാകുമോ?

അതിനു കഴിയില്ല, അതവർ ചെയ്യുന്നുമില്ല. തെക്കോട്ടും കിഴക്കോട്ടുമുള്ള വികസനത്തിനുപരിയായി, വിദ്യാലയങ്ങളിലെ പഠനമാധ്യമവും ഒരു പ്രശ്നമാണ്. ആർ എസ് എസ് വിദ്യാലയങ്ങളിൽ, ഹിന്ദി ഒരു പാഠ്യവിഷയമാണെങ്കിൽ കൂടി, വിദ്യാർത്ഥികളെ മാതൃഭാഷയിലാണ് പഠിപ്പിക്കുന്നത്. ഇംഗ്ലീഷിനോടുള്ള ആഭിമുഖ്യമാണ് കൗതുകകരമായ മറ്റൊരു മാറ്റം. മുന്നേറ്റത്തിനു കൊതിക്കുന്ന ഇടത്തരക്കാർ ഇംഗ്ലീഷ് പഠിക്കുവാനാഗ്രഹിക്കുന്നു. ആർ എസ് എസ്സിന് അവരുടെ പിന്തുണ ആവശ്യമാണ്. രാജ്യാന്തര സംവിധാനത്തിൽ, ദേശീയശക്തിയയാകു ന്നതിൽ ഇംഗ്ലീഷിന് വലിയ പങ്കുണ്ട്. ഇന്ത്യയെ ഒരു ദേശീയ ശക്തിയാക്കി വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യം മുൻപിൽ കാണുമ്പോൾ, ആർ എസ് എസ്സിന് അതിന്റെ കടുത്ത ഇംഗ്ലീഷ് വിരോധം തുടരാനാകില്ല. ഹിന്ദിയെ ഇപ്പോൾ സവിശേഷപ്രാധാന്യത്തോടെയവർ പ്രോത്സാഹിപ്പിക്കുന്നില്ല.

ജാതിയെക്കുറിച്ച്, ചോദ്യങ്ങളൊരുപാടുണ്ട്, ആദ്യമായി, സംവരണത്തെപ്പറ്റിയുള്ള ആർ എസ് എസ്സിന്റെ കാഴ്ചപ്പാടെന്താണ്?

2015 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണമധ്യേ, ജാതിയടിസ്ഥാനത്തിലുള്ള സംവരണം പുന:പരിശോധിക്കേണ്ട സമയമായെന്ന് മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ആ നിലപാടായിരുന്നു ആർ എസ് എസ് ഏറെക്കാലമായി എടുത്തിരുന്നത്. പക്ഷേ അപ്പോൾ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയാക്രമണത്തിന്റെ ഫലമായി ഭഗവത് ഉടനടിയത് പിൻവലിച്ചു. ഭാഗവതിന്റെ പ്രസ്താവന ബി ജെ പിയെ ബാധിച്ചുവെന്ന ധാരണ പരന്നു. അതിനാൽ, സംവരണരീതികൾ പുനഃപരിശോധി ക്കണമെന്ന അഭിപ്രായം ആർ എസ് എസ്സിനുണ്ടെങ്കിൽ തന്നെ, അത് ഇന്ത്യൻ സാഹചര്യങ്ങളിൽ രാഷ്ട്രീയാപത്തുകൾ സൃഷ്ടിക്കുമെന്ന് അവർ തിരിച്ചറിയുന്നുണ്ട്.

ജാതിവ്യവസ്ഥയോടുള്ള ആർ എസ് എസ്സിന്റെ എതിർപ്പിനെ സംബന്ധിച്ച മറ്റൊരു ചോദ്യം. ഹിന്ദു ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ താഴ്ന്നജാതികളെ ഏകീകരിക്കണമെന്ന് ആർ എസ് എസ് ആഗ്രഹിക്കുന്നുവെങ്കിൽ എന്താണതിനുള്ള ഉത്തമനടപടി? സംസ്കൃതീകരണം ( ബ്രാഹ്മണസ്വഭാവ ശൈലികൾ താഴ്ന്ന ജാതികൾക്ക് നിർദ്ദേശിക്കുക) ? അതോ മറ്റെന്തെങ്കിലുമോ?

