scorecardresearch
Latest News

ഒറ്റ പ്രസംഗം കൊണ്ട് ഒരു ബിസിനസ് സാമ്രാജ്യം നിലംപതിച്ച കഥ

0 വർഷം മുമ്പ് ഫിറോസ് ഗാന്ധി ലോക്‌സഭയിൽ നടത്തിയ വെളിപ്പെടുത്തലുകൾ ഇന്ത്യയിലെ അന്നത്തെ വലിയ ബിസിനസ് ഭീമനായിരുന്ന ഡിജെ ഗ്രൂപ്പിലെ ഉള്ളറക്കഥകൾ പുറത്തുകൊണ്ടുവന്നു. ആ സംഭവം ഇന്ത്യൻ എക്സ്‌പ്രസ് റൂറൽ അഫയേഴ്സ് ആൻഡ് അഗ്രിക്കൾച്ചർ എഡിറ്റർ ഹരീഷ് ദാമോദരൻ എഴുതുന്നു

Dalmia-Jain group manipulation, DJ Group manipulation, feroze gandhi exposed Dalmia-Jain group manipulation, Indira gandhi, dalmia group, adani hidenburg report, indian express articles, history articles

അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുടെ വിപണി മൂല്യം പകുതിയായി കുറച്ച ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് ഏഴു പതിറ്റാണ്ടുകൾക്ക് മുന്‍പായിരുന്നു അത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ബിസിനസ്സ് സാമ്രാജ്യത്തെ നിലംപരിശാക്കിയ പാർലമെന്റിലെ പ്രസംഗം. ടാറ്റ, ബിർള എന്നീ ബിസിനസ് സ്ഥാപനങ്ങൾ കഴിഞ്ഞാൽ മൂന്നാമത്തെ സ്ഥാനത്തായിരുന്ന സ്ഥാപനമാണ് ആ ഒറ്റ പ്രസംഗത്തിൽ നിലംപതിച്ചത്.

ഡാൽമിയ-ജെയിൻ അഥവാ ഡിജെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബിസിനസ് സാമ്രാജ്യത്തിന്‍റെ സാമ്പത്തിക കൃത്രിമങ്ങൾ തുറന്നുകാട്ടുന്നതായിരുന്നു 1955 ഡിസംബർ ആറിന് ഫിറോസ് ഗാന്ധി നടത്തിയ മാരത്തോൺ പ്രസംഗം, റായ്ബറേലിയിൽ നിന്നുള്ള ലോക്‌സഭാ എംപിയായിരുന്ന അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലുകൾ – അദ്ദേഹം പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ മരുമകൻ കൂടിയായിരുന്നു – ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് വ്യവസായത്തിന്‍റെ ദേശസാൽക്കരണത്തിന് വഴിയൊരുക്കി. അതിനേക്കാൾ പ്രധാനപ്പെട്ടതായി സംഭവിച്ചത്, സാധാരാണക്കാർക്കിടയിൽ ഡിജെ ഗ്രൂപ്പ് എന്ന വൻകിട ബിസിനസിനോട് പൊതുവിലുണ്ടായ അവിശ്വാസമായിരുന്നു.

അദാനിയെപ്പോലെ ഡിജെ ഗ്രൂപ്പും ആരംഭിച്ചത് സ്ഥാവര ആസ്തികൾ (solid assets) നിർമ്മിച്ചു കൊണ്ടാണ്. ബിഹാറിലെ വ്യാവസായിക നഗരമായ ഡാൽമിയാ നഗർ, ടാറ്റയുടെ ജംഷഡ്പൂർ, അംബാനിയുടെ ജാംനഗർ അല്ലെങ്കിൽ അദാനിയുടെ മുന്ദ്ര എന്നിവ പോലെ. 3,800 ഏക്കർ വിസ്തൃതിയുള്ള ഈ സമുച്ചയത്തിൽ സിമന്റ്, പഞ്ചസാര, കടലാസ്, രാസവസ്തുക്കൾ, വനസ്പതി, സോപ്പ്, ആസ്ബറ്റോസ് ഷീറ്റുകൾ എന്നിവയുടെ നിർമ്മാണ യൂണിറ്റുകൾ ഉണ്ടായിരുന്നു – സ്വന്തം പവർ ഹൗസും ലൈറ്റ് റെയിൽവേയും വരെ. ട്രിച്ചി (തമിഴ്നാട്), ചർഖി ദാദ്രി (ഡൽഹിക്ക് സമീപം), ദണ്ഡോട്ട് (ലാഹോർ), കറാച്ചി എന്നിവിടങ്ങളിൽ സിമൻറ് പ്ലാന്റുകളും, പട്യാലയിലെ ബിസ്‌ക്കറ്റ് ഫാക്ടറിയും, ബീഹാറിലെ ജാരിയ, ബംഗാളിലെ റാണിഗഞ്ച് പ്രദേശങ്ങളിൽ കൽക്കരി ഖനികളും ഡി ജെ ഗ്രൂപ്പിന് ഉണ്ടായിരുന്നു. 1933-ൽ ഒറ്റ പഞ്ചസാര മില്ലിൽ നിന്നാരംഭിച്ച കമ്പനിയുടെ ഉയർച്ച അദാനിയെപ്പോലെ തന്നെയായിരുന്നു.