സംസ്കൃതീകരണമായിരുന്നു ഗോൾവാക്കറുടെ അംഗീകാരം നേടിയ മാർഗ്ഗം. പക്ഷേ ജാതി വ്യവസ്ഥയെ എതിർത്ത ദേവരസിന്റെ നടപടികൾ മൂലം അതിനു പ്രാധാന്യം നഷ്ടപ്പെട്ടു. സമത്വവാദമാണ് യുക്തമായ രീതിയെന്ന് ദീൻദയാൽ ഉപാധ്യായയുടെ രചനകളും പറയുന്നു.

അങ്ങനെയാണെങ്കിൽ ദളിതുകളെയോ മറ്റു പിന്നോക്കക്കാരെയോ എന്തുകൊണ്ടാണ് സർസംഘ്ചാലകരായി പരിഗണിക്കാത്തത്? എല്ലാ സർസംഘ്ചാലകരും സവർണ്ണരാണ്, ഇതുവരെയുള്ളവരിൽ രാജേന്ദ്ര സിങ് ഒഴികെ എല്ലാവരും ബ്രാഹ്മണരുമാണ്.

പ്രചാരകന്മാരിൽ ദളിത്, പിന്നോക്കവിഭാഗങ്ങളുണ്ട്. പിന്നോക്കവിഭാഗത്തിൽ പെട്ട മോദി, ഒരു പ്രചാരക് ആയിരുന്നു. പിന്നോക്ക, ദളിത് വിഭാഗത്തിൽപ്പെട്ട ഒരു സർസംഘ് ചാലക് ഇപ്പോഴില്ലെങ്കിലും, വരാവുന്നതേയുള്ളു.

ബി ആർ അംബേദ്കറെപ്പറ്റി ആർ എസ് എസ്സിന്റെ അഭിപ്രായമെന്താണ്?തുടക്കത്തിൽ, ആർ എസ് എസ് ഇന്ത്യൻ ഭരണഘടനയെ എതിർത്തിരുന്നു എന്നു നമുക്കറിയാം. ഹിന്ദു കുടുംബനിയമങ്ങളിൽ പരിഷ്കരിക്കുവാനുള്ള അംബേദ്കറിന്റെ ശ്രമങ്ങളെ ആർ എസ് എസ് എതിർത്തതായും നമുക്കറിയാം.ambedkar, sunny m kapikkadu, sabloo thomas, vishnu ram, janathayum janathipathiyavum,

ഭൂതകാലം എന്തായാലും അംബേദ്കറിപ്പോൾ ഒരു പ്രമുഖനാണ്.

പക്ഷേ അംബേദ്കർ ഹിന്ദുവിരുദ്ധനായിരുന്നു. ജാതിവ്യവസ്ഥയെന്ന പൈശാചികത്വമാണ് ഹിന്ദുയിസത്തിന്റെ സത്തയെന്ന് അദ്ദേഹത്തിന്റെ രചനകൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹം, മരണത്തിന് മുൻപായി ഹിന്ദുയിസത്തെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

അക്കാരണം കൊണ്ടുതന്നെയാണ്, ആത്യന്തികമായി ഹിന്ദുത്വവാദവും ഹിന്ദുയിസവും തമ്മിൽ ഒരു യുദ്ധമുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നത്. ഹിന്ദുക്കളുടെ ഏകീകരണത്തിനു ഹിന്ദുത്വവാദം ഊന്നൽ നൽകുന്നു, എന്നാൽ അടിസ്ഥാനയാഥാർത്ഥ്യങ്ങൾ തികച്ചും വിഭിന്നമാണ്. ഞാനൊരുദാഹരണം തരാം. സമത്വവാദത്തെ പിൻപറ്റി, ആർ എസ് എസ് വിശ്വാസിയും പാഞ്ചജന്യയുടെ മുൻ എഡിറ്ററും സംഘാടകനുമായിരുന്ന തരുൺ വിജയ്, മധ്യ ഇന്ത്യയിലെ, ദളിതുകൾക്ക് പ്രവേശനമില്ലാത്ത ഒരു ക്ഷേത്രത്തിലേയ്ക്ക് അവരെ കൂട്ടിക്കൊണ്ടിപോയി. അദ്ദേഹത്തിന് മർദ്ദനമാണു നേരിടേണ്ടിവന്നത്. ആർ എസ് എസ് കുടുംബത്തിലെ ആരും തന്നെ അദ്ദേഹത്തെ പിന്തുണച്ച് സംസാരിച്ചില്ല, അവർ മിക്കവാറും നിശബ്ദത പാലിച്ചു. ഒരു പ്രമുഖ ആർ എസ് എസ് പ്രവർത്തകനെന്നോട് പറഞ്ഞപ്പോൾ ഉന്നയിച്ച പ്രധാന ചോദ്യമിതായിരുന്നു : “സമത്വപൂർണ്ണമായ ഒരു ഹിന്ദു സമുദായത്തിലേയ്ക്ക് നാം നീങ്ങുകയാണെങ്കിൽ എങ്ങനെയാണ് നമ്മുടെ സംഘടനയെ അക്ഷതമായി കാത്തു സൂക്ഷിക്കുവാൻ പോകുന്നത്?”

ലിംഗപരവും കുടുംബപരവുമായ കാര്യങ്ങളിലേയ്ക്ക് തിരിയാം. മാതൃകാ ഇന്ത്യൻ ഹിന്ദു സ്ത്രീയെക്കുറിച്ചുള്ള ആർ എസ് എസ്സിന്റെ കാഴ്ചപ്പാടെന്താണ്?

സ്ത്രീയുടെ മാതൃകാപരമായ ജീവിതം ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലുമാണെന്ന് ഗോൾവക്കറുടെ രചനകൾ കൃത്യമായി നിർവചിക്കുന്നുണ്ട്. പക്ഷേ, 1857 ൽ ബ്രിട്ടീഷുകാരോട് ധീരമായി പോരാടിയ ഝാൻസി റാണിയെ മാതൃകാവൽക്കരിക്കുന്ന പ്രവണതയുമുണ്ട്. രണ്ടു മാതൃകകളും നിലനിൽക്കുന്നു.

വിവാഹജീവിതത്തിൽ ഒരു സ്ത്രീ അസഹനീയമായ ദുരിതത്തിലാണെങ്കിൽ എന്താണ് ചെയ്യേണ്ടത്? അവൾക്ക് വിവാഹമോചനത്തിനുള്ള അവകാശമുണ്ടോ?

വിവാഹമോചനം നേടിയ ആർ എസ് എസ്സ് ബന്ധമുളള സ്ത്രീകളെ എനിക്കറിയാം. പക്ഷേ ആർ എസ് എസ്, അവരുടെ കാഴ്ചപ്പാടിലുളള കുടുംബമൂല്യങ്ങൾക്കും, സ്ത്രീയ്ക്ക് അതിലുള്ള പങ്കിനും വളരെ ഉയർന്ന സ്ഥാനം കൊടുക്കുന്നുണ്ടെന്നതിൽ സംശയമില്ല.