അദാനിയെ കുറിച്ച് വന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന് സമാനമായിരുന്ന ഡി ജെ ഗ്രൂപ്പിന്‍റെ പതനത്തിന് ആക്കം കൂട്ടിയ ഫിറോസ് ഗാന്ധിയുടെ വെളിപ്പെടുത്തലുകൾ, ഗ്രൂപ്പിന്‍റെ സ്ഥാപകനായ രാമകൃഷ്ണ ഡാൽമിയയുടെ ഊഹക്കച്ചവടത്തിന്‍റെയും പരസ്പരബന്ധമില്ലാത്ത വൈവിധ്യവൽക്കരണത്തിന്‍റെയും ഫലമായിരുന്നു. ഫിറോസ് ഗാന്ധിയുടെ വാക്കുകളിൽ പറഞ്ഞാൽ, ‘ഈ കമ്പനിയെ സ്വന്തമാക്കുക, ആ കമ്പനിയെ സ്വന്തമാക്കുക, ചില കമ്പനികളെ അപ്രത്യക്ഷമാക്കുക’ എന്ന ലക്ഷ്യത്തോടെ അവരുടെ അക്കൗണ്ടുകൾ കൂട്ടിയോജിപ്പിച്ച് വ്യാജ കമ്പനികൾ ആരംഭിക്കുക. (മൗറീഷ്യസ്, സൈപ്രസ്, കരീബിയൻ ദ്വീപുകൾ എന്നീ മാർഗങ്ങൾ അന്ന് കണ്ടെത്തിയിട്ടുണ്ടായിരുന്നില്ല).

ഡിജെ ഗ്രൂപ്പ് 1946-ൽ ബോംബെ ആസ്ഥാനമായുള്ള സർ ഷാപൂർജി ബ്രോച്ച മിൽസ്, മാധോജി ധരംസി മാനുഫാക്ചറിങ് കമ്പനി എന്നിങ്ങനെ രണ്ട് ടെകസ്റ്റൈൽ സ്ഥാപനങ്ങൾ 3.7 കോടി രൂപയ്ക്ക് വാങ്ങി. അതേ വർഷം, ടൈംസ് ഓഫ് ഇന്ത്യയുടെ പ്രസാധകരായ ബെന്നറ്റ്, കോൾമാൻ ആൻഡ് കമ്പനി ലിമിറ്റഡ് (ബിസിസിഎൽ) നെ ഏകദേശം രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി.