ഒടുവിലായി, ആർ എസ് എസും മുസ്‌ലിങ്ങളും തമ്മിലുള്ള ബന്ധത്തിലേയ്ക്ക് നമുക്കു തിരികെ വരാം. “ ഏക് ഹസാർ സാൽ കി ഗുലാമി” ( ആയിരം വർഷത്തെ അടിമത്തം) എന്ന പ്രയോഗം ഗോൾവാക്കർ നിരന്തരമായി ഉപയോഗിച്ചിരുന്നു എന്ന് താങ്കളുടെ പുസ്തകം പറയുന്നു. 1979 ൽ ആർ എസ് എസ് , മുസ്‌ലിങ്ങൾക്കും കൂടി തുറന്നുകൊടുത്തുകൊണ്ട് ദേവരസ് അതിനെ മാറ്റിമറിച്ചു എന്നും താങ്കൾ പറയുന്നു. “ ബാരഹ് സൗ സാൽ കി ഗുലാമി” ( ആയിരത്തി ഇരുനൂറു വർഷത്തെ അടിമത്തം) എന്ന പ്രയോഗം മോദിയും ഇടയ്ക്കിടെ നടത്താറുണ്ട്. അതിൽ ദേവരസിനേക്കാൾ ഗോൾവാക്കറിന്റെ സ്വാധീനമാണു കാണുന്നത്. ഏതു നിലയ്ക്കായാലും, ഇന്ത്യയുടെ കോളനീകരണം എട്ടാം നൂറ്റാണ്ടിലെ സിന്ധ് പ്രവിശ്യയിലെ മുസ്‌ലിം ഭരണാധിപത്യത്തിൽ നിന്നോ പതിനൊന്നാം നൂറ്റാണ്ടിലെ ദില്ലി പിടിച്ചടക്കലിൽ നിന്നോ ആരംഭിച്ചതാണെന്ന് ഗോൾവാക്കറിടെയും മോദിയുടെയും പ്രസ്താവനകൾ പറയുന്നു. ഇന്ത്യയുടെ കോളനിവത്കരണം 1757 ൽ ബ്രിട്ടീഷ് അധിനിവേശത്തോടെയാണെന്ന ചരിത്രകാരന്മാരുടെ വാദത്തെയാണിതെതിർക്കുന്നത്. മുഗൾ ഭരണകാലം കോളനി വാഴ്ചക്കാലമായിരുന്നില്ല. ബാബറോ ഔറംഗസീബോ എത്രയധികം അക്രമികകാരിളായിരുന്നുവെങ്കിലും മറ്റു മുഗൾ രാജാക്കന്മാർ അവരെ സ്വയം ഇന്ത്യാക്കാരാക്കുകയും ഇന്ത്യയുടെ വികസനത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അവർ രജപുത്ര സ്ത്രീകളെ വിവാഹം കഴിക്കുകപോലും ചെയ്തു. ബ്രിട്ടീഷുകാർ അവരെ സ്വയം ഇന്ത്യക്കാരാക്കിയില്ല. അവരായിരുന്നു യഥാർത്ഥ കോളനിവത്കരണക്കാർ. മുഗൾ കോളനീകരണമെന്ന വാക്ക് എങ്ങനെയാണൊരാൾക്ക് ന്യായീകരിക്കാനാകുക?

ബ്രിട്ടീഷുകാരും മുഗൾ ചക്രവർത്തികാരും തമ്മിലുള്ള, താങ്കളുന്നയിച്ച വ്യത്യാസങ്ങളോട് വിയോജിക്കുവാൻ ഭൂരിപക്ഷം ആർ എസ് എസ് പ്രവർത്തകർക്കും നേതാക്കൾക്കും (പ്രചാരകരന്മാർക്കും) കഴിയില്ല എന്നു ഞാൻ കരുതുന്നു. മുസ്‌ലിങ്ങളെ ആർ എസ് എസ്സിലേയ്ക്ക് സ്വാഗതം ചെയ്തപ്പോൾ, മിക്ക മുസ്‌ലിങ്ങളും ഇന്ത്യയിൽ ജനിച്ചവരാണെന്നും അതിനാലവർ ഇന്ത്യാക്കാരാണെന്നുമാണ് ദേവരസ് വാദിച്ചത്.

പക്ഷേ, ആ ആദർശപരിവർത്തനത്തിനു ശേഷവും , പ്രധാനമന്ത്രി മോദി, ഗോൾവാക്കറുടെ വാദത്തിലേയ്ക്ക് മടങ്ങിപ്പോയി?

വ്യക്തമായും ഇവിടെയതിൽ ഒരു വംശീയപ്രശ്നമുണ്ട്. മുസ്‌ലിങ്ങളെ സംഘടനയിലേയ്ക്ക് സ്വാഗതം ചെയ്യുന്ന ആർ എസ് എസ് ആദർശശാലികളും “ചരിത്രപരമായ ഇന്ത്യൻ സംസ്കാര“ത്തിലേയ്ക്ക് അവരെ സ്വീകരിക്കുവാനാണ് ആഗ്രഹിക്കുന്നത്.

പക്ഷേ ഇന്ത്യൻ സംസ്കാരചരിത്രത്തിൽ – കലകൾ, ഭാഷകൾ, ദൈനം ദിന സ്വഭാവങ്ങൾ, കവിത, വാസ്തുവിദ്യ, സംഗീതം- മുസ്‌ലിം സംഭാവനകൾ ധാരാളമുണ്ടല്ലോ ?

അത് ശരിയാണ്, പക്ഷേ ദക്ഷിണേന്ത്യൻ മുസ്‌ലിങ്ങൾ അഥവാ ഇന്തോനേഷ്യൻ മുസ്‌ലിങ്ങളാണ് മാതൃകാ മുസ്‌ലിങ്ങൾ എന്ന വാദം അവർ തുടരുന്നു. ദക്ഷിണേന്ത്യൻ മുസ്‌ലിങ്ങൾ പ്രാദേശിക ഭാഷകൾ സംസാരിക്കുന്നു; പ്രാഥമികമായും മുസ്‌ലിം രാജ്യമായ ഇന്തോനേഷ്യയിൽ രാമയാണമാണ് ദേശീയ ഇതിഹാസം.

അങ്ങനെ പറയുമ്പോൾ, ഉത്തരേന്ത്യയിൽ വ്യാപകമായി സംസാരിക്കുന്ന ഉറുദു ഒരിന്ത്യൻ ഭാഷയല്ലെന്നു വരുന്നു, അത് അംഗീകരിക്കുവാൻ എളുപ്പമല്ല. ഉറുദു മധ്യപൂർവ്വ രാജ്യങ്ങളിൽ ഉടലെടുത്തതല്ല.

അതെ

ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന പ്രശ്നമുണ്ട്. ദേവരസിന് ശേഷം, മുസ്‌ലിങ്ങളെ ഇന്ത്യക്കാരായി കരുതി ആർ എസ് എസ്സും ബി ജെ പിയും സ്വീകരിച്ചിരുന്നുവെങ്കിൽ, എന്തുകൊണ്ടാണ് 2014 ലെ തെരഞ്ഞെടുപ്പിൽ, 19 ശതമാനം മുസ്‌ലിങ്ങളുള്ള ഉത്തർപ്രദേശിൽ, ബി ജെ പി പാർട്ടി ടിക്കറ്റിൽ മത്സരിക്കുവാൻ ഒരൊറ്റ സ്ഥാനാർത്ഥിയെയും അനുവദിക്കാതിരുന്നത്? അവരെ സംഘടനയിലേയ്ക്ക് സ്വാഗതം ചെയ്തിരിക്കാം, പക്ഷേ ഒരു മണ്ഡലം പ്രതിനിധീകരിക്കുവാൻ പോലും അവർക്ക് അർഹതയില്ല എന്നതാണോ?

വിജയസാധ്യതയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിലെ പ്രധാന മാനദണ്ഡം. മുസ്‌ലിം സ്ഥാനാർത്ഥികളെ കൂടുതലായി നാമനിർദ്ദേശം ചെയ്തുകൂടെ എന്നു ഞാൻ ബി ജെ പി നേതാക്കളോട് നിരന്തര ചോദിക്കാറുണ്ട്. അവർ ജയിക്കില്ല എന്നതാണ് സ്ഥിരമായി കിട്ടുന്ന മറുപടി. പക്ഷേ, എന്റെ അഭിപ്രായത്തിൽ, അവർ സ്വന്തം ആദർശമാറ്റങ്ങളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ, മുസ്‌ലിം താല്പര്യങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പ്രതിനിധീകരിക്കേണ്ടതുണ്ട്.