മില്ലുകൾ വാങ്ങിയതിന് പിന്നിലെ ലക്ഷ്യം അവരുടെ കരുതൽ ധനം ഊറ്റിയെടുക്കുകയും ബിസിസിഎല്ലിന്‍റെ ഓഹരികളിൽ നിക്ഷേപിക്കുകയുമാണെന്ന് ഫിറോസ് ഗാന്ധി ചൂണ്ടിക്കാട്ടി: ‘ഇത് നിയമപരമാണോ എന്ന് എനിക്കറിയില്ല… കാരണം അവർ ഏർപ്പെട്ടിരുന്ന ബിസിനസിന്‍റെ സ്വഭാവം തികച്ചും വ്യത്യസ്തമായിരുന്നു. എന്‍റെ അറിവിൽ ബി സി സി എല്ലിൽ നൂൽ നൂൽക്കാനുള്ള യന്ത്രങ്ങളൊന്നും സ്ഥാപിച്ചിട്ടില്ല.’ കൂടാതെ, ഓഹരികൾ ഏറ്റെടുത്ത ദിവസം, ഗ്വാളിയർ ബാങ്കിൽ നിന്ന് മില്ലുകൾ 84 ലക്ഷം രൂപ പിൻവലിച്ചു: ‘പക്ഷേ, കുറച്ച് വർഷങ്ങൾക്ക് ശേഷം ഗ്വാളിയർ ബാങ്കിന് സംഭവിച്ചത് എന്താണെന്നറിയാം… അത് ലിക്വിഡേറ്റ് ചെയ്യപ്പെട്ടു.’ മില്ലുകളുടെ പോക്കിൽ തൃപ്തരല്ലാത്ത രണ്ട് ഓഡിറ്റർമാരും – എസ്.ബി. ബില്ലിമോറിയയും എ.എഫ്. ഫെർഗൂസണും – രാജി വച്ചു.

ഇതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഡാൽമി ജെയിൻ എയർവേയ്സ് സംബന്ധിച്ച് പുറത്തു വന്ന വിവരങ്ങളും. 3.5 കോടി രൂപ ഓഹരി മൂലധനമുള്ള ( paid-up capital) പബ്ലിക് ലിമിറ്റഡ് കമ്പനി 1946-ൽ വീണ്ടും ഓഹരി വിപണിയിലിറങ്ങി. പ്രത്യക്ഷത്തിൽ ഒരു വ്യോമയാന ബിസിനസ്സ് നടത്തുന്നതിനായി രൂപീകരിച്ചാതായി തോന്നുമെങ്കിലും, അതിന്‍റെ യഥാർത്ഥ ലക്ഷ്യം സ്വകാര്യ ഉടമസ്ഥതയിലുള്ള മറ്റൊരു ഡിജെ ഗ്രൂപ്പ് കമ്പനിയായ അലൻ ബെറിയുമായുള്ള പങ്കാളിത്തമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുഎസ് സര്‍ക്കാര്‍ ഇന്ത്യയിൽ നിന്ന് നീക്കം ചെയ്യാൻ ആഗ്രഹിച്ച അവരുടെ മിച്ചമുള്ള മോട്ടോർ വാഹനങ്ങളുടെയും അവയുടെ സ്പെയർ പാർട്സുകളുടെയും മുഴുവൻ സ്റ്റോക്കും 5.8 കോടി രൂപയ്ക്ക് ഇരുവരും ചേർന്ന് വാങ്ങി. വ്യോമഗതാഗതം നടത്തുന്നതിന് പകരം, അറ്റകുറ്റപണികളും പുനർപെയിന്റിങ്ങിനും ശേഷം അമേരിക്കയുടെ അധികമുള്ള വാഹനങ്ങളുടെ പുനർവിൽപ്പനയിൽ ഏർപ്പെട്ടിരുന്ന ഒരു കമ്പനിയുടെ ഇനിഷ്യൽ പബ്ലിക് ഓഫറിലൂടെയാണ് ഈ പണം പ്രധാനമായും സമാഹരിച്ചത്.

ബിസിനസ്സിൽ നിന്നുള്ള ലാഭം അലൻ ബെറിക്ക് മാത്രമായി ലഭിച്ചു. ഡാൽമിയ-ജെയിൻ എയർവേയ്‌സിന്റെ 25,000 ഓഹരി ഉടമകളിൽ നിന്ന് സമാഹരിച്ച 3.1 കോടി രൂപ അലൻ ബെറിക്ക് വായ്പയായി നൽകി. ആ വായ്‌പ തിരിച്ചടച്ചില്ല എന്നു മാത്രമല്ല, പാർട്ടണർഷിപ്പ് ഇല്ലാതാവുകയും ഡാൽമിയ-ജെയിൻ എയർവേസ് ലിക്വിഡേഷനിലേക്ക് പോകുകയും ചെയ്തു.

ഡിജെ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഭാരത് ഇൻഷുറൻസ് കമ്പനി ബിസിസിഎൽ, അലൻ ബെറി, ലാഹോർ ഇലക്ട്രിക് സപ്ലൈ കമ്പനി എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പിന്‍റെ മറ്റ് സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളെയും കുറിച്ച് ഫിറോസ് ഗാന്ധി വിശദമായി വിവരിച്ചു. ഇൻഷ്വറൻസ് പോളിസി ഉടമകളുടെ (policy holders) പണം കുടുംബ ട്രസ്റ്റുകൾ വിനിയോഗിച്ച് വളഞ്ഞ വഴികളിലൂടെ വിവിധ കമ്പനികളിലെ അവരുടെ ഹോൾഡിംഗുകൾ നിയന്ത്രിക്കാനോ ഏകീകരിക്കാനോ ഗ്രൂപ്പ് ഉപയോഗിച്ചു. ഉദാഹരണത്തിന്, അലൻ ബെറിയിൽ, സാധാരണ ഓഹരികൾ പൂർണ്ണമായും യോഗിരാജ് ട്രസ്റ്റും ഭൃഗുരാജ് ട്രസ്റ്റും കൈവശമാക്കിയിരിന്നു. ഈ രണ്ട് ട്രസ്റ്റുകൾക്കും ഓഹരി വാങ്ങാനുള്ള (ഷെയറുകൾ സബ്‌സ്‌ക്രൈബ്) ഫണ്ട് ഭാരത് ഇൻഷുറൻസിൽ നിന്നാണ് ലഭ്യമാക്കിയത്. ഭാരത് ഇൻഷുറൻസും ഭാരത് ബാങ്കും ഡി ജെ ഗ്രൂപ്പിന്‍റെ വിപുലീകരണങ്ങൾക്കും ഊഹക്കച്ചവട നിക്ഷേപങ്ങൾക്കും ക്യാപ്റ്റീവ് ഫണ്ട് പൂളുകളായി പ്രവർത്തിച്ചു.

ഫിറോസ് ഗാന്ധി സംസാരിച്ച് അധികം താമസിയാതെ, 1956 ജനുവരി 19-ന്, രാജ്യത്ത് അന്ന് പ്രവർത്തിച്ചിരുന്ന 245 ഇൻഷുറൻസ് കമ്പനികളെയും പ്രൊവിഡന്റ് സൊസൈറ്റികളെയും ദേശസാൽക്കരിച്ച് ഒരു ഓർഡിനൻസ് പുറപ്പെടുവിച്ചു.അതിനെത്തുടർന്ന് 1956 സെപ്റ്റംബർ 1-ന് പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടു. ‘ലൈഫ് ഇൻഷുറൻസ് ദേശസാൽക്കരണം ഒരു സോഷ്യലിസ്റ്റ് സമൂഹത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ്,’ നെഹ്‌റു പ്രഖ്യാപിച്ചു. അദ്ദേഹത്തിന്‍റെ മകൾ ഇന്ദിര – ഫിറോസ് ഗാന്ധിയുടെ ഭാര്യ – 1969 ലും 1980 ലുമായി 20 സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിച്ചു.

ഡാൽമിയ-ജെയിൻ, അദാനിയും തമ്മിൽ വിലയിരുത്തുമ്പോൾ കാണാവുന്ന ഒരു പ്രധാന വ്യത്യാസം, ഡാൽമിയ- ജെയിൻ ഗ്രൂപ്പിന് അന്നത്തെ സർക്കാരുമായി പ്രത്യേകിച്ച് വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നതാണ്. നെഹ്‌റുവും രാമകൃഷ്ണ ഡാൽമിയയും തമ്മിൽ നീരസവുണ്ടായിരുന്നു; ഫിറോസ് ഗാന്ധിയുടെ ഇടപെടലിന് പ്രത്യക്ഷത്തിൽ ഭരണസംവിധാനത്തിന്‍റെ അനുഗ്രഹാശ്ശികളുമുണ്ടായിരുന്നു.

ഡിജെ ഗ്രൂപ്പ് പിളർന്നു, സ്ഥാപകന്‍റെ സഹോദരൻ ജയ്ദയാൽ ഡാൽമിയയും മരുമകൻ എസ് പി ജെയിനും സ്വതന്ത്ര സംരഭങ്ങളിലേക്ക് മാറി. അവർ ഒതുക്കമുള്ള കമ്പനികളിലേക്ക് (leaner, and more focused) രൂപീകരിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒരുപക്ഷേ, അദാനിയും ആ ശൈലിയിലേക്കായിരിക്കും മാറുക..

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: 7 decades before hindenburg adani a speech by feroze gandhi that sank a business house