നമുക്കിനി അടുത്തയിടെയുണ്ടായ ആൾക്കൂട്ട ശിക്ഷാവിധകളെപ്പറ്റി സംസാരിക്കാം. ബി ജെ പിയുടെ ഉന്നതതലനേതാക്കളാരും ഈ കുറ്റകൃത്യങ്ങളെ അംഗീകരിക്കുന്നില്ല എന്ന് താങ്കളുടെ പുസ്തകം പറയുന്നു. പക്ഷേ എങ്ങനെയാണതൊരാൾക്ക് വിശ്വസിക്കാനാകുക? മോദിയുടെ മന്ത്രിമാർ അത്തരം കുറ്റവാളികളോട് അനുതാപം പ്രകടിപ്പിക്കുന്നു, ജാമ്യത്തിൽ വന്ന കുറ്റവാളികളെ മാലയിട്ടു സ്വീകരിക്കുക പോലും ചെയ്യുന്നു. പ്രധാനമന്ത്രി അവർക്കെതിരെ സംസാരിച്ചില്ല. പ്രധാനമന്ത്രി ആൾക്കൂട്ട ശിക്ഷകളെ എതിർത്ത് സംസാരിച്ചിട്ടുണ്ടെങ്കിലും ദലിതുകൾക്കെതിരായ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ ശക്തമായ അപലപനങ്ങൾ വന്നിട്ടൂള്ളത്. മുസ്‌ലിങ്ങളെ ആൾക്കൂട്ടം ആക്രമിച്ച അവസരങ്ങളിൽ, അപലപിച്ചിട്ടുണ്ടെങ്കിൽ തന്നെ ഉദാസീനമായ പ്രതികരണങ്ങൾ മാത്രമായിരുന്നു അവ.

താങ്കൾ വരച്ചുകാട്ടുന്ന മുസ്‌ലിം -ദളിത് വിഭജനത്തെപ്പറ്റി ഞാൻ വ്യക്തമായി ചിന്തിച്ചിട്ടില്ല. എന്റെ പുസ്തകം അതെപ്പറ്റി സംസാരിക്കുന്നുമില്ല. ഞാനതെപ്പറ്റി കൂടുതൽ വ്യവസ്ഥാപിതമായി ആലോചിക്കാം.

അവസാനമായി ഒരു ചോദ്യം. മുൻപോട്ടുള്ള യാത്രയിൽ ആർ എസ് എസ് അഥവാ ബി ജെ പി നേരിടുന്ന പ്രധാന വെല്ലുവിളികൾ എന്തൊക്കെയാണ്?

മൂന്നു പ്രധാന വെല്ലുവിളികളാണവർ നേരിടുന്നതെന്ന് ഞാൻ കരുതുന്നു. ഹിന്ദുത്വവും ഹിന്ദുയിസവും തമ്മിലുണ്ടാകാൻ സാധ്യതയുള്ള യുദ്ധമാണതിൽ ഒന്നാമത്തേത്. രണ്ടാമത്തേത് സമൂഹത്തിന്റെ നിയമനടത്തിപ്പിനെ അഥവാ ആൾക്കൂട്ട ശിക്ഷകളെ നിയന്ത്രിക്കുക എന്നത്. ഇന്ത്യൻ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലെ നഗര- ഗ്രാമീണ വിഭജനത്തെ കൈകാര്യം ചെയ്യുക എന്നതാണ് അവസാനത്തെ വെല്ലുവിളി. നാട്ടിൻപുറങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: A battle between hindutva and hinduism is coming walter andersen rss

Next Story
നെഞ്ചുക്ക് നീതി: കരുണാനിധിയുടെ പൈതൃകത്തിന്റെ പ്രസക്തിkarunanidhi ,amrit lal
The moderation of comments is automated and not cleared manually by malayalam.indianexpress.com
